സുരക്ഷാവിദഗ്ധന്‍ ആയതുകൊണ്ടുതന്നെ പൊതുവേ വീട്ടിലും ഓഫീസിലും യാത്രയിലും ഒക്കെ കാര്യങ്ങള്‍ ഏറ്റവും സുരക്ഷിതമായി ചെയ്യുന്ന ഒരാളാണ് ഞാന്‍. പക്ഷേ, 2014-ല്‍ അന്പത് വയസ്സാകുന്നത് പ്രമാണിച്ച് സ്വിറ്റ്സര്‍ലന്‍ഡിലെ ആല്‍പ്സിന്റെ മുകളില്‍നിന്ന് പാരാഗ്ലൈഡിങ് ചെയ്യാന്‍ ഞാന്‍ തീരുമാനിച്ചു. എന്തിനാണ് പിറന്നാള്‍ ആഘോഷിക്കാനായി കേക്ക് മുറിക്കുകയോ പാര്‍ട്ടി നടത്തുകയോ ചെയ്യുന്നതിനുപകരം ഇത്തരത്തിലുള്ള സാഹസികപരിപാടി ചെയ്യുന്നതെന്ന് പലരും ചോദിച്ചു. അതിനുള്ള ഉത്തരം സര്‍ എഡ്മണ്ട് ഹില്ലരി പണ്ടേ പറഞ്ഞിട്ടുണ്ട്. എന്തിനാണ് എവറസ്റ്റില്‍ കയറിയതെന്ന് അദ്ദേഹത്തോട് പലരും ചോദിച്ചപ്പോള്‍, ''Because it is there'' എന്നതായിരുന്നു അദ്ദേഹത്തിന്റെ ഉത്തരം.
മലയുടെ മുകളില്‍നിന്ന് പാരാഗ്ലൈഡിങ് ചെയ്യുക എന്നത് കാണുമ്പോള്‍ എളുപ്പമാണെങ്കിലും ഒറ്റയടിക്ക് ചെയ്യാന്‍ പറ്റുന്നതോ ചെയ്യേണ്ടതോ ആയ പരിപാടിയല്ല. പരിചയസമ്പന്നരായ ഗ്ലൈഡേഴ്സിന്റെ കൂടെ അവരുമായി ബന്ധിച്ചിട്ടാണ് ആദ്യം പറന്നുയരുന്നത്. അതിനുമുന്‍പ് സുരക്ഷാ ബ്രീഫിങ് എല്ലാമുണ്ട്. എന്തെങ്കിലും അപകടം ഉണ്ടായാല്‍ പ്രഥമ ശുശ്രൂഷ തൊട്ട് ഹെലികോപ്റ്റര്‍ ആംബുലന്‍സുവരെ റെഡിയാണ്.
എന്റെ അമ്പതാം പിറന്നാള്‍ ആഘോഷിക്കാന്‍ നാട്ടില്‍നിന്ന് എന്റെ സുഹൃത്ത് അനില്‍കുമാര്‍ എത്തിയിരുന്നു. ഞാന്‍ പറക്കാന്‍ പോകുന്നത് കണ്ടപ്പോള്‍ അദ്ദേഹവും പറഞ്ഞു: ''ഞാനും ഉണ്ട് കൂടെ.'' അനിലിന് കുടുംബവും കുട്ടികളും ഉള്ളതാണ്. അദ്ദേഹത്തിന് എന്തെങ്കിലും അപകടമുണ്ടായാല്‍ കുടുംബത്തിന്റെ കാര്യം കുഴപ്പമാകില്ലേ എന്നതായിരുന്നു എന്റെ ആദ്യത്തെ ചിന്ത. എനിക്കാണെങ്കില്‍ അത്യാവശ്യം ഇന്‍ഷുറന്‍സ് കവര്‍ ഒക്കെയുണ്ട്. ''സ്വിറ്റ്സര്‍ലന്‍ഡില്‍ പാരാഗ്ലൈഡിങ്ങിലാണ് അച്ഛന്‍ മരിച്ചതെന്ന് പറയാന്‍ മക്കള്‍ക്ക് അഭിമാനമായിരിക്കും, ''മുരളീ, നാട്ടില്‍ ടിപ്പറിടിച്ചു മരിക്കാനുള്ള സാധ്യതയൊന്നും ഈ പാരാഗ്ലൈഡിങ്ങിന് ഇല്ല'' -എന്നായിരുന്നു അനിലിന്റെ മറുപടി.

സംഗതി സത്യമാണ്. കേരളത്തിലെ റോഡില്‍ സഞ്ചരിക്കുന്നത്ര സാഹസികതയൊന്നും പാരാഗ്ലൈഡിങ്ങിന് ഇല്ല. പോരാത്തതിന് പാരാഗ്ലൈഡിങ്ങിനുള്ള ടിക്കറ്റ് തുകയില്‍ത്തന്നെ രണ്ടുലക്ഷം ഡോളറിന്റെ ലൈഫ് ഇന്‍ഷുറന്‍സ് ഉണ്ട്. എന്റെ അന്‍പതാം പിറന്നാളിന് അനിലും ഞാനും ഒരുമിച്ചാണ് ഇന്റര്‍ലേക്കനില്‍ പറന്നിറങ്ങിയത്.
