എണ്ണച്ചോര്‍ച്ചയില്‍ ചോരാതെ കാക്കേണ്ട സുരക്ഷ | സുരക്ഷിതമോ നവകേരളം? 01


ഫാക്ട് ചെക്ക് ഡെസ്‌ക്‌

സിങ്കപ്പൂർ ചരക്കുകപ്പൽ എക്‌സ്പ്രസ് പേൾ അപകടത്തിൽ പെട്ടപ്പോൾ | Photo:AFP

oil
ക്ടോബര്‍ 13 അന്താരാഷ്ട്ര ദുരന്ത സാധ്യതാ ലഘൂകരണദിനം. ദുരന്തങ്ങളുടെ പ്രതിരോധം, ലഘൂകരണം, തയ്യാറെടുപ്പ് എന്നിവയില്‍ ലോകരാഷ്ട്രങ്ങള്‍ക്കിടയില്‍ പൊതുസംസ്‌കാരം വളര്‍ത്തിയെടുക്കുന്നതിന്റെ ഭാഗമായാണ് യു.എന്‍. പൊതുസഭ ഈ ദിനാചരണം ആരംഭിച്ചത്. 1956-ല്‍ കേരളം രൂപീകൃതമായ ശേഷം, കഴിഞ്ഞ ആറര പതിറ്റാണ്ടിനിടെ സംസ്ഥാനം മുഖാമുഖം കണ്ട, തരണം ചെയ്ത ദുരന്തങ്ങള്‍ നിരവധിയാണ്. ദുരന്തങ്ങള്‍ കാലാതീതമായ മുറിവോര്‍മ്മകളായി ചരിത്രമാകുമ്പോഴും ഇവ നല്‍കിയ പാഠം നാം ഉള്‍ക്കൊണ്ടോ എന്ന ചോദ്യം പ്രസക്തമാണ്.

കേരളം ദുരന്ത സാധ്യതയേറിയ പ്രദേശമാണെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. ഒന്നിച്ച് ആയിരത്തില്‍ അധികം പേരുടെ മരണത്തിന് കാരണമായ വന്‍ദുരന്തങ്ങളൊന്നും കേരളത്തില്‍ സംഭവിച്ചിട്ടില്ല. ഇവിടുത്തെ ഭൂപ്രകൃതിയുടെ സവിശേഷതയാണ് ഇതിന് കാരണം. എന്നാല്‍ വരുംകാലമെന്തെന്ന് പ്രവചിക്കുക അസാധ്യമെങ്കിലും കാലം തരുന്ന ദുസ്സൂചനകളെ നാം തിരിച്ചറിയേണ്ടതുണ്ട്.

പ്രകൃതി, മനുഷ്യ നിര്‍മ്മിത ദുരന്തങ്ങളില്‍ കേരളത്തില്‍ പ്രതിവര്‍ഷം പൊലിയുന്നത് ശരാശരി നൂറിനും ഇരുനൂറിനും ഇടയക്ക് ജീവനുകളാണ്. അതേസമയം പ്രതിവര്‍ഷം എണ്ണായിരത്തോളം പേരാണ് കേരളത്തില്‍ അപകട മരണങ്ങളിലൂടെ ജീവന്‍ വെടിയുന്നത്. ഇതില്‍ ആദ്യ സ്ഥാനം വാഹനാപകടങ്ങള്‍ക്കാണ്. ഒരോ വര്‍ഷവും നാലായിരത്തോളം പേരാണ് വാഹനാപകടങ്ങളില്‍ മരിക്കുന്നത്.

രണ്ടാം സ്ഥാനം മുങ്ങിമരണങ്ങള്‍ക്കാണ്, ആയിരത്തി അഞ്ഞൂറിലധികം ജീവനുകളാണ് പ്രതിവര്‍ഷം നഷ്ടമാകുന്നത്. ലോകത്ത് ഏറ്റവുമധികം ജീവനുകള്‍ പൊലിയുന്നതും ഇതേ അപകടങ്ങളിലാണ്. കൂട്ടമരണങ്ങള്‍ ഇല്ലാത്തതിനാല്‍ ഇവ ദുരന്തമരണങ്ങളായി ശ്രദ്ധനേടാറില്ല. എന്നാല്‍ പ്രതിവര്‍ഷ കണക്കുകള്‍ പരിശോധിച്ചാല്‍ മാത്രമേ ഇതിലെ ദുരന്ത വ്യാപ്തി തിരിച്ചറിയുകയുള്ളൂ.

പ്രളയം,സുനാമി, ഉരുള്‍പൊട്ടല്‍, മലയിടിച്ചില്‍ മഹാമാരികള്‍ എന്നിങ്ങനെ പലവിധത്തില്‍ പ്രകൃതി പ്രഹരമേല്‍പ്പിക്കുന്നു. എന്നാല്‍ ഇതിലുപരിയാണ് മനുഷ്യ നിര്‍മ്മിത ദുരന്തങ്ങള്‍. ബോട്ടപകടം വെടിക്കെട്ടപകടം ആള്‍ത്തിരക്കുണ്ടാക്കുന്ന അപകടം, തീപ്പിടുത്തം വിഷമദ്യദുരന്തം, വിമാനാപകടം തുടങ്ങി, മനുഷ്യ ഇടപെടലുകള്‍ ജീവനെടുത്തതിന്റെ കണക്ക് വളരെ വലുതാണ്.

