ബിമൽ ഹസ്മുഖ് പട്ടേൽ, പുതിയ പാർലമെന്റ് മന്ദിരം | ഫോട്ടോ: ANI
ഗണപതി ഹോമം മുതല്‍ സര്‍വമത പ്രാര്‍ഥന വരെ. ഹോമകുണ്ഡത്തിന് മുന്നില്‍ ശൃംഗേരി മഠത്തിലെ സന്യാസിമാരുടെ നേതൃത്വത്തില്‍ പൂജയും പുഷ്പാര്‍ച്ചനയും. പിന്നെ അധികാര കൈമാറ്റത്തിന്റെ പ്രതീകമായുള്ള ചെങ്കോല്‍ സ്ഥാപിക്കലും അതിന് മുന്നില്‍ സാഷ്ടാംഗ പ്രണാമം നടത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയും. ഒരു ക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങിന് സമാനമെന്നോണം കഴിഞ്ഞ ദിവസം നടന്ന പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങും പാര്‍ലമെന്റും ഏറെ ചര്‍ച്ചയായിരിക്കുകയാണ്. പ്രതിപക്ഷ കക്ഷികളില്‍ ഭൂരിഭാഗവും പരിപാടി ബഹിഷ്‌കരിച്ചുവെങ്കിലും നിരവധി പ്രത്യേകതകള്‍ ഒളിപ്പിച്ചുകൊണ്ടായിരുന്നു മന്ദിരം മിഴിതുറന്നത്. ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചത് ബിമല്‍ ഹസ്മുഖ് പട്ടേല്‍ എന്ന മോദിയുടെ ഗുജറാത്തുകാരനായ സ്വന്തം ആര്‍ക്കിടെക്റ്റാണ്. അഹമ്മദാബാദിലുള്ള എച്ച്.സി.പി. ഡിസൈന്‍സ് എന്ന സ്ഥാപനത്തിന്റെ മേധാവി കൂടിയാണ് ബിമല്‍.
പത്മശ്രീ ജേതാവ് കൂടിയായ ബിമല്‍ ഹസ്മുഖ് പട്ടേല്‍ 64500 ചതുരശ്ര മീറ്ററില്‍ പരന്ന് കിടക്കുന്ന പാര്‍ലമെന്റ് മന്ദിരത്തിന്റെ ത്രികോണ രൂപത്തിന് പോലും വിശ്വാസത്തിന്റെ മേമ്പൊടി നല്‍കികൊണ്ടാണ് ഇതിന്റെ രൂപകല്‍പ്പന നടത്തിയത്. ഇതാദ്യമായിട്ടല്ല ഇദ്ദേഹം കേന്ദ്രസര്‍ക്കാര്‍ പദ്ധതികളുടെ ഭാഗമാവുന്നത്. ഇതില്‍ ഒടുവിലത്തേതാണ് പുതിയ പാര്‍ലമെന്റ്. ആരാണ് മോദിയുടെ സ്വന്തം ബിമല്‍ ഹസ്മുഖ് പട്ടേലെന്ന ആര്‍ക്കിടെക്റ്റ് ? പാര്‍ലമെന്റും മൂന്നാം നമ്പറും തമ്മില്‍ എന്താണ് ബന്ധം? ബിമല്‍ ഹസ്മുഖ് പറയും ആ കഥ.

