കിം ജോങ് ഉൻ | Photo: AP
ആണവപരീക്ഷണം, ആയുധപ്രദര്‍ശനം, അമേരിക്കയ്ക്കുള്ള ഭീഷണി...! ഉത്തര കൊറിയയും ഏകാധിപതി കിം ജോങ് ഉന്നും നിരന്തരം വാര്‍ത്തകളില്‍ ഇടം നേടുന്നത് ഇക്കാരണങ്ങളാലാണ്. എന്നാല്‍, രാജ്യം നേരിടുന്നത് കടുത്ത ഭക്ഷ്യക്ഷാമവും സാമ്പത്തിക പ്രതിസന്ധിയുമാണെന്നാണ് അടുത്തിടെ പുറത്തുവന്ന റിപ്പോര്‍ട്ടുകളിലെ സൂചന. ഔദ്യോഗികമായി കിം ഇക്കാര്യം സ്ഥിരീകരിക്കുന്നില്ലെങ്കിലും ഉത്തര കൊറിയയുടെ നിരന്തര നിരീക്ഷകരായ ദക്ഷിണ കൊറിയയാണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്.
ഭക്ഷ്യവിതരണം ആവശ്യത്തിനും താഴെ
' ഉത്തര കൊറിയയിലെ ഭക്ഷ്യക്ഷാമം ഒരു വാസ്തവമാണ്. ദിനംപ്രതി അത് വര്‍ധിച്ചു കൊണ്ടിരിക്കുകയാണ്. നിലവിലെ സ്ഥിതി തുടരുകയാണെങ്കില്‍ രാജ്യത്ത് പട്ടിണിമരണങ്ങള്‍ ഉണ്ടായേക്കാമെന്നാണ് ഉത്തര കൊറിയന്‍ വൃത്തങ്ങളെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ആഡ്യുയോസ് മാര്‍ച്ച് (Arduous March) എന്ന പേരില്‍ അറിയപ്പെടുന്ന, 1990-ലെ ഉത്തര കൊറിയന്‍ ഭക്ഷ്യക്ഷാമത്തിന് ശേഷം രാജ്യം നേരിടുന്ന ഏറ്റവും വലിയ ക്ഷാമമാണ് ഇത്തവണത്തേത് എന്നാണ് പറയപ്പെടുന്നത്. തൊണ്ണൂറുകളിലെ ക്ഷാമത്തില്‍ നൂറുകണക്കിന് ജനങ്ങളാണ് ഭക്ഷണം കിട്ടാതെ പട്ടിണിയിലായതും മരണപ്പെട്ടതും. 200 ദശലക്ഷത്തോളം വരുന്ന ആകെ ജനസംഖ്യയുടെ 3-5% ആളുകള്‍ ഭക്ഷ്യക്ഷാമത്തിന്റെ കെടുതി അന്ന് അനുഭവിച്ചതായാണ് ഔദ്യോഗിക കണക്കുകള്‍. സമാനമായ സ്ഥിതിയിലേക്കാണോ രാജ്യം വീണ്ടും കൂപ്പുകുത്തുന്നത് എന്ന ആശങ്ക അന്താരാഷ്ട്ര തലത്തില്‍ നിലനില്‍ക്കുന്നുണ്ട്.