എന്നാല്‍ കൂടുതല്‍ പ്രഹര ശേഷിയോടെ നമ്മെ ആക്രമിച്ചേക്കാവുന്ന ചില ദുരന്തങ്ങളുണ്ട്. സമീപ ഭാവിയില്‍ കേരളത്തില്‍ സംഭവിക്കാന്‍ സാധ്യതയുള്ള ദുരന്തങ്ങളില്‍ പ്രധാനപ്പെട്ടതാണ് എണ്ണച്ചോര്‍ച്ച. കരയിലോ കടലിലോ സംഭവിച്ചേക്കാവുന്ന എണ്ണച്ചോര്‍ച്ചയുടെ പ്രത്യാഘാതങ്ങള്‍ പ്രതീക്ഷകള്‍ക്കപ്പുറമായേക്കാം. കാലാവസ്ഥാവ്യതിയാനം മൂലമുണ്ടായേക്കാവുന്ന ദുരന്തങ്ങളും ഇതേ പ്രാധാന്യത്തോടെ സമീപിക്കേണ്ടതാണ്.

ഇവയുടെ സൂചകങ്ങള്‍ നമുക്ക് ചുറ്റും വരള്‍ച്ച, ഉയര്‍ന്ന താപനില, സമുദ്രനിരപ്പ് ഉയരല്‍, കാലം തെറ്റിയ മഴ എന്നിങ്ങനെ പലരൂപങ്ങളിലുണ്ട്. നാം നേരിട്ടേക്കാവുന്ന മറ്റൊരു ദുരന്തമാണ് ബഹുനില കെട്ടിടങ്ങളിലെ അഗ്നിബാധയും, അനിയന്ത്രിമായ കാട്ടുതീയും.

ഇത്തരം ദുരന്തങ്ങളെ പ്രതിരോധിക്കാന്‍ നവകേരളം സജ്ജമാണോ എന്നാണ് മാതൃഭൂമി ഫാക്ട്ചെക്ക് പരിശോധിക്കുന്നത്

ചോരാതെ കാക്കേണ്ട സുരക്ഷ

വരുംകാലത്ത് കേരളം അഭിമുഖീകരിക്കാനിടയുള്ള ഒരു വലിയ അപകടമാണ് ഓയില്‍ സ്പില്‍ അഥവാ എണ്ണച്ചോര്‍ച്ച.
ഹൈഡ്രോകാര്‍ബണ്‍ ഇന്ധനങ്ങളുടെ ചോര്‍ച്ചയാണ് പൊതുവില്‍ ഓയില്‍ സ്പില്‍ എന്ന് പറയുന്നത്.

ദിവസേന നിരവധി റോഡ് ടാങ്കറുകളാണ് കേരളത്തില്‍ അങ്ങോളമിങ്ങോളം എണ്ണയുമായി സഞ്ചരിക്കുന്നത്. ഇതിനിടെ നിരവധി ടാങ്കര്‍ അപകടങ്ങളും എണ്ണ ചോര്‍ന്നുള്ള അപകടങ്ങളും കേരളത്തില്‍ നടന്നിട്ടുണ്ട്. ഏറ്റുവുമൊടുവില്‍ ഇക്കഴിഞ്ഞ ഒക്ടോബര്‍ അഞ്ചിനു മലപ്പുറത്തെ താനൂരില്‍ ഒരു ടാങ്കര്‍ അപകടമുണ്ടായി. 2019 നവംബറില്‍ വടകരയില്‍ റോഡ് ടാങ്കര്‍ മറിഞ്ഞതിനെ തുടര്‍ന്ന് 12,000 ലിറ്റര്‍ പെട്രോളാണ് ചോര്‍ന്നത്. 2012-ല്‍ കണ്ണൂരിലെ ചാലയില്‍ എല്‍.പി.ജി. ടാങ്കര്‍ അപകടത്തില്‍ ആളപായവും ഉണ്ടായിട്ടുണ്ട്.

കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന്റെ വാര്‍ഷിക റിപ്പോര്‍ട്ട് പ്രകാരം 2019-2020 വര്‍ഷത്തില്‍ ഏകദേശം ഒരു കോടി ടണ്‍ പെട്രോളിയവും ക്രൂഡ് ഓയിലും കൊച്ചിയില്‍ ഇറക്കുമതി നടത്തിയിട്ടുണ്ട്. ഏകദേശം 42 ലക്ഷം ടണ്‍ എണ്ണ കയറ്റുമതിയും നടത്തി. കേരളത്തിനടുത്തായി സ്ഥിതി ചെയുന്ന അന്താരാഷ്ട്ര കപ്പല്‍പ്പാതയിലൂടെ നിരവധി കപ്പലുകളാണ് ദിനംപ്രതി സഞ്ചരിക്കുന്നത്. ഗള്‍ഫില്‍നിന്നു കിഴക്കനേഷ്യയിലേക്ക് എണ്ണ കൊണ്ടുപോകുന്നതും ഈ കപ്പല്‍പ്പാത വഴിയാണ്.