സാംസ്‌കാരിക നാഗരിക പശ്ചാത്തലം മാറ്റി മറിച്ച ആര്‍ക്കിടെക്ട്
രാജ്യത്തിന്റെ സാംസ്‌കാരിക നാഗരിക പശ്ചാത്തലം മാറ്റിമറിച്ച വിവിധ നിര്‍മാണങ്ങളുടെ അമരക്കാരനെന്നാണ് ബിമല്‍ ഹസ്മുഖ് പട്ടേലെന്ന ഈ ഗുജറാത്തുകാരന്‍ അറിയപ്പെടുന്നത്. ന്യൂഡല്‍ഹിയിലെ സെന്‍ട്രല്‍ വിസ്ത പദ്ധതിക്ക് പുറമെ വാരാണസിയിലെ കാശി വിശ്വനാഥ് ധാം, അഹമ്മദാബാദിലെ ശബരി റിവര്‍ഫ്രണ്ട് ഡവലപ്‌മെന്റ്, പുരിയിലെ ജഗന്നഥ് ക്ഷേത്രത്തിന്റെ പ്ലാനിംഗ് എന്നിവയെല്ലാം ബിമലിന്റെ നേതൃത്വത്തില്‍ നടന്ന പദ്ധതിയില്‍ ചിലത് മാത്രം. വാസ്തുവിദ്യാ മികവിന് പുറമെ അഹമ്മദാബാദിലെ സി.ഇ.പിടി. സര്‍വകലാശാലയുടെ പ്രസിഡന്റ്, എച്ച്.സി.പി. ഡിസൈന്‍ പ്ലാനിംഗ് ആന്റ് മാനേജ്‌മെന്റ് ലിമിറ്റഡിന്റെ തലവന്‍ തുടങ്ങി നിരവധി സ്ഥാനങ്ങളിലും ബിമല്‍ പട്ടേല്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
രാജ്യത്ത് വിവിധയിടങ്ങളില്‍ പല പ്രധാന പദ്ധതികളിലും ബിമല്‍ നല്‍കിയ സംഭാവന പരിഗണിച്ച് 2019-ല്‍ ആദ്ദേഹത്തെ രാജ്യം പത്മശ്രീ നല്‍കി ആദരിക്കുകയും ചെയ്തിരുന്നു. ഇനി പുതിയ പാര്‍ലമെന്റിന്റെ വാസ്തുകലയിലേക്ക് വരാം. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് ത്രികോണാകൃതിയിലുള്ള കെട്ടിടത്തിന്റെ രൂപം. കെട്ടിടത്തിന് വെറുതെയങ്ങ് ത്രികോണ രൂപം നല്‍കിയതല്ല പട്ടേല്‍. അതില്‍ മൂന്നെന്ന ഭാഗ്യനമ്പറിന് നിര്‍ണായക റോളുണ്ട്. രാജ്യത്തെ വിവിധ സംസ്‌കാരങ്ങളിലും മതവിശ്വാസങ്ങളിലും മൂന്ന് എന്ന സഖ്യയ്ക്കുള്ള പ്രാധാന്യം കണക്കിലെടുത്താണ് പാര്‍ലമെന്റിന് ത്രിമാന രൂപം നല്‍കിയതെന്നാണ് ബിമല്‍ ഹസ്മുഖ് പട്ടേല്‍ വിശദീകരിക്കുന്നത്.
വിവിധ സംസ്‌കാരങ്ങളിലും വിശ്വാസങ്ങളിലും മൂന്നിനുള്ള പ്രധാന്യം കണക്കിലെടുത്താണ് മൂന്നിനെ ഭാഗ്യനമ്പര്‍ പാറ്റേണില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. സമ്പൂര്‍ണത, സന്തുലിതാവസ്ഥ, ഐക്യം തുടങ്ങിയ ആശയങ്ങളുമായി മൂന്ന് എന്ന സംഖ്യ ബന്ധപ്പെട്ടിരിക്കുന്നുവെന്നാണ് കണക്കാക്കുന്നത്. ഒപ്പം ദൈവിക ചൈതന്യമുള്ള നമ്പറായും ഇത് കണക്കാക്കപ്പെടുന്നു. ഉയര്‍ന്ന് വരുന്ന ഇന്ത്യയുടെ യഥാര്‍ഥ പ്രതീകമെന്നാണ് ബിമല്‍ പുതിയ പാര്‍ലമെന്റ് മന്ദിരത്തെ വിശേഷിപ്പിക്കുന്നത്. മൂന്ന് എന്ന സംഖ്യയ്ക്കുള്ള പ്രാധാന്യം നല്‍കിക്കൊണ്ട് തന്നെയാണ് അകത്തളങ്ങളും ഡിസൈന്‍ ചൈയ്തിരിക്കുന്നത്. ഇതില്‍ ദേശീയ ചിഹ്നങ്ങളായ താമര, മയില്‍, ആല്‍മരം എന്നിവ പ്രധാന തീമായും വന്നിരിക്കുന്നു.
