പ്രത്യയശാസ്ത്രം പതാകയാക്കി പിണറായിയുടെ കളത്തില്‍ എം.വി ഗോവിന്ദന്‍ 'ക്യാപ്റ്റനായി' വരുമ്പോള്‍


സി.സരിത്ഫിലോസഫിക്കല്‍ ലീഡര്‍ ഓഫ് പ്രാക്‌സിസ് ' എന്ന വിശേഷണം സൈദ്ധാന്തികമായി ചേരുന്ന നേതാവാണ് ഗോവിന്ദന്‍ മാഷ്. അടുമുടി സൈദ്ധാന്തിക മനുഷ്യന്‍. ഏത് സാമുഹ്യ പ്രവര്‍ത്തനത്തെയും തിയറൈസ് ചെയ്യാനും ഏത് ചോദ്യത്തെയും അതിന്റെ രാഷ്ട്രീയ സ്വഭാവത്തില്‍ പരിഗണിക്കാനും കഴിയുന്ന കമ്മ്യൂണിസ്റ്റ്. സംഘാടനം കൊണ്ടും സൈദ്ധാന്തിക ശേഷികൊണ്ടും വിസ്മയിപ്പിച്ച നേതാവാണ്.

പിണറായി വിജയൻ, എം.വി ഗോവിന്ദൻ

ദീര്‍ഘകാലത്തിനുശേഷം പ്രത്യയശാസ്ത്രം, സൈദ്ധാന്തികം എന്നീ വാക്കുകള്‍ ദൈനംദിന ഇടതുരാഷ്ട്രീയ വര്‍ത്തമാനത്തിലേക്ക് കടന്നുവന്ന സാഹചര്യമെന്താണ്. എം.വി.ഗോവിന്ദന്‍ സി.പി.എമ്മിന്റെ പുതിയ തേരാളിയായിരിക്കുന്നു. കോടിയേരി ബാലകൃഷ്ണന്‍ സെക്രട്ടറിയായപ്പോള്‍ ഈ വാക്കുകള്‍ ആരും പ്രയോഗിച്ചില്ല. എന്നാല്‍ പ്രസംഗ വേദികളില്‍ താത്വിക കാര്യങ്ങള്‍ അവതരിപ്പിക്കുന്നതാണ് ഈ വാക്കുകളെ സാമൂഹിക മാധ്യമങ്ങളിലെ പ്രചാരകര്‍ ഓര്‍ത്തെടുക്കാന്‍ കാരണം. ഫേസ്ബുക്കില്‍ പ്രത്യക്ഷപ്പെട്ട ഒരുകുറിപ്പ് ഫിലോസഫിക്കല്‍ ലീഡര്‍ ഓഫ് പ്രാക്‌സിസ് ' എന്ന വിശേഷണം സൈദ്ധാന്തികമായി ചേരുന്ന നേതാവാണ് ഗോവിന്ദന്‍ മാഷ്. അടുമുടി സൈദ്ധാന്തിക മനുഷ്യന്‍. ഏത് സാമുഹ്യ പ്രവര്‍ത്തനത്തെയും തിയറൈസ് ചെയ്യാനും ഏത് ചോദ്യത്തെയും അതിന്റെ രാഷ്ട്രീയ സ്വഭാവത്തില്‍ പരിഗണിക്കാനും കഴിയുന്ന കമ്മ്യൂണിസ്റ്റ്. സംഘാടനം കൊണ്ടും സൈദ്ധാന്തിക ശേഷികൊണ്ടും വിസ്മയിപ്പിച്ച നേതാവാണ്. ഒരു കുശലപ്രശ്‌നത്തില്‍ പോലും ജാഗ്രത്തായ നിലപാട്. ഒരു പൈങ്കിളിക്കും വഴങ്ങാത്ത രാഷ്ട്രീയ ബോധ്യം. മാര്‍ക്‌സിസ്റ്റ് ലെനിനിസ്റ്റ് രീതി വിട്ട് ചലിക്കാത്ത ചരിത്രം. കറയേതുമില്ലാത്ത ജീവിതം.'

