എന്റെ തല, എന്റെ ഫുൾ ഫിഗർ... ഇതൊരു രോഗമാണോ ഡോക്ടർ?


അഖില സെല്‍വംIn Depth

പ്രതീകാത്മക ചിത്രം

സേവ് അഫ്ഗാനിസ്ഥാന്‍, സേവ് യുക്രൈന്‍ എന്നീ കാമ്പെയ്‌നുകള്‍ സോഷ്യല്‍ മീഡിയയില്‍ കത്തി നില്‍ക്കുകയും പതിവുപോലെ അപ്രത്യക്ഷമാകുകയും ചെയ്തത് ഓര്‍മയില്ലേ? കുറേപേര്‍ പ്രത്യേകിച്ച് യുവജനങ്ങള്‍ ഈ കാമ്പെയിനില്‍ സജീവമായി പങ്കെടുത്തു. പക്ഷേ, എന്തോ എവിടെയോ തകരാര്‍ എന്നുപറയും പോലെ ഈ ഹാഷ്ടാഗ് കാമ്പെയിനുകളെ വെറും അടിക്കുറിപ്പാക്കി ചിലയാളുകള്‍ സ്വന്തം ഫോട്ടോ തന്നെ പോസ്റ്റ് ചെയ്തു. ഭൂരിഭാഗം പേരും അതു ശ്രദ്ധിച്ചുകാണില്ല, ശ്രദ്ധിച്ചവര്‍ അതെന്താണെന്ന് ചിന്തിക്കുകയും ചെയ്തു.'ഓ അവരുടെ മുഖത്തില്‍നിന്ന് വായിച്ചെടുക്കാം യുക്രൈയിനിലെ അഭയാര്‍ഥികളുടെ അവസ്ഥ ഹൗ സാഡ്,' 'വേറെന്താ ഇതൊക്കെ ഇവരുടെ ചീപ്പ് നമ്പറുകളല്ലേ ഫോളോവേസിനെ കൂട്ടാന്‍', 'എന്നാലും ആ പെങ്കൊച്ച് കൊള്ളാം ഒരു ലൈക്ക് കൊടുക്കാം.' ഇങ്ങനെയുള്ള പല വിചാരങ്ങളും ആളുകളുടെ ഉള്ളില്‍ കടന്നുപോയിട്ടുണ്ടെന്ന് ഒരു ശരാശരി സാമൂഹിക ജീവിയെന്ന നിലയില്‍ ചിന്തിക്കാവുന്നതേയുള്ളൂ. ഒരാളെ ഇതിലേക്ക് നയിക്കുന്നതിന് പിന്നില്‍ പലകാര്യങ്ങളുമുണ്ടാകാം. എന്നിരുന്നാലും ഇതില്‍ നിന്നും അടര്‍ത്തിയെടുക്കാവുന്ന ഓരാശയമുണ്ട്. അതിന് ഒരുപേരുമുണ്ട്, നാര്‍സിസം അഥവാ ആത്മരതി. (എല്ലാവരേയും അടച്ചാക്ഷേപിക്കുകയല്ല. ബ്രേക്ക് ദ ചെയിന്‍ പോലെ പല കാമ്പെയിനുകളിലും ഫോട്ടോയിട്ട് പിന്തുണയ്‌ക്കേണ്ടി വരാറുണ്ടെന്നുളളത് വാസ്തവമാണ്).

'എന്റെ തല, എന്റെ ഫുള്‍ ഫിഗര്‍' എന്നതരത്തിലുളളവരെ തിരിച്ചറിയാനും സാധിക്കണ്ടേ? സോഷ്യല്‍ മീഡിയയില്‍ ഒരു പോസ്റ്റിട്ടയുടനെ ആരും എക്സ്ട്രീം നാര്‍സിസ്റ്റുകളാവുന്നില്ല. പിന്നെ എവിടെയാണ് ഒരു ആത്മരതിക്കാരുടെ പിറവി? നാര്‍സിസം ഫാസിസം പോലെയൊന്നുമല്ലല്ലോ, ഇതൊക്കെ പണ്ടേ അറിയാവുന്ന കാര്യമല്ലേയെന്നെല്ലാമുളള വിചാരങ്ങളാകും ഈ വാക്ക് കേള്‍ക്കുമ്പോള്‍ മനസ്സില്‍ വരിക. പണ്ടേ നിലനിന്നിരുന്ന ഈ അവസ്ഥകള്‍ സോഷ്യൽ മീഡിയ അരങ്ങുവാഴുന്ന പുതിയ കാലത്ത് കൂടുതല്‍ പ്രകടിപ്പിക്കാനാവുന്നു അല്ലെങ്കില്‍ കുറേക്കൂടി പ്രത്യക്ഷമാകുന്നു. അതാണ് വ്യത്യാസം. സോഷ്യല്‍ മീഡിയയില്‍ ചുറ്റത്തിരിയുന്ന പിളേളരെ പറഞ്ഞില്ലെങ്കില്‍ ഇവര്‍ക്കൊന്നും ഉറക്കം വരില്ലെന്നതാണ് ഇപ്പോള്‍ ഇത് വായിക്കുന്ന പുതുതലമുറയുടെ ചിന്ത. അങ്ങനെയല്ല. ആത്മരതി എണ്‍പതുകളുടെയും എഴുപതുകളുടെയും വസന്തങ്ങളിലും നിലനില്‍ക്കുന്നുണ്ട്. 'ഞാനൊക്കെ ഈ പ്രായത്തില്‍ ജോലിക്ക് കയറിയതാ, നമ്മളൊക്കെ വലിയ സംഭവമായിരുന്നു, കണ്ട് പഠിയെടാ കൊച്ചനെ..' എന്നൊക്കെ പറയുന്ന ആരെങ്കിലും നിങ്ങള്‍ക്ക് ചുറ്റുമില്ലേ? ഇവിടംകൊണ്ടൊന്നും ഇതിന്റെ തലങ്ങള്‍ അവസാനിക്കുന്നില്ല. സിനിമാറ്റിക്ക് സ്‌റ്റൈലില്‍ പറഞ്ഞാല്‍ കേട്ടറിവനേക്കാള്‍ വലുതാണ് നാര്‍സിസം എന്ന സത്യം. ആത്മരതിയുടെ പല അവസ്ഥകളില്‍ അല്പം ഭയാനകമായ ഒരവസ്ഥ മാത്രമാണ് ഇപ്പോള്‍ പറഞ്ഞത്.

