നൊന്തുപ്രസവിച്ചാലേ അമ്മയാകൂ?; നയന്‍താര ഗര്‍ഭിണി ആയാലും ഇല്ലെങ്കിലും നിങ്ങള്‍ക്കെന്താ?


രമ്യ ഹരികുമാര്‍

മാതാപിതാക്കളായ സന്തോഷം അറിയിച്ചുകൊണ്ട് നയൻതാര സോഷ്യൽമീഡിയയിൽ പങ്കുവെച്ച ചിത്രം

'നൊന്തുപ്രസവിച്ചാലേ അമ്മയാവൂ????'
'അമ്മയാകാനും ആകാതിരിക്കാനും അതെങ്ങനെ വേണമെന്ന് തീരുമാനിക്കാനുമുളള സ്വാതന്ത്ര്യം സ്ത്രീക്കല്ലേ?'
'അമ്മയാകാന്‍ കരിയറിനോട് സുല്ലുപറയണോ??'
'അല്ലെങ്കിലും മാതൃത്വം ഒരു തിരഞ്ഞെടുപ്പല്ലേ??'
'കുഞ്ഞുങ്ങള്‍ വേണോ വേണ്ടയോ അതെങ്ങനെ വേണം എന്നുതിരഞ്ഞെടുക്കാനുളള സ്വാതന്ത്ര്യം ദമ്പതികളുടേതല്ലേ?'

ഇരട്ടക്കുട്ടികളുടെ മാതാപിതാക്കളായ വാര്‍ത്ത പങ്കുവെച്ച നയന്‍താരയുടെയും വിഘ്‌നേശ് ശിവന്റെയും സോഷ്യല്‍മീഡിയ പോസ്റ്റുകള്‍ക്ക് കീഴെയുളള പ്രതികരണങ്ങളോട് ചോദിക്കാനുളളത് ഒരുപിടി ചോദ്യങ്ങളാണ്. നയന്‍താരയുടെ മാസക്കുളി തെറ്റിയത് എന്നുമുതല്‍, വിവാഹത്തിന് മുമ്പ് ഗര്‍ഭിണിയായിരുന്നോ, സറോഗസിയല്ലേ തുടങ്ങിയ വഷളന്‍ ചോദ്യങ്ങളിലൂടെ സെലിബ്രിറ്റികളെ പരസ്യവിചാരണ ചെയ്യാനുളള സ്വാതന്ത്ര്യം നല്‍കുന്ന പ്ലാറ്റ്‌ഫോമായി സോഷ്യല്‍മീഡിയ അധപതിച്ചിരിക്കുകയാണ്. വിവാഹം കഴിഞ്ഞ് ഒരുമാസം പിന്നിടുമ്പോഴേക്കും വിശേഷമായില്ലേ എന്നുചോദിക്കുന്ന, ആര്‍ക്കാണ് കുഴപ്പം ഇക്കാര്യത്തിന് ആ ഡോക്ടറാ നല്ലത് എന്ന് ഉപദേശിക്കുന്നവരുടെ അതേ മനഃസ്ഥിതി തന്നെയാണ് ഒരു ഐഡിക്ക് പിറകില്‍ ഒളിഞ്ഞിരുന്ന് സദാചാര പോലീസിങ് നടത്തുന്ന, പ്രമുഖരുടെ പോസ്റ്റില്‍ 'പൊങ്കാല'യിടുന്നതില്‍ അഭിമാനിക്കുന്ന ഈ വെട്ടുക്കിളികൂട്ടിത്തിനുമുളളത്.മാതാപിതാക്കളായ വാര്‍ത്ത പങ്കുവെച്ച് സൈബര്‍ ആക്രമണം നേരിട്ട ആദ്യ താരദമ്പതികളല്ല നയനും വിഘ്‌നേഷും. ദേസി ഗേള്‍ പ്രിയങ്ക ചോപ്രയ്ക്കും ഭര്‍ത്താവ് നിക് ജൊനാസിനും വാടക ഗര്‍ഭധാരണത്തിന്റെ സഹായത്തോടെ കുഞ്ഞ് ജനിച്ചെന്ന വാര്‍ത്ത മാറിയ കാലത്തിന്റെ മാതൃത്വ കാഴ്ചപ്പാടുകളെ കുറിച്ചുളള വലിയ ചര്‍ച്ചകളിലേക്ക് ചെന്നെത്തിയിരുന്നു. സോഷ്യല്‍ മീഡിയ രണ്ടായി പിരിഞ്ഞു. അനുകൂലിച്ചും പ്രതികൂലിച്ചും പ്രതികരണങ്ങള്‍ ഉയര്‍ന്നു. എന്തിന് എഴുത്തുകാരി തസ്ലീമ നസ്രിന്‍ പോലും ചര്‍ച്ചയില്‍ പങ്കാളിയായത് നാം കണ്ടതാണ്.

