ഒഡിഷയിലെ ബാലസോറിലുണ്ടായ തീവണ്ടിയപകടത്തിന്റെ ദൃശ്യം | Photo: PTI
ലോകത്തിലെ ഏറ്റവും നീളം കൂടിയ റെയില്‍വേ പ്ലാറ്റ്ഫോം, ഏഷ്യയിലെ ഏറ്റവും വലിയ റെയില്‍വേ ശൃംഖല, ആഡംബരത്തിന്റെ മേൽവിലാസമായി ഡെക്കാന്‍ ഒഡീസിയും മഹാരാജയും വന്ദേഭാരതും. ഒപ്പം ഗിന്നസ് ബുക്കിലും ലിംക ബുക്ക് ഓഫ് റെക്കോഡ്സിലുമെല്ലാം എഴുതിച്ചേര്‍ത്ത പേരുകള്‍. ഇങ്ങനെ റെക്കോഡുകള്‍ക്കും വര്‍ണനകള്‍ക്കും അതീതമാണ് ഇന്ത്യന്‍ റെയില്‍വേ. ഒരു രാജ്യത്ത് ഏറ്റവും കൂടുതല്‍ ആളുകൾ ആശ്രയിക്കുന്ന പൊതുഗതാഗത സംവിധാനമെന്ന നിലയ്ക്ക് വര്‍ഷാവര്‍ഷം കോടിക്കണക്കിന് രൂപ ബജറ്റ് വിഹിതത്തിലും മറ്റും കേന്ദ്രം റെയില്‍വേക്കായി മാറ്റിവെക്കുന്നുണ്ടെങ്കിലും യാത്രക്കാരുടെ സുരക്ഷയുടെ കാര്യത്തില്‍ എവിടെ എത്തിനില്‍ക്കുന്നുവെന്ന ചോദ്യമാണ് ഒടുവിലത്തെ ഒഡീഷ റെയില്‍വേ ദുരന്തത്തിന് ശേഷവും ഉയര്‍ന്ന് കേള്‍ക്കുന്നത്.
ഈ അടുത്ത കാലത്ത് ഇന്ത്യന്‍ റെയില്‍വേ കണ്ട ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നാണ് വെള്ളിയാഴ്ച രാത്രി ഒഡീഷയിലെ ബാലസോറിലെ ബഹനാഗ ബസാറില്‍ നടന്നത്. കൂട്ടിയിടിച്ചത് മൂന്ന് ട്രെയിനുകള്‍. ഏറ്റവും ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ മരണം 250 കടന്നിരിക്കുന്നു. 1981 ജൂണ്‍ ആറിന് ബിഹാറില്‍ നടന്നതായിരുന്നു ലോകത്ത് തന്നെ രണ്ടാമതും രാജ്യത്ത് ഏറ്റവും വലിയതുമായ തീവണ്ടിയപകടം. ഇതില്‍ 800 പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. ഇതിനുശേഷം ഏറ്റവും കൂടുതല്‍ യാത്രക്കാരുടെ ജീവന്‍ അപഹരിച്ച അപകടവുമായി വെള്ളിയാഴ്ച ഒഡീഷയിലേത്. ഇതൊന്നും ഒറ്റപ്പെട്ട സംഭവമല്ലതാനും. ഇവിടെയാണ് നമ്മുടെ ട്രെയിന്‍ യാത്ര ഏത്രമാത്രം സുരക്ഷിതമാണ് എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നത്. ആര്‍ക്കും ട്രെയിനിനുള്ളില്‍ കയറിച്ചെന്ന് യാത്രക്കാരില്‍ വലിയ ജീവഹാനിയുണ്ടാക്കാന്‍ സാധിക്കുമെന്നതിന് തെളിവാണ് എലത്തൂരിലെ ട്രെയിന്‍ തീവെപ്പ് സംഭവമടക്കം നല്‍കുന്നത്. റെയില്‍വേ ആധുനികവത്ക്കരണത്തിനും മറ്റുമായി കോടിക്കണക്കിന് രൂപ ചിലവിടുമ്പോഴും ജീവനക്കാരുടെ സുരക്ഷയുമായി ബന്ധപ്പെട്ട് ഇത്രയും വര്‍ഷമായി എത്രമാത്രം മുന്നോട്ടെത്തിയിട്ടുണ്ട്?

