ബെംഗളൂരുവിലെ നന്ദിനി മിൽക്ക് പാർലർ | Photo: PTI
സീറ്റില്ലെന്ന് അറിയുമ്പോള്‍ ഇടംവലം നോക്കാതെ അടുത്തപാര്‍ട്ടിയിലേക്ക് ചാടുന്ന എം.എല്‍.എമാര്‍. അധികാരം നിലനിര്‍ത്താന്‍ പഠിച്ച പണി പതിനെട്ടും പയറ്റുന്ന ബി.ജെ.പി. മറ്റു പാര്‍ട്ടികളില്‍നിന്നുള്ള മുന്‍ എം.എല്‍.എമാരെ സ്വീകരിച്ചും എന്തു വില കൊടുത്തും അധികാരം പിടിക്കാന്‍ കോണ്‍ഗ്രസ്. ദുര്‍ബലമെങ്കിലും 'വേണമെങ്കില്‍ കിങ് മേക്കറാകാം, വിരോധമൊന്നുമില്ലെ'ന്ന നിലപാടില്‍ ജെ.ഡി.എസും കുമാരസ്വാമിയും. ടിപ്പു സുല്‍ത്താന്‍ മുതല്‍ സംവരണം വരെ അങ്ങനെ എന്തും ഏതും ചര്‍ച്ചാവിഷയമാകുന്ന തിരഞ്ഞെടുപ്പുചൂടിലാണ് കര്‍ണാടക. ഈ ചൂടില്‍ തിളച്ചുതൂവുകയാണ് 'അമുല്‍-നന്ദിനി' പാല്‍ വിവാദവും. കര്‍ണാടകയുടെ സ്വന്തം മില്‍ക്ക് ബ്രാന്‍ഡായ നന്ദിനിക്കു വെല്ലുവിളി ഉയര്‍ത്തി ഗുജറാത്തില്‍നിന്ന് അമുല്‍ എത്തുന്നു എന്ന വാര്‍ത്തയാണ് വിവാദത്തിന് തിരികൊളുത്തിയത്.
നിയമസഭാ തിരഞ്ഞെടുപ്പില്‍ പാല്‍ ഒരു ആയുധമാണോ? അതേ എന്ന ഉത്തരമാണ് ഇപ്പോള്‍ കന്നഡനാട്ടില്‍നിന്ന് വരുന്നത്. പാലിനും തിരഞ്ഞെടുപ്പിനും പ്രത്യക്ഷത്തില്‍ ബന്ധമൊന്നുമില്ലെന്ന് തോന്നുമെങ്കിലും ഫലത്തില്‍ അത് അങ്ങനെയല്ല. ഗുജറാത്ത് മില്‍ക് മാര്‍ക്കറ്റിങ് ഫെഡറേഷന്റെ പാല്‍ ഉല്‍പന്നങ്ങളാണ് അമുല്‍ എന്ന പേരില്‍ വിറ്റഴിക്കപ്പെടുന്നത്. അമുല്‍, കര്‍ണാടകയുടെ തലസ്ഥാന നഗരമായ ബെംഗളൂരുവില്‍ തങ്ങളുടെ പാലും തൈരും വില്‍ക്കാന്‍ ഒരുങ്ങുന്നു എന്ന പ്രഖ്യാപനമാണ് ചര്‍ച്ചകളിലേക്കും അതില്‍ ഉപരി വിവാദങ്ങളിലേക്കും വഴിതെളിച്ചത്. ഇതോടെ ബി.ജെ.പി. സര്‍ക്കാരിനെ പ്രതിരോധത്തിലാക്കി പ്രതിപക്ഷം കളത്തിലിറങ്ങുകയായിരുന്നു. ബെംഗളൂരുവിലെ ഹോട്ടല്‍ ഉടമകളുടെ സംഘടന നന്ദിനി പാലേ വാങ്ങുവെന്ന് വ്യക്തമാക്കിയിട്ടുമുണ്ട്.