ഏതാണ്ട് 17 വര്‍ഷം മുമ്പ്, ജനകീയാസൂത്രണ വിവാദ കാലത്ത് എം.എന്‍.വിജയന്‍ പാഠം പഠിപ്പിക്കാനിറങ്ങിയ കാലത്താണ് പ്രത്യയശാസ്ത്ര സംവാദം സജീവമായി കേരളീയ മണ്ഡലത്തില്‍ ഏറ്റവും ഒടുവില്‍ മുഴങ്ങിയത്. അതാകട്ടെ പ്രത്യയശാസ്ത്ര വ്യതിയാനത്തിന്റെ പേരിലും. അത്തരം വഴി മാറ്റങ്ങള്‍ക്കെതിരെ നേര്‍വഴിയുടെ ചൂരല്‍ വീശുന്ന അധ്യാപകനെന്ന സൈദ്ധാന്തിക പരിവേഷത്തെ സൂചിപ്പിച്ചു കൊണ്ടാണ് എം.വി.ഗോവിന്ദനെന്ന മുന്‍ കളിയധ്യാപകനിലേക്ക് തിരിഞ്ഞിരിക്കുന്നത്. എന്നാല്‍ പ്രത്യയ ശാസ്ത്രത്തിന്റെ കളിനിയമങ്ങള്‍ കൊണ്ട് പിണറായി വിജയന്റെ കളത്തില്‍ ക്യാപ്റ്റനായി നിലനില്‍ക്കാന്‍ അദ്ദേഹത്തിന് പറ്റുമോ? വര്‍ഷങ്ങളായി അവിടെ ക്യാപ്റ്റനും റഫറിയുമെല്ലാം ഒരാള്‍ തന്നെ. കളിനിയമങ്ങള്‍ ഓര്‍മിപ്പിച്ചു കൊണ്ട് വിസില്‍ മുഴക്കാനും താക്കീതുകളായി യഥാസമയം കാര്‍ഡുകളെടുക്കാനും കഴിയുന്നിടത്തു മാത്രമാണ് ഗോവിന്ദന്റെ പ്രസക്തി.

ചരിത്രത്തിലേക്ക് കടന്നാല്‍ പ്രത്യയ ശാസ്ത്രമെന്നത് കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് അലങ്കാരമല്ല, അടിത്തറ തന്നെയാണ്. പുറത്തു നിന്ന് നോക്കുന്നവര്‍ക്ക് നിസ്സാരമെന്നു തോന്നുന്ന വിഷയങ്ങളില്‍ വരെ നീണ്ട ചര്‍ച്ചകളിലൂടെയാണ് തീരുമാനമെടുത്തിരുന്നത്. ഒരു പേരില്‍ എന്തിരിക്കുന്നുവെന്ന് ചോദിച്ചുകൊണ്ട് തള്ളിക്കളയാവുന്നതല്ല പാര്‍ട്ടി പേരിന്റെ ഉത്ഭവ ചരിത്രം വ്യക്തമാക്കുന്നു. കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യയാണോ ഉചിതം ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയാണോ അഭികാമ്യം എന്ന അതിദീര്‍ഘമായ ചര്‍ച്ചകള്‍ക്കൊടുവിലായിരുന്നു നാമ സ്വീകരണം. വാക്കുകളുടെ ക്രമീകരണത്തില്‍ പോലും അനവധി അര്‍ത്ഥതലങ്ങള്‍ ദര്‍ശിച്ച കാലം. അനിവാര്യമല്ലാത്ത സൈദ്ധാന്തിക വ്യവഹാരങ്ങളില്‍ മുഴുകി പാര്‍ട്ടിക്ക് പ്രത്യേക പരിവേഷമൊരുക്കാന്‍ താത്വികാചാര്യന്മാര്‍ വേദവ്യാഖ്യാനങ്ങള്‍ നല്‍കിക്കൊണ്ടിരുന്നു. കേരളത്തില്‍ അതിന്റെ നെടുനായകത്വം ഇ.എം.എസിനായിരുന്നു. സ്വന്തം നിലപാടുകളെ പോലും തരാതരം അവഗണിച്ചുകൊണ്ട് പുതിയ വ്യാഖ്യാനങ്ങളും ആഖ്യാനങ്ങളും ചമച്ചുകൊണ്ടിരുന്നു അദ്ദേഹം.

