അവർ ആക്രോശിച്ചു; 'ഇന്ത്യയെ വിറ്റ ചാരനാണ്, നിനക്ക് ഈ രാജ്യത്ത് പച്ചവെള്ളം കുടിക്കാനുള്ള അർഹതയില്ല'


അലീന മരിയ വര്‍ഗ്ഗീസ് |varghesealeenamaria@gmail.com

11 min read
In Depth
Read later
Print
Share

ഒരു സിനിമയുടെ ക്ലിപ്തദൈര്‍ഘ്യത്തില്‍ കൊള്ളുന്നതല്ല നമ്പി നാരായണന്‍ എന്ന മനുഷ്യന്റെ രണ്ടു ഘട്ടങ്ങളായി പകുത്തുപോയ ജീവിതം. അത് തീര്‍ച്ചയായും ഒരു പുനര്‍വായന അര്‍ഹിക്കുന്നുണ്ട്.

നമ്പി നാരായണൻ (Photo: Sreejith P Raj)

ള്ളിലൊരു വലിയ കനലെരിയുന്ന ചാരക്കൂമ്പാരമാണ് ഐഎസ്ആര്‍ഒ ചാരക്കേസ് ഇന്നും. കേസില്‍ സുപ്രീംകോടതി അന്തിമവിധി പ്രസ്താവിച്ചുകഴിഞ്ഞിട്ടും അത് മലയാളിയുടെ ബോധമണ്ഡലത്തെയും കേരള രാഷ്ട്രീയത്തെയും ഇപ്പോഴും പൊള്ളിച്ചുകൊണ്ടിരിക്കുകയാണ്. കേരള രാഷ്ട്രീയത്തെ പിടിച്ചുലച്ച ഈ കേസ് പാടെ തകര്‍ത്തുകളഞ്ഞ ഒരു ജീവിതമുണ്ട്. വില്ലന്റെയും നായകന്റെയും വേഷങ്ങള്‍ ഒരേ ജീവിതകാലയളവില്‍ ആടിത്തീര്‍ക്കേണ്ടിവന്ന നമ്പി നാരായണന്റെ. സംഭവബഹുലമായ ഈ ജീവിതകഥയാണ് ആര്‍. മാധവന്‍ റോക്കട്രീ എന്ന തന്റെ കന്നി സംവിധാന സംരംഭത്തിലൂടെ വെള്ളിത്തിരയിലെത്തിച്ചത്. എന്നാല്‍, ഒരു സിനിമയുടെ ക്ലിപ്തദൈര്‍ഘ്യത്തില്‍ കൊള്ളുന്നതല്ല നമ്പി നാരായണന്‍ എന്ന മനുഷ്യന്റെ രണ്ടു ഘട്ടങ്ങളായി പകുത്തുപോയ ജീവിതം. അത് തീര്‍ച്ചയായും ഒരു പുനര്‍വായന അര്‍ഹിക്കുന്നുണ്ട്.

1994 ഡിസംബര്‍ മൂന്ന്, തൊണ്ടവരണ്ട് പൊട്ടാറായപ്പോള്‍ വിഎസ്എസ്സിയുടെ ലിക്വിഡ് പ്രൊപ്പല്‍ഷന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ നമ്പി നാരായണന്‍ ഐബി ഉദ്യോഗസ്ഥരോട് വെള്ളം ചോദിച്ചു. വെള്ളം വാങ്ങാനായി എഴുന്നേറ്റതും ഒരാള്‍ നമ്പി നാരായണന്‍ ഇരുന്ന കസേര തട്ടിത്തെറിപ്പിച്ചു. വെള്ളം കൊണ്ടുവന്നയാള്‍ അത് ശക്തമായി നമ്പി നാരായണന്റെ മുഖത്തേയ്ക്ക് ഒഴിച്ചു. എന്നിട്ടവര്‍ ആക്രോശിച്ചു, നീ ഇന്ത്യയെ വിറ്റ ചാരനാണ് നിനക്ക് ഈ രാജ്യത്ത് പച്ചവെള്ളം പോലും കുടിക്കാന്‍ അര്‍ഹതയില്ല. നിനക്ക് ഈ രാജ്യത്ത് കസേരയില്ല നീയൊരു ചാരനാണ്..... ആ നിമിഷം നമ്പി നാരായണന്‍ ഒരു പഴയ ഓര്‍മയിലേയ്ക്ക് പോയി. നൈക്കി അപ്പാച്ചെ റോക്കറ്റിന്റെ സ്‌പെഷ്യല്‍ ലോഞ്ച് കാണാന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി വന്ന ദിവസമായിരുന്നു അത്. (ഇന്ത്യ തുമ്പയില്‍ നിന്ന് ആദ്യം വിക്ഷേപിച്ച റോക്കറ്റ് നൈക്കി അപ്പാച്ചെയായിരുന്നു)

അക്കാലത്ത് വിക്ഷേപണങ്ങള്‍ക്ക് കൗണ്ട്ഡൗണ്‍ നടത്തിയിരുന്നത് നമ്പി നാരായണനായിരുന്നു. പ്രധാനമന്ത്രി വന്ന ദിവസവും നമ്പി നാരായണന്‍ അതിനായി നിയോഗിക്കപ്പെട്ടു. കൗണ്ട്ഡൗണ്‍ റൂമില്‍ തയ്യാറെടുക്കുമ്പോള്‍ ചെയര്‍മാന്‍ വിക്രം സാരാഭായി വന്നു. കാര്യങ്ങള്‍ എല്ലാം ഒക്കെയല്ലേ എന്ന് അന്വേഷിക്കാനായിരുന്നു സാരാഭായിയുടെ വരവ്. സാരാഭായിയെ കണ്ടതും നമ്പി നാരായണന്‍ കസേരയില്‍ നിന്ന് എഴുന്നേറ്റു. ആ മുറിയില്‍ ആകെ കണ്‍ട്രോളിങ് ഓഫീസറുടെ കസേര മാത്രമായിരുന്നു ഉണ്ടായിരുന്നത്. നമ്പി നാരായണനോട് ഇരിക്കാന്‍ പറഞ്ഞിട്ട് സാരാഭായി ഒരു നിര്‍ദേശവും നല്‍കി. പ്രധാനമന്ത്രി വന്നാലും ഈ കസേരയില്‍ നിന്ന് എഴുന്നേല്‍ക്കരുത്. റോക്കറ്റ് ലോഞ്ചിങ്ങ് സമയത്ത് ഈ കസേര അതിനേക്കാള്‍ പ്രധാനപ്പെട്ടതാണ്. ലോഞ്ചിങ്ങിനായി എല്ലാം റെഡിയായി, ഓള്‍ സ്റ്റേഷന്‍ അലര്‍ട്ട് കൊടുത്തു. നിമിഷങ്ങള്‍ മാത്രം ബാക്കി. പെട്ടെന്ന് കണ്‍ട്രോള്‍ റും തുറന്ന് മൂന്നുപേര്‍ വന്നു. ആരെയും ശ്രദ്ധിക്കാതെ നമ്പി നാരായണന്‍ കൗണ്ട്ഡൗണ്‍ സ്റ്റാര്‍ട്ട് ചെയ്തു. ഇടയ്ക്ക് പിന്നില്‍ നില്‍ക്കുന്നവരെ ഒന്നു തിരിഞ്ഞുനോക്കി. നമ്പി നാരായണന്റെ കസേരയില്‍ പിടിച്ച് ഇന്ദിരാ ഗാന്ധി നില്‍ക്കുന്നു. ഞെട്ടലോടെ തിടുക്കപ്പെട്ട് നമ്പി നാരായണന്‍ എഴുന്നേറ്റു. അപ്പോൾ ചുമരില്‍ കൈമര്‍ത്തി സാരാഭായി പറഞ്ഞു. ഇരിക്കൂ, ആരു വന്നാലും എഴുന്നേല്‍ക്കരുത്.. കസേര തട്ടിമാറ്റിയതും നമ്പി നാരായണന്റെ മനസില്‍ ആ ഓര്‍മ മിന്നിമാഞ്ഞു. ആ നിമിഷം നമ്പി പറഞ്ഞു 'സുഹൃത്തുക്കളെ നിങ്ങള്‍ ഈ ചെയ്യുന്ന കുറ്റത്തിന്റെ ആഴം നിങ്ങള്‍ അറിയുന്നില്ല, ഇതിന് നിങ്ങള്‍ ശിക്ഷിക്കപ്പെടാതിരിക്കില്ല.'

