പടി കടന്നെത്തുന്ന കാലാവസ്ഥാ വ്യതിയാനം | സുരക്ഷിതമോ നവകേരളം? 03


ഫാക്ട് ചെക്ക് ഡെസ്‌ക്

6 min read
Read later
Print
Share

പെട്ടിമുടിയിൽ രക്ഷാപ്രവർത്തനം നടത്തുന്നവർ

സുസ്ഥിര കാലാവസ്ഥയുടെ തണലില്‍ നിന്നകന്ന് കാലാവസ്ഥാ വ്യതിയാനത്തിന്റെ അരക്ഷിതാവസ്ഥയിലാണ് നമ്മുടെ കേരളം ഇന്ന്. ദുരന്ത രൂപത്തിലത് പടികടന്നെത്തിയപ്പോള്‍ മാത്രമേ കാലാവസ്ഥാ വ്യതിയാനത്തിന്റെ തീവ്രത പലര്‍ക്കും ബോധ്യമായുള്ളൂ. കാലാവസ്ഥ മാറ്റങ്ങള്‍ക്കതീതമല്ല, അതിന്റെ വ്യതിയാനത്തിന്റെ ആവൃത്തിയും ആഘാതവും ഉയരുന്നത് ഭീതിയുളവാക്കുന്ന ഒന്നാണ്. ഉയര്‍ന്ന താപനിലയും കാലം തെറ്റിയ മഴയും ജലദൗര്‍ലഭ്യവും കുറച്ച് വര്‍ഷങ്ങളായി കേരളക്കരയെ ദുരിതത്തിലാക്കുന്നുണ്ട്. എന്നാല്‍, കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഇവ അതിതീവ്ര രൂപത്തില്‍ അപ്രതീക്ഷിത ദുരന്തങ്ങളായി ജീവന് ഭീഷണിയാകുന്നു. നൂറ്റാണ്ടുകളായുള്ള മനുഷ്യ ഇടപെടലുകളാണ് കാലാവസ്ഥാ മാറ്റത്തിന്റെ തോത് വര്‍ദ്ധിപ്പിച്ചത്.

2017-ല്‍ ഓഖി ചുഴലിക്കാറ്റോടെ അപ്രതീക്ഷിത ദുരന്തങ്ങള്‍ കേരളത്തെ വേട്ടയാടാന്‍ ആരംഭിച്ചു. തൊട്ടുപിറകെ 2018-ലും 19-ലും പ്രളയം കേരളത്തെ ദുരിതക്കയത്തിലാഴ്ത്തി. അയിരത്തോളം പേരുടെ ജീവനാണ് ഇവയില്‍ പൊലിഞ്ഞത്. ചുഴലിക്കൊടുങ്കാറ്റുകള്‍, അതിവൃഷ്ടി, ഉരുള്‍പൊട്ടല്‍, പ്രളയം, വരള്‍ച്ച, കടലാക്രമണം തുടങ്ങിയ പ്രകൃതി ദുരന്തങ്ങള്‍ ഇതിലും തീവ്രമായി നമ്മെ വേട്ടയാടുന്ന കാലം വിദൂരത്തല്ല.

അപ്രതീക്ഷിതമോ ഈ ദുരന്തങ്ങള്‍ ?