പാര്‍ട്ടിയുടെ സൈദ്ധാന്തിക പ്രസിദ്ധീകരണമായ ചിന്തയുടെ പിറവി അവിഭക്ത പാര്‍ട്ടിയിലെ വിഭാഗീയതയുടെ ഉത്പന്നമാണ്. ചിന്തയെന്നാല്‍ മാവോ ചിന്തയായിരുന്നു. ചൈനീസ് നിലപാടുകള്‍ക്കെതിരായിരുന്ന ഇ.എം.എസ്. പ്രസിദ്ധീകരണത്തെ എതിര്‍ത്തിരുന്നു. എന്നാല്‍ പാര്‍ട്ടി പിളര്‍പ്പിനു ശേഷം അതിനെ സി.പി.എമ്മിന്റെ ജിഹ്വയായി വളര്‍ത്താന്‍ അദ്ദേഹം തന്നെ മുന്‍കൈയെടുത്തു. അപ്പോള്‍ പ്രത്യയ ശാസ്ത്ര നിലപാടുകള്‍ അദ്ദേഹത്തിന് ഭാരമായില്ല. ഇത്തരത്തില്‍ പാര്‍ട്ടിയിലെ ആഭ്യന്തര വിഷയങ്ങളില്‍ മാത്രമല്ല, തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ മദനിയെ മഹാനാക്കി ചിത്രീകരിക്കുന്ന യുക്തിയിലേക്ക് വരെ താത്വിക വിശദീകരണം നല്‍കി അണികളെ തൃപ്തിപ്പെടുത്തിപ്പോന്നു. അങ്ങനെ ദൈനംദിന രാഷ്ട്രീയ നിലപാടുകളുടെ വിശദീകരണം പ്രത്യയശാസ്ത്രത്തിന്റെ മേലങ്കിയണിഞ്ഞാണ് വിശദീകരിച്ചുപോന്നത്. ഇരുപത്തൊന്നാം നൂറ്റാണ്ടിലെത്തിയപ്പോഴേക്കും പിണറായി വിജയന്‍ പ്രത്യയശാസ്ത്ര ഭാരമില്ലാതെ നീങ്ങാവുന്ന വിധം അനുയായികളെ രൂപാന്തരപ്പെടുത്തിയിരുന്നു. അദ്യശ്യ ചരടുകളാല്‍ സംഘടനയെ സ്റ്റാലിന്റെ ഓര്‍ഗ് ബ്യൂറോയെ പോലെ നിയന്ത്രിക്കാനാവുന്ന നിലയിലേക്ക് പാര്‍ട്ടിയെ രൂപാന്തരപ്പെടുത്തി. സെക്രട്ടറി സ്ഥാനം പോലെയുള്ള പദവിയല്ലാതെയും മുമ്പ് ഈയൊരു സിദ്ധിവിശേഷം കൈവരിക്കാനായത് ഇ.എം.എസിന് മാത്രം. എം.വി.രാഘവന്റെ നിഷ്‌കാസനം ആ ഏടുകളിലൊന്ന്. അതിനുള്ള മൂലധനമാകട്ടെ താത്വിക ജ്ഞാനവും ആചാര്യ പദവിയും.

കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രമെന്നാല്‍ ലെനിനിസ്റ്റ് സംഘടനാക്രമമുള്ള പാര്‍ട്ടിക്ക് മുന്നില്‍ ഐസ് കഷണം പോലെയാണ്. പുറമെ നിന്ന് നോക്കിയാല്‍ കട്ടിയുള്ള വസ്തു. എന്നാല്‍ ജലമാക്കിയെടുത്താല്‍ ആവശ്യാനുസരണം രൂപാന്തരപ്പെടുത്താം. പ്രത്യയശാസ്ത്രത്തിന്റെ കാര്‍ക്കശ്യത്തെ യഥേഷ്ടം വ്യാഖ്യാനിക്കാമെന്ന് സൈദ്ധാന്തികര്‍ തെളിയിച്ചു കൊണ്ടിരുന്നു. എന്നാല്‍ വ്യാഖ്യാനത്തിന്റെ ആടയാഭരണങ്ങളും ആശങ്കകളുമില്ലാതെ മുന്നോട്ടു പോകാന്‍ പിണറായിക്ക് കഴിയുന്ന അവസ്ഥയിലാണ് ഇന്ന് പാര്‍ട്ടിയുള്ളത്. ഭൗതിക വിഷയങ്ങളിലല്ല, സാമുദായികമായി അലട്ടുന്ന വ്യവഹാരങ്ങളില്‍ മാത്രമാണ് പിണറായി വഴങ്ങിയിട്ടുള്ളത്. ശബരിമല, ലിംഗനീതി എന്നിവ സമീപകാല ഉദാഹരണം.

