ഉമ്മൻചാണ്ടി.ഫോട്ടോ:അജിത്ത് പനച്ചിക്കൽ|മാതൃഭൂമി
"ഞാനൊരു ദൈവ വിശ്വാസിയാണ്. ശരി ചെയ്താല്‍ നമുക്കൊരു ദോഷവും വരില്ലെന്നും തെറ്റു ചെയ്താല്‍ ശിക്ഷ കിട്ടുമെന്നും വിശ്വസിക്കുന്ന ആളാണ്. മന:സാക്ഷിയുടെ ബലത്തിലാണ് ഞാന്‍ പിടിച്ചു നില്‍ക്കുന്നത്." ഉമ്മന്‍ചാണ്ടിയെന്ന മുന്‍ മുഖ്യമന്ത്രി സോളാര്‍ പീഡനക്കേസ് കത്തിനിന്ന കാലത്ത് നിയമസഭയില്‍ പ്രസംഗിച്ച ഏതാനും വരികളാണിത്. തനിക്കെതിരേയുള്ള കേസിന് സ്വന്തമായി അന്വേഷണ കമ്മീഷനെ വെച്ച് പതിന്നാല് മണിക്കൂര്‍ ചോദ്യം ചെയ്യലിന് ഇരുന്നുകൊടുത്ത വിചിത്ര തീരുമാനമെടുത്തപ്പോള്‍ എല്ലാവരും ചോദിച്ചു: ഈ കളിയുടെ അവസാനമെന്ത്? ഒടുവില്‍ പത്ത് വര്‍ഷം ഉമ്മന്‍ചാണ്ടിക്കും അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തിനും മുള്‍കിരീടമായി നിന്ന സോളാര്‍ പീഡനക്കേസിന് തെളിവില്ലെന്ന് പറഞ്ഞ് സി.ബി.ഐ. പോലും കര്ട്ടണിടാനൊരുങ്ങുമ്പോള് അത് രാഷ്ട്രീയ അസംബന്ധ നാടകങ്ങളുടെ മറ്റൊരു അധ്യായം കൂടിയായി തീരുന്നു
ടീം സോളാര്‍ എന്ന പേരില്‍ യാതൊരുവിധ അംഗീകാരവുമില്ലാത്ത കമ്പനി സൗരോര്‍ജ പദ്ധതിയുടെ പേരില്‍ സംസ്ഥാന സര്‍ക്കാരിന്റെ അംഗീകാരമുണ്ടെന്ന് കാണിച്ച് കോടികള്‍ തട്ടിയെന്നതായിരുന്നു കേസിന്റെ തുടക്കം. കേസില്‍ പ്രതികളായ ബിജു രാധാകൃഷ്ണന്, ഭാര്യ സരിത എസ്. നായര്‍ എന്നിവര്‍ തട്ടിപ്പ് നടത്താനായി അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിയുടെ ഓഫീസിനെ ഉപയോഗിച്ചുവെന്ന പ്രതിപക്ഷ ആരോപണം വലിയ പ്രതിഷേധ സുനാമിക്ക് തന്നെയാണ് തുടക്കമിട്ടത്. ഉമ്മന്‍ചാണ്ടിക്ക് കോടികള്‍ കോഴ നല്‍കിയെന്ന സരിത എസ്. നായരുടെ മൊഴിയും ലൈംഗിക ആരോപണ വിവാദവും പ്രതിഷേധങ്ങളെ ആളിക്കത്തിച്ചു. കേസില്‍ ബിജു രാധാകൃഷ്ണന് ഒന്നാം പ്രതിയും സരിത നായര്‍ രണ്ടാം പ്രതിയുമായിരുന്നു.
