അഭിമാനക്ഷതത്തിനും ആത്മഹത്യയ്ക്കുമിടയിലുണ്ട് ഒരു മനസ്സിനുണ്ട് ഒരു ലോകം


ഡോ. അനീസ് അലി

പ്രതീകാത്മക ചിത്രം

യിടെ എന്റെ കണ്‍സള്‍ട്ടിങ് റൂമിലേക്ക് കടന്നുവന്ന ഒരാൾ സമൂഹത്തിലെ ആയിരക്കണക്കിനു പേരുടെ പരിച്ഛേദമായിരുന്നു. വർഷങ്ങൾ നീണ്ട പ്രവാസജീവിതം മതിയാക്കി, ഉള്ള സമ്പാദ്യവുമായി 2019ൽ നാട്ടിലെത്തിയതാണ് അദ്ദേഹം. നാട്ടിൽ ചെറിയ ഒരു സംരംഭം തുടങ്ങി ശിഷ്ടകാലം നാട്ടുകാരോടും കുടുംബക്കാരോടും ഒപ്പം ജീവിക്കണമെന്നായിരുന്നു ആഗ്രഹം. കൈയിലുളള സമ്പാദ്യം മുഴുവനും പിന്നെ കുറേ കടവും എടുത്ത് നല്ലൊരു ഹോട്ടൽ തുടങ്ങി. രണ്ടു മാസം കഷ്ടിച്ച് മുന്നോട്ടുപോയില്ല. അതിനകം കോവിഡ് വന്നു. ഹോട്ടൽ പൂട്ടി. പാർസൽ മാത്രം എന്നത് പരീക്ഷിച്ചുനോക്കിയെങ്കിലും താൻ നിക്ഷേപിച്ച തുകയുമായി താരതമ്യപ്പെടുത്തുമ്പോൾ തുച്ഛമായ വരുമാനം മാത്രം. പാർസലിനു മാത്രമാണെങ്കിലും രണ്ടു പേരെയെങ്കിലും ജോലിക്കു നിർത്തണം. വൈകുന്നേരമാകുമ്പോൾ അവർക്ക് കൊടുക്കേണ്ട പണം പോലും നീക്കിയിരിപ്പായി വരാത്ത അവസ്ഥ. കോവിഡ് കാലത്ത് വായ്പാ തിരിച്ചടവിന് ചെറിയ ആശ്വാസം ലഭിച്ചെങ്കിലും മൊറട്ടോറിയം കാലാവധി കഴിഞ്ഞതോടെ വായ്പ തിരിച്ചടവ് ഭാരമായി. വലിയ നഷ്ടമാകുമെങ്കിലും ഹോട്ടൽ വിറ്റൊഴിവാക്കുന്നതാണ് അഭികാമ്യമെന്നു തോന്നി വിറ്റു. കയ്യിലുള്ള സമ്പാദ്യമെല്ലാം പോയി; പുതുതായി കുറേ ബാധ്യതകൾ തലയിലായി. ഇനി പരിഹാരം വീണ്ടും ഒരു ഗൾഫ് പരീക്ഷണം തന്നെ. വിമാനം കയറി പഴയ ജോലിസ്ഥലത്തെത്തി. ഇത്രയും പ്രതിസന്ധികളെ മനക്കരുത്തോടെ അതിജീവിച്ച അദ്ദേഹം, ഗൾഫിൽ തന്റെ പഴയ ജോലിസ്ഥലത്തെത്തിയതോടെ തകർന്നുപോയി. അവിടത്തെ തൊഴിൽ സാഹചര്യം ആകെ മാറിപ്പോയിരുന്നു. തന്റെ ആവശ്യം ഇനി അവിടെയില്ല. അവസാനത്തെ കച്ചിത്തുരുമ്പായിരുന്ന ഗൾഫ് പ്രതീക്ഷയും മങ്ങിയതോടെ അദ്ദേഹം കടുത്ത വിഷാദരോഗത്തിലേക്ക് (depression) വീണുപോവുകയായിരുന്നു.'കോവിഡ് മഹാമാരി സമൂഹത്തിൽ വലിയ മാനസികാഘാതങ്ങളും സൃഷ്ടിച്ചിട്ടുണ്ട്. നല്ല മനക്കരുത്തുള്ളവർ പോലും ഏതെങ്കിലും ഘട്ടത്തിൽ തളർന്നുപോകുന്ന അവസ്ഥ.