നാട്ടില്‍ മല കയറാന്‍ പോയ ഒരാള്‍ അവിടെ കുടുങ്ങിയതും അതിന്റെ രക്ഷാപ്രവര്‍ത്തനവും ഉണ്ടാക്കിയ കോലാഹലങ്ങള്‍ ഇതെല്ലാം എന്നെ ഓര്‍മിപ്പിച്ചു. മല കയറേണ്ട വല്ല ആവശ്യവും ഉണ്ടായിരുന്നോ എന്ന് മല കയറിയ ആളെയും രക്ഷാപ്രവര്‍ത്തനത്തിന് നാട്ടില്‍ ഒരു സംവിധാനവുമില്ല എന്ന് സര്‍ക്കാരിനെയും പഴിചാരുന്ന കമന്റുകളും ലേഖനങ്ങളും ധാരാളം കണ്ടു. ഈ സഹചര്യത്തില്‍ എന്റെ നിരീക്ഷണങ്ങള്‍ താഴെ പറയുന്നവയാണ്.
റിസ്‌ക് എടുക്കണം
സാഹസികത പ്രോത്സാഹിപ്പിക്കണം. കേരളത്തിലെ സമൂഹത്തെപ്പറ്റിയുള്ള എന്റെ ചിന്ത അവര്‍ ആവശ്യത്തില്‍ കൂടുതല്‍ റിസ്‌കെടുക്കുന്നു എന്നതല്ല, മറിച്ച് വേണ്ടത്ര റിസ്‌കെടുക്കാന്‍ ശ്രമിക്കുന്നില്ല എന്നതാണ്. മാനസികമാണെങ്കിലും ശാരീരികമാണെങ്കിലും നമ്മുടെ കഴിവിന്റെ അതിരുകള്‍ എത്താനുള്ള അവസരമാണ് ഇത്തരം സാഹസിക വ്യായാമവും ടൂറിസവുമെല്ലാം. ഇതൊക്കെ ചെറുപ്പം തൊട്ടേ പ്രോത്സാഹിപ്പിക്കണം. മലയില്ലാത്ത നാടുകളില്‍ കൃത്രിമമായി ഭിത്തിയുണ്ടാക്കി ക്ലൈമ്പിങ് പരിശീലിപ്പിക്കുമ്പോള്‍ നാടുനീളെ കുന്നുണ്ടായിട്ടും നമ്മള്‍ കുട്ടികളെ അടച്ചുപൂട്ടി വെക്കുകയാണ്. ടാന്‍സാനിയയിലെ ഓള്‍ഡ് വായ് ഗോര്‍ജില്‍ ഉണ്ടായ മനുഷ്യവംശം ഇപ്പോള്‍ ലോകമെമ്പാടും പരന്നുകിടക്കുന്നത് സ്വന്തം പ്രദേശത്തിനപ്പുറവും സ്വന്തം സുരക്ഷാബോധത്തിനെ കവച്ചുവെച്ചും കുറച്ചുപേര്‍ മുന്നോട്ടുവന്നതുകൊണ്ടാണ്.
എടുത്തുചാടലല്ല സാഹസം
സാഹസികം എന്നാല്‍, വീണ്ടുവിചാരമില്ലായ്മ എന്നല്ല. ചെങ്കുത്തായ മലകള്‍ കയറാന്‍ പോകുന്നതുമുതല്‍ വിമാനത്തില്‍നിന്ന് പാരാജമ്പിങ് നടത്തുന്നവര്‍ വരെയുള്ള ഒട്ടേറെ സുഹൃത്തുക്കള്‍ എനിക്കുണ്ട്. അവരൊന്നും ആത്മഹത്യാപരമായ കാര്യങ്ങള്‍ ചെയ്യുന്നവരല്ല. ചെയ്യുന്ന ഓരോ പ്രവൃത്തിയുടെയും റിസ്‌ക് മനസ്സിലാക്കി അത് പരമാവധി കുറച്ച് ആവശ്യമായ എല്ലാ വ്യക്തിസുരക്ഷാ ഉപകരണങ്ങളും ഉപയോഗിച്ച് സാഹസികമായ ടൂറിസത്തിന് പ്രത്യേക ഇന്‍ഷുറന്‍സും എടുത്തിട്ടാണ് ഇവര്‍ ഈ പണിക്കിറങ്ങിയിരിക്കുന്നത്. ഇത്തരം റിസ്‌ക് അസസ്സ്മെന്റും പ്ലാനിങ്ങും ജീവിതത്തിന്റെ ഭാഗമാക്കണം.