2013 ജൂണ്‍ നാലിനാണ് കേസന്വേഷിക്കാന്‍ കോടതി ഉത്തരവിട്ടത്. പിന്നീട് മുഖ്യമന്ത്രിയുടെ ഓഫീസിനും കേസില്‍ ബന്ധമുണ്ടെന്ന ആരോപണം ഉയര്‍ന്നു വന്നു. ഇത് പ്രതിപക്ഷം നിയമസഭയില്‍ ആയുധമാക്കി. മുഖ്യമന്ത്രിയ്ക്കെതിരായ ആരോപണങ്ങളില്‍ നിയമസഭ കലുഷിതമായി. ഇതോടെ കേസന്വേഷണം എ.ഡി.ജി.പിക്ക് കൈമാറി. എന്നാല്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം. മുഖ്യമന്ത്രിയുടെ പി.എ ടെന്നി ജോപ്പന്, ഗണ്മാന് സലീം രാജ് എന്നിവര്‍ക്ക് സരിതയുമായി ബന്ധമുണ്ടെന്ന ആരോപണത്തെ തുടര്‍ന്ന് ഇരുവരെയും തല്‍ സ്ഥാനങ്ങളില്‍നിന്ന് മാറ്റി.
പിന്നീട് ഇരുവരെയും അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇവര്‍ക്കു പുറമെ മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ജിക്കു ജേക്കബ് അടക്കമുള്ളവര്‍ ടീം സോളാറിന്റെ അധികൃതരുമായി ഒരു വര്‍ഷത്തോളം ബന്ധപ്പെട്ടിരുന്നതായും കണ്ടെത്തി. ഇതോടെ മുഖ്യമന്ത്രിയുടെ ഓഫീസ് സോളാര്‍ തട്ടിപ്പിന്റെ പ്രധാന കേന്ദ്രമായിരുന്നുവെന്ന് ഏതാണ്ട് ഉറപ്പായി. ഉമ്മന്‍ചാണ്ടിക്കും കേസില്‍ പങ്കുണ്ടെന്നും മുഖ്യമന്ത്രി അറിയാതെ സ്റ്റാഫ് അംഗങ്ങള്‍ക്ക് ഇത്തരത്തിലൊരു നീക്കം നടത്താനാകില്ലെന്നും പ്രതിപക്ഷം ആരോപിച്ചെങ്കിലും തനിക്ക് ഒന്നും അറിയില്ലെന്നും യു.ഡി.എഫ്. ആണ് സോളാര്‍ തട്ടിപ്പ് പുറത്തുകൊണ്ടുവന്നതെന്നുമായിരുന്നു മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിയുടെ നിലപാട്.

2013 ജൂണ്‍ 15-ഓടെ പ്രതിപക്ഷം യുഡിഎഫിനെതിരെ പ്രക്ഷോഭം ആരംഭിച്ചു. കേസ് അന്വേഷിക്കാന്‍ എ.ഡി.ജി.പി. എ. ഹേമചന്ദ്രന്റെ കീഴില്‍ പ്രത്യേക സംഘം രൂപീകരിച്ചതും ജൂണ്‍ 15-നാണ്. ഇതിനിടെ നിയമസഭയില്‍ പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കി. തുടര്‍ന്ന് നിയമസഭ അനിശ്ചിത കാലത്തേക്ക് പിരിഞ്ഞു. സോളാര്‍ കേസില്‍ ആരോപണ വിധേയനായ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് 2013 ജൂലായ് 9-ന് എല്‍.ഡി.എഫ്. സെക്രട്ടേറിയേറ്റിലേക്ക് നടത്തിയ മാര്‍ച്ചിനെതിരെ പോലീസ് ഗ്രനേഡ് പ്രയോഗിച്ചു. ഗ്രനേഡ് ആക്രമണത്തില്‍ വി.എസിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. ഓഗസ്റ്റ് 12-ന് ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് എല്‍.ഡി.എഫ്. സെക്രട്ടേറിയേറ്റ് ഉപരോധം ആരംഭിച്ചു.രാപകൽ ഉപരോധം ഏറെ ശ്രദ്ധിക്കപ്പെട്ടു. തുടര്‍ന്ന് 13-ന് മുഖ്യമന്ത്രി ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തു. റിട്ട. ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ജി ശിവരാജനെ 2013 ഒക്ടോബര്‍ 23-ന് ജുഡീഷ്യല്‍ അന്വേഷണ കമ്മീഷനായി നിയമിച്ചായിരുന്നു അന്വേഷണം.
