ഓണം കിതച്ചോ സൂപ്പർ താരങ്ങളില്ലാതെ? തൃപ്തിപ്പെടുത്തിയോ ഓണച്ചിത്രങ്ങൾ?


അഞ്ജയ് ദാസ്. എൻ.ടി

തിയേറ്ററുകളിലേക്ക് ഭാഷാഭേദമില്ലാതെ ചിത്രങ്ങളും, കാണാൻ ആളുകളും തുടർച്ചയായി എത്തിയതിന് ശേഷമുള്ള ആദ്യത്തെ ഓണമായിരുന്നു കടന്നുപോയത്.

പത്തൊമ്പതാം നൂറ്റാണ്ടിൽ സിജു വിൽസൺ, ഒറ്റിൽ കുഞ്ചാക്കോ ബോബൻ | ഫോട്ടോ: www.facebook.com/directorvinayan/photos, www.facebook.com/KunchackoBoban/photos

ണം എന്നാൽ മലയാളിക്ക് ആഘോഷമാണ്. ഓണത്തിന് കണക്കാക്കി പലരും പലതും മനസിൽ കണക്കുകൂട്ടിവെക്കും. സിനിമാ മേഖലയിലും സ്ഥിതി വ്യത്യസ്തമല്ല. പണം മുടക്കിയിരിക്കുന്ന നിർമാതാക്കൾ, സ്വന്തം കുഞ്ഞിനെ വളർത്തുന്ന പോലെ ഒരു തിരക്കഥയ്ക്ക് ദൃശ്യഭാഷ്യം നൽകിയ സംവിധായകൻ, പിന്നണി പ്രവർത്തകർ, വിതരണക്കാർ, തിയേറ്ററിലേക്ക് യുവാക്കളുടേയും കുടുംബങ്ങളുടേയും തള്ളിക്കയറ്റം മുന്നിൽക്കാണുന്ന തിയേറ്ററുടമകളും അവരുടെ ജീവനക്കാരുമെന്നുവേണ്ട, സിനിമ മാത്രമെടുത്താൽ വൻ ശൃംഖല തന്നെയുണ്ട് ഓണവിപണിയിൽ കണ്ണുംനട്ടിരിക്കുന്നവരായി. പക്ഷേ കഴിഞ്ഞ കുറച്ച് കാലങ്ങളെ അപേക്ഷിച്ച് നോക്കിയാൽ ഈ ഓണക്കാലത്ത് തിയേറ്ററുകളിലേക്ക് പ്രതീക്ഷിച്ച തള്ളിക്കയറ്റമുണ്ടായിട്ടില്ല. അതിനു കാരണമെന്താണ് ? ഓരോന്നായി പരിശോധിക്കാം.

