മെഡിസെപ്പ് തുണയ്ക്കുന്നത് ആരെ? ആശ്വാസമാകുന്നത് എങ്ങനെ?


അജ്‌നാസ് നാസര്‍In Depth

പ്രതീകാത്മക ചിത്രം | ഫോട്ടോ: ബി മുരളീകൃഷ്ണൻ

കേരളത്തിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ആശ്രിതര്‍ക്കും ആരോഗ്യ സുരക്ഷ ഉറപ്പാക്കാനുള്ള സര്‍ക്കാരിന്റെ ഇന്‍ഷുറന്‍സ് പദ്ധതിയായ മെഡിസെപ്പ് യാഥാര്‍ഥ്യമായിരിക്കുകയാണ്‌. പത്തുലക്ഷത്തോളം സര്‍ക്കാര്‍ ജീവനക്കാരും പെന്‍ഷന്‍കാരും അംഗങ്ങളാവുന്ന മെഡിസെപ്പ് പദ്ധതിയുടെ ഗുണഫലങ്ങള്‍ ലഭിക്കുക മുപ്പത് ലക്ഷത്തോളം ആളുകള്‍ക്കാണ്. മെഡിസെപ്പ് പദ്ധതിയില്‍ എംപാനല്‍ ചെയ്യപ്പെട്ട ആശുപത്രികളിലൂടെ പ്രതിവര്‍ഷം മൂന്ന് ലക്ഷം രൂപയുടെ അടിസ്ഥാന പരിരക്ഷ ഉറപ്പുവരുത്തുന്നതാണ് പദ്ധതി. ഇടത്തരം മധ്യ വരുമാനക്കാരുടെ വിഭാഗത്തിന് കുറഞ്ഞ പ്രീമിയത്തില്‍ മികച്ച ചികിത്സ ലഭ്യമാക്കുക എന്നതാണ്‌ മെഡിസെപ്പിന്റെ ലക്ഷ്യം. താരതമ്യേനെ കുറഞ്ഞ പ്രീമിയം തുക ഈടാക്കുമ്പോഴും പ്രീ-മെഡിക്കല്‍ പരിശോധനകള്‍ ഇല്ലാതെയാണ് മെഡിസെപ്പ് അതിന്റെ ഉപഭോക്താക്കള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ലഭ്യമാക്കുകയെന്നതാണ്‌ പദ്ധതിയുടെ ഏറ്റവും വലിയ പ്രത്യേകത. കേരള സമൂഹത്തിലെ വലിയൊരു വിഭാഗത്തിന്റെ ആരോഗ്യ സുരക്ഷ ഉറപ്പുവരുത്താന്‍ പദ്ധതിയിലൂടെ സാധിക്കുമെന്നതാണ്‌ സര്‍ക്കാരിന്റെ അവകാശവാദം. സംസ്ഥാന സര്‍ക്കാരിന്റെ മേല്‍നോട്ടത്തില്‍ ഓറിയന്റല്‍ ഇന്‍ഷുറന്‍സ് കമ്പനി മുഖേനെയാണ് പദ്ധതി നടപ്പിലാക്കുന്നത്.

നേരത്തെ ജീവനക്കാര്‍ക്ക് മെഡിക്കല്‍ റീഇംപേഴ്‌സ്‌മെന്റ് സംവിധാനമാണ് നിലവിലുണ്ടായിരുന്നത്. എന്നാല്‍ പണം ലഭിക്കാനുള്ള കാലതാമസമുള്‍പ്പടെ വലിയ ആക്ഷേപങ്ങള്‍ ഇതിനെതിരെ ഉണ്ടായിരുന്നു. വര്‍ഷങ്ങള്‍ തന്നെ കഴിഞ്ഞാണ് പല ബില്ലുകളും പാസായിരുന്നത്. ജീവിത സായാഹ്നത്തിലെത്തിയ പെന്‍ഷന്‍കാര്‍ക്ക് നല്‍കിയിരുന്ന മെഡിക്കല്‍ അലവന്‍സാകട്ടെ ഒരു തവണ ഡോക്ടറെ കാണാന്‍ പോലും തികയുന്നതായിരുന്നില്ല. ഈ പരിമിതികളെല്ലാം പരിഹരിക്കുന്നതാണ് മെഡിസെപ്പ് എന്നതാണ് സര്‍ക്കാര്‍ പറയുന്നത്. ജീവനക്കാരുമായും പെന്‍ഷന്‍കാരുമായും വിപുലമായ ചര്‍ച്ചകള്‍ നടത്തി തുടക്കത്തിലുണ്ടായ ആക്ഷേപങ്ങളെല്ലാം പരിഹരിച്ച ശേഷമുള്ള പദ്ധതിയാണ് ഇപ്പോള്‍ നടപ്പിലാക്കാനൊരുങ്ങുന്നത്. ഇടതുപക്ഷ സര്‍ക്കാര്‍ അവരുടെ ഭരണനേട്ടങ്ങളില്‍ ഒന്നായി ഉയര്‍ത്തിക്കാണിക്കുന്നത് കൂടിയാണ് പദ്ധതി.