'വാടക ഗര്‍ഭധാരണത്തിലൂടെ ലഭിക്കുന്ന റെഡിമെയ്ഡ് കുഞ്ഞിനോട് അമ്മയ്ക്കുണ്ടാകുന്ന വികാരമെന്താണ്? നൊന്തുപ്രസവിക്കുന്ന അമ്മമാര്‍ക്ക് കുഞ്ഞുങ്ങളോടുണ്ടാകുന്ന അതേ സ്‌നേഹം ഈ അമ്മമാര്‍ക്ക് കുഞ്ഞുങ്ങളോടുണ്ടാകുമോ?' എന്നായിരുന്നു തസ്ലീമയുടെ സംശയം. വാടക ഗര്‍ഭപാത്രത്തിന്റെ സഹായത്തോടെ സ്വന്തം കുഞ്ഞ് എന്ന സ്വാര്‍ഥ താല്പര്യം സാക്ഷാത്കരിക്കുന്നതിന് പകരം ആരോരുമില്ലാത്ത ഒരു കുഞ്ഞിനെ ദത്തെടുക്കയാണ് ദമ്പതികള്‍ ചെയ്യേണ്ടതെന്നും തസ്ലീമ അഭിപ്രായപ്പെട്ടു. ട്വീറ്റ് വിവാദമായതോടെ തന്റെ അഭിപ്രായം വാടകഗര്‍ഭധാരണത്തെ സംബന്ധിച്ചുമാത്രമാണെന്നും പ്രിയങ്കയും നിക്കുമായി യാതൊരുബന്ധവുമില്ലെന്നും അവര്‍ പറഞ്ഞൊഴിഞ്ഞു.

കൃത്രിമ ബീജസങ്കലനത്തിലൂടെ വാടക ഗര്‍ഭപാത്രത്തിന്റെ സഹായത്താല്‍ മാതാപിതാക്കളാകുന്ന ബി-ടൗണിലെ ആദ്യതാരമായിരുന്നില്ല പ്രിയങ്ക. ബോളിവുഡിന് 'സരോഗസി' സ്വാഭാവികമായ ഒരു പ്രക്രിയ ആയിക്കഴിഞ്ഞിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞു. വാടക ഗര്‍ഭധാരണത്തിലൂടെ മാതാപിതാക്കളായത് പൊതുജനമധ്യത്തില്‍ ആദ്യ തുറന്നുപറഞ്ഞ പ്രശസ്തരായ ദമ്പതികളുടെ കൂട്ടത്തിലാണ് ആമിര്‍ ഖാന്റെയും രണ്ടാംഭാര്യ കിരണ്‍ റാവുവിന്റെയും സ്ഥാനം. ഗര്‍ഭപാത്ര സംബന്ധമായ ചില പ്രശ്നങ്ങളെ തുടര്‍ന്ന് തുടര്‍ച്ചയായി അബോര്‍ഷന്‍ സംഭവിച്ചതോടെയാണ് കുഞ്ഞിനായി സരോഗസിയെ സമീപിക്കാന്‍ കിരണും ആമിറും തീരുമാനിക്കുന്നത്. 2011ല്‍ ഇരുവരുടേയും ജീവിതത്തിലേക്ക് ആസാദ് കടന്നുവന്നു. പിന്നീട് പലപ്പോഴും വാടക ഗര്‍ഭധാരണത്തിലൂടെ മാതാപിതാക്കളാകുന്നതിനെ അവര്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്തിരുന്നു.

