ചന്ദ്രനിലിറങ്ങാന്‍ ആദ്യമായി ഒരു വനിത; ആര്‍ട്ടെമിസിനെ ഉറ്റുനോക്കി ലോകം


അശ്വതി അനില്‍Photo: NASA

1969 ജൂലായ് 20, സമയം രാത്രി 10.56.. അക്ഷമയുടെ നിമിഷങ്ങള്‍, എന്തും സംഭവിക്കാം..! സസ്‌പെന്‍സുകള്‍ക്ക് വിരാമമിട്ട് ഹൂസ്റ്റണിലെ റേഡിയോയില്‍ ആ ശബ്ദം മുഴങ്ങി, ലക്ഷക്കണക്കിന് കിലോമീറ്ററുകള്‍ ദൂരത്തുള്ള ചന്ദ്രനില്‍ നിന്നെത്തിയ ആ സന്ദേശം ഇങ്ങനെയായിരുന്നു, 'മനുഷ്യന് ഇതൊരു ചെറിയ കാല്‍വെയ്പ്, മനുഷ്യകുലത്തിന് ഇത് വമ്പന്‍ കുതിച്ചുചാട്ടം.. ശുഭവാര്‍ത്തയ്ക്ക് വേണ്ടി കാത്തിരുന്ന 650 കോടി ജനങ്ങളെ സാക്ഷിയാക്കി ഒരു പുതുചരിത്രം അതോടെ രചിക്കപ്പെട്ടു. ശാസ്ത്രം അതിന്റെ മഹത്തായ വിജയം ആഘോഷിച്ചു, വരാനിരിക്കുന്ന അനേകം തലമുറകള്‍ക്ക് അത് ഊര്‍ജമായി മാറി..

പ്രോജക്ട് അപ്പോളോ

നീല്‍ ആംസ്‌ട്രോങ്, എഡ്വിന്‍ ആല്‍ഡ്രിന്‍, മൈക്കിള്‍ കോളിന്‍സ്.. മനുഷ്യനെ ചന്ദ്രനിലെത്തിക്കാനുള്ള അപ്പോളോ ദൗത്യത്തില്‍ പങ്കെടുത്ത മൂന്ന് പേര്‍ അവരായിരുന്നു. പ്രോജക്ട് അപ്പോളോ എന്നായിരുന്നു ആ ദൗത്യത്തിന് അവരിട്ട പേര്. ഫ്‌ളോറിഡയിലെ 'കേപ്പ് കെന്നഡി' റോക്കറ്റ് ലോഞ്ച്പാഡില്‍നിന്ന് ജൂലായ് 16-ന് രാവിലെ 9.32-ന് റോക്കറ്റ് ബഹിരാകാശത്തേക്കുയര്‍ന്നു. 110 മീറ്റര്‍ നീളമുള്ള സാറ്റേണ്‍ വി. റോക്കറ്റായിരുന്നു അത്. അല്‍പസമയം കഴിഞ്ഞപ്പോള്‍ അത് അപ്രത്യക്ഷമായി. ജൂലായ് 19 ആയപ്പോള്‍ അപ്പോളോ 11-ന്റെ വേഗം കുറയുകയും ചന്ദ്രനെ വലംവെക്കാന്‍ തുടങ്ങുകയുംചെയ്തു. ഈ സന്ദര്‍ഭത്തില്‍ നാലു ലക്ഷം കിലോ മീറ്റര്‍ അകലെയുള്ള ഭൂമിയുടെ ഫോട്ടോ സംഘം പകര്‍ത്തി.