മെഡിസെപ് ആരോഗ്യപരിരക്ഷാ പദ്ധതിയുടെ ഉദ്‌ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചപ്പോൾ

അതേസമയം പദ്ധതിക്കെതിരെ വിമര്‍ശനങ്ങളുമായി പ്രതിപക്ഷ സര്‍വീസ് സംഘടനകള്‍ രംഗത്തുണ്ട്. ജീവനക്കാരില്‍ നിന്ന് പണം ഈടാക്കി ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് ലാഭം നേടാനുള്ള അവസരമാണ് സര്‍ക്കാര്‍ സൃഷ്ടിക്കുന്നതെന്നാണ് എന്‍.ജി.ഒ അസോസിയേഷന്‍ ഉയര്‍ത്തുന്ന ആരോപണം. പദ്ധതിയില്‍ സര്‍ക്കാര്‍ വിഹിതം ഉള്‍പ്പെടുത്തണമെന്നും ഒ.പി ചികിത്സകള്‍ക്കും പരിരക്ഷ ഏര്‍പ്പെടുത്തണമെന്നും പ്രതിപക്ഷ സംഘടനകള്‍ ആവശ്യപ്പെടുന്നു. അതേസമയം നിലവിലുണ്ടായിരുന്ന എല്ലാ പദ്ധതികളെക്കാളും സമഗ്രവും ഫലപ്രദവുമായ പദ്ധതിയാണ് മെഡിസെപ്പെന്നാണ് ഭരണപക്ഷ സര്‍വീസ് സംഘടനയായ എന്‍.ജി.ഒ യൂണിയന്‍ വ്യക്തമാക്കുന്നത്. കൂടുതല്‍ ആശുപത്രികള്‍ ഉള്‍പ്പെടുത്തണമെന്നും പരാതിപരിഹാരം കൂടുതല്‍ കാര്യക്ഷമമാക്കണമെന്നും എന്‍.ജി.ഒ യൂണിയനും ആവശ്യപ്പെടുന്നു.

ഗുണഭോക്താക്കള്‍

സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍, പാര്‍ട്ട് ടൈം കണ്ടിജന്റ് ജീവനക്കാര്‍, പാര്‍ട്ട് ടൈം അധ്യാപകര്‍, എയ്ഡഡ് സ്‌കൂളുകളിലേതുള്‍പ്പടെയുള്ള അധ്യാപക അനധ്യാപക ജീവനക്കാര്‍, പെന്‍ഷന്‍കാര്‍, കുടുംബ പെന്‍ഷന്‍കാര്‍ എന്നിവരും അവരുടെ ആശ്രിതരും സംസ്ഥാന സര്‍ക്കാരിന്റെ ധനസഹായം സ്വീകരിക്കുന്ന സര്‍വകലാശാലകളിലെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെയും ജീവനക്കാര്‍/പെന്‍ഷന്‍കാര്‍/ കുടുംബപെന്‍ഷന്‍കാര്‍ എന്നിവരും മുഖ്യമന്ത്രി, മറ്റ് മന്ത്രിമാര്‍, പ്രതിപക്ഷ നേതാവ്, ചീഫ് വിപ്പ്, സ്പീക്കര്‍ ഡെപ്യൂട്ടി സ്പീക്കര്‍, ധനകാര്യ കമ്മറ്റികളുടെ ചെയര്‍മാന്‍മാര്‍ എന്നിവരുടെ നേരിട്ട് നിയമിതരായ പെഴ്‌സണല്‍ സ്റ്റാഫ്, പെന്‍ഷന്‍കാര്‍, കുടുംബ പെന്‍ഷന്‍കാര്‍ എന്നിവരും അവരുടെ ആശ്രിതരുമാണ് മെഡിസെപ് പദ്ധതിയുടെ ഗുണഭോക്താക്കള്‍.

