നരേന്ദ്രബാബു (Photo: ശരത് അമ്പാട്ടുകാവ്)
അരിക്കൊമ്പന്‍, റേഷന്‍ കടകള്‍ തകര്‍ത്ത് അരി തിന്നുന്ന കാട്ടാനയ്ക്ക് ആ പേരിട്ടത് നാട്ടുകാരാണ്. ഒരു വര്‍ഷത്തിനിടിയില്‍ ഒരു കട പതിനൊന്നുവട്ടം തകര്‍ത്ത് അരി ഭക്ഷിച്ച കൊമ്പനെ അവര്‍ പിന്നെന്തു വിളിക്കും. പന്നിയാര്‍ എസ്റ്റേറ്റിലെ റേഷന്‍ കടകളാണ് അരിക്കൊമ്പന്റെ പതിവ് വിഹാരകേന്ദ്രങ്ങള്‍. വീടും കടയും കൃഷിയിടങ്ങളും തകര്‍ത്ത് നാട്ടുകാര്‍ക്ക് ഈ കാട്ടാന ഭീഷണിയായിട്ട് വര്‍ഷങ്ങളായി. ഇതിനകം പന്ത്രണ്ടോളം ആളുകളുടെ ജീവനുമെടുത്തു. അക്രമം പൊറുതിമുട്ടിയതോടെയാണ് അരിക്കൊമ്പനെ തളയ്ക്കാന്‍ അധികൃതര്‍ തീരുമാനമെടുക്കുന്നത്. പക്ഷേ അരിക്കൊമ്പനായി വലവിരിക്കുന്നത് ഇതാദ്യമായല്ല. 2017ലും നാട്ടുകാരുടെ ഉറക്കം കെടുത്തിയ അരിക്കൊമ്പനുവേണ്ടി ശ്രമം നടത്തിയിരുന്നു. അന്ന് മൂന്നാര്‍ ഡിഎഫ്ഒ ആയിരുന്ന നരേന്ദ്ര ബാബു ആ സംഭവം ഓര്‍ത്തെടുക്കുന്നത് ഇങ്ങനെയാണ്.
'നാട്ടുകാരടക്കം ഇരുന്നൂറോളം പേരുടെ സഹായത്തോടെയാണ് 2017-ല്‍ ചിന്നക്കലാലില്‍ അരിക്കൊമ്പനെ പിടിക്കാന്‍ ശ്രമം തുടങ്ങിയത്. നാലുദിവസം നീണ്ടു നിന്ന ദൗത്യം. രണ്ടുദിവസത്തെ തയ്യാറെടുപ്പും രണ്ടുദിവസം പിടികൂടാനുളള ശ്രമവും. എന്നാല്‍ സമയമായപ്പോള്‍ ഒപ്പം നില്‍ക്കേണ്ട കുങ്കികള്‍ പണിപറ്റിച്ചു.
അന്ന് കേരളത്തില്‍ കുങ്കികളില്ലാത്തതിനാല്‍ തമിഴ്‌നാട്ടിലെ ആനമല കുങ്കിത്താവളത്തില്‍ നിന്നാണ് കുങ്കികളെ ഇറക്കിയത്. കുങ്കികളുടെ രാജാവെന്ന് അറിയപ്പെടുന്ന കലീമും മറ്റൊരു കുങ്കിയായ വെങ്കിടേശുമാണ് ദൗത്യത്തില്‍ പങ്കാളികളായത്. കലീമിന്റെ പകുതി മാത്രമേ വെങ്കിടേശിനു വലിപ്പമുണ്ടായിരുന്നുള്ളു. രണ്ടുദിവസം നീണ്ടശ്രമത്തിനു ശേഷം അരിക്കൊമ്പനെ വെടിവെക്കാന്‍ പറ്റിയ സ്ഥലത്തു കിട്ടി. പക്ഷേ അതിനിടയിലാണ് അപ്രതീക്ഷിതമായി കുങ്കികളായ കലീമും വെങ്കിടേശും തമ്മില്‍ അടിയാകുന്നത്. കലീം വെങ്കിടേശിനെ കുത്തി മുറിവേല്‍പ്പിച്ചു. ഇതിനിടയില്‍ ഡോ. അരുണ്‍ സക്കറിയ അരിക്കൊമ്പനെ മയക്കുവെടി വെച്ചു. വെടിയേറ്റ അരിക്കൊമ്പന്‍ മയങ്ങിയെങ്കിലും ലോറിയില്‍ കയറ്റാന്‍ നേരത്ത് വെങ്കിടേശ് വീണ്ടും ഉടക്കി.
രണ്ട് വശത്തു നിന്നും കുങ്കികള്‍ പൊക്കിയാണ് അരിക്കൊമ്പനെ ലോറിയില്‍ കയറ്റേണ്ടിയിരുന്നത്. എന്നാല്‍ കലീമിന്റെ അടുത്തേക്ക് വെങ്കിടേശ് വരാതിരുന്നതോടെ അരിക്കൊമ്പനെ ലോറിയില്‍ കയറ്റാന്‍ കഴിയാതെയായി. ലോറിയില്‍ കയറ്റി പെരിയാര്‍ കടുവാ സങ്കേതത്തിനു സമീപം കാട്ടില്‍ അരിക്കൊമ്പനെ തുറന്നു വിടാനുള്ള നീക്കം ഉപേക്ഷിക്കേണ്ടി വന്നു. അങ്ങനെ അരിക്കൊമ്പന്‍ രക്ഷപ്പെട്ടു.' കുങ്കികള്‍ തമ്മിലുള്ള പ്രശ്‌നം ദൗത്യത്തെ പ്രതിസന്ധിയിലാക്കിയെന്ന് നരേന്ദ്രബാബു ഓര്‍ക്കുന്നു. 2017 ല്‍ മയക്കുവെടി വെക്കുന്നതിന് മുമ്പ് അമ്പതോളം വീടുകളാണ് അരിക്കൊമ്പന്‍ തകര്‍ത്തത്.

ആറ് വര്‍ഷത്തിനുശേഷം അരിക്കൊമ്പനെ പിടികൂടാനുള്ള ദൗത്യവുമായി വീണ്ടും എത്തുമ്പോള്‍ അരിക്കൊമ്പന്‍ ഏറെ മാറിയിരിക്കുന്നുവെന്നാണ് നരേന്ദ്രബാബു പറയുന്നത്. അമ്പതുലക്ഷത്തോളം രൂപ നഷ്ടപരിഹാരമായി അന്ന് നാട്ടുകാര്‍ക്ക് നല്‍കിയിരുന്നു. ആനകളുടെ ആവാസവ്യവസ്ഥക്ക് കോട്ടം വരുന്നതാണ് അരിക്കൊമ്പന്‍ അടക്കമുള്ള ആനകള്‍ അക്രമകാരികളാകാന്‍ കാരണം.
'ചിന്നക്കനാലില്‍ ആകെ 16 ആനകളാണ് ഇപ്പോഴുള്ളത്. അവര്‍ സഞ്ചരിക്കുന്നത് അവരുടെ ഭൂമിയിലാണ്. മൂന്നൂറ്റിയൊന്ന് കോളനികള്‍ അടക്കമുള്ള കോളനികളില്‍ പട്ടയം കൊടുത്തതും ആനകളുടെ സഞ്ചാരപാത തടയപ്പെട്ടതുമാണ് ഈ ആക്രമണങ്ങള്‍ക്കെല്ലാം കാരണം. അരിക്കൊമ്പനെ വെടിവെച്ച് പിടിച്ചതുകൊണ്ട് മാത്രം ഈ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകില്ല. പ്രശ്‌ന പരിഹാരത്തിന് ദീര്‍ഘവീക്ഷണമുള്ള പദ്ധതികള്‍ ആവശ്യമാണ്. ഇത് സംബന്ധിച്ച് മൂന്നാര്‍ ഡിഎഫ്ഒ ആയിരുന്നപ്പോള്‍ കൊടുത്ത നിരവധി റിപ്പോര്‍ട്ടുകള്‍ സര്‍ക്കാരിന്റെ പക്കലുണ്ട്.' നരേന്ദ്രബാബു പറയുന്നു. പിടി 7, പിഎം ടു അടക്കമുള്ള ആനകളെ വെടിവെച്ച് പിടിച്ച ഓപ്പറേഷനുകള്‍ക്ക് നേതൃത്വം നല്‍കിയത് നരേന്ദ്രബാബുവാണ്. നാട്ടിലിറങ്ങി പ്രശ്‌നമുണ്ടാക്കിയ ആറ് കടുവകളെ കെണിവെച്ചുപിടിച്ച ഓപ്പറേഷനുകള്‍ക്കും നരേന്ദ്രബാബു നേതൃത്വം നല്‍കിയിട്ടുണ്ട്.
കാടു കണ്ടുവളര്‍ന്നയാളാണ് നരേന്ദ്ര ബാബുവും. ഊട്ടിക്കടുത്ത് ഗൂഡല്ലൂരിലെ ടാന്‍ ടീ തേയില തോട്ടത്തിലെ ലയത്തിലായിരുന്നു അദ്ദേഹത്തിന്റെ ജനനം. ശ്രീലങ്കയില്‍ നിന്ന് തമിഴ്‌നാട്ടിലേക്ക് തിരിച്ചെത്തിയ അഭയാര്‍ഥികളുടെ മകന്‍. സ്‌കൂളില്‍ പോകുന്ന വഴി നിരവധി തവണ തന്നെ ആനയോടിച്ചിട്ടുണ്ടെന്ന് നരേന്ദ്രബാബു പറയുന്നു. കാടിനെയും വന്യമൃഗങ്ങളെയും അടുത്തറിഞ്ഞ നരേന്ദ്രബാബു ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ് തിരഞ്ഞെടുത്തതില്‍ അത്ഭുതമില്ല. ഗൂഡല്ലൂരിലെ സാധാരണ സ്‌കൂളില്‍ പഠിച്ച് 2012 ലാണ് നരേന്ദ്രബാബു ഐഎഫ്എസില്‍ ചേരുന്നത്. ശ്രീലങ്കന്‍ തമിഴ് അഭയാര്‍ഥികളില്‍ നിന്ന് ഐഎഫ്എസ് നേടുന്ന രാജ്യത്തെ രണ്ടാമനാണ് നരേന്ദ്ര ബാബു. ഐഎഫ് എസ് ബാച്ച് മേറ്റും മുതുമല ടൈഗര്‍ റിസര്‍വിന്റെ ഡെപ്യൂട്ടി ഡയറക്ടറുമായ വിദ്യ ആണ് ഭാര്യ.
'ആനയെയും കടുവയെയും പിടികൂടുന്ന ഓപ്പറേഷന്‍ നയിക്കുമ്പോള്‍ ഉള്ളില്‍ ദുഃഖമുണ്ടെങ്കിലും അത് മനുഷ്യര്‍ക്ക് വേണ്ടിയാണല്ലോ' - നരേന്ദ്രബബാബു പറയുന്നു.
Content Highlights: Mission Ari Komban, Former Munnar DFO Narendra Babu recollects 2017 mission
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..