ബിഹാറിലെ പരീക്ഷണം വ്യാപകമാക്കാന്‍ നിതീഷും സംഘവും; ബി.ജെ.പിയെ താഴെയിറക്കുമോ മഹാസഖ്യം?


By കെ അനൂപ് ദാസ്

4 min read
Read later
Print
Share

നിതീഷ് കുമാർ, രാഹുൽ ഗാന്ധി | Photo: ANI

''ങ്ങള്‍ പഴയ സുഹൃത്തുക്കളാണ്, സഹപ്രവര്‍ത്തകരും.'' ഭുവനേശ്വറിലെത്തിയ നിതീഷ് കുമാറുമായി കൂടിക്കാഴ്ച നടത്തിയ ശേഷം ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്നായിക് പറഞ്ഞു. സഖ്യകാര്യത്തില്‍ ചര്‍ച്ചയൊന്നും നടന്നില്ല എന്നു കൂടി പറഞ്ഞു നവീന്‍ പട്നായിക്. ഒഡീഷയിലെത്തിയപോലെ രാജ്യത്താകെ ബി.ജെ.പി. ഇതര മുഖ്യമന്ത്രിമാരേയും നേതാക്കളേയും കാണാന്‍ ഓടി നടക്കുകയാണ് നിതീഷ് കുമാര്‍. ബിഹാറില്‍ പരീക്ഷിച്ച് വിജയിച്ച മഹാസഖ്യം രാജ്യത്താകെ വളര്‍ത്തിക്കൊണ്ടു വന്ന് ബി.ജെ.പി. ഭരണത്തിന് അന്ത്യം കുറിക്കുകയാണ് നിതീഷിന്റെ മനസ്സിലെ സ്വപ്നം.

മഹാസഖ്യം വിട്ട് ബി.ജെ.പിയ്ക്കൊപ്പം പോയി പിന്നേയും ബി.ജെ.പിയെ വിട്ട് സഖ്യത്തില്‍ തിരിച്ചെത്തിയ ശേഷം നിതീഷ് ദേശീയ തലത്തിലെ സ്വപ്നങ്ങളിലൂടെയാണ് സഞ്ചരിക്കുന്നത്. ലാലു പ്രസാദ് യാദവും നിതീഷ് കുമാറും ഒരുമിച്ചാണ് ഒരു കാലത്ത് ബിഹാറിലെ മനുഷ്യരില്‍ പ്രതീക്ഷ നിറച്ചത്. പിന്നീട് വിഴിപിരിഞ്ഞ കൂട്ടുകാര്‍ ഈയിടയ്ക്ക് വീണ്ടും കണ്ടുമുട്ടി, കുശലം പറഞ്ഞ് പിരിയുന്നതിനപ്പുറം ദേശീയ രാഷ്ട്രീയത്തേക്കുറിച്ച് ഒരിക്കല്‍ക്കൂടി സംസാരിച്ചു. ആ സംസാരത്തിനൊരുവില്‍ ഇരുവരും സോണിയ ഗാന്ധിയെ കാണാന്‍ നിശ്ചയിച്ചു. കഴിഞ്ഞ സപ്തംബറില്‍ സോണിയ ഗാന്ധിയെ കണ്ട് സംസാരിച്ച പഴയ തീപ്പൊരി നേതാക്കള്‍ പ്രതിപക്ഷ ഐക്യത്തിന്റെ സാധ്യതയും ആവശ്യതകയും ചര്‍ച്ച ചെയ്തു പിരിഞ്ഞു. അത് തുടക്കം മാത്രമായിരുന്നു.

രാജ്യത്തെ എല്ലാ സംസ്ഥാനത്തുമുള്ള പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. പലയിടത്തും ഭരണത്തിലില്ലായെങ്കിലും മുഖ്യ പ്രതിപക്ഷമായോ ചില മേഖലകളിലെങ്കിലും വലിയ ശക്തിയായോ നിലനില്‍ക്കുന്നു. പല സംസ്ഥാനങ്ങളിലും പ്രാദേശിക പാര്‍ട്ടികളോട് ഏറ്റുമുട്ടിയാണ് നില്‍പ്പ്. തെലങ്കാന, ആന്ധ്ര, ഒഡീഷ, ബംഗാള്‍ എന്നിവയെല്ലാം ഉദാഹരണമായെടുക്കാം. പ്രതിപക്ഷത്തെ പ്രമുഖ ദേശീയ പാര്‍ട്ടികള്‍ സി.പി.എമ്മും ആം ആദ്മി പാര്‍ട്ടിയുമെല്ലാം ഭരിക്കുന്ന സ്ഥലങ്ങളില്‍ കോണ്‍ഗ്രസ് പ്രധാന ശക്തിയാണ്.