നീല്‍ ആംസ്‌ട്രോങ്, എഡ്വിന്‍ ആല്‍ഡ്രിന്‍, മൈക്കിള്‍ കോളിന്‍സ്

അപ്പോളോ 11 പേടകത്തിന് കമാന്‍ഡ് മൊഡ്യൂള്‍ (കൊളംബിയ), സര്‍വീസ് മൊഡ്യൂള്‍, ഈഗിള്‍ എന്ന ലൂണാര്‍ മൊഡ്യൂള്‍ എന്നിങ്ങനെ മൂന്ന് ഭാഗങ്ങളായിരുന്നു ഉണ്ടായിരുന്നത്. ആംസ്ട്രോങ്ങും ആല്‍ഡ്രിനും അകത്തുള്ളപ്പോള്‍ ലൂണാര്‍ മൊഡ്യൂള്‍ കമാന്‍ഡ് മൊഡ്യൂളില്‍നിന്ന് വേര്‍പെടുകയും ചന്ദ്രനിലേക്ക് പ്രവേശിക്കുകയുംചെയ്തു. തുടര്‍ന്ന് മിഷന്‍ കമാന്‍ഡറായ നീല്‍ ആംസ്‌ട്രോങ് ഈഗിളിന്റെ വാതിലിലൂടെ പടവുകളിറങ്ങി ചരിത്രപരമായ ആ കാല്‍പാട് പതിച്ചു. ആംസ്‌ട്രോങ്ങിന്റെ ചന്ദ്രനിലെ ആദ്യ ചുവടുവെയ്പ് ലോകമെമ്പാടുമുള്ള പ്രേക്ഷകര്‍ക്കായി തത്സമയം ടിവിയില്‍ പ്രക്ഷേപണം ചെയ്തിരുന്നു.

ആംസ്‌ട്രോങാണ് ആദ്യം ചന്ദ്രനിലിറങ്ങിയത്. 20 മിനിറ്റുകള്‍ക്ക് ശേഷം കമാന്‍ഡ് മൊഡ്യൂള്‍ പൈലറ്റായ ആല്‍ഡ്രിനുമിറങ്ങി. ആംസ്‌ട്രോങ് ചന്ദ്രനിലെ മണ്ണും പാറയും പദാര്‍ഥങ്ങളും ശേഖരിച്ചു. ചന്ദ്രനിലെ അമേരിക്കയുടെ സാന്നിധ്യം അടയാളപ്പെടുത്താനായി അമേരിക്കന്‍ ദേശീയപതാക, മെഡലുകള്‍, ലേസര്‍ റിഫ്ളക്ടറുകള്‍, സീസ്മോ മീറ്ററുകള്‍ എന്നിവ കൂടാതെ ഒരു സ്മാരകശിലയും ലോകനേതാക്കള്‍ ഒപ്പിട്ട സ്മരണികയും ചന്ദ്രനില്‍ സ്ഥാപിച്ചാണ് ഇവര്‍ മടങ്ങിയത്. രണ്ടു മണിക്കൂര്‍ 37 മിനിറ്റാണ് സംഘം ചന്ദ്രനില്‍ ചെലവഴിച്ചത്. ആംസ്‌ട്രോങും ആല്‍ഡ്രിനും ചന്ദ്രനില്‍ നടക്കുമ്പോള്‍ മൊഡ്യൂള്‍ പൈലറ്റ് മൈക്കിള്‍സ് കോളിന്‍സ് പേടകത്തില്‍ ചന്ദ്രന്റെ ഭ്രമണപഥം ചുറ്റുകയായിരുന്നു. ആദ്യമായി മനുഷ്യന്റെ കാല്‍പാടുകള്‍ പതിഞ്ഞ ചന്ദ്രനിലെ ഈ സ്ഥലത്തെ 'സീ ഓഫ് ട്രാന്‍ക്വിലിറ്റി' എന്നാണ് വിശേഷിപ്പിക്കുന്നത്. അപ്പോളോ 11 ദൗത്യം വിജയകരമായി പൂര്‍ത്തിയായതോടെ അത് ലോകത്തിന്റെ ബഹിരാകാശ പര്യവേഷണരംഗത്തിനും വന്‍കുതിച്ചുചാട്ടമായി മാറി.