.jpg?$p=0e369ab&&q=0.8)
ഇന്ത്യയിലെ ഏറ്റവും വലിയ ക്ഷീര സഹകരണ സംഘമാണ് ആനന്ദ് മില്‍ക്ക് യൂണിയന്‍ ലിമിറ്റഡ് എന്ന അമുല്‍. തൊട്ടുപിന്നില്‍ രണ്ടാം സ്ഥാനത്താണ് കര്‍ണാടക സര്‍ക്കാരിന്റെ കീഴിലുള്ള കെ.എം.എഫിന്റെ നന്ദിനി. കര്‍ണാടകയെ കൂടാതെ ആന്ധ്രാപ്രദേശ്, തമിഴ്നാട്, ഗോവ, മഹാരാഷ്ട്ര, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളില്‍ നന്ദിനി വിറ്റഴിക്കപ്പെടുന്നുണ്ട്. അമുലിന്റെ വരവ് കര്‍ണാടക മില്‍ക് ഫെഡറേഷന്റെ നന്ദിനി ബ്രാന്‍ഡ് പാലിന്റെ വില്‍പനയെ പ്രതികൂലമായി ബാധിക്കുമെന്നാണ് പ്രതിപക്ഷമായ കോണ്‍ഗ്രസിന്റെയും ജെ.ഡി.എസിന്റെയും ആരോപണം. ബി.ജെ.പി. ഭരിക്കുന്ന ഗുജറാത്തില്‍നിന്നുള്ള അമുലിന്റെ കര്‍ണാടക വിപണിയിലേക്കുള്ള വരവ്, നന്ദിനിയെ തകര്‍ക്കാന്‍ അല്ലെങ്കില്‍ പിന്നെ എന്തിനാണ് എന്നാണ് ഇവരുടെ ചോദ്യം. കന്നഡിഗ വികാരത്തിലൂന്നി ബി.ജെ.പിയെ പ്രതിരോധത്തിലാക്കാനാണ് പ്രതിപക്ഷത്തിന്റെ നീക്കം. കെ.എം.എഫും നന്ദിനിയും ഗ്രാമീണ സമ്പദ് വ്യവസ്ഥയോടു ചേര്‍ന്നു നില്‍ക്കുന്നതായതു കൊണ്ടുതന്നെ ഈ തിരഞ്ഞെടുപ്പു കാലത്ത്, പാല്‍വിവാദം പിരിയാതെ നോക്കണമെന്ന വലിയ ബാധ്യതയും ബി.ജെ.പിയുടെ ചുമലിലുണ്ട്.
ഞങ്ങള്‍ വരുന്നെന്ന് അമുലിന്റെ ട്വീറ്റ്, പിന്നാലെ വിവാദം
അമുല്‍ കുടുംബം ബെംഗളൂരു നഗരത്തിലേക്ക് കുറച്ച് തണുപ്പ് എത്തിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ ഉടന്‍. ലോഞ്ച് അലേര്‍ട്ട് എന്ന ഹാഷ് ടാഗിനൊപ്പം അമുല്‍ ട്വീറ്റ് ചെയ്തതോടെയാണ് വിവാദത്തിന് ചൂടുപിടിച്ചത്. ഏപ്രില്‍ അഞ്ചാം തീയതി ആയിരുന്നു അത്. സേവ് നന്ദിനി, ഗോ ബാക്ക് അമുല്‍ തുടങ്ങിയ ഹാഷ് ടാഗുകള്‍ സാമൂഹികമാധ്യമങ്ങളില്‍ നിറഞ്ഞു. അതിന് പിന്നിലെ കാരണം ഇതാണ്: ബെംഗളൂരുവിലെ ഏറ്റവും വലിയ പാല്‍ വിതരണക്കാരാണ് നന്ദിനി. പ്രതിദിനം ഏകദേശം 23 ലക്ഷം ലിറ്റര്‍ നന്ദിനി പാലാണ് ബെംഗളൂരുവില്‍ വിറ്റഴിക്കപ്പെടുന്നത്. അതായത് ആകെ വില്‍ക്കപ്പെടുന്നതിന്റെ ഏഴുപത് ശതമാനത്തോളം. നന്ദിനിയുടെ സ്വന്തം സ്ഥലത്തേക്ക് ഈ മേഖലയിലെ ഭീമനായ അമുല്‍ എത്തുന്നു. ഇത് വിപണിയില്‍ മത്സരത്തിന് വഴിവെച്ചേക്കും. മാത്രമല്ല, കര്‍ണാടകയിലെ ക്ഷീരകര്‍ഷകരെ ഇത് പ്രതികൂലമായി ബാധിക്കാനും ഇടയുണ്ടെന്നാണ് അമുലിന്റെ വരവിനെ എതിര്‍ക്കുന്നവരുടെ വാദം. നിലവില്‍ ഒരു ലിറ്റര്‍ നന്ദിനി പാലിന് 39 രൂപയാണ് വില.