യുവതിയുടെ വെളിപ്പെടുത്തല്‍
കേസില്‍ അറസ്റ്റിലാകപ്പെട്ടതിന് ശേഷം സോളാര്‍ കേസ് പ്രതി നടത്തിയ വെളിപ്പെടുത്തലാണ് അഴിമതിക്ക് പുറമേ കേസിന് മറ്റൊരു വശം കൂടിയുണ്ടായത്. ഉമ്മന്‍ചാണ്ടിയടക്കമുള്ള യു.ഡി.എഫ്. നേതാക്കള്‍ തന്നെ പീഡിപ്പിച്ചുവെന്നായിരുന്നു യുവതിയുടെ ആരോപണം. 2013 ജൂലായ് 29-ന് നല്കിയ പരാതിയില്‍ ഉന്നതരുടെ പേരുണ്ടായിരുന്നില്ലെങ്കിലും പിന്നീട് മന്ത്രിമാരും പ്രമുഖ നേതാക്കളും സരിതയുമുള്ള ബന്ധം തെളിയിക്കുന്ന സിഡി ദൃശ്യങ്ങള്‍ കയ്യിലുണ്ടെന്ന് അഭിഭാഷകര്‍ അറിയിച്ചത് ഏറെ വിവാദമായി. മാധ്യമങ്ങള്‍ക്ക് ബിജു രാധാകൃഷ്ണന് തുറന്ന കത്തെഴുതിയതും വിവാദമായി.
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കോണ്‍ഗ്രസ് നേതാക്കളായ അടൂര്‍ പ്രകാശ്, ഹൈബി ഈഡന്, കെ.സി. വേണുഗോപാല്‍, എ.പി. അനില്‍കുമാര്‍, പിന്നീട് ബി.ജെ.പിയില്‍ ചേര്‍ന്ന എ.പി. അബ്ദുള്ളക്കുട്ടി എന്നിവര്‍ക്കെതിരേയായിരുന്നു പീഡന പരാതി. 2012 സെപ്റ്റംബറില്‍ ക്ലിഫ് ഹൗസില്‍വെച്ച് ശാരീരികമായും മാനസികമായും ചൂഷണം ചെയ്തുവെന്നും നിരന്തരം ഫോണില്‍ വിളിച്ചുവെന്നുമായിരുന്നു ഉമ്മന്‍ചാണ്ടിക്കെതിരേ സരിതയുടെ പരാതി. ഫോണില്‍ അശ്ലീല സംഭാഷണം നടത്തിയെന്നും ലൈംഗിമായി പീഡിപ്പിച്ചുവെന്നും ബെംഗളൂരുവിലേക്ക് ക്ഷണിച്ചുവെന്നുമായിരുന്നു അടൂര്‍ പ്രകാശിനേതിരേയുള്ള പരാതി. എം.എല്‍.എ ഹോസ്റ്റലിലും എറണാകുളം ഗസ്റ്റ് ഹൗസിലും വെച്ച് ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് ഹൈബി ഈഡനെതിരേ ഉയര്‍ന്ന പരാതി. കെ.സി. വേണുഗോപാല്‍ കേന്ദ്ര മന്ത്രിയായിരിക്കേ ബലാത്സംഗം ചെയ്തുവെന്നും ഭീഷണിപ്പെുടുത്തിയെന്നും ഫോണിലൂടേയും എസ്.എം.എസ്സിലൂടേയും നിരന്തരം ബുദ്ധിമുട്ടിച്ചുവെന്നും പരാതിയുണ്ടായിരുന്നു. എ.