സ്വിറ്റ്സര്‍ലന്‍ഡിലെ സ്‌കൂളുകളില്‍ ഒന്നാംക്‌ളാസ് മുതല്‍ കുട്ടികളെ സ്‌കീയിങ് ഹോളിഡേക്ക് കൊണ്ടുപോകുന്നത് സ്‌കൂളിങ്ങിന്റെ ഭാഗമാണ്. വേണ്ടത്ര വ്യക്തിസുരക്ഷാ ഉപകരണങ്ങള്‍ ഉപയോഗിച്ച് കൃത്യമായി പരിശീലിപ്പിച്ചിട്ടാണ് കുട്ടികളെ സ്വന്തമായി സ്‌കീയിങ്ങിന് വിടുന്നത്. സ്‌കീയിങ് മാത്രമല്ല, സ്‌കൂബാ ഡൈവിങ് ആണെങ്കിലും മലകയറ്റമാണെങ്കിലും വേണ്ടത്ര പരിശീലനമില്ലാതെ ആരും ഈ പണിക്കിറങ്ങാറില്ല. നാട്ടില്‍ അഡ്വഞ്ചര്‍ ടൂറിസം വ്യാപകമാകുന്നതിന്റെ ഭാഗമായി വേണ്ടത്ര പരിശീലനസംവിധാനങ്ങള്‍ ഉണ്ടാക്കണം. പരിശീലനം ഇല്ലാത്തവര്‍ ആ പരിപാടിക്ക് പോകുന്നത് ഒഴിവാക്കുകയും വേണം.
വേണം, സംവിധാനങ്ങള്‍
പൂര്‍ണമായും സുരക്ഷിതത്വമുള്ള പ്രവൃത്തികള്‍ അല്ല സാഹസിക ടൂറിസത്തിലുള്ളത്. അതുകൊണ്ടുതന്നെ അപകടങ്ങള്‍ പ്രതീക്ഷിക്കണം. അപകടമുണ്ടായാല്‍ രക്ഷാപ്രവര്‍ത്തനം കൃത്യമായുണ്ടാകുമെന്നുള്ള ഉറപ്പ് ഇത്തരത്തിലുള്ള പ്രവൃത്തിക്ക് തുനിയുന്നവര്‍ക്കുണ്ടാകണം. ഒരപകടമുണ്ടായാല്‍ എങ്ങനെയാണ് അത് കൈകാര്യം ചെയ്യേണ്ടതെന്ന അറിവും അതിനുള്ള പരിശീലനവും അതിനുവേണ്ട വ്യക്തിസുരക്ഷാ ഉപകരണങ്ങളുമെല്ലാം നമ്മുടെ രക്ഷാസംവിധാനത്തിലും ഉണ്ടാകണം.
കാറ്റിലും മലയിലും മഞ്ഞിലുമൊക്കെ പോകുന്നവര്‍ക്ക് അപകടമുണ്ടാകാനും വഴിതെറ്റാനുമുള്ള സാധ്യതകള്‍ ഏറെയുണ്ട്. ജി.പി. എസ്. ഒക്കെ വരുന്നതിനുമുമ്പ് മരുഭൂമിയില്‍ ദിശ നഷ്ടപ്പെട്ട് ഒട്ടേറെ ആളുകള്‍ മരിക്കുമായിരുന്നു. മഞ്ഞിനടിയില്‍പ്പെടുന്നവരെ കണ്ടെത്താന്‍ ഉപകരിക്കുന്ന ട്രാക്കിങ് സംവിധാനങ്ങള്‍ സാഹസികടൂറിസത്തെ കൂടുതല്‍ സുരക്ഷിതമാക്കുന്നുണ്ട്. നമ്മുടെ നാടിന് അനുയോജ്യമായ ആധുനിക സംവിധാനങ്ങള്‍ കൂടുതല്‍ ഉണ്ടാകണം, ഉപയോഗിച്ച് പഠിക്കണം.
ചുരുക്കിപ്പറഞ്ഞാല്‍ മലമ്പുഴയിലെ സംഭവം സാഹസികമായ കാര്യങ്ങള്‍ ചെയ്യാതിരിക്കാനുള്ള മുന്നറിയിപ്പാണ്, കൂടുതല്‍ പരിശീലനത്തോടെ, തയ്യാറെടുപ്പോടെ ചെയ്യിക്കാനുള്ള വലിയൊരു അവസരവുമാണ്. കേരളത്തില്‍ സാഹസിക ടൂറിസത്തിന്റെ സാധ്യതയെയും രക്ഷാസംവിധാനത്തിലെ അപാകങ്ങളെയും പറ്റി നമുക്കിപ്പോള്‍ നല്ല ധാരണയായി. ഈ കുറവുകള്‍ ചിട്ടയോടെ പരിഹരിച്ചാല്‍ സാഹസികടൂറിസത്തില്‍ കുതിച്ചുചാട്ടമുണ്ടാക്കാന്‍ ഈ സംഭവം ഒരു നിമിത്തമാകും.
യു.എന്‍.ഇ.പി. ദുരന്തനിവാരണ വിഭാഗം തലവനാണ് ലേഖകന്‍
Content Highlights:Murali Thummarukudy, adventure tourism
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..