'ഉത്തര കൊറിയയിലേക്ക് കയറ്റി അയക്കുന്ന ചരക്കുകളുടെ വിവരങ്ങളും സാറ്റലൈറ്റ് ചിത്രങ്ങളും ഐക്യ രാഷ്ട്രസഭയുടെയും ദക്ഷിണ കൊറിയയിലെ ഭരണാധികാരികളുടേയും നിരീക്ഷണങ്ങളുമെല്ലാം വിരല്‍ ചൂണ്ടുന്നത് ഉത്തര കൊറിയ ഭക്ഷ്യപ്രതിസന്ധി നേരിടുന്നുണ്ടെന്നതിലേക്ക് തന്നെയാണ്. ആളുകളുടെ ഏറ്റവും അടിസ്ഥാനപരമായ ആവശ്യങ്ങള്‍ നിറവേറ്റാനുള്ളതിനേക്കാള്‍ താഴെയാണ് ഭക്ഷ്യവിതരണം എന്നാണ് ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ മനസ്സിലാക്കാന്‍ സാധിക്കുന്നത്. ലഭ്യമായ ഭക്ഷണവസ്തുക്കള്‍ തുല്യമായി വിതരണം ചെയ്യുക എന്നത് മിലിട്ടറിക്കും സമ്പന്ന വിഭാഗത്തിനും അപ്രമാധിത്യമുള്ള ഉത്തരകൊറിയയില്‍ ചിന്തിക്കാവുന്നതിനും അപ്പുറത്താണ്. അതുകൊണ്ട് തല്‍സ്ഥിതി തുടര്‍ന്നാല്‍ അധികം വൈകാതെ ഉത്തര കൊറിയ പട്ടിണിമരണങ്ങള്‍ക്ക് സാക്ഷിയാവേണ്ടിവരും.' പീറ്റേഴ്‌സണ്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഇന്റര്‍നാഷണല്‍ ഇക്കണോമിക്‌സിലെ റിസര്‍ച്ച് അനലിസ്റ്റായ ലൂക്കാസ് കെല്ലെര്‍ പറയുന്നു.
.png?$p=a337852&&q=0.8)
കെല്ലറിന്റെ അഭിപ്രായം ശരിവെക്കുന്ന തരത്തിലുള്ള പ്രതികരണമാണ് ദക്ഷിണ കൊറിയയും നടത്തിയത്. കിമ്മിന്റെ രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ ഇതിനകംതന്നെ പട്ടിണിമരണങ്ങള്‍ നടന്നിട്ടുണ്ടാവാമെന്നാണ് ദക്ഷിണ കൊറിയ വിശ്വസിക്കുന്നത്. എന്നാല്‍, അവിടെനിന്നുള്ള വിശ്വസനീയമായ വിവരങ്ങള്‍ ലഭിക്കാന്‍ മാര്‍ഗങ്ങളില്ലാത്തതിനാല്‍ ഇത് സ്ഥാപിക്കാനുള്ള തെളിവുകള്‍ നിരത്താന്‍ ബുദ്ധിമുട്ടാണ്.
ദക്ഷിണ കൊറിയ ഉള്‍പ്പെടെയുള്ളവര്‍ ഇത്തരത്തില്‍ അഭിപ്രായപ്പെടുന്നതിന് പിന്നില്‍ മറ്റൊരു കാരണം കൂടിയുണ്ട്. ഉത്തര കൊറിയയുടെ കാര്‍ഷിക മേഖലയുടെ നവീകരണത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഉത്തര കൊറിയന്‍ നേതാവ് കിം ജോങ് ഉന്‍ കഴിഞ്ഞയാഴ്ച നാല് ദിവസത്തെ വര്‍ക്കേഴ്‌സ് പാര്‍ട്ടി യോഗം വിളിച്ചുചേര്‍ത്തിരുന്നു. രാജ്യത്തും സംസ്ഥാനത്തും കാര്‍ഷിക രംഗത്തുള്‍പ്പെടെ സമഗ്രപരിഷ്‌കരണം നടത്താന്‍ യോഗത്തില്‍ തീരുമാനമായിട്ടുണ്ട്. കാര്‍ഷികമേഖലയ്ക്ക് പുറമേ സാമ്പത്തിക നയങ്ങളില്‍ മാറ്റംവരുത്താനും കാര്‍ഷിക ഉത്പാദനത്തിന്റെ നിയന്ത്രണം ശക്തിപ്പെടുത്താനും തീരുമാനിച്ചതായാണ് റിപ്പോര്‍ട്ട്. രാജ്യത്തിന്റെ സ്ഥിതി എത്രമാത്രം ഗുരുതരമായിരിക്കുന്നുവെന്നതിന്റെ സൂചനയായാണ് കിം വിളിച്ചുചേര്‍ത്ത അടിയന്തരയോഗത്തേയും കാര്‍ഷിക പരിഷ്‌കാരങ്ങളേയും വിദഗ്ധര്‍ നിരീക്ഷിക്കുന്നത്. അതേസമയം, രാജ്യം ക്ഷാമം നേരിടുന്നുവെന്ന് ലോകം സംശയിക്കുമ്പോഴും കിം ജോങ് ഉന്‍ ഇതിനോടൊന്നും പ്രതികരിച്ചിട്ടില്ല.
