പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ത്രിമാന രൂപം | Photo: centralvista.gov.in/new-parliament-building
പ്രധാനമന്ത്രി നരേന്ദ്രമോദി മേയ് 28-ന് പുതിയ പാര്‍ലമെന്റ് മന്ദിരം രാജ്യത്തിനു സമര്‍പ്പിക്കുമ്പോള്‍ നൂറ്റാണ്ടോളം പഴക്കമുള്ള നിലവിലെ പാര്‍ലമെന്റ് മന്ദിരം ചരിത്രത്തിന്റെ ഭാഗമായി മാറുകയാണ്. ബ്രിട്ടീഷ് ഭരണകാലത്ത്, 1921-ല്‍ നിര്‍മിച്ച പഴയ പാര്‍ലമെന്റ് മന്ദിരം രാജ്യത്തിനു സ്വതന്ത്ര്യം ലഭിക്കുന്നതിനും അധികാര കൈമാറ്റത്തിനും പിന്നീട് സ്വതന്ത്ര ഇന്ത്യയിലെ ജനകീയ സര്‍ക്കാരുകള്‍ക്കും സാക്ഷിയായി. രാജ്യത്തിന്റെ വൈവിധ്യങ്ങള്‍ പ്രതിഫലിക്കുന്ന ശബ്ദസാഗരങ്ങള്‍ പലവട്ടം അലയടിച്ച സഭാഹാളുകളും ചരിത്രത്തില്‍ അടയാളപ്പെടുത്തിയ ജനനായകരുടെ കാലടിപ്പാടുകള്‍ വീണ ഇടനാഴികളും ജനാധിപത്യത്തെ താങ്ങി നിര്‍ത്തും പോലെ ഉയരത്തിലേക്ക് വളര്‍ന്നു നില്‍ക്കുന്ന തൂണുകളും വൃത്താകാരരൂപം പൂണ്ട മന്ദിരത്തെ വെറും കെട്ടിടത്തിന്റെ വിലാസത്തില്‍ നിന്ന് ചരിത്രസാക്ഷിയിലേക്ക് വളര്‍ത്തുന്നു. ഇവിടെയാണ് ഇന്ത്യ വിടര്‍ന്നത്. പുതിയ മന്ദിരം തുറക്കുമ്പോള്‍ നിലവിലെ മന്ദിരം ചരിത്രത്തിലേക്ക് മടങ്ങും.
ചരിത്ര സ്പന്ദനങ്ങള്‍
പാര്‍ലമെന്റ് ഹൗസ് അഥവാ സന്‍സദ് ഭവന്‍ ആണ് രാജ്യത്തിന്റെ പാര്‍ലമെന്റ് മന്ദിരം. ബ്രിട്ടീഷ് ഭരണകാലത്ത്, വാസ്തുശില്‍പ്പികളായ എഡ്വിന്‍ ലുട്യന്‍സും ഹെര്‍ബര്‍ട് ബേക്കറും ചേര്‍ന്നാണ് ഈ മന്ദിരം രൂപകല്പന ചെയ്തത്. കല്‍ക്കട്ടയിലെ ഇംപീരിയല്‍ ക്യാപ്പിറ്റല്‍ ഡല്‍ഹിയിലേക്ക് മാറ്റിയപ്പോള്‍ ഇവര്‍ ഡല്‍ഹിക്കുള്ളില്‍ പുതിയ നഗരമായി ന്യൂഡല്‍ഹിയും പുതിയ ഭരണസിരാകേന്ദ്രമായി പാര്‍ലമെന്റ് മന്ദിരവും നിര്‍മിക്കുകയായിരുന്നു. പിന്നീട് രാഷ്ട്രപതിഭവനായി മാറിയ വൈസ്രോയിയുടെ ബംഗ്ലാവും