.
ഓഖിയില്‍ പെട്ട് ലക്ഷദ്വീപ് തീരത്തടിഞ്ഞ ബോട്ട്

സുനാമിക്ക് ശേഷം കേരള തീരം കണ്ട അപ്രതീക്ഷിത ദുരന്തമായിരുന്നു 2017-ലെ ഓഖി ചുഴലിക്കാറ്റ്. 'അത്യപൂര്‍വ്വമായ ചുഴലിക്കാറ്റായിരുന്നു ഓഖി, ന്യൂന മര്‍ദ്ദത്തില്‍ നിന്നും അതിവേഗത്തില്‍ 6 മണിക്കൂറിനകമത് ചുഴലിക്കാറ്റായി മാറി. മാനദണ്ഡ പ്രകാരമുള്ള മുന്നറിയിപ്പുകള്‍ നല്‍കുക സാധ്യമല്ലായിരുന്നു' എന്നാണ് ഇതിനെപറ്റി കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രി അമിത് ഷാ പാര്‍ലമെന്റില്‍ പറഞ്ഞത്. 2018-ലെ മഹാപ്രളയവും അതിനു ശേഷമുള്ള വെള്ളപ്പൊക്കങ്ങളും 2018 മുതല്‍ 2021 വരെയുണ്ടായ ഉരുള്‍പൊട്ടലുകളും കേരളം പ്രതീക്ഷിക്കാത്ത ദുരനുഭവങ്ങളാണ് നല്‍കിയത്.

കാലാവസ്ഥ വ്യതിയാനം മൂലമുള്ള ഇത്തരം ഓരോ ദുരന്തങ്ങളും വ്യത്യസ്ത പ്രദേശങ്ങളെയാണ് ഓരോ തവണയും ബാധിക്കുന്നത്. 2018-ല്‍ ഉരുള്‍പൊട്ടലും വെള്ളപൊക്കവും ഭീകരമായി ബാധിച്ച ഇടത്തല്ല 2019-ലെ ദുരന്തങ്ങളുണ്ടായത്. 2020-ലും 2021-ലും കേരളത്തില്‍ ഉരുള്‍പ്പൊട്ടലുണ്ടായി. അവയും മുന്‍ വര്‍ഷങ്ങളില്‍ നിന്നും വ്യത്യസ്തമായ പ്രദേശങ്ങളിലായിരുന്നു. ഇനി സംഭവിക്കാന്‍ പോകുന്നതും മറ്റെവിടെയെങ്കിലും ആയിരിക്കും.

കാലാവസ്ഥ വ്യതിയാനം ദുരന്തങ്ങളുടെ എണ്ണവും വ്യാപ്തിയും കൂട്ടുമെന്നും മഴ കൂടുതല്‍ സാന്ദ്രതയോടെ പെയ്യുമെന്നുമൊക്കെ രണ്ടായിരത്തി പന്ത്രണ്ടിലെ ഐ പി സി സി യുടെ പ്രത്യേക റിപ്പോര്‍ട്ട് (Special Report on Extreme Events, IPCC 2012) ഉണ്ടായിരുന്നു. ആ അര്‍ത്ഥത്തില്‍ നമ്മള്‍ കാണുന്ന മാറ്റങ്ങള്‍ അപ്രതീക്ഷിതമല്ല, മാറുന്ന കാലാവസ്ഥയുടെ സ്വാഭാവിക പരിണാമം ആണ്.

ആശങ്ക

2016 ലെ സ്റ്റേറ്റ് ഡിസാസ്റ്റര്‍ മാനേജ്മന്റ് പ്ലാന്‍ അനുസരിച്ച്, അറബിക്കടലും, പശ്ചിമഘട്ട മലനിരകളുടെ സാന്നിധ്യവും, ഭൂമിശാസ്ത്രപരമായ ചരിവും കേരളത്തെ കാലാവസ്ഥാ ദുരന്തങ്ങള്‍ക്ക് ഏറെ സാധ്യതയുള്ള പ്രദേശമാക്കി മാറ്റുന്നു. കേരളത്തിലെ ദുരന്ത സാധ്യതകളുമായി ബന്ധപ്പെട്ട് ഡോ. മുരളി തുമ്മാരുകുടി (ഐക്യരാഷ്ട്ര സഭ പരിസ്ഥിതി പ്രോഗ്രാമില്‍ (UNEP) ദുരന്ത അപകടസാധ്യതാ ലഘൂകരണ വിഭാഗം തലവന്‍) പറയുന്നത് ഇപ്രകാരമാണ്,

''ലോകവ്യാപകമായി ദുരന്തങ്ങളുടെ എണ്ണം കൂടിവരികയാണോ? അതോ വാര്‍ത്താവിനിമയ സൗകര്യങ്ങള്‍ മെച്ചപ്പെട്ടതിനാല്‍ നാം ദുരന്തങ്ങളെപ്പറ്റി കൂടുതല്‍ അറിയുന്നതാണോ? പലരെയും അലട്ടുന്ന ഒരു ചോദ്യമാണിത്.