പിക്ച്ചര്‍ അഭി ബി ബാക്കി ഹേ മേരി ദോസ്ത്
(സാരാംശം: കഥയിനിയാണ് ആരംഭിക്കുന്നത്)

'അല്ലേലും ഞാന്‍ പറഞ്ഞതാണ് ശരി. എന്നെ മാറ്റിനിര്‍ത്തി ബോസ്സ് ക്ലയന്റിനു മുന്നില്‍ നടത്തുന്ന പ്രസന്റേഷന്‍ ഓക്കെയാവില്ല. ഞാന്‍ പറഞ്ഞ പ്രൊപ്പോസലിനെ വെല്ലാനൊന്നും അതിന് പറ്റില്ല. അല്ലെങ്കിലും എന്നെപ്പോലുളളവരെയൊന്നും ഈ കമ്പനി അര്‍ഹിക്കുന്നില്ല. അല്ലെങ്കില്‍ ഇത്രയും ഇന്റലിജന്റല്ലാത്ത ആരെയെങ്കിലും പിടിച്ച് മാനേജര്‍ ആക്കുമോ?' അനന്ദിതയുടെ ഈ സ്ഥിരം പറച്ചിലുകള്‍ ഓഫീസില്‍ ആര്‍ക്കും പുതിയതല്ല. കേട്ട് ചിരിച്ചുതള്ളുമെന്നല്ലാതെ ആ വാക്കുകള്‍ക്ക് ആരും വലിയ ഗൗരവമൊന്നും കൊടുത്തിരുന്നില്ല. എല്ലാവരുമായി അനന്ദിത സംസാരിക്കും. പക്ഷേ ആര്‍ക്കും അവളോട് അടുപ്പമില്ല, മറ്റൊരര്‍ഥത്തില്‍ പറഞ്ഞാല്‍ അടുപ്പം വെക്കാന്‍ താല്പര്യമില്ല. വെറും പൊങ്ങച്ചക്കാരിയായി മാത്രം സുഹൃത്തുക്കള്‍ക്കിടയിലും സഹപ്രവര്‍ത്തകര്‍ക്കിടയിലും അവള്‍ നിലകൊണ്ടു. സ്വന്തം ശബ്ദം മാത്രം കേള്‍പ്പിക്കുക, താന്‍ മാത്രമാണ് ശരിയെന്നും കഠിനാധ്വാനിയെന്നും സ്ഥാപിക്കുക തുടങ്ങി സ്വന്തം കാര്യത്തില്‍ മാത്രമായിരുന്നു അവള്‍ക്ക് പോസിറ്റീവ് വൈബ്. ബാക്കിയുള്ളവരെ വെറുപ്പിക്കുന്നതിലാകട്ടെ കൈയും കണക്കുമില്ല.