അമുലിന്റെ മില്‍ക്ക് ബ്രാന്‍ഡുകളായ അമുല്‍ താസാ, അമുല്‍ ഗോള്‍ഡ് എന്നിവ ബെംഗളൂരുവില്‍ ലിറ്ററിന് യഥാക്രമം 54 രൂപ, 64 രൂപ എന്നിങ്ങനെ ലഭ്യമാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് ഗുജറാത്ത് കോ ഓപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിങ് ഫെഡറേഷന്‍ (ജി.സി.എം.എം.എഫ്.) മാനേജിങ് ഡയറക്ടര്‍ ജയേന്‍ മെഹ്ത ഫിനാന്‍ഷ്യല്‍ എക്‌സ്പ്രസിനോടു പ്രതികരിച്ചിരുന്നു. നിലവില്‍ ഇ കൊമേഴ്‌സ്, ക്വിക്ക് കൊമേഴ്‌സ് മാര്‍ഗങ്ങളിലൂടെ വില്‍പന നടത്താന്‍ മാത്രമാണ് ഉദ്ദേശിക്കുന്നതെന്നും കടകളും സ്ഥാപനങ്ങളും വഴി വില്‍ക്കാന്‍ ഉദ്ദേശിക്കുന്നില്ല. കടകള്‍ വഴിയുള്ള വില്‍പനയ്ക്ക് പാലിന്റെ വില കുറയ്‌ക്കേണ്ടി വരുമെന്നും അത്തരം പദ്ധതി നിലവില്‍ ആലോചനയിലില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. അതേസമയം, വടക്കന്‍ കര്‍ണാടകയിലെ രണ്ട് ജില്ലകളില്‍ 2015-16 മുതല്‍ അമുല്‍ പാല്‍ വില്‍ക്കുന്നുണ്ടെന്നും അവിടെ മത്സരം നടക്കുന്നില്ലെന്നും ജയേന്‍ മെഹ്ത പറഞ്ഞിരുന്നു.
അമിത് ഷായുടെ പ്രസ്താവന: ഒരു ഫ്‌ളാഷ് ബാക്ക്
നന്ദിനിയെ അമുലുമായി ലയിപ്പിക്കാന്‍ പോകുന്നു എന്ന അഭ്യൂഹവും വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇതിന് വഴിതെളിച്ചത് 2022 ഡിസംബര്‍ മുപ്പതിന് കര്‍ണാടകയിലെ മാണ്ഡ്യയില്‍ സഹകരണ വകുപ്പിന്റെ കൂടി ചുമതലയുള്ള കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നടത്തിയ ഒരു പ്രസ്താവനയാണ്. മാണ്ഡ്യ ജില്ലാ മില്‍ക്ക് യൂണിയന്റെ മെഗാ ഡയറി ഉദ്ഘാടനച്ചടങ്ങായിരുന്നു വേദി. അമുലും നന്ദിനിയും യോജിച്ച് പ്രവര്‍ത്തിച്ചാല്‍ മൂന്നുകൊല്ലം കൊണ്ട് എല്ലാ ഗ്രാമങ്ങളിലും പ്രഥമിക ക്ഷീരസംഘങ്ങള്‍ നിലവില്‍ വരും എന്നായിരുന്നു അദ്ദേഹം അന്നു പറഞ്ഞത്.