.png?$p=a053122&&q=0.8)
ഉത്തര കൊറിയയെ ക്ഷാമത്തിലേക്ക് നയിച്ചത് എന്ത്?
കോവിഡ് മഹാമാരിക്ക് മുന്‍പുതന്നെ ഉത്തര കൊറിയയിലെ ജനങ്ങള്‍ പോഷകാഹാരക്കുറവ് നേരിട്ടിരുന്നുവെന്നാണ് യു.എന്‍. ഫുഡ് ആന്‍ഡ് അഗ്രികള്‍ച്ചര്‍ ഓര്‍ഗനൈസേഷന്റെ കണക്കുകള്‍ പറയുന്നത്. കോവിഡിനെ പ്രതിരോധിക്കാനായി അതിര്‍ത്തികള്‍ അടച്ചതോടെ ഭക്ഷ്യവിതരണം താറുമാറാവുകയും സ്ഥിതി കൂടുതല്‍ വഷളാവുകയും ചെയ്തു. ഇക്കുറി ഭക്ഷ്യോത്പാദനവും കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 10% കുറവാണ്. പ്രളയവും കാലാവസ്ഥയുമാണ് ഇതിലേക്ക് നയിച്ചത്.
ഉത്തര കൊറിയയുടെ നിലവിലെ പ്രതിസന്ധിക്ക് കാരണം പൂര്‍ണമായും ഉത്തരവാദി അവര്‍ തന്നെയാണെന്നാണ് വിദഗ്ധര്‍ പറയുന്നത്. പൊതുവേ എല്ലാത്തില്‍നിന്നും മാറിനില്‍ക്കുന്ന ഉത്തര കൊറിയ കോവിഡ് കാലത്തും അവരുടെ സ്വയം ഒറ്റപ്പെടല്‍ പ്രവണത വര്‍ധിപ്പിക്കുകയാണ് ചെയ്തത്, ചൈനയുമായുള്ള അതിര്‍ത്തിയുടെ 300 കിലോ മീറ്റര്‍ ചുറ്റളവില്‍ രണ്ടാമത്തെ പാളി വേലി സ്ഥാപിച്ചു. ജനങ്ങള്‍ക്ക് ചൈനയില്‍നിന്ന് സാധനങ്ങളെത്തിക്കാനുള്ള ചുരുക്കം മാര്‍ഗങ്ങളിലൊന്നായിരുന്ന ഈ വഴി തടസ്സപ്പെട്ടത് അതിര്‍ത്തി വ്യാപാരത്തെ ബാധിച്ചു.
.png?$p=521f245&&q=0.8)
2022-ല്‍ ചൈനയില്‍നിന്ന് 56 ദശലക്ഷം കിലോഗ്രാം ഗോതമ്പ് 53,280 കിലോഗ്രാം മറ്റു ഭക്ഷ്യധാന്യങ്ങൾ എന്നിവയാണ് ഉത്തര കൊറിയയിലേക്ക് കയറ്റി അയച്ചത് എന്നാണ് ഔദ്യോഗിക കണക്ക്. ഇതിന് പുറമേ അതിര്‍ത്തികളിലൂടെയുള്ള അനൗദ്യോഗിക ചരക്കുനീക്കവും നടക്കാറുണ്ട്. എന്നാല്‍, അതിര്‍ത്തി കൊട്ടിയടച്ചത് എല്ലാത്തരം വ്യാപരനീക്കങ്ങളേയും തടസ്സപ്പെടുത്തി. നിയമാനുസൃതമല്ലാതെ അതിര്‍ത്തിയിലൂടെ കള്ളക്കടത്ത് നടത്തിയെത്തിക്കുന്ന ചരക്കുകള്‍ ഉത്തരകൊറിയന്‍ ജനതയുടെ ഏറ്റവും പ്രധാനപ്പെട്ട ജീവനോപാധി ആയിരുന്നു. എന്നാല്‍, അടച്ച അതിര്‍ത്തികളും വ്യാപാരനിരോധനവും ഈ വ്യാപാരത്തെ പൂര്‍ണമായും തടസ്സപ്പെടുത്തി. അതിര്‍ത്തി കാവല്‍ക്കാരന് കൈക്കൂലി നല്‍കി ആളുകള്‍ ചൈനീസ് ഉല്‍പ്പന്നങ്ങള്‍ രാജ്യത്തേക്ക് കടത്തുന്ന കേസുകള്‍ അതിര്‍ത്തികള്‍ അടച്ചതിനു ശേഷം അവസാനിച്ചു. ഇത് ആളുകള്‍ക്ക് ചരക്ക് എത്തുന്നതിനേയും തടസ്സപ്പെടുത്തി.