'ഒരു ദിവസം ഞാന്‍ ഒരു പുതിയ ഷര്‍ട്ട് ഇട്ട് ഓഫീസിലെത്തിയതാണ്. ഹോ കമ്മോണ്‍ റിയ ഇത് ഞാന്‍ അന്ന് വാങ്ങിയ അതേ ഡ്രസ്സ് തന്നെയല്ലേ ബട്ട് അത് ഇതിനേക്കാളും കൂടിയ ബ്രാന്‍ഡായിരുന്നു. ഇത് ഒരു ടൈപ്പ് ചാത്തന്‍ സാധനം. ഇനിയെങ്കിലും എന്നെപ്പോലെ ബ്രാന്‍ഡ് നോക്കി വാങ്ങൂ. പക്ഷേ എന്റെയത്ര നിനക്കീ ഡ്രസ്സ് ചേരുന്നില്ല. എന്നൊക്കെ പറഞ്ഞായിരുന്നു പൊങ്ങച്ചം പറച്ചില്‍. സഹപ്രവര്‍ത്തകരുടെ മുന്നില്‍ അവളുടെ വാക്കുകളെ ചിരിച്ച് തള്ളിയെങ്കിലും സത്യത്തില്‍ ആ വാക്കുകള്‍ എന്നെ ചൊടിപ്പിച്ചിരുന്നു. എന്റെ ആത്മവിശ്വാസത്തെയും മുറിവേല്‍പ്പിച്ചു. എനിക്ക് മാത്രമല്ല ഓഫീസില്‍ അവളോട് സംസാരിച്ചിട്ടുളള എല്ലാവര്‍ക്കും ഇത്തരം പല അനുഭവങ്ങളുമുണ്ടായിട്ടുണ്ട്. അവളുടെ വെറും പൊങ്ങച്ചം മാത്രമായി ഇത് കണക്കാക്കാന്‍ എന്റെ ഈഗോയ്ക്ക് എന്തോ ബുദ്ധിമുട്ട്. ശരിക്കും എന്താണ് അവളുടെ പ്രശ്‌നം?' റിയയുടെ ഈ ചോദ്യത്തിനുണ്ട് കൃത്യമായ ഉത്തരം. She might be a narcissits!

'ഞാന്‍' എന്ന് വികാരം ഒട്ടും മോശപ്പെട്ടതല്ല. പക്ഷേ അധികമായാല്‍ അമൃതും വിഷമെന്നതുപോലെ 'ഞാന്‍' അമിത വിചാരമാകുമ്പോഴാണ് അത് ആത്മരതിയിലേക്കെത്തുന്നത്. അതുകൊണ്ട് തന്നെ തങ്ങളേക്കാള്‍ മെച്ചപ്പെട്ടത് എന്തുകണ്ടാലും എവിടെക്കണ്ടാലും അത് അംഗീകരിക്കാന്‍ വലിയ മടിയുള്ളവരാകും ഇവരില്‍ ചിലര്‍. കൂടെയുള്ളവരെ തഴയാന്‍ ഇത്തരക്കാര്‍ അവരുടെ പരമാവധി നോക്കും. താനാണ് ശരി, താന്‍ പറയുന്നത് മാത്രമാണ് ശരി എന്ന ചിന്തകള്‍ മാത്രം നിഴലിക്കുന്നത് കൊണ്ട് തന്നെ മറ്റുള്ളവരുടെ മികച്ച തീരുമാനങ്ങള്‍ പോലും ഉള്‍ക്കൊള്ളാന്‍ ഇവരുടെ ഈഗോ അനുവദിക്കില്ല.

ആത്മരതിയെ മനസ്സിലാക്കാം

റോമന്‍ കവിയായ ഓവിഡിന്റെ മെറ്റാമോര്‍ഫോസിസ് എന്ന കവിതാ സമാഹാരത്തിലാണ് നാര്‍സിസം (ആത്മരതി) എന്ന പദം ആദ്യമായി ഉപയോഗിച്ചത്. അതീവസുന്ദരനായ ഒരു യുവാവാണ് കവിതയിലെ നായകന്‍. തനിക്കു വന്ന പ്രണയാഭ്യര്‍ഥനകളെയെല്ലാം നിരസിക്കുകയാണ് യുവാവ്. യുവാവിനോട് പ്രണയാഭ്യര്‍ഥന നടത്തിയ ജലദേവത എക്കോയുടെ പ്രണയവും യുവാവ് നിരസിച്ചു. അവരാകട്ടെ പ്രണയനിരാസത്തോടെ ചൊടിച്ച് യുവാവിനെ ശപിക്കുകയും ചെയ്തു. വെള്ളത്തില്‍ കാണുന്ന സ്വന്തം പ്രതിബിംബത്തെ പ്രണയിക്കുക എന്നായിരുന്നു ശാപം. സ്വന്തം പ്രതിബിംബത്തെ പ്രണയിച്ച് ഒടുവില്‍ അയാള്‍ വെള്ളത്തില്‍ മുങ്ങിമരിച്ചു. കവിയുടെ ഭാവന മാത്രമാണ് ഇതെങ്കില്‍ പോലും യഥാര്‍ഥത്തില്‍ ആത്മരതിക്കാരുടെ ജീവിതത്തില്‍ സംഭവിക്കുന്ന ദുരന്തം ഇതുതന്നെയാണ്. അമിതമായ ആത്മാരാധനയില്‍ മുഴുകി സ്വയം മാനസിക പ്രശ്നങ്ങള്‍ വരുത്തിവെക്കുന്നവരുടെയെണ്ണം ചെറുതൊന്നുമല്ല. ഏതൊരു വ്യക്തിയുടെയും പ്രഥമ പരിഗണന അവനവന്‍ തന്നെയായിരിക്കണമെന്ന കാര്യത്തില്‍ സംശയമൊന്നുമില്ല പക്ഷേ അതിര്‍വരമ്പ് ഭേദിക്കുമ്പോള്‍ അത് ഡിസ്ട്രിക്ടീവ് നാര്‍സിസത്തിലേക്കാണ് എത്തിക്കുക. സാമൂഹിക മാധ്യമങ്ങളില്‍ സ്വന്തം ചലനങ്ങളെല്ലാം പകര്‍ത്തി പോസ്റ്റിട്ടുവെറുപ്പിക്കുന്നതുമാത്രമല്ല ആത്മരതി. എല്ലാ മേഖലയിലും ഇത് പ്രകടമാകുന്നുണ്ട്. ബന്ധങ്ങളില്‍ പോലും വിളളല്‍ വീഴ്ത്താന്‍ കെല്പുളളതാണ് ആത്മരതി.