പി. അനില്‍കുമാര്‍ ഔദ്യോഗിക വസതിയായിരുന്ന റോസ് ഹൗസ്, ലെ മെറിഡിയന് ഹോട്ടല്‍, ഡല്‍ഹിയിലെ കേരള ഹൗസ് എന്നിവിടങ്ങളില്‍ നിന്ന് പീഡിപ്പിച്ചുവെന്നാണ് കേസ്. തിരുവനന്തപുരം മാസ്കറ്റ് ഹോട്ടല്‍ റൂമില്‍ വെച്ച് പീഡിപ്പിച്ചുവെന്നാണ് എ.പി. അബ്ദുള്ളക്കുട്ടിക്കേതിരേയുള്ള പരാതി. ഇതിനിടെ ആരോപണ വിധേയരായവരുമൊത്തെ വിവാദ ദൃശ്യങ്ങളുള്ള സി.ഡി. കൈയിലുണ്ടെന്ന ബിജു രാധാകൃഷ്ണന്റെ വെളിപ്പെടുത്തലും രാഷ്ട്രീയ കേരളത്തെ തീപ്പിടിപ്പിച്ചു. ഈ സി.ഡി പിടിച്ചെടുക്കാനുള്ള പോലീസിന്റേയും മാധ്യമങ്ങളുടേയും ശ്രമവും വലിയ വിവാദങ്ങള്‍ക്കാണ് തിരികൊളുത്തിയത്. തെളിവുകള്‍ ഹാജരാക്കാന്‍ സോളാര്‍ കമ്മീഷന് ആവശ്യപ്പെട്ടു. എന്നാല്‍ അതിന് മുമ്പ് സി ഡി. സര്‍ക്കാര്‍ പിടിച്ചെടുക്കരുതെന്നും കമ്മീഷന് വ്യക്തമാക്കി.
2015 ഡിസംബര്‍ 10-നായിരുന്നു മാധ്യമങ്ങള്‍ക്കും പോലീസും വരെ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്ന സി.ഡി. പിടിച്ചെടുക്കല്‍ യാത്ര. പ്രത്യേക പോലീസ് സംഘം കോയമ്പത്തൂരിലേക്ക് തിരിച്ചത് മാധ്യമങ്ങള്‍ ലൈവ് ആയാണ് വാര്‍ത്ത നല്‍കിയത്. ഇരുകൂട്ടരും സംഭവം ആഘോഷിക്കുകയായിരുന്നുവെന്ന് കമ്മീഷന് വിമര്‍ശിച്ചു. കമ്മീഷനെ മണ്ടനായി കാണരുതെന്നും ജസ്റ്റിസ് ശിവരാജന് വ്യക്തമാക്കി.

സോളാര്‍ കേസില്‍ ജുഡീഷ്യല്‍ അന്വേഷണം
കമ്മിഷന് ഓഫ് എന്‍ക്വയറി ആക്ട് അനുസരിച്ചാണ് ജുഡീഷ്യല്‍ കമ്മീഷന് വിസ്താരങ്ങളും വാദങ്ങളും തെളിവ് ശേഖരണവുമെല്ലാം നടത്തിയത്. 2015 ജനുവരി 12-ന് ആരംഭിച്ച സാക്ഷി വിസ്താരം 2017 ഫെബ്രുവരി 15-നാണ് അവസാനിച്ചത്. ഇതിനിടെ 216 സാക്ഷികളെ വിസ്തരിക്കുകയും 893 രേഖകള്‍ അടയാളപ്പെടുത്തുകയും ചെയ്തു. ഏപ്രില്‍ ആദ്യം വരെ വിസ്താരത്തിന്മേലുള്ള വാദം നീണ്ടു.
കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, എം.എല്‍.എമാര്‍, എം.പിമാര്‍, സംസ്ഥാനത്തെ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍, പരാതിക്കാര്‍ തുടങ്ങി പ്രമുഖരായ നിരവധി പേരെയാണ് കമ്മിഷന് വിസ്തരിച്ചത്. മുന്‍ കേന്ദ്രമന്ത്രി കെ.സി വേണുഗോപാല്‍, ജോസ് കെ. മാണി എം.പി, മുന്‍ മന്ത്രിമാരായ ഷിബു ബേബി ജോണ്‍, ആര്യാടന് മുഹമ്മദ്, എ.പി അനില്‍കുമാര്‍, അടൂര്‍ പ്രകാശ്, എം.എല്‍.എമാരായ പി.സി വിഷ്ണുനാഥ്, ഹൈബി ഈഡന്, മോന്‍സ് ജോസഫ്, ബെന്നി ബെഹ്നാന്, യു.ഡി.എഫ് മുന്‍ കണ്‍വീനര്‍ പി.പി തങ്കച്ചന്, മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, പൊലീസ് മേധാവിയായിരുന്ന കെ.എസ് ബാലസുബ്രഹ്മണ്യം, മുന്‍ എ.ഡി.ജി.പി എ. ഹേമചന്ദ്രന്, കെ. പത്മകുമാര്‍ എന്നിവരെയും കമ്മിഷന് വിസ്തരിച്ചിരുന്നു. അന്നത്തെ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്, സി.പി.എം സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയന് തുടങ്ങിയവരും കമ്മിഷന് മുന്നിലെത്തി തെളിവ് നല്‍കിയിരുന്നു.
2016 ജനുവരി 25-നാണ് സോളാര്‍ കമ്മീഷന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ വിസ്തരിച്ചത്. ഉമ്മന്‍ചാണ്ടിയെ 14 മണിക്കൂര്‍ കമ്മീഷന് വിസ്തരിച്ചു. ആറ് മാസ കാലാവധിയ്ക്ക് നിയമിച്ചതായിരുന്നു കമ്മീഷനെ. നിരവധി തവണ സമയപരിധി നീട്ടി നല്‍കിയതിന് ശേഷം 2017 സെപ്തംബര്‍ 26-ന് ആണ് ശിവരാജന് കമ്മീഷന് റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചത്. ഉമ്മന്‍ചാണ്ടിക്കെതിരേ വിജിലന്‍സ് അന്വേഷണം, തിരുവഞ്ചൂരിനെതിരേ ക്രിമിനല്‍ കേസ്, ആര്യാടന് മുഹമ്മദിനെതിരേ വിജിലന്‍സ് കേസ്, സരിതയുടെ കത്തില്‍ പരാമര്‍ശിക്കുന്നവര്‍ക്കെതിരേ ബലാംത്സംഗത്തിനും കേസെടുക്കാനാണ് മുഖ്യമന്ത്രി പിണറായി വിജയന് നിര്‍ദേശം നല്‍കിയത്. തുടര്‍ന്ന് ആരോപണ പ്രത്യാരോപണങ്ങള്‍ക്കൊടുവിലാണ് കേസ് 2021 ജനുവരി 24-ന് സി.ബി.ഐക്ക് കൈമാറിയത്.