കൊച്ചിയില്‍ ഇറക്കുമതി ചെയ്യുന്ന എണ്ണ, കടലിനും കായലിനും അടിയിലൂടെ പോകുന്ന പൈപ്പ്ലൈന്‍ വഴിയാണ് ബി.പി.സി.എല്‍. റിഫൈനറിയിലേക്ക് എത്തിക്കുന്നത്. കൂടാതെ റിഫൈനറിയില്‍നിന്നു തമിഴ്‌നാട്ടിലെ കാരൂരിലേക്ക് ശുദ്ധീകരിച്ച എണ്ണ എത്തിക്കുന്നതിനായി 300 കിലോമീറ്റര്‍ നീളമുള്ള ഒരു പൈപ്പ്‌ലൈനും സ്ഥാപിച്ചിട്ടുണ്ട്. ഒപ്പം സിയാലിലേക്ക് ഏവിയേഷന്‍ ഇന്ധനം എത്തിക്കുന്നതിനായി മറ്റൊരു പൈപ്പ്ലൈനുമുണ്ട്.

..
കൊച്ചിയിലെ ബി.പി.സി.എല്‍. റിഫൈനറി

കരയിലും കടലിലും ഒരുപോലെ എണ്ണച്ചോര്‍ച്ച സംഭവിക്കാമെങ്കിലും കടലിലെ എണ്ണച്ചോര്‍ച്ചയാണ് താരതമ്യേന കൂടുതല്‍ ശ്രദ്ധയാകര്‍ഷിക്കുന്നത്. കാരണം, ഇന്ധനഗതാഗതം കൂടുതലും നടക്കുന്നത് കടല്‍മാര്‍ഗ്ഗമാണ്. ഒപ്പം, കരയേക്കാള്‍ വേഗതയില്‍ കൂടുതല്‍ പ്രദേശങ്ങളിലേക്ക് എണ്ണ പടരുകയും ചെയ്യും.

ഇന്ധനം കൊണ്ടുപോകുന്ന പൈപ്പ്‌ലൈനുകള്‍, എണ്ണക്കിണറുകള്‍ തുടങ്ങിയവ ഓയില്‍ സ്പില്ലിന് കാരണമാകുന്നവയാണ്. കൊച്ചി തുറമുഖവും ബി.പി.സി.എല്‍. റിഫൈനറിയും അന്താരാഷ്ട്ര കപ്പല്‍ പാതയുടെ സാമീപ്യവും കേരള തീരത്തെ മറൈന്‍ ഓയില്‍ സ്പില്ലിന് (കടലില്‍ ഉണ്ടാകുന്ന എണ്ണച്ചോര്‍ച്ച) സാധ്യതയുള്ള പ്രദേശമാക്കി മാറ്റുന്നു.

2021-ല്‍ തിരുവനന്തപുരത്തെ ട്രാവന്‍കൂര്‍ ടൈറ്റാനിയത്തിലുണ്ടായ ഇന്ധനച്ചോര്‍ച്ചയാണ് കേരളത്തില്‍ നടന്ന ഏറ്റവും വലിയ മറൈന്‍ ഓയില്‍ സ്പില്‍. അന്താരാഷ്ട്ര മാനദണ്ഡപ്രകാരം മൈനര്‍ ആയി കണക്കാക്കപ്പെടുന്ന ഒരു ചോര്‍ച്ച ആയിരുന്നു അത്. 2010-ല്‍ കോസ്റ്റ് ഗാര്‍ഡിന്റെ സമയോചിതമായ ഇടപെടല്‍ കാരണം കൊച്ചി തുറമുഖത്ത് ഒരു അപകടം ഒഴിവാക്കുവാന്‍ സാധിച്ചു.

വേളിയില്‍ 2021 ഫെബ്രുവരിയില്‍ ട്രാവന്‍കൂര്‍ ടൈറ്റാനിയത്തിന്റെ ഗ്ലാസ് ഫര്‍നന്‍സ് പൈപ്പ്ലൈനില്‍ ഉണ്ടായ
വേളിയില്‍ 2021 ഫെബ്രുവരിയില്‍
ട്രാവന്‍കൂര്‍ ടൈറ്റാനിയത്തിന്റെ
ഗ്ലാസ് ഫര്‍നന്‍സ് പൈപ്പ്ലൈനില്‍
ഉണ്ടായ എണ്ണ ചോര്‍ച്ച

ദ്രവീകൃത ഇന്ധനം ഉപയോഗിക്കുന്നതും ഇറക്കുമതി ചെയ്യുന്നതുമായ ലോകത്തെ എല്ലാ പ്രദേശങ്ങളും എണ്ണച്ചോര്‍ച്ച സാധ്യത ഉള്ളയിടങ്ങളാണ്.