എന്താണ് സരോഗസി

ഒരു സ്ത്രീക്ക് സ്വന്തം ഗര്‍ഭപാത്രത്തില്‍ കുഞ്ഞിനെ ജനിപ്പിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ കുഞ്ഞിനെ മറ്റൊരു സ്ത്രീ പ്രസവിക്കുന്നതാണ് സരോഗസി. ഭര്‍ത്താവിന്റെയും ഭാര്യയുടെയും അണ്ഡവും ബീജവും കൃത്രിമബീജസങ്കലനത്തിലൂടെ ഭ്രൂണമാക്കി മറ്റൊരു വാടക ഗര്‍ഭപാത്രത്തില്‍ നിക്ഷേപിക്കുന്നു. പ്രസവിച്ചുകഴിഞ്ഞാല്‍ കുഞ്ഞിനെ യഥാര്‍ഥ അച്ഛനമ്മമാര്‍ക്ക് നല്‍കുന്നു. അണ്ഡമോ ബീജമോ ഏതെങ്കിലുമൊന്ന് പുറത്തുനിന്ന് സ്വീകരിക്കുന്നവരുണ്ട്.

ബോളിവുഡും ബിടൗണ്‍ പാപ്പരാസികളും ഏറെ ആഘോഷിച്ച, വിവാദമാക്കിയ വാര്‍ത്തയായിരുന്നു 48-ാം വയസ്സില്‍ ഷാരൂഖ് ഖാന്‍ സരോഗസിയുടെ സഹായത്തോടെ അച്ഛനായത്. ടീനേജുകാരായ ആര്യനും സുഹാനയ്ക്കും ശേഷമെത്തിയ കുഞ്ഞ് അബ്രാമിന്റെ ചിത്രങ്ങള്‍ക്കായി മാധ്യമങ്ങള്‍ പരക്കംപാഞ്ഞു. ഷാരൂഖിനും ഗൗരിക്കും സരോഗസിയിലൂടെ പിറന്ന കുഞ്ഞിന്റെ യഥാര്‍ഥ അമ്മ ആരാണ് എന്ന തലക്കെട്ടുകളില്‍ വാര്‍ത്തകളും ചര്‍ച്ചകളും തകൃതിയായി നടന്നു. അതിനെല്ലാം ഉപരിയായി അബ്രാമിനെ ഗര്‍ഭം ധരിച്ചിരിക്കേ ലിംഗനിര്‍ണയ പരിശോധന നടത്തിയെന്ന ആരോപണങ്ങളും ഉയര്‍ന്നു. പ്രിമെച്വര്‍ ബേബിയായിരുന്നു അബ്രാം. അതിനാല്‍ തന്നെ കുഞ്ഞിനെ ചുറ്റിപ്പറ്റിയുളള വാര്‍ത്തകളില്‍ ഒട്ടും സന്തുഷ്ടനായിരുന്നില്ല ഷാരൂഖ്.

താന്‍ ഭാഗമായ പബ്ലിക് ലൈഫിലെ സര്‍ക്കസിലേക്ക് കുഞ്ഞിനെ വലിച്ചിഴക്കരുതെന്ന് കടുത്തഭാഷയില്‍ തന്നെ ഷാരൂഖ് പ്രതികരിച്ചു. മാസം തികയാതെ പിറന്ന കുഞ്ഞ് ആശുപത്രിയില്‍ കഴിയുമ്പോള്‍ ഒരു ചലച്ചിത്രതാരത്തിന്റെ മകനാണ് എന്നുകരുതി രാജ്യത്ത് നിരോധിച്ച ലിംഗനിര്‍ണയ പരിശോധന നടത്തിയെന്ന ആരോപണം ഉയര്‍ത്തുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. പിന്നീട് അച്ഛനൊപ്പം നുണക്കുഴിക്കവിളുമായി പൊതുമധ്യത്തില്‍ പ്രത്യക്ഷപ്പെട്ട അബ്രാം വളരെ വേഗത്തിലാണ് ആരാധകരുടെ ഹൃദയം കവര്‍ന്നത്. അബ്രാമിന്റെ കുസൃതികള്‍ ഷാരൂഖിനെപ്പോലെ ആരാധകരും ആസ്വദിച്ചുതുടങ്ങി.