സംസ്ഥാന തലത്തില്‍ പരസ്പരം ഏറ്റുമുട്ടുന്നു എന്നത് കൊണ്ട് തന്നെ ദേശീയ തലത്തില്‍ കോണ്‍ഗ്രസിന്റെ മുന്‍കൈയ്യില്‍ രൂപീകരിക്കുന്ന ഒരു സഖ്യത്തില്‍ സജീവമായി നില്‍ക്കാന്‍ പല പ്രതിപക്ഷ പാര്‍ട്ടികളും ആഗ്രഹിക്കുന്നില്ല. എന്ന് മാത്രമല്ല കഴിഞ്ഞ കാലങ്ങളില്‍ പല പ്രാദേശിക പാര്‍ട്ടികള്‍ക്കും കോണ്‍ഗ്രസില്‍ നിന്ന് മോശം അനുഭവം ഏല്‍ക്കേണ്ടി വന്നതായി ആക്ഷേപമുണ്ട്. മമതയും വൈ.എസ് ജഗന്‍ മോഹന്‍ റെഡ്ഡിയും ഉള്‍പ്പെടെയുള്ള നേതാക്കള്‍ കോണ്‍ഗ്രസിനോട് കലഹിച്ചാല്‍ അവരവരുടെ പാര്‍ട്ടി രൂപീകരിച്ചത്. അതുകൊണ്ട് പ്രതിപക്ഷ ഐക്യത്തിനായി കോണ്‍ഗ്രസിന് പുറത്തുള്ള ഒരു നേതാവ് അനിവാര്യമായിരുന്നു. 2004-ലെ ഹര്‍കിഷന്‍ സിംഗ് സുര്‍ജിത്തിനെപ്പോലെ 2024-ല്‍ നിതീഷ് കുമാര്‍ മാറുമോ എന്നതാണ് പ്രസക്തമായ ചോദ്യം.

നിതീഷ് കുമാര്‍, പ്രധാനമന്ത്രി നരേന്ദ്രമോദി എന്നിവര്‍ 2019 ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ | Photo: PTI

ഏപ്രില്‍ 12

പ്രതിപക്ഷ ഐക്യ നിരയുടെ രൂപീകരണത്തില്‍ പ്രധാന ദിവസമായിരുന്നു ഇക്കഴിഞ്ഞ ഏപ്രില്‍ 12. നിതീഷ് കുമാര്‍ വീണ്ടും ഡല്‍ഹിയിലെത്തി. രാജാജി മാര്‍ഗിലെ പത്താം നമ്പര്‍ വസതിയില്‍വെച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ കണ്ടു. രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും ആ കൂടിക്കാഴ്ചയില്‍ പങ്കുചേര്‍ന്നു. കോണ്‍ഗ്രസും ബി.ജെ.പി. വിരുദ്ധ പക്ഷത്തെ പ്രാദേശിക പാര്‍ട്ടികളും അതേ പക്ഷത്തുളള ദേശീയ പാര്‍ട്ടികളും ഒരേ വേദിയില്‍ വരുന്നതിനെ സംബന്ധിച്ച് പ്രായോഗികമായ ചര്‍ച്ചകള്‍ ആ കൂടിക്കാഴ്ചയില്‍ ഉണ്ടായി.

ഇതൊരു ചരിത്രപരമായ യോഗമാണ്. വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷം ഒറ്റക്കെട്ടായി നില്‍ക്കാന്‍ തീരുമാനിച്ചു എന്ന് മല്ലികാര്‍ജുന്‍ ഖാര്‍ഗെ യോഗ ശേഷം പറഞ്ഞു. ഈ ആശയ പോരാട്ടത്തില്‍ എല്ലാ പാര്‍ട്ടികളേയും ഒരുമിച്ച് അണിനിരത്തും. രാജ്യത്തിനും സ്ഥാപനങ്ങള്‍ക്കും എതിരായ അക്രമത്തെ ഒരുമിച്ച് എതിര്‍ക്കും എന്ന് രാഹുല്‍ ഗാന്ധിയുടെ പ്രതികരണം. കൂടുതല്‍ പാര്‍ട്ടികളെ ഒരുമിപ്പിക്കാനുള്ള ശ്രമം നടത്തുമെന്ന് നിതീഷ് കുമാറും പറഞ്ഞു.