ദൗത്യം പൂര്‍ത്തിയാക്കിയ സംഘം ജൂലായ് 21ഓടെ ഭൂമിയിലേക്ക് തിരിച്ചു. ജൂലൈ 24 പസഫിക് സമുദ്രത്തിന് മുകളില്‍ എത്തിയ പേടകത്തില്‍ നിന്ന് ഹെലികോപ്ടറിന്റെ സഹായത്തോടെ പുറത്തേക്ക് വന്ന 'ചരിത്രപുരുഷന്മാരെ' സ്വീകരിക്കാന്‍ അമേരിക്കന്‍ പ്രസിഡന്റ് റിച്ചാര്‍ഡ് നിക്‌സണ്‍ ഉള്‍പ്പെടെയുള്ള വന്‍ പട തന്നെ കാത്തിരുന്നു. ലോകം മുഴുവന്‍ കൈയടിച്ച് 'ഹീറോ'കളെ വരവേറ്റു. തിരിച്ചെത്തിയ മൂവര്‍ സംഘത്തെ 21 ദിവസത്തെ ക്വാറന്റീനിൽ പ്രവേശിപ്പിച്ചു.

ചരിത്രം കുറിക്കാന്‍ ഒരു നിമിഷം, അതിനായി പത്ത് വര്‍ഷം

ചന്ദ്രനിലേക്കുള്ള മനുഷ്യന്റെ ആദ്യ യാത്ര.. ആ യാത്രയ്ക്ക് വേണ്ടി ഒന്നും രണ്ടുമല്ല, പത്ത് വര്‍ഷമാണ് സംഘം പരിശീലനം നടത്തിയത്. വിജയിക്കുമെന്നുറപ്പുളള ഒരു യാത്രയായിരുന്നില്ല ആ ദൗത്യം. ഒന്നുകില്‍ ദൗത്യം പൂര്‍ത്തിയാക്കി മടങ്ങും, അല്ലെങ്കില്‍ ബഹിരാകാശത്തുവെച്ച് എന്നന്നേക്കുമായി ജീവന്‍ വെടിയും. അതുകൊണ്ട് 'അവസാനയാത്ര'യ്ക്ക് കൂടിയാണ് സംഘം തയ്യാറെടുത്തത്.

ഭൂമിയുടെ പല ഭാഗങ്ങളില്‍ പലതരത്തിലുള്ള പരിശീലനമാണ് സംഘം നടത്തിയത്. ചന്ദ്രന്‍ എങ്ങനെയാണ്, ഉപരിതലം ഏത് രൂപത്തിലാണ്, ചന്ദ്രന്റെ ഏത് ഭാഗത്തായിരിക്കും ഈഗിള്‍ ചെന്നിറങ്ങുക തുടങ്ങിയ കാര്യങ്ങളെ കുറിച്ച് യാതൊരു മുന്നറിവും ഇല്ലാതിരുന്ന കാലത്തായിരുന്നല്ലോ ആ യാത്ര. അതുകൊണ്ട് എല്ലാത്തരം സാഹചര്യങ്ങളേയും നേരിടാനുള്ള മുന്നൊരുക്കമായിരുന്നു സംഘം ഭൂമിയില്‍ നടത്തിയത്. ആകര്‍ഷണം കുറഞ്ഞ പ്രതലത്തില്‍ കൂടി നടക്കാനും കല്ലുകള്‍ക്കും പാറകള്‍ക്കും മുകളിലൂടെ നടക്കാനും ഗര്‍ത്തത്തിലും ഉയര്‍ന്ന പ്രദേശങ്ങളിലും നടക്കാനും തുടങ്ങി എല്ലാത്തരം പരിശീലനങ്ങളും അവര്‍ കാലങ്ങളോളം നടത്തി. പേടകം ബഹിരാകാശത്ത് പ്രവര്‍ത്തിപ്പിക്കേണ്ടതിന്റെ സാങ്കേതികവശങ്ങള്‍, ചന്ദ്രനിലെത്തിയാല്‍ ആദ്യ ചുവടുവെയ്‌ക്കേണ്ടത് എങ്ങനെയാണ്, പതാക എങ്ങനെ നാട്ടണമെന്നത് മുതല്‍ അവിടെനിന്ന് ദൃശ്യങ്ങള്‍ പകര്‍ത്തുന്നതും പദാര്‍ഥങ്ങള്‍ ശേഖരിക്കുന്നതും ദൗത്യം പൂര്‍ത്തിയാക്കി ഭൂമിയിലേക്ക് മടങ്ങിയാല്‍ കടലിലോ കരയിലോ ഇറങ്ങേണ്ടുന്നതിന്റെ പരിശീലനം വരെ സംഘം നേടി. പത്ത് വര്‍ഷത്തോളം പലരീതിയില്‍ പലതവണ പരിശീലനം നടത്തിയതിന് ശേഷമാണ് ചാന്ദ്രയാത്രയ്ക്കായി പുറപ്പെട്ടത്. പരിശീലനമൊന്നും വെറുതേയായില്ല. എട്ട് ദിവസത്തെ ചാന്ദ്രദൗത്യം വിജയകരമാക്കി പൂര്‍ത്തിയാക്കി ജൂലായ് 24ന് അവര്‍ ഭൂമിയില്‍ തിരിച്ചെത്തി.