കര്‍ണാടക മില്‍ക്ക് കോര്‍പറേഷന് എല്ലാ സാങ്കേതിക പിന്തുണയും സഹായവും അമുലില്‍നിന്ന് ലഭിക്കുമെന്നും ഈ മേഖലയില്‍ കര്‍ണാടകയും ഗുജറാത്തും യോജിച്ചു പ്രവര്‍ത്തിക്കുകയാണെങ്കില്‍ രാജ്യത്തെ മുഴുവന്‍ കര്‍ഷകര്‍ക്കും അത് സഹായകരമാകുമെന്നും അമിത് ഷാ പറഞ്ഞിരുന്നു. ഷായുടെ ഈ പ്രസ്താവനയ്ക്കെതിരേ അന്ന് വ്യാപക പ്രതിഷേധം ഉയരുകയും ചെയ്തു. ഇപ്പോള്‍ ബെംഗളൂരുവിലേക്ക് വരുന്നു എന്ന അമുലിന്റെ പ്രഖ്യാപനത്തെ അമിത് ഷായുടെ മുന്‍പത്തെ പ്രസംഗത്തോട് ചേര്‍ത്ത് വായിക്കുമ്പോഴാണ് ലയിപ്പിക്കല്‍ എന്ന അഭ്യൂഹം കൂടുതല്‍ ശക്തമാകുന്നത്.
സിദ്ദരാമയ്യയുടെയും കുമാരസ്വാമിയുടെയും പ്രതികരണം ഇങ്ങനെ
മുന്‍മുഖ്യമന്ത്രിമാരായ കോണ്‍ഗ്രസ് നേതാവ് സിദ്ദരാമയ്യയും ജെ.ഡി.എസ്. നേതാവ് എച്ച്.ഡി. കുമാരസ്വാമിയും രൂക്ഷപ്രതികരണവുമായി രംഗത്തെത്തി. സംസ്ഥാന സര്‍ക്കാരിനെയും കര്‍ണാടക ബി.ജെ.പി. ഘടകത്തെയും മാത്രമല്ല, പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെയും നന്ദിനി വിഷയത്തില്‍ സിദ്ദരാമയ്യ കടന്നാക്രമിച്ചു.
സംസ്ഥാനത്തെ ബി.ജെ.പി. സര്‍ക്കാരിന്റെ കാലത്ത് കെ.എം.എഫിന്റെ കീഴില്‍ പാല്‍സംഭരണം കുറഞ്ഞെന്ന് സിദ്ദരാമയ്യ ആരോപിച്ചു. 99 ലക്ഷം ലിറ്ററില്‍നിന്ന് 71 ലക്ഷം ലിറ്ററായി കുറഞ്ഞെന്നും ഇത് കെ.എം.എഫിന് എതിരായ ഗൂഢാലോചനയുടെ ഭാഗമാണോ എന്നും അദ്ദേഹം ആരാഞ്ഞു. മുന്‍പ് കര്‍ണാടക വിപണിയില്‍ കടന്ന് പാലും തൈരും വില്‍ക്കാന്‍ അമുല്‍ ശ്രമിച്ചിരുന്നെന്നും അന്നത് സംഭവിക്കാന്‍ തങ്ങള്‍ അനുവദിച്ചില്ല. എന്നാല്‍, ഇന്ന് സംസ്ഥാന ബി.ജെ.പി. അവരെ സ്വാഗതം ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു.