ദുരന്തങ്ങളുണ്ടാകുന്നത് ദുരന്തകാരണങ്ങളായ ശക്തികളും ( ഭൂകമ്പം, മഴ, കാറ്റ്, ഫാക്ടറികളിലും റോഡിലുമുണ്ടാകുന്ന പൊട്ടിത്തെറി) അതില്‍ നാശനഷ്ടം ഉണ്ടാകാന്‍ പോകുന്ന വസ്തുക്കളും (മനുഷ്യന്‍, മൃഗങ്ങള്‍, പരിസ്ഥിതി, സ്ഥാവരജംഗമ വസ്തുക്കള്‍) തമ്മില്‍ കൂട്ടിമുട്ടുമ്പോഴാണ്. ഇതില്‍ ചില കാര്യ ങ്ങളില്‍, ഉദാഹരണമായി ഭൂകമ്പത്തില്‍ കാലാവസ്ഥാമാറ്റം ഒന്നുമില്ല. എന്നാല്‍ മറ്റുള്ളവ (ഫാക്ടറികളുടെയും റോഡിലെ ടാങ്കറുകളുടെയും എണ്ണം) ദിവസേന കൂടിവരുന്നു. ലോകജന സംഖ്യ കൂടുന്നു. അവരുടെ സമ്പത്ത് പൊതുവില്‍ വര്‍ദ്ധിക്കുന്നു. പണ്ട് മനുഷ്യര്‍ താമസിക്കാത്ത സ്ഥലങ്ങളില്‍ അവര്‍ താമസിച്ചു തുടങ്ങുന്നു. ഇതെല്ലാം ദുരന്തസാധ്യത വര്‍ധിപ്പിക്കുകയാണ്. ഇതിന്റെയെല്ലാം മുകളിലാണ് കാലാവസ്ഥാവ്യതിയാനം ഒരു ഭൂതക്കണ്ണാടി പോലെ പ്രവര്‍ത്തിക്കുന്നത്. മനുഷ്യന് പരിചയമില്ലാത്ത ദുരന്തങ്ങള്‍ ഉണ്ടാക്കുകയല്ല കാലാവസ്ഥ വ്യതിയാനം ചെയ്യുന്നത്, മറിച്ച് വരള്‍ച്ചയും വെള്ളപ്പൊക്കവും കാറ്റുമൊക്കെ കൂടുതല്‍ ശക്തിമത്താക്കുകയാണ്.

കേരളത്തിന്റെ ഉയര്‍ന്ന ജനസാന്ദ്രത (ഒരു ചതുരശ്ര കിലോമീറ്ററില്‍ 860 ആളുകള്‍) സംസ്ഥാനത്ത് സംഭവിക്കുന്ന പ്രകൃതി ദുരന്തങ്ങളുടെ വ്യാപ്തി വര്‍ദ്ധിപ്പിക്കുന്നു. ദ്രുത ഗതിയിലുള്ള വ്യവസായവത്കരണവും, അതിനോടൊപ്പം നടക്കുന്ന നഗരവത്കരണവും കേരളം പുറന്തളുന്ന ഹരിതഗൃഹവാതകങ്ങളുടെ അളവ് വര്‍ധിപ്പിക്കുന്നു. ഇതോടൊപ്പം പരിസ്ഥിതി ലോല പ്രദേശങ്ങളില്‍ നടക്കുന്ന കൈയേറ്റവും, അവ പല വ്യാവസായിക പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നതും പ്രകൃതിയുടെ സന്തുലിതാവസ്ഥാ തകര്‍ക്കുകയും, ഇത് കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതം കൂട്ടുകയും ചെയ്യുന്നുണ്ട്.