നോര്‍ത്ത്, സൗത്ത് ബ്ലോക്കുകളടങ്ങുന്ന മന്ദിര സമുച്ചയങ്ങളും നിര്‍മിച്ചതും അവര്‍തന്നെ. പാര്‍ലമെന്റ് മന്ദിരത്തിന് 1921 ഫെബ്രുവരി 12-നാണ് തറക്കല്ലിട്ടത്. ആറുവര്‍ഷമെടുത്ത് 1927 ജനവരി 18-ന് നിര്‍മാണം പൂര്‍ത്തിയായി. അന്നത്തെ ഇന്ത്യന്‍ വൈസ്രോയ് ലോര്‍ഡ് ഇര്‍വിനാണ് ഉദ്ഘാടനം ചെയ്തത്. ബ്രിട്ടീഷ് ഇന്ത്യന്‍ ഭരണകാലത്തെ സെന്‍ട്രല്‍ ലെജിസ്ലേറ്റീവ് അസംബ്ലിയുടെ മൂന്നാമത്തെ സമ്മേളനം 1927 ജനുവരി 19-ന് ഈ മന്ദിരത്തിലായിരുന്നു ചേര്‍ന്നത്. 1947 ഓഗസ്റ്റ് 15-ന് സ്വാതന്ത്ര്യം നേടിയപ്പോള്‍ ബ്രിട്ടീഷുകാര്‍ സ്വതന്ത്ര ഇന്ത്യയുടെ നേതാക്കള്‍ക്ക് ഭരണക്കൈമാറ്റം നടത്തിയത് പാര്‍ലമെന്റിന്റെ മധ്യഭാഗത്തുള്ള സെന്‍ട്രല്‍ ഹാളില്‍വെച്ചായിരുന്നു. സ്വാതന്ത്ര്യാനന്തരം ഡോ. ബി.ആര്‍. അംബേദ്കറുടെ നേതൃത്വത്തില്‍ ഭരണഘടന തയ്യാറാക്കാനുള്ള നടപടിക്രമങ്ങളും ചര്‍ച്ചകളും അരങ്ങേറിയതും സെന്‍ട്രല്‍ ഹാളിലാണ്.
പരമോന്നത നിയമനിര്‍മാണ സഭ: രാജ്യത്തിന്റെ പരമോന്നത നിയമനിര്‍മാണ സഭയാണ് ഇന്ത്യന്‍ പാര്‍ലമെന്റ്. രാഷ്ട്രപതി, രാജ്യസഭ, ലോക്സഭ എന്നിവ ചേരുന്നതാണ് പാര്‍ലമെന്ററി സംവിധാനം. 1950 ജനുവരി 26-ന് ഭരണഘടന നിലവില്‍വന്ന ശേഷം പൊതുതിരഞ്ഞെടുപ്പ് നടത്തി, 1952 ഏപ്രിലിലാണ് തിരഞ്ഞെടുക്കപ്പെട്ട ആദ്യ പാര്‍ലമെന്റ് നിലവില്‍വന്നത്. 1952 മേയ് 13-നായിരുന്നു ആദ്യ ലോക്സഭാ യോഗം.
.jpg?$p=57f59da&&q=0.8)
നിലവിലെ മന്ദിരത്തിന്റെ സവിശേഷതകള്‍
- പാര്‍ലമെന്റ് വളപ്പ് ആറേക്കറോളം സ്ഥലമുണ്ട്. വൃത്താകൃതിയിലുള്ള പാര്‍ലമെന്റ് മന്ദിരത്തിന് 12 പ്രവേശന കവാടങ്ങളാണുള്ളത്. ലോക്സഭ, രാജ്യസഭ ഹാളുകള്‍ക്ക് പുറമെ ഇരുസഭകളുടെയും സംയുക്ത സമ്മേളനം നടക്കുന്ന സെന്‍ട്രല്‍ ഹാളുമുണ്ട്. മന്ദിരത്തിന്റെ മധ്യത്തിലാണ് സെന്‍ട്രല്‍ ഹാള്‍ സ്ഥിതി ചെയ്യുന്നത്.