1910-12 കാലത്ത് തിരുവനന്തപുരത്ത് ചാലയിലെ കച്ചവടക്കാരനായിരുന്നു നമ്പി നാരായണന്റെ പിതാവ്. എഴുത്തും വായനയും അറിയാത്ത അദ്ദേഹം മലയാളത്തിന് പുറമെ തമിഴ്, ഹിന്ദി, ഇംഗ്ലീഷ്, അറബി തുടങ്ങി പല ഭാഷകള്‍ സംസാരിച്ചിരുന്നു. അങ്ങനെ കുഞ്ഞ് നമ്പിയുടെ മനസില്‍ അച്ഛന്‍ ഒരു ഹീറോയായി. അച്ഛന്റെ ഏറ്റവും വലിയ ആഗ്രഹം നമ്പി നാരായണനെ എഞ്ചിനീയര്‍ ആക്കുക എന്നതായിരുന്നു. മധുരയിലെ ത്യാഗരാജര്‍ എഞ്ചിനീയറിംഗ് കോളേജില്‍ മെക്കാനിക്കല്‍ എഞ്ചിനിയറിങ്ങിന് ചേര്‍ന്നു. എന്നാല്‍ മകന്‍ എഞ്ചിനിയറിങ് പൂര്‍ത്തിയാക്കും മുമ്പ് പിതാവ് മരിച്ചു. പഠനത്തിന് ശേഷം പഞ്ചസാര ഫാക്ടറിയിലെ ട്രെയിനിയായിട്ടായിരുന്നു ആദ്യ ജോലി. ജോലിയിലെ മികവും ആത്മാര്‍ഥതയും കണ്ട് മൂന്നുവര്‍ഷത്തെ ട്രെയിനിങ് ആറുമാസമായി ചുരുക്കി. ഒപ്പം ഉയര്‍ന്ന ശമ്പളവും നല്‍കി. അമ്മയുടെ രോഗവുമായി ബന്ധപ്പെട്ട് അവധി ചോദിച്ചപ്പോള്‍ തരില്ലെന്നു പറഞ്ഞ മേലുദ്യോഗസ്ഥനോട് നിങ്ങളുടെ ലീവും വേണ്ട ജോലിയും വേണ്ട എന്ന് പറഞ്ഞ് രാജിക്കത്ത് നല്‍കി നമ്പി നാരായണന്‍ ഇറങ്ങി.

രാഷ്ട്രപതി രാംനാഥ് കോവിന്ദിൽ നിന്ന് പദ്മഭൂഷണ്‍
സ്വീകരിക്കുന്ന നമ്പി നാരായണന്‍

അക്കാലത്ത് ഒരിക്കല്‍ കടയില്‍ നിന്ന് സാധനങ്ങള്‍ കൊണ്ടു വന്ന കടലാസുകള്‍ വായിക്കുന്നതിനിടയില്‍ ഒരു വാര്‍ത്ത നമ്പി നാരായണന്റെ ശ്രദ്ധയില്‍പ്പെട്ടു. തുമ്പ ഇക്വറ്റോറിയല്‍ റോക്കറ്റ് ലോഞ്ചിങ് സ്റ്റേഷനിലേയ്ക്ക് എഞ്ചിനീയര്‍മാരെ എടുക്കുന്നു എന്നതായിരുന്നു അത്. വാര്‍ത്ത വായിക്കുന്ന ദിവസം തന്നെയായിരുന്നു അപേക്ഷ നല്‍കേണ്ട അവസാന തീയതിയും. പിറ്റെന്നു രാവിലെ തന്നെ ഒരു ബന്ധുവിന്റെ കാറ് കടം വാങ്ങി തുമ്പയിലേയ്ക്ക് പുറപ്പെട്ടു. വൈകാതെ ഇന്‍ര്‍വ്യൂ കാര്‍ഡ് വന്നു. നമ്പി നാരായണന്‍ തുമ്പ ഇക്വറ്റോറിയല്‍ റോക്കറ്റ് ലോഞ്ചിങ് സ്റ്റേഷനിലേയ്ക്ക് എഞ്ചിനീയറായി തിരഞ്ഞെടുക്കപ്പെട്ടു. തിരുവനന്തപുരത്തെ തുമ്പയ്ക്കടുത്ത് കടപ്പുറത്തെ വിശാലമായ ഭൂമിയില്‍ കെട്ടി ഉയര്‍ത്തിയ പഴയ പള്ളിയും അവിടുത്തെ ബിഷപ്പ് ഹൗസുമായിരുന്നു അന്നത്തെ ടെറില്‍സ്. കാടുപിടിച്ച പള്ളിപ്പറമ്പും കടപ്പുറവും വലിയ രണ്ട് കെട്ടിടങ്ങളും മാത്രമായിരുന്നു തുമ്പ ലോഞ്ചിങ് സ്റ്റേഷന്റെ സമ്പത്ത്. അബ്ദുള്‍ കലാമിന്റെ കീഴില്‍ നമ്പി നാരായണന്‍, വി.സുധാകര്‍, സി.ആര്‍.സത്യ, എം.കെ. അബ്ദുള്‍ മജീദ്, എന്നിവര്‍ അടങ്ങുന്ന ഒരു സംഘമുണ്ടായി. അഞ്ചുപേര്‍ക്കായി ആകെ നാല് മേശകളായിരുന്നു ഉണ്ടായിരുന്നത്. മേശകള്‍ ഒന്നിച്ച് ഇട്ട് അതിന് ചുറ്റും ഇരുന്നു അവര്‍ ത്രിവര്‍ണ പതാക നെറ്റിയില്‍ ചാര്‍ത്തി പറക്കുന്ന ഇന്ത്യന്‍ റൊക്കറ്റുകളെ സ്വപ്നം കണ്ടു. മേശയ്ക്ക് ചുറ്റും ചര്‍ച്ചകള്‍ പുരോഗമിച്ചു.