.
കൊച്ചിന്‍ കപ്പല്‍ശാലയുടെ ദൃശ്യം

കൂടാതെ, കപ്പലുകള്‍ വഴി കയറ്റുമതി ചെയ്യുന്ന കെമിക്കലുകളും അപകടം നടക്കുമ്പോള്‍ കടലില്‍ പടര്‍ന്ന് പ്രശ്നങ്ങള്‍ സൃഷ്ടിക്കും. അപകടം മുന്‍കൂട്ടി കണ്ട് ഒരുങ്ങിയിരിക്കുക, സമയോചിതമായി ഇടപെടുക, സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുക എന്നിവ മാത്രമാണ് പോംവഴി. കേരളത്തില്‍ ഏതൊക്കെ പ്രദേശങ്ങളാണ് എണ്ണച്ചോര്‍ച്ചക്ക് കൂടുതല്‍ സാധ്യതയെന്നും അത്തരം ഒരു പ്രശ്നം നേരിടാന്‍ കേരളം എത്രത്തോളം സജ്ജമാണെന്നും ഇവിടെ പരിശോധിക്കുന്നു.

കേരളത്തിന് സമാനമായ സാഹചര്യങ്ങളുള്ള ലോകത്തെ മറ്റിടങ്ങളില്‍ ഓയില്‍ സ്പില്‍ ഉണ്ടായിട്ടുണ്ട്. അവയില്‍ പ്രധാനപ്പെട്ട ചിലത് ഇവിടെ വിശകലനം ചെയുന്നു.

.

ഗള്‍ഫ് ഓഫ് മെക്സിക്കോ ഓയില്‍ സ്പില്‍

അമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവും വലിയ ഓയില്‍ സ്പിലാണ് മെക്സിക്കന്‍ കടലിടുക്കില്‍ 2010-ല്‍ സംഭവിച്ചത്. ബ്രിട്ടീഷ് പെട്രോളിയം നിയന്ത്രിച്ചിരുന്ന മെക്സിക്കന്‍ കടലിടുക്കിലെ മക്കോണ്ട ഓയില്‍ ബ്ളോക്കിലാണ് 2010 ഏപ്രില്‍ 20-ന് ആദ്യമായി എണ്ണ ചോര്‍ച്ച കണ്ടുപിടിക്കുന്നത്. ആഴക്കടലില്‍ സ്ഥിതി ചെയ്യുന്ന ഓയില്‍ ബ്ലോക്ക് ആയതുകൊണ്ട് ചോര്‍ച്ചയുടെ വ്യാപ്തിയും വളരെ കൂടുതലായിരുന്നു.

നാഷണല്‍ ഓഷ്യനിക്ക് ആറ്റമോസ്‌ഫെറിക് അഡ്മിനിസ്ട്രേഷന്‍(ചഛഅട) പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം 134 മില്യണ്‍ ഗാലണ്‍ (50,65,20,000 ലിറ്റര്‍) എണ്ണയാണ് അമേരിക്കയുടെ അഞ്ചു സംസ്ഥാനങ്ങളുടെ തീരപ്രദേശങ്ങളില്‍ അന്ന് അടിഞ്ഞത്. സ്പില്‍ പൂര്‍ണമായി അടയ്ക്കാന്‍ പല മാര്‍ഗങ്ങളും അവലംബിച്ചെങ്കിലും അവയെല്ലാം പരാജയപെട്ടു. ഒടുവില്‍ 2010 സെപ്റ്റംബര്‍ 19-ന് മക്കോണ്ട ഓയില്‍ ബ്ലോക്ക് സീല്‍ ചെയ്തു. ഏതാണ്ട് 87 ദിവസത്തോളം നീണ്ടുനിന്ന സ്പില്‍ കാരണം കനത്ത പരിസ്ഥിതി നാശമാണ് അമേരിക്കന്‍ തീരപ്രദേശങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തത്.

എല്‍ പാലിറ്റോ റിഫൈനറി സ്പില്‍

2020 ഓഗസ്റ്റ് രണ്ടാം തിയതിയാണ് വെനിസ്വേലയിലെ എല്‍ പാലിറ്റോ റിഫൈനറിയില്‍ ആദ്യമായി ഓയില്‍ സ്പില്‍ കണ്ടെത്തുന്നത്. പക്ഷെ ഇത് സംബന്ധിക്കുന്ന കണക്കുകളും, പരിസ്ഥിതി ആഘാത റിപ്പോര്‍ട്ടും ഇതുവരെ സര്‍ക്കാര്‍ അധികാരികള്‍ പുറത്തു വിട്ടിട്ടില്ല. എന്നാല്‍ വെനിസ്വേലയിലെ പ്രധാനപ്പെട്ട ഒരു ദേശീയ ഉദ്യാനമായ മൊറോക്കോയ് നാഷണല്‍ പാര്‍ക്കിന്റെ തീരങ്ങളില്‍ ഏതാണ്ട് 26,730 ബാരല്‍ എണ്ണ, ഓയില്‍ സ്പില്‍ കാരണം അടിഞ്ഞിട്ടുള്ളതായി കണ്ടെത്തിയിട്ടുണ്ട്.