ഇന്ത്യന്‍ യുവത്വത്തിന്റെ ഹൃദയമിടിപ്പായ സണ്ണിലിയോണ്‍ രണ്ടുവയസ്സുകാരിയായ നിഷ എന്ന പെണ്‍കുട്ടിയെ ദത്തെടുത്ത വാര്‍ത്ത കൈയടിയോടെയാണ് സ്വീകരിക്കപ്പെട്ടത്. തൊട്ടടുത്ത വര്‍ഷം സരോഗസിയിലൂടെ സണ്ണി ലിയോണും ഭര്‍ത്താവ് ഡാനിയേല്‍ വെബ്ബറും ഇരട്ടക്കുഞ്ഞുങ്ങളുടെ മാതാപിതാക്കളായി. കുഞ്ഞ് വേണമെന്ന് തോന്നിയ ദമ്പതികള്‍ ആദ്യം ചെയ്തത് ദത്തെടുക്കലാണ് എന്നതുകൊണ്ടുതന്നെ സരോഗസിയെ ചുറ്റിപ്പറ്റിയുളള വിമര്‍ശനങ്ങള്‍ക്ക് സണ്ണി ലിയോണിന്റെ കാര്യത്തില്‍ മൂര്‍ച്ച കുറവായിരുന്നു.

2017-ലാണ് സരോഗസിയുടെ സഹായത്തോടെ കരണ്‍ ജോഹര്‍ അച്ഛനാകുന്നത്. കരണിന്റെ ലൈംഗിക ആഭിമുഖ്യം പലപ്പോഴും ചര്‍ച്ചയായിട്ടുളളതിനാല്‍ തന്നെ കുഞ്ഞുങ്ങളുടെ അമ്മയെക്കുറിച്ചുളള അഭ്യൂഹങ്ങള്‍ക്ക് പിറകേയായിരുന്നു മാധ്യമങ്ങള്‍. രക്ഷിതാവ് എന്ന ഉത്തരവാദിത്തത്തെ അത്യാഹ്ലാദത്തോടെ കരണ്‍ സ്വീകരിച്ചുവെങ്കിലും കുഞ്ഞുങ്ങള്‍ മുതിരുമ്പോള്‍ സരോഗസിയെ കുറിച്ച് അവരെ പറഞ്ഞുമനസ്സിലാക്കുക ഒരുപക്ഷേ എളുപ്പമായരിക്കില്ലെന്ന് കരണ്‍ പിന്നീട് ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു. 'വാടകഗര്‍ഭധാരണം നമുക്ക് തന്നെ പുതുമയാര്‍ന്ന ഒരു കാര്യമാണ്. ഇതേക്കുറിച്ച് കുട്ടികളോട് വിവരിക്കുന്നത് അതികഠിനമായിരിക്കും. നാളെ നിങ്ങള്‍ ഒരു സിംഗിള്‍ ഫാദറിനുണ്ടായ കുഞ്ഞുങ്ങളാണെന്ന് മക്കളോട് എനിക്ക് പറയേണ്ടി വരും. പുറമേ നിന്നുളളവര്‍ക്ക് ഇത് വളരെ സ്വാര്‍ഥമായ ഒരു തീരുമാനമാണെന്ന് വിമര്‍ശിക്കാം. എന്റെ ജീവിതത്തിലെ ശൂന്യതയാണ് കുട്ടികള്‍ വന്നതോടെ ഇല്ലാതായത്.'