പ്രീമിയം തുകയും കവറേജും

ഒരു കുടുംബത്തിന് ഒരു വര്‍ഷം മൂന്ന് ലക്ഷം രൂപവരെയുള്ള ഇന്‍ഷൂറന്‍സ് പരിരക്ഷ

പദ്ധതിയില്‍ അംഗങ്ങളായിട്ടുള്ളവരുടെ ശമ്പളത്തില്‍ നിന്നോ പെന്‍ഷനില്‍ നിന്നോ പ്രതിമാസം അഞ്ഞൂറ് രൂപ എന്ന നിരക്കിലുള്ള പ്രീമിയം തുക ഈടാക്കിക്കൊണ്ടാണ് മെഡിസെപ്പ് പദ്ധതി സര്‍ക്കാര്‍ നടപ്പിലാക്കുന്നത്. ഒരു ദിവസം മുതല്‍ നിശ്ചിത കാലയളവ് വരെ ദൈര്‍ഘ്യമുള്ള കിടത്തി ചികിത്സയെ മാത്രമേ മെഡിസെപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളു. പദ്ധതിയുടെ കീഴിലുള്ള ഏതെങ്കിലും ആശുപത്രിയില്‍ ഗുണഭോക്താവിന്റെയോ കുടുംബാംഗങ്ങളുടേയോ ചികിത്സകള്‍ക്ക് ഓരോ കുടുംബത്തിനും മൂന്നു വര്‍ഷത്തെ പോളിസി പിരീഡിനകത്ത് പ്രതിവര്‍ഷം മൂന്ന് ലക്ഷം രൂപ നിരക്കിലാണ് അടിസ്ഥാന പരിരക്ഷ. ഇതില്‍ 1.5 ലക്ഷം രൂപ ഓരോ വര്‍ഷത്തേക്ക് നിശ്ചയിച്ചിട്ടുള്ളതും ആ വര്‍ഷം തന്നെ ഉപയോഗിച്ചില്ലെങ്കില്‍ നഷ്ടമാവുന്നതുമാണ്. ബാക്കി 1.5 ലക്ഷം രൂപ വിനിയോഗിച്ചില്ലെങ്കില്‍ പോളിസിയുടെ തുടര്‍ന്നുള്ള വര്‍ഷങ്ങളിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്നതാണ്. ഇത് കൂടാതെ 12 മാരക രോഗങ്ങള്‍ക്കും അവയവമാറ്റ ശസ്ത്രക്രിയക്കും അധികപരിരക്ഷ നല്‍കുന്നതിനായി 35 കോടിയുടെ ഒരു കോര്‍പ്പസ് ഫണ്ട് മെഡിസെപ്പിന്റെ ഭാഗമായി രൂപീകരിക്കുന്നുണ്ട്. പദ്ധതിയുടെ കീഴില്‍ എംപാനല്‍ ചെയ്യപ്പെട്ട ഏതൊരു ആശുപത്രിയിലും ഗുണഭോക്താവിന് നേരിട്ട് ചികിത്സ ലഭിക്കുന്നതാണ്. താരതമ്യേനെ കുറഞ്ഞ പ്രീമിയം തുക ഈടാക്കി 1920 ചികിത്സകള്‍ക്കുള്ള അടിസ്ഥാന പരിരക്ഷ മെഡിസെപ്പിലൂടെ നല്‍കുന്നു.

നിലവിലുള്ള രോഗങ്ങളുടെ തുടര്‍ചികിത്സയ്ക്കും പരിരക്ഷ ലഭിക്കുന്നതാണ്.

പ്രീ & പോസ്റ്റ് ഹോസ്പ്പിറ്റലൈസേഷന്‍ ചെലവുകള്‍

ചികിത്സ/ സര്‍ജറി ഏത് ആശുപത്രിയിലാണോ നടക്കുന്നത് അതേ ആശുപത്രിയിലെ ചികിത്സ/ സര്‍ജറിക്ക് 15 ദിവസം മുന്‍പുള്ളതും 15 ദിവസത്തിന് ശേഷമുള്ളതുമായ എല്ലാ ആശുപത്രി ചിലവുകളും പരിരക്ഷയില്‍ ഉള്‍പ്പെടുന്നു. പ്രീ & പോസ്റ്റ് ഹോസ്പ്പിറ്റലൈസേഷന്‍ ചെലവുകള്‍ കൂടി ഉള്‍പ്പെടുന്നതാണ് കവറേജ് തുക.

നവജാത ശിശുക്കള്‍ക്ക് ജന്മനായുള്ള എല്ലാ രോഗങ്ങള്‍ക്കുമുള്ള ചികിത്സകളും പരിരക്ഷയില്‍ ലഭിക്കും.

പ്രായപരിധി

ഗുണഭോക്താക്കള്‍ക്ക് പ്രായപരിധി നിലവിലില്ല. ആശ്രിതരായ കുട്ടികള്‍ക്ക് ജോലിയില്‍ പ്രവേശിക്കുന്നത് വരെയോ വിവാഹം കഴിക്കുന്നത് വരെയോ അല്ലെങ്കില്‍ 25 വയസ്സ് പൂര്‍ത്തിയാകുന്നത് വരെയോ ഇവയിലേതാണോ ആദ്യം സംഭവിക്കുന്നത് അതുവരെ പദ്ധതിയുടെ ഗുണഭോക്താക്കളായിരിക്കും.