യുഎസ് പ്രസിഡന്റായിരുന്ന ജോണ്‍ എഫ്. കെന്നഡി പ്രഖ്യാപിച്ച ദേശീയ ലക്ഷ്യത്തിന്റെ സാക്ഷാത്കാരം കൂടിയായിരുന്നു ആ ദൗത്യം. ഈ ദശകം അവസാനിക്കുന്നതിനുമുമ്പ്, ഒരു മനുഷ്യനെ ചന്ദ്രനില്‍ ഇറക്കി സുരക്ഷിതമായി ഭൂമിയിലേക്ക് തിരിച്ചയക്കണമെന്നായിരുന്നു 1961ല്‍ കെന്നഡി പ്രഖ്യാപിച്ചത്. ആ ലക്ഷ്യം നിറവേറ്റിക്കൊണ്ടാണ് അപ്പോളോ 11ലൂടെ ബഹിരാകാശ മത്സരത്തില്‍ അമേരിക്ക തങ്ങളുടെ മുന്നേറ്റവും ഉറപ്പിച്ചത്.

ആംസ്‌ട്രോങ് തുടങ്ങിവെച്ചു, പിന്നാലെ 11 പേര്‍..

നീല്‍ ആംസ്‌ട്രോങ്ങിന്റേയും എഡ്വില്‍ ആല്‍ഡ്രിന്റേയും രണ്ടാമത്തേതും അവസാനത്തേതുമായ ബഹിരാകാശ യാത്രയായിരുന്നു അപ്പോളോ 11ല്‍ നടന്നത്. അതിനുശേഷം 1969 മുതല്‍ 1972 വരെ 12 അമേരിക്കക്കാരാണ് ചന്ദ്രനിലിറങ്ങിയത്. ചാള്‍സ് കോണ്‍റാഡ്, അലന്‍ ബീന്‍, (അപ്പോളോ-12) അലന്‍ ഷെപ്പാര്‍ഡ്, എഡ്ഗാര്‍ ഡി. മെറ്റ്‌ച്ചെല്‍,(അപ്പോളോ-14), ഡേവിഡ് ആര്‍ സ്‌കോട്ട്, ജെയിംസ് ബി. ഇര്‍വിന്‍, ( അപ്പോളോ-15), ജോണ്‍ യങ്, ചാള്‍സ് എം ഡ്യൂക്ക്, (അപ്പോളോ-16), ഹാരിസണ്‍ എച്ച് ഷ്മിറ്റ്, യൂജിന്‍ സര്‍നന്‍ (അപ്പോളോ-17), എന്നിവരാണ് ആംസ്‌ട്രോങിനും ആല്‍ഡ്രിനും ശേഷം ചന്ദ്രനിലിറങ്ങിയ അമേരിക്കക്കാര്‍. അതിനുശേഷം കഴിഞ്ഞ 52 വര്‍ഷമായി ആരും മനുഷ്യനെ ചന്ദ്രനിലേക്കയച്ചിട്ടില്ല. പക്ഷെ റഷ്യ, ചൈന, ജപ്പാന്‍, ഇസ്രയേല്‍, ദക്ഷിണ കൊറിയ, ഇന്ത്യ എന്നീ രാജ്യങ്ങള്‍ക്ക് ചന്ദ്രനെ ചുറ്റിക്കറങ്ങി വിവരങ്ങള്‍ ശേഖരിക്കാനുള്ള ദൗത്യത്തില്‍ വിജയം കൈവരിച്ചവരാണ്.