.jpg?$p=7997d94&&q=0.8)
ഏപ്രില്‍ ഒന്‍പതിന് പ്രധാനമന്ത്രി നടത്തിയ കര്‍ണാടക സന്ദര്‍ശനത്തെ ചൂണ്ടിയായിരുന്നു മോദിക്കെതിരായ സിദ്ദരാമയ്യയുടെ വിമര്‍ശനം. കര്‍ണാടകയിലേക്കുള്ള താങ്കളുടെ സന്ദര്‍ശനത്തിന്റെ ലക്ഷ്യം കര്‍ണാടകയ്ക്ക് നല്‍കലാണോ അതോ കര്‍ണാടകയെ കൊള്ളയടിക്കാനാണോ എന്ന് സിദ്ദരാമയ്യ ട്വീറ്റ് ചെയ്തു. നിങ്ങള്‍ ഇതിനകം ബാങ്കുകളും തുറമുഖങ്ങളും വിമാനത്താവളങ്ങളും കന്നഡിഗരില്‍നിന്ന് കവര്‍ന്നു. ഇപ്പോള്‍ നന്ദിനി (കെ.എം.എഫ്.) മോഷ്ടിക്കാന്‍ ശ്രമിക്കുകയാണോ എന്നായിരുന്നു സിദ്ദരാമയ്യയുടെ ചോദ്യം.
അമുലിനെ എതിര്‍ക്കാനും പകരം നന്ദിനിയുടെ ഉത്പന്നങ്ങള്‍ വാങ്ങി കര്‍ണാടകയിലെ കര്‍ഷകരുടെ ജീവിതമാര്‍ഗം സംരക്ഷിക്കാനുമായിരുന്നു സംസ്ഥാനത്തെ ജനങ്ങളോടുള്ള എച്ച്.ഡി. കുമാരസ്വാമിയുടെ ആഹ്വാനം. കെ.എം.എഫിനെ അമുല്‍ ശ്വാസംമുട്ടിയ്ക്കുകയാണ്. കേന്ദ്രസര്‍ക്കാരിന്റെ പിന്തുണയോടെ അമുലിനെ പിന്‍വാതിലിലൂടെ കര്‍ണാടകയിലേക്ക് പ്രവേശിപ്പിക്കുകയാണ്. ബി.ജെ.പി. സര്‍ക്കാര്‍ അമുലിന് ബെംഗളൂരുവില്‍ കുറഞ്ഞ വിലയ്ക്ക് ഭൂമി നല്‍കിയിട്ടുണ്ടെന്നും കുമാരസ്വാമി ആരോപിച്ചു.
ബസവരാജ ബൊമ്മൈയ്ക്കും പറയാനുണ്ട്
അമുല്‍ വിഷയത്തില്‍ സര്‍ക്കാരിന് വ്യക്തതയുണ്ടെന്നും കര്‍ണാടകയിലേക്കുള്ള അമുലിന്റെ വരവിനെ കോണ്‍ഗ്രസ് രാഷ്ട്രീയവത്കരിക്കുകയാണെന്നുമാണ് മുഖ്യമന്ത്രി ബസവരാജ ബൊമ്മൈ പറയുന്നത്. നന്ദിനി ഒരു നാഷണല്‍ ബ്രാന്‍ഡ് ആണ്. അത് കര്‍ണാടകയില്‍ മാത്രം ഒതുങ്ങുന്നതല്ല. മറ്റു സംസ്ഥാനങ്ങളിലും നന്ദിനി എന്ന ബ്രാന്‍ഡിന് പ്രചാരം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കെ.എം.എഫിന്റെ കീഴിലുള്ള വലിയ പല ഡയറികളും ബി.ജെ.പി. ഭരണകാലത്താണ് സ്ഥാപിച്ചതെന്നും അദ്ദേഹം പറഞ്ഞു.