എല്‍ പാലിറ്റോ റീഫിനെറയില്‍ സംഭവിച്ച ഓയില്‍ സ്പില്‍ ആവാസവ്യവസ്ഥയിലും അവയുടെ ഘടകങ്ങളിലും ഉണ്ടാക്കുന്ന പ്രതികൂല പ്രത്യാഘാതങ്ങള്‍ 50 വര്‍ഷമോ അതില്‍ കൂടുതലോ നീണ്ടുനില്‍ക്കുമെന്നാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍ അവകാശപ്പെടുന്നത്.

മൗറീഷ്യസ് ഓയില്‍ സ്പില്‍

2020 ജുലൈ 25-ന് ജാപ്പനീസ് കപ്പലായ എം.വി. വകാശിയോ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ മൗറീഷ്യസ് തീരത്തിനടുത്ത് ഒരു പവിഴപ്പുറ്റില്‍ ഇടിച്ച് തകരുകയും, അതില്‍നിന്ന് 1,000 ടണ്‍ എണ്ണ കടലില്‍ കലരുകയും ചെയ്തു. ഏതാണ്ട് 4000 ടണ്‍ എണ്ണ കപ്പലില്‍ ഉണ്ടായിരുന്നു.

എന്നാല്‍, അപകടം സംഭവിച്ച സ്ഥലമാണ് ഈ ഓയില്‍ സ്പിലിനെ കൂടുതല്‍ ഗൗരവമുള്ളതാക്കുന്നത്. രണ്ടു സംരക്ഷിത സമുദ്ര ആവാസവ്യവസ്ഥകളും ബ്ലൂബേ മറൈന്‍ പാര്‍ക്ക് റിസേര്‍വ് എന്ന അന്താരാഷ്ട്ര പ്രാധാന്യമുള്ള ഒരു തണ്ണീര്‍തടവും എണ്ണ ചോര്‍ച്ചയുണ്ടായ ഈ പ്രദേശത്ത് സ്ഥിതി ചെയ്യുന്നു.

oil
ഇന്ത്യന്‍ കോസ്റ്റ്ഗാര്‍ഡും ശ്രീ ലങ്കന്‍ നേവിയും ചേര്‍ന്ന്
എക്സ്പ്രസ്സ് പേള്‍ കപ്പലിലെ തീ അണയ്ക്കാന്‍ ശ്രമിക്കുന്നു | Photo: ANI

ശ്രീലങ്കന്‍ കപ്പല്‍ ദുരന്തം

2021 ജൂണ്‍ മൂന്നിന് ശ്രീലങ്കന്‍ തീരത്തിനടുത്തു അഗ്നിബാധക്കിരയായ എക്സ്പ്രസ് പേള്‍ എന്ന ചരക്കുകപ്പല്‍ ഇന്ത്യന്‍ മഹാദാസുദ്രത്തില്‍ മുങ്ങി. ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡും ശ്രീലങ്കന്‍ നേവിയും കൂട്ടായി പരിശ്രമിച്ചിട്ടും കപ്പലിലെ തീ കെടുത്താനോ അത് മുങ്ങിവേറവാകുന്നത് തടയാനോ സാധിച്ചില്ല. കൊളംബോ തുറമുഖത്ത് നങ്കുരമിട്ടിരുന്ന ഈ കപ്പല്‍ 1,468 കണ്ടെയ്നറുകള്‍ വഹിച്ചിരുന്നു.

എന്നാല്‍, സംഭവം നടന്നു രണ്ടു മാസം കഴിഞ്ഞിട്ടും കൊളംബോ തീരത്ത് കടലാമകളും മറ്റു ജലജീവികളും വ്യാപകമായി കരയിലടിയുന്നത് നിത്യസംഭവമായി. ശ്രീലങ്ക ഇന്നോളം കണ്ടതില്‍ ഏറ്റവും വലിയ പരിസ്ഥിതി ദുരന്തമാണ് ഇത് മൂലം ഉണ്ടായത്. കപ്പലിലെ കണ്ടെയ്നറുകളില്‍ അടങ്ങിയിട്ടുള്ള നൈട്രിക് ആസിഡ്, സോഡിയം ഡയോക്സൈഡ്, ചെമ്പ്, ലെഡ്, പ്ലാസ്റ്റിക് പെല്ലെറ്റുകള്‍ എന്നിവയാകാം കടല്‍ ജീവികള്‍ ചത്തുപൊങ്ങാന്‍ കാരണം എന്ന് അധികൃതര്‍ കരുതുന്നു. ഇക്കാരണത്താല്‍ മല്‍സ്യബന്ധനത്തിനു ഈ പ്രദേശത്ത് ഇപ്പോള്‍ വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.

ഇന്ത്യയില്‍ അടുത്തിടെ നടന്ന പ്രധാന ഓയില്‍ സ്പില്‍ അപകടങ്ങള്‍


എണ്ണൂര്‍ ഓയില്‍ സ്പില്‍

2017 ജനുവരി 28-ന് ഡോണ്‍ കാഞ്ചീപുരം, ബി.ഡബ്ല്യൂ. മേപ്പിള്‍ എന്നീ രണ്ടു കപ്പലുകള്‍ കൂട്ടിയിടിച്ച് ഓയില്‍ സ്പില്‍ ഉണ്ടാവുകയും 251.46 ടണ്‍ എണ്ണ കടലിലേക്ക് ചോരുകയും ചെയ്തു. ഡയറക്ടര്‍ ജനറല്‍ ഓഫ് ഷിപ്പിങ്ങിന്റെ റിപ്പോര്‍ട്ട് പ്രകാരം കണക്കുകൂട്ടലിലെ പാളിച്ചയും രണ്ടു കപ്പലിലെയും ക്രൂ മെമ്പേഴ്സിന്റെ അശ്രദ്ധയുമാണ് അപകടകാരണങ്ങള്‍. അതോടൊപ്പം രണ്ടു കപ്പലുകളും അപകടം ഒഴിവാക്കാന്‍ നങ്കൂരം ഉപയോഗിക്കുന്നത് പരിഗണിച്ചിരുന്നില്ല.

എറണാവൂര്‍ കേന്ദ്രീകരിച്ച്, ചെന്നൈ തീരത്തിന്റെ 35 കിലോ മീറ്ററോളം പ്രസ്തുത ഓയില്‍ സ്പില്ലിന്റെ ആഘാതം നേരിട്ടിരുന്നു. ഇതോടൊപ്പം പുതുച്ചേരി, ദേവപ്പട്ടണം എന്നീ പ്രദേശങ്ങളിലും വലിയ അളവില്‍ എണ്ണയുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു. തീരദേശത്തെ എണ്ണ വിമുക്തമാകാന്‍ നടത്തിയ ശുചികരണ പ്രവര്‍ത്തനത്തില്‍ 2,000 പ്രവര്‍ത്തകരാണ് പങ്കെടുത്തത്. അപകടത്തെ തുടര്‍ന്ന് 2017 ജനുവരിയില്‍ നിര്‍ത്തിവെച്ച മല്‍സ്യബന്ധന പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിച്ചത് മെയ് മാസത്തോടെയാണ്.

തീരത്തെ മനുഷ്യരേക്കാള്‍ പ്രസ്തുത എണ്ണ ചോര്‍ച്ച കൂടുതല്‍ ബാധിച്ചത് സമുദ്രജീവികളെയാണ്. ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള സമയങ്ങളില്‍ മാത്രം നൂറോളം ഒലിവ് റിഡ്‌ലി ആമകളാണ് എണ്ണ ചോര്‍ച്ച നടന്ന പ്രദേശത്തെ തീരങ്ങളില്‍ ചത്ത് കരക്കടിഞ്ഞത്. അവയുടെ പ്രജനന സമയത്താണ് ഈ ഓയില്‍ സ്പില്‍ നടന്നതും.

.
എണ്ണൂര്‍ ഓയില്‍ സ്പിലിന്റെ ദൃശ്യങ്ങള്‍ | Photo: PTI

മുംബൈ ഓയില്‍ സ്പില്‍

2010 ഓഗസ്റ്റ് ഏഴിന് മുംബൈ തീരത്തിനടുത്ത് എം.എസ്.സി. ചിത്ര, എം.വി. ഖലീജ എന്നീ രണ്ട് കപ്പലുകള്‍ കൂട്ടിയിടിച്ചു. ഈ അപകടത്തെതുടര്‍ന്ന് എം.എസ്.സി. ചിത്രയുടെ ഓയില്‍ ടാങ്ക് പിളരുകയും, കപ്പലിലെ 1,200 ടണ്‍ എണ്ണയില്‍, 800 ടണ്ണോളം അറബിക്കടലിലേക്ക് ചോരുകയും ചെയ്തു. ഇടിയുടെ ആഘാതത്തില്‍ എം.എസ്.സി. ചിത്ര 75 ഡിഗ്രി ചരിയുകയും കപ്പലിലെ 400 കണ്ടെയ്നറുകള്‍ കടലിലേക്ക് പതിക്കുകയും ചെയ്തു. ഇവയില്‍ ചില കണ്ടെയ്നറുകളില്‍ വിഷലിപ്തമായ കീടനാശിനികള്‍ ഉണ്ടായിരുന്നു. തത്ഫലമായി തീരങ്ങളിലെ സമുദ്ര ജീവികളുടെ ആവാസ വ്യവസ്ഥ തന്നെ തകിടം മറിയുകയും മല്‍സ്യബന്ധന മേഖല വന്‍ തകര്‍ച്ച നേരിടുകയും ചെയ്തു. ഇതോടൊപ്പം ചോര്‍ന്ന എണ്ണ, തീരത്തെ കണ്ടല്‍ കാടുകളുടെ നിലനില്‍പ്പിനെ ബാധിക്കുകയും ചെയ്തു.