അടച്ചിടലിന്റെ കാലമാണ് കടന്നുപോയതെന്ന് എല്ലാവര്‍ക്കുമറിയാം. ഒരുപക്ഷേ ലോക്ക്ഡൗൺ ഏറ്റവുമധികം ബാധിച്ച കേരളത്തിലെ വ്യവസായങ്ങളിലൊന്ന് സിനിമയാണ്. ലോക്ക്ഡൗൺ തുടങ്ങിയപ്പോൾ ആദ്യം അടച്ചതും, ജീവിതം സാധാരണ​ഗതിയിലേക്ക് വന്നുതുടങ്ങിയപ്പോൾ ഏറ്റവും ഒടുവിൽ തുറന്നതും സിനിമാ തിയേറ്ററുക​ളാണ്. ഇടയ്ക്ക് തിയേറ്ററുകളിലേക്ക് ആളുകളുടെ വരവ് തുടങ്ങിയപ്പോൾ പൊടുന്നനെ കോവിഡ് വീണ്ടും ​ഗണ്യമായി വർധിച്ചു. തിയേറ്ററുകാരുടെ ജീവിതം പിന്നെയും ചോദ്യ ചിഹ്നമായി. ഇതിനൊരു കുറവുവന്നപ്പോൾ സാധാരണപോലെ വീണ്ടും സിനിമകൾ തിയേറ്ററുകളിലെത്താനും ആളുകൾ സിനിമകാണാൻ വരാനും തുടങ്ങി. ഒ.ടി.ടിയിൽ പുതിയ സിനിമകൾ വരാൻ കാലതാമസം വന്നുതുടങ്ങി എന്ന വസ്തുതയും ഇക്കൂട്ടത്തിൽ കാണാതിരിക്കാനാവില്ല.അടച്ചിടൽ കാലത്തെ സിനിമകളിലേക്ക് ഒന്ന് പോയി വരാം. 2020-ൽ ഓണത്തിന്റേതായ ആ​ഗസ്റ്റ് അവസാനം, സെപ്റ്റംബർ ആദ്യ ആഴ്ചകളിലായി രണ്ട് റിലീസുകൾ വന്നത് ഒ.ടി.ടി.യിലായിരുന്നു. ടോവിനോ തോമസിന്റെ കിലോമീറ്റേഴ്സ് ആൻ്‍ഡ് കിലോമീറ്റേഴ്സ്, ഫഹദ് ഫാസിലിന്റെ സീ യു സൂൺ എന്നിവയായിരുന്നു അത്. തിയേറ്ററുകളിലെ സിനിമാ കാഴ്ചകളിൽ നിന്ന് മാറി നേരിട്ട് മൊബൈൽ സ്ക്രീൻ അതിരുകളിലേക്ക് മലയാള സിനിമ വരാൻ തുടങ്ങിയ സമയമായിരുന്നു അത്. തിയേറ്ററുകളിൽ വന്ന ശേഷം ഒ.ടി.ടി.യിലേക്ക് വരുന്ന പതിവ് മലയാളസിനിമയെ സംബന്ധിച്ചിടത്തോളം തെറ്റിത്തുടങ്ങുന്നത് ഈ കാലത്തായിരുന്നു. സീ യൂ സൂണിന്റെ സ്വീകാര്യതയ്ക്ക് ശേഷമാണ് മലയാളചിത്രങ്ങൾ കൂടുതലായി ഓ.ടി.ടിയിലേക്ക് ആകർഷിക്കപ്പെടുന്നത്. അങ്ങനെ നോക്കുകയാണെങ്കിൽ ആ വർഷത്തെ ഓണക്കാലം മലയാള സിനിമാ വ്യവസായത്തിലെ തന്നെ വിപ്ലവം നടന്ന സമയമായും വിലയിരുത്താം.

2021-ലേയും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. കോവിഡിന്റെ പിടിയിൽപ്പെട്ടുലഞ്ഞ ആ ഓണക്കാലത്തും മലയാളസിനിമകൾ ഒ.ടി.ടി.യിലേക്ക് പോയി. റോജിൻ തോമസിന്റെ ഹോം, മനു വാര്യരുടെ കുരുതി എന്നിവയായിരുന്നു ശ്രദ്ധേയമായ റിലീസുകൾ. രണ്ടും എത്തിയത് ആമസോൺ പ്രൈമിലൂടെ. ഓണത്തിന് ഒരാഴ്ച മുന്നേയായിരുന്നു കുരുതിയുടെ റിലീസ്. പൃഥ്വിരാജ്, റോഷൻ, മാമുക്കോയ എന്നിവർ മുഖ്യവേഷങ്ങളിലെത്തിയ ചിത്രത്തിന് മികച്ച പ്രതികരണം ലഭിച്ചതിനൊപ്പം പ്രമേയപരമായി ഏറെ ചർച്ച ചെയ്യപ്പെടുകയും ചെയ്തു. കൃത്യം എട്ടുദിവസം കഴിഞ്ഞപ്പോൾ, തിരുവോണത്തിന് രണ്ട് ദിവസം മുമ്പ് ഹോം എത്തി. ഇന്ദ്രൻസും ശ്രീനാഥ് ഭാസിയും മഞ്ജുപിള്ളയും നസ്ലെനുമെല്ലാം പ്രധാനകഥാപാത്രങ്ങളായി വന്ന ചിത്രം വൻതോതിൽ സ്വീകരിക്കപ്പെട്ടു. തിയേറ്ററുകളിലേക്ക് കുടുംബപ്രേക്ഷകർ എത്തിയപോലെ ഓ.ടി.ടിയിലേക്ക് മലയാളി കുടുംബപ്രേക്ഷകർ ഈ വീട് കാണാൻ കൂട്ടമായെത്തി. അതുകൊണ്ട് തന്നെ 2021ഓണക്കാലത്തെ ഫാമിലി ഹിറ്റായി ഹോം മാറി എന്നുപറഞ്ഞാലും എതിരഭിപ്രായമുണ്ടാവില്ല. സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപിച്ചപ്പോൾ ഹോമിനെ തഴഞ്ഞു എന്ന വിവാദം തന്നെ ഈ സിനിമയ്ക്ക് ലഭിച്ച സ്വീകാര്യത എത്രമാത്രമാണെന്നതിനുള്ള ഏറ്റവും വലിയ തെളിവ്.