ചാക്കോ മാഷ് നാര്‍സിസ്‌സ്റ്റാണോ?

ഓരോ കുട്ടിയുടെയും വളര്‍ച്ചയില്‍ മാതാപിതാക്കള്‍ക്കുള്‍ക്കുളള പങ്ക് കേട്ടുതഴമ്പിച്ച ഒരു കഥയാണ്. മക്കള്‍ക്ക് ഇതാണ് നല്ലത് അതാണ് നല്ലത് എന്ന് തീരുമാനിച്ച് മാതാപിതാക്കള്‍ പലകാര്യങ്ങളും ചെയ്തുകൂട്ടാറുമുണ്ട്. പലതും ത്യാഗം ചെയ്ത് മക്കള്‍ക്കായി ജീവിക്കുന്നവരും കുറവല്ല. പക്ഷേ ഇതിനും മറ്റൊരു ആംഗിളുണ്ട്. ആദിത്യയുടെ അനുഭവം നോക്കാം. 'അമ്മയും അച്ഛനും ജീവിതത്തിന്റെ വളരെ നല്ല ഭാഗമാണെന്ന് വിചാരിക്കുന്നവരാണ് എല്ലാ മക്കളുമെന്ന് തെറ്റിദ്ധാരണയുണ്ടെങ്കില്‍ അതിനെതിരേയുള്ള നേര്‍ച്ചിത്രമാണ് ഞാന്‍. എല്ലായിടത്തും അച്ഛന്‍മാര്‍ക്ക് പെണ്‍മക്കളോടുള്ള സ്‌നേഹവും കരുതലും വാഴ്ത്തിപ്പാടുമ്പോള്‍ ഉള്ള് കൊണ്ട് ഞാന്‍ നീറിയിട്ടുണ്ട്. അതേ അച്ഛനാണ് എന്റെ ജീവിതത്തിലെ വില്ലന്‍. നാര്‍സിസത്തെ കുറിച്ച് എനിക്ക് മുമ്പ് വലുതായറിയാത്തതു കൊണ്ട് തന്നെ അച്ഛന്റെ ഓരോ പ്രവൃത്തിയും സ്‌നേഹമായാണ് തോന്നിയത്. പക്ഷേ പിന്നീട് എനിക്ക് തോന്നിത്തുടങ്ങി അച്ഛന്റെ ഇഷ്ടങ്ങള്‍ ഒരുതരം അടിച്ചേല്‍പ്പിക്കലാണെന്ന്. ഇഷ്ടമുള്ള ഹെയര്‍ സ്‌റ്റൈല്‍ പാടില്ല, മോഡേണ്‍ വസ്ത്രങ്ങള്‍ ധരിക്കാന്‍ പാടില്ല, ഇത് പഠിക്ക് ഇങ്ങനെ ചെയ്യ് എന്തിനേറെ കൂട്ടുകാര്‍ പോലും അച്ഛന്‍ പറയുന്നത് പോലെ അതായിരുന്നു രീതി. മനോഹരമായി കടന്നു പോകേണ്ട ബാല്യവും യൗവനവുമെല്ലാം അച്ഛന്റെ പിടിവാശിക്ക് മുന്നില്‍ അടിയറവ് വെക്കേണ്ടി വന്നു. അറിയാതെ എന്തെങ്കിലും പറഞ്ഞുപോയാല്‍ തന്നെ എനിക്ക് കിട്ടുന്നത് കുറ്റപ്പെടുത്തലുകളും താരതമ്യപ്പെടുത്തലുകളുമായിരുന്നു. മനസ്സ് മടുത്തു തുടങ്ങിയിരുന്നു. ഞാനെന്ന ആള്‍ വെറും സങ്കല്‍പ്പങ്ങളുടെയും അടിച്ചമര്‍ത്തലുകളുടെയും പ്രതീകമായി മാറിത്തുടങ്ങിയത് തിരിച്ചറിഞ്ഞു കഴിഞ്ഞപ്പോള്‍ കാലം വൈകി. ഇപ്പോള്‍ ജോലിക്കായി മനഃപൂര്‍വം തന്നെയാണ് വീട്ടില്‍ നിന്നും അകലെയുള്ള സ്ഥലം തന്നെ തിരഞ്ഞെടുത്തത്. കുറച്ചെങ്കിലും ആശ്വാസമുണ്ടിപ്പോള്‍. എന്റെ ജീവിതം ഇത്രയുമധികം നശിപ്പിച്ചിട്ടും അച്ഛനെങ്ങനെയാണ് എല്ലാം നിന്റെ നന്മയ്ക്കാണെന്ന് പറയാന്‍ സാധിച്ചത്. അതാണ് എനിക്ക് മനസ്സിലാകാത്തത്.'