റെയിവേ വികസനം ബജറ്റ് 2.4 ലക്ഷം കോടി
2023-24 വര്‍ഷത്തെ കേന്ദ്ര ബജറ്റില്‍ റെയില്‍വേ വികസനത്തിനായി കേന്ദ്രം മാറ്റിവെച്ചത് 2.4 ലക്ഷം കോടി രൂപയാണ്. ഇന്ത്യന്‍ റെയിവേ ചരിത്രത്തില്‍ തന്നെ ഏറ്റവും വലിയ തുകയാണിത്. 2013-14 കാലത്ത് 28,174 കോടി മാത്രം മാറ്റിവെച്ചയിടത്ത് നിന്നാണ് 2022-23 ആവുമ്പോഴേക്കും 1,59,100 കോടിയും 2023-24 ആവുമ്പോഴേക്കും 2.4 ലക്ഷം കോടിയിലേക്കും ബജറ്റ് വിഹിതം വര്‍ധിച്ചത്. റെയില്‍വേയുടെ ഔദ്യോഗിക കണക്ക് പ്രകാരം 51 ശതമാനം വര്‍ധനവാണ് ഈ കാലയളവിലുണ്ടായത്. റെയില്‍വേയുടെ അടിസ്ഥാന വികസന പ്രവര്‍ത്തനങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കി കൂടുതല്‍ ഹൈസ്പീഡ് ട്രെയിനുകളെ ട്രാക്കിലെത്തിക്കുകയായിരുന്നു റെയില്‍വേ ലക്ഷ്യമിട്ടതെങ്കിലും സിഗ്നല്‍ സംവിധാനങ്ങളടക്കം ഇപ്പോഴും വലിയ വെല്ലുവിളിയാണ്. രാജധാനി, ശതാബ്ദി, തുരന്തോ പോലുള്ള ട്രെയിനുകളുടെ കോച്ച് നവീകരണത്തിന് മാത്രം 1000 കോടിയാണ് ബജറ്റില്‍ മാറ്റിവെച്ചത്. ഇത്തരം ട്രെയിനുകളുടെ ആയിരത്തിലധികം കോച്ചുകള്‍ നവീകരിക്കുമെന്നായിരുന്നു റെയില്‍വേ അറിയിച്ചത്. ഇതുവഴി കൂടുതല്‍ യാത്രക്കാരെ ട്രെയിന്‍ യാത്രയ്ക്ക് പ്രേരിപ്പിക്കുകയായിരുന്നു ലക്ഷ്യം.
ഇന്ത്യന്‍ റെയില്‍വേയെ ലോകനിലവാരത്തിലേക്ക് ഉയര്‍ത്തുകയെന്ന ലക്ഷ്യത്തോടെയാണ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ബജറ്റ് വിഹിതം അനുവദിച്ചതെന്നായിരുന്നു റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് ബജറ്റ് അവതരണത്തില്‍ ചൂണ്ടിക്കാട്ടിയത്. പരിസ്ഥിതിസൗഹൃദ ഇന്ധനത്തിലേക്ക് മാറുന്നതിന്റെ ഭാഗമായി ഈ വര്‍ഷം ഡിസംബറോടെ രാജ്യത്തെ ആദ്യ ഹൈഡ്രജന്‍ തീവണ്ടി ഓടിക്കാനും റെയില്‍പ്പാതകളുടെ വൈദ്യുതീകരണം ഈ വര്‍ഷത്തോടെ പൂര്‍ത്തിയാക്കാനും വ്യാപകമായി സൗരോര്‍ജപദ്ധതികള്‍ നടപ്പാക്കാനും ലക്ഷ്യമിട്ടിരുന്നു.
ഇങ്ങനെ യാത്രിക്കാരുടെ സൗകര്യം കൂട്ടുന്നതിനും സുഗമമായ സഞ്ചാരത്തിനും ആഡംബര സംവിധാനം ഒരുക്കുന്നതിന് കോടിക്കണക്കിന് രൂപ ചെലവഴിക്കുന്നുണ്ടെന്നാണ് റെയില്‍വേ അധികൃതര്‍ പറയുന്നത്. എന്നിട്ടും അപകടങ്ങൾക്ക് പഞ്ഞമില്ല. ഇതില്‍ പല അപകടങ്ങള്‍ക്കും കാരണം സിഗ്‌നല്‍ സംവിധാനം തെറ്റിച്ചുള്ള ട്രെയിനുകളുടെ ഓട്ടമാണെന്നാണ് വ്യക്തമായിട്ടുണ്ട്. ഇതില്‍ ജീവനക്കാരുടെ ജോലിഭാരത്തിനും പ്രധാന പങ്കുണ്ട്.
