പ്രതീകാത്മക ചിത്രം | Photo: Mathrubhumi
ഫ്രീഫയര്‍ ഗെയിം കളിച്ച പെണ്‍കുട്ടിയുമായി സൗഹൃദം സ്ഥാപിച്ച് കൃത്രിമമായി നിര്‍മിച്ച നഗ്നചിത്രം കാണിച്ച് ഭീഷണിപ്പെടുത്തിയ സംഭവം സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെ കേരള പോലീസ് വെളിപ്പെടുത്തുകയുണ്ടായി. ഇന്റര്‍നെറ്റില്‍ ഏത് വഴിയിലൂടെയെല്ലാമാണ് പെണ്‍കുട്ടികളെ അപകടം കാത്തിരിക്കുന്നത് എന്ന് വ്യക്തമാക്കുന്നതാണ് ഈ സംഭവം.
പതിനെട്ടിൽ താഴെ വയസുള്ള ഒരു പെണ്‍കുട്ടിയാണ് ഇവിടെ അപകടത്തിലായത്. അമ്മയുടെ കണ്ണുവെട്ടിച്ച് ഫോണില്‍ ഫ്രീഫയര്‍ ഇന്‍സ്റ്റാള്‍ ചെയ്ത പെണ്‍കുട്ടി അമ്മയില്ലാത്തപ്പോഴാണ് ഗെയിം കളിച്ചിരുന്നത്. ഗെയിമിലൂടെ പരിചയത്തിലായ യുവാവ് അവളുടെ വിശ്വാസം പിടിച്ചുപറ്റുകയും നമ്പര്‍ കൈക്കലാക്കി വാട്‌സാപ്പിലൂടെ ചാറ്റിങ് തുടരുകയുമായിരുന്നു. വ്യാജ നമ്പര്‍ ഉപയോഗിച്ച് തയ്യാറാക്കിയ വാട്‌സാപ്പ് അക്കൗണ്ട് ഉപയോഗിച്ചായിരുന്നു ചാറ്റിങ്.
നഗ്നചിത്രം കാണിച്ചുള്ള ഭീഷണിയില്‍ ആദ്യം ഒന്ന് പതറിയെങ്കിലും പ്രശ്‌നം ആരോടെങ്കിലും തുറന്ന് പറഞ്ഞ് അതിന് പിന്നിലുള്ളയാളെ കണ്ടെത്തണമെന്ന് ചിന്തിക്കാനുള്ള പക്വത ആ കുട്ടി കാണിച്ചു. അമ്മയോട് കാര്യം പറയുകയും വിഷയം പോലീസിന്റെ കയ്യിലെത്തുകയും ചെയ്തു.
സംഭവത്തില്‍ കണ്ണൂര്‍ ചെറുപുഴ സ്വദേശി അഖില്‍ എന്ന 21-കാരന്‍ പോലീസിന്റെ പിടിയിലാണ്. തൃശൂര്‍ സൈബര്‍ ക്രൈം പോലീസാണ് ഇയാളെ പിന്തുടര്‍ന്ന് പിടികൂടിയത്. നഗ്നചിത്രം കാണിച്ച് പെണ്‍കുട്ടിയില്‍നിന്ന് പണം തട്ടുകയായിരുന്നു ഇയാളുടെ ലക്ഷ്യമെന്ന് പോലീസ് മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു.
സാമൂഹിക വിരുദ്ധര്‍ക്ക് എല്ലാം ഒരു ഡേറ്റിങ് ആപ്പ്
എന്തും വാങ്ങാനും വില്‍ക്കാനും സാധിക്കുന്ന റിയല്‍ എസ്റ്റേറ്റ് സേവനമായ ഓഎല്‍എക്‌സ് പോലും ഇന്ത്യക്കാര്‍ക്ക് ഒരു ഡേറ്റിങ് ആപ്പാണെന്ന ആക്ഷേപം പൊതുവിലുണ്ട്. ആമസോണ്‍, ഫ്‌ളിപ്പ്കാര്‍ട്ട്, യൂട്യൂബ് അങ്ങനെ എങ്ങനെയുള്ള ഓണ്‍ലൈന്‍ സേവനവും ആയിക്കോള്ളട്ടെ സ്ത്രീകളുടെ സാന്നിധ്യം ശ്രദ്ധയില്‍പെട്ടാല്‍ അവവരുമായി ബന്ധം സ്ഥാപിക്കാന്‍ ശ്രമിക്കുന്ന സാമൂഹിക വിരുദ്ധരായ ഒരുകൂട്ടം ആളുകളുണ്ട്.