രണ്ട് ചിത്രങ്ങളും ഒ.ടി.ടി.യിൽ റിലീസായി എന്നതൊഴിച്ചാൽ നല്ല നിലയിൽത്തന്നെയാണ് സ്വീകരിക്കപ്പെട്ടത്. അതുകൊണ്ടുതന്നെ 2021-ലെ ഓണം ഹിറ്റുകളായിരുന്നു കുരുതിയും ഹോമും. ഇതിൽ കുരുതിയിൽ യുവനടന്മാരിലെ സീനിയറും മുഖ്യധാരാ നായകനുമായ പൃഥ്വിരാജിനെ പോലെ ഒരാളുടെ സാന്നിധ്യവുമുണ്ടായിരുന്നു. ഹോമിലാകട്ടെ മുൻനിര നായകന്മാർ ആരും ഉണ്ടായിരുന്നില്ലതാനും. നല്ല സിനിമകൾ ആസ്വദിക്കാൻ തിയേറ്ററിൽ പോകേണ്ടെന്ന ധാരണയുണ്ടാവാനും, ഒ.ടി.ടി. പ്രോഡക്റ്റ്-തിയേറ്റർ പ്രോഡക്റ്റ് എന്നിങ്ങനെയുള്ള പ്രയോ​ഗങ്ങൾ വരാനും പ്രചാരത്തിലാവാനും കാരണമായത് ഹോം പോലെയുള്ള ലോ ബഡജ്റ്റ് അല്ലെങ്കിൽ റിയലിസ്റ്റിക് സിനിമകളുടെ വിജയംകൂടിയാണ്.

സൂപ്പർതാരങ്ങളില്ലാത്ത ഓണം 2022

തിയേറ്ററുകളിലേക്ക് ഭാഷാഭേദമില്ലാതെ ചിത്രങ്ങളും, കാണാൻ ആളുകളും തുടർച്ചയായി എത്തിയതിന് ശേഷമുള്ള ആദ്യത്തെ ഓണമായിരുന്നു കടന്നുപോയത്. ഓണത്തിന് ഏതൊക്കെ മലയാളചിത്രങ്ങൾ തിയേറ്ററുകളിലെത്തും എന്ന് സോഷ്യൽ മീഡിയയിലൂടെയും അല്ലാതെയും പ്രേക്ഷകർക്ക് ഏതാണ്ടൊരു രൂപമുണ്ടായിരുന്നു. മമ്മൂട്ടി, മോഹൻലാൽ ചിത്രങ്ങൾ ഉണ്ടാവില്ല എന്ന് ഓണത്തിന് മാസങ്ങൾക്ക് മുമ്പേ ആരാധകർ ഉറപ്പിച്ചിരുന്നു. വിനയന്റെ പത്തൊമ്പതാം നൂറ്റാണ്ട്, അൽഫോൺസ് പുത്രന്റെ പൃഥ്വിരാജ് ചിത്രം ​ഗോൾഡ്, കുഞ്ചാക്കോ ബോബൻ-അരവിന്ദ് സ്വാമി ടീമിന്റെ ഒറ്റ്, ശ്രീജിത്ത് എൻ ഒരുക്കിയ തെക്കൻ തല്ലുകേസ്, നവ​ഗാതനായ സം​ഗീത് പി രാജന്റെ പാൽതു ജാൻവർ എന്നിവയായി പിന്നീട് തിയേറ്ററുകളിലെത്തും എന്നുറപ്പിച്ച ചിത്രങ്ങൾ. ഇതിൽ പാൽതു ജാൻവർ ഓണത്തിന് ഒരാഴ്ച മുന്നേ തിയേറ്ററുകളിലെത്തി. കൂട്ടത്തിലെ സൂപ്പർതാര-സംവിധായക ചിത്രമായ ​ഗോൾഡ് ഓണം ജേതാവാകും എന്നായിരുന്നു ഏവരുടേയും പ്രതീക്ഷ. പക്ഷേ കണക്കുകൂട്ടലുകളെല്ലാം കാറ്റിൽപ്പറത്തി ​ഗോൾഡ് ഓണച്ചിത്രങ്ങളുടെ പട്ടികയിൽ നിന്ന് പിൻവാങ്ങി. തിരുവോണത്തിന് റിലീസ് ചെയ്യാനിരുന്ന ചിത്രം റിലീസ് ചെയ്യാതെ പിന്മാറിയത് ആസ്വാദകരുടെ ആഘോഷത്തിന് മങ്ങലേൽപ്പിച്ചു. എന്ന് റിലീസാവും എന്ന് നിർമാതാക്കൾ പോലും ഇതുവരെ ഒരുവിവരം പുറത്തുവിട്ടിട്ടില്ല.

പ്രധാനചിത്രം ഇല്ലാതിരുന്നതോടെ മറ്റുചിത്രങ്ങൾക്ക് പ്രതീക്ഷ വർധിച്ചു എന്നുവേണം കരുതാൻ. ഇതിൽ മറ്റുള്ളവയെ അപേക്ഷിച്ച് ബഹുദൂരം മുന്നിൽപ്പോയത് പത്തൊമ്പതാം നൂറ്റാണ്ടായിരുന്നു. സൂപ്പർതാര സാന്നിധ്യമില്ലായിരുന്നെങ്കിലും സംവിധായകന്റെ സ്ഥാനത്ത് വിനയൻ എന്ന പേരുകണ്ട് കയറിയവർക്ക് നിരാശപ്പെടേണ്ടിവന്നില്ല. ബി​ഗ്സ്ക്രീനിൽ തീർത്ത ഓണസദ്യതന്നെയായി മാറി പത്തൊമ്പതാം നൂറ്റാണ്ട്. മികച്ച തിരക്കഥയും സാങ്കേതികതയും കൃത്യമായ പ്രചാരണവും പത്തൊമ്പതാം നൂറ്റാണ്ടിന് അനു​ഗ്രഹമായി. ഒരാഴ്ച പിന്നിട്ടപ്പോൾ 23 കോടിയിലേറെയാണ് ചിത്രം വാരിക്കൂട്ടിയത്. സംഘട്ടനരം​ഗങ്ങൾ മികച്ചതായി എന്നായിരുന്നു ഒറ്റും തെക്കൻ തല്ലുകേസും സൃഷ്ടിച്ച പൊതുഅഭിപ്രായം. പത്തൊമ്പതാം നൂറ്റാണ്ടിന്റെ മുന്നേറ്റത്തിനിടെയും പാൽതു ജാൻവർ അതിന്റേതായ പ്രേക്ഷകരെ സമ്പാദിക്കുന്നുണ്ടായിരുന്നു. ഓണത്തിന് കാര്യമായ മറ്റ് റിലീസുകളില്ലാതിരുന്നതിനാലും ഒരാഴ്ച മുന്നേ എത്തിയതിനാലും ബോക്സ് ഓഫീസിൽ സുരക്ഷിതമായ ഇരിപ്പിടം കണ്ടെത്താൻ പാൽതു ജാൻവറിനായി. ജാനേമൻ എന്ന ഹിറ്റ് ചിത്രത്തിലൂടെ നായകനടനെന്ന നിലയിലും വളർന്ന ബേസിൽ ജോസഫിന്റെ സാന്നിധ്യവും പ്രമേയവും അവതരണശൈലിയും ലളിതമായിരുന്നു എന്നതും ഈ ചിത്രത്തിന് ​ഗുണകരമായി. എങ്കിലും തങ്ങളുടെ പ്രിയ സൂപ്പർതാരങ്ങളുടെ ചിത്രങ്ങൾ വന്നില്ലല്ലോ എന്ന സങ്കടം ആരാധകർക്കുള്ളിൽ ബാക്കികിടക്കുന്നു.

ഓ.ടി.ടി കച്ചവടം നടക്കാത്തതുകൊണ്ട് മാത്രമാണ് ഓണത്തിന് സൂപ്പർസ്റ്റാർ പടങ്ങൾ റിലീസാവാതിരുന്നത് -ലിബർട്ടി ബഷീർ

ശരിക്ക് പ്ലാനിങ്ങിൽ വരുന്ന വീഴ്ചയല്ല അത്. തിയേറ്ററുകളൊക്കെ പഴയപോലെ വൈഡ് റിലീസ് ഒക്കെ ചെയ്യുന്നുണ്ട്. പ്രശ്നം പറ്റിയത് വലിയ സിനിമകൾക്ക് ഒ.ടി.ടി അവകാശം ഉദ്ദേശിച്ചപോലെ കിട്ടിയില്ല എന്നുള്ളിടത്താണ്. ഒ.ടി.ടി പ്ലാറ്റ്ഫോമിൽ നിന്ന് കോടാനുകോടി രൂപ പലർക്കും നഷ്ടംവന്നിട്ടുണ്ട്. മമ്മൂട്ടിയുടേയും മോഹൻലാലിന്റെയും ഫഹദ് ഫാസിലിന്റെയുമെല്ലാം പടത്തിന് വമ്പൻ നഷ്ടമാണ് സംഭവിച്ചിരിക്കുന്നത്. ഇത്ര ആഴ്ച കഴിഞ്ഞിട്ട് ഒ.ടി.ടിയിൽ റിലീസ് ചെയ്യാമെന്ന് അവരും തീരുമാനമെടുത്തിട്ടുണ്ട്.

​ഗോൾഡ് എന്ന സിനിമ വർക്ക് തീരാത്തതുകൊണ്ടാണ് റിലീസാവാതിരുന്നത്. മറ്റ് രണ്ട് സൂപ്പർതാര ചിത്രങ്ങളും ഒ.ടി.ടി പ്ലാറ്റ്ഫോമിൽ വില്പന നടക്കാത്തതുകൊണ്ട് മാത്രമാണ് തിയേറ്ററുകളിലെത്താതിരുന്നത്. മറ്റ് ചെറിയ ചിത്രങ്ങൾ ഒ.ടി.ടി പ്ലാറ്റ്ഫോമിന് കണക്കാക്കി ഉണ്ടാക്കുകയും ഒ.ടി.ടി വില്പന നടക്കാത്തതുകൊണ്ട് തിയേറ്ററുകളിലേക്ക് തള്ളിവിടുകയുമാണ് ഉണ്ടായത്. ഇപ്രാവശ്യത്തെ ഓണം മുഴുവൻ ഡാമേജ് ആയി. ഈ ഓണത്തിന് കേരളത്തിലെ ഒരു തിയേറ്ററും ഫുൾ ആയിപ്പോയിട്ടില്ല. 50, 100 പേരെ വെച്ച് എനിക്ക് പടം കളിപ്പിക്കേണ്ടിവന്നിട്ടുണ്ട്. 15 ആൾ, പത്താളെ വെച്ചൊക്കെയാണ് തിയേറ്റർ ഇപ്പോൾ മുന്നോട്ടുകൊണ്ടുപോവുന്നത്.