പാഴായിപ്പോയ പൂഴിക്കടകന്‍
ഇടതിന്റെ പൂഴിക്കടകനെന്നാണ് സി.ബി.ഐ. അന്വേഷണത്തെ രാഷ്ട്രീയ കേരളം വിശേഷിപ്പിച്ചത്. വേങ്ങര ഉപതിരഞ്ഞെടുപ്പ് നടക്കുന്നതിന്റെ തലേദിവസമായിരുന്നു അന്വേഷണ പ്രഖ്യാപനം. സ്ത്രീയുടെ പരാതിയെന്ന നിലയിലാണ് കേസ് സി.ബി.ഐക്ക് വിട്ടതെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ പരാമര്‍ശം. സ്വര്‍ണക്കടത്ത്,ലൈഫ് മിഷന് ഇടപാട് എന്നിവയില്‍ സി.ബി.ഐ. ഉള്‍പ്പെടെയുള്ള കേന്ദ്ര ഏജന്‍സികളെ എതിര്‍ത്ത് വരുന്നതിനിടെ സോളാര്‍ കേസ് മാത്രം സി.ബി.ഐ. അന്വേഷണത്തിന് വിട്ടത് തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടായിരുന്നുവെന്നായിരുന്നു കോണ്‍ഗ്രസിന്റെ ആരോപണം. പക്ഷെ എതിര്‍ക്കാനില്ലെന്നും ഏതന്വേഷണത്തിനും തയ്യാറാണെന്നും ദൈവവിശ്വാസിയായ തനിക്ക് പേടിയില്ലെന്നുമായിരുന്നു ഉമ്മന്‍ചാണ്ടിയുടെ ഉറച്ച നിലപാട്.

കേരളത്തിലെ പ്രമുഖ രാഷ്ട്രീയ നേതാവിനെതിരെ ഉടന്‍ 'ബോംബ്' പൊട്ടുമെന്നൊരു പ്രവചനം സാമൂഹിക മാധ്യമങ്ങളില്‍ ദിവസങ്ങളോളം പ്രചരിച്ച ശേഷമാണ് സി.ബി.ഐ. അന്വേഷണം വന്നത്. തിരഞ്ഞെടുപ്പ് വിളിപ്പാടകലെ നില്ക്കുമ്പോള് സോളാര്‍ വീണ്ടും ചര്‍ച്ചയായപ്പോള്‍ മാധ്യമങ്ങളും ആഘോഷമാക്കി. എന്നാല്‍ ഒന്നാം പിണറായി സര്‍ക്കാര്‍ കഴിഞ്ഞ അഞ്ചു വര്‍ഷത്തോളം ഈ കേസില്‍ എന്തുചെയ്തെന്ന ചോദ്യമാണ് യു.ഡി.എഫ്. അന്ന് ചോദിച്ചത്. ഇതുതന്നെയാണ് സര്‍ക്കാരിന്റെ ഉദ്ദേശ്യശുദ്ധിയെ ചോദ്യംചെയ്യാന്‍ യു.ഡി.എഫിന് കരുത്തു നല്കിയതും. കേസന്വേഷണം തുടങ്ങിയെങ്കിലും ലൈംഗിക പീഡനക്കേസില്‍ ഹൈബി ഈഡനെതിരേ തെളിവില്ലെന്നായിരുന്നു ആഗസ്റ്റ് 14-ന് സിബിഐ വ്യക്തമാക്കിയത്. പിന്നീട് കെ.സി. വേണുഗോപാലിനേയും അടൂര്‍ പ്രകാശിനേയും അബ്ദുള്ളക്കുട്ടിയേയു ചോദ്യം സി.ബി.ഐ. ചോദ്യ ചെയ്തെങ്കിലും തെളിവില്ലെന്ന് സി.ബി.ഐ. വ്യക്തമാക്കി. 2022 ഡിസംബര്‍ 28-ന് ഉമ്മന്‍ചാണ്ടിക്കും സി.ബി.ഐ. ക്ലീന്‍ചിറ്റ് നല്കി. മാത്രമല്ല കേസ് അവസാനിപ്പാനുള്ള നിര്‍ദേശം നല്‍കണമെന്നും സി.ബി.ഐ. അവശ്യപ്പെട്ടു. അങ്ങനെ പത്ത് വര്‍ഷത്തോളം കോണ്‍ഗ്രസ് പ്രവര്‍ത്തകരേയും രാഷ്ട്രീയ കേരളത്തിനും നാണക്കേടുണ്ടാക്കിയ സോളാര്‍ പീഡനക്കേസ് എങ്ങുമെത്താതെയുമായി.
Content Highlights: oommen chandi solar case cbi enquiry
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..