.jpg?$p=20a7715&&q=0.8)
പബ്ജിയെ പോലെ പല സ്ഥലങ്ങളിലുള്ള ആളുകള്‍ക്ക് ഒരേസമയം ഗെയിം കളിക്കാനും പരസ്പരം സംസാരിക്കാനും സൗകര്യമുള്ള ഗെയിമാണ് ജെറിന ഫ്രീഫയര്‍. ഇങ്ങനെ ഗെയിം കളിക്കിടെ പരിചയപ്പെട്ട ആളുമായാണ് മുകളില്‍ പറഞ്ഞ സംഭവത്തിലെ പെണ്‍കുട്ടി സൗഹൃദത്തിലായത്. ഗെയിം ഇഷ്ടപ്പെടുന്നവരുടെ ഒരു വിര്‍ച്വല്‍ കൂട്ടായ്മയുണ്ടാക്കിയെടുക്കുക എന്ന ലക്ഷ്യത്തോടെ തന്നെയാണ് മറ്റ് സാമൂഹിക മാധ്യമങ്ങളെ പോലെ ഫ്രീഫയര്‍ പോലുള്ള ഗെയിമുകളും ഇങ്ങനെ ആശയവിനിമയത്തിനുള്ള സൗകര്യങ്ങള്‍ ഒരുക്കുന്നത്. ആ സൗകര്യം ദുരുപയോഗം ചെയ്യുകയായിരുന്നു കേസിലെ പ്രതി.
നഗ്നചിത്രമെന്ന ആയുധം
പെണ്‍കുട്ടികളെ വരുതിയിലാക്കാന്‍ സൈബര്‍ കുറ്റവാളികള്‍ സാധാരണയായി ഉപയോഗിക്കുന്ന ആയുധങ്ങളിലൊന്നാണ് നഗ്നചിത്രങ്ങള്‍. അത് ചിലപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്‌തെടുത്ത ചിത്രം തല വെട്ടിയൊട്ടിച്ച് നിര്‍മിച്ച വ്യാജചിത്രങ്ങളാവാം, ചിലപ്പോള്‍ അപരിചിതരോ പരിചയമുള്ളതോ കമിതാവോ ആയൊരാള്‍ സ്ത്രീകളുമായുള്ള ചാറ്റിനിടെ കൈക്കലാക്കിയതാവാം, അല്ലെങ്കില്‍ ഫോണുകളില്‍നിന്ന് എതെങ്കിലും മാര്‍ഗത്തില്‍ ചോര്‍ത്തിയെടുത്തതാവാം.
ഇങ്ങനെയുള്ള നിരവധി കേസുകള്‍ നിരന്തരം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ടെന്ന് അന്തിക്കാട് പോലീസ് സ്റ്റേഷനിലെ എഎസ്ഐ ഫൈസല്‍ പറഞ്ഞു.

പണം തട്ടല്‍, ലൈംഗീകചൂഷണം തുടങ്ങിയ ലക്ഷ്യങ്ങളാണ് ഇങ്ങനെയുള്ള സംഭവങ്ങളിലെ കുറ്റവാളികളുടെ പൊതുവായ ലക്ഷ്യം. 18 വയസില്‍ താഴെയുള്ളവരും ഇങ്ങനെയുള്ള കേസുകളില്‍ പിടിയിലാകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
2022 സെപ്റ്റംബറില്‍ ഫെയ്‌സ്ബുക്കിലൂടെ പരചിയപ്പെട്ട വിവാഹിതയായ യുവതിയുടെ നഗ്നചിത്രങ്ങള്‍ കൈക്കലാക്കി പ്രചരിപ്പിച്ചതിന് ചവറയില്‍ ഒരു യുവാവ് പിടിയിലായിരുന്നു. 2017-ല്‍ തൊടുപുഴയില്‍ ഒമ്പതാം ക്ലാസുകാരിയുടെ നഗ്‌നചിത്രം പകര്‍ത്തി പ്രചരിപ്പിച്ചത് അതേ സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ്. അമ്മയുടെ നഗ്‌നചിത്രം കാണിച്ച് മകളെ പീഡിപ്പിച്ച സംഭവം 2019-ല്‍ ഈരാറ്റുപേട്ടയിലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു.