ദക്ഷിണ റെയില്‍വേയിലുള്‍പ്പെടെ രാജ്യത്ത് ലോക്കോ പൈലറ്റുമാരുടെ തസ്തിക പലയിടങ്ങളിലും ഒഴിഞ്ഞു കിടക്കുകയാണ്. വിവിധ റെയില്‍വേ ഡിവിഷനുകളിലായി 392 ലോക്കോ പൈലറ്റുകളുടെ കുറവാണുള്ളതെന്ന് ബന്ധപ്പെട്ടവര്‍ ചൂണ്ടിക്കാട്ടുന്നത്. ഇവരുടെ ജോലിസമയം പരമാവധി 12 മണിക്കൂര്‍ എന്നതാണ് കണക്ക്. അതേസമയം, ലോക്കോ പൈലറ്റുമാര്‍ കുറവായതിനാല്‍ നിലവിലെ ലോക്കോ പൈലറ്റുമാര്‍ക്ക് രാപകല്‍ വ്യത്യാസമില്ലാതെ ജോലി ചെയ്യേണ്ടിവരികയാണ്. പലപ്പോഴും ജോലി കഴിഞ്ഞ് പോകുന്നവരെ തുടര്‍ന്നും ജോലി ചെയ്യാന്‍ നിര്‍ബന്ധിക്കുകയാണ്.
കോവിഡ് കാലത്ത് നിര്‍ത്തിവെച്ച ട്രെയിന്‍ സര്‍വീസുകളെല്ലാം സാധാരണ നിലയിലായെങ്കിലും ഓരോ വര്‍ഷവും വിരമിക്കുന്ന ജീവനക്കാരുടെ എണ്ണത്തിന്റെ അടിസ്ഥാനത്തില്‍ നിയമനം നടക്കുന്നില്ല. ഇതുമൂലം ലോക്കോ പൈലറ്റുമാരുടെ ജോലി സമ്മര്‍ദം വര്‍ധിച്ചിട്ടുണ്ടെന്ന് സംഘടനാ നേതൃത്വവും ചൂണ്ടിക്കാട്ടുന്നുണ്ട്. റെയില്‍വേ സംരക്ഷണ സേനയുടെ ആയിരക്കണക്കിന് തസ്തികയും ഒഴിഞ്ഞുകിടക്കുകയാണ്. ഇതുമൂലം റെയില്‍വേ പരിസരത്ത് മാത്രമല്ല ട്രെയിനിനകത്തും വേണ്ടത്ര സുരക്ഷയൊരുക്കാന്‍ കഴിയുന്നില്ല.
.jpg?$p=eb758f7&&q=0.8)
കൂട്ടിയിടി ഒഴിവാക്കാന്‍ കവച്; പക്ഷെ അവിടേയുമെത്തിയില്ല
ട്രെയിനുകളുടെ കൂട്ടിയിടി ഒഴിവാക്കാന്‍ 2012 മുതല്‍ ഇന്ത്യന്‍ റെയില്‍വേ വികസിപ്പിച്ച സ്വതന്ത്ര സംവിധാനമാണ് കവച്. കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവും റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ വി.കെ. ത്രിപാഠിയും എതിര്‍ദിശയില്‍ നിന്ന് 200 കിലോ മീറ്റർ വേഗതയിലുള്ള രണ്ട് ലോക്കോമോട്ടീവില്‍ സഞ്ചരിച്ചായിരുന്നു കഴിഞ്ഞവര്‍ഷം ഇതിന്റെ പ്രയോഗസാധ്യത വിലയിരുത്തിയത്.. ഒരേ പാതയില്‍ രണ്ടു തീവണ്ടികള്‍ വന്നാല്‍ കൂട്ടിയിടി ഒഴിവാക്കുന്ന അത്യാധുനിക സിഗ്‌നല്‍ സംവിധാനമാണിത്. തീവണ്ടികള്‍ കൂട്ടിയിടിക്കുന്നത് തടയാനുള്ള യന്ത്രവത്കൃത സുരക്ഷാ സംവിധാനമെന്ന് പറയാം.