- ബ്രിട്ടീഷുകാര്‍ പണിത മന്ദിരത്തില്‍ സ്ഥലപരിമിതി കാരണം 1956-ല്‍ രണ്ടുനിലകള്‍കൂടി നിര്‍മിച്ചു. വശങ്ങളിലെ വലിയ തൂണുകള്‍ മന്ദിരത്തിന് അലങ്കാരമാണ്.144 കല്‍തൂണുകളാണ് പാര്‍ലമെന്റ് മന്ദിരത്തിന്റെ മറ്റൊരു സവിശേഷത.
- പരവതാനിയുടെ നിറത്തില്‍നിന്ന് ലോക്സഭയെയും രാജ്യസഭയെയും തിരിച്ചറിയാം. ലോക്സഭയില്‍ പച്ച നിറത്തിലും രാജ്യസഭയില്‍ ചുവന്ന നിറത്തിലുമുള്ള പരവതാനിയാണ് വിരിക്കുന്നത്. കുതിരാലയത്തിന്റെ മാതൃകയിലാണ് ലോക്സഭയിലെ സീറ്റുകളുടെ രൂപകല്പന. 550-ലേറെ അംഗങ്ങള്‍ക്ക് ഇരിപ്പിടമുണ്ട്. ഭരണകക്ഷി അംഗങ്ങള്‍ സ്പീക്കറുടെ ചേംബറിന് അഭിമുഖമായി വലതുഭാഗത്തും പ്രതിപക്ഷ അംഗങ്ങള്‍ ഇടതുഭാഗത്തും ഇരിക്കും. സ്പീക്കറാണ് ലോക്സഭാധ്യക്ഷന്‍.
- അര്‍ധ വൃത്താകൃതിയിലാണ് രാജ്യസഭയിലെ സീറ്റുകളുടെ ക്രമീകരണം. 250-ഓളം അംഗങ്ങള്‍ക്ക് ഇരിക്കാനുള്ള സൗകര്യമാണ് പഴയ മന്ദിരത്തിലുള്ളത്. ഉപരാഷ്ട്രപതിയാണ് രാജ്യസഭയുടെ അധ്യക്ഷന്‍.
- ഇരുസഭകള്‍ക്കും നിശ്ചിത കാലയളവില്‍ സമ്മേളനമുണ്ട്. എല്ലാ വര്‍ഷവും ആദ്യത്തെ പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗമുണ്ടാകും. സെന്‍ട്രല്‍ ഹാളിലാണ് ഇതിനായി സംയുക്ത സമ്മേളനം ചേരുന്നത്.
- രണ്ട് സഭകള്‍ക്കുള്ളിലും സന്ദര്‍ശകര്‍ക്കും വിശിഷ്ടാതിഥികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും പ്രത്യേകം ഇരിപ്പിടങ്ങളുണ്ട്. അംഗങ്ങളുടെ ഇരിപ്പിടങ്ങള്‍ക്ക് മുകളില്‍ വശങ്ങളിലായാണ് ഈ ഗ്യാലറികള്‍ സജ്ജീകരിച്ചിരിക്കുന്നത്.
- പാര്‍ലമെന്റ് വളപ്പിനുള്ളില്‍ മഹാത്മാ ഗാന്ധി, ജവാഹര്‍ലാല്‍ നെഹ്രു, ഡോ. ബി. ആര്‍. അംബേദ്കര്‍ തുടങ്ങിയ മഹദ് വ്യക്തിത്വങ്ങളുടെ ബൃഹദ് പ്രതിമകളും സ്ഥാപിച്ചിട്ടുണ്ട്.