.jpg?$p=7b2755e&&q=0.8)
പിതാവിന്റെ പാത പിന്തുടര്‍ന്ന ആര്‍ക്കിടെക്റ്റ്
1961-ല്‍ അഹമ്മദാബാദില്‍ ജനിച്ച ബിമല്‍ ഹസ്മുഖ് പട്ടേല്‍ ആര്‍ക്കിടെക്ട്, അര്‍ബനിസ്റ്റ്, വിദ്യാഭ്യാസ വിദഗ്ധന്‍ എന്നീ നിലകളിലും പ്രശസ്തനാണ്. പിതാവ് ഹസ്മുഖ് ചന്തുലാല്‍ പട്ടേലിന്റെ പാത പിന്തുടര്‍ന്നാണ് ആര്‍ക്കിടെക്ച്ചര്‍ രംഗത്തേക്ക് കാലെടുത്ത് വെച്ചത്. ഇദ്ദേഹമാണ് 1960-ല്‍ എച്ച്.സി.പി. ഡിസൈന്‍ സ്ഥാപിക്കുന്നതും. ഇതിന്റെ ഇപ്പോഴത്തെ മേധാവികൂടിയാണ് ഇപ്പോള്‍ ബിമല്‍ ഹസ്മുഖ് പട്ടേല്‍. 1960-ല്‍ സെന്റര്‍ ഫോര്‍ എന്‍വയോണ്‍മെന്റ് പ്ലാനിംഗ് ആന്റ് ടെക്‌നോളജിയില്‍നിന്ന് ആര്‍കിടെക്ച്ചര്‍ പഠനം നടത്തിയ പട്ടേല്‍ 1984 -ല്‍ ആണ് ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കിയത്. 1995-ല്‍ കാലിഫോര്‍ണിയ സര്‍വകലാശാലയില്‍നിന്ന് സിറ്റി ആന്റ് റീജ്യണല്‍ പ്ലാനിങ്ങില്‍ പിഎച്ച്.ഡി. ബിരുദവും നേടി. പഠനത്തിന് ശേഷം 1990-ല്‍ അഹമ്മദാബാദില്‍ കരിയര്‍ ആരംഭിക്കുകയും ചെയ്തു.
വാസ്തുകലയിലെ ആധുനികതയെ ഇരുകൈയും നീട്ടി സ്വീകരിച്ച അഹമ്മദാബാദ് ഇദ്ദേഹത്തിന്റെ കരിയറിന് തന്നെ പുതിയ മാനം നല്‍കുകയായിരുന്നു. തന്റെ ആധുനിക വല്‍ക്കരണ കാഴ്ചപ്പാടിനും പ്രവര്‍ത്തനത്തിനും വലിയ പിന്തുണയായിരുന്നു ഈ നഗരം നല്‍കിയതെന്നാണ് ഇദ്ദേഹം ചൂണ്ടിക്കാട്ടുന്നത്. ആ പിന്തുണ തന്റെ കരിയറിലങ്ങോളം ഇദ്ദേഹം വിദഗ്ധമായി ഉപയോഗിക്കുകയും ചെയ്തു. അത് രാജ്യത്തെ വലിയ പദ്ധതികളുടെ ഭാഗമാവാന്‍ ബിമലിന് സാധിക്കുകയും ചെയ്തു. പത്മശ്രീ നേട്ടത്തിന് പുറമെ ലോക ആര്‍ക്കിടെക്ച്ചറല്‍ പുരസ്‌ക്കാരം, നഗര വികസനത്തിനും പ്ലാനിങ്ങിനുമുള്ള പ്രധാനമന്ത്രി നാഷണല്‍ അവാര്‍ഡ് എന്നിവയ്ക്കും ബിമല്‍ അര്‍ഹനായിട്ടുണ്ട്.