ചന്ദ്രനില്‍ ഗോള്‍ഫ് കളിച്ച് പരീക്ഷണം നടത്തിയതിനുശേഷമാണ് 1971ലെ അപ്പോളോ 14 ദൗത്യത്തില്‍ പങ്കെടുത്ത അലന്‍ ഷെപ്പേര്‍ഡ് തിരിച്ചെത്തിയത്. അന്ന് അലന്‍ തൊടുത്തുവിട്ട ഗോള്‍ഫ് ബോള്‍ ഭൂമിയിലെ റെക്കോര്‍ഡും മറികടന്നുകൊണ്ടാണ് പറപറന്നത്. 731.5 മീറ്റര്‍ ദൂരത്തായിരുന്നു ഗോള്‍ഫ് എത്തിയത്. യൂജിന്‍ സര്‍നാന്‍ ആണ് അവസാനമായി ചന്ദ്രനില്‍ ഇറങ്ങിയ ആള്‍. അപ്പോളോ 17 ദൗത്യത്തില്‍ യൂജിനെ കൂടാതെ ഹാരിസണ്‍ സ്മിത്തുമുണ്ടായിരുന്നു. മൂന്നു ദിവസവും മൂന്നുമണിക്കൂറുമാണ് യാത്രികര്‍ ചന്ദ്രോപരിതലത്തില്‍ ചെലവഴിച്ച് പരീക്ഷണങ്ങള്‍ നടത്തിയത്. ചന്ദ്രനില്‍ കാലുകുത്തിയത് പതിനൊന്നാമനായിട്ടാണെങ്കിലും ഹാരിസണ്‍ സ്മിത്തിനുശേഷം വീണ്ടും ലൂണാര്‍ മൊഡ്യൂളിലേക്കിറങ്ങിയതിനാലാണ് അദ്ദേഹത്തെ ചന്ദ്രനിലെ അവസാന മനുഷ്യന്‍ എന്ന വിശേഷിപ്പിക്കുന്നത്. 1972ല്‍ ചന്ദ്രനിലിറങ്ങിയ യുജീന്‍ കെര്‍ണന്‍ തന്റെ ക്യാമറ ചന്ദ്രനില്‍ വെച്ചാണ് തിരിച്ചുവന്നത്. ക്യാമറ തിരിച്ചെടുക്കാനായി പിന്നീടാരും ചന്ദ്രനിലേക്ക് പോയിട്ടില്ല. കാറ്റ് ഇല്ലാത്തതിനാല്‍ ആംസ്‌ട്രോങിന്റെ കാല്‍പ്പാട് മുതല്‍ യൂജിന്റെ ക്യാമറ വരെ ചന്ദ്രോപരിതലത്തില്‍ മാറ്റമില്ലാതെ നിലനില്‍ക്കുന്നുണ്ടെന്നാണ് നാസ കണ്ടുപിടിച്ചത്. ലൂണാര്‍ റെക്കനൈസന്‍സ് ഓര്‍ബിറ്റര്‍ പകര്‍ത്തിയ ആംസ്‌ട്രോങിന്റെ കാലടിപ്പാടിന്റെ ദൃശ്യം നാസ പുറത്തുവിട്ടിരുന്നു.

അപ്പോളോ 11 ലൂണാര്‍ മൊഡ്യൂള്‍

അരനൂറ്റാണ്ട്.. എന്തുകൊണ്ട് ചന്ദ്രനിലേക്ക് ആരും എത്തിയില്ല?