എന്താണ് വാടക ഗര്‍ഭധാരണം

വന്ധ്യത, സിംഗിള്‍ പാരന്റ്, സ്വവര്‍ഗാനുരാഗികളായ ദമ്പതികള്‍, ഗര്‍ഭകാലം പൂര്‍ത്തിയാക്കാന്‍ ശാരീരിക ബുദ്ധിമുട്ടുളള അമ്മമാര്‍ എന്നിവരാണ് സറോഗസിയെ ആശ്രയിക്കുന്നത്. കൃത്രിമബീജ സങ്കലനത്തിലൂടെ സൃഷ്ടിക്കുന്ന ഭ്രൂണത്തെ ഇവര്‍ കണ്ടെത്തിയ ആരോഗ്യവതിയായ ഒരുസ്ത്രീയുടെ ഗര്‍ഭപാത്രത്തില്‍ നിക്ഷേപിക്കുന്നതാണ് പ്രക്രിയ. വാടക ഗര്‍ഭപാത്രത്തിന്റെ സഹായത്താല്‍ ജനിക്കുന്ന കുഞ്ഞിന് തന്നെ ഗര്‍ഭം ധരിച്ച സ്ത്രീയുമായി ജൈവികബന്ധം ഉണ്ടായിരിക്കില്ല.

പെറ്റമ്മയില്‍ നിന്ന് അകറ്റിനിര്‍ത്തി മക്കളോട് കരണ്‍ ചെയ്യുന്നത് ക്രൂരതയാണെന്നും വിവാദങ്ങള്‍ ഉയര്‍ന്നിരുന്നു. പക്ഷേ അതിനും ഉത്തരം കരണിനുണ്ടായിരുന്നു. അച്ഛന്‍ എന്നതിനേക്കാള്‍ തന്നിലെ സഹജഭാവം അമ്മയുടേതാണെന്നും തന്നെ അച്ഛനെന്ന് വിളിക്കുന്ന മക്കള്‍ അമ്മയെന്ന് വിളിക്കുന്നത് തന്റെ അമ്മയെയാണെന്നും മുത്തശ്ശിയുടെയും അമ്മയുടെയും സ്നേഹവവും കരുതലും അവര്‍ക്ക് തന്റെ അമ്മയില്‍ നിന്ന് ലഭിക്കുന്നുണ്ടെന്നും അവര്‍ പറഞ്ഞു. ലൈംഗികാഭിമുഖ്യത്തിലെ വ്യത്യസ്തകള്‍ കാരണം വിവാഹിതനാകേണ്ടെന്ന് തീരുമാനിക്കുന്ന, അതേസമയം തനിക്ക് സ്വന്തം രക്തത്തില്‍ തന്നെ പിറന്ന അനന്തരാവകാശികള്‍ വേണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് അനുഗ്രഹമാണ് സരോഗസി.

ബാച്ച്ലര്‍ ഡാഡ് ആയിരിക്കാന്‍ കരണിനേക്കാള്‍ മുമ്പേ തീരുമാനിച്ച വ്യക്തിയാണ് തുഷാര്‍ കപൂര്‍. പ്രായപൂര്‍ത്തിയായ ഒട്ടേറെ അവിവാഹിതരായ സ്ത്രീകള്‍ കുട്ടികളെ വളര്‍ത്തുന്നുണ്ട്. അത്തരത്തില്‍ മാതൃത്വം ആഘോഷിക്കപ്പെടുമ്പോള്‍ എന്തുകൊണ്ട് അവിവാഹിതനായ തനിക്ക് പിതൃത്വം ആഘോഷിച്ചുകൂടാ എന്ന ചിന്തയില്‍നിന്നാണ് കുട്ടി വേണമെന്ന് ചിന്തിച്ചുതുടങ്ങിയതെന്ന് തുഷാര്‍ ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു. 'അമ്മയുടെയും അച്ഛന്റെയും അവസ്ഥയിലൂടെ എനിക്ക് കടന്നുപോകണമെന്നു തോന്നി. ആ വെല്ലുവിളി ഞാന്‍ ഏറ്റെടുത്തു.' അങ്ങനെ വിവാഹിതാനാകാതെ സരോഗസിയുടെ സഹായത്താല്‍ തുഷാര്‍ അച്ഛനായി. പിന്നീട് തുഷാറിന്റെ സഹോദരി ഏക്ത കപൂറും സരോഗസിയുടെ സഹായത്തോടെ അമ്മയായിരുന്നു.

