ബ്രിട്ടീഷുകാര്‍ വിഭാവനം ചെയ്ത പാത; സമയ ലാഭം, നിലമ്പൂര്‍-നഞ്ചന്‍കോട് പദ്ധതി സര്‍ക്കാര്‍ അട്ടിമറിച്ചതോ


രാജി പുതുക്കുടിപ്രതീകാത്മക ചിത്രം| ഫോട്ടോ മാതൃഭൂമി

സില്‍വര്‍ ലൈന്‍ പാതയ്ക്കായുളള കേന്ദ്രാനുമതിയും വിദേശവായ്പയും വഴിമുട്ടി നില്‍ക്കുമ്പോഴും സര്‍ക്കാര്‍ പദ്ധതിയില്‍ ഉറച്ചുതന്നെയാണ്. ഭൂമി ഏറ്റെടുക്കാന്‍ നിയോഗിച്ച ഉദ്യോഗസ്ഥരുടെ കാലാവധി നീട്ടി. റെയില്‍വേ ബോര്‍ഡിന്റെ അനുമതി കിട്ടിയാലുടന്‍ ടെന്‍ഡറിലേക്ക് കടക്കാനുള്ള നടപടി ക്രമങ്ങളും സ്വീകരിച്ചു. സില്‍വര്‍ലൈന്‍ എന്ത് വിലകൊടുത്തും നടപ്പാക്കുമെന്ന് പറഞ്ഞ് സര്‍ക്കാര്‍ മുന്നോട്ട് പോകുമ്പോള്‍ അതേ സര്‍ക്കാരിന്റെ അനാസ്ഥ കൊണ്ട് മറ്റൊരു പാത ഇല്ലാതാവുകയാണ് നിലമ്പൂര്‍- നഞ്ചന്‍കോട് പാത.

കര്‍ണാടക സര്‍ക്കാരിന്റെ അനുമതി ഇല്ലാത്തതിനാല്‍ പദ്ധതി ഉപേക്ഷിക്കുകയാണെന്ന് മുഖ്യമന്ത്രി പറയുമ്പോള്‍ തലശ്ശേരി- മൈസൂരു പാതയ്ക്ക് വേണ്ടി നിലമ്പൂര്‍-നഞ്ചന്‍കോട് പാത അട്ടിമറിച്ചെന്ന ആരോപണം ശക്തമാക്കുകയാണ് വര്‍ഷങ്ങളായി ഈപാത യാഥാര്‍ത്ഥ്യമാക്കാന്‍ ശ്രമങ്ങള്‍ നടത്തിയ മൈസൂര്‍-നിലമ്പൂര്‍ റെയില്‍വേ ലൈന്‍ ആക്ഷന്‍ കൗണ്‍സിലും പാതയ്ക്ക് വേണ്ടി സാധ്യതാപഠനം നടത്തിയ ഇ.ശ്രീധരനും കെപിസിസി ജനറല്‍ സെക്രട്ടറി ആര്യാടന്‍ ഷൗക്കത്തുമെല്ലാം. ഇടതുസര്‍ക്കാര്‍ തലശേരി- മൈസൂര്‍ പാതയുടെ പേരില്‍ നിലമ്പൂര്‍-നഞ്ചന്‍കോട് പാത അട്ടിമറിച്ചെന്നും ഇത് പുറത്താവാതിരിക്കാന്‍ വന്യജീവി സംരക്ഷണത്തിന്റെ പേരില്‍ കര്‍ണാടക സര്‍ക്കാര്‍ അനുമതി നിഷേധിച്ചെന്ന് പ്രചരിപ്പിക്കുകയാണെന്നുമാണ് ഈ പദ്ധതിക്ക് വേണ്ടി പ്രവര്‍ത്തിച്ചവര്‍ ഉയര്‍ത്തുന്ന ആരോപണം.