പഠനങ്ങളും നിരീക്ഷണങ്ങളും

പഠനങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടത് 2011-ലെ ഗാഡ്ഗില്‍ റിപ്പോര്‍ട്ടാണ്. പശ്ചിമഘട്ടത്തിന്റെയും തൊട്ടടുത്ത പ്രദേശങ്ങളിലെയും പാരിസ്ഥിതിക തകര്‍ച്ചയുടെ പശ്ചാത്തലത്തിലാണ് ഗാഡ്ഗില്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ജൈവസവിശേഷതകള്‍, ഉയരം, ചരിവ്, കാലാവസ്ഥ, അപകടസാധ്യത, ചരിത്രപ്രാധാന്യം എന്നിവ കണക്കിലെടുത്ത് സ്ഥലങ്ങളെ പരിസ്ഥിതിലോല പ്രദേശങ്ങളായി ഈ റിപ്പോര്‍ട്ട് നിര്‍ണയിക്കുന്നു. ഇതില്‍ പശ്ചിമഘട്ടം സംരക്ഷിച്ചില്ലെങ്കില്‍ പല ദുരന്തങ്ങളും കാണേണ്ടി വരുമെന്ന മുന്നറിയിപ്പ് ഗാഡ്ഗില്‍ റിപ്പോര്‍ട്ടിലൂടെ നല്‍കിയിരുന്നു. ഇത് അംഗീകരിക്കാതെ ഗാഡ്ഗില്‍ റിപ്പോര്‍ട്ട് പരിശോധിക്കാനായി കസ്തൂരിരംഗന്‍ കമ്മിറ്റി രൂപീകരിച്ചു. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് പ്രകാരം പശ്ചിമഘട്ടത്തിന്റെ 37% മാത്രമാണ് പരിസ്ഥിതിലോല പ്രദേശമായി കണക്കാക്കിയത്.

ആഗോളതാപനവും കാലാവസ്ഥാ വ്യതിയാനവും ഓരോ പ്രദേശത്തേയും ഓരോ രീതിയിലാണ് ബാധിക്കുന്നത്. കാലാവസ്ഥാ വ്യതിയാനം, അതിന്റെ പ്രത്യാഘാതങ്ങള്‍, ഭാവിയിലെ അപകടസാധ്യതകള്‍ എന്നിവയെക്കുറിച്ച് ശാസ്ത്രീയമായ വിലയിരുത്തലുകള്‍ നല്‍കുന്നതിനും, ലഘൂകരണ മാര്‍ഗ്ഗങ്ങള്‍ മുന്നോട്ട് വയ്ക്കുന്നതിനുമാണ് അന്താരാഷ്ട്ര തലത്തില്‍ ഇന്റര്‍ഗവണ്‍മെന്റല്‍ പാനല്‍ ഓണ്‍ ക്ലൈമറ്റ് ചേഞ്ച് (ഐപിസിസി) രൂപീകരിച്ചത്. 2021-ല്‍ ഐപിസിസി പുറത്തിറക്കിയ പഠന റിപ്പോര്‍ട്ട് പ്രകാരം, 2030-ഓടെ കടലിലെ ജലനിരപ്പ് 0.11 മീറ്റര്‍ ഉയരും. കര കടലെടുക്കുകയും ചെയ്യും. 2130-ഓടെ കേരളത്തിലെ കൊച്ചി ഉള്‍പ്പെടെ, ലോകത്ത് ഇന്ന് കാണുന്ന പല പ്രദേശങ്ങളും കടലിനടിയിലാകുമെന്ന് പറയുന്നുണ്ട്.