പിണറായിക്കാലം വരെ സി.പി.എമ്മില്‍ പാര്‍ട്ടി സെക്രട്ടറി, മുഖ്യമന്ത്രി ദ്വന്ദ്വത്തില്‍ പാര്‍ട്ടി സെക്രട്ടറി തന്നെ സര്‍വാധികാര്യക്കാരനായി. പാര്‍ട്ടിക്കും സെക്രട്ടറിക്കും മുകളില്‍ ആര്‍ക്കും പറക്കാനാകുമായിരുന്നില്ല. 1957ലെ മന്ത്രിസഭയുടെ കാലം. മന്ത്രിയായിരുന്ന സി.അച്യുതമേനോന്‍ കണ്ണൂര്‍ ജില്ലയില്‍ ഔദ്യോഗിക പരിപാടിക്കായി എത്തി. തികച്ചും ഔദ്യോഗികമായിരുന്നതിനാല്‍ സന്ദര്‍ശന വിവരം പാര്‍ട്ടിയെ അറിയിച്ചിരുന്നില്ല. എന്നാല്‍ ഇക്കാര്യത്താല്‍ രോഷാകുലനായ മണ്ഡലം സെക്രട്ടറി മന്ത്രിയെ നേരിട്ടു കണ്ട് പ്രതിഷേധമറിയിച്ചു. സന്ദര്‍ശന വിവരം പ്രാദേശിക ഘടകത്തെ അറിയിക്കാതിരുന്നത് ശരിയായില്ല. ചരിത്രത്തില്‍ പാര്‍ട്ടിയുടെ സ്വാധീന ശക്തിയെ ഇത് ഉദാഹരിക്കുന്നു. 1957ല്‍ സംസ്ഥാന സെക്രട്ടറി എം.എന്‍.ഗോവിന്ദന്‍ നായരുടെ കരുനീക്കമാണ് അണികളെ അമ്പരപ്പിച്ചുകൊണ്ട് ജനകീയനായ ടി.വി.തോമസിനെ മറികടന്ന് ഇ.എം.എസിനെ മുഖ്യമന്ത്രി സ്ഥാനത്ത് പ്രതിഷ്ഠിച്ചത്.