നഞ്ചന്‍കോട് നിന്നും തുടങ്ങി അമ്പലൂ-കല്ലമ്പലു-സര്‍ഗൂര്‍-ഹെഗനൂര്‍ വഴി കേരളത്തിലെ സുല്‍ത്താന്‍ ബത്തേരിയിലും പിന്നീട് മീനങ്ങാടി-കല്‍പറ്റ-മേപ്പാടി- ചൂരല്‍മല-പോത്തുകല്ല്-അകമ്പാടം-നിലമ്പൂര്‍ റെയില്‍വേ സ്റ്റേഷനിലും എത്തിച്ചേരുന്ന രീതിയിലാണ് പാത വിഭാവനം ചെയ്തത്. നിലവില്‍ കൊച്ചിയില്‍ നിന്ന് ബെംഗളൂരുവിലേക്കുള്ള യാത്രാദൂരം 137 കിലോമീറ്ററും മൈസൂരുവിലേക്ക് 400 കിലോമീറ്ററിലധികവും കുറയുമെന്നതായിരുന്നു പാതയുടെ ഏറ്റവും വലിയ പ്രത്യേകത.

പാത യാഥാര്‍ത്ഥ്യമായിരുന്നെങ്കില്‍ ബെംഗളൂരുവില്‍നിന്നു ഷൊര്‍ണൂരെത്താന്‍ വേണ്ടിയിരുന്നത് അഞ്ച് മണിക്കൂറാണ്. ഇപ്പോള്‍ എടുക്കുന്ന സമയത്തിന്റെ നേര്‍പകുതി. കേരളത്തില്‍ നിന്ന് മറ്റ് സംസ്ഥാനങ്ങളിലേക്കുള്ള ചരക്കുനീക്കത്തിലും ഏറെ സമയലാഭം. ഇത്തരത്തില്‍ ബെംഗളൂരു ഉള്‍പ്പടെയുള്ള കര്‍ണ്ണാടകയിലെ വിവിധ ഭാഗങ്ങളിലേക്കും തിരിച്ചുമുള്ള യാത്രയും ചരക്കുനീക്കവും എളുപ്പമാക്കുന്ന പാതയായിട്ടുകൂടി സര്‍ക്കാര്‍ ഈ പാത യാഥാര്‍ത്ഥ്യമാക്കുന്നതില്‍ മതിയായ താത്പര്യം കാണിച്ചില്ലെന്നതാണ് യാഥാര്‍ഥ്യം..

ബ്രീട്ടീഷുകാര്‍ വിഭാവനം ചെയ്ത പാത

1927-ലാണ് ഷൊര്‍ണൂര്‍ - നിലമ്പൂര്‍ പാതയുടെ നിര്‍മാണം പൂര്‍ത്തിയാവുന്നത്. നിലമ്പൂരിലെ തേക്ക്, കൊച്ചി തുറമുഖത്ത് എത്തിച്ച് വിദേശത്ത് എത്തിക്കുകയായിരുന്നു ലക്ഷ്യം. സൗത്ത് ഇന്ത്യന്‍ റെയില്‍വേ വര്‍ക്കിങ് പ്ലാനില്‍ ഇതിന്റെ രണ്ടാംഘട്ടമായി നിലമ്പൂരില്‍ നിന്ന് പാത വയനാട് വഴി മൈസൂരിലേക്കോ നഞ്ചന്‍കോടിലേക്കോ ബന്ധിപ്പിക്കാനായിരുന്നു ഉദ്ദേശിച്ചത്. ഇതുവഴി കര്‍ണാടകയിലേക്കും അവിടെ നിന്ന് ഉത്തരേന്ത്യയിലെ വിവിധ ഭാഗങ്ങളിലേക്കുമുള്ള യാത്രയും ചരക്ക് നീക്കവും എളുപ്പമാക്കുകയായിരുന്നു കണക്കുകൂട്ടല്‍. പക്ഷെ രണ്ടാം ലോക മഹായുദ്ധ കാലത്ത് ഇരുമ്പ് ക്ഷാമം വന്നപ്പോള്‍ റെയില്‍പാളം തന്നെ പൊളിച്ചു കൊണ്ടുപോയി. 1941-ല്‍ പാത ഇല്ലാതായി. തൊട്ടുപിന്നാലെ ബ്രിട്ടീഷുകാര്‍ ഇന്ത്യ വിടുകയും ചെയ്തു. പിന്നീട് 1951-ല്‍ ഷൊര്‍ണൂര്‍- അങ്ങാടിപ്പുറം പാതയും 1954-ല്‍ അങ്ങാടിപ്പുറം നിലമ്പൂര്‍ പാതയും നിര്‍മിച്ചെങ്കിലും നിലമ്പൂര്‍-നഞ്ചന്‍കോട് പാതയെന്ന ആശയം കുറേക്കാലത്തേക്ക് ആരും ചര്‍ച്ച ചെയ്തില്ല.