.jpg?$p=3226b4e&&q=0.8)
2001-ലെ ഭീകരാക്രമണം: പാര്‍ലമെന്റ് ചരിത്രത്തിലെ കറുത്ത അധ്യായമാണ് 2001 ഡിസംബര്‍ 13-നുണ്ടായ ഭീകരാക്രമണം. ലഷ്‌കറെ തൊയിബ, ജെയ്ഷെ മുഹമ്മദ് ഭീകരവാദസംഘടനകളുടെ ചാവേറുകള്‍ പാര്‍ലമെന്റ് മന്ദിരത്തില്‍ കടന്നുകയറുകയായിരുന്നു. സുരക്ഷാ ജീവനക്കാരടക്കും പോലീസുകാരുമടക്കം ഒമ്പതുപേര്‍ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടു. അഞ്ച് ഭീകരവാദികളെയും ഏറ്റുമുട്ടലില്‍ വധിച്ചു.
ഇതുവരെയുണ്ടായത് 17 ലോക്സഭകള്‍
- ഏപ്രില്‍ 1952
- ഏപ്രില്‍ 1957
- ഏപ്രില്‍ 1962
- മാര്‍ച്ച് 1967
- മാര്‍ച്ച് 1971
- മാര്‍ച്ച് 1977
- ജനുവരി 1980
- ഡിസംബര്‍ 1984
- ഡിസംബര്‍ 1989
- ജൂണ്‍ 1991
- മേയ് 1996
- മാര്‍ച്ച് 1998
- ഒക്ടോബര്‍ 1999
- മേയ് 2004
- ഏപ്രില്‍ 2009
- മേയ് 2014
- മേയ് 2019
നൂറ്റാണ്ടോളം പഴക്കമുള്ള നിലവിലെ പാര്‍ലമെന്റ് മന്ദിരത്തെ ചരിത്രത്താളുകളിലാക്കി മേയ് 28-ന് പുതിയ പാര്‍ലമെന്റ് മന്ദിരം പുതിയ ചരിത്രം കുറിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി ശിലാസ്ഥാപനം നടത്തി, അദ്ദേഹം തന്നെ ഉദ്ഘാടനം ചെയ്യുന്ന മന്ദിരം മാറിയ കാലത്തിന്റെ പ്രതീകമായി ചരിത്രത്തില്‍ അടയാളപ്പെടുത്തും. ബ്രിട്ടീഷ് ഭരണകാലത്തിന്റെ ഭാഗമായിരുന്ന, ബ്രിട്ടീഷുകാര്‍ പണിത, നിലവിലെ പാര്‍ലമെന്റ് മന്ദിരം ചരിത്രത്തിലേയ്ക്ക് മടങ്ങും.വൈകാതെ മ്യൂസിയമായി മാറുമെന്നാണ് സൂചന. ആത്മനിര്‍ഭര്‍ ഭാരതത്തിന്റെ പ്രതീകമാണ് പുതിയ പാര്‍ലമെന്റ് മന്ദിരമെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ പക്ഷം. ഡല്‍ഹിയുടെ ഭരണസിരാകേന്ദ്രങ്ങള്‍ പരിഷ്‌കരിക്കാന്‍ തയ്യാറാക്കിയ സെന്‍ട്രല്‍ വിസ്ത പദ്ധതിയുടെ ഭാഗമായി പാര്‍ലമെന്റിനെയും പരിസരപ്രദേശങ്ങളെയും മാറ്റി പ്പണിയാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. രാജ്പഥ് കര്‍ത്തവ്യപഥായി ഇതിനകം മാറിക്കഴിഞ്ഞു.