നിശ്ചിത ദൂരപരിധിയില്‍ ഒരേ പാതയില്‍ രണ്ടു ട്രയിനുകള്‍ വന്നാല്‍ തീവണ്ടികള്‍ താനെ നിന്നുപോകും. എസ്ഐഎല്‍ 4 സര്‍ട്ടിഫൈഡ് സാങ്കേതികവിദ്യയാണ് കവചില്‍ ഉപയോഗിക്കുക. അതായത് 10,000 വര്‍ഷത്തില്‍ ഒരു തെറ്റു മാത്രം സംഭവിക്കാനുള്ള സാധ്യതയേ ഉണ്ടാകൂ എന്നുചുരുക്കം. ട്രെയിന്‍ കൂട്ടിയിടി ഒഴിവാക്കല്‍ (ടി.സി.എ.എസ്.) അല്ലെങ്കില്‍ ഓട്ടോമാറ്റിക് ട്രെയിന്‍ പ്രൊട്ടക് ഷന്‍ സിസ്റ്റം(എ.ടി.പി.) എന്നും കവച് അറിയപ്പെടുന്നു.
ട്രെയിനുകളുടെ ബ്രേക്ക് നിയന്ത്രിക്കാനും ഡ്രൈവര്‍മാര്‍ക്ക് മുന്നറിയിപ്പ് നല്‍കാനും ലക്ഷ്യമിട്ടായിരുന്നു ഇത് നടപ്പാക്കിയതെങ്കിലും ഇപ്പോൾ അപകടം നടന്ന റൂട്ടിൽ കവച് സംവിധാനം ഏർപ്പെടുത്തിയിരുന്നില്ല. അപകടകരമായ സിഗ്നലുകള്‍ തിരിച്ചറിയാനും ട്രെയിനിന്റെ സ്പീഡ് നിയന്ത്രിക്കാനും ലോക്കോ പൈലറ്റുമാരെ സഹായിക്കുന്നുവെന്നതിനപ്പുറം ട്രെയിന്‍ സുരക്ഷിതമായാണ് മുന്നോട്ട് പോവുന്നതെന്ന് ഉറപ്പാക്കുന്നതുമായിരുന്നു കവച് സംവിധാനം. ലോക്കോ മോട്ടീവിനേയും സ്റ്റേഷനുകളേയും പരസ്പരം ബന്ധിപ്പിക്കുന്ന സംവിധാനമാണിത്. എന്നാല്‍, ഇതിപ്പോഴും പ്രാരംഭഘട്ടത്തില്‍ മാത്രമാണെന്നും ബഹനാഗബസാര്‍ അപകടം പോലുള്ള സമയത്ത് ഇത് പ്രവര്‍ത്തിക്കില്ലെന്നും ബന്ധപ്പെട്ടവര്‍ ചൂണ്ടിക്കാട്ടുന്നു.
.jpg?$p=9745ddf&&q=0.8)
സുരക്ഷ എത്രമാത്രം
ജീവനക്കാരുടെ അഭാവം റെയില്‍വേ സുരക്ഷയെ വലിയ രീതിയിലാണ് ബാധിക്കുന്നത്. ദീര്‍ഘദൂര വണ്ടികളിൽ പോലും പലപ്പോഴും ടിക്കറ്റ് പരിശോധകരോ സുരക്ഷാ ഉദ്യോഗസ്ഥരോ എത്തുന്നില്ലെന്ന് വ്യാപക പരാതി ഉണ്ട്. ആര്‍ക്കും എന്തും ചെയ്യാമെന്ന അവസ്ഥ. സി.സി.ടി.വിയാണെങ്കില്‍ വിരലിലെണ്ണാവുന്ന വണ്ടികളിലും. കുറ്റകൃത്യങ്ങള്‍ തടയുന്നതിനും കണ്ടുപിടിക്കുന്നതിനും സി.സി.ടി.വി. ദൃശ്യങ്ങള്‍ ഏറെ ഉപകാരമാവുമെങ്കിലും റിസര്‍വേഷന്‍ കോച്ചുകളില്‍ പോലും സി.സി.ടി.വിയുള്ള ട്രെയിനുകള്‍ വളരെ ചുരുക്കമാണ്.