നീണ്ട 50 വര്‍ഷമായി ചന്ദ്രനിലേക്ക് മനുഷ്യനെ അയക്കാന്‍ മറ്റൊരു രാജ്യവും തുനിഞ്ഞിറങ്ങിയിട്ടില്ല. ആകാശദൗത്യങ്ങളില്‍ അമേരിക്കയും റഷ്യയും ചൈനയും ജപ്പാനുമെല്ലാം പരസ്പരം മത്സരിച്ചിരുന്നെങ്കിലും ചന്ദ്രനിലെത്തുന്ന പതിമൂന്നാമന്‍ ആരാവുമെന്ന ചോദ്യം കാലങ്ങളായി തുടരുകയാണ്. റോബോട്ടിനെ അയച്ച് ദൗത്യങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ടെങ്കിലും മനുഷ്യനെ വീണ്ടും ചന്ദ്രനിലെത്തിക്കാന്‍ എന്തുകൊണ്ടാണ് രാജ്യങ്ങള്‍ തയ്യാറാവാതിരുന്നത? അതിന്റെ പ്രധാന കാരണം മനുഷ്യനെ ചന്ദ്രനിലെത്തിക്കാനുള്ള ദൗത്യത്തിന് വേണ്ടി വരുന്ന ഭീമന്‍ ചെലവായിരുന്നു. അപ്പോളോ 11 ദൗത്യം പൂര്‍ത്തിയാക്കാന്‍ അമേരിക്കയ്ക്ക് ചെലവായത് 533 ദശലക്ഷം ഡോളറാണ്. അവസാന ദൗത്യമായ അപ്പോളോ 17ന് 450 ദശലക്ഷം ഡോളറും ചെലവായി. ഇത്തരത്തില്‍ ചാന്ദ്രദൗത്യത്തില്‍ മനുഷ്യന് ജീവന്‍ നിലനിര്‍ത്താന്‍ വെള്ളം, ഭക്ഷണം, ഓക്‌സിജന്‍ ഉള്‍പ്പടെയുള്ള സൗകര്യങ്ങള്‍ ഉറപ്പാക്കുകയെന്നത് വന്‍ ചെലവ് വരുന്ന പദ്ധതിയാണ്. മനുഷ്യനെ വഹിക്കാനുള്ള പേടകം നിര്‍മിക്കുന്നതും അതിനുള്ള സാങ്കേതികതയുടെ നിര്‍മാണവുമെല്ലാം പലരാജ്യങ്ങള്‍ക്കും താങ്ങാനാവുന്നതല്ല. അതുകൊണ്ടുതന്നെ ചെലവ് കുറയ്ക്കാനായി റോബോട്ടിക് സംവിധാനങ്ങള്‍ ഉപയോഗിച്ചുള്ള പഠനങ്ങളാണ് രാജ്യങ്ങള്‍ നടത്തിവന്നത്. ലാന്ററുകള്‍, റോവറുകള്‍, ഓര്‍ബിറ്ററുകള്‍ എന്നിവയെല്ലാം അതിനായി ഉപയോഗിച്ചു. മറ്റ് രാജ്യങ്ങളുമായുള്ള 'ആകാശയുദ്ധങ്ങള്‍' കുറഞ്ഞതോടെ ബഹിരാകാശ യുദ്ധത്തിന് അയവ് വന്നതോടെ ചാന്ദ്രയാത്രകള്‍ക്ക് പണം ചെലവഴിക്കുന്നതിനുള്ള അമേരിക്കയുടെ താല്‍പര്യവും കുറഞ്ഞു പല തവണ നാസ ചാന്ദ്ര യാത്രാദൗത്യങ്ങള്‍ ആവിഷ്‌കരിച്ചെങ്കിലും ഭരണകൂടത്തിന്റെ സാമ്പത്തിക പിന്തുണ അവയ്‌ക്കൊന്നും ലഭിച്ചില്ല.

