എം.പി.വീരേന്ദ്രകുമാർ
ലോകത്തിന്റെ പലഭാഗത്തും സഞ്ചരിച്ച് തിരിച്ചെത്തിയാൽ വീരേന്ദ്രകുമാർ ആദ്യമായി സംസാരിക്കുക പുതിയ സ്ഥലങ്ങളിൽക്കണ്ട പുസ്തകശാലകളെപ്പറ്റിയാണ്. ഞങ്ങൾ തമ്മിലുള്ള സൗഹൃദത്തിന്റെ ഭാഗമായിരുന്നു പുസ്തകങ്ങൾ. 1958-ൽ ബോറിസ് പാസ്റ്റർനാക്കിന് കിട്ടിയ നൊബേല്‍ സമ്മാനം റഷ്യ നിഷേധിച്ചു. അതേത്തുടർന്ന് ഇന്ത്യയിലും പാസ്റ്റർനാക്കിനെ വിമർശിച്ചുകൊണ്ട് ധാരാളം പുസ്തകങ്ങൾ വന്നു. കുറ്റപ്പെടുത്തിക്കൊണ്ടായിരുന്നു കൂടുതലും.
അന്ന് അദ്ദേഹത്തിന്റെ പുസ്തകങ്ങൾ അത്ര പ്രചരിച്ചിട്ടില്ല. ‘ഡോക്ടർ ഷിവാഗോ’ തുടങ്ങിയ പുസ്തകങ്ങളൊക്കെ പിൽക്കാലത്താണ് വരുന്നത്. അലക്സാണ്ടർ സോൾഷെനിറ്റ്സിൻ രചിച്ച, അന്ന് അധികം അറിയപ്പെടാതിരുന്ന പുസ്തകമായിരുന്നു ‘വൺ ഡേ ഇൻ ദ ലൈഫ് ഓഫ് ഇവാൻ ഡെനിസോവിച്ച്.’ ആ പുസ്തകത്തെപ്പറ്റി എന്നോട് വീരേന്ദ്രകുമാർ സംസാരിച്ചതോടെയാണ് ഞാനതിന്റെ വലിയ ആരാധകനായി മാറിയത്.
എത്തിയ നാടുകളിലൊക്കെയുള്ള മനുഷ്യാവസ്ഥകൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നത് അദ്ദേഹത്തിന്റെ സവിശേഷതയായിരുന്നു. ‘ഹൈമവതഭൂവിൽ’ ഒരു യാത്രക്കുറിപ്പ് മാത്രമല്ല; അതിൽ അജ്ഞാതദേശങ്ങളുണ്ട്; പുരാണപ്രോക്തമായ ധാരാളം സംഭവങ്ങളും. ഈയടുത്ത കാലത്ത് ഞാൻ വായിച്ച അദ്ദേഹത്തിന്റെ ‘വിവേകാനന്ദൻ: സന്യാസിയും മനുഷ്യനും’ എന്ന പുസ്തകം, സമാനങ്ങളായ ഒട്ടുവളരെ പുസ്തകങ്ങളുണ്ടെങ്കിലും വേറിട്ടുനിൽക്കുന്നു.
ഷിക്കാഗോയിലെ മതമഹാസമ്മേളനം കഴിഞ്ഞതോടെ ലോകത്തിന്റെ പലഭാഗത്തും യുവാവായ ഈ ബംഗാളിസന്ന്യാസിയുടെ ഖ്യാതി പ്രചരിക്കുകയുണ്ടായി. ഈ പുസ്തകത്തിൽത്തന്നെ, ഇന്ത്യയുടെ പലഭാഗത്തെയും വിവേകാനന്ദന്റെ ജീവിതാനുഭവങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്. കേരളത്തിന്റെ പലഭാഗത്തും സന്ദർശിക്കുകയും പലരുമായും ഇടപെടുകയുംചെയ്ത സംഭവങ്ങൾ ഗ്രന്ഥകാരൻ സവിശേഷമായി പ്രസ്താവിക്കുന്നുണ്ട്.
നിന്ദിതരും പീഡിതരുമായ മനുഷ്യർക്കുവേണ്ടി വാദിക്കാനും അവരുടെ പ്രശ്നങ്ങൾ വ്യാഖ്യാനിക്കാനും വിവേകാനന്ദൻ തയ്യാറായിരുന്നു. ലോകസഞ്ചാരത്തിനിടയിൽ മനുഷ്യാവസ്ഥകളെപ്പറ്റി പ്രത്യേകം പ്രസ്താവിക്കാനും അദ്ദേഹം എന്നും ശ്രദ്ധിച്ചിരുന്നു. അറിവിന്റെ മേഖലകൾ എന്നും തേടിക്കൊണ്ടിരുന്ന മനീഷിയായിരുന്നു അതായിരുന്നു നമ്മെ വിട്ടുപിരിഞ്ഞ വീരേന്ദ്രകുമാർ.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..