ഇന്ത്യന്‍ നെറ്റ്‌വർക്ക്‌ ഓഫ് ക്ലൈമറ്റ് ചെയ്ഞ്ചിന്റെ ഒരു പഠനം അനുസരിച്ച്, 2030 കളോടെ, 1970-കളേക്കാള്‍ മഴയുടെ അളവില്‍ പശ്ചിമഘട്ട മേഖലയിലും പടിഞ്ഞാറന്‍ തീരപ്രദേശങ്ങളിലും ഏതാണ്ട് 6%-8% വര്‍ദ്ധനവും, താപനില 1-3 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരുവാനുമുള്ള സാധ്യതയുണ്ട്. മഞ്ഞുരുകലും, ചൂട് മൂലം സമുദ്രങ്ങളിലുണ്ടാകുന്ന താപ വികാസവും (ഒരു വസ്തുവിന് താപനിലയില്‍ ഉണ്ടാകുന്ന വ്യത്യാസമനുസരിച്ച് രൂപത്തിലോ, അളവിലോ, സാന്ദ്രതയിലോ ഉണ്ടാകുന്ന മാറ്റം) ജല നിരപ്പ് ഉയരുന്നതിന് കാരണമാകുന്നു. കൂടാതെ ആഗോളതാപനം മൂലം ഭൂമിയുടേയും സമുദ്രങ്ങളുടേയും താപനില വലിയ തോതില്‍ ഉയരുകയാണ്. അതുമൂലം അന്തരീക്ഷത്തില്‍ കൂടുതല്‍ ന്യൂനമര്‍ദ്ദങ്ങള്‍ രൂപപ്പെടുന്നു. അവ എപ്പോള്‍ വേണമെങ്കിലും ചുഴലിക്കാറ്റായി മാറാന്‍ ഉള്ള സാധ്യതകള്‍ വരും കാലങ്ങളില്‍ കൂടുതലാണ്.

ഇന്ത്യ മീറ്റിയറോളജി ഡിപ്പാര്‍ട്ട്‌മെന്റിന്റെ (ഐഎംഡി) നിരീക്ഷണങ്ങള്‍ പ്രകാരം, അറബിക്കടലില്‍ 2001 മുതല്‍ 2019 വരെ ന്യൂനമര്‍ദ്ദം രൂപപ്പെടുന്നതില്‍ 52% വര്‍ദ്ധനവും, ബംഗാള്‍ ഉള്‍ക്കടലില്‍ 8% വര്‍ദ്ധനവുണ്ടായി. 2020ലുണ്ടായ ഒമ്പത് പ്രധാന ന്യൂനമര്‍ദ്ദങ്ങളില്‍ നാലെണ്ണം അറബിക്കടലില്‍ ആയിരുന്നു. ഇത് കേരളം കരുതിയിരിക്കേണ്ട മറ്റൊരു വിഷയമാണ്.

അപകടസാധ്യതയുള്ള തീരപ്രദേശം

.
കടലാക്രമണത്തില്‍ തകര്‍ന്ന കെട്ടിടത്തിന്റെ
അവശിഷ്ടങ്ങള്‍, പുറക്കാട്, ആലപ്പുഴ. ഫോട്ടോ: വി.പി ഉല്ലാസ്

പഠനങ്ങള്‍ പ്രകാരം കേരളത്തിന്റെ 580 കി.മീ. വരുന്ന തീരമേഖലയില്‍ 322 കിലോമീറ്ററോളം പ്രദേശങ്ങളില്‍ കടല്‍ക്ഷോഭ സാധ്യതയുണ്ട്. സമുദ്ര നിരപ്പ് ഒരു മീറ്റര്‍ കൂടി വര്‍ദ്ധിച്ചാല്‍, കൊച്ചിയുടെ തീരപ്രദേശത്തെ 169 ചതുരശ്ര കിലോമീറ്റര്‍ ഭൂമി കടലെടുക്കും. തീരദേശ ഗവേഷണ കേന്ദ്രം പ്രസിദ്ധീകരിച്ച സാങ്കേതിക റിപ്പോര്‍ട്ട് പ്രകാരം കേരളത്തിന്റെ തീരദേശ ഭൂമി ഇതുവരെ 41 % ത്തോളം ശോഷണത്തിനും, 21 % വികാസത്തിനും വിധേയമായി.

വരും കാലങ്ങളില്‍ കടലാക്രമണവും കൂടുതല്‍ രൂക്ഷമാകും. ഇപ്പോഴുളള തീരങ്ങളെ കടലെടുക്കുകയും, ചില ഭാഗങ്ങളില്‍ മണലടിയുകയും ചെയ്യും. ഇത്തരം വ്യതിയാനങ്ങളും അതുമൂലമുണ്ടാകുന്ന ദുരന്തങ്ങളും മനുഷ്യന്റെയും മറ്റ് ജീവജാലങ്ങളുടെയും ആവാസവ്യവസ്ഥയെ തകരാറിലാക്കുന്നു.