സിനിമ സ്ഥിരം തിയേറ്ററിൽ കാണുന്നവർ ഒരിക്കലും ഒ.ടി.ടിയിലേക്ക് പോകില്ല. ഉദാഹരണത്തിന് കുഞ്ചാക്കോ ബോബന്റെ ന്നാ താൻ കേസ് കൊട് എന്ന സിനിമ ഒ.ടി.ടിയിൽ വന്നിട്ടും തിയേറ്ററിൽ ആളുണ്ടായിരുന്നു. ഒ.ടി.ടിയിൽ വന്ന സിനിമ തിയേറ്ററിൽ പ്രദർശിപ്പിക്കുന്നതിനെ ഫിയോക്ക് എന്ന സംഘടന നിരോധിച്ചിടത്താണ് ഇത്. അതൊരു തെറ്റായ തീരുമാനമാണ്. കാരണം അവതാർ എന്ന സിനിമ ഒ.ടി.ടി.യിൽ ഉള്ളപ്പോളാണ് ആ സിനിമ ഇപ്പോൾ തിയേറ്ററുകളിൽ ഓടുന്നത്. അതേസമയം നന്നായി ഓടിക്കൊണ്ടിരുന്ന ഒരു മലയാള സിനിമ ഒ.ടി.ടിക്ക് കൊടുത്തു എന്ന ഒറ്റക്കാരണം കൊണ്ട് തിയേറ്ററിൽ നിന്ന് പിൻവലിക്കാൻ ഈ സംഘടന നിർബന്ധിക്കുന്നുണ്ട്.


തിയേറ്ററുകൾക്ക് പുറമേ ഈ ഓണം പതിവുപോലെ ഒ.ടി.ടി കൊണ്ടുപോയെന്ന് വാദിക്കുന്നവരും കുറവല്ല. വാർത്തകളിലൂടെ ഹിറ്റിലേക്ക് നടന്നടുത്ത ന്നാ താൻ കേസ് കൊട്, ബി​ഗ്സ്ക്രീനിൽ നല്ല നാടൻ അടി കൊണ്ടും കൊടുത്തും ബ്ലോക്ക് ബസ്റ്റർ പട്ടം കരസ്ഥമാക്കിയ തല്ലുമാല, പ്രണയത്തിന് പുതിയ ഭാവം നൽകിയ സീതാ രാമം എന്നിവ ഓണം റിലീസുകളായാണ് ഒ.ടി.ടിയിലെത്തിയത്. രണ്ട് സിനിമകളും ചുരുക്കം തിയേറ്ററുകളിൽ പ്രദർശനം തുടരുന്നുമുണ്ടായിരുന്നു. ഇതിന് പുറമേ ഡയറക്റ്റ് ഒ.ടി.ടി റിലീസായി അപർണാ ബാലമുരളിയുടെ സുന്ദരി ​ഗാർഡൻസും പ്രേക്ഷകന് മുന്നിലെത്തി. ഈ നാലെണ്ണത്തിന് ഏതാനും ദിവസങ്ങൾക്ക് മുമ്പ് ജോഷി-സുരേഷ് ​ഗോപി കൂട്ടുകെട്ടിലെ ഈ വർഷത്തെ മെ​ഗാഹിറ്റ് ചിത്രം പാപ്പനും എത്തിയിരുന്നു. അങ്ങനെ നോക്കുകയാണെങ്കിൽ തിയേറ്ററുകളേക്കാൾ വിഭവങ്ങൾ കൂടുതലുണ്ടായിരുന്നത് ഒ.ടി.ടിയിലാണെന്ന് പറയേണ്ടിയും വരും.

ഓണത്തിന് വന്നവയിൽ ഭേദപ്പെട്ട സിനിമകളായത് പാൽതൂ ജാൻവറും പത്തൊമ്പതാം നൂറ്റാണ്ടും -സുരേഷ് ഷേണായി


സൂപ്പർ സ്റ്റാറിന്റെ പടം ഓണത്തിനുണ്ടായിരുന്നില്ല എന്നുപറയുന്നത് ശരിയാണ്. പക്ഷേ സത്യത്തിൽ റോഷാക്ക് ഒഴികെ ഓണത്തിന് മറ്റ് സൂപ്പർതാര സിനിമകളൊന്നും റിലീസ് ചെയ്യാൻ പദ്ധതിയുണ്ടായിരുന്നില്ല. പണി തീരാത്തതുകൊണ്ടാണ് അത് നീണ്ടുപോയത്. ​ഗോൾഡും ഇങ്ങനെത്തന്നെ. ഓണത്തിന് വന്ന സിനിമകളിൽ പത്തൊമ്പതാം നൂറ്റാണ്ട് മാത്രമാണ് ഭേദപ്പെട്ട സിനിമയായി മാറിയത്. ഒപ്പമിറങ്ങിയ രണ്ട് ചിത്രങ്ങളും പരാജയമായിരുന്നു.