ദക്ഷിണ റെയില്‍വേകളില്‍ 557 എ.സി. കോച്ചുകളില്‍ മാത്രമാണ് സി.സി.ടി.വി. കാമറകളുള്ളത്. രാജ്യത്തുടനീളം 6600 കോച്ചുകളില്‍ മാത്രമാണ് സി.സി.ടി.വി. കാമറ ഉള്ളതെന്നാണ് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് പാര്‍ലമെന്റിനെ അറിയിച്ചത്. ഹാള്‍ട്ടിങ് ഒഴികെയുള്ള സ്റ്റേഷനുകളില്‍ സുരക്ഷാ കാമറകള്‍ സ്ഥാപിക്കാനും റെയില്‍വേ തീരുമാനിച്ചിരുന്നു.
റെയില്‍വേയില്‍ നടപ്പാക്കുന്ന കരാര്‍വല്‍ക്കരണത്തിന്റെയും ജീവനക്കാരെ വെട്ടിക്കുറയ്ക്കുന്നതിന്റെയും പരിണതഫലം കൂടിയാണ് ആവര്‍ത്തിക്കുന്ന കുറ്റകൃത്യങ്ങളും അപകടങ്ങളുമെന്ന് ജീവനക്കാര്‍ തന്നെ വിലയിരുത്തുന്നു. രാത്രിവണ്ടികളില്‍ ഉള്‍പ്പെടെ റെയില്‍വേ പൊലീസ് പേരിന് മാത്രമാണ്. ജനറല്‍ റെയില്‍വേ പൊലീസിന്റെ സേവനം മൂലമാണ് റെയില്‍വേ അല്‍പ്പമെങ്കിലും പിടിച്ചുനില്‍ക്കുന്നത്. ട്രെയിനുകളുടെയും യാത്രക്കാരുടെയും എണ്ണം വര്‍ധിച്ചിട്ടും വരുമാനം കുത്തനെ ഉയര്‍ന്നിട്ടും യാത്രക്കാരുടെ സുരക്ഷ റെയില്‍വേയുടെ പരിഗണനയിലില്ല.
ട്രെയിനുകളില്‍ കുറഞ്ഞത് റിസര്‍വേഷന്‍ കംപാര്‍ട്ട്മെന്റുകളിലെങ്കിലും ടിക്കറ്റില്ലാത്തവര്‍ പ്രവേശിക്കുന്നത് തടയേണ്ടതാണങ്കിലും ഇത് സാധിക്കുന്നില്ല. ടി.ടി.ഇക്കും ആര്‍.പി.എഫിനുമാണ് ഇതിന്റെ ചുമതല. രണ്ട് കോച്ചുകള്‍ക്ക് പകരം ആറുവരെ കോച്ചുകളുടെ ചുമതല ഒരു ടി.ടി.ഇക്ക് ആയിരിക്കും. ജോലിഭാരം മൂലം പല കോച്ചുകളിലും അവരുടെ സാന്നിധ്യമുണ്ടാവാറില്ല. ടിക്കറ്റില്ലാത്ത യാത്രക്കാരും ലഹരി ഉപയോഗിക്കുന്നവരും സാമൂഹ്യവിരുദ്ധരും നിര്‍ബാധം ട്രെയിനുകള്‍ കൈയടക്കുകയാണ്. റിസര്‍വേഷന്‍ കോച്ചുകള്‍ അനധികൃതമായി കൈയടക്കുന്നവരോട് യാത്രക്കാര്‍ ഏറ്റുമുട്ടേണ്ടിവന്ന എത്രയോ സന്ദര്‍ഭങ്ങളുണ്ട്. യാത്രാത്തിരക്കുള്ള ഉത്സവസീസണുകളിലും മറ്റും ഈ ദുരിതം പാരമ്യത്തിലെത്തും.