കോവിഡിൽ തകർന്ന മനോലോകംകോവിഡ് വ്യാപനം ലോകമെങ്ങും മാനസികാരോഗ്യരംഗത്തും വലിയ പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്. കോടിക്കണക്കിന് ആളുകൾ മാനസിക സമ്മർദത്തിലും വിഷാദത്തിലുമായി. ചിലരുടേത് ഹ്രസ്വകാലത്തേക്കു മാത്രമുള്ള മനോവിഷമങ്ങളായിരുന്നെങ്കിൽ മറ്റു ചിലർ ദീർഘകാല മനോരോഗങ്ങളിലേക്കു വീണുപോയി. മനോവ്യാകുലത (anxiety), വിഷാദാത്മക വൈകല്യങ്ങൾ തുടങ്ങിയവയിൽ കോവിഡിന്റെ ആദ്യവർഷത്തിൽ 25% വർധനവ് ഉണ്ടായെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്ക്. പതിവായി മനോരോഗ ചികിത്സയ്ക്കു വിധേയമായിരുന്നവർക്ക് കോവിഡ് നിയന്ത്രണങ്ങൾ കാരണം ചികിത്സത്തുടർച്ച നഷ്ടപ്പെട്ടതും വലിയ പ്രതിസന്ധിയായി.

സാമ്പത്തികവും സാമൂഹികവുമായ അസന്തുലിതത്വത്തിന്റെ വ്യാപ്തി കോവിഡ് കാലത്ത് വർധിച്ചു. ഇതായിരുന്നു കഴിഞ്ഞ വർഷത്തെ മാനസികാരോഗ്യ ദിനത്തിലെ പ്രധാന ചർച്ചാവിഷയം. ഒരു വർഷം കൂടി പിന്നിടുമ്പോൾ കൂനിന്മേൽ കുരു എന്നതാണ് സ്ഥിതി–കോവിഡ് സൃഷ്ടിച്ച പ്രതിസന്ധി തുടരുന്നു. അതിനൊപ്പം, കോവിഡിനു മുൻപുണ്ടായിരുന്ന പല പ്രശ്നങ്ങളും രണ്ട് വർഷത്തെ ഇടവേളയ്ക്കു ശേഷം തിരിച്ചുവരികയും ചെയ്യുന്നു. അതിലൊന്നാണ് അന്താരാഷ്ട്രതലത്തിലെ അഭയാർഥി പ്രശ്നം. ഉക്രൈന്‍, അഫ്ഗാനിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളിൽനിന്നുൾപ്പെടെ കഴിഞ്ഞ ഒരു വർഷത്തിനകം ലോകമൊന്നടങ്കം 8.5 കോടി മനുഷ്യർ സ്വന്തം നാട് വിട്ട് ഓടിപ്പോകേണ്ടിവന്നു. ഓരോ പലായനവും മൂന്ന് തലങ്ങളിലെ സാമൂഹികഘടനയിൽ ആഘാതം സൃഷ്ടിക്കുന്നു. ഒന്ന്, പലായനം ചെയ്യുന്നവരുടെ മനസ്സിൽ. രണ്ടാമത്തേത്, അവർ പുറപ്പെട്ടുപോന്ന നാട്ടിൽ. മൂന്ന്, അവർ എത്തിച്ചേരുന്ന സ്ഥലങ്ങളിൽ. ദുരിതങ്ങളോട് പടവെട്ടി ഒടുവിൽ കയ്യിൽ കിട്ടിയതും വാരിയെടുത്ത് ജീവനുംകൊണ്ട് നാടുവിട്ടോടുന്നവർ എത്തിച്ചേരുന്ന സ്ഥലങ്ങളിൽ പല തരത്തിലുള്ള വിവേചനവും നേരിടുന്നതായി ഐക്യരാഷ്ട്ര സഭയും യുനെസ്കോയും നടത്തിയ പഠനങ്ങളിൽ പറയുന്നു. ഇത് വ്യക്തികളെ മാനസികമായി തകർക്കുന്നുണ്ട്. ഇത്തരം പലായനങ്ങളും പ്രതിസന്ധികളുമൊക്കെ നമ്മൾ മലയാളികൾ വായിച്ചിട്ടേയുള്ളൂ; എന്നാൽ, കോവിഡ് കാലത്തെ പ്രവാസികളുടെ തിരിച്ചുവരവും തുടർന്നുള്ള പ്രതിസന്ധികളും പലായനത്തിന്റെ ചെറിയൊരു പതിപ്പായി മാറിയിരുന്നു.