സ്വന്തം നഗ്നചിത്രങ്ങള്‍ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളിലൂടെയും അല്ലാതെയും പങ്കുവെക്കാതിരിക്കുക എന്നതാണ് ഇത്തരം ഭീഷണികളെ നേരിടാനുള്ള ആദ്യ നടപടി. മുഖത്തോടുകൂടിയുള്ള ചിത്രങ്ങള്‍ പ്രത്യേകിച്ചും ആര്‍ക്കും അയച്ചുകൊടുക്കരുത്. നിങ്ങളുടെ യഥാര്‍ത്ഥ നഗ്നചിത്രം കാണിച്ച് ഭീഷണി നടത്തുന്നയാളെ പിടികൂടാന്‍ സാധിക്കുമെങ്കിലും അങ്ങനെയുള്ള ചിത്രങ്ങള്‍ പുറത്തുവന്നാല്‍ അവ പ്രചരിക്കുന്നത് തടയുക വലിയ പ്രയാസമാണ്.
ഇനി കൃത്രിമമായി നിര്‍മിച്ച ചിത്രം കാണിച്ചുള്ള ഭീഷണിയാണെങ്കില്‍ ആ ഭീഷണിയില്‍ ഒട്ടും പതറേണ്ട കാര്യമില്ല. ഭീഷണിയ്ക്ക് വഴങ്ങുകയും ചെയ്യരുത്. ഇങ്ങനെ ഒരു ഭീഷണി നേരിട്ടാല്‍ അത് വിശ്വസ്തരായ മുതിര്‍ന്നവരോട് ആരോടെങ്കിലും പറയുക. അല്ലെങ്കില്‍ നേരിട്ട് സൈബര്‍ പോലീസിനെ ബന്ധപ്പെടുക.
സോഷ്യല്‍ മീഡിയ, ജാഗ്രതയോടെ ഇടപെടേണ്ടയിടം
ഓണ്‍ലൈന്‍ സോഷ്യല്‍ മീഡിയാ പ്ലാറ്റ്‌ഫോമുകളിലെ സ്വകാര്യത മിഥ്യാധാരണ മാത്രമാണ്. 100 ശതമാനം സ്വകാര്യത അവിടെയുണ്ടെന്ന് ഉറപ്പിക്കാനാവില്ല. സ്വകാര്യത ആഗ്രഹിക്കുന്നവർ സാമൂഹിക മാധ്യമങ്ങളില്‍ ചിത്രങ്ങളും വീഡിയോകളും മറ്റും ഒരിക്കലും പരസ്യമായി പങ്കുവെക്കരുത് എന്ന് തന്നെയാണ് വിദഗ്ദര്‍ പറയുന്നത്.അക്കൗണ്ട് അടുത്ത പരിചയക്കാര്‍ക്ക് മാത്രം കാണാനാവുന്ന വിധത്തില്‍ പ്രൈവറ്റ് ആക്കുകയെങ്കിലും വേണമെന്ന് അവര്‍ നിര്‍ദേശിക്കുന്നു.

റീല്‍സിലും ടിക് ടോക്കിലും മോജിലുമെല്ലാം ഉള്ള 'ഇന്‍ഫ്‌ളുവന്‍സര്‍ സെലിബ്രിട്ടി' യെന്ന സ്ഥാനം മോഹിച്ച് പലരും സ്വന്തം അക്കൗണ്ടുകള്‍ എല്ലാവര്‍ക്കും കാണാവുന്ന വിധം പബ്ലിക്ക് ആക്കുന്നുണ്ട്. ഇങ്ങനെയുള്ള അക്കൗണ്ടുകളില്‍നിന്നും അപരിചിതരായ ആളുകള്‍ക്ക് ചിത്രങ്ങള്‍ എടുക്കാനും അവ ദുരുപയോഗം ചെയ്യാനും എളുപ്പമാണെന്ന ധാരണ എല്ലാവര്‍ക്കും ഉണ്ടാവേണ്ടതുണ്ട്.
എന്ന് കരുതി സോഷ്യൽ മീഡിയ ഉപയോഗം നിങ്ങൾ നിർത്തിക്കളയണം എന്നല്ല. നിങ്ങളെ നല്ല കണ്ണുകളോടെ നോക്കുന്നതിനൊപ്പം മോശം ചിന്തയോടെ കാണുന്നവരും ഉണ്ടെന്ന യാഥാര്‍ത്ഥ്യം മനസിലാക്കുക. അത് തിരിച്ചറിഞ്ഞ് വേണം ഓണ്‍ലൈനില്‍ പരസ്യമായി ഇടപെടാന്‍.