തുടര്‍ച്ചയായ അബോര്‍ഷനുകളെ തുടര്‍ന്നാണ് ശില്പ ഷെട്ടി സരോഗസിയിലൂടെ സമീഷയെന്ന പെണ്‍കുഞ്ഞിന്റെ അമ്മയാകുന്നത്. 'വിഹാന് ശേഷം ഒരു കുഞ്ഞ് വേണമെന്ന് ഞാന്‍ വളരെയധികം ആഗ്രഹിച്ചിരുന്നു. പക്ഷേ എനിക്ക് ഒരു ഓട്ടോ ഇമ്യൂണ്‍ ഡിസീസ് ഉണ്ട്. ഗര്‍ഭിണി ആകുമ്പള്‍ അത് വല്ലാതെ അലട്ടും അബോര്‍ഷനാകും. വളരെ ഗുരുതരമായ ശാരീരിക അവസ്ഥയായിരുന്നു. കുഞ്ഞിനെ ദത്തെടുക്കാനായിരുന്നു ആദ്യ തീരുമാനം. നാലുവര്‍ഷത്തോളം അതിനായി ശ്രമിച്ചെങ്കിലും ചിലകാരണങ്ങളാല്‍ അത് നടന്നില്ല. തുടര്‍ന്നാണ് സരോഗസിയെ സ്വീകരിക്കാം എന്ന തീരുമാനത്തിലെത്തുന്നത്. മൂന്നുതവണത്തെ ശ്രമങ്ങള്‍ പരാജയപ്പെട്ടതിന് ശേഷമാണ് സമീഷ ഞങ്ങളുടെ ജീവിതത്തിലെത്തുന്നത്.' ശില്പ പറയുന്നു. ശ്രേയസ് തല്‍പഡെ, ലിസ റായ്, പ്രീതി സിന്റ, സൊഹൈല്‍ ഖാന്‍ എന്നിവരും വാടക ഗര്‍ഭപാത്രത്തെ ആശ്രയിച്ച് രക്ഷിതാക്കളായവരാണ്.

കാലത്തിന് മുമ്പേ സഞ്ചരിച്ച ദശരഥം

വാടക ഗര്‍ഭധാരണം പ്രമേയമാക്കി നിരവധി സിനിമകള്‍ ഇറങ്ങിയിട്ടുണ്ട്. മോഹന്‍ലാല്‍ നായകനായ ദശരഥം മലയാളികള്‍ മറക്കാനിടയില്ല. വാടകഗര്‍ഭധാരണത്തിലൂടെ അമ്മയായ ആനിക്ക് കുഞ്ഞിനോടുണ്ടാകുന്ന വൈകാരികമായ അടുപ്പവും ഒടുവില്‍ കുഞ്ഞിനെ ആനിയെ ഏല്‍പ്പിക്കാന്‍ തയ്യാറാകുന്ന മോഹന്‍ലാലിന്റെ രാജീവ് മേനോനും മലയാളികളെ നൊമ്പരപ്പെടുത്തിയത് വാടക ഗര്‍ഭധാരണം അത്ര സുപരിചിതമല്ലാത്ത 1989-ലാണ്. ശബാന ആസ്മിയും ശര്‍മിള ടാഗോറും വിക്ടര്‍ ബാനര്‍ജിയും കേന്ദ്ര കഥാപാത്രങ്ങളായ ദൂസ് രി ദുല്‍ഹന്‍, സല്‍മാന്‍ ഖാന്‍, പ്രീതി സിന്റ, റാണി മുഖര്‍ജി എന്നിവര്‍ അഭിനയിച്ച ചോരി ചോരി ചുപ്കെ ചുപ്കെ, പരംസുന്ദരി എന്ന വൈറല്‍ ഗാനരംഗമുളള കൃതി സനന്‍ നായികയായ മിമി തുടങ്ങിയ ചിത്രങ്ങളും സരോഗസി പ്രമേയമാക്കിയുളളതാണ്.