2013-ല്‍ സാധ്യതാ പഠനം, ചുമതലക്കാരനായത് ഇ ശ്രീധരന്‍

1990 മുതല്‍ തന്നെ കൊങ്കണ്‍ റെയില്‍വേ പോലെ തന്നെ ആവശ്യമുള്ള പാതയാണ് നിലമ്പൂര്‍ പാതയെന്ന് കാണിച്ച് സര്‍ക്കാരിന്റെ ശ്രദ്ധയിലേക്ക് ഇക്കാര്യം എത്തിക്കാനുളള ശ്രമം നടത്തിയിരുന്നെങ്കിലും ഇത് അധികാരികളുടെ ശ്രദ്ധയില്‍പ്പെടാന്‍ സമയം എടുത്തു. 2002-ലാണ് നിലമ്പൂര്‍- നഞ്ചന്‍കോട് പാത വീണ്ടും ചര്‍ച്ചകളില്‍ ഇടം പിടിക്കുന്നത്. ഒ.രാജഗോപാല്‍ കേന്ദ്ര റയില്‍വേ സഹമന്ത്രിയായിരുന്ന കാലത്തായിരുന്നു ഇത്. അദ്ദേഹത്തിന്റെ സജീവ ഇടപെടലുകളുടെ ഭാഗമായി നഞ്ചന്‍കോട്-നിലമ്പൂര്‍ പാതയുടെ സര്‍വേ നടത്താന്‍ ഉത്തരവായെങ്കിലും രാഷ്ട്രീയ പാര്‍ട്ടികളുടെ ചരടുവലികളില്‍ കുടുങ്ങി സര്‍വേ തുടങ്ങാന്‍ വൈകി. പത്തു വര്‍ഷത്തിന് ശേഷം 2013-ലാണ് സര്‍വേ നടത്താന്‍ വീണ്ടും ഉത്തരവിടുന്നത്. പദ്ധതിയുടെ സാധ്യതാ പഠനത്തിനായി ഇ. ശ്രീധരനെയാണ് നിയോഗിച്ചത്.

2016-17 ലെ കേന്ദ്ര ബജറ്റില്‍ പാത അനുവദിച്ചുകൊണ്ട് ഉത്തരവും വന്നു. പാതയ്ക്കായി 6000 കോടി രൂപയാണ് റെയില്‍വേ ബജറ്റില്‍ കണക്കാക്കിയത്. കേന്ദ്രവും സംസ്ഥാനവും സംയുക്തമായി പദ്ധതി നടപ്പാക്കണമെന്നും ഇതിനുവേണ്ടി പകുതി തുക കേന്ദ്രസര്‍ക്കാര്‍ നല്‍കാം എന്നും സമ്മതിച്ചു. അതോടെ ഭാവിയില്‍ നടപ്പിലാക്കേണ്ട പദ്ധതികള്‍ രേഖപ്പെടുത്തുന്ന റെയില്‍വേയുടെ പിങ്ക് ബുക്കില്‍ പദ്ധതി ഉള്‍പ്പെട്ടു. അതോടെയാണ് ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷന്‍ സര്‍വേ നടപടികള്‍ തുടങ്ങിയത്.