കെ.എം.എഫ്. ചെയര്‍മാന്‍ ബാലചന്ദ്ര ജര്‍ക്കിഹോളി പറയുന്നത്
ബി.ജെ.പി. നേതാവും എം.എല്‍.എയുമായ ബാലചന്ദ്ര ജര്‍ക്കിഹോളിയാണ് നിലവില്‍ കെ.എം.എഫിന്റെ ചെയര്‍മാന്‍. അമുലും നന്ദിനിയും ലയിപ്പിക്കാനുള്ള സാധ്യതയെ തള്ളിക്കളയുകയാണ് ഇദ്ദേഹം. പാല്‍, തൈര് വില്‍പനയില്‍ അമുലില്‍നിന്നോ മറ്റേതെങ്കിലും ബ്രാന്‍ഡില്‍നിന്നോ നന്ദിനി വെല്ലുവിളി നേരിടുന്നില്ലെന്നും ജര്‍ക്കിഹോളി കൂട്ടിച്ചേര്‍ക്കുന്നു. വര്‍ഷങ്ങളായി പത്തില്‍ അധികം ബ്രാന്‍ഡുകള്‍ ബെംഗളൂരുവില്‍ പാല്‍ വില്‍ക്കുന്നുണ്ട്. എന്നാല്‍ നന്ദിനി പാലിന്റെ അത്ര ഗുണമേന്മയുള്ള പാല്‍, താങ്ങാവുന്ന വിലയ്ക്ക് നല്‍കാന്‍ മറ്റാര്‍ക്കും വിതരണം ചെയ്യാനാവില്ല. പരോക്ഷമായി ഏകദേശം 50 ലക്ഷം വോട്ടര്‍മാര്‍ കെ.എം.എഫുമായി ബന്ധപ്പെട്ടു കിടക്കുന്നുണ്ട്. ബി.ജെ.പിയുടെ പ്രതിച്ഛായ മോശമാക്കാന്‍ പ്രതിപക്ഷം വൃത്തികെട്ട രാഷ്ട്രീയം കളിക്കുകയാണെന്നും ജര്‍ക്കിഹോളി പറയുന്നു. കോണ്‍ഗ്രസില്‍നിന്നും ജെ.ഡി.എസില്‍നിന്നും ഉള്‍പ്പെടെ 19 ഡയറക്ടര്‍മാരുണ്ട് കെ.എം.എഫിന്. ബോര്‍ഡ് ഓഫ് ഡയറക്ടര്‍മാരുടെ തീരുമാനമാണ് അന്തിമം. കേന്ദ്രം ലയിപ്പിക്കല്‍ നിര്‍ദേശം മുന്നോട്ടുവെച്ചാലും താന്‍ അതിനെ എതിര്‍ക്കും. ഞാന്‍ കര്‍ണാടകയിലെ കര്‍ഷകരെ പിന്തുണയ്ക്കും, ജര്‍ക്കിഹോളി കഴിഞ്ഞ ദിവസം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
നന്ദിനിയുടെ ചരിത്രം; എന്തുകൊണ്ട് അമുല്‍ എതിര്‍ക്കപ്പെടുന്നു?
1974-ലാണ് കര്‍ണാടക ഡയറി ഡെവലപ്‌മെന്റ് കോര്‍പറേഷന്‍ സ്ഥാപിതമാകുന്നത്. 1984-ല്‍ ഇതിന്റെ പേര് കര്‍ണാടക മില്‍ക്ക് ഫെഡറേഷന്‍ (കെ.എം.എഫ്.) എന്ന് മാറ്റി. സംസ്ഥാനത്തെമ്പാടുമായി 16 മില്‍ക്ക് യൂണിയനുകളാണ് കെ.എം.എഫിന് കീഴിലുള്ളത്. 24 ലക്ഷം ക്ഷീരകര്‍ഷകര്‍ ഉള്‍പ്പെട്ട 14,000 പാല്‍ സൊസൈറ്റികള്‍ ചേര്‍ന്നതാണ് കെ.എം.എഫ്. പ്രതിദിനം 84 ലക്ഷം ലിറ്റര്‍ പാലാണ് കെ.എം.എഫ്. വഴി സമാഹരിക്കപ്പെടുന്നത്. നന്ദിനി എന്ന ബ്രാന്‍ഡിനു കീഴില്‍ പാല്‍, തൈര്, നെയ്യ്, വെണ്ണ തുടങ്ങി ഉല്‍പന്നങ്ങളാണ് വിറ്റഴിക്കുന്നത്. കന്നഡ സൂപ്പര്‍ താരങ്ങളായിരുന്ന രാജ്കുമാര്‍, അദ്ദേഹത്തിന്റെ മകന്‍ പുനീത് രാജ്കുമാര്‍ തുടങ്ങിയവര്‍ നന്ദിനി ഉത്പന്നങ്ങളുടെ ബ്രാന്‍ഡ് അംബാസഡര്‍മാരായിരുന്നു.