യു.പി.എ. കാലത്ത് തുടങ്ങിയ ചര്‍ച്ച
കാലപ്പഴക്കവും സൗകര്യക്കുറവുമാണ് പുതിയ പാര്‍ലമെന്റ് മന്ദിരം നിര്‍മിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനു പിന്നില്‍. പുതിയ പാര്‍ലമെന്റ് കെട്ടിടത്തിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ യു.പി.എ. സര്‍ക്കാരിന്റെ കാലത്തുതന്നെ ആരംഭിച്ചിരുന്നു. 2012-ല്‍ അന്നത്തെ ലോക്‌സഭാ സ്പീക്കര്‍ മീരാ കുമാര്‍ ഇതുപരിശോധിക്കാന്‍ സമിതിയെ നിയമിച്ചിരുന്നു. എന്നാല്‍, പിന്നീട് അധികാരത്തില്‍വന്ന മോദിസര്‍ക്കാരാണ് അതിലേക്ക് ചുവടുവെച്ചത്. 2019-ല്‍ സെന്‍ട്രല്‍ വിസ്ത പദ്ധതി പ്രഖ്യാപിച്ച സര്‍ക്കാര്‍ അതിന്റെ ഭാഗമായി 2020 ഡിസംബര്‍ പത്തിന് പുതിയ പാര്‍ലമെന്റ് മന്ദിരത്തിന് ശിലാസ്ഥാപനം നടത്തി. പദ്ധതിക്കെതിരായ ഹര്‍ജിയില്‍ സുപ്രീംകോടതിയും സെന്‍ട്രല്‍ വിസ്തയ്ക്ക് പച്ചകൊടി കാട്ടി. 971 കോടി രൂപയ്ക്കാണ് പാര്‍ലമെന്റ് നിര്‍മാണ പദ്ധതി ടാറ്റ പ്രോജക്ടിന് നല്‍കിയിരുന്നത്. രൂപരേഖയിലെ മാറ്റങ്ങളും അധിക നിര്‍മാണങ്ങളും വന്നതോടെ ചെലവ് പിന്നീട് 1200 കോടി കടന്നു. നവീകരിച്ച സെന്‍ട്രല്‍ വിസ്തയുടെ ഭാഗമായി നിര്‍മിക്കുന്ന പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ പണികള്‍ കഴിഞ്ഞ നവംബറില്‍ പൂര്‍ത്തിയാക്കാനായിരുന്നു ആദ്യ ലക്ഷ്യം. എന്നാല്‍ കോവിഡ് ലോക്ഡൗണും മറ്റുമായി നിര്‍മാണം വൈകി.
.jpg?$p=85a9d53&&q=0.8)
പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ അനിവാര്യത, കേന്ദ്രത്തിന്റെ വാദങ്ങള്‍
കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ ഇങ്ങനെ പറയുന്നു :
- നിലവിലെ പാര്‍ലമെന്റ് കെട്ടിടത്തിന് നൂറ് വര്‍ഷത്തോളം പഴക്കമായി. ഭൂകമ്പസാധ്യതാ മേഖല 4 ല്‍ വരുന്ന കെട്ടിടം പുതിയ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ല.
- ജോലിക്കാരുടെയും സന്ദര്‍ശകരുടെയും എണ്ണം പലമടങ്ങ് വര്‍ധിച്ചുവരികയാണ്. അതിനാല്‍ സ്ഥലവും സൗകര്യവും സാങ്കേതികവിദ്യയും അപര്യാപ്തം.
- ഭാവി ആവശ്യങ്ങള്‍ കൂടി കണക്കിലെടുത്ത് അത്യാധുനിക സംവിധാനങ്ങളോടെയാണ് പുതിയ കെട്ടിടം നിര്‍മിക്കുക.
- അടിയന്തിര സാഹചര്യം വന്നാല്‍ രക്ഷാപ്രവര്‍ത്തനത്തിന്, പ്രത്യേകിച്ചും സെന്‍ട്രല്‍ ഹാളില്‍ സൗകര്യമില്ല. നിലവില്‍ 440 പേര്‍ക്ക് മാത്രം ഇരിക്കാന്‍ സൗകര്യമുള്ള സെന്‍ട്രല്‍ ഹാളില്‍ പാര്‍ലമെന്റിന്റെ സംയുക്ത സമ്മേളനം നടക്കുമ്പോള്‍ തിങ്ങിനിറച്ചാണ് ഇരിപ്പിടമൊരുക്കുന്നത്.