ചെകുത്താനും സ്ഫടികത്തിനുമിടയിൽ

ഈ അവസ്ഥയിലുടെ കടന്നുപോയിട്ടുള്ളവരാണ് പലരും. കുട്ടികളെ മാതാപിതാക്കള്‍ ശ്രദ്ധിക്കുക തന്നെ വേണം. പക്ഷേ അതവരുടെ ഇഷ്ടങ്ങളിൽ മേല്‍ക്കോയ്മ സ്ഥാപിച്ചുകൊണ്ടല്ല.'ഞാനാണ് എല്ലാം, ഞാന്‍ പറയുന്നതാണ് ശരി' എന്നൊക്കെ മാതാപിതാക്കള്‍ പറഞ്ഞുതുടങ്ങിയാല്‍ പിന്നെ അവിടെയെന്ത് നിസ്വാര്‍ത്ഥ സ്‌നേഹം? പല കുട്ടികളും ഇന്‍ട്രോവേട്ടായി വളരുന്നതില്‍ ചില തരത്തിലൊക്കെ മാതാപിതാക്കള്‍ കാരണക്കാരാണ്. മക്കള്‍ വഴിതെറ്റിപ്പോകാതെ നോക്കുന്ന മാതാപിതാക്കള്‍ അവരെ വഴി തെറ്റിക്കാതിരിക്കാനും ശ്രദ്ധിക്കണം. ആത്മരതിക്കാരായ മാതാപിതാക്കള്‍ വളര്‍ത്തിയ മക്കള്‍ എത്രത്തോളം ഇമോഷണല്‍ ട്രോമ അനുഭവിക്കുന്നുണ്ടെന്ന് ഇത്തരത്തിലുള്ളവരോട് ഇടപഴകിയാല്‍ തന്നെ മനസ്സിലാകും. അതേസമയം ഒരു ആത്മരതിക്കാരനെ വാര്‍ത്തെടുക്കുന്നതിലും മാതാപിതാക്കള്‍ വഹിക്കുന്ന പങ്ക് ചെറുതൊന്നുമല്ല. എല്ലാ കാര്യത്തിലും മക്കളെ പ്രോത്സാഹിപ്പിക്കുന്നത് നല്ലത് തന്നെയാണ് പക്ഷേ അവിടെ ഒരു അതിര്‍വരമ്പ് നിശ്ചയമായും വേണം. എന്റെ മകന്‍/മകള്‍ മാത്രമാണ് ഏറ്റവും മിടുക്കി എന്ന രീതിയില്‍ അവരെ പുകഴ്ത്തി പുകഴ്ത്തി ഈ ലോകത്ത് ഞാന്‍ കഴിഞ്ഞേ മറ്റാരുമുളളൂ എന്ന ചിന്ത അവരുടെ മനസ്സിലേക്ക് വേരുപടര്‍ത്താതിരിക്കാന്‍ ശ്രദ്ധിക്കണം. ഒരു കുഞ്ഞന്‍ നാര്‍സിസിസ്റ്റിന്റെ വളര്‍ച്ച ചിലപ്പോള്‍ അവിടം മുതലാകും.

ആത്മരതി എവിടെയൊക്കെ അതിര് കടക്കുന്നു?