2016-ല്‍ യുഡിഎഫ് സര്‍ക്കാര്‍ സര്‍വേക്കായി ആറ് കോടി രൂപ അനുവദിച്ചതോടെ ഡിഎംആര്‍സി (ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷന്‍ ) സര്‍വേയുടെ പ്രാരംഭഘട്ടവും തുടങ്ങി. എട്ടുകോടി അനുവദിച്ചതില്‍ രണ്ടു കോടിയെങ്കിലും ആദ്യഘട്ടമായി നല്‍കണമെന്ന് ഡിഎംആര്‍സി സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെടുകയും ആ തുക ട്രഷറി വഴി അനുവദിക്കുകയും ചെയ്തു. കെ-റെയില്‍ മാതൃകയില്‍ ഇതിനായി കമ്പനിയും രൂപീകരിച്ചു. പക്ഷെ അതേ വര്‍ഷം തിരഞ്ഞെടുപ്പിന് ശേഷം ഇടത് സര്‍ക്കാര്‍ അധികാരത്തില്‍ വരികയും നിലമ്പൂര്‍ - നഞ്ചന്‍കോട് പാതയുടെ സര്‍വേയ്ക്കായി അനുവദിച്ച 2 കോടി രൂപ തിരിച്ചുപിടിക്കുകയുമാണ് ഉണ്ടായത്

പിണറായിക്ക് വേണ്ടിയിരുന്നത് തലശ്ശേരി മൈസുരൂ പാത - ഇ.ശ്രീധരന്‍

2015-ല്‍ നിലമ്പൂര്‍ നഞ്ചന്‍കോട് പാതയ്ക്കായി കര്‍ണാടക ചീഫ് സെക്രട്ടറി, വനം കണ്‍സര്‍വേറ്റര്‍, ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നുവെന്ന് ഇ. ശ്രീധരന്‍ പറയുന്നു. സംസ്ഥാന സര്‍ക്കാരിന്റെ അനുമതിയോടെയായിരുന്നു കൂടിക്കാഴ്ച. വനത്തിലൂടെ പാത കടന്നു പോകുന്ന ഭാഗത്ത് ഭൂഗര്‍ഭ പാതയായി റെയില്‍വേ ലൈന്‍ നിര്‍മിക്കുന്നതിനെക്കുറിച്ചാണ് കൂടിക്കാഴ്ചയില്‍ സംസാരിച്ചത്. ഹെഗനൂര്‍ മുതല്‍ കേരള വനാതിര്‍ത്തിയായ വള്ളുവാടിക്കടുത്തുവരെയായിരുന്നു ഭൂഗര്‍ഭപാത. ഇതില്‍ ഉദ്യോഗസ്ഥര്‍ക്ക് എതിര്‍പ്പുണ്ടായില്ല. തുടര്‍ന്ന്, അന്നത്തെ മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് മുമ്പിലും പദ്ധതി വിശദീകരിച്ചു. പദ്ധതിയില്‍ എതിര്‍പ്പില്ലെന്നും പാതയ്ക്ക് കേന്ദ്രാനുമതി കിട്ടാന്‍ കത്തയയ്ക്കാമെന്നും കര്‍ണാടക സര്‍ക്കാര്‍ അറിയിച്ചു. തുടര്‍ന്ന് നിലമ്പൂരില്‍ ഓഫിസ് തുറന്ന് അലൈന്‍മെന്റ് തയാറാക്കിയെന്നും ട്രാന്‍സ്‌പോര്‍ട്ടേഷന്‍ സര്‍വേയ്ക്ക് കരാര്‍ നല്‍കിയെന്നും ഇ ശ്രീധരന്‍ പറയുന്നു. ഇതിനിടെ 2016-ല്‍ ഇടതുമുന്നണി അധികാരത്തിലെത്തിതോടെയാണ് പദ്ധതി നിര്‍ത്തിവയ്പിച്ചെന്നും ഇ ശ്രീധരന്‍ പറയുന്നു.