അഭിമാനക്ഷതത്തിന്റെ ആഘാതം

വിഷാദവും സ്വഭാവവൈകല്യങ്ങളുമെല്ലാം കൂടുതലായി വരുന്നത് സ്ത്രീകളിലാണ് എന്നാണ് പൊതുനിഗമനം. സ്ത്രീകൾക്ക് പൊതുവെ മനക്കരുത്ത് കുറവാണ് എന്നാണ് പൊതുസങ്കൽപം. ഈ കാഴ്ചപ്പാടിന് പുതിയകാലത്ത് ഏറെ മാറ്റം വന്നിട്ടുണ്ട്. സ്ത്രീകൾ ശാക്തീകരിക്കപ്പെടുകയും മുഖ്യധാരയിലേക്ക് കൂടുതൽ കടന്നുവരികയും ചെയ്തിട്ടുണ്ട്. എങ്കിലും, കണ്‍സള്‍ട്ടിങ് റൂമിലേക്ക് കടന്നുവരുന്നവരുടെ കണക്കെടുക്കുമ്പോൾ ഇപ്പോഴും സ്ത്രീകൾ തന്നെയാണ് കൂടുതൽ. വിഷാദം, സ്വഭാവവ്യതിയാനങ്ങൾ (Mood Disorders), ആത്മഹത്യാപ്രവണത തുടങ്ങിയ പല പ്രശ്നങ്ങളും 15 വയസ്സ് മുതൽ 35 വയസ്സ് വരെ പ്രായക്കാരായ സ്ത്രീകളിൽ കാണാറുണ്ട്.

ഇതേസമയം ആത്മഹത്യാപ്രവണതയുടെ കണക്ക് മാത്രമെടുക്കുമ്പോൾ പുരുഷന്മാർ മുന്നിലെത്തുന്നു. ചെറിയ കാര്യങ്ങളിൽ പോലും അഭിമാനക്ഷതം അനുഭവപ്പെടുകയും അതിനെ അതിജീവിക്കാൻ കഴിയാതെ വരികയും ചെയ്യുന്ന പുരുഷന്മാരുടെ എണ്ണം വർധിച്ചു വരികയാണ്. കോവിഡ് പ്രതിസന്ധിയും ഇതിൽ വലിയൊരു ഘടകമായി മാറിയിട്ടുണ്ട്. തീവ്രത കുറഞ്ഞതോ (mild) മിതമോ (moderate) ആയ വിഷാദാവസ്ഥ അഭിമുഖീകരിക്കുന്നവരിൽ ആത്മഹത്യാ തോന്നലുകളും ഉണ്ടാകാം. അത് മനസ്സിൽ ഒരു അലട്ടലായി അവശേഷിക്കും. അതേസമയം, തീവ്രമായ വിഷാദരോഗം അനുഭവിക്കുന്നവരിൽ കഠിനമായ ആത്മഹത്യാപ്രേരണയും ഉണ്ടാകും. ഒരുവേള അവരത് നടപ്പാക്കാൻ ശ്രമിക്കുകയും ചെയ്യാം. സ്കീസോഫ്രീനിയ (Schizophrenia - ചിത്തഭ്രമം) ബാധിച്ചവരിലും ആത്മഹത്യാപ്രവണത ഉണ്ടാവാറുണ്ട്.