- ലോക്സഭാ സീറ്റുകളുടെ എണ്ണവും ഭാവിയില്‍ വര്‍ധിച്ചേക്കാം. ഇപ്പോഴത്തെ സീറ്റുകളുടെ എണ്ണത്തിന് 2026 വരെയാണ് കാലാവധി. മണ്ഡലപുനര്‍നിര്‍ണയമുണ്ടായാല്‍ സീറ്റെണ്ണം മാറും.
- പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ലോക്സഭാ ഹാളില്‍ 888 അംഗങ്ങള്‍ക്ക് ഇരിക്കാനുള്ള സൗകര്യങ്ങളുണ്ട്. രാജ്യസഭാ ഹാളില്‍ 384 അംഗങ്ങള്‍ക്കുമിരിക്കാം. (നിലവിലെ മന്ദിരത്തില്‍ ലോക്സഭയില്‍ 543 പേര്‍ക്കും രാജ്യസഭയില്‍ 250 പേര്‍ക്കുമാണ് ഇരിക്കാന്‍ സൗകര്യമുണ്ടായിരുന്നത്.)
- നിലവിലെ പാര്‍ലമെന്റിലേതുപോലെ പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ സംയുക്ത സമ്മേളനങ്ങള്‍ക്കായി സെന്‍ട്രല്‍ ഹാളില്ല. പുതിയ മന്ദിരത്തില്‍ ഇരുസഭകളുടെയും സംയുക്ത സമ്മേളനം ലോക്സഭാ ചേംബറിലാകും നടക്കുക. അപ്പോള്‍ 1280 എം.പിമാര്‍ക്കുവരെ പങ്കെടുക്കാനാവും. സാധാരണ, രാഷ്ട്രപതിമാരുടെ സത്യപ്രതിജ്ഞാച്ചടങ്ങ് നടക്കുന്നത് സെന്‍ട്രല്‍ ഹാളിലായിരുന്നു.
- ദേശീയ പക്ഷിയായ മയിലിനെ പ്രമേയമാക്കിയുള്ളതാണ് ലോക്സഭാ ചേംബര്‍. രാജ്യസഭാ ചേബര്‍ ദേശീയ പുഷ്പമായ താമരയുടെ മാതൃകയിലും.
- ത്രികോണാകൃതിയില്‍ 65,000-ലേറെ ചതുരശ്ര മീറ്ററിലായി പരന്നുകിടക്കുന്ന കെട്ടിടത്തില്‍ അത്യാധുനിക സൗകര്യങ്ങളോടെ മന്ത്രിമാരുടെ ഓഫീസുകള്‍, സമിതിയോഗങ്ങള്‍ക്കുള്ള മുറികള്‍, ലൈബ്രറി, ഭക്ഷണശാല തുടങ്ങിയവയുണ്ടാകും.
- അംഗങ്ങള്‍ക്ക് പരസ്പരം ഇടപഴകാന്‍ പൊതുസ്ഥലമായി സെന്‍ട്രല്‍ ലോഞ്ച് ഉണ്ടാകും. ഇതിന്റെ തുറസ്സായ മുറ്റത്ത് ദേശീയ വൃക്ഷമായ ആല്‍മരവുമുണ്ടാകും.
- ഇന്ത്യയുടെ ജനാധിപത്യ പാരമ്പര്യം പ്രദര്‍ശിപ്പിക്കുന്നതായിരിക്കും ഭരണഘടനാ ഹാള്‍.
- ജ്ഞാന ദ്വാര്‍, ശക്തി ദ്വാര്‍, കര്‍മ ദ്വാര്‍ എന്നിങ്ങനെയാകും പ്രധാന കവാടങ്ങളുടെ പേരുകള്‍.
- രാജ്യത്തിന്റെ സാംസ്‌കാരിക വൈവിധ്യം വെളിവാക്കുന്ന വിധത്തില്‍ പാര്‍ലമെന്റ് ജീവനക്കാരുടെ വേഷവിധാനത്തിലും മാറ്റമുണ്ടാകും.