അപ്പോളോ 17 മിഷനില്‍ യൂജിന്‍ സര്‍നാന്‍

ചന്ദ്രനില്‍ മനുഷ്യന്‍ വീണ്ടുമെത്തുമോ? പ്രതീക്ഷയേകി ആര്‍ട്ടെമിസ്

1972 ലെ അപ്പോളോ 17 ദൗത്യത്തിന് കൃത്യം 50 വര്‍ഷങ്ങള്‍ക്കിപ്പുറം ആര്‍ട്ടെമിസ് പദ്ധതിയിലൂടെ വീണ്ടും മനുഷ്യരെ ചന്ദ്രനിലെത്തിക്കുവാനുള്ള പദ്ധതിയിലാണ് നാസ ഉള്ളത്. കൂടുതല്‍ വിപുലമായ ശാസ്ത്ര ഗവേഷണ പദ്ധതികളാണ് ഈ പദ്ധതിയിലൂടെ നാസ ലക്ഷ്യമിടുന്നത്. 2024 ല്‍ ഈ പദ്ധതി യാഥാര്‍ഥ്യമാക്കാനാണ് നാസ ലക്ഷ്യമിടുന്നത്.

മനുഷ്യന്‍ വീണ്ടും ചന്ദ്രനില്‍ കാലുകുത്താനൊരുങ്ങുന്നു എന്നതിന് പുറമെ, ആദ്യമായി ഒരു വനിതാ ചാന്ദ്രയാത്ര നടത്തുന്നു എന്ന പ്രത്യേകതയും ഈ ഉദ്യമത്തിനുണ്ട്. ആര്‍ട്ടെമിസ് പദ്ധതിയുടെ ഭാഗമായി ഒരു വനിതയും പുരുഷനും ആയിരിക്കും ചന്ദ്രനിലേക്ക് പുറപ്പെടുക.

ചന്ദ്രനില്‍ സ്ഥിരഗവേഷണ കേന്ദ്രം സ്ഥാപിക്കാനുള്ള അമേരിക്കയുടെ പദ്ധതിയ്ക്ക് വേണ്ട പ്രാരംഭ ഗവേഷണങ്ങളും ആര്‍ട്ടെമിസ് പദ്ധതിയുടെ ഭാഗമാവും. ഏജന്‍സിയുടെ മറ്റ് പരീക്ഷണങ്ങളും പഠനങ്ങളും ഈ പദ്ധതിയുടെ ഭാഗമായി നടക്കും. 1600 കോടി ഡോളറിന്റെ ലൂണാര്‍ ലാൻഡിങ് മോഡ്യുള്‍ ഉള്‍പ്പടെ 2800 കോടി ഡോളറാണ് പദ്ധതിയുടെ ചെലവായി കണക്കാക്കുന്നത്. ചന്ദ്രനിലെ ദക്ഷിണ ധ്രുവത്തിലാണ് ലൂണാര്‍ ലാന്‍ഡര്‍ ഇറങ്ങുക.

നാസയുടെ സ്പേസ് ലോഞ്ച് സിസ്റ്റത്തില്‍ ഓറിയോണ്‍ ബഹിരാകാശ പേടകത്തിലാവും വിക്ഷേപണം. ജെഫ് ബെസോസിന്റെ ബ്ലൂ ഒറിജിന്‍, ഇലോണ്‍ മസ്‌കിന്റെ സ്പേസ് എക്സ്, ഡൈനറ്റിക്സ് തുടങ്ങിയ മൂന്ന് കമ്പനികളാണ് നാസയ്ക്ക് വേണ്ടി ലൂണാര്‍ ലാന്‍ഡര്‍ നിര്‍മിക്കുന്നത്.