2016-ല്‍ സര്‍വേയ്ക്ക് ആദ്യഘട്ടമായി അനുവദിച്ച രണ്ട് കോടി തിരിച്ചെടുക്കുമ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത് നിലമ്പൂര്‍ -നഞ്ചന്‍കോട് പാതയല്ല വേണ്ടത് തലശ്ശേരി - മൈസൂരു പാതയാണെന്ന് ഇ.ശ്രീധരന്‍ പറയുന്നു. ഡെല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ പാതയുടെ നിര്‍മാണത്തിനുള്ള പ്രാരംഭ നടപടികള്‍ തുടങ്ങിയിരുന്നു. അലൈന്‍മെന്റ് തീരുമാനിക്കുകയും ട്രാഫിക് സര്‍വേയ്ക്ക് ഓര്‍ഡര്‍ കൊടുക്കുകയും ഗ്രൗണ്ട് സര്‍വേയ്ക്കുള്ള പ്രിലിമിനറി ഇന്‍വസ്റ്റിഗേഷനും പൂര്‍ത്തിയാക്കുകയും ചെയ്തതിന് ശേഷമായിരുന്നു ഇതെന്നും ഇ ശ്രീധരന്‍ പറയുന്നു. കോഴിക്കോട് ഓഫീസും തുടങ്ങി. തലശ്ശേരി- മൈസൂരു ലൈന്‍ മതിയെന്നാണ് പറഞ്ഞത്. തലശ്ശേരി- മൈസൂരു പാതകൊണ്ട് കേരളത്തിന് യാതോരു ഉപകാരവും ഇല്ലെന്നും കുറ്റിപ്പുറത്തിന് വടക്കോട്ട് ഉള്ളവര്‍ക്ക് മാത്രമേ ഈ പാതകൊണ്ട് പ്രയോജനം ഉണ്ടാവൂ എന്നും മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് ബോധ്യപ്പെടുത്തിയെന്നും ഇ ശ്രീധരന്‍ പറയുന്നു.

കര്‍ണടകത്തിന് കൊച്ചി തുറമുഖമോ വിഴിഞ്ഞം തുറമുഖമോ ഉപയോഗിക്കാനും കേരളത്തിന്റെ എല്ലാ ഭാഗത്തും ഉള്ള ജനങ്ങള്‍ക്ക് പ്രയോജനപ്പെടുന്നതും നിലമ്പൂര്‍-നഞ്ചന്‍കോട് പാതയാണെന്നും മുഖ്യമന്ത്രിയെ അറിയിച്ചിരുന്നു. പക്ഷെ അപ്പോഴും തലശ്ശേരി-മൈസൂരുപാതയ്ക്ക് വേണ്ടി പ്രാഥമിക പഠനം നടത്താനാണ് മുഖ്യമന്ത്രി ആവശ്യപ്പെട്ടത്. ഇതിനുവേണ്ടി 50 ലക്ഷം രൂപയും അനുവദിച്ചു. മുഖ്യമന്ത്രിയുടെ ആവശ്യപ്രകാരം പഠനം നടത്തി റിപ്പോര്‍ട്ടും സമര്‍പ്പിച്ചു.

തലശ്ശേരി-മൈസൂര്‍ പാതയിലൂടെ യാത്രക്കാര്‍ കുറയുമെന്നും ഒരുപാട് സംരക്ഷിതവനങ്ങളും വന്യജീവി സങ്കേതങ്ങളും കീറിമുറിച്ച് വേണം പാത കടന്നുപോകാന്‍ എന്നുമായിരുന്നു സാധ്യതാ പഠനത്തിലെ കണ്ടെത്തല്‍. പാത നഷ്ടത്തിലുള്ളതായിരിക്കുമെന്നും നിലമ്പൂര്‍ ലൈനിന് ഇന്‍വെസ്റ്റ് റേറ്റ് ഓഫ് റിട്ടേണ്‍സ് (ഐര്‍ആര്‍) +20ശതമാനം ആണെന്നും (നൂറ് രൂപ ചെലവഴിച്ചാല്‍ 120 രൂപ തിരിച്ച് കിട്ടും) അതേ സമയം തലശ്ശേരി-മൈസൂര്‍ പാതയുടെ ഐആര്‍ആര്‍ -8 ആണെന്നും ( നൂറ് രൂപ ചെലവഴിച്ചാല്‍ തിരിച്ച് കിട്ടുക 92) റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നെന്നും ശ്രീധരന്‍ പറയുന്നു. നഷ്ടം വരുത്തിവെക്കുന്ന പാത ചെയ്യാന്‍ താന്‍ തയ്യാറാല്ലെന്നും മുഖ്യമന്ത്രിയെ അറിയിച്ചു. തലശ്ശേരി-മൈസൂരു പാത കേരളത്തിന് പ്രയോജനപ്പെടില്ലെന്ന് റിപ്പോര്‍ട്ട് നല്‍കിയിട്ടും നിലമ്പൂര്‍-നഞ്ചന്‍കോട് പാതയ്ക്ക് അനുമതി തന്നില്ലെന്നും തലശ്ശേരി-മൈസൂര്‍ ലൈന്‍ കൊങ്കണ്‍ റെയില്‍വേയെ ഏല്‍പ്പിക്കുകയായിരുന്നു എന്നും ഇ ശ്രീധരന്‍ പറഞ്ഞു. ഒടുവില്‍ സര്‍ക്കാരിന്റെ പിടിവാശി കാരണം രണ്ട് പാതകളും നഷ്ടപ്പെട്ടു.