ഉത്തര കൊറിയയുടെ നിലവിലെ സ്ഥിതിക്ക് കാരണം രാജ്യത്ത് വര്‍ഷങ്ങളായുള്ള സാമ്പത്തിക കെടുകാര്യസ്ഥതയാണ്. രാജ്യത്ത് വീണ്ടും നിയന്ത്രണങ്ങള്‍ കടുപ്പിക്കാനുള്ള ശ്രമങ്ങള്‍ നിലവിലെ സ്ഥിതി കൂടുതല്‍ വഷളാക്കുകയേ ഉള്ളൂവെന്നും അന്താരാഷ്ട്രകാര്യ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നുണ്ട്.
.png?$p=1319a5c&&q=0.8)
മറികടക്കാനാവുമോ പ്രതിസന്ധിയെ?
രാജ്യത്ത് ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനേക്കാള്‍ ഉത്തര കൊറിയ മുന്‍തൂക്കം നല്‍കിയത് മിസൈല്‍ പരീക്ഷണങ്ങള്‍ കൂട്ടാനും സൈനിക പരേഡ് നടത്താനുമാണ്. രാജ്യത്തിന്റെ വരുമാനം അനാവശ്യമായി ചെലവഴിക്കുകയായിരുന്നു. യു.എസിലെ കൗണ്‍സില്‍ ഓണ്‍ ഫോറിന്‍ റിലേഷന്‍സിന്റെ അഭിപ്രായത്തില്‍, 12 ലക്ഷത്തിലധികം ഉദ്യോഗസ്ഥരുള്ള ലോകത്തിലെ നാലാമത്തെ വലിയ സൈന്യമാണ് ഉത്തര കൊറിയയിലുള്ളത്. രാജ്യം അതിന്റെ മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ (ജി.ഡി.പി.) നാലിലൊന്ന് സൈനിക ആവശ്യങ്ങള്‍ക്കായി ചെലവഴിക്കുന്നതായാണ് യു.എസ്. കണക്കാക്കുന്നു. കോവിഡ് പ്രതിസന്ധിക്കും ഭക്ഷ്യക്ഷാമത്തിനുമിടയിലും ആയുധപരീക്ഷണങ്ങളില്‍ ഒരു വിട്ടുവീഴ്ചയും കിം ചെയ്തിരുന്നില്ല. ഉത്തര കൊറിയയ്ക്ക് 60 ആണവായുധങ്ങള്‍ വരെയുണ്ടെന്നും അന്താരാഷ്ട്ര ഉപരോധങ്ങള്‍ക്കിടയിലും ആയുധ പരിപാടികളുമായി മുന്നോട്ട് പോവുകയാണെന്നും 2017-ല്‍ യു.എസ്. രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
രാജ്യത്ത് നിലവിലുള്ള കുരുക്ക് മുറുക്കിയത് കിം എങ്കില്‍ കുരുക്ക് അഴിക്കാനും കിമ്മിന് മാത്രമേ സാധിക്കുകയുള്ളൂ എന്നാണ് വിദഗ്ധര്‍ പറയുന്നത്. കൊട്ടിയടച്ച അതിര്‍ത്തികള്‍ ഉത്തര കൊറിയ തുറന്ന് വ്യാപാരം പുനരാരംഭിക്കണം. ഭക്ഷ്യവസ്തുക്കളുടെ വിതരണം സുഗമമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണം. കൃഷി മെച്ചപ്പെടുത്താന്‍ നടപടികള്‍ സ്വീകരിക്കണം. ഇപ്പോള്‍ അവര്‍ ഒറ്റപ്പെട്ടിരിക്കാനും അടിച്ചമര്‍ത്താനുമാണ് ശ്രമിക്കുന്നത്. ഈ നിലപാട് മാറ്റാന്‍ രാജ്യം തയ്യാറാവണം. അല്ലാത്തപക്ഷം അവ വലിയ തിരിച്ചടി നേരിടേണ്ടി വരുമെന്ന് ഹ്യൂമന്‍ റൈറ്റ്‌സ് വാച്ചിലെ ഗവേഷകനായ ലിന യൂണ്‍ പറഞ്ഞു.