ഡോ. അനീറ്റ

ആത്മരതി നാര്‍സിസിസ്റ്റിക് പേഴ്‌സണാലിറ്റി ഡിസോർഡര്‍ എന്നതില്‍ നിന്ന് വളരെ വ്യത്യസ്തമാണ്. പക്ഷേ പലപ്പോഴും ആത്മരതി സ്വഭാവം ഇത്തരം വ്യക്തിപരമായ വൈകല്യങ്ങളിലേക്ക് നയിക്കാറുണ്ട്. 18 വയസ്സിന് താഴെയുള്ളവരില്‍ നാര്‍സിസിസ്റ്റിക്ക് സ്വഭാവം ഉണ്ടെന്ന് പറയാം. പക്ഷേ അത് വ്യക്തിപരമായ വൈകല്യമാണെന്ന് പറഞ്ഞുറപ്പിക്കാന്‍ അവര്‍ പ്രായപൂര്‍ത്തിയാകേണ്ടതുണ്ട്. എന്തിനും തുടക്കത്തിലേയുള്ള തെറാപ്പി മൂലം കുറേയധികം പരിഹാരം നല്‍കാം. എന്‍പിഡി തുടക്കത്തിലേ ശരിയാക്കിയില്ലെങ്കില്‍ അവര്‍ കൂടുതല്‍ 'ഞാന്‍, ഞാന്‍' എന്ന ചിന്തയിലാണ്ടു പോകും. അനുതാപം ഇല്ലാത്തതിനാല്‍ തന്നെ ഇവരുടെ പല ബന്ധങ്ങളില്‍ പോലും പ്രശ്‌നങ്ങളുണ്ടാകാം. ഇങ്ങനെയുള്ളവരുടെ കൂടെ കഴിയുന്ന വ്യക്തികള്‍ക്ക് മാനസിക സംഘര്‍ഷങ്ങള്‍ അനുഭവപ്പെടാം. പലപ്പോഴും മോശമായ പെരുമാറ്റങ്ങള്‍ നേരിടേണ്ടി വന്നേക്കാം. എന്നിരുന്നാലും അവരുടെ നല്ല വശങ്ങള്‍ ഉള്‍ക്കൊണ്ട് മതിയായ ചികിത്സ നല്‍കുന്നതാണ് ഒരു ബന്ധത്തെ നിലനിര്‍ത്തുന്നത്. ഇത്തരത്തിലൊരു കേസ് ഞാന്‍ ഇപ്പോള്‍ പഠിക്കുന്നുണ്ട്. ഒരാളുടെ ഭാര്യയെ കൊണ്ടു വന്നിരുന്നു അവര്‍ക്ക് ഇതിന്റെ ചില സ്വഭാവങ്ങളുണ്ട്. വൈകല്യമായി ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. പല വ്യക്തിപരമായ വൈകല്യങ്ങളും ചെറുപ്പത്തിലേ ആരംഭിക്കുന്നതാണ്. കുടുംബവും ജോലിസ്ഥലവുമെല്ലാം ഇത്തരം ആത്മരതിയുടെ പ്രവണത കൊണ്ടുവരാം. പക്ഷേ ചിലയിടങ്ങളില്‍ ഇത് ഒരു പരിധി വരെ വേണം അതിര് കടക്കരുതെന്ന് മാത്രം. ആത്മരതിക്കാരായ മാതാപിതാക്കളുടെ മക്കള്‍ക്കും ആത്മരതിക്കാരായ ബോസിന്റെ തൊഴിലാളികള്‍ക്കും ആത്മരതിക്കാരുടെ പങ്കാളികള്‍ക്കും ട്രോമകള്‍ നേരിടേണ്ടി വരാം. ഇത്തരക്കാര്‍ ഒരു തരത്തിലുള്ള ശക്തമായ ബന്ധങ്ങളുണ്ടാക്കില്ലയെന്നതാണ് സത്യം. ഉണ്ടായാല്‍ തന്നെ അത് ആവശ്യങ്ങള്‍ക്ക് വേണ്ടി മാത്രമാകും.'-
ഡോ. അനീറ്റ,
(റെഗോ ഫൗണ്ടര്‍ ഡയറക്ടര്‍ ഓഫ് പേള്‍സ് 4 ഡെവലെപ്പ്മെന്റ് എ കണ്‍സള്‍ട്ടിങ്ങ് കമ്പനി ആന്റ് എഎംഐറ്റിഎ മെന്റല്‍ ഹെല്‍ത്ത് വെല്ലിങ്ങ്, കൗണ്‍സ്ലിങ്ങ് ആന്റ് ഫിസിയോതെറാപ്പി ഇന്‍ഷ്യേറ്റീവ്)

ഫിൽറ്ററിട്ടില്ലെങ്കിൽ തളത്തിൽ ദിനേശനാവുമോ?