1965-ല്‍ നമ്പി നാരായണന് അമേരിക്കയിലെ പ്രിന്‍സ്റ്റണ്‍ യൂണിവേഴ്സ്റ്റിയില്‍ അഡ്മിഷന്‍ ലഭിച്ചു. ബഹിരാകാശ ദൗത്യങ്ങളിലേയ്ക്ക് പറക്കുന്നവരുടെ സ്വപ്ന ഭൂമികയാണ് പ്രിന്‍സ്റ്റണ്‍, ആരും മോഹിക്കുന്ന ഒരു അവസരം. എന്നാല്‍ അമ്മയ്ക്ക് മകനെ പിരിഞ്ഞിരിക്കാന്‍ കഴിയുമായിരുന്നില്ല. നീ പോയാല്‍ ഞാന്‍ മരിച്ചു പോകുമെന്ന് പറഞ്ഞതോടെ പ്രിന്‍സ്റ്റണ്‍ യൂണിവേഴ്‌സിറ്റിയിലെ പഠനം ഉപേക്ഷിച്ചു. 1966 നവംബര്‍ 23 ന് അമ്മ മരിച്ചു. അതോടെ വളരെയധികം സമയം ടെറല്‍സില്‍ ചെലവഴിക്കാന്‍ തുടങ്ങി. ഇന്ത്യയ്ക്ക് സാങ്കേതികമായി വലിയ നേട്ടമൊന്നും അവകാശപ്പെടാന്‍ ഇല്ലാതിരുന്ന കാലമായിരുന്നു അത്. അന്തരീക്ഷമര്‍ദവും മറ്റും നോക്കുന്ന കാലാവസ്ഥ നിരീക്ഷണ റോക്കറ്റായ ജൂഡി ഡാര്‍ട്ടിന്റെ പരീക്ഷണം നടക്കുന്ന സമയം. അന്‍പതോ അറുപതോ കിലോമീറ്റര്‍ എത്തുമ്പോള്‍ ഡാര്‍ട്ട് ജൂഡിയില്‍ നിന്ന് വേര്‍പെടും. പിന്നെ മൂടിനാര് പോലെയുള്ള ഡാര്‍ട്ട് അന്തരീക്ഷത്തില്‍ പറന്ന് കളിക്കും അതില്‍ നിന്ന് എത്തുന്ന സിഗ്‌നലുകള്‍ കാലാവസ്ഥാ പ്രവചനം നടത്തും. ജൂഡിയിലെ ഡാര്‍ട്ടിന്റെ ഡിസൈന്‍ നമ്പി നാരായണനായിരുന്നു ചെയ്തിരുന്നത്. അബ്ദുള്‍ കലാം ഡാര്‍ട്ട് നിര്‍മിക്കാനുള്ള ചുമതലയും ഏല്‍പ്പിച്ചു. ഐഎസ്ആര്‍ഒയ്ക്ക് സ്വന്തമായി ലെയ്‌ത്തോ, വര്‍ക്?ഷോപ്പോ വാഹനസൗകര്യമോ ഒന്നും ഇല്ല. അന്ന് പാപ്പനംകോട് ഭാഗത്ത് ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റില്‍ ഒരാളുണ്ട്. അദ്ദേഹത്തിന്റെ വര്‍ക്ക്‌ഷോപ്പിലാണ്‌ സാധാരണ ലെയ്ത്ത് ജോലികള്‍ ചെയ്തിരുന്നത്. നമ്പി നാരായണന്‍ അയാള്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കി ഡാര്‍ട്ട് നിര്‍മിച്ചു. ഡാര്‍ട്ടുമായി അടുത്ത ബസില്‍ കിഴക്കേകോട്ടയിലേയ്ക്ക് തിരിച്ചു. ഡാര്‍ട്ട് കാഴ്ചയില്‍ ഒരു ചെറിയ മിസൈല്‍ പോലെ ഇരിക്കും. ബസിലുള്ള യാത്രക്കാര്‍ എല്ലാം നമ്പി നാരായണനെ തുറിച്ചു നോക്കുന്നുണ്ടായിരുന്നു. കിഴക്കേകോട്ടയില്‍ ഇറങ്ങി അടുത്ത ബസ് പിടിച്ച് കുളത്തൂര്‍ ഇറങ്ങി കനാല്‍ വഴി ബിഷപ്പ് ഹൗസില്‍ എത്തി. ആ ഡാര്‍ട്ട് ഘടിപ്പിച്ച് നടത്തിയ പരീക്ഷണം വിജയമായിരുന്നു. അങ്ങനെ ഒരു ഉപകരണം ബസില്‍ കയറ്റി കൊണ്ടുവരേണ്ട അത്രയും തുടക്കകാലത്തിലായിരുന്നു അന്ന് ഐഎസ്ആര്‍ഒ.

ആ കാലങ്ങളാണ് നമ്പി നാരായണൻ ലിക്വിഡ് പ്രൊപ്പല്‍ഷന്‍ സിസ്റ്റത്തിന്റെ (ദ്രവ) വക്താവാകുന്നത്. ഐഎസ്ആര്‍ഒയിലെ ബഹുഭൂരിപക്ഷത്തിനും അതില്‍ വിശ്വാസം ഉണ്ടായിരുന്നില്ല. എന്നാല്‍ നമ്പി നാരായണന്‍ ലിക്വിഡിന്റെ കാലം സ്വപ്നം കണ്ടു. ഇതിനിടയില്‍ അമ്മയ്ക്കുവേണ്ടി ഉപേക്ഷിച്ച പ്രിന്‍സ്റ്റണ്‍ യൂണിവേഴ്‌സിറ്റിയിലെ അവസരം ഒരിക്കല്‍ കൂടി നമ്പി നാരായണനെ തേടിയെത്തി. ഇക്കുറി ഭാര്യ തനിച്ചാകുമെന്ന ആശങ്ക അലട്ടി. ഈ ചിന്താകുഴപ്പം അറിഞ്ഞ വിക്രം സാരാഭായി ഒരു കാര്യം പറഞ്ഞു. രാജ്യം ആദ്യമായി പ്രിന്‍സ്റ്റണിലേയ്ക്ക് ഒരാള്‍ക്ക് അവസരം നല്‍കുകയാണ്. ആ വാക്കില്‍ നമ്പി നാരായണൻ പ്രിന്‍സ്റ്റണില്‍ എത്തി. അവിടെ വച്ച് ലിക്വിഡ് എഞ്ചിനുമായി കൂടുതല്‍ അടുത്തു. ഇന്ത്യ ലിക്വിഡ് എഞ്ചിന്‍ സ്വന്തമാക്കുന്നത് സ്വപ്നം കണ്ടു. ഇതിനിടയിലായിരുന്നു സാരാഭായിയുടെ അപ്രതീക്ഷിത മരണം.