മനസ്സിന്റെ പ്രശ്നങ്ങളിൽ മനസ്സർപ്പിക്കണം

ഒരു വ്യക്തിയുടെ ജീവിതത്തിൽ ശാരീരികാരോഗ്യം പോലെത്തന്നെ പ്രധാനമാണ് മാനസികാരോഗ്യവും. ഒരുപക്ഷേ, ശാരീരികാരോഗ്യത്തിനുമപ്പുറം പ്രധാനമാണ്. ശരീരം തളർന്ന വ്യക്തികളും മനക്കരുത്ത് കൊണ്ട് ജീവിതത്തെ നേരിടുകയും വിജയം വരിക്കുകയും ചെയ്ത കഥകൾ നാം ഒട്ടേറെ വായിച്ചിട്ടുണ്ട്. അതേസമയം, നല്ല ശാരീരികാരോഗ്യമുണ്ടായിട്ടും മനസ്സ് തളർന്നതിനാൽ ജീവിതം വലിച്ചെറിഞ്ഞവരുമുണ്ട്. മാനസികാരോഗ്യത്തിനു സമൂഹം പലപ്പോഴും വേണ്ടത്ര പ്രാധാന്യം നൽകുന്നില്ല. ചെറിയ മാനസിക പ്രശ്നങ്ങളെ ഒന്നുകിൽ അവഗണിക്കുന്നു. അല്ലെങ്കിൽ തനിക്ക് അത്തരം പ്രശ്നമുണ്ടെന്ന് അംഗീകരിക്കാൻ മടി കാണിക്കുന്നു. പ്രശ്നം ഗുരുതരമാകുമ്പോൾ ‘ഭ്രാന്ത്’ എന്ന തരത്തിൽ ചിത്രീകരിക്കുന്നു.

ഈ മനോഭാവം (അതെ, അവിടെയും മനസ്സ് തന്നെ പ്രധാനം) സമൂഹത്തിൽ മാറ്റിയെടുക്കാനുള്ള ശ്രമം കൂടിയാണ് ലോകാരോഗ്യ സംഘടന മാനസികാരോഗ്യ ദിനത്തിലൂടെ ലക്ഷ്യമിടുന്നത്. ശാരീരിക രോഗങ്ങൾ പോലെത്തന്നെ മാനസികവ്യഥകളും ചികിത്സിച്ചു മാറ്റാവുന്നതാണ്. അതിന് വ്യക്തിയും കുടുംബവും സമൂഹവും മുൻകയ്യെടുക്കണം. മാനസിക പ്രയാസങ്ങൾ സ്വന്തം നിയന്ത്രണത്തിനപ്പുറത്തേക്കു പോകുന്നുവെന്നു തോന്നുമ്പോൾ കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും സഹായത്തോടെ പരിഹരിക്കാൻ ശ്രമിക്കണം. അവിടെയും നിൽക്കുന്നില്ലെങ്കിൽ ചികിത്സ തേടണം. എല്ലാം സ്വന്തം മനസ്സിനുള്ളിൽ കുത്തിനിറച്ചുവയ്ക്കാൻ ശ്രമിക്കുമ്പോൾ ഒരുവേള സമ്മർദം താങ്ങാനാകാതെ അത് നിയന്ത്രണാതീതമായിപ്പോകാം. മാനസികാരോഗ്യമുള്ള വ്യക്തികളിലൂടെയാണ് ഊർജസ്വലമായ സമൂഹവും ക്രിയാത്മകമായ രാഷ്ട്രവും കെട്ടിപ്പടുക്കുന്നത് എന്ന കാര്യം മറന്നുകൂടാ.

(കേരളത്തിലും വിദേശത്തും പ്രവര്‍ത്തിക്കുന്ന സൈക്യാട്രിക് കണ്‍സൽറ്റന്റും കോഴിക്കോട് രാമനാട്ടുകര മനഃശാന്തി ഹോസ്പിറ്റൽ മേധാവിയുമാണ് ലേഖകന്‍)

Content Highlights: mental health is imporatant dr anees ali writes


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022

Most Commented