.
"Trees hug birds
Birds hide in trees
Mothers hug children
Autistics hide in homes." -
എന്റെ മകള്‍ നീരദയെഴുതിയ കവിതയിലെ വരികളാണ് ഇത്. നീരദയ്ക്ക് ഓട്ടിസമാണ്. മോള്‍ക്ക് ഭാഷയോട് വലിയ താല്പര്യമാണ്. ഒമ്പതു വയസ്സു മുതല്‍ അവള് കവിതകളെഴുതി തുടങ്ങി. രണ്ടു പുസ്കങ്ങള് പുറത്തിറക്കിയിട്ടുണ്ട്. മൂന്നാമത്തെ പുസ്തകം ഇറക്കാനുളള ശ്രമത്തിലാണ്.
രണ്ടാം വയസ്സില്‍ അവള്‍ക്ക് ഒരു അസുഖം വന്നിരുന്നു അതേ തുടര്‍ന്നാണ് ഓട്ടിസം ലക്ഷണങ്ങള്‍ കാണിക്കുന്നത്. ഞാന്‍ കോഴിക്കോട് എല്‍.ഐ.സി. ഓഫീസില്‍ അസിസ്റ്റന്റും എന്റെ ഭര്‍ത്താവ് എറണാകുളത്ത് ഒരു ബാങ്കിലും ആയിരുന്നു. ഡോക്ടറുടെ ഉപദേശപ്രകാരം കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാന്‍ സൗകര്യത്തിന് ബാങ്ക് പെട്ടെന്ന് തന്നെ നാട്ടിലേക്ക് ട്രാന്‍സ്ഫര്‍ കൊടുത്തു.
കുഞ്ഞുങ്ങളുടെ അച്ഛന്റെയും അമ്മയുടെയും സഹോദരങ്ങളുടെയും കഠിനാധ്വാനവും പരസ്പര സ്നേഹവും ആത്മവിശ്വാസവും കൊണ്ടുമാത്രമേ കുഞ്ഞിന്റെ വികാസത്തിന് അടിത്തറ ഇടാന്‍ സാധിക്കൂ. രക്ഷിതാക്കളില്‍ ഒരാള്‍ തളര്‍ന്നുപോയാല്‍ അടുത്തയാള്‍ കരുത്ത് പകരണം. കുഞ്ഞ് ഭിന്നശേഷിയുളളവരാണെന്ന് അറിയുമ്പോള്‍ അമ്മമാര്‍ ആത്മഹത്യ ചെയ്യുന്നതും അച്ഛന്മാര് ഉപേക്ഷിച്ചു പോകുന്നതും നമ്മുടെ നാട്ടില്‍ സാധാരണമാണ്. സമൂഹത്തിന് ഇവര്‍ക്ക് വേണ്ടി പലതും ചെയ്യാനാവും..

വാര്‍ത്ത മാതൃഭൂമി പ്രസിദ്ധീകരിച്ചപ്പോള്‍(27/2/2017)
മോള്‍ക്കുളള തെറാപ്പികള്‍ വളരെ ഉയര്‍ന്ന ഫീസ് വേണ്ടതായിരുന്നു. കുടുംബജീവിതത്തിലേക്ക് ഇറങ്ങുന്ന ഉടനെയുളള ഇത്തരം പ്രതീക്ഷിക്കാത്ത അധിക ചെലവുകള്‍ കുടുംബത്തെ ആകെ തളര്‍ത്തും. കുഞ്ഞിന്റെയും കുടുംബത്തിന്റെയും മാനസിക, സാമൂഹിക, സാമ്പത്തിക കാര്യങ്ങളില്‍ സമൂഹത്തിനും സര്‍ക്കാരിനും ഉത്തരവാദിത്തമുണ്ട്. തളരുന്ന സമയത്ത് ചുറ്റുമളള പലരും കൊഴിഞ്ഞുപോകുന്ന അവസ്ഥയാണ് ഏറെ കുടുംബങ്ങള്‍ക്കും പറയാനുളളത്. സമാനകുടുംബങ്ങളുടെ കൂട്ടായ്മകള്‍, ലാഭേച്ഛയില്ലാത്ത പ്രൊജക്ട് യൂണിറ്റുള്‍ ഇവയെല്ലാം ഭിന്നശേഷിക്കാരായ കുഞ്ഞുങ്ങളുടെ കുടുംബങ്ങള്‍ക്ക് ആശ്രയമാണ്. കുഞ്ഞിനെ കെയര്‍ ചെയ്യാന്‍ അറിവും സമയവും അതിലേറെ ക്ഷമയും വേണം. നൂതന സാങ്കേതികവിദ്യ ഇത്രയേറെ ഇല്ലാതിരുന്ന ഞങ്ങളുടെ തുടക്കകാലം ഏറെ വെല്ലുവിളികള്‍ നിറഞ്ഞതായിരുന്നു. വിവധ തരം ട്രയല്‍ ആന്‍ഡ് എററിലൂടെയാണ് മകളെ പലതും പഠിപ്പിച്ചത്. ഇത്തരം ഘട്ടങ്ങളില്‍ ജോലിയുളള പല അമ്മമാരും സാമ്പത്തികഭാരം മുഴുവന്‍ അച്ഛനെ ഏല്‍പ്പിച്ച് കുഞ്ഞിനെ നോക്കുന്നതിനായി മാറിനില്‍ക്കും. അവര്‍ക്കൊപ്പം അവരുടെ സഹോാദരങ്ങളെയും നോക്കണമല്ലോ.
നീരദയ്ക്ക് ഭാഷയോടായിരുന്നു താല്പര്യം. മോള്‍ക്ക് നല്ല പരിശീലനം ലഭിക്കുന്നതിന് വേണ്ടി ചെന്നൈയിലെ സെന്ററില്‍ ചേര്‍ത്തു. ട്രാന്‍സ്ഫര്‍ ആപ്ലിക്കേഷന്‍ കൊടുത്ത് ദീര്‍ഘ അവധിയെടുത്ത് ചെന്നൈയില്‍ താമസമാക്കി. ഒരാളുടെ വരുമാനത്തില്‍ രണ്ടറ്റവും കൂട്ടിമുട്ടിക്കുക എളുപ്പമല്ലല്ലോ. പക്ഷേ, 17 വര്‍ഷത്തെ സര്‍വീസിനിടയില്‍ എല്‍.ഐ.സിയില്‍നിന്ന് ഞാന്‍ പുറത്താക്കപ്പെട്ടു. എന്നാൽ, ഹൈക്കോടതിയില്‍നിന്നും അനുകൂല വിധി സമ്പാദിച്ചു.
സമൂഹത്തിന്റെ നട്ടെല്ലാണ് കുടുംബം. കുടുംബപരമായ ഉത്തരവാദിത്തം നിര്‍വഹിക്കുന്ന ജീവനക്കാര്‍ക്ക് എതിരേയുണ്ടാകുന്ന തൊഴില്‍ വിവേചനങ്ങളില്നിന്നു സംരക്ഷണം ഉറപ്പാക്കാന്‍ നിയമനിര്‍മാണം നടത്തണമെന്ന് സര്‍ക്കാരിനോട് കോടതി നിര്‍ദേശിച്ചിരുന്നു. കുടുംബത്തിന് പ്രത്യേക പരിഗണന നല്‍കേണ്ടത് സമൂഹത്തിന്റെ ആവശ്യമാണ് എന്നും കോടതി ചൂണ്ടിക്കാട്ടി. പക്ഷേ, 20 ദിവസത്തിനുളളില്‍ സ്ഥാപനം അപ്പീല്‍ കൊടുത്തു. 91 ദിവസം ജോലിയെടുത്ത താത്കാലിക ജീവനക്കാരുടെ ബാച്ചുകളെ സ്ഥിരപ്പെടുത്താനുളള വ്യഗ്രതയുടെ ചെറിയ ഒരംശം പോലും ഒരു ഭിന്നശേഷിയുളള കുഞ്ഞിന്റെ 17 വര്‍ഷം സര്‍വീസുളള അമ്മയെ, കോടതിവിധി ഉണ്ടായിട്ട് കൂടി, തിരിച്ചെടുക്കാനുളള മര്യാദ സ്ഥാപനം കാണിച്ചില്ല. 2008-ല്‍ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന ചൈല്‍ഡ് കെയര്‍ ലീവ് വിവിധ പൊതുമേഖലാ സ്ഥാപനങ്ങളില്‍ നടപ്പാക്കാന്‍ വനിതാശാക്തീകരണത്തിനായി മുന്നിട്ടിറങ്ങുന്ന ട്രേഡ് യൂണിയനുകള്‍ പോലും ശ്രമിക്കുന്നില്ലെന്നത് സങ്കടകരമാണ്.
എന്നെ പോലുളള ആയിരക്കണക്കിന് അമ്മമാരുടെ ജീവിതയാത്രകളില്‍ ഇത്തരത്തിലുളള തിരസ്കാരത്തിന്റെ പൊളളുന്ന അനുഭവങ്ങളുണ്ട്. ഞങ്ങളെ ആരും കാണാറില്ല..കാണാന്‍ ശ്രമിക്കാറില്ല..
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..