അതിന് പിന്നാലെ നിതീഷ് ആംആദ്മി പാര്‍ട്ടി കണ്‍വീനര്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ കണ്ടു. കോണ്‍ഗ്രസിനോട് ഡല്‍ഹിയില്‍ വലിയ പോരാട്ടം നടത്തുന്ന കെജ്രിവാള്‍ പക്ഷേ, ബി.ജെ.പിയെ താഴെയിറക്കാന്‍ ഐക്യം അനിവാര്യമെന്ന പ്രതികരണം പൊതുമധ്യത്തില്‍ നടത്തി. സി.പി.എം. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയേയും സി.പി.ഐ. ജനറല്‍ സെക്രട്ടറി ഡി. രാജയേയും നിതീഷ് കണ്ടു. കോണ്‍ഗ്രസിനെ വലിയ താല്‍പര്യമൊന്നുമില്ലാത്ത സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമത ബാനര്‍ജിയും നിതീഷിനെ സ്വീകരിച്ചു. ഒരുമിച്ച് നിന്ന് ബി.ജെ.പിയെ നേരിടണം എന്ന ആഗ്രഹം പ്രതിപക്ഷത്ത് ഉണ്ട്.

ആ വിശാല സഖ്യത്തില്‍ കോണ്‍ഗ്രസിന്റെ സ്ഥാനം എവിടെയായിരിക്കണം എന്നത് സംബന്ധിച്ചാണ് പ്രാദേശിക പാര്‍ട്ടികള്‍ക്കും കോണ്‍ഗ്രസിനും അവ്യക്തതയുള്ളത്. വിട്ടുവീഴ്ചകള്‍ക്ക് തയ്യാറാണ് എന്ന നിലയിലെ കോണ്‍ഗ്രസ് സമീപനം കാര്യങ്ങള്‍ ഒരുഘട്ടം വരെ എളുപ്പമാക്കുന്നുണ്ട്. തൃണമൂല്‍ കോണ്‍ഗ്രസിനേയും ആംആദ്മി പാര്‍ട്ടിയേയും സഖ്യത്തിലെത്തിക്കണം എന്ന് നിതീഷ് കുമാറിന് പുറമെ ശരത് പവാറും കോണ്‍ഗ്രസിനോട് ആവശ്യപ്പെട്ടതാണ്. പ്രാദേശിക പാര്‍ട്ടികളുമായി രാജ്യത്താകമാനം നിതീഷ് കുമാറിനുള്ള ബന്ധം കൂടിക്കാഴ്ചകളില്‍ ഗുണപ്പെട്ട് തുടങ്ങിയിട്ടുണ്ട്.

നിതീഷ് കുമാര്‍, നവീന്‍ പട്നായിക്

മെയ് 18

ബി.ജെ.പിയുമായി സഹകരിച്ച് മുന്നോട്ട് പോകുന്ന ബിജു ജനതാദളിനേയും വൈ.എസ്ആര്‍. കോണ്‍ഗ്രസിനേയും പ്രതിപക്ഷ ഐക്യനിരയുടെ ഭാഗമാക്കുക നിതീഷിന് മുന്നിലെ വലിയ വെല്ലുവിളിയാണ്. എന്നാല്‍ തൃണമൂല്‍ കോണ്‍ഗ്രസ്, ബി.ആര്‍.എസ്., എ.എ.പി., സമാജ്വാദി പാര്‍ട്ടി, ജെ.എം.എം.,ഡി.എം.കെ., എന്‍.സി.പി., ശിവസേന എന്നിവയ്ക്കൊപ്പം കോണ്‍ഗ്രസിനേയും ഒരുമിപ്പിച്ച് നിര്‍ത്താന്‍ കഴിഞ്ഞാല്‍ അത് നിതീഷിന്റെ വിജയമായിരിക്കും. ഈ മാസം 18-ന് പട്നയില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം നിതീഷ് വിളിച്ച് ചേര്‍ക്കുന്നുണ്ട്. ഈ യോഗവുമായി ഏതെല്ലാം പാര്‍ട്ടികള്‍ സഹകരിക്കും, പങ്കെടുക്കുന്ന പാര്‍ട്ടികളിലെ തന്നെ ഒന്നാം നിര നേതാക്കള്‍ എത്തുമോ എന്നതെല്ലാം ഐക്യ രൂപീകരണത്തില്‍ പ്രധാനമാണ്. സുപ്രധാനമായ രണ്ടാം ഘട്ടത്തിലേയ്ക്ക് കടക്കുകയാണ് പ്രതിപക്ഷ ഐക്യ നീക്കം എന്ന് ചുരുക്കം.