സി.പി.എമ്മിന്റെ മുതിര്‍ന്ന നേതാക്കള്‍ ജയിലിലായ ഘട്ടത്തില്‍ ഇ.എം.എസ്. കേരള ഘടകത്തിന്റെ ചുക്കാന്‍ പിടിച്ചു. ഇക്കാലത്ത്, ഇ.എം.എസ്. അവിഭക്ത പാര്‍ട്ടിയില്‍ അവതരിപ്പിച്ച സ്വന്തം നയരേഖയ്ക്ക് അനുസൃതമായി മാറ്റിയെടുത്തുവെന്ന് പാര്‍ട്ടിയില്‍ വിമര്‍ശനമുണ്ടായി. തുടര്‍ന്നാണ് പിറവിക്കുശേഷം സി.പി.എം. നേരിട്ട ഏറ്റവും വലിയ വെല്ലുവിളിയുമായി തീവ്ര ഇടതുപക്ഷത്തിന്റെ 'തോക്കിന്‍ കുഴല്‍' ഉയര്‍ന്നത്. അതിനെ മറികടക്കാന്‍ സെക്രട്ടറിയാക്കി എ.കെ.ജി.യുടെ ജനകീയതയെ മുന്നില്‍ നിര്‍ത്തുമ്പോഴും ഇടതുപക്ഷബാലാരിഷ്ടതയെന്ന സൈദ്ധാന്തിക ജാര്‍ഗണുകള്‍ അനിവാര്യമായിരുന്നു. 2016ലെത്തുമ്പോള്‍ മാവോവാദികളെന്ന തീവ്ര കമ്യൂണിസ്റ്റുകളെ നേരിടാന്‍ അധികാരത്തിന്റെ ഭാഷ്യം മാത്രം മതിയായിരുന്നു പിണറായിക്ക്. വാഴ്ത്താനും വീഴ്ത്താനും നിസ്‌തേജരാക്കാനും ഇ.എം.എസ്. ആദ്യന്തം സൈദ്ധാന്തിക പരിവേഷം എടുത്തണിഞ്ഞു. നായനാരിലും വി.എസ്.അച്യുതാനന്ദനിലുമെത്തിയപ്പോഴും സെക്രട്ടറി തന്നെയായിരുന്നു സര്‍വസൈന്യാധിപന്‍. എന്നാല്‍ മാര്‍ക്‌സിസ്റ്റ് സൈദ്ധാന്തിക പദാവലികള്‍ക്ക് പകരം തിരസ്‌ക്കാരങ്ങളുടെയും താക്കീതിന്റെയും കര്‍ക്കശമായ പദാവലികളാണ് പിണറായിയുടെ പതിവുരീതി. പിണറായിക്ക് പ്രിയപ്പെട്ട പദാവലി മാര്‍ക്‌സിസ്റ്റ്‌ലെനിനിസ്റ്റ് പാര്‍ട്ടി എന്നാണ്. കേന്ദ്രീകൃത ജനാധിപത്യത്തിലൂടെ അധികാരം മേല്‍ക്കമ്മിറ്റിയിലേക്ക്, സെക്രട്ടറിയിലേക്ക് കേന്ദ്രീകരിക്കുന്ന സംഘടനാക്രമമാണ് ഈ പ്രയോഗത്തിന്റെ ഉള്ളടക്കം. ഈ സംവിധാനത്തിലൂടെ സംഘടനയെ പദവിക്ക് പുറത്തിരുന്നും കൈപ്പിടിയിലൊതുക്കാന്‍ കഴിയുകയും നേട്ടം കൊയ്യാനുമാകുമ്പോള്‍ എന്തിന് സൈദ്ധാന്തിക വാചാടോപത്തിന് സമയം കളയണം.ഇന്നത്തെ പിണറായി വിജയന്‍ ഒരു പദവിയോ കേവലം അധികാര കേന്ദ്രമോ മാത്രമല്ല, സമഗ്രാധിപത്യവും ഒരു പ്രവണതയുമാണ്. അദ്ദേഹം ഈ നിലയിലേക്ക് ക്രമപ്പെടുത്തിയത് ഒന്നോ രണ്ടോ വര്‍ഷം കൊണ്ടല്ല. 1998 ല്‍ സംസ്ഥാന സെക്രട്ടറിയായ അദ്ദേഹത്തിന് ഏഴു വര്‍ഷമെടുത്ത് മലപ്പുറം സമ്മേളനത്തോടെ മാത്രമാണ് പാര്‍ട്ടിയെ ഏതാണ്ട് തന്റെ വരുതിയിലേക്ക് കൊണ്ടുവരാനായത്. ഇപ്പോഴാകട്ടെ മുഖ്യമന്ത്രിയായ പിണറായി കേരളീയ സമൂഹത്തെ തന്നെ ഏതാണ്ട് സ്വന്തം വരുതിയിലേക്ക് കൊണ്ടുവന്നുകഴിഞ്ഞു. പിടിച്ചുകുലുക്കുന്ന ആരോപണങ്ങളെ പോലും മറികടന്ന് അതികായനായി നില്‍ക്കുകയാണ്. അന്വേഷണ ഏജന്‍സികളെ പോലും നിലയ്ക്കു നിര്‍ത്താന്‍ ശേഷിയുള്ള, ഇന്ത്യയിലെ ഏറ്റവും ശക്തനായ ഭരണാധികാരി. ഇവിടെയാണ് രാമചന്ദ്ര ഗുഹ അവതരിപ്പിച്ച ഒരു പ്രധാന മോദിയും ഏഴ് സംസ്ഥാനമോദിമാരും എന്ന നിരീക്ഷണത്തിന്റെ പ്രസക്തി. 'മറ്റു സംസ്ഥാന മോദിമാരെ'യൊന്നും പ്രത്യയ ശാസ്ത്രത്തിന്റെ ബാധ്യതകള്‍ അലട്ടുന്നില്ല. പിണറായിക്കാണെങ്കില്‍ തന്റെ പ്രയാണത്തില്‍ ചുവന്ന ഗ്രന്ഥവരിയുടെ തുറിച്ചു നോട്ടങ്ങളെ നേരിടേണ്ടതുണ്ടായിരുന്നു. എന്നാല്‍ അതിനെയൊക്കെ അവഗണിച്ചായിരുന്നു പിണറായിയുടെ മുന്നേറ്റം. അതിന് അദ്ദേഹത്തെ സഹായിച്ചതാകട്ട മൂന്ന് ഘടകങ്ങളാണ്, പാര്‍ട്ടിയുടെ മൂലധനശേഷി + പ്രചാരണ ശൃംഖല
+ പാര്‍ട്ടി കമ്മിറ്റി = വര്‍ത്തമാനകാല പിണറായിസം. ഈ സംവിധാനത്തിന് മുന്നില്‍ പ്രത്യയശാസ്ത്ര ഉദ്ധരണികള്‍ കൊണ്ട് എന്തു പ്രയോജനം.