സെന്‍ട്രല്‍ വിസ്ത പദ്ധതി
പുതിയ പാര്‍ലമെന്റ് മന്ദിരവും അതിനടുത്തുതന്നെ പ്രധാനമന്ത്രിയുടെ വസതിയും ഓഫീസുമെല്ലാം ഉള്‍പ്പെടുന്നതാണ് സെന്‍ട്രല്‍ വിസ്ത പദ്ധതി. രാഷ്ട്രപതി ഭവന്‍ നിലവിലുള്ളത് തുടരും. നിലവിലെ പാര്‍ലമെന്റ് മന്ദിരം, നോര്‍ത്ത്- സൗത്ത് ബ്ലോക്കുകള്‍ എന്നിവ പൈതൃക കേന്ദ്രങ്ങളെന്ന നിലയില്‍ സംരക്ഷിക്കും. പുതിയ പദ്ധതി പൂര്‍ത്തിയാവുന്നതോടെ വിജയ് ചൗക്ക് ഉള്‍പ്പെടുന്ന തന്ത്രപ്രധാനമേഖലയുടെ മുഖച്ഛായ മാറും. രാഷ്ട്രപതിഭവന്‍, ഉപരാഷ്ട്രപതിഭവന്‍, പ്രധാനമന്ത്രിയുടെ വസതി, ഓഫീസ് എന്നിവ അടുത്തടുത്താകും. ആകെ 20,000 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതി ആറുവര്‍ഷമെടുത്താകും പൂര്‍ത്തിയാക്കുക.
നാള്‍വഴി
- 2019 സെപ്റ്റംബര്‍ : സെന്‍ട്രല്‍ വിസ്ത മാസ്റ്റര്‍പ്ലാന്‍ തയ്യാര്‍
- 2020 സെപ്റ്റംബര്‍ : പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ നിര്‍മാണ കരാര്‍ ടാറ്റ പ്രൊജക്ട്‌സ് കമ്പനിക്ക്
- 2020 ഡിസംബര്‍ 10: പ്രധാനമന്ത്രി നരേന്ദ്രമോദി തറക്കല്ലിട്ടു
- 2021 ഡിസംബര്‍: പാര്‍ലമെന്റ് മന്ദിരത്തിന്റെ നിര്‍മാണം 35 ശതമാനം പൂര്‍ത്തിയായെന്ന് കേന്ദ്രസര്‍ക്കാര്‍ ലോക്‌സഭയില്‍
- 2022 ജൂലായ് : പുതിയ മന്ദിരത്തിനു മുകളില്‍ ദേശീയ ചിഹ്നമായ അശോക സ്തംഭം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു
- 2022 ഓഗസ്റ്റ്: നിര്‍മാണം 70 ശതമാനം പൂര്‍ത്തിയായെന്ന് കേന്ദ്രസര്‍ക്കാര്‍ ലോക്‌സഭയില്‍
- 2023 മാര്‍ച്ച് 30: നിര്‍മാണ പുരോഗതി വിലയിരുത്താന്‍ പ്രധാനമന്ത്രി പുതിയ മന്ദിരത്തില്‍
- 2023 മേയ് 18 : പുതിയ പാര്‍ലമെന്റ് മന്ദിരം മെയ് 28-ന് ഉദ്ഘാടനം ചെയ്യുമെന്ന് ലോക്‌സഭാ സെക്രട്ടറിയേറ്റിന്റെ അറിയിപ്പ്.