'നീ പറഞ്ഞില്ലെങ്കിലും എനിക്കറിയാം ഞാന്‍ അടിപൊളിയാണെന്ന്. ഈ ഫില്‍റ്ററിടാം ഇല്ലെങ്കില്‍ നീ എന്റെ കൂടെ നിൽക്കുന്നത് കാണാന്‍ ചേര്‍ച്ചയുണ്ടാകില്ല.' പവിയുടെ സ്ഥിരം കുറ്റപ്പെടുത്തലുകളെല്ലാം കേള്‍ക്കാറുള്ളതുകൊണ്ട് തന്നെ എനിക്ക് ഇതൊന്നും വലിയ പുത്തരിയല്ല. അവളുടെ വാക്കുകളില്‍ എന്റെ മനസ്സ് നീറിയിരുന്നെങ്കിലും എനിക്ക് അവളോടുള്ള പ്രണയം അത്രമേലുണ്ടായിരുന്നു. പലപ്പോഴും എല്ലാം ചിരിയോടെ കേട്ടിരുന്നു. എന്നും അവളെ പ്രശംസിക്കാത്ത ഒരു ദിവസം പോലുമുണ്ടായിക്കൂടാ. ഏതെങ്കിലും ഒരു ദിവസം വിമര്‍ശിക്കേണ്ടി വന്നാലോ കുറച്ച് കാലത്തേക്ക് പിന്നെ അതുമതി. എന്നിട്ടും ഇതൊന്നും ഞങ്ങളുടെ, അല്ല എന്റെ പ്രേമത്തിന് തടസ്സം നിന്നിരുന്നില്ല. ഞാന്‍ ഞാന്‍ എന്നല്ലാതെ അവള്‍ക്ക് പറയാനൊന്നുമുണ്ടായിരുന്നില്ല. എനിക്ക് പറയാനുളളത് കേള്‍ക്കാനോ പ്രശ്നങ്ങള്‍ക്ക് താങ്ങായി നില്‍ക്കാനോ അവള്‍ക്ക് സാധിച്ചിട്ടില്ല. പെട്ടെന്ന് ഒരു ദിവസം നീയെന്റെ ടൈപ്പല്ല ഒട്ടും മാച്ചല്ല എന്നൊക്കെ പറഞ്ഞ് അവള്‍ ബ്രേക്കപ്പായി. ഞാനാകെ കണ്‍ഫ്യൂഷനിലായിപ്പോയി. കാരണം പോലുമില്ലാത്ത ബ്രേക്കപ്പ്. അതെന്നെ വല്ലാതെ തളര്‍ത്തി. തുടക്കത്തില്‍ അവളെ തിരിച്ച് വിളിക്കാന്‍ നോക്കി. കുറേയേറെ കരഞ്ഞു. പിന്നീട് ഒരു ഘട്ടത്തില്‍ എനിക്ക് തന്നെ തോന്നി തുടങ്ങി ഞാന്‍ ശരിക്കും ഒരു ഇരയായി മാറി തുടങ്ങിയത്. എവിടെയോ ഞാന്‍ എന്റെ ആത്മാഭിമാനം കളഞ്ഞുവെന്ന്. ആദ്യം നല്ല ബുദ്ധിമുട്ടായിരുന്നുവെങ്കിലും ഞാനിപ്പോള്‍ ഹാപ്പിയാണ്. പക്ഷേ എവിടെയോ അവളെന്ന ഇമോഷണല്‍ ട്രോമ എവിടെയൊക്കേയോ എന്നെ വേട്ടയാടുന്നുണ്ട്.' ആരവ് പറയുന്നു.

ലൈക്കിന് ആര് കൊടുക്കും ഡിസ്​ലൈക്ക്

ആത്മരതിക്കാരുമായി ഇടപെടുന്നവര്‍ കടന്നുപോകേണ്ടിവരുന്ന മാനസികാഘാതങ്ങള്‍ ഇങ്ങനെയെല്ലാമായിരിക്കും. ഇത്തരം സ്വഭാവമുള്ളവര്‍ എപ്പോഴും സ്വയം പുകഴ്ത്തുന്നതിനൊപ്പം കൂടെയുള്ളവരെ കുറ്റപ്പെടുത്തി ആശ്വാസം കണ്ടെത്തുന്നവരുമാണ്. സഹാനുഭൂതിയെന്ന വികാരമില്ലാത്തതുകൊണ്ടുതന്നെ മറ്റുള്ളവരെ മനസ്സിലാക്കുന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണിവര്‍ക്ക്. അറ്റന്‍ഷന്‍ സീക്കിങ്ങിനായി ഏതറ്റം വരെയും ഇവര്‍ പോകും. എപ്പോഴും ഇവര്‍ക്ക് ശ്രദ്ധ കിട്ടിക്കൊണ്ടേയിരിക്കണം, അതിനുവേണ്ടി എന്തു വിലകുറഞ്ഞ കളികളും ഇവര്‍ കളിക്കും. മുഖസ്തുതികള്‍ കേള്‍ക്കണം, എങ്ങാനും വിമര്‍ശിക്കാന്‍ ചെന്നാല്‍ അക്രമാസക്തരാകും. ലൈക്ക് പോരാ ഫോളേവേഴ്സ് പോരാ എന്ന് വ്യഥ പറഞ്ഞ് നടക്കുന്ന ഒരു വിഭാഗത്തെ കണ്ടിട്ടില്ലേ? അവരുടെ സോഷ്യല്‍മീഡിയാ അക്കൗണ്ട് അവരുടെ ഇഷ്ടം എന്നുപറയുമ്പോഴും ഈ ആത്മാരാധനയ്ക്ക് ഇത്രത്തോളം പ്രധാന്യം നല്‍കാനായി സോഷ്യല്‍ മീഡിയാ പ്ലാറ്റ്ഫോമുകള്‍ തിരഞ്ഞെടുക്കുന്നത് എന്തിന് എന്ന ചോദ്യത്തിന് പലതുണ്ട് ഉത്തരം. ആത്മരതിക്കാര്‍ക്ക് ഏറ്റവും പ്രധാനം സ്വന്തം താല്പര്യവും ഇഷ്ടവും വ്യക്തിപരമായ കാര്യങ്ങള്‍ മാത്രവുമായിരിക്കും. സരോജ് കുമാറിനെ പോലെ തിരക്കഥ മാറിയാലും പ്രശ്നമില്ല തെങ്ങ് കയറ്റക്കാരന് പോലും കൂളിങ്ഗ്ലാസ് വേണം. കേള്‍ക്കുമ്പോള്‍ ചിരി വരുമെങ്കിലും അതില്‍ ഒളിഞ്ഞിരിക്കുന്ന എക്സ്ട്രീം നാര്‍സിസിസം മനസ്സിലാക്കാം. അറ്റന്‍ഷന്‍ ലഭിക്കാതിരിക്കുമ്പോള്‍ ഇവര്‍ അതിവേഗത്തില്‍ വിഷാദത്തിന് അടിപ്പെടും. മാനസികസംഘര്‍ഷങ്ങളില്‍ സ്വയം മറന്നു പെരുമാറും. കൂടെ നിക്കുന്നവരെ പോലും മാനസികമായി തളര്‍ത്തും. നിര്‍ഭാഗ്യകരമെന്ന് പറയട്ടേ ഇത്തരം പ്രവണത ഇന്നത്തെ തലമുറയില്‍ ധാരാളം നിലനില്‍ക്കുന്നതിന് സോഷ്യല്‍ മീഡിയയില്‍ തന്നെ നിരവധി ഉദാഹരണങ്ങള്‍ ഉണ്ട്.