.png?$p=4c278b4&&q=0.8)
അതിര്‍ത്തിയിലൂടെയുള്ള വ്യാപാരത്തെ കിമ്മും അദ്ദേഹത്തിന്റെ ഭരണകൂടവും പ്രോത്സാഹിപ്പിക്കാത്തതിന് മറ്റൊരു കാരണം കൂടിയുണ്ട്. അനധികൃത വ്യാപാരത്തിലൂടെയെങ്കില്‍ പോലും ഒരു സംരഭകവിഭാഗം ഉയര്‍ന്നുവരുന്നത് അധികാരവര്‍ഗത്തിന് ഭീഷണിയാണെന്നും കിമ്മിന്റെ ഭരണകൂടം വിശ്വസിക്കുന്നുവെന്നും യൂണ്‍ പറഞ്ഞു.
ഉത്തരകൊറിയയിലെ സ്ഥിതിഗതികള്‍ വഷളായിക്കൊണ്ടിരിക്കുകയാണെന്നാണ് ഇന്റലിജന്‍സ് വിവരമെന്നാണ് ദക്ഷിണ കൊറിയന്‍ പ്രധാനമന്ത്രി പാര്‍ക്ക് ജിന്‍ പ്രതികരിച്ചത്. "അവരുടെ നയങ്ങള്‍ മാറിക്കൊണ്ടിരിക്കുകയാണെന്ന് വ്യക്തമാണ്. രാജ്യം അടക്കി ഭരിക്കാന്‍ കിം ശ്രമിക്കുന്നു, ഭക്ഷണം വിതരണം ചെയ്യാന്‍ നിര്‍ദേശിക്കുന്നു. പക്ഷെ. ഒന്നും പ്രാവര്‍ത്തികമാകാന്‍ പോവുന്നില്ല." ജിന്‍ പറഞ്ഞു.
ദക്ഷിണ കൊറിയന്‍ വിദേശകാര്യമന്ത്രി പാര്‍ക്ക് ജിന്‍ വിഷയത്തില്‍ പ്രതികരിച്ചത് ഇങ്ങനെയായിരുന്നു: 'നിലവിലെ സ്ഥിതിയില്‍നിന്ന് കരകയറാന്‍ ഉത്തര കൊറിയയ്ക്ക് മുന്നില്‍ ഒരു വഴി മാത്രമേയുള്ളൂ, അയല്‍രാജ്യങ്ങളുമായി സന്ധി സംഭാഷണങ്ങള്‍ക്ക് തയ്യാറാവുക. അവര്‍ നല്‍കുന്ന മനുഷ്യത്വപരമായ സഹായങ്ങളെ സ്വീകരിക്കാന്‍ തയ്യാറാവുക. ഭാവിയെ സംരക്ഷിക്കാന്‍ മുന്നിട്ടിറങ്ങുക."