പേമാരിയും ഉരുള്‍പ്പൊട്ടലും

.
ഉരുള്‍പ്പൊട്ടലിന് ശേഷം കവളപ്പാറയില്‍
നടന്ന രക്ഷാപ്രവര്‍ത്തനം (ഫയല്‍ ചിത്രം)

സമുദ്രത്തില്‍ രൂപപ്പെടുന്ന ന്യൂനമര്‍ദ്ദം കരയില്‍ അതിതീവ്ര മഴയ്ക്ക് കാരണമാകുന്നു. കൂടാതെ കാലം തെറ്റി പെയ്യുന്ന മഴയും കേരളം നേരിടുന്ന ഒരു പ്രശ്‌നമാണ്. സംസ്ഥാനത്തിന്റെ 14.5 % ഭാഗങ്ങളും പ്രളയ സാധ്യതയുള്ളതാണ്. ഏറെ നാശനഷ്ടങ്ങള്‍ വിതയ്ക്കുന്ന ഇവയ്ക്കുപുറമെ ഖനനവും, അനധികൃതമായി പ്രവര്‍ത്തിക്കുന്ന ക്വാറികളും, വന നശീകരണവും, ഭൂമി കയ്യേറ്റങ്ങളും, കൃഷിരീതികളിലെ മാറ്റങ്ങളും കേരളത്തിന്റെ മലയോരപ്രദേശങ്ങളില്‍ ഉരുള്‍പ്പൊട്ടലിനും, മലയിടിച്ചിലിനും സാധ്യത കൂട്ടുന്നു. അപ്രതീക്ഷിതവും, അതിവേഗത്തിലും സംഭവിക്കുന്ന ഒന്നായതുകൊണ്ടു തന്നെ കേരളത്തില്‍ വളരെയധികം ജീവനുകള്‍ നഷ്ടമായത് ഉരുള്‍പ്പൊട്ടലിലാണ്.

വരള്‍ച്ചയും കാട്ടുതീയും

എത്രമേല്‍ പ്രളയ സാധ്യതയുള്ള പ്രദേശമാണോ കേരളം അത്രമേല്‍ വരള്‍ച്ച സാധ്യതയും കേരളത്തിനുണ്ട്. സംസ്ഥാനത്ത് ജലക്ഷാമവും രൂക്ഷമാകും. കേരളത്തില്‍ മുന്‍ വര്‍ഷങ്ങളില്‍ കൊടിയ വരള്‍ച്ചയുണ്ടായിട്ടുണ്ട്. വരള്‍ച്ച തീവ്രമായാല്‍ ഭാവിയില്‍ കാട്ടുതീ ഉണ്ടാവാനുള്ള സാധ്യതയും ഏറെയാണ്. കാട്ടുതീ സാധ്യതയുള്ള 1,719 ഫയര്‍പോയിന്റകള്‍ കേരളത്തിലുണ്ട്.