പ്രിന്‍സ്റ്റണില്‍ നിന്ന് തിരിച്ചെത്തിയ നമ്പി നാരായണൻ ലിക്വിഡില്‍ പരീക്ഷണങ്ങള്‍ നടത്തി. ഒപ്പം സഹപാഠിയും സുഹൃത്തുമായ ചന്ദ്രനുമുണ്ടായിരുന്നു. ഇരുവരും നടത്തിയ പരീക്ഷണങ്ങള്‍ വിജയമായി. അതോടെ ത്രി ടണ്‍ എഞ്ചിന്‍ നിര്‍മിക്കാന്‍ തീരുമാനിച്ചു. അതും വിജയിച്ചു. എന്നാല്‍ ചില കാരണങ്ങളാല്‍ പരീക്ഷം തുമ്പയില്‍ നിന്ന് ശ്രീഹരിക്കോട്ടയിലേയ്ക്ക് മാറ്റി. അന്ന് ശ്രീഹരിക്കോട്ടയില്‍ സൗകര്യങ്ങള്‍ ഒന്നും ഇല്ല. ചായയോ വെള്ളമോ കിട്ടണമെങ്കില്‍ വളരെ ദൂരം പോകണം. ജോലിക്കാരെയും കിട്ടാനില്ല. എന്തെങ്കിലും സാധനങ്ങള്‍ നഷ്ടപ്പെട്ടാല്‍ എടുക്കാന്‍ വീണ്ടും തുമ്പയില്‍ വരണം. രണ്ടും കല്‍പ്പിച്ച് മുന്നോട്ട് പോയെങ്കിലും ശ്രീഹരിക്കോട്ടയിലെ ആ പരീക്ഷണം പരാജയമായിരുന്നു. അവസാന നിമിഷമായിരുന്നു പിഴവ് മനസിലായത്. ആ പരാജയത്തിന് ശേഷം നമ്പി നാരായണന്‍ നേരെ പോയത് അന്നത്തെ ചെയര്‍മാന്‍ സതീഷ് ധവാന്റെ അടുത്തേയ്ക്കായിരുന്നു. കൈയില്‍ രാജിക്കത്തും ഉണ്ടായിരുന്നു. നമ്മള്‍ നടത്തിയ പരീഷണം പരാജയമായിരുന്നു, അതിന്റെ ഉത്തരവാദി ഞാന്‍ മാത്രമാണ്. അതിനാല്‍ ഞാന്‍ രാജിവയ്ക്കുന്നു' എന്ന് പറഞ്ഞ് ധവാന് രാജി കത്ത് കൈമാറി.

ചാരക്കേസില്‍ അറസ്റ്റിലായ നമ്പി നാരായണനെ കോടതിയില്‍ ഹാജരാക്കുന്നു

ഇങ്ങനെ മുന്നോട്ട് പോയാല്‍ നമുക്ക് ലിക്വിഡ് റോക്കറ്റ് ഉണ്ടാക്കാന്‍ പറ്റില്ലെയെന്ന് കാര്യകാരണം സഹിതം നമ്പി നാരായണൻ ധവാനെ അറിയിച്ചു. ആ സംസാരത്തിന്റെ അവസാനം അതിന് ഒരു പരിഹാരവും ഉണ്ടായി. ലിക്വിഡ് എഞ്ചിന്‍ ലഭിക്കാനായി രാജ്യ താല്‍പര്യത്തിന് എതിരല്ലാത്ത ഒരു കൊളാബ്രേഷന് ശ്രമിക്കാന്‍ ധവാന്‍ അനുവാദം നല്‍കി. തന്റെ രാജിക്കത്ത് ധവാന്‍ കീറിക്കളയുന്ന ശബ്ദം സംസാരിച്ച് തിരിച്ച് ഇറങ്ങുമ്പോള്‍ നമ്പിക്ക് കേള്‍ക്കാമായിരുന്നു. ആ മിറ്റിങ്ങിന് ശേഷം നമ്പി നാരായണൻ യൂറോപ്പിലേയ്ക്ക് പോയി. ആ യാത്രയില്‍ അദ്ദേഹം ഫ്രാന്‍സിലെ വെര്‍നോണില്‍ എസ്.സി.പി. സൊസൈറ്റി ദി യൂറോപ്യന്‍ പ്രൊപല്‍ഷന്‍ എന്ന ഫ്രഞ്ച് കമ്പനി സന്ദര്‍ശിച്ചു. അവിടെ വച്ചാണ് റെനോമോറിന്‍ എന്ന ശാസ്ത്രഞ്ജനെ കാണുന്നത്. സാരാഭായിയുടെ കാലത്ത് ഐഎസ്ആര്‍ഒയില്‍ വന്നിട്ടുള്ള ആളായിരുന്നു റെനോമോറിന്‍. അതുകൊണ്ട് തന്നെ അയാളുമായി ചെറിയാരു മുന്‍ പരിചയവും നമ്പി നാരായണനുണ്ട്. ആ പരിചയത്തിന്റെ പേരില്‍ നമ്പി നാരായണൻ ലിക്വിഡ് റോക്കറ്റ് ടെക്‌നോളജിക്കായി ഒരു കോളാബ്രേഷനേക്കുറിച്ച് അയാളോട് സംസാരിച്ചു. ഫ്രാന്‍സും ഒരു കൊളാബ്രേഷന് തയാറായിരുന്ന കാലമായിരുന്നു അത്. ഇന്നത്തെ പിഎസ്എല്‍വി റോക്കറ്റിന്റെ പടക്കുതിരയായ വികാസ് എഞ്ചിന്‍ ഡെവലപ്പ് ചെയ്യാന്‍ സാധിച്ചതിന്റെ ആദ്യ പടിയായിരുന്നു ആ കൂടിക്കാഴ്ച.