ഓൺലൈൻ വഴിയുള്ള അധിക്ഷേപങ്ങൾ, കളിയാക്കലുകൾ, ഭീഷണികൾ പോലുള്ള ഉപദ്രവകരമായ ഇടപെടലുകളെ നിയന്ത്രിക്കാനുള്ള വിവിധ സംവിധാനങ്ങൾ മുൻനിര സോഷ്യൽ മീഡിയാ സേവനങ്ങളെല്ലാം മുന്നോട്ട് വെക്കുന്നുണ്ട്. പബ്ലിക്ക് ആയുള്ള ഇടപെടലിനെ സംബന്ധിച്ച് ഇൻസ്റ്റാഗ്രാമും ഫെയ്സ്ബുക്കുമെല്ലാം മുന്നറിയിപ്പ് നൽകുന്നുണ്ട്. ഇക്കാരണം കൊണ്ടാണ് നിങ്ങളുടെ ഉള്ളടക്കങ്ങൾ എത്തിച്ചേരുന്ന പ്രേക്ഷകരെ നിയന്ത്രിക്കുന്നതിനുള്ള പ്രൈവസി ഫീച്ചറുകൾ അവർ അവതരിപ്പിക്കുന്നത്.
പരസ്യമായ ഇടപെടലുകൾ നടത്തുമ്പോൾ പിന്തുണയ്ക്കൊപ്പം അതുവഴി പ്രശ്നങ്ങൾ നേരിടാന്‍ മാനസികമായ തയ്യാറെടുപ്പ് ഉണ്ടാവുകയും ഭീഷണികളെ നിയമപരമായി നേരിടാനുള്ള പക്വതയുണ്ടാവുകയും വേണം.
പ്രായം മറന്ന് 'കളിക്കരുത്'
ആന്‍ഡ്രോയിഡ് ആണെങ്കിലും ഐഓഎസ് ആണെങ്കിലും മൊബൈല്‍ ആപ്പുകള്‍ക്കെല്ലാം അതിന്റെ നിര്‍മാതാക്കള്‍ നിര്‍ദേശിക്കുന്ന പ്രായപരിധിയുണ്ട്. ഈ നിശ്ചിത പ്രായമെത്താത്തവര്‍ പ്രസ്തുത ആപ്പ് ഉപയോഗിക്കുന്നത് എന്ത് വിലകൊടുത്തും തടയുക തന്നെ വേണം. കുട്ടികള്‍ അത്തരം ആപ്പുകളില്‍ സമയം ചെലവഴിക്കുന്നില്ലെന്ന് മാതാപിതാക്കള്‍ ഉറപ്പുവരുത്തേണ്ടതുണ്ട്.

ഇന്‍സ്റ്റാഗ്രാമും, ഫ്രീഫയറും, പബ്ജിയും ഫെയ്‌സ്ബുക്കുമെല്ലാം മുതിര്‍ന്നവരെ ലക്ഷ്യമിട്ടുള്ള ആപ്പുകളാണ്. കുറഞ്ഞത് 16 വയസ് പ്രായമെങ്കിലും അത്തരം ആപ്പുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് ഉണ്ടായിരിക്കണം.
മുതിര്‍ന്നവര്‍ക്ക് നേരെ ഇങ്ങനെയുള്ള ഭീഷണികള്‍ ഉണ്ടാവില്ല എന്നല്ല, ആ ഭീഷണിയെ ഫലപ്രദമായി നേരിടാനുള്ള പക്വത അവരിലുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കുട്ടികളുടെ അശ്രദ്ധമായ ഇടപെടലുകളിലൂടെ ആളുകൾക്ക് വലിയ സാമ്പത്തിക നഷ്ടം ഉണ്ടായ സംഭവങ്ങളും അത് അവരെ ആത്മഹത്യയിലേക്ക് വരെ നയിച്ച സംഭവങ്ങൾ ഇക്കഴിഞ്ഞ കാലങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
മാതാപിതാക്കളുടെ ശ്രദ്ധ അനിവാര്യം
കുട്ടികളുടെ സ്മാര്‍ട്ഫോണ്‍ ഉപയോഗം വിലക്കുന്നതിന് പകരം, അതിനെ മികച്ച രീതിയില്‍ ഉപയോഗിക്കാനുള്ള മാര്‍ഗനിര്‍ദേശങ്ങളും ശ്രദ്ധയും മാതാപിതാക്കള്‍ നല്‍കേണ്ടതുണ്ട്. ചെറിയ കുട്ടികള്‍ക്ക് ഫോണുകള്‍ നല്‍കുമ്പോള്‍ നിര്‍ബന്ധമായും കിഡ്സ് മോഡ് ഓണ്‍ ആക്കി അവര്‍ക്ക് ആവശ്യമുള്ള ആപ്പുകള്‍ മാത്രം ഉപയോഗിക്കാന്‍ അനുവദിക്കുക. ഫോണുകളില്‍ പാസ് വേഡുകള്‍ നിരന്തരം മാറ്റാന്‍ ശ്രദ്ധിക്കണം. കുട്ടികളുടെ ഫോണ്‍ ഉപയോഗം മറ്റെന്തിനെയും പോലെ തന്നെ രക്ഷിതാക്കളുടെ മേല്‍നോട്ടത്തിലും നിരീക്ഷണത്തിലും ആയിരിക്കണം. കുട്ടികളുടെ ഫോണുകളെ മാതാപിതാക്കളുടെ ഫോണുകളുടെ നിയന്ത്രണത്തിലാക്കുന്ന ഗൂഗിള്‍ ഫാമിലി ലിങ്ക് ആപ്പ് പോലുള്ളവയുടെ ഉപയോഗം പഠിക്കാന്‍ മാതാപിതാക്കള്‍ ശ്രമിക്കണം. കംപ്യൂട്ടറിലെ ഇന്റര്‍നെറ്റ് ഉപയോഗവും ഇതേ രീതിയില്‍ ശ്രദ്ധിക്കേണ്ടതാണ്. ഇങ്ങനെയുള്ള എന്തെങ്കിലും പ്രശ്നങ്ങളുണ്ടായാൽ അവർക്ക് കുട്ടികൾക്ക് മടികൂടാതെ നിങ്ങളെ സമീപിക്കാനുള്ള സാഹചര്യം ഉണ്ടാക്കേണ്ടതും അവർക്ക് മാനസികമായ പിന്തുണ നൽകേണ്ടതും നിങ്ങളുടെ ചുമതലയാണ്.
സൈബര്‍ പോലീസിനെ മടികൂടാതെ ബന്ധപ്പെടൂ
ഓണ്‍ലൈന്‍ വഴിയുള്ള ഉപദ്രവങ്ങളുണ്ടായാല്‍ അത് എന്ത് തന്നെയായാലും പെട്ടെന്ന് തന്നെ അക്കാര്യം സൈബര്‍ പോലീസിനെ അറിയിക്കണം. പല കേസുകളിലും സമയ ബന്ധിതമായി ഇടപെട്ടില്ലെങ്കില്‍ കൈവിട്ടുപോവും. വാട്‌സാപ്പ്, ഫെയ്‌സ്ബുക്ക് പോലുള്ള പ്ലാറ്റ്‌ഫോമുകളിലെ കുറ്റവാളിയുടെ ഇടപെടലുകളെ പിന്തുടര്‍ന്നാണ് ഇത്തരം കേസുകളില്‍ അന്വേഷണം നടക്കുന്നത്. സോഷ്യല്‍ മീഡിയാ സേവനങ്ങളില്‍ നിന്നും കേസന്വേഷണത്തിന് ആവശ്യമായ വിവരങ്ങള്‍ ശേഖരിക്കുന്നതിനും മറ്റ് രീതികളില്‍ അവരെ ട്രാക്ക് ചെയ്യുന്നതിനും മറ്റ് സംസ്ഥാനങ്ങളിലുള്ളവരെയും രാജ്യത്തിന് പുറത്തുള്ളവരെയും കണ്ടെത്തുന്നതിനുമെല്ലാം സമയമെടുക്കുന്ന പ്രക്രിയയാണ്. സൈബര്‍ കുറ്റകൃത്യങ്ങളില്‍ കാര്യക്ഷമമായ ഇടപെടല്‍ കേരള പോലീസിന്റെ ഭാഗത്ത് നിന്നുമുണ്ടാവുന്നുണ്ട്.
പരാതികള്‍ക്കായി ബന്ധപ്പെടേണ്ട നമ്പറുകള്‍
|
Content Highlights: online platforms, threats abuse, threatening, bullying
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..