ഭിന്നശേഷിയുള്ള ആശ്രിതരായ കുട്ടികള്‍ക്ക് പ്രായപരിധിയില്ല

ഒ.പി ചികിത്സകള്‍ പരിധിയില്‍ ഉള്‍പ്പെടില്ല

മെഡിസെപ്പ് പദ്ധതിയില്‍ എംപാനല്‍ ചെയ്യപ്പെട്ട ആശുപത്രികളില്‍ നിന്ന് മാത്രമേ ചികിത്സ ആനുകൂല്യങ്ങള്‍ ലഭിക്കുകയുള്ളു

കേരളത്തിന് പുറത്ത് ചെന്നൈ, ബെംഗളൂരു, കോയമ്പത്തൂര്‍, മംഗലാപുരം, മുംബൈ, ഡല്‍ഹി എന്നിവിടങ്ങളില്‍ എംപാനല്‍ ചെയ്ത ആശുപത്രികളിലും ചികിത്സ ലഭ്യമാണ്.

ഡിജിറ്റല്‍ ഐ.ഡി കാര്‍ഡുകള്‍

മെഡിസെപ്പ് അംഗങ്ങള്‍ക്കുള്ള ഡിജിറ്റല്‍ ഐ.ഡി കാര്‍ഡുകള്‍ മെഡിസെപ്പ് പോര്‍ട്ടലില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം. ആശുപത്രിയില്‍ അഡ്മിറ്റ് ആകുന്ന സമയത്ത് ആശുപത്രിയിലെ ഇൻഷ്വറൻസ് ഹെൽപ് ഡെസ്‌കിൽ മെഡിസെപ് ഐ.ഡിയും തിരിച്ചറിയൽ കാർഡുകളായ ആധാർ, വോട്ടർ ഐ.ഡി, റേഷൻകാർഡ് എന്നിവയും ഹാജരാക്കണം. ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യുമ്പോള്‍ അനുവദിനീയമായതിനേക്കാള്‍ കൂടിയ നിരക്കിലുള്ള താമസ സൗകര്യമോ ചികിത്സ സൗകര്യമോ ആവശ്യപ്പെടുകയാണെങ്കില്‍ അതിന് വേണ്ടിവരുന്ന അധിക തുക ഗുണഭോക്താവ് അടയ്ക്കേണ്ടി വരും.

ജീവന് ഭീഷണിയുള്ള അടിയന്തിര സാഹചര്യങ്ങളില്‍ എം.പാനല്‍ ചെയ്യാത്ത ആശുപത്രികളിലും പരിരക്ഷ ലഭിക്കും.

പരാതി പരിഹാരം

മൊബൈല്‍ നമ്പര്‍, ഇ-മെയില്‍ ഐ.ഡി എന്നിവ ഉപയോഗിച്ച് പോര്‍ട്ടലില്‍ നല്‍കുന്ന പരാതി ഇന്‍ഷുറന്‍സ് കമ്പനി പരിഹരിക്കും. പരിഹരിക്കപ്പെടാത്തവ പരിഹരിക്കാന്‍ ത്രിതല സമിതികള്‍, ജില്ലാ സമിതികള്‍, സംസ്ഥാന സമിതി, അപ്പലേറ്റ് അതോറിറ്റി എന്നിവയെ സമീപിക്കാം.

സര്‍ക്കാര്‍ ഉത്തരവാദിത്വത്തില്‍ നിന്ന് പിന്മാറുന്നു; ഇന്‍ഷുറന്‍സ് കമ്പനിക്ക് ലാഭമുണ്ടാക്കാനുള്ള ശ്രമം

ചവറ ജയകുമാര്‍
എന്‍.ജി.ഒ അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ്

ഒ.പി ചികിത്സ പരിരക്ഷയില്‍ ഉള്‍പ്പടുന്നില്ല എന്നതാണ് ഏറ്റവും വലിയ പരിമിതി. കിടപ്പ് രോഗികള്‍ക്ക് മാത്രമാണ് പരിരക്ഷ ലഭിക്കുക. 1961 ലെ മെഡിക്കല്‍ അറ്റന്‍ഡന്‍സ് റൂളിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പരിരക്ഷ ഉറപ്പാക്കുക എന്നത് ഒരു തൊഴില്‍ദാതാവിന്റെ ഉത്തരവാദിത്വമാണ്. നിലവല്‍ റീഇംപേഴ്‌സ്‌മെന്റ് സര്‍ക്കാര്‍ കൊടുത്തുകൊണ്ടിