വിഷു ഓഫറില്‍ 'വീഴ്ത്തി' ഓണ്‍ലൈന്‍ പടക്കവില്‍പന തകൃതി; വാങ്ങിയാല്‍ 'പണി'കിട്ടുമോ?


By ജിതേഷ് പൊക്കുന്ന് | jitheshe@mpp.co.in

6 min read
Read later
Print
Share

80% വരെ വിലക്കിഴിവ് പ്രഖ്യാപിച്ചാണ് ഓണ്‍ലൈന്‍ വില്‍പ്പന. ഇതോടെ കേരളത്തിലെ വ്യാപാരികളുടെ കച്ചവടം കുറയുമെന്നതാണ് അവസ്ഥ.

പ്രതീകാത്മക ചിത്രം | photo: PTI

വിഷു അടുത്തതോടെ കേരളത്തിലെ പടക്കവിപണി ഉണര്‍ന്നു. കടകള്‍ വഴി നേരിട്ടുള്ള വില്‍പനയ്ക്ക് പുറമേ ഓണ്‍ലൈനിലും വില്‍പന സജീവമാണ്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഓണ്‍ലൈന്‍ പടക്കം വ്യാപകമായതോടെ സുരക്ഷയിലും ആശങ്ക ഉയരുന്നുണ്ട്. കണ്ണൂരിലെ പെരുമ്പയില്‍ ഓണ്‍ലൈന്‍ വഴിയെത്തിയ മുപ്പതോളം പെട്ടി പടക്കം കഴിഞ്ഞയാഴ്ച്ച പോലീസ് പിടിച്ചെടുത്തിരുന്നു. പടക്കമെത്തിച്ച ലോറി ഡ്രൈവര്‍ക്കെതിരേ കേസെടുത്ത പോലീസ് പെട്ടികളിലെ മേല്‍വിലാസംവെച്ച് പടക്കം ഓര്‍ഡര്‍ ചെയ്ത 21 പേരെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി. തൊട്ടുപിന്നാലെ പടക്കമെത്തിച്ച മറ്റൊരു ഡ്രൈവര്‍ക്കെതിരേയും കണ്ണൂരില്‍ കേസെടുത്തു. പാലക്കാട്ടും പടക്കം പിടിച്ചു. ഇതു സംബന്ധിച്ച വാര്‍ത്തകള്‍ പുറത്തുവന്നതോടെ ഓണ്‍ലൈനില്‍ പടക്കം വാങ്ങുന്നത് കുറ്റകരമാണോയെന്ന ചോദ്യമാണ് സാമൂഹിക മാധ്യമങ്ങളില്‍ ഉയര്‍ന്നത്. എന്താണ് ഇതിന്റെ യാഥാര്‍ഥ്യം?

കണ്ണൂരില്‍ സംഭവിച്ചത്: പയ്യന്നൂരിലെ പടക്ക വ്യാപാരികളുടെ പരാതിയെ തുടര്‍ന്ന് പെരുമ്പയിലുള്ള പാര്‍സല്‍ സര്‍വീസ് ഏജന്‍സിയിലേക്ക് വന്ന പടക്കമാണ് പോലീസ് പിടിച്ചെടുത്തത്. ഏജന്‍സിക്ക് മുന്നില്‍ റോഡിന് വശത്തായി കൂട്ടിയിട്ട നിലയിലായിരുന്നു ഇവ. സംഭവത്തില്‍ ജിഎസ്ടി വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തി. തൊട്ടടുത്ത ദിവസം പയ്യന്നൂരില്‍ വീണ്ടും പടക്കംപിടിച്ചതും വ്യാപാരികളുടെ പരാതിയെ തുടര്‍ന്നായിരുന്നു. നികുതി വെട്ടിച്ച് അനധികൃതമായി സംസ്ഥാനത്തേക്ക് എത്തിക്കുന്ന പടക്കം പിടിച്ചെടുത്ത നിരവധി കേസുകളുണ്ടെങ്കിലും ഓണ്‍ലൈന്‍ വഴിയെത്തിയ പടക്കം പിടിച്ചെടുത്ത പോലീസ് നടപടി അപൂര്‍വമായിരുന്നു.