വൈകാതെ അവര്‍ ഇന്ത്യയുമായും ഐഎസ്ആര്‍.ഒയുമായും കരാറില്‍ ഏര്‍പ്പെടാന്‍ തയാറാണെന്ന് മറുപടി നല്‍കി. ആ വിവരവുമായി നമ്പി നാരായണന് നേരെ വന്നത് സതീഷ് ധവാന്റെ അടുത്തേയ്ക്കാണ്. അദ്ദേഹത്തെ കാര്യങ്ങള്‍ ധരിപ്പിച്ചു. ഫ്രഞ്ചുകാര്‍ ഈ കൊളാബ്രേഷനിലൂടെ പ്രതീക്ഷിക്കുന്നത് കോടിക്കണക്കിന് ഫ്രാങ്കിന്റെ ഇടപാടാണ്. അവര്‍ക്ക് ക്യാഷ് അല്ലാതെ ഒന്നും വേണ്ട. എന്നാല്‍ ക്യാഷ് കൊടുക്കാന്‍ ഇന്ത്യയുടെ കൈയില്‍ ഇല്ല. ആ സമയം നമ്പിക്ക് ഒരു ആശയം തോന്നി. അവര്‍ ഒരു എഞ്ചിനിയര്‍ക്ക് കൊടുക്കുന്നത് 25000 ഫ്രാങ്കാണ്. 2500 ഫ്രാങ്ക് കൊടുത്താല്‍ ഒരു ഇന്ത്യന്‍ എഞ്ചിനിയര്‍ ഈ ടെക്ക്നോളജി പഠിച്ചെടുക്കാനായി ഫ്രാന്‍സില്‍ ജോലി ചെയ്യും. ഫ്രാന്‍സിന് 22000 ഫ്രാങ്കാണ് ഇതിലൂടെ ഉണ്ടാകുന്ന ലാഭം. അതിന് പകരമായി ആര്യന്‍ വെഹിക്കിളില്‍ ഉപയോഗിക്കുന്ന ട്രാന്‍സ് ഡ്യൂസര്‍ ഉണ്ടാക്കാന്‍ അവര്‍ ഐഎസ്ആര്‍ഒയ്ക്ക് ഓര്‍ഡര്‍ നല്‍കി. അതിന്റെ ടെക്്‌നോളജിയും മെറ്റീരിയലും അവര്‍ ഐഎസ്ആര്‍ഒയ്ക്ക് നല്‍കും. ഇന്ത്യയില്‍ അത് നിര്‍മിച്ച് കൊടുക്കും. അതായിരുന്നു കരാര്‍. ഇതിനായി ഒരു പ്രഷര്‍ ട്രാന്‍ഡ്യൂസര്‍ യൂണിറ്റ് ബംഗ്ലൂരില്‍ തുടങ്ങി. അങ്ങനെ നമ്പി നാരായണന്റെ ഇടപെടലിന്റെ ഫലമായി ഇന്ത്യ വികാസ് എഞ്ചിന്‍ വികസിപ്പിക്കാനുള്ള ചെയ്യാനുള്ള കൊളാബേറേഷന്‍ കരാറില്‍ ഒപ്പിടാന്‍ തയാറായി. അബ്ദുള്‍ കലാമിന്റെ നേതൃത്വത്തില്‍ സോളിഡ് എഞ്ചിന്‍ ഡെവലപ്പ് ചെയ്യാനുള്ള പരീക്ഷണങ്ങള്‍ തകൃതിയായി നടക്കുന്ന സമയമായിരുന്നു അത്. അതുകൊണ്ട് തന്നെ പലര്‍ക്കും ലിക്വിഡ് എഞ്ചിന്‍ പദ്ധതിയോട് വലിയ താല്‍പര്യം ഉണ്ടായിരുന്നില്ല.

Buy Book: ഓർമകളുടെ ഭ്രമണപഥം-നമ്പി നാരായണൻ

അങ്ങനെ 1974 ആഗസ്റ്റ് അവസാനത്തോടെ നമ്പി നാരായണന്റെ നേതൃത്വത്തില്‍ 53 ഓളം പേര്‍ അടങ്ങുന്ന ഒരു ടീം ഫ്രാന്‍സില്‍ എത്തി. സാങ്കേതികവിദ്യ പഠിച്ചെടുക്കാനായി അവര്‍ മുഴുവന്‍ സമയ ജോലികളില്‍ വ്യാപൃതരായി. ഫ്രാന്‍സിലെ കാലാവസ്ഥയോടും സാമ്പത്തിക ബുദ്ധിമുട്ടുകളോടും പോരാടി സാങ്കേതികവിദ്യയ്ക്കായി ഒരു സംഘം പ്രയ്ത്‌നിക്കുമ്പോള്‍ ഫ്രഞ്ച് വൈന്‍ കുടിച്ച് നൈറ്റ് ക്ലബിലൊക്കെ കയറി അവര്‍ അടിച്ചുപൊളിക്കുകയാണെന്ന് നാട്ടില്‍ കഥകള്‍ പരന്നു. ഐഎസ്ആഒയും ഫ്രാന്‍സും തമ്മിലുള്ള കോണ്‍ട്രാക്ട് ഡിലീന്റെ മുഴുവന്‍ എഴുത്തുകുത്തുകളും തയ്യാറാക്കിയത് പില്‍ക്കാലത്ത് രാഷ്ട്രീയക്കാരെ വിറപ്പിച്ച ഇന്ത്യന്‍ തിരഞ്ഞെടുപ്പു കമ്മീഷ്ണറായ ടിഎന്‍ ശേഷന്‍ എന്ന ഐഎഎസ് ഉദ്യോഗസ്ഥനായിരുന്നു. 1978 മാര്‍ച്ചില്‍ സാങ്കേതികവിദ്യ പഠിച്ച് തിരികെ എത്തിയ നമ്പിയുടെ ഏറ്റവും വലിയ ആഗ്രഹം ലിക്വിഡ് എഞ്ചിന്‍ ഇന്ത്യയ്ക്കായി നിര്‍മിക്കുക എന്നതായിരുന്നു. അതിനായി നിരവധി പ്രോജക്ടുകള്‍ ഉണ്ടാക്കാന്‍ തുടങ്ങി. കുറേക്കാലത്തെ കഠിന പ്രത്‌നത്തിന്‍ ഒടുവില്‍ ആക്ച്വല്‍ മെറ്റിരിയല്‍ ഉപയോഗിച്ച് യഥാര്‍ഥ ശക്തിയിലുള്ള ഒരു വൈക്കിങ് എഞ്ചിന്‍ അവര്‍ നിര്‍മിച്ചു. 1982-ല്‍ എഞ്ചിന്റെ നിര്‍മാണം പൂര്‍ത്തിയായി. ഫ്രാന്‍സിലെ ശാസ്ത്രജ്ഞന്മാരും ഐഎസ്ആര്‍ഒയിലെ 53 ശാസ്ത്രജ്ഞന്‍മാരും രാപകലില്ലാതെ അദ്ധ്വാനിച്ചതിന്റെ ഫലമായിരുന്നു ആ ദ്രവ എഞ്ചിന്‍. എന്നാല്‍ പല കാരണങ്ങള്‍ കൊണ്ടും എഞ്ചിന്‍ ടെസ്റ്റ് ചെയ്യാന്‍ കഴിയാത്ത സാഹചര്യം ഉണ്ടായി. ഫ്രാന്‍സില്‍ കൊണ്ടു പോയി വേണമായിരുന്നു ടെസ്റ്റ് ചെയ്യാന്‍. നമുക്ക് എഞ്ചിന്‍ ടെസ്റ്റ് ചെയ്യാനുള്ള ടെസ്റ്റ് സ്റ്റാന്‍ഡ് ഉണ്ടായിരുന്നില്ല. ഇതിനിടയില്‍ നമ്പിയെ വിഎസ്എസ്സിയിലേയ്ക്ക് ട്രാന്‍സ്ഫര്‍ ചെയ്യുകയുണ്ടായി.

ഫ്രാന്‍സുമായുള്ള കൊളാബ്രേഷനും പരീക്ഷണങ്ങളും നടന്നത് ധവാന്റെ കാലത്താണ്. എന്നാല്‍ അന്ന് എഞ്ചിന്‍ പരീക്ഷിക്കാന്‍ കഴിഞ്ഞില്ല. അതിനുശേഷം പ്രൊഫ.യു.ആര്‍.റാവുവിന്റെ കാലമെത്തി. റാവു അദ്ദേഹത്തിന്റെ ചെയര്‍മാന്‍ഷിപ്പില്‍ ആദ്യം ഒപ്പുവച്ച ഉത്തരവ് എഞ്ചിന്‍ ഫ്രാന്‍സില്‍ ടെസ്റ്റ് ചെയ്യാനുള്ള അനുമതിയായിരുന്നു. എതിര്‍പ്പുകള്‍ നിരവധി ഉണ്ടായിരുന്നു എങ്കിലും പ്രൊഫ.റാവുവിന്റെ ധൈര്യത്തില്‍ നമ്പി നാരായണന്റെ നേതൃത്വത്തിലുള്ള സംഘം ഫ്രാന്‍സിലേയ്ക്ക് പുറപ്പെട്ടു. ഒരു കോടി രൂപയായിരുന്നു അതിനായി വേണ്ടിവന്ന തുക. ഒരു മാസത്തോളം ഫ്രാന്‍സില്‍ താമസിച്ച് പരീക്ഷണത്തിനായി എഞ്ചിന്‍ തയ്യാറാക്കി. 1985 ഡിസംബര്‍ 12, നമ്പിയുടെ പിറന്നാള്‍ ദിനത്തില്‍ നീണ്ട നാളത്തെ പ്രത്നത്തിന്റെ ഫലമായ വൈക്കിങ് എഞ്ചിന് ഫയറിങ് കമാന്‍ഡ് കൊടുത്തു. പരീക്ഷണം വിജയമായിരുന്നു. അങ്ങനെ ഇന്ത്യയുടെ വൈക്കിങ് എഞ്ചിന് നമ്പി വികാസ് എന്നു പേരു നല്‍കി. വിക്രം എം സാരാഭായ് എന്നതിന്റെ ചുരുക്കെഴുത്തായിരുന്നു വികാസ്. വികാസിന്റെ വിജയത്തിന് ശേഷം നമ്പിയും സംഘവും നാട്ടില്‍ തിരിച്ചെത്തി. നാട്ടില്‍ വലിയ സ്വീകരണമാണ് അവര്‍ക്ക് ലഭിച്ചു. വൈകാതെ ഇന്ത്യന്‍ അസംസ്‌കൃത വസ്തുക്കള്‍ ഉപയോഗിച്ച് എഞ്ചിന്‍ നിര്‍മിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങി. മഹേന്ദ്രഗിരിയില്‍ പുതിയ ടെസ്റ്റിങ്ങ് ഫെസിലിറ്റി ഉണ്ടാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ഇന്ത്യന്‍ സാഹചര്യത്തില്‍ ഇന്ത്യന്‍ സാധനങ്ങള്‍ ഉപയോഗിച്ച് എഞ്ചിന്‍ നിര്‍മിക്കുക എന്നതായിരുന്നു ടീമിന്റെ അടുത്തലക്ഷ്യം. അതിനായി ഹൈദരാബാദിലെ മിധാനി എന്ന കമ്പനിയും ഐഎസ്ആര്‍ഒയിലെ മെറ്റീരിയല്‍ ഗ്രൂപ്പും പ്രവര്‍ത്തനം ആരംഭിച്ചു.

അങ്ങനെ പ്രൊപ്പല്ലന്റായി. മഹേന്ദ്രഗിരിയില്‍ ടെസ്റ്റിങ്ങ് ഫെസിലിറ്റിയായി. എഞ്ചിന്‍ ടെസ്റ്റ് ചെയ്ത അനുഭവസമ്പത്തായി. ഇതെല്ലാം മുതല്‍കൂട്ടാക്കി നമ്പി നാരായണന്റെ നേതൃത്വത്തില്‍ എഞ്ചിന്‍ നിര്‍മാണത്തിലേയ്ക്ക് കടക്കാന്‍ തീരുമാനിച്ചു. മാസ് പ്രൊഡക്ഷന്‍ ചെയ്യാനുള്ള സൗകര്യം ഇല്ലാത്തതു കൊണ്ട് മറ്റ് കമ്പനികളെ ചുമതലപ്പെടുത്തി. അതിനായി ഗ്ലോബല്‍ ടെന്‍ഡര്‍ വിളിച്ചു. ടെൻഡറില്‍ 150 കമ്പനികള്‍ ഐഎസ്ആര്‍ഒയുമായി സഹകരിക്കാന്‍ മുന്നോട്ട് വന്നു. അവര്‍ക്ക് 2000 രൂപ ഫീസ് ഈടാക്കി വൈകിങ് എഞ്ചിന്‍ ഡ്രോയിങ്ങുകള്‍ നല്‍കി. ഡ്രോയിങുകള്‍ പഠിച്ചശേഷം അവര്‍ക്ക് ഇത് ചെയ്യാന്‍ സാധിക്കുമോ ഇല്ലയോ എന്ന് നോക്കാനായിരുന്നു ഇങ്ങനെ ചെയ്തത്. അതില്‍ നിന്ന് രണ്ട് കമ്പനികളെ തിരഞ്ഞെടുത്തു. ഇവിടെയാണ് രസകരമായ മറ്റൊരു വസ്തുത, ലോകത്ത് 150 കമ്പനികള്‍ക്ക് 2000 രൂപ ഫീസ് ഈടാക്കി ഡ്രോയിങ്ങുകള്‍ നല്‍കിയ സ്ഥാപനമാണ് ഐഎസ്ആര്‍ഒ. ഡ്രോയിങ്ങുകള്‍ വച്ച് ഒന്നും ചെയ്യാനാകില്ല എന്ന് അവര്‍ക്കും അറിയാം ഐഎസ്ആര്‍ഒയ്ക്കും അറിയാം. എന്നാല്‍ 2000 രൂപയ്ക്ക് അങ്ങോട്ട് അയച്ചു കൊടുക്കുന്ന ഡ്രോയിങ്ങ് കോടികള്‍ ചെലവാക്കി രഹസ്യമായി കൊണ്ടുപോയി എന്നായിരുന്നു ചാരക്കേസിലെ ആരോപണം.