അത്യാധുനിക സുരക്ഷാ ക്രമീകരണങ്ങളൊരുക്കാവുന്ന വിധം സാമ്പത്തികാടിത്തറയുണ്ട് ഇന്ത്യന്‍ റെയില്‍വേയ്ക്ക്. മുന്‍ സാമ്പത്തികവര്‍ഷത്തെ അപേക്ഷിച്ച് 42,370 കോടിയുടെ അധികവരുമാനമാണ് റെയില്‍വേ നേടിയത്. കഴിഞ്ഞവര്‍ഷം യാത്രക്കാരില്‍നിന്ന് മാത്രമുള്ള വരുമാനം 48,913 കോടി രൂപയാണെന്നാണ് റെയില്‍വേ പുറത്തുവിട്ട കണക്ക്. റിസര്‍വ് ചെയ്ത് യാത്രചെയ്യുന്നവര്‍ ഈ കാലയളവില്‍ 56% വര്‍ധിച്ചു. ഇവരില്‍നിന്നുള്ള വരുമാനം 38,483 കോടിയാണ്. റിസര്‍വേഷനില്ലാത്തവരില്‍നിന്ന് 10,430 കോടിയും. ഇതിനുപുറമേ ഒരിക്കലും ഉറപ്പില്ലാത്ത വെയിറ്റിങ് ലിസ്റ്റ് ടിക്കറ്റ് നല്‍കി പ്രതിദിനം ഏഴു കോടി രൂപ വരുമാനമുണ്ടാക്കുന്നുണ്ട്. ഇതിൽ സുരക്ഷയ്ക്ക് എത്ര പങ്ക് കിട്ടുന്നു എന്നതാണ് കാതലായ ചോദ്യം.
.jpg?$p=9815a1a&&q=0.8)
ഉള്ളത് മുഴുവന്‍ കരാര്‍ നിയമനം
കേന്ദ്രസര്‍ക്കാര്‍ തൊഴില്‍ നിയമങ്ങളില്‍ മാറ്റം വരുത്തിയതോടെ തീവണ്ടിക്കുള്ളിലും സ്റ്റേഷനുകളിലും കരാര്‍ നിയമനങ്ങളാണ് കൂടുതല്‍. പാഴ്സല്‍ വിഭാഗം, ടിക്കറ്റ് നല്‍കല്‍, തീവണ്ടി ശുചീകരണമടക്കം റെയില്‍വേ സ്റ്റേഷനുകളില്‍ കരാര്‍ നിയമനമാണ്.
തീവണ്ടി കാര്യങ്ങള്‍ നോക്കുന്ന ഭൂരിഭാഗം വിഭാഗങ്ങളിലും കരാര്‍ ജീവനക്കാരാണ്. അധികവും മറുനാട്ടുകാരും. ലോക്കോ പൈലറ്റ്, ടിക്കറ്റ് പരിശോധകര്‍, ഗാര്‍ഡ് എന്നിവര്‍ മാത്രമാണ് ഇപ്പോള്‍ തീവണ്ടിക്കുള്ളില്‍ റെയില്‍വേ ജീവനക്കാര്‍. തീവണ്ടി എ.സി. കോച്ച് അസിസ്റ്റന്റുമാരുടെ നിയമനം കഴിഞ്ഞ മാസം കരാര്‍ നല്‍കി. എ.സി. മെക്കാനിക്കുകളുടെ ജോലി ഏജന്‍സികള്‍ക്ക് നല്‍കാനും തീരുമാനമായി.
ദീര്‍ഘദൂര വണ്ടിക്കുള്ളില്‍ ശുചീകരണ ജോലികളും നേരത്തേ കരാര്‍ നല്‍കിയിരുന്നു. എ.സി. കോച്ചുകളില്‍ പുതപ്പും വിരിയും നല്‍കുന്ന ബെഡ്റോള്‍ ജീവനക്കാര്‍ മറുനാട്ടുകാരാണ്. മംഗളൂരു, തിരുവനന്തപുരം ഡിപ്പോകളില്‍ മാത്രമാണ് മലയാളികളും തദ്ദേശവാസികളുമുള്ളത്. കഴിഞ്ഞദിവസം വരെ എ.സി. അറ്റകുറ്റപ്പണിചെയ്ത റെയില്‍വേയുടെ അസി. ടെക്‌നീഷ്യന്മാരെ പിന്‍വലിച്ച് കരാര്‍ നല്‍കി. ഇനി ആ തസ്തികയില്‍ നിയമനവുമുണ്ടാകില്ല.
Content Highlights: odisha train accident vande bharat safety of passengers
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..