ആര്‍ട്ടെമിസ് പദ്ധതിയുടെ ഭാഗമായുള്ള ആദ്യ വിക്ഷേപണം 'ആര്‍ട്ടെമിസ്-1' വിജയകരമായി പൂര്‍ത്തിയാക്കി. നവംബര്‍ 16 ബുധനാഴ്ച ഉച്ചയ്ക്ക് 12.17-ന് ഫ്ളോറിഡയിലെ കെന്നഡി സ്പേസ് സെന്ററിലുള്ള 39ബി ലോഞ്ച് കോംപ്ലക്സില്‍ നിന്നായിരുന്നു വിക്ഷേപണം. ആര്‍ട്ടെമിസ് ദൗത്യത്തിന്റെ ഭാഗമായി മനുഷ്യനെ ചന്ദ്രനിലേക്ക് അയക്കുന്നതിനായി തയ്യാറാക്കിയ ഓറിയോണ്‍ പേടകം സ്പേസ് ലോഞ്ച് സിസ്റ്റം റോക്കറ്റിലാണ് വിക്ഷേപിച്ചത്.

ആളില്ലാ ദൗത്യമാണ് ഇപ്പോള്‍ വിക്ഷേപിച്ച ആര്‍ട്ടെമിസ്-1. ബഹിരാകാശയാത്രികര്‍ക്ക് ചന്ദ്രനിലെ സാഹചര്യങ്ങള്‍ അനുകൂലമാണോ എന്ന് പരിശോധിക്കാനാണ് ആദ്യവിക്ഷേപണത്തിന്റെ ലക്ഷ്യം. ആര്‍ട്ടെമിസ്-2 2024 ല്‍ വിക്ഷേപിക്കും. ഇതില്‍ മനുഷ്യന്‍ ഉണ്ടാകുമെങ്കിലും ചന്ദ്രനില്‍ ഇറങ്ങില്ല. ചന്ദ്രനെ ചുറ്റി നിരീക്ഷിക്കുന്ന ഇവര്‍ ഭൂമിയിലേക്ക് മടങ്ങും. മൂന്നാം ഘട്ടമായ ആര്‍ട്ടെമിസ്-3 2030ല്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതില്‍പോകുന്ന സഞ്ചാരികളാവും ചന്ദ്രനില്‍ ഇറങ്ങുക.

ഇന്ത്യയുടെ ചാന്ദ്രപര്യവേക്ഷണങ്ങള്‍

ചന്ദ്രയാന്‍ 1
ഇന്ത്യയുടെ ചാന്ദ്രപര്യവേക്ഷണ ദൗത്യം. 2008 ഒക്ടോബര്‍ 22-ന് വിക്ഷേപിച്ചു. ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ടയിലെ സതീഷ്ധവാന്‍ സ്പേസ് സെന്ററില്‍ പി.എസ്.എല്‍.വി. സി-11 എന്ന റോക്കറ്റ് ഉപയോഗിച്ചാണ് വിക്ഷേപിച്ചത്. ചന്ദ്രനില്‍ ഇന്ത്യയുടെ ദേശീയപതാക സ്ഥാപിച്ചു.

ചന്ദ്രയാന്‍ 1 വിക്ഷേപണം

ചന്ദ്രയാന്‍ 2
റഷ്യയുടെ സഹായത്തോടെ 2019 ജൂലായ് 22-ന് സതീഷ് ധവാന്‍ സ്പേസ് സെന്ററില്‍ ജി.എസ്.എല്‍.വി. MARK- 3 എം.ഐ. എന്ന റോക്കറ്റിന്റെ സഹായത്താല്‍ വിക്ഷേപിച്ചു. പ്രഗ്യാന്‍ എന്ന റോബോട്ടിക് വെഹിക്കിളാണ് ഇതില്‍ പ്രയോജനപ്പെടുത്തിയത്.

Content Highlights: NASA artemis mission man in moon mission


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Gujarat

1 min

ഏഴാം തവണയും ഗുജറാത്ത്‌ പിടിച്ച് ബിജെപി: 152 സീറ്റില്‍ വ്യക്തമായ ലീഡ്‌

Dec 8, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


10:28

EXPLAINED | വിഴിഞ്ഞം സമരം ഒത്തുതീർപ്പിനു പിന്നിലെന്ത്? വാഗ്ദാനങ്ങൾ എന്തൊക്കെ?

Dec 7, 2022

Most Commented