ഐഎസ്ആര്‍ഒയുടെ ചരിത്രത്തിലെ നാഴികക്കല്ലായിരുന്ന പിഎസ്എല്‍വിയുടെ വിജയകരമായ പറക്കലിലൂടെ ഇന്ത്യയുടെ ലിക്വിഡ് പ്രൊപ്പല്‍ഷന്‍ സിസ്റ്റത്തിന്റെ യുഗം ആരംഭിച്ചു. ആദ്യത്തെ ഉപഗ്രഹ വിക്ഷേപണത്തിന്റെ ഹൃദയത്തിലേയ്ക്ക് ഒരു ലിക്വിഡ് സിസ്റ്റം കൊണ്ടുവരിക എന്നത് നമ്പി നാരായണനെ സംബന്ധിച്ച് രണ്ട് ദശാബ്ദത്തിലേറെ നീണ്ടുനിന്ന പരിശ്രമങ്ങളുടെ ഫലമായിരുന്നു. സെപ്റ്റബര്‍ 20 ലെ പിഎസ്എല്‍വി (ഡി1)യുടെ ആദ്യത്തെ ലോഞ്ച് ഒരു പരാജയമായിരുന്നു എങ്കിലും നമ്പിയുടെ നേതൃത്വത്തില്‍ വികസിപ്പിച്ച വികാസ് എഞ്ചിന്‍ നന്നായി പ്രവര്‍ത്തിച്ചു. രണ്ടാമത്തെ വിക്ഷേപണം പിഎസ്എല്‍വി 2 ഒരു ടെക്സ്റ്റ് ബുക്ക് വിജയമായിരുന്നു. അതിനുശേഷം പിഎസ്എല്‍വിക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നില്ല. 2017 ഓഗസ്റ്റ് വരെ തുടര്‍ച്ചയായി 38 വിക്ഷേപണങ്ങള്‍ നടന്നു. 1994 ഒക്ടോബര്‍ 15 നായിരുന്നു പിഎസ്എല്‍വിയുടെ ആദ്യത്തെ വിജയകരമായ വിക്ഷേപണം. അതുകഴിഞ്ഞ് 5 ദിവസത്തിന് ശേഷം ചാരക്കേസില്‍ പങ്കാളിയെന്ന് ആരോപിക്കപ്പെട്ട് മറിയം റഷീദ എന്ന മാലി സ്വദേശിനി അറസ്റ്റ് ചെയ്യപ്പെട്ടു. ഒരുമാസം കഴിഞ്ഞ് നവംബര്‍ 30 നമ്പിയെ തേടി പോലീസെത്തി. അപ്പോഴേയ്ക്ക് ഐഎസ്ആര്‍ഒ ചെയര്‍മാനായി റാവുവില്‍ നിന്ന് കസ്തൂരിരംഗന്‍ ചാര്‍ജെടുത്തിരുന്നു. 1994 ഒക്ടോബര്‍ 26 ന് കസ്തൂരിരംഗനോടൊപ്പം പിഎസ്എല്‍വിയുടെ വിജയത്തിന്റെ പ്രശംസ പ്രധാനമന്ത്രിയില്‍ നിന്ന് ഏറ്റുവാങ്ങാനായി നമ്പി ന്യൂഡല്‍ഹിയിലേയ്ക്ക് പോയി.

ഇതിനിടയില്‍ മറ്റൊരു സംഭവം കൂടി ഉണ്ടായിരുന്നു. ലിക്വഡ് പ്രൊപ്പല്‍ഷന്‍ സിസ്റ്റം സെന്ററിന്റെ (എല്‍.പി.എസ്.സി) ഡയറക്ടറായി നമ്പിയെ നിയമിക്കണമെന്ന ആവശ്യം കസ്തൂരിരംഗന്‍ ചെയര്‍മാനായി എത്തിയപ്പോള്‍ ഉയര്‍ന്നു. എന്നാല്‍ കസ്തൂരിരംഗന്‍ ഈ വിഷയത്തില്‍ പ്രത്യേകിച്ച് ഒരു അഭിപ്രായവും പറയാതെ മുന്നോട്ട് പോയി. ഇതോടെ 94 ഓഗസ്റ്റിലെ ലോഞ്ച് കഴിഞ്ഞാല്‍ താന്‍ രാജിവയ്ക്കുമെന്ന് നമ്പി നാരായണൻ കസ്തൂരിരംഗനോട് പറഞ്ഞിരുന്നു. ലോഞ്ചിന് നാലു ദിവസങ്ങള്‍ക്ക് ശേഷം നവംബര്‍ ഒന്നിന് ഐഎസ്ആര്‍ഒയില്‍ നിന്ന് സ്വയം വിരമിക്കുന്നതിനുള്ള റിക്വസ്റ്റ് ലെറ്റര്‍ നമ്പി കസ്തൂരിരംഗന് കൈമാറി. ഇതിന് മുമ്പ് രണ്ട് തവണ നമ്പി നാരായണൻ രാജിക്കത്ത് നല്‍കിയിരുന്നു. ധവാനും യു.ആര്‍ റാവുവും നമ്പിയുടെ രാജിക്കത്ത് വാങ്ങി കീറിക്കളഞ്ഞത് ചരിത്രം. എന്നാല്‍ കസ്തൂരിരംഗന്‍ ആ രാജിക്കത്ത് സ്വീകരിച്ചു. കസ്തൂരിരംഗന്‍ അതിന്‍മേല്‍ നടപടികള്‍ ആരംഭിക്കുന്നതിന് മുമ്പ് നവംബര്‍ 30 ന് കേരളപോലീസ് നമ്പി നാരായണനെ അറസ്റ്റ് ചെയ്തു. ക്രിമിനല്‍ കേസില്‍ പെട്ടതിനാല്‍ നമ്പിയുടെ ജോലി സസ്‌പെന്‍ഷനിലായി. ഐബിയിലെ ചില ഉദ്യോഗസ്ഥരുടെ അന്വേഷണത്തിനിടയില്‍ ഈ രാജിക്കത്ത് ശ്രദ്ധയില്‍ പെട്ടപ്പോള്‍ ചാരക്കേസില്‍ നിന്ന് രക്ഷപ്പെടാനായി മുന്‍കൂട്ടി രാജിക്കത്ത് നല്‍കിയതെന്ന് ആരോപണവും ഉയര്‍ന്നു. വൈകാതെ പിഎസ്എല്‍വി ഉള്‍പ്പെടെയുള്ള ഇന്ത്യയുടെ ബഹിരാകാശ ഗവേഷണ ഫലങ്ങള്‍ വിദേശരാജ്യങ്ങള്‍ക്ക് ചോര്‍ത്തിക്കൊടുത്തു എന്ന് ആരോപിച്ച് വി.എസ്.എസ്.സിയിലെ ലിക്വിഡ് പ്രൊപ്പല്‍ഷന്‍ ഡെപ്യൂട്ടി ഡയറക്ടറായിരുന്ന നമ്പി നാരായണനെ പോലീസ് അറസ്റ്റ് ചെയ്തു. നിരവധി ദിവസങ്ങള്‍ ക്രൂരമായ ചോദ്യം ചെയ്യലുകള്‍ക്ക് വിധേയമാക്കി.