ഓയില്‍ സ്പില്ലിനു സാധ്യത കൂടുതലുള്ള കേരളത്തിലെ പ്രദേശങ്ങള്‍

എറണാകുളം, തിരുവനന്തപുരം, കാസര്‍ഗോഡ് എന്നീ ജില്ലകളാണ് കേരളത്തില്‍ മറൈന്‍ ഓയില്‍ സ്പില്ലിനു ഏറ്റവും കൂടുതല്‍ സാധ്യതയുള്ള ഇടങ്ങളായി കണ്ടെത്താനായത്.

എറണാകുളം

കേരളത്തിലെ നിലവിലെ ഒരേയൊരു മേജര്‍ തുറമുഖമാണ് കൊച്ചി. നിരവധി എണ്ണക്കപ്പലുകള്‍ കൊച്ചി തുറമുഖത്തു വരുന്നുണ്ട്. ഒപ്പം കണ്ടെയ്നര്‍ കപ്പലുകള്‍, ക്രൂയിസ് കപ്പലുകള്‍ എന്നിവയും കൊച്ചി തുറമുഖത്തു നങ്കൂരം ഇടുന്നു. കപ്പലുകള്‍ ബങ്കര്‍ (കപ്പലുകളുടെ സ്വന്തം ആവശ്യത്തിന് ഇന്ധനം നിറയ്ക്കുന്ന പ്രവൃത്തി) ചെയ്യുന്ന അവസരത്തില്‍ ഉണ്ടാകാനിടയുള്ള ഇന്ധന ചോര്‍ച്ച മുതല്‍, മുംബൈയിലും ചെന്നൈയിലും നടന്നത് പോലെ കപ്പലുകള്‍ പരസ്പരം കൂട്ടിയിടിച്ചും ടഗ്ഗ് കപ്പലില്‍ ഇടിച്ചുമെല്ലാം ഓയില്‍ സ്പില്‍ ഉണ്ടാകാം.

കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന്റെ കണക്കുപ്രകാരം 420 എണ്ണക്കപ്പലുകളുള്‍പ്പെടെ 1600 കപ്പലുകള്‍ 2019 -2020 കാലഘട്ടത്തില്‍ കൊച്ചി തുറമുഖം സന്ദര്‍ശിച്ചിട്ടുണ്ട്. ഇത് കൂടാതെ നേവിയുടെയും കോസ്റ്റ് ഗാര്‍ഡിന്റെയും കപ്പലുകളും കൊച്ചിയില്‍ നങ്കൂരമിടുന്നുണ്ട്.

.
കൊച്ചി തുറമുഖം

അമ്പലമുകളില്‍ സ്ഥിതി ചെയ്യുന്ന ബി.പി.സി.എല്ലിന്റെ റിഫൈനറിയിലേയ്ക്ക് എണ്ണ എത്തിക്കുന്നതിനായി പുതുവൈപ്പിനില്‍നിന്നു 19.2 കിലോമീറ്റര്‍ മാറി കടലിലായി ' സിംഗിള്‍ പോയിന്റ് മൂറിങ് സിസ്റ്റം' (എസ്.പി.എം.) 2007ല്‍ കമ്മീഷന്‍ ചെയ്തിരുന്നു. തുറമുഖത്തേക്ക് അടുക്കാന്‍ സാധിക്കാത്ത വളരെ വലിയ എണ്ണക്കപ്പലുകള്‍ക്ക് കടലില്‍ വെച്ചുതന്നെ എണ്ണ ഇറക്കുമതി ചെയ്യുന്നതിനുള്ള സൗകര്യമാണ് ഇത്.

എസ്.പി.എമ്മില്‍നിന്നു കടലിനടിയിലൂടെ ഒരു പൈപ്പ്‌ലൈന്‍ പുതുവൈപ്പിനിലെ ഷോര്‍ ടാങ്ക് ഫാമുമായും അവിടെ നിന്ന് 24 കിലോ മീറ്റര്‍ നീളമുള്ള പൈപ്പ്‌ലൈന്‍ അമ്പലമുകളിലെ റിഫൈനറിയിലേക്കും ബന്ധിപ്പിച്ചിട്ടുണ്ട്. ഈ പൈപ്പ്‌ലൈനുകള്‍ വഴിയാണ് എസ്.പി.എമ്മില്‍നിന്ന് അസംസ്‌കൃത എണ്ണ ബി.പി.സി.എല്ലിലേക്ക് കൊണ്ടുപോകുന്നത്. ഇതിന്റെ ചില ഭാഗങ്ങള്‍ കായലിനടിയിലൂടെയും കടന്നുപോകുന്നു. ഒപ്പം, തുറമുഖത്തെ ഓയില്‍ ബെര്‍ത്തില്‍നിന്നു പൈപ്പ്‌ലൈന്‍ വഴി അസംസ്‌കൃത എണ്ണ റിഫൈനറിയിലേക്ക് കൊണ്ടുപോകുന്നുമുണ്ട്.

.