വന്ധ്യതയുള്‍പ്പടെയുളള ആരോഗ്യപ്രശ്നങ്ങളും വൈകിയുളള ഗര്‍ഭധാരണം മൂലമുണ്ടാകുന്ന ബുദ്ധിമുട്ടുകളും നിലനില്‍ക്കേ സ്വന്തം കുഞ്ഞെന്ന സ്വപ്നസാക്ഷാത്ക്കാരത്തിന് വേണ്ടിയാണ് ആദ്യകാലങ്ങളില്‍ സെലിബ്രിറ്റികള്‍ ഉള്‍പ്പടെയുളളവര്‍ സരോഗസിയെ സമീപിച്ചിരുന്നത്. സരോഗസിയുടെ പേരില്‍ വലിയൊരു ചൂഷണവും നടക്കുന്നത് തമസ്‌കരിച്ചുകൂടാ. സ്ത്രീ പൂര്‍ണയാകുന്നത് അമ്മയാകുന്നതോടെ മാത്രമാണ് എന്ന് വിശ്വസിക്കുന്ന, സ്ത്രീ അത്തരത്തില്‍ കണ്ടീഷന്‍ ചെയ്യപ്പെട്ട ഒരു സമൂഹത്തില്‍ സരോഗസി ഒരുതരത്തില്‍ അനുഗ്രഹമാണെങ്കിലും ആരുടേയോ ഗര്‍ഭപാത്രത്തില്‍ വളര്‍ന്ന കുഞ്ഞെന്നുളള അകലവും, ഇതിനുവേണ്ട ചെലവും മൂലം സരോഗസിയെ ആശ്രിക്കുന്നവരുടെ എണ്ണം ആദ്യകാലത്ത് വളരെ കുറവായിരുന്നു. വര്‍ഷങ്ങള്‍ പിന്നിട്ടതോടെ ഈ കാഴ്ചപ്പാടുകള്‍ക്ക് മാറ്റങ്ങള്‍ വന്നുതുടങ്ങി. ഒരു കുഞ്ഞിനുവേണ്ടി വര്‍ഷങ്ങളായി ചികിത്സചെയ്യുന്ന ദമ്പതികള്‍ മാത്രമല്ല, അവിവാഹിതരാണെങ്കിലും ഒരു കുഞ്ഞിനെ നോക്കി വളര്‍ത്താനാഗ്രഹിക്കുന്നവരും വ്യത്യസ്ത ലൈംഗിക ആഭിമുഖ്യം പുലര്‍ത്തുന്നവരും സരോഗസിയെ ആശ്രയിച്ചു. മഹനീയമാണ് മാതൃത്വം എന്ന ലേബലില്‍ സ്ത്രീയുടെ മേല്‍ കാലങ്ങളായി വെച്ചുകൊടുത്തിട്ടുളള പാട്രിയാര്‍ക്കല്‍ നിര്‍മിതികളെ ചോദ്യം ചെയ്യുന്ന ഇത്തരം നടപടികളോട് വഴങ്ങാന്‍ സമൂഹത്തിന് അത്ര എളുപ്പമല്ലെങ്കില്‍ പോലും പ്രിയങ്കയെപ്പോലെ, നയന്‍താരയെ പോലെ കരിയര്‍ ഫോക്കസ്ഡ് ആയ സ്ത്രീകള്‍ക്ക് പ്രായം കടന്നുപോകുന്നതിന്റെ ആധികളില്ലാതെ അമ്മയാകാനുളള സാധ്യതകളാണ് സരോഗസി മുന്നോട്ട് വെക്കുന്നത്. ദമ്പതികളുടെ 'ഉയിരും' 'ഉലകവും' അവര്‍തന്നെ തീരുമാനിക്കട്ടെ, അവിടെ മൂന്നാമതൊരാള്‍ക്കെന്തുകാര്യം..


ഗൃഹലക്ഷ്മിയില്‍ പ്രസിദ്ധീകരിച്ചത്

Content Highlights: Nayanthara and Vignesh Shivan who blessed with Twin Boys, Cyber attack against Nayan and Vikki


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
photo: Getty Images

2 min

വീണ്ടും കണ്ണീര്‍; കോസ്റ്ററീക്കയെ വീഴ്ത്തിയിട്ടും ജര്‍മനി പുറത്ത്‌

Dec 2, 2022


photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


praveena poothotta law college ksu

1 min

കോളേജ് യൂണിയന്‍ പിടിക്കാന്‍ കൈവിട്ട കളി? KSU പ്രവര്‍ത്തകയെ SFI-ക്കാര്‍ തട്ടിക്കൊണ്ടുപോയെന്ന് പരാതി

Nov 30, 2022

Most Commented