തലശ്ശേരി - മൈസൂര്‍ പാതയോട് എതിര്‍പ്പില്ല

തിരുവനന്തപുരത്ത് നിന്ന് ബാംഗ്ലൂരിലേക്ക് പോകാന്‍ തിരുവനന്തപുരം- ഷൊര്‍ണൂര്‍ -പാലക്കാട് -സേലം വഴി ചുറ്റി ബാംഗ്ലൂരില്‍ എത്തണം. മൈസൂരിലേക്ക് പോകണമെങ്കില്‍ ബാംഗ്ലൂരില്‍ നിന്ന് തിരിച്ച് മൈസൂരുവിലേക്ക് യാത്ര ചെയ്യണം എന്നതാണ് ഇപ്പോഴത്തെ അവസ്ഥ. തെക്കന്‍ കേരളത്തില്‍ നിന്ന് വരുന്നവര്‍ക്ക് 400 കിലോമീറ്ററോളം യാത്ര കുറയക്കാം. ബാംഗ്ലൂരിലേക്കും ഹുബ്ലിയിലേക്കും 130 കിലോമീറ്ററോളം യാത്ര കുറയ്ക്കാം. ഹൈദരാബാദ്, നാഗ്പൂര്‍, ഡല്‍ഹി, കാശ്മീര്‍ തുടങ്ങി ഉത്തരേന്ത്യയുടെ വിവിധ ഭാഗങ്ങളിലേക്കും വേഗത്തില്‍ എത്താം. എന്നിട്ടും സ്ഥാപിത താല്‍പര്യങ്ങള്‍ കാരണം സര്‍ക്കാര്‍ ഈ പദ്ധതി വേണ്ടെന്ന് വെച്ചതാണെന്നാണ് നിലമ്പൂര്‍ -മൈസൂര്‍ റെയില്‍വേ ആക്ഷന്‍ കൗണ്‍സിലും പറയുന്നത്. സേലം വഴി ഒരു ട്രെയിന്‍ പോലും ഇനി പുതിയതായി കടത്തി വിടാന്‍ അത്രയും തിരക്കാണെന്നത് ഈ പാതയ്ക്ക് അനുകൂലമാണ്. മാത്രമല്ല വയനാട് വഴി ലിങ്ക് ചെയ്യുന്ന പാതയായതിനാല്‍ ഉള്ള ടൂറിസം സാധ്യത, തെക്കും വടക്കും ഉള്ളവര്‍ക്ക് ഒരു പോലെ ഉപയോഗിക്കാന്‍ പറ്റും തുടങ്ങിയ ഗുണങ്ങളും ഈ പദ്ധതിയ്ക്കുണ്ട്. തലശ്ശേരി - മൈസൂര്‍ പാതകൊണ്ട് തലശ്ശേരി കണ്ണൂര്‍ ഭാഗത്ത് ഉള്ളവര്‍ക്ക് മൈസൂരിലേക്കുള്ള യാത്ര എളുപ്പമാണ് എന്നതാണ് പ്രയോജനം.

കേരളത്തില്‍ നിന്ന് മൈസൂരിലേക്ക് രണ്ട് പാതയ്ക്ക് സാധ്യത ഇല്ലെന്നും ലാഭകരമായതിനാല്‍ നിലമ്പൂര്‍ പാതയുമായി മുന്നോട്ട് പോകണമെന്നും ഇ ശ്രീധരന്‍ റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തു. ആ റിപ്പോര്‍ട്ടാണ് സര്‍ക്കാരിനെ ചൊടിപ്പിക്കാന്‍ കാരണമെന്നും ആക്ഷന്‍ സമിതി പറയുന്നു. ഒടുവില്‍ ബംഗളൂരുവില്‍ നടന്ന ചര്‍ച്ചയില്‍ പോലും ഈ പാത അനുകൂലമാക്കാനുളള ശ്രമങ്ങള്‍ മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്നും ഉണ്ടായില്ല. കെ-റെയില്‍ മൈസൂരിലേക്ക് നീട്ടാനുളള ശ്രമം മാത്രമാണ് സര്‍ക്കാര്‍ നടത്തിയത്. തലശ്ശേരി- കല്‍പ്പറ്റ- വയനാട് -മൈസൂരു വഴി രണ്ട് പാതകളേയും കൂട്ടിക്കെട്ടാനുളള ശ്രമവും സര്‍ക്കാര്‍ നടത്തിയെന്നും കമ്മിറ്റി ആരോപിക്കുന്നു. കബനി നദിയുടെ തീരത്ത് ടണലുണ്ടാക്കി പാത കടത്തി വിടുകയായിരുന്നു ലക്ഷ്യം. അതിന് രണ്ടാം ഘട്ടത്തില്‍ നിലവില്‍ നിലമ്പൂരില്‍ അവസാനിക്കുന്ന പാതയെ കല്‍പ്പറ്റയുമായി ബന്ധിപ്പിക്കാനും തീരുമാനം ഉണ്ടായി. അതും നടന്നില്ല, ഏറ്റവും ഒടുവില്‍ തലശ്ശേരി - മൈസൂരു പാത യാഥാര്‍ത്ഥ്യമായില്ലെങ്കില്‍ ഒരു പാതയും യാഥാര്‍ത്ഥ്യമാക്കെണ്ടെന്ന പിടിവാശിയാണ് സര്‍ക്കാര്‍ പോയതെന്നും കമ്മറ്റി ആരോപിക്കുന്നു. കേരളവും കേന്ദ്രവും ഭരിച്ചിരുന്ന സമയത്ത് ഈ പാത യാഥാര്‍ത്ഥ്യമാക്കാനുള്ള ശ്രമങ്ങള്‍ കോണ്‍ഗ്രസ് നടത്തിയിരുന്നെങ്കില്‍ ആദ്യഘട്ടമെങ്കിലും പൂര്‍ത്തിയാക്കാന്‍ കഴിയുമായിരുന്നെന്നും ആക്ഷന്‍ കൗണ്‍സില്‍ കുറ്റപ്പെടുത്തുന്നു.

മൈസൂര്‍- ചാമരാജ നഗര്‍ -നഞ്ചന്‍കോട് റെയില്‍വേ ലൈനും ഷൊര്‍ണൂര്‍ -നിലമ്പൂരും ബ്രാഞ്ച് ലൈനുകളാണ്. പാസഞ്ചര്‍ ട്രെയിനുകള്‍ മാത്രം ഓടിച്ച് ഇത്തരം ലൈനുകള്‍ അധികകാലം ലാഭത്തില്‍ നിര്‍ത്താന്‍ പറ്റില്ല, പക്ഷെ ഇത് ട്രങ്ക് ലൈനായാല്‍ നല്ല ലാഭം ഉണ്ടാവുകയും ചെയ്യും. നിലമ്പൂര്‍ - നഞ്ചന്‍കോട് പാത വന്നാല്‍ ഈ രണ്ട് ട്രെയിനുകളും ട്രങ്ക് ലൈനുകളാവും എന്നതും അനുകൂലഘടകങ്ങളാണ്. കാസിരംഗ നാഷണല്‍പാര്‍ക്കില്‍ കൂടിയും ഖീര്‍ നാഷണല്‍പാര്‍ക്കില്‍ കൂടിയും റെയില്‍വേ ലൈന്‍ കടന്നുപോകുന്നുണ്ട്. റെയില്‍വേ ലൈന്‍ കടന്നുപോകാത്ത പ്രദേശങ്ങളെ തമ്മില്‍ ബന്ധിപ്പിക്കാനുള്ള പദ്ധതികള്‍ കേന്ദ്രത്തിനും ഉണ്ട്. ഈ റെയില്‍ വരാതിരിക്കാന്‍ ഇടതു സര്‍ക്കാര്‍ ഉണ്ടാക്കിയ പുകമറയാണ് വന്യജീവി സങ്കേതത്തിന്റെ പേരില്‍ സര്‍ക്കാര്‍ അനുമതി നിഷേധിച്ച വാദമെന്നും ആരോപണം ഉണ്ട്.