ബിമല്‍ ദേശ് മുഖും നരേന്ദ്ര മോദിയും
2019-ല്‍ ആണ് ബിമല്‍ ദേശ്മുഖ് പട്ടേലിന്റെ എച്ച്.സി.പി. ഡിസൈന്‍ കേന്ദ്രസര്‍ക്കാരിന്റെ സ്വപ്‌ന പദ്ധതിയായ സെന്‍ട്രല്‍ വിസ്ത പദ്ധതിയുടെ കരാറില്‍ ഏര്‍പ്പെട്ടത്. കണ്‍സള്‍ട്ടന്‍സി സേവനങ്ങള്‍ക്കായി പട്ടേലിന്റെ സ്ഥാപനത്തിന് 229.75 കോടി രൂപ നല്‍കുമെന്നും ഡിസൈനുകള്‍, ചെലവ് കണക്കാക്കല്‍, ലാന്‍ഡ്സ്‌കേപ്പ്, ട്രാഫിക് ഇന്റഗ്രേഷന്‍ പ്ലാനുകള്‍, പാര്‍ക്കിംഗ് സൗകര്യങ്ങള്‍ എന്നിവ ഉള്‍പ്പെടെ പദ്ധതിയുടെ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുമെന്നും കേന്ദ്രമന്ത്രി ഹര്‍ദീപ് സിങ് പുരി പറഞ്ഞതോടെ ഇത് വലിയ വിമര്‍ശനത്തിലേക്ക് നയിച്ചു. മോദിയുമായുള്ള പരിചയം കൊണ്ടു മാത്രമാണ് ബിമലിന് കരാര്‍ ലഭിച്ചതെന്നും ഇത്രയും വലിയ പദ്ധതി തയ്യാറാക്കാന്‍ അദ്ദേഹത്തിന് യോഗ്യതയില്ലെന്നുമായിരുന്നു പ്രധാന വിമര്‍ശനം. എന്നാല്‍ മോദി ഗുജറാത്തില്‍ മുഖ്യമന്ത്രിയായിരുന്ന കാലത്തായിരുന്നു സബര്‍മതി റിവര്‍ ഫ്രണ്ട് പദ്ധതി ബിമല്‍ ഏറ്റെടുക്കുന്നത്. അത് വിജയകരമായി പൂര്‍ത്തിയാക്കുകയും ചെയ്തു.
2005-ല്‍ നിര്‍മാണം തുടങ്ങിയ പദ്ധതി 2012-മുതല്‍ വിവിധ ഘട്ടങ്ങളിലായി ഇത് പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുത്തു. മഴക്കാലത്ത് മാത്രം വെള്ളമൊഴുകിയിരുന്ന ഒരു നദിയെ 1976-ല്‍ നിര്‍മിക്കപ്പെട്ട ധരോയ് അണക്കെട്ടിലെ വെള്ളത്തെ നിയന്ത്രിച്ച് വേനല്‍കാലത്ത് നര്‍മദയിലൂടെ തിരിച്ചുവിട്ടായിരുന്നു സബര്‍മതി റിവര്‍ഫ്രണ്ട് പദ്ധതി നടപ്പിലാക്കിയത്. ഗുജറാത്തിലെ പ്രധാന ടൂറിസ്റ്റ് ആകര്‍ഷണം കൂടിയായ നര്‍മദ റിവര്‍ഫ്രണ്ട് പിന്നീട് മോദിയുടെ നഗര വികസനത്തിന്റെ പ്രധാന ഐക്കണായും മാറി. 2012-ല്‍ അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോദി തന്നെയാണ് ഇതിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്. മഹാത്മ ഗാന്ധിയുടെ 150-ാം ജന്മദിനത്തില്‍ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങ് ഇവിടം സന്ദര്‍ശിച്ചതോടെ സബര്‍മതി റിവര്‍ ഫ്രണ്ട് ലോക ശ്രദ്ധയാകര്‍ഷിക്കുകയും ചെയ്തു.
2014-ല്‍ നരേന്ദ്ര മോദി പ്രധാനമന്ത്രിയായതോടെ കാശി വിശ്വനാഥ് ഇടനാഴിയുടെ വികസന പ്രവര്‍ത്തനത്തിനും ബിമല്‍ ദേശ്മുഖ് ഭാഗമാവുകയായിരുന്നു. ഗാംഗാനദിയെ ക്ഷേത്രവുമായി ബന്ധിപ്പിക്കുന്നതായിരുന്നു കാശി ഇടനാഴിയുടെ ഉദ്ദേശ്യം. വാരാണസിയുടെ മുഖച്ഛായ മാറ്റിയ പദ്ധതിക്ക് 2019 മാര്‍ച്ചിലാണ് പ്രധാനമന്ത്രി തറക്കല്ലിട്ടത്. തുടര്‍ന്ന് 2021 ഡിസംബര്‍ 12 ന് പദ്ധതിയുടെ ആദ്യ ഘട്ടം നരേന്ദ്രമോദി തന്നെ ഉദ്ഘാടനം നിര്‍വഹിക്കുകയും ചെയ്തു.