സിംഗിള്‍ പോയിന്റ് മൂറിങ്

എസ്.പി.എമ്മില്‍നിന്നു വരുന്ന എണ്ണ പുതുവൈപ്പിനിലെ ''ഷോര്‍ ടാങ്ക് ഫാമിലാണ്'' ആദ്യം ശേഖരിക്കുന്നത്. ഏകദേശം മൂന്ന് ലക്ഷം കിലോ ലിറ്റര്‍ സംഭരണ ശേഷിയാണ് കടലിനോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന ഇവിടുത്തെ ടാങ്കുകള്‍ക്കുള്ളത്. തെക്കു ഭാഗത്തായി വേമ്പനാട് കായലും വടക്ക് പെരിയാറിന്റെ കൈവഴിയും വന്നു ചേരുന്ന ഒരു പ്രദേശമാണ് ഫാം സ്ഥിതി ചെയ്യുന്ന വൈപ്പിന്‍ ദ്വീപ്. അതിനാല്‍ തന്നെ, എണ്ണച്ചോര്‍ച്ച പാരിസ്ഥിതികവും സാമ്പത്തികവുമായ വലിയ ആഘാതം ഇവിടെ ഉണ്ടാക്കാം.

തിരുവനന്തപുരം

കേരളത്തില്‍ അന്താരാഷ്ട്ര കപ്പല്‍ പാത കരയുടെ ഏറ്റവും അടുത്തുകൂടെ പോകുന്ന ജില്ലയാണ് തിരുവനന്തപുരം. നിര്‍മാണം പുരോഗമിക്കുന്ന വിഴിഞ്ഞം തുറമുഖത്തുനിന്നു 10 നോട്ടിക്കല്‍ മൈല്‍ (ഏകദേശം 18.2 കിലോ മീറ്റര്‍) ദൂരത്തിലാണ് കപ്പല്‍പ്പാത സ്ഥിതി ചെയ്യുന്നത്. അതിനാല്‍തന്നെ കപ്പല്‍പ്പാതയില്‍ ഉണ്ടാകുന്ന ഓയില്‍ സ്പില്‍ തിരുവനന്തപുരത്തിന്റെ തീരത്തെ ബാധിക്കാനുള്ള സാധ്യതയുണ്ട്.

oil
വിഴിഞ്ഞം തുറമുഖം

കന്യാകുമാരി തീരവും അന്താരാഷ്ട്ര കപ്പല്‍പ്പാതയ്ക്ക് സമീപമാണ്. അതിനാല്‍ കന്യാകുമാരി തീരത്തോടു ചേര്‍ന്ന് അപകടം നടന്നാലും തിരുവനന്തപുരത്തെ ബാധിക്കാം. ഒപ്പം, ക്രൂ ചെയ്ഞ്ചിങ്ങിന്റെ ഭാഗമായി ഓയില്‍ ടാങ്കറുകളുള്‍പ്പടെ നിരവധി കൂറ്റന്‍ കപ്പലുകള്‍ തീരത്തിന് വളരെ അടുത്തേക്ക് വന്നു പോകുന്നുണ്ട്.

വിഴിഞ്ഞത്തിനു സമീപമുള്ള പൊഴിമുഖങ്ങളായ പൂവാറിലേക്കോ തിരുവല്ലത്തേയ്ക്കോ എണ്ണ പടര്‍ന്നാല്‍ അത് പുഴകളിലേക്ക് പടരാനിടയാകും. ഒപ്പം, കോവളം പോലുള്ള പ്രശസ്തമായ ബീച്ചുകളെയും അത് മോശമായി ബാധിച്ചേക്കാം.

കാസര്‍ഗോഡ്

ഓയില്‍ സ്പില്‍ ദുരന്തങ്ങളെ പറ്റിയുള്ള ചര്‍ച്ചകള്‍ വരുമ്പോള്‍ തുറമുഖമോ കാര്യമായ കപ്പല്‍ ഗതാഗതമോ ഇല്ലെന്ന കാരണത്താല്‍ അവഗണിക്കപ്പെടാന്‍ സാധ്യതയുള്ള പ്രദേശമാണ് കാസര്‍ഗോഡ്. എന്നാല്‍ ജില്ലയുടെ തൊട്ടടുത്തായി ന്യൂ മംഗളൂര്‍ എന്ന ഒരു മേജര്‍ തുറമുഖം സ്ഥിതി ചെയ്യുന്നുണ്ട്.

ന്യൂ മംഗളൂര്‍ തുറമുഖത്തോ അതിനു സമീപത്തോ നടക്കുന്ന ഓയില്‍ സ്പില്‍ കാറ്റിന്റെയും സമുദ്രജല പ്രവാഹത്തിന്റെയും ഗതി അനുസരിച്ച് കാസര്‍ഗോഡ് തീരത്തെ ബാധിക്കാനുള്ള സാധ്യതയുണ്ട്. തുറമുഖത്തുനിന്നു വെറും 25 കിലോ മീറ്റര്‍ അകലെയാണ് കേരളത്തിന്റെ അതിര്‍ത്തി.