മെയ് 13

കര്‍ണാടക തിരഞ്ഞെടുപ്പ് ഫലം എന്ത് എന്നത് പ്രതിപക്ഷ ഐക്യനിരയുടെ രൂപീകരണത്തിലും നിര്‍ണായകമാകും. കോണ്‍ഗ്രസ് വലിയ ഒറ്റക്കക്ഷിയാകുകയും അധികാരത്തിലേറുകയും ചെയ്താല്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ക്കിടയിലും കോണ്‍ഗ്രസിന്റെ ശക്തി വര്‍ധിക്കും. ആത്മവിശ്വാസത്തോടെ പ്രതിപക്ഷ പാര്‍ട്ടികള്‍ക്കിടയില്‍ നില്‍ക്കാന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് സാധിക്കും. എന്നാല്‍ അവിടെയും തോല്‍വിയാണ് ഫലമെങ്കില്‍ കോണ്‍ഗ്രസിന്റെ നില പരുങ്ങലിലാകും. ജെ.ഡി.എസുമായി കര്‍ണാടകയില്‍ കോണ്‍ഗ്രസിന് നല്ല ബന്ധം സ്ഥാപിക്കാന്‍ കഴിഞ്ഞാല്‍ അത് ലോക്സഭാ തിരഞ്ഞെടുപ്പില്‍ക്കൂടി ഗുണം ചെയ്യും. അത് കൊണ്ട് മെയ് 13-ന് പ്രതിപക്ഷ ഐക്യ ചര്‍ച്ചകളിലും വലിയ സ്ഥാനമുണ്ട്.

ഒരു സീറ്റ് ഒരു സ്ഥാനാര്‍ത്ഥി

പ്രതിപക്ഷ വോട്ടുകള്‍ ഒരു കാരണവശാലും ഭിന്നിച്ച് പോകരുതെന്ന്‌ ആഗ്രഹിക്കുന്നുണ്ട് നേതാക്കള്‍. അതിനുള്ള നിര്‍ദേശമാണ് 'ഒരു സീറ്റ് ഒരു സ്ഥാനാര്‍ത്ഥി എന്നത്.' ബി.ജെ.പിയ്ക്കെതിരെ ഓരോ മണ്ഡലത്തിലും പ്രതിപക്ഷത്തിന് ഒരു സ്ഥാനാര്‍ത്ഥി മാത്രം എന്നതാണ് നിര്‍ദേശം. നാനൂറ് സീറ്റിലെങ്കിലും പൊതു സ്ഥാനാര്‍ത്ഥിയുണ്ടാകണം എന്ന് നിതീഷ് ഉള്‍പ്പെടെ പ്രധാന നേതാക്കള്‍ ആഗ്രഹിക്കുന്നു. എന്നാല്‍ ബംഗാള്‍, ഡല്‍ഹി, പഞ്ചാബ്, കേരളം, തെലങ്കാന എന്നിവിടങ്ങളില്‍ പ്രതിപക്ഷത്തിന്റെ പൊതു സ്ഥാനാര്‍ത്ഥി ആലോചന എങ്ങനെ നടപ്പിലാകും എന്ന പ്രശ്നമുണ്ട്. അതുകൊണ്ട് ബി.ജെ.പി. ശക്തമായ ഇടങ്ങളില്‍ പൊതുസ്ഥാനാര്‍ത്ഥി എന്ന തീരുമാനത്തിലേയ്ക്ക് കടക്കാനാണ് സാധ്യത. ഇക്കാര്യങ്ങളിലെല്ലാം പ്രധാന തീരുമാനങ്ങള്‍ മെയ് 18-ന് പ്രതീക്ഷിക്കാം. ആര് നേതാവ് എന്ന ചര്‍ച്ച വഴിയേ നടക്കും, ആരൊക്കെയുണ്ടാകും എന്നതാണ് ഇപ്പോഴത്തെ ചര്‍ച്ച.

Content Highlights: Nitish Kumar Met Naveen Patnaik Opposition Unity to beat BJP

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
train accident

5 min

ആർഭാടത്തിൽ കുതിച്ചാൽ മതിയോ? ലക്ഷ്യസ്ഥാനത്ത് സുരക്ഷിതമായി എത്തുകയും വേണ്ടേ?

Jun 3, 2023


ബാഗ്മതി ട്രെയിന്‍ ദുരന്തം
Premium

4 min

അഴുകിയ ജഡങ്ങള്‍ക്കായി വല വിരിച്ച ബാഗ്മതി; 42 വര്‍ഷം കഴിഞ്ഞിട്ടും ട്രാക്ക് തെറ്റാതെ ദുരന്തസ്മരണ

Jun 3, 2023


Brijbhushan
Premium

7 min

ബ്രിജ്ഭൂഷണ് മുന്നില്‍ എല്ലാം വഴി മാറും, ഇനി സന്യാസിമാരുടെ മാർച്ച്; മാറ്റുമോ കേന്ദ്രം പോക്‌സോ നിയമം?

Jun 1, 2023

Most Commented