ഓണത്തിന് ഒരാഴ്ചമുമ്പ് വന്നതാണെങ്കിലും ഹിറ്റ് എന്ന് പറയാവുന്നത് പാൽതു ജാൻവറാണ്. ഇറങ്ങിയ ആഴ്ചയിൽ ഭേദപ്പെട്ട കളക്ഷൻ കിട്ടി. തൊട്ടടുത്ത ആഴ്ചയിൽ ആവറേജ് കളക്ഷനും കിട്ടി. ആ പടത്തിന്റെ ബഡ്ജറ്റ് വെച്ച് നോക്കുമ്പോൾ ഭയങ്കര ലാഭകരമായൊരു സിനിമയാണ്.

റിലീസ് മാറ്റി വെയ്ക്കുന്നതിന് ഒ.ടി.ടിയുടെ സ്വാധീനം ഉണ്ടെന്ന് തോന്നുന്നില്ല. ഒ.ടി.ടിയിൽ വരുമെന്നുള്ളതുകൊണ്ട് പിന്നീടെപ്പോഴെങ്കിലും കണ്ടാൽമതിയല്ലോ എന്ന് പ്രേക്ഷകർ ചിന്തിക്കുന്നത് ഞങ്ങൾ അഭിമുഖീകരിക്കുന്ന ഒരു പ്രശ്നമാണ്. തിയേറ്ററുകൾ അടഞ്ഞുകിടന്ന കാലത്ത് പടം നേരെ ഒ.ടി.ടിയിലേക്ക് പോകുകയായിരുന്നു. അതുകഴിഞ്ഞ് തിയേറ്ററുകൾ തുറന്നപ്പോഴും സിനിമ നാലാഴ്ചയ്ക്കുള്ളിൽ മാറിപ്പോവുന്നത് അത്ര ആരോ​ഗ്യകരമായ കാര്യമല്ല.

ശരാശരി ഒരു കുടുംബം ആലോചിക്കുന്നത് രണ്ടാഴ്ചകൂടി കാത്തിരുന്നാൽ ഒ.ടി.ടിയിൽ‌ കാണാം എന്നാണ്. അത് ശരിക്കും കളക്ഷനെ മോശമായി ബാധിച്ചിട്ടുണ്ട്. ഇതൊക്കെ മുൻനിർത്തി തിയേറ്ററിൽ വരുന്ന സിനിമ 56 ദിവസം കഴിഞ്ഞ് മാത്രമേ ഒ.ടി.ടി പ്രദർശനത്തിന് കൊടുക്കാവൂ എന്നുള്ള കാര്യം ഫിലിം ചേംബറിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. തമിഴിലും തെലുങ്കിലും ഹിന്ദിയിലും ഇങ്ങനെയൊരു തീരുമാനം ഇതിനോടകം എടുത്തിട്ടുണ്ട്. അങ്ങനെയാവുമ്പോൾ ആളുകൾ തിയേറ്ററിലേക്ക് വരും. തിയേറ്ററിൽ വന്ന് 30 ദിവസം കഴിഞ്ഞാൽ ഒ.ടി.ടിക്ക് കൊടുക്കാം എന്ന് അന്ന് തീരുമാനിക്കാനുളള കാരണം കോവിഡിന്റെ സമയത്ത് 50 ശതമാനമേ ആൾക്കാരെ പ്രവേശിപ്പിക്കൂ എന്നുള്ളതിനാലാണ്. ആ സമയത്ത് കളക്ഷനും അത്ര ഭേദപ്പെട്ടതായിരുന്നില്ല. ഇപ്പോൾ സ്ഥിരം 30 ദിവസമായി. ഇത് മാറ്റാനുള്ള നീക്കം തുടങ്ങിയിട്ടുണ്ട്.