കേന്ദ്രം അനുവദിച്ച ഒരു പദ്ധതിയാണ്, അതിന്റെ അന്തിമ ഡിപിആറിന് വേണ്ടിയാണ് കേന്ദ്രം കാത്തിരിക്കുന്നത്. പക്ഷെ സംസ്ഥാന സര്‍ക്കാര്‍ പലകാരണങ്ങള്‍ പറഞ്ഞ് അത് മുടക്കി. കേന്ദ്രവും സംസ്ഥാനവും ഒന്നിച്ച് ചെയ്യണ്ട പദ്ധതി എന്നതില്‍ നിന്ന് മാറി കേന്ദ്രം ഒറ്റയ്ക്ക് പദ്ധതി ഏറ്റെടുത്ത് ചെയ്യണമെന്ന് ആവശ്യപ്പെട്ട് നിവേദനം അയച്ചിരുന്നെന്നും പറയുന്നു. കേന്ദ്രം ഇതിന് തയ്യാറായാല്‍ പോലും ഭൂമി ഏറ്റെടുത്ത് നല്‍കേണ്ടത് സംസ്ഥാനം ആണെന്നത് പദ്ധതി മുടങ്ങാന്‍ കാരണമാകുമെന്ന് ആശങ്കയുണ്ട്. തലശ്ശേരി മൈസൂര്‍ ലൈന്‍ വരുന്നതില്‍ എതിര്‍പ്പില്ല, അതിന് വേണ്ടി അനുമതി കിട്ടിയ പാതയെ ചവിട്ടിത്താഴ്ത്തുന്നതില്‍ പ്രതിഷേധം ഉണ്ടെന്നും നിലമ്പൂര്‍ മൈസൂര്‍ റെയില്‍ വേ ആക്ഷന്‍ കൗണ്‍സില്‍ സെക്രട്ടറിയും പാലക്കാട് റെയില്‍ വേ ഡിവിഷന്‍ ഉപദേശക സമിതി അംഗംവുമായ ഡോ. ബിജു നൈനാന്‍ പറയുന്നു.

Content Highlights: Nilambur–Nanjangud line, Nilambur–Nanjangud line, E Sreedharan


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

10:51

പട്ടാളമില്ലെങ്കിലും സേഫായ രാജ്യം, ഉയര്‍ന്ന ശമ്പളം, വിശേഷദിനം ഓഗസ്റ്റ് 15 | Liechtenstein

Jul 25, 2022


Bala Against unnimukundan, shefeekkinte santhosham controversy

1 min

ഉണ്ണിമുകുന്ദന്‍ പ്രതിഫലം നല്‍കാതെ പറ്റിച്ചു; ആരോപണവുമായി ബാല

Dec 8, 2022


priyanka

2 min

ഹിമാചലില്‍ കിങ് മേക്കര്‍ പ്രിയങ്ക, ഫലംകണ്ടത് കളിയറിഞ്ഞ് മെനഞ്ഞ തന്ത്രങ്ങള്‍; മറുതന്ത്രമില്ലാതെ BJP

Dec 8, 2022

Most Commented