കാലാവസ്ഥാ വ്യതിയാനത്തിനെതിരെയുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ സംസ്ഥാന തലത്തില്‍ പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന വകുപ്പ് (Directorate of Environment & Climate Change) പ്രവര്‍ത്തിക്കുന്നു. കേരള സംസ്ഥാന പരിസ്ഥിതി നയം, കാലാവസ്ഥാ വ്യതിയാനത്തിനായുള്ള സംസ്ഥാന പ്രവര്‍ത്തന പദ്ധതി , 2016-ലെ ദേശീയ പരിസ്ഥിതി നയം, ഗ്രീന്‍ പ്രോട്ടോകോള്‍ എന്നിവ നടപ്പിലാക്കുക എന്നതാണ് വകുപ്പിന്റെ പ്രധാന ലക്ഷ്യം. സംസ്ഥാനത്ത് നടക്കാന്‍ സാധ്യതയുള്ള ദുരന്ത സംഭവങ്ങള്‍ ലഘൂകരിക്കുവാനും, തടയുവാനുമുള്ള ചുമതല സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിക്കും, ജില്ലാ ദുരന്ത നിവാരണ അതോറിറ്റിക്കുമാണ്. ദുരന്ത നിവാരണ പദ്ധതികള്‍ മെച്ചപ്പെടുത്തുന്നതിനാവശ്യമായ പരിശീലനത്തിനും, ബോധവല്‍ക്കരണ പരിപാടികള്‍ക്കുമായി ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ലാന്‍ഡ് ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റുമുണ്ട്. കൂടാതെ കാലാവസ്ഥാ പ്രവചനങ്ങള്‍ക്കും നിരീക്ഷണത്തിനുമായി ഇന്ത്യ മീറ്റിയറോളജി ഡിപ്പാര്‍ട്ട്‌മെന്റ്, നാഷണല്‍ സെന്റര്‍ ഫോര്‍ എര്‍ത്ത് സയന്‍സ് സ്റ്റഡീസ് പോലുള്ള സ്ഥാപനങ്ങള്‍ നിലവിലുണ്ട്. കേരളത്തിന് കാലാവസ്ഥാ മാറ്റങ്ങളുമായി ബന്ധപ്പെട്ട ഗവേഷണത്തിനും പഠനത്തിനുമായി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ക്ലൈമറ്റ് ചേഞ്ച് സ്റ്റഡീസ് കോട്ടയത്ത് സ്ഥാപിച്ചിട്ടുണ്ട്.

കാലാവസ്ഥയിലെ മാറ്റങ്ങള്‍ തടയുവാന്‍ കഴിയുന്ന ഒന്നല്ല. കാലാവസ്ഥാ വ്യതിയാനം എന്ന യാഥാര്‍ഥ്യത്തിന് മുന്നില്‍ പകച്ചു നില്‍ക്കാതെ ചെറുത്ത് മുന്നേറണം കേരളം. എങ്കിലും പ്രസ്തുത പ്രതിഭാസത്തിന്റെ ആഘാതം കുറയ്ക്കുക എന്നതാണ് പ്രധാന മാര്‍ഗ്ഗം. കാലാവസ്ഥാ വ്യതിയാനത്തോടും ദുരന്തങ്ങളോടും കേരളം പൊരുത്തപ്പെടുന്നതെങ്ങനെ? ഇതിനായി കേരളം എത്രത്തോളം സജ്ജമാണ്? ദുരന്തങ്ങളെ പ്രതിരോധിക്കാന്‍ കേരള സമൂഹം മാറേണ്ടതെങ്ങനെ? ഇവയെല്ലാം പരിശോധിക്കുകയാണ് മാതൃഭൂമി ഫാക്ട് ചെക്ക്.

ഈ ദുരന്തങ്ങളില്‍നിന്ന് നാം പഠിച്ച പാഠങ്ങള്‍ എന്തൊക്കെ? അടുത്ത ഭാഗത്തിൽ പരിശോധിക്കുന്നു.

(തുടരും)

Content Highlights: Oil Spill in Kerala, Series Part Three | Surakshithamo Navakeralam? 03

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Khan
Premium

4 min

ഉര്‍ദുഗാന് 'ചെക്ക് ' പറയാന്‍ വിശാലസഖ്യം മതിയാകില്ലേ? തിരഞ്ഞെടുപ്പ് രണ്ടാം ഘട്ടത്തിലേക്ക്‌

May 18, 2023


Nithyananda
Premium

8 min

ആരാണ് മാ വിജയപ്രിയ? എവിടെയാണ് പൈനാപ്പിള്‍ ഗര്‍ഭവും സെക്‌സ് കരാറുമുളള നിത്യാനന്ദയുടെ കൈലാസ രാജ്യം?

Mar 3, 2023


Children

3 min

ഇന്ത്യയില്‍ അസമത്വത്തെ വഷളാക്കുന്നത് ജാതിയും മതവും - ചിദംബരം എഴുതുന്നു

Dec 6, 2021


Most Commented