.png?$p=6da70c8&&q=0.8)
രാജ്യം ക്ഷാമത്തില്‍, മക്കള്‍ക്ക് ആഡംബരജീവിതം
രാജ്യത്തെ സാധാരണക്കാര്‍ ഭക്ഷണത്തിന് കടുത്ത ക്ഷാമം നേരിടുമ്പോഴും കിമ്മും കുടുംബവും തങ്ങളുടെ സുഖലോലുപതയ്ക്ക് ഒരു വിട്ടുവീഴ്ചയും ചെയ്തിട്ടില്ലെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ആളുള്‍ നെട്ടോട്ടമോടുമ്പോഴും കിമ്മിന്റെ മകള്‍ ജു ഏ ആഡംബര വസതിയിലും ആഡംബര ഹോട്ടലുകളിലും കയറിയിറങ്ങുകയാണെന്നാണ് ദക്ഷിണ കൊറിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. നീന്തല്‍കുളത്തില്‍ കുളിക്കുന്നതും കുതിരസവാരി ചെയ്യുന്നതും മഞ്ഞില്‍ സ്‌കീയിങ് ചെയ്യുന്നതുമായ പെണ്‍കുട്ടിയുടെ റിപ്പോര്‍ട്ടുകളും പുറത്തുവിട്ടിട്ടുണ്ട്.
കിമ്മിന് ശേഷം രാജ്യത്തിന്റെ അധികാരമേറ്റെടുക്കുന്നത് ജു ഏ ആയിരിക്കുമെന്ന ഊഹാപോഹങ്ങള്‍ നിലവിലുണ്ട്. മിസൈല്‍ പരീക്ഷണത്തിനുള്‍പ്പെടെ കിമ്മിനൊപ്പം നിരവധി വേദികളില്‍ ഈ പത്ത് വയസ്സുകാരി പ്രത്യക്ഷപ്പെട്ടതാണ് ഊഹാപോഹങ്ങളിലേക്ക് നയിച്ചത്. താന്‍ ഇല്ലാതായാലും മക്കളിലൂടെ തന്റെ ഭരണം നിലനില്‍ക്കുമെന്ന സൂചനയാണ് മകളെ പൊതുവേദിയില്‍ എത്തിച്ചതിലൂടെ കിം ഉദ്ദേശിച്ചതെന്നാണ് നിരീക്ഷകര്‍ ഇതിനെ കുറിച്ച് പ്രതികരിച്ചത്.
13, 10, 6 വയസ്സുള്ള മൂന്ന് മക്കളാണ് കിമ്മിനുള്ളത് എന്നാണ് റിപ്പോര്‍ട്ട്. ആദ്യത്തേത് ആണ്‍കുട്ടിയും രണ്ടാമത്തേത് പെണ്‍കുട്ടിയുമാണ്. മൂന്നാമത്തെ കുട്ടിയെ സംബന്ധിച്ച റിപ്പോര്‍ട്ടുകളൊന്നും ലഭ്യമല്ലെങ്കിലും അതൊരു ആണ്‍കുട്ടിയാണെന്ന് സ്ഥിരീകരിക്കാത്ത വിവരമുണ്ട്. ഔപചാരിക വിദ്യാഭ്യാസം സ്വീകരിക്കുന്നില്ലെന്ന പ്രത്യേകതയും കിമ്മിന്റെ മക്കള്‍ക്കുണ്ട്.
മൂന്ന് നേരം ഭക്ഷണം കഴിക്കാന്‍ പോലും വഴിയില്ലാത്ത സ്ഥിതിയിലേക്ക് ഉത്തര കൊറിയയിലെ ജനങ്ങള്‍ എത്തിയേക്കാമെന്നാണ് ഉത്തര കൊറിയന്‍ നിരീക്ഷകര്‍ പറയുന്നത്. ക്ഷാമം പരിഹരിക്കാന്‍ അടിയന്തരമായി ഇടപെട്ടില്ലെങ്കില്‍ തൊണ്ണൂറുകളിലേതിന് സമാനമായ പ്രതിസന്ധി നേരിടേണ്ടി വരുമോ എന്ന ആശങ്ക ജനങ്ങള്‍ക്കുമുണ്ട്.
Content Highlights: North Korea’s food shortage is about to take a deadly turn for the worse Kim Jong Un
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..