ഗൃഹാതുരതയുടെ ചാരുകസേരയിലിരുന്നാണ് എം.വി.ഗോവിന്ദന്‍ സൈദ്ധന്ത്രിക വിഷയങ്ങള്‍ പ്രകടിപ്പിക്കാറുള്ളത്. 'മഹാരാഷ്ട്രയില്‍ കര്‍ഷകസമരം നയിച്ചത് സി.പി.എം.നേതാക്കളാണ്. എന്നാല്‍ കമ്യൂണിസ്റ്റ് സാന്ദ്രതയില്ലാത്തതിനാലാണ്‌ തിരഞ്ഞടുപ്പില്‍ അതിന്റെ ഗുണഫലം പ്രതിഫലിക്കാതിരുന്നത്.' (2019 ല്‍ അദ്ദേഹം നടത്തിയ പ്രസംഗത്തില്‍ നിന്ന്). കമ്യൂണിസ്റ്റ് സാന്ദ്രത പോലെ കടുപ്പമുള്ള ജാര്‍ഗണുകള്‍ ഉപയോഗിച്ച് നടത്തുന്ന സൈദ്ധാന്തിക നാട്യങ്ങള്‍ക്ക് പിണറായിയുടെ മുന്നില്‍ അതിജീവന സാധ്യതയുണ്ടാകില്ല. 2001 ന് ശേഷമുള്ള രണ്ടാം വി.എസ്.അച്യുതാനന്ദന് അതിജീവിക്കാനായിട്ടില്ല. ഇടതുപക്ഷനയം നിരന്തരം ചൂണ്ടിക്കാണിച്ചിരുന്ന കാനം രാജേന്ദ്രന്‍ ഇടതു ഐക്യത്തിന്റെ പേരില്‍ വിട്ടുവീഴ്ചകളുടെ പ്രസക്തി ഓര്‍മിപ്പിച്ചു കൊണ്ട് സി.പി.എം. ആക്ടിങ് സെക്രട്ടറിയെന്ന വിമര്‍ശനമേറ്റുവാങ്ങി നിഷ്‌ക്രമിച്ചിരിക്കുന്നു.

പിണറായിക്ക് മുന്നില്‍ യെച്ചൂരിക്ക് പോലും എന്താണ് പ്രസക്തി. മോദി അമിത് ഷായ്ക്ക് മുന്നില്‍ ജെ.പി.നദ്ദയ്ക്ക് പ്രസക്തിയില്ലാത്ത അധികാര കേന്ദ്രീകരണ പ്രവണതയുടെ സമകാലിക പ്രവണത കൂടിയാണ് പിണറായി. ഇല്ല, ആ വ്യവഹാരമണ്ഡലത്തില്‍ പിണറായിക്ക് മുന്നില്‍ ഇ.എം.എസിന് പോലും പ്രസക്തിയുണ്ടാകില്ല. സാധ്യതകളുടെ കലയാണല്ലോ രാഷ്ട്രീയം. പ്രസക്തി അത്തരം സാധ്യതകള്‍ക്ക് മുന്നില്‍ മാത്രമാണ്. അതിനാകട്ടെ മുകളില്‍ സൂചിപ്പിച്ച സ്ഥാപനവത്കരിക്കപ്പെട്ട പിണറായിസത്തിന്റെ മൂന്ന് ഘടകങ്ങളെ മറികടക്കാനുമാകണം.

Content Highlights: mv govindan master cpim state secretary pinarayi vijayan


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

05:30

കൊച്ചിയുടെ ഉറക്കം കെടുത്തിയ മരിയാർപൂതത്തെ മൽപിടിത്തത്തിലൂടെ പിടികൂടി തമിഴ്നാട് സ്വദേശി

Oct 3, 2022


kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


pfi

1 min

കൊച്ചിയില്‍ പോലീസുകാരന് പോപ്പുലര്‍ ഫ്രണ്ട് ബന്ധം, സി.പി.ഒ സിയാദിന് സസ്‌പെന്‍ഷന്‍

Oct 4, 2022

Most Commented