ഓണ്‍ലൈന്‍ വഴി ഓര്‍ഡര്‍ ചെയ്ത്‌ പടക്കം വാങ്ങിയെന്ന കുറ്റത്തിനല്ല, മറിച്ച് പൊതുസ്ഥലത്ത് വലിയ അളവിലുള്ള പടക്കം അശ്രദ്ധമായി കൈകാര്യംചെയ്ത കുറ്റത്തിനാണ് കണ്ണൂരില്‍ കേസെടുത്തതെന്നാണ് പോലീസ് പറയുന്നത്. പെരുമ്പയില്‍ പടക്ക പെട്ടികള്‍ കൂട്ടിയിട്ട പാര്‍സല്‍ സര്‍വീസ് ഏജന്‍സിക്ക്‌ തൊട്ടടുത്ത് ഗ്യാസ് ഏജന്‍സിയുടെ ഓഫീസായിരുന്നു.

ഐപിസി 286 വകുപ്പുപ്രകാരം പൊതുസ്ഥലത്ത് അശ്രദ്ധയോടെ അപകടകരമായ രീതിയില്‍ സ്‌ഫോടക വസ്തു കൈകാര്യംചെയ്തുവെന്ന് കണ്ടെത്തിയാണ് ലോറി ഡ്രൈവര്‍ക്കെതിരേ കേസെടുത്തതെന്നും സംഭവത്തില്‍ പടക്കം ഓര്‍ഡര്‍ ചെയ്ത 21 പേരെ പ്രതി ചേര്‍ക്കണോ വേണ്ടെയോ എന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ലെന്നും പയ്യന്നൂര്‍ ഇന്‍സ്‌പെക്ടര്‍ മഹേഷ് കെ. നായര്‍ മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു. എന്നാല്‍ ഓണ്‍ലൈനില്‍ പടക്കം വാങ്ങുന്നത് കുറ്റകരമല്ലെന്നും പടക്കം കൊണ്ടുവരുന്നതിന് ട്രാന്‍സ്പോര്‍ട്ട് ലൈസന്‍സ് വേണമെന്ന് നിയമത്തില്‍ പറയാത്തതിനാല്‍ തമിഴ്‌നാട്ടിലെ ലൈസന്‍സുള്ള പടക്കക്കടകളില്‍ നിന്ന് ജിഎസ്ടി ബില്ലോടെ പടക്കം ഓര്‍ഡര്‍ ചെയ്തുകൊണ്ടുവരാന്‍ തടസമില്ലെന്നും മഹേഷ് കെ. നായര്‍ പറഞ്ഞു.

പെരുമ്പയില്‍ കൂട്ടിയിട്ട നിലയില്‍ പടക്കപ്പെട്ടികള്‍

ഓണ്‍ലൈന്‍ വില്‍പ്പന വിലക്ക് ലംഘിച്ചെന്ന് വ്യാപാരികള്‍

അതേസമയം, സുപ്രീം കോടതിയുടെ വിലക്ക് ലംഘിച്ചാണ് ഓണ്‍ലൈന്‍ പടക്ക വില്‍പ്പന നടക്കുന്നതെന്നാണ് ഈ രംഗത്തെ അംഗീകൃത വില്‍പ്പനക്കാരുടെ സംഘടനയായ കേരള ഫയല്‍ ഡീലേഴ്‌സ് അസോസിയേഷന്‍ പറയുന്നത്. തമിഴ്‌നാട് ഏജന്‍സികള്‍ മുഖേന രേഖയില്ലാതെയും നികുതി വെട്ടിച്ചും ഓണ്‍ലൈനായി പടക്കമെത്തിക്കുന്നുണ്ട്. പാര്‍സല്‍ ലോറിയില്‍ സുരക്ഷാ മാനദണ്ഡങ്ങളൊന്നും പാലിക്കാതെ മറ്റ് പാര്‍സലുകള്‍ക്കൊപ്പമാണ് പടക്കങ്ങളും കയറ്റിവിടുന്നതെന്നും ഇവര്‍ ആരോപിക്കുന്നു. അഗ്നി സുരക്ഷാ ലൈസന്‍സും എക്‌സ്‌പ്ലോസീവ് ലൈസന്‍സും ഉള്‍പ്പെടെ നേടിയാണ് പടക്ക കടകളുടെ പ്രവര്‍ത്തനം. എന്നാല്‍ യാതൊരു സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെയാണ് ഓണ്‍ലൈന്‍ പടക്കം എത്തുന്നതെന്നും ഇത് തടയണമെന്നുമാണ് വ്യാപാരികളുടെ ആവശ്യം.

ഇ-കൊമേഴ്സ് സൈറ്റുകള്‍ വഴിയുള്ള ഓണ്‍ലൈന്‍ പടക്ക വില്‍പ്പന 2018ല്‍ സുപ്രീം കോടതി വിലക്കിയിരുന്നു. വായു മലിനീകരണം ചൂണ്ടിക്കാണിച്ച് രാജ്യവ്യാപകമായി പടക്ക വില്‍പ്പന നിരോധക്കണമെന്ന ഹര്‍ജിയില്‍ ജസ്റ്റിസുമാരായ എ.കെ. സിക്രി, അശോക് ഭൂഷണ്‍ എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചിന്റെതായിരുന്നു വിധി.

സുപ്രീംകോടതിയുടെ ഉത്തരവില്‍ പറയുന്ന ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമില്‍ കടകള്‍ വഴി ബുക്ക് ചെയ്തുവരുന്ന പടക്കവില്‍പന ഉള്‍പ്പെടില്ലെന്നാണ് പോലീസ് പറയുന്നത്. ഫ്ളിപ്പ്കാര്‍ട്ട്, ആമസോണ്‍ തുടങ്ങിയവയാണ് കോടതി പറയുന്ന ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമില്‍ ഉള്‍പ്പെടുക. ശിവകാശിയിലെ കടകളിലേക്ക് ഫോണില്‍ ബന്ധപ്പെട്ടും അവരുടെ വെബ്സൈറ്റിലൂടെയുമാണ് ആളുകള്‍ പടക്കത്തിന് ഓര്‍ഡര്‍ നല്‍കുന്നത്. ഇത് പൂര്‍ണമായും ഓണ്‍ലൈന്‍ വില്‍പ്പനയാണെന്ന് പറയാനാകില്ല. പടക്കം മാത്രം വില്‍ക്കുന്നവരായതിനാല്‍ ഇവരെ ഇ-കൊമേഴ്സില്‍ പെടുത്താന്‍ പറ്റില്ലെന്നാണ് മനസിലാക്കുന്നത്. സുപ്രീം കോടതി ഉത്തരവില്‍ ഇ-കൊമേഴ്സ് എന്നുള്ളതിന് കൃത്യമായ നിര്‍വചനം പറഞ്ഞിട്ടില്ലാത്തതിനാല്‍ ഇക്കാര്യത്തില്‍ വ്യക്തത വന്നിട്ടില്ലെന്നും പയ്യന്നൂര്‍ ഇന്‍സ്പെക്ടര്‍ മഹേഷ് കെ നായര്‍ പറഞ്ഞു. കടകളില്‍നിന്ന് പാര്‍സല്‍ വഴി വരുന്ന ഓണ്‍ലൈന്‍ പടക്ക വില്‍പന നിയമവിരുദ്ധമല്ലെന്നാണ് പാലക്കാട് ടൗണ്‍ നോര്‍ത്ത് ഇന്‍സ്‌പെക്ടര്‍ സുനിലും പറയുന്നത്.

കോഴിക്കോട്ടെ ഒരുകടയിലെ വില്‍പന (ഫയല്‍ ചിത്രം)

വ്യാപാരികള്‍ക്ക് വെല്ലുവിളി

വിഷുക്കാലത്ത് നല്ല വരുമാനം ലക്ഷ്യമിട്ട് കാത്തിരുന്ന പടക്ക വ്യാപാരികളുടെ വയറ്റത്തടിച്ചാണ് ഓണ്‍ലൈന്‍ പടക്കവില്‍പന സംസ്ഥാനത്ത് വ്യാപകമാകുന്നത്. കഴിഞ്ഞ വര്‍ഷങ്ങളിലും ഓണ്‍ലൈന്‍ വഴി പടക്കം കേരളത്തിലേക്ക് എത്തിയിരുന്നെങ്കിലും വില്‍പ്പന വ്യാപകമായത് ഇത്തവണയാണ്. ശിവകാശിയിലെ മൊത്തവില്‍പ്പനക്കാരില്‍ നിന്നാണ് പ്രധാനമായും ഓണ്‍ലൈന്‍ പടക്കമെത്തുന്നത്. ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ പല കച്ചവടക്കാരും സൈറ്റുകള്‍ വഴി 80% വരെ വിലക്കിഴിവ് പ്രഖ്യാപിച്ചാണ് വില്‍പ്പന നടത്തുന്നത്. കടകളില്‍നിന്ന് വാങ്ങുന്നതിനെക്കാള്‍ കുറഞ്ഞ വിലയില്‍ പടക്കം കിട്ടുമെന്ന പ്രാചരണം കൂടുതല്‍ ആളുകളെ ഓണ്‍ലൈനിലേക്ക് ആകര്‍ഷിച്ചു. ഇതോടെ കേരളത്തിലെ വ്യാപാരികളുടെ കച്ചവടം കുറയുമെന്നതാണ് അവസ്ഥ.

18% ടാക്സ് നല്‍കണം. സീസണില്‍ കടകളില്‍ ജോലിക്കാരെ നിയോഗിക്കണം. അവര്‍ക്ക് കൂലി നല്‍കണം. കെട്ടിടത്തിനുള്ള വാടക കൊടുക്കണം. എക്സ്പ്ലോസീവ് ലൈസന്‍സ് ഫീ അടയ്ക്കണം. ഇതിന് പുറമേ മറ്റു പരിപാലചന ചാര്‍ജുകള്‍. ഇതിനെല്ലാം പണം ചെലവാക്കിയാണ് പടക്കക്കച്ചവടക്കാര്‍ പ്രവര്‍ത്തിച്ചുപോകുന്നത്. ഇതിനിടെ യാതൊരു നിയന്ത്രണവുമില്ലാതെ ഓണ്‍ലൈനില്‍ പടക്ക വില്‍പന വ്യാപകമാകുകയാണെങ്കില്‍ പിന്നെ ഞങ്ങള്‍ക്ക് എന്തിനാണ് ലൈസന്‍സ് അനുവദിച്ചതെന്നും പടക്ക വ്യാപാരികള്‍ ചോദിക്കുന്നു.

കോടതിയെ സമീപിച്ച് വ്യാപാരികള്‍

ഓണ്‍ലൈനില്‍ പടക്കം വില്‍ക്കുമ്പോള്‍ ഉത്തരവാദിത്വമില്ലാതെ പലയിടത്തും അലക്ഷ്യമായി കൂട്ടിയിടുന്ന രീതിയാണുള്ളത്. ഇത് വലിയ അപകടത്തിന് കാരണമാകും. ഇത് തടയേണ്ടത് സര്‍ക്കാരാണ്. എന്നാല്‍ കേരളത്തിലെ രീതിവെച്ച് ഒരു അപകടമുണ്ടായതിന് ശേഷം മാത്രമേ നമ്മുടെ സംവിധാനങ്ങള്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കാറുള്ളു. ജീവന് ഭീഷണിയായ അനധികൃത ഓണ്‍ലൈന്‍ പടക്കക്കച്ചവടം തടയണമെന്നും പയ്യന്നൂര്‍ ഫയര്‍ വര്‍ക്കേഴസ് ഡിലേഴ്സ് അസോസിയേഷന്‍ ഏരിയ പ്രസിഡന്റ് പ്രേമചന്ദ്രന്‍ ആവശ്യപ്പെട്ടു.

ഓണ്‍ലൈന്‍ പടക്കം സംസ്ഥാനത്ത് വില്‍പന വ്യാപകമായതോടെ ഇത് തടയണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ടെന്നും കേസ് മാര്‍ച്ച് 30-ന് കോടതി പരിഗണിക്കുമെന്നും ഓള്‍ കേരള ഫയര്‍ വര്‍ക്കേഴസ് ഡിലേഴ്സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് രാജീവ് പറഞ്ഞു. ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോം വഴിയുള്ള പടക്ക വില്‍പന വിലക്കിയ സുപ്രീംകോടതിയുടെ മുന്‍ ഉത്തരവ് ചൂണ്ടിക്കാണിച്ചാണ് വ്യാപാരികള്‍ ഹൈക്കോടതിയെ സമീപിച്ചത്.