.jpg?$p=3d44eb4&&q=0.8)
കോവിഡിനേയും അതിജീവിച്ച പ്രവൃത്തി
2020 ഡിസംബറില്‍ പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ശിലാസ്ഥാപനം മോദി നടത്തിയപ്പോഴും ബിമല്‍ ദേശ്മുഖ് തന്നെയായിരുന്നു മുന്നില്‍. നിര്‍മാണം തുടങ്ങി ഒമ്പത് മാസത്തിനുള്ളില്‍ കോവിഡ് പ്രതിസന്ധി വന്നപ്പോഴും അടിയന്തര പ്രവൃത്തിയെന്ന നിലയില്‍ നിര്‍മാണം തുടരുകയായിരുന്നു. ഇതിനെ വലിയ രീതിയില്‍ പ്രതിപക്ഷം എതിര്‍ത്തുവെങ്കിലും അതിനെയൊന്നും വകവെക്കാതെയായിരുന്നു മുന്നോട്ട് പോകല്‍. 2021 മെയ് മാസം ആയപ്പോഴേക്കും തൊഴിലാളികളുടെ സുരക്ഷ കണക്കിലെടുത്ത് ജോലി നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ട് ഡല്‍ഹി ഹൈക്കോടതിയില്‍ പ്രതിപക്ഷം പൊതു താല്‍പര്യ ഹര്‍ജിയുമായെത്തി. എന്നാല്‍ ദേശീയ പ്രാധാന്യമുള്ള ജോലി എന്ന് കണക്കാക്കി കോടതി ഹര്‍ജി തള്ളുകയും ചെയ്തു. ഇതിന് പുറമെ ഹര്‍ജിക്കാര്‍ക്ക് ഒരു ലക്ഷം രൂപ പിഴയുമിട്ടു.
കോവിഡ് പ്രതിസന്ധിയും വാക്‌സിന്‍ പ്രശ്‌നവും രൂക്ഷമായതോടെ ഇതില്‍ ശ്രദ്ധിക്കാതെ കോടികള്‍ മുടക്കി സര്‍ക്കാര്‍ പാര്‍ലമെന്റ്മന്ദിരം പണിയുകയാണെന്ന വിമര്‍ശനമായിരുന്നു പിന്നീട് പ്രതിപക്ഷം മുന്നോട്ടുവെച്ചത്. എന്നാല്‍ പദ്ധതി മഹാമാരിക്ക് മുമ്പേയുള്ളതായിരുന്നുവെന്നും ഒരുമിച്ചെടുത്ത തീരുമാനമായിരുന്നുവെന്നും ചൂണ്ടിക്കട്ടിയാണ് ഇതിനെ സര്‍ക്കാര്‍ നേരിട്ടത്. സെന്‍ട്രല്‍ വിസ്ത പദ്ധതി പരിസ്ഥിത ആഘാതമുണ്ടാക്കുമെന്നും ഇതിന്റെ ഭാഗമായി മരങ്ങള്‍ വലിയ രീതിയില്‍ വെട്ടിനശിപ്പിക്കുമെന്നും ചൂണ്ടിക്കാട്ടി പരിസ്ഥിതി പ്രവര്‍ത്തകരും രംഗത്തുവന്നൂവെങ്കിലും ഇതിനേയും നേരിടാന്‍ ബിമല്‍ ദേശ്മുഖിനും സംഘത്തിനുമായി. അങ്ങനെ മൂന്നര പതിറ്റാണ്ടോളമുള്ള ആര്‍ക്കിടെക്ച്ചര്‍ ജീവിതത്തിനിടെ ഏറ്റവും നിര്‍ണായക പ്രവൃത്തിയായി പുതിയ പാര്‍ലമെന്റ് മന്ദിരം മാറുകയും ചെയ്തു.
Content Highlights: New Paliament Building By Architecture Bimal Hasmukh


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..