.jpg?$p=353b13e&&q=0.8)
മറ്റ് സംസ്ഥാനങ്ങളില്‍നിന്നുള്ള പാലും തൈരും കര്‍ണാടകയില്‍ വില്‍ക്കപ്പെടുന്നുണ്ട്. തമിഴ്നാട്ടില്‍നിന്നുള്ള ആരോഗ്യ, തിരുമല തുടങ്ങിയ ബ്രാന്‍ഡുകള്‍ ഇതിന് ഉദാഹരണമാണ്. എന്നാല്‍, വിപണിയില്‍ ഒന്നാംസ്ഥാനത്തു നില്‍ക്കുന്ന അമുല്‍, തൊട്ടുപിന്നിലുള്ള ബ്രാന്‍ഡായ നന്ദിനിയുടെ സ്വന്തം സംസ്ഥാനത്ത് ഏറ്റവും ആവശ്യക്കാരുള്ള ഉത്പന്നങ്ങള്‍ വില്‍ക്കാനൊരുങ്ങുന്നത് അനാവശ്യ മത്സരം സൃഷ്ടിക്കുമെന്നാണ് നന്ദിനിയെ പിന്തുണയ്ക്കുന്നവര്‍ പറയുന്നത്. പ്രതിദിനം ഏകദേശം 1.8 കോടി ലിറ്റര്‍ പാലാണ് അമുല്‍ ഉത്പാദിപ്പിക്കുന്നത്. അതേസമയം, കെ.എം.എഫ്. പ്രതിദിനം ഉത്പാദിപ്പിക്കുന്നത് 90 ലക്ഷം ലിറ്ററാണ്.
തിരഞ്ഞെടുപ്പിനെ വിവാദം എങ്ങനെ സ്വാധീനിക്കും?
ക്ഷീരോത്പാദനം മുഖ്യ ഉപജീവനമാര്‍ഗമായി കാണുന്ന ലക്ഷക്കണക്കിനാളുകളുണ്ട് കര്‍ണാടകയില്‍. ഈ വിവാദം അവരെ ബാധിച്ചാല്‍ ബി.ജെ.പിക്ക് അത് അത്ര നല്ല സംഗതിയായിരിക്കില്ല. അമുല്‍ ഇനി വന്നാലും ഇല്ലെങ്കിലും വരുന്നെന്ന പ്രഖ്യാപനം ബി.ജെ.പിയെ പ്രതിരോധത്തിലാക്കി എന്ന് പറയാതിരിക്കാനുമാവില്ല. വിവാദത്തെ കോണ്‍ഗ്രസും ജെ.ഡി.എസും പരമാവധി പ്രയോജനപ്പെടുത്തുന്നുമുണ്ട്. 2024 ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ സെമി ഫൈനലായി കണക്കാക്കപ്പെടുന്ന കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ പാല്‍ വിവാദം എഎങ്ങനെ സ്വാധീനിച്ചു എന്നറിയാൻ വോട്ടെണ്ണല്‍ ദിനമായ മേയ് 13 വരെ കാത്തിരിക്കണം.
Content Highlights: nandini amul controversy in karnataka and its impact in karnataka assembly election 2023
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..