കേരള പോലീസിന്റെയും ഐബിയുടേയും ചോദ്യം ചെയ്യലിന് ശേഷം സിബിഐയും ചോദ്യം ചെയ്തു. കേരള പോലീസ് നമ്പി നാരായണനില്‍ കുറ്റം കെട്ടിവയ്ക്കാന്‍ നോക്കിയപ്പോള്‍ സിബിഐ ആരോപിക്കപ്പെട്ട കുറ്റം നടന്നിട്ടുണ്ടോ എന്ന് അന്വേഷിക്കുകയായിരുന്നു ചെയ്തതെന്ന് നമ്പി നാരായണന്‍ പറയുന്നു. അന്വേഷണങ്ങള്‍ക്കും ചോദ്യംചെയ്യലിനും ഒടുവില്‍ 52-ാം ദിവസം നമ്പിക്ക് ജാമ്യം ലഭിച്ചു. തിരിച്ച് വീട്ടില്‍ വന്ന് ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചു. അതുവരെ ഉണ്ടാക്കിയതെല്ലാം നഷ്ടപ്പെട്ടു എന്നാ തോന്നല്‍ മനസില്‍ ആത്മഹത്യാചിന്ത നിറച്ചു. അടുത്ത ദിവസം സ്വത്തുക്കളുടെ വില്‍പത്രം തയ്യാറാക്കാന്‍ സുഹൃത്തുകൂടിയായ വക്കീലിനെ ഏല്‍പ്പിച്ചു. വക്കീല്‍ വില്‍പത്രം തയ്യാറാക്കി വീട്ടിലേയ്ക്ക് വിളിച്ചപ്പോള്‍ ഫോണ്‍ എടുത്തത് നമ്പിയുടെ മകളായിരുന്നു. മകള്‍ സംശയത്തോടെ നമ്പിയുടെ അടുത്തു വന്നു. ''അച്ഛന്‍ ആത്മഹത്യ ചെയ്യാന്‍ തയ്യാറെടുക്കുന്നതു പോലെ തോന്നുന്നു. മരിച്ചാല്‍ അച്ഛന് സമാധാനം കിട്ടുമെന്ന് തോന്നുന്നെങ്കില്‍ ഞങ്ങള്‍ തടഞ്ഞാലും അച്ഛന്‍ അത് ചെയ്യും. ഇങ്ങനെ ചാരനായി മരിച്ചാല്‍ ലോകാവസാനം വരെ അച്ഛന്‍ ഒരു ചാരനായിരിക്കും, ഞങ്ങള്‍ ചാരന്റെ സന്തതി പരമ്പരകളും ആ കളങ്കം ഞങ്ങളെ വിട്ടുപോകില്ല. അച്ഛന് മരിക്കണമെങ്കില്‍ ആകാം, പക്ഷേ അത് ചാരനല്ലെന്ന് തെളിയിച്ചിട്ടു പോരെ, അച്ഛന്‍ വലിയൊരു സത്യമാണ് എന്ന് ഞങ്ങള്‍ മക്കള്‍ വിശ്വസിക്കുന്നു.... ആ വാക്കുകള്‍ ചരിത്ര പോരാട്ടത്തിന് ഊര്‍ജമായി.

മകളുടെ വാക്കുകള്‍ നമ്പി നാരായണനെ ഇരുത്തി ചിന്തിപ്പിച്ചു. ആ ചിന്തയില്‍ നിന്ന് തന്റെയും നിരവധി പേരുടെയും ജീവിതം തകര്‍ത്ത ഐഎസ്ആര്‍ഒ ചാരക്കേസിനെതിരേ പോരാടാനുള്ള തീരുമാനം നമ്പി നാരായണന്‍ എടുത്തു. 23 വര്‍ഷം നീണ്ടു ആ പോരാട്ടത്തില്‍ ചെറുതും വലുതുമായ ഒരുപാട് വിജയങ്ങള്‍ നമ്പി നാരായണനെ തേടിയെത്തി. ഒടുവില്‍ കേസ് വ്യാജമാണെന്ന് തെളിഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ 50 ലക്ഷം രൂപ നഷ്ടപരിഹാരം നമ്പിയെ തേടിയെത്തി. പിന്നീട് ഭാരത സര്‍ക്കാരിന്റെ പത്മഭൂഷണെത്തി... പക്ഷേ ആരുടെയൊക്കയൊ താല്‍പര്യത്തിന്റെ പേരില്‍ ഉണ്ടായ ഒരുകെട്ടുകഥമൂലം അയാള്‍ക്ക് നഷ്ടപ്പെട്ട കരിയറിന് പകരമായില്ല ഒന്നും. എങ്കിലും നമ്പിയുടെ പോരാട്ടം മികച്ച മാതൃകയെന്ന് സുപ്രീംകോടതി പറഞ്ഞു. രണ്ട് പതിറ്റാണ്ടു നീണ്ട പരിശ്രമങ്ങളിലൂടെയും പോരാട്ടങ്ങളിലുടെയും ഐഎസ്ആര്‍ഒയ്ക്ക് ലിക്വിഡ് സിസ്റ്റം സംഭവന ചെയ്ത ആള്‍, ഇന്ത്യന്‍ പതാക പതിപ്പിച്ച റോക്കറ്റുകള്‍ അനന്തവിഹായസിലേയ്ക്ക് കുതിച്ച് പായുന്നത് കാണാന്‍ അഹോരാത്രം പരിശ്രമിച്ച അതേയാള്‍ രണ്ട് പതിറ്റാണ്ടിലധികം നീണ്ട നിയമ പേരാട്ടത്തിലുടെ താന്‍ ചാരനല്ലെന്ന് തെളിയിച്ചു...


വിവരങ്ങള്‍ക്ക് കടപ്പാട്: ഓര്‍മ്മകളുടെ ഭ്രമണപഥം- ആത്മകഥ നമ്പി നാരായണന്‍

Content Highlights: nambi narayanan biography Rocketry RMadhavan ISRO espionage case

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Nithyananda
Premium

8 min

ആരാണ് മാ വിജയപ്രിയ? എവിടെയാണ് പൈനാപ്പിള്‍ ഗര്‍ഭവും സെക്‌സ് കരാറുമുളള നിത്യാനന്ദയുടെ കൈലാസ രാജ്യം?

Mar 3, 2023


Chinese President Xi Jinping
Premium

9 min

ചൈന മാറ്റിവരയ്ക്കുന്ന ഭൂപടങ്ങൾ; അരുണാചലിലും അക്സായ് ചിനിലും അവകാശവാദം എന്തിന്?

Sep 4, 2023


Narendra Modi and Ranil Wickremesinghe
Premium

8 min

പതിമൂന്നാം ഭരണഘടനാ ഭേദഗതി നടപ്പാക്കണമെന്ന് ലങ്കയോട് മോദി; വീണ്ടും ആളിക്കത്തുമോ ശ്രീലങ്ക?

Jul 31, 2023


Most Commented