ലാഭം കണ്ട് ഓണ്‍ലൈനിലേക്ക്...

ഓണ്‍ലൈനില്‍ പടക്കം കൂടുതല്‍ ലാഭകരമാണെന്ന് കണ്ടാണ് ഓര്‍ഡര്‍ ചെയ്തത്. ആരായാലും ഏതൊരു സാധനം വാങ്ങുമ്പോഴും ലാഭം നോക്കിയല്ലേ വാങ്ങുക. അതിന്റെ പേരില്‍ ഇത്രയും പ്രശ്നമുണ്ടാകുമെന്ന് വിചാരിച്ചില്ല. പടക്കത്തിന്റെ ജിഎസ്ടി ബില്ലും കൈയിലുണ്ട്. ഓര്‍ഡര്‍ ചെയ്ത പടക്കം എപ്പോഴാണ് കുറിയര്‍ വരുന്നതെന്നോ ഇങ്ങനെ കടയ്ക്ക് മുന്നില്‍ കൂട്ടിയിട്ട് അവര്‍ പോകുമെന്നോ അറിയില്ലായിരുന്നുവെന്ന് പെരുമ്പയില്‍ പോലീസ് പിടിച്ചെടുത്ത പടക്കം ഓര്‍ഡര്‍ ചെയ്തവരില്‍ ഉള്‍പ്പെട്ട പയ്യന്നൂര്‍ സ്വദേശികളായ ഷാജിയും വിപിനും പറഞ്ഞു.

പത്തിരട്ടി വരെ വില കൂട്ടിയാണ് കടകളില്‍ പടക്കം വില്‍ക്കുന്നത്. ക്വാളിറ്റിയുടെ ഒരു ഗണ്ണിന് ഓണ്‍ലൈനില്‍ 21 രൂപയാണ്. കടകളില്‍ ഇത് 150-200 രൂപയ്ക്ക് വരെയാണ് വില്‍ക്കുന്നത്. 5000-ത്തിന്റെ മാല കടകളില്‍ കൊടുക്കുന്നത് 3500 രൂപയ്ക്കാണ്. എന്നാല്‍ ഓണ്‍ലൈനിന്ന് 1100 രൂപയ്ക്ക് കിട്ടും. 50 രൂപയ്ക്ക് 25 പാക്കറ്റ് കമ്പിത്തിരി വരെ കിട്ടും. ഇത്ര വലിയ വ്യത്യാസം വരുമ്പോള്‍ സ്വാഭാവികമായും ഓണ്‍ലൈനില്‍ നിന്നല്ലേ വാങ്ങുകയുള്ളു. കടകളില്‍ കച്ചവടക്കാര്‍ വലിയ തോതില്‍ വില കൂട്ടി വില്‍ക്കുന്നതിനെതിരേ പ്രതികരിക്കുകയാണ് വേണ്ടതെന്നും ഷാജി പറയുന്നു. സുഹൃത്തുക്കള്‍ ഒന്നിച്ച് 16,000 രൂപയ്ക്കായിരുന്നു ഇവര്‍ പടക്കം വാങ്ങിയത്.

അതേസമയം, ഓണ്‍ലൈനിലാണ് പടക്കം കൂടുതല്‍ വിലക്കുറവില്‍ കിട്ടുക എന്നത് വ്യാപകമായ കുപ്രചരമാണെന്നാണ് വ്യാപാരികളുടെ പക്ഷം. 2200 രൂപ ബോക്സില്‍ എം.ആര്‍.പിയുള്ള ചില പടക്കം കടയില്‍ വില്‍ക്കുന്നത് 220 രൂപയ്ക്കാണ്. അതായത് 90 ശതമാനം വിലക്കുറവ് കടയിലും നല്‍കുന്നു. സെക്കന്‍ഡ് ക്വാളിറ്റി പടക്കങ്ങളാണ് ഓണ്‍ലൈന്‍ ഓര്‍ഡറുകള്‍ക്ക് വാരിനിറച്ച് അയക്കുന്നത്. അതുകൊണ്ടാണ് വലിയ വിലക്കുറവില്‍ കിട്ടുന്നത്. ഓണ്‍ലൈനില്‍ പടക്കം വാങ്ങിയവര്‍ തന്നെ പറയുന്നത് പകുതി പൊട്ടി പകുതി പെട്ടിയില്ല എന്നാണ്. പകുതി പൈസക്ക് പടക്കം കിട്ടിയല്ലോയെന്ന് കരുതുന്നതവര്‍ അത് സെക്കന്‍ഡ് ക്വാളിറ്റി പടക്കങ്ങളാണ് തിരിച്ചറിയുന്നില്ലെന്നും പയ്യന്നൂര്‍ ഫയര്‍ ഡീലേഴ്‌സ് അസോസിയേഷന്‍ ഏരിയ സെക്രട്ടറി പ്രേമചന്ദ്രന്‍ പറഞ്ഞു.

പടക്കം നിര്‍മിക്കുന്ന തൊഴിലാളികള്‍ | Photo: AFP

പടക്കമാണ്, സുരക്ഷ അനിവാര്യം

സ്‌ഫോടകവസ്തുവായ പടക്കം സൂക്ഷിക്കുന്നതും വില്‍പന നടത്തുന്നതും ഉപയോഗിക്കേണ്ടതുമെല്ലാം വളരെയധികം ശ്രദ്ധയോടെ വേണമെന്നാണ് ചട്ടം. ചെറിയൊരു അശ്രദ്ധ പോലും വലിയ അപകടത്തിന് കാരണമായേക്കുമെന്നതിനാല്‍ ലൈസന്‍സില്ലാത്തവര്‍ക്ക് പടക്കം വില്‍പന നടത്താനോ സൂക്ഷിക്കാനോ അനുമതിയില്ല. 2008-ലെ എക്‌സ്‌പ്ലോസീവ് നിയമം അനുശാസിക്കുന്ന ചട്ടങ്ങളോടെ മാത്രമേ പടക്കം സൂക്ഷിക്കാനും വില്‍പന നടത്താനും അനുമതിയുള്ളു. എന്നാല്‍ ലൈസന്‍സില്ലാതെ പടക്കവില്‍പന നടത്തുന്നവരുടെ എണ്ണം കൂടിയതോടെ പലപ്പോഴും ഈ ചട്ടങ്ങളൊന്നും കൃത്യമായി പാലിക്കപ്പെടുന്നില്ല. ഓണ്‍ലൈന്‍ പടക്കങ്ങള്‍ വ്യാപകമായതോടെ അതുവഴിയുള്ള സുരക്ഷാ ഭീഷണിയും വര്‍ധിച്ചു.

വിഷു അടുത്തതോടെ ഓണ്‍ലൈന്‍ വഴി ദിവസവും പടക്കം കേരളത്തിലെത്തുന്നുണ്ട്. ഇവ പലതും പാര്‍സര്‍ ഓഫീസുകള്‍ക്ക് മുന്നിലും മറ്റും കൂട്ടിയിടുകയാണ്. മണിക്കൂറുകളോളം പടക്കങ്ങള്‍ ഇങ്ങനെ കൂട്ടിയിടുന്നത് അപകടകരമാണ്. പെട്ടിക്കുള്ളില്‍ പടക്കമാണെന്ന് പോലും അറിയാതെ ആരെങ്കിലും സിഗരറ്റോ മറ്റോ കത്തിച്ച് വലിച്ചെറിഞ്ഞാല്‍ പോലും അപകടമുണ്ടായേക്കാം. അതിനാല്‍ ഓണ്‍ലൈനായി എത്തുന്ന പടക്കം എത്രയും വേഗത്തില്‍ ആളുകളുടെ വീട്ടിലെത്തിക്കാനുള്ള സൗകര്യം ഉറപ്പുവരുത്തണം. മറ്റു പാര്‍സല്‍ സാധനങ്ങള്‍ക്കൊപ്പം പടക്കം കൊണ്ടുവരുന്നതും അപകടകരമാണ്. ഫയര്‍ എക്സ്റ്റിഫ്യൂഷന്‍ ഉള്‍പ്പെടെയുള്ള സുരക്ഷാ സംവിധാനങ്ങള്‍ സജ്ജീകരിച്ച വാഹനങ്ങളിലേ പടക്കം എത്തിക്കാന്‍ പാടുള്ളു. വാഹനത്തിലുള്ളത് സ്‌ഫോടക വസ്തുവാണെന്ന് പുറത്തുള്ളവര്‍ക്ക് തിരിച്ചറിയുന്ന വിധം മുന്നറിയിപ്പ് വണ്ടികളില്‍ പതിക്കണമെന്നും പോലീസ് നിര്‍ദേശിക്കുന്നു.

വ്ളോഗര്‍മാരിലുടെ പ്രചാരം

ഓണ്‍ലൈന്‍ വഴി പടക്കം വാങ്ങാമെന്നത് മലയാളികള്‍ക്ക് അത്ര പരിചിതമായ കാര്യമല്ല. യൂട്യൂബില്‍ വ്ളോഗര്‍മാരുടെ വീഡിയോകള്‍ കണ്ടാണ് ശിവകാശിയില്‍നിന്ന് ഇങ്ങനേയും പടക്കം വാങ്ങാമെന്ന കാര്യം പലരും തിരിച്ചറിഞ്ഞ് തുടങ്ങിയത്. ഇത്തരത്തില്‍ പടകം വാങ്ങിയ ധാരാളം പേര്‍ യൂട്യൂബില്‍ ഇവയുടെ വീഡിയേ പങ്കുവച്ചതോടെ ഓണ്‍ലൈന്‍ പടക്കം കൂടുതല്‍ പേരിലേക്കെത്തി. കഴിഞ്ഞ രണ്ടാഴ്ചക്കിടെ ചെറുതും വലുതുമായ വാഹനത്തില്‍ നിരവധി ലോഡ് പടക്കം ഓണ്‍ലൈനില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്കെത്തിയിട്ടുണ്ട്.

തമിഴ്‌നാട്ടിലെ പടക്കക്കട (ഫയല്‍ ചിത്രം) | ഫോട്ടോ മാതൃഭൂമി

ഓണ്‍ലൈനില്‍ കുറഞ്ഞത് 3000 രൂപയ്‌ക്കെങ്കിലും പടക്കം വാങ്ങണമെന്നാണ് ശിവകാശിയിലെ മിക്ക കച്ചവടക്കാരുടെയും നിബന്ധന. അതിനാല്‍ കുറച്ചുപേര്‍ ചേര്‍ന്ന് ഒന്നിച്ച് ഓര്‍ഡര്‍ നല്‍കുകയാണ് പലരും ചെയ്യുന്നത്. പലയിടത്തും ക്ലബുകളും കൂട്ടായ്മകളും ഇത്തരത്തില്‍ ഒന്നിച്ച് പടക്കത്തിന് ഓര്‍ഡര്‍ നല്‍കുന്നുണ്ട്. പടക്കത്തിന്റെ വിലയ്ക്കൊപ്പം പാക്ക് ചെയ്യാനുള്ള സര്‍വീസ് ചാര്‍ജും ഈടാക്കും. കടകളുടെ സൈറ്റില്‍ കയറി ആവശ്യാനുസരണം പടക്കങ്ങള്‍ തിരഞ്ഞെടുത്ത് പണമടച്ചാല്‍ കുറിയറായി പരമാവധി ഏഴ് ദിവസത്തിനുള്ളില്‍ ഓര്‍ഡര്‍ വീട്ടിലെത്തിക്കുമെന്നുമാണ് ശിവകാശിയിലെ മിക്ക കടക്കാരുടെയും വാഗ്ദാനം.

Content Highlights: online crackers sales are booming, security concerns

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
AP
Premium

6 min

അന്ന് ഇറാനില്‍ ഇന്ന് അഫ്ഗാനില്‍; വിഷപ്രയോഗത്തിൽ പഠിക്കാതെ പോകുന്ന പാഠങ്ങൾ

Jun 7, 2023


chinese youth
Premium

6 min

തൊഴിലില്ല; ഗ്രാമങ്ങളിലേക്ക്‌ ചേക്കേറാന്‍ ചൈനീസ് യുവാക്കൾ, ജാഗ്രതയോടെ സർക്കാർ

Jun 6, 2023


brijbhushan sharan singh, Wrestlers

ബ്രിജ്ഭൂഷണ് മുന്നില്‍ നിശ്ചലമായ 'ബുള്‍ഡോസര്‍'

Jun 5, 2023

Most Commented