.jpg?$p=22fe384&&q=0.8)
പദ്ധതിയോട് എതിര്‍പ്പുകളും
കോവിഡ് മഹാമാരിക്കാലത്ത് പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ നിര്‍മാണവുമായി കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുപോയത് പ്രതിപക്ഷ പാര്‍ട്ടികളുടെ ഭാഗത്തുനിന്ന് വിമര്‍ശനത്തിന് വഴിവെച്ചിരുന്നു. സെന്‍ട്രല്‍ വിസ്ത പദ്ധതിക്കായി തുക വകയിരുത്തിയപ്പോള്‍, കോവിഡിനെ നേരിടാന്‍ പണം നീക്കിവെക്കണമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം. പൈതൃക കെട്ടിടമായ നിലവിലെ മന്ദിരത്തിനും പകരം പുതിയ മന്ദിരം നിര്‍മിക്കുന്നതിന്റെ സാംഗത്യം ചോദ്യം ചെയ്തും ചില കോണുകളില്‍നിന്ന് എതിര്‍പ്പുകളുണ്ടായി. സെന്‍ട്രല്‍ വിസ്ത പദ്ധതി വലിയ തോതില്‍ പ്രകൃതിക്ക് ദോഷം ചെയ്യുമെന്ന് പരിസ്ഥിതി വാദികളും സംഘടനകളും വിമര്‍ശിച്ചു.
''രാജ്യത്തിന്റെ ചരിത്രം പറയുന്ന നിലവിലെ പാര്‍ലമെന്റ് മന്ദിരം ഒരു സാസ്‌കാരിക പ്രതീകമാണ്. ആ മന്ദിരത്തിന്റെ ഓരോ ഭാഗത്തിനും ഓരോ കഥ പറയാനുണ്ടാകും. മറ്റു പല രാജ്യങ്ങളിലും ചെയ്തപോലെ ഇവിടെയും നിലവിലെ മന്ദിരത്തെ ഇനി മ്യൂസിയമാക്കി നിലനിര്‍ത്തുമെന്ന് പ്രതീക്ഷിക്കാം.പുതിയ മന്ദിരം തയ്യാറായെന്നത് നല്ല കാര്യംതന്നെ. ഇന്ത്യന്‍ പാര്‍ലമെന്ററി ചരിത്രത്തില്‍ ഒട്ടേറെ ചര്‍ച്ചകള്‍ക്കും സംവാദങ്ങള്‍ക്കും വഴിവെച്ചിട്ടുള്ള സെന്‍ട്രല്‍ ഹാള്‍ പുതിയ മന്ദിരത്തിലുണ്ടാവില്ലെന്നത് വലിയ നഷ്ടം തന്നെയാകും. '' -പി. ശ്രീധരന്‍, മുന്‍ സെക്രട്ടറി ജനറല്‍, ലോക്‌സഭ.
''40 വര്‍ഷം എന്റെ ജോലിസ്ഥലമായിരുന്നു നിലവിലെ പാര്‍ലമെന്റ് മന്ദിരം. കാലത്തിനനുസരിച്ച് മാറ്റങ്ങള്‍ ആവശ്യമാണ്. 2026-ല്‍ ലോക്‌സഭാ മണ്ഡലങ്ങളുടെ പുനഃനിര്‍ണയം നടന്നാല്‍ അംഗങ്ങളുടെ എണ്ണം കൂടിയേക്കും. അപ്പോള്‍ സ്ഥലസൗകര്യങ്ങള്‍ മെച്ചപ്പെടുത്തേണ്ടതുണ്ട്. നിലവിലെ മന്ദിരത്തിന്റെ പഴക്കം കണക്കിലെടുക്കുമ്പോള്‍ പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ നിര്‍മാണം അനിവാര്യതയായിരുന്നു.'' -പി.ഡി.ടി. ആചാരി, മുന്‍ സെക്രട്ടറി ജനറല്‍, ലോക്സഭ.
- പുതിയ പാര്‍ലമെന്റിനകത്തെ ചിത്രങ്ങള്‍ക്ക് കടപ്പാട്: centralvista.gov.in/new-parliament-building.php
Content Highlights: New Parliament Building to be inaugurated soon; Take a look inside India's new parliament building
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..