ഞാൻ ഞാൻ ഞാനെന്ന ഭാവങ്ങളെ...

നമ്മളെ നമ്മള്‍ തന്നെ വലിയ സംഭവമെന്ന് വിചാരിക്കുന്നത് അത്ര വലിയ തെറ്റാണോയെന്ന ചോദ്യം ഉയര്‍ത്തുന്നവരോട് തീര്‍ച്ചയായും അതൊരു തെറ്റല്ല. സെല്‍ഫ് ലൗ എന്ന ആശയം ആത്മവിശ്വാസത്തിന്റെ ഒരു ഘടകം തന്നെയാണ്. ഒതുങ്ങി കൂടി ഇരിക്കുന്നതിനേക്കാള്‍ കുറച്ചൊക്കെ എക്സ്ട്രോവേട്ടായി പെരുമാറാന്‍ ഇവ നല്ലതാണ്. പക്ഷേ സെല്‍ഫ് ലൗവില്‍ നിന്ന് നാര്‍സിസത്തിലേക്കുള്ള ദൂരം ചെറുതാണ്. സ്വയം സ്നേഹിക്കുമ്പോള്‍ മറ്റുള്ളവരെയും സ്നേഹിക്കാന്‍ സാധിക്കും എന്നൊരു പറച്ചില്‍ ഉണ്ട്. അത് സത്യമാണ്. പക്ഷേ ഇത്തരത്തില്‍ സ്വയം സ്നേഹിക്കുന്നത് മറ്റുള്ളവരില്‍ വെറുപ്പ് സൃഷ്ടിച്ചു കൊണ്ടാവരുത് ഇതാണ് വ്യത്യാസം. സ്വന്തം മനോഹാരിതയെ വര്‍ണ്ണിക്കാന്‍ എത്ര പേരെയാണ് ചിലര്‍ ബോഡി ഷെയിം ചെയ്യുന്നത്. അത്തരത്തിലുള്ള കളിയാക്കലുകളും കുറ്റപ്പെടുത്തലുകളും കേള്‍ക്കുന്നവരെ വളരെയധികം തളര്‍ത്തുന്നു. ആ വാക്കുകള്‍ ചിലപ്പോള്‍ അവരെ ഒതുങ്ങിക്കൂടി ജീവിക്കാന്‍ പോലും പ്രേരിപ്പിക്കും.

കൂട്ടുകാരോട് സംസാരിക്കുമ്പോള്‍ അവര്‍ പറയുന്നത് കേള്‍ക്കാന്‍ ചെവികൊടുക്കാതെ എല്ലായ്‌പ്പോഴും സ്വന്തം വീരഗാഥകള്‍ തന്നെയാണോ പറയാറുളളത്. ചെറിയ കാര്യങ്ങളെ പോലും തന്റെ മാത്രം നേട്ടമായി പാര്‍വതീകരിക്കാറുണ്ടോ. മറ്റുളളവരുടെ നേട്ടങ്ങളെ ചെറുതാക്കിക്കണ്ട് ഇതൊക്കെയെന്ത് എന്റെ നേട്ടമല്ലേ നേട്ടം എന്നൊക്കെ നിങ്ങള്‍ ചിന്തിക്കാറുണ്ടോ? ഞാന്‍, ഞാന്‍ ഞാന്‍ മാത്രം എന്ന ചിന്തയിലാണ്ട് ചുറ്റുമുള്ള നല്ല കാര്യങ്ങളെ അവഗണിക്കാറുണ്ടോ? എങ്കില്‍ ആത്മപരിശോധനയാകാം.

Content Highlights: narcissistic personality disorder and narcissism


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022


Police

1 min

വീട്ടിൽനിന്ന്‌ രഹസ്യ ഗോവണി, ബംഗ്ലാവില്‍ ആര്‍ഭാടജീവിതം; മുപ്പതിലധികം കവർച്ചക്കേസുകളിലെ പ്രതി കുടുങ്ങി

Sep 25, 2022


രണ്ടരവർഷത്തെ കാത്തിരിപ്പ്; പിണക്കം മറന്ന് മടങ്ങിയെത്തിയ ഓമനപ്പൂച്ചയെ വാരിപ്പുണർന്ന് ഉടമകൾ

Sep 25, 2022

Most Commented