എത്രദിവസം കഴിഞ്ഞ് ഒ.ടി.ടി വഴി പ്രദർശിപ്പിക്കണം എന്ന് തീരുമാനിക്കേണ്ടത് നിർമാതാവാണ്. 60 ദിവസം കഴിഞ്ഞേ കൊടുക്കൂ എന്ന് അവർ തീരുമാനിച്ചാൽ തിയേറ്ററിൽ നിന്ന് നല്ല കളക്ഷൻ കിട്ടും. പാപ്പൻ നാലാഴ്ച നന്നായി ഓടിയതാണ്. അങ്ങനെയൊരു ധാരണ വന്നുകഴിഞ്ഞാൽ തിയേറ്റർ കളക്ഷൻ കൂടുമെന്നതിൽ ഒരു സംശയവുമില്ല.

(ഷേണായീസ് ​ഗ്രൂപ്പ് പാർട്ണറും ഫിയോക് മുൻ ട്രഷററുമാണ് സുരേഷ് ഷേണായി)

പക്ഷേ ചരിത്രമെടുത്താൽ ഇതാദ്യമായല്ല കേരളത്തിൽ സൂപ്പർ താരങ്ങളില്ലാത്ത ഓണം വരുന്നത്. 2008, 2009, 2010 വർഷങ്ങളിലെ ഓണം റിലീസുകളിൽ ഒറ്റ സീനിയർ സൂപ്പർ താരചിത്രങ്ങളുമില്ലായിരുന്നു. 2008-ൽ തിരക്കഥ, തലപ്പാവ്, ഡീസന്റ് പാർട്ടീസ് എന്നിവയായിരുന്നു ഓണം റിലീസുകളായെത്തിയത്. ഇതിൽ രഞ്ജിത് സംവിധാനം ചെയ്ത തിരക്കഥയായിരുന്നു വിജയം സ്വന്തമാക്കിയത്. 2009-ൽ പുറത്തിറങ്ങിയ കാണാ കണ്മണി, ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് കുടുംബം എന്നിവയ്ക്കും 2010 ഓണം സിനിമകളായെത്തിയ യക്ഷിയും ഞാനും, നീലാംബരി, പാട്ടിന്റെ പാലാഴി എന്നിവയ്ക്കൊന്നിനുപോലും തിയേറ്ററുകളിലേക്ക് ആളുകളെ ആകർഷിക്കാൻ സാധിച്ചില്ല.

ഓരോ ഉത്സവസീസണും മുന്നിൽക്കണ്ടുകൊണ്ട് പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒരു വിഭാ​ഗം ആളുകളെ സംബന്ധിച്ചിടത്തോളം സൂപ്പർതാര ചിത്രങ്ങൾ പാടേ ഇല്ലാതെപോയ ഓണക്കാലമാണ് കടന്നുപോയത്. കോവിഡ് തീർത്ത പ്രതിസന്ധികൾ മറികടന്ന് തങ്ങളുടെ ഇഷ്ടതാരത്തിന്റെ ചിത്രങ്ങൾ വെള്ളിത്തിരയിൽ നിറഞ്ഞോടുന്ന കാലം വരുമെന്ന പ്രതീക്ഷയിലാണ് ഓരോരുത്തരും. എന്തായാലും വരും മാസങ്ങളിൽത്തന്നെ സൂപ്പർതാര ചിത്രങ്ങൾ തിയേറ്ററുകളിലെത്തി ഇതുവരെയുള്ള കാത്തിരിപ്പുകൾക്ക് അറുതിവരുത്തും എന്ന് പ്രതീക്ഷിക്കാം. അങ്ങനെയെങ്കിൽ ആ ദിവസങ്ങളായിരിക്കാം ഒരുപാടുപേരുടെ യഥാർത്ഥ ഉത്സവസീസൺ.

Content Highlights: onam malayalam movies 2022 in theatres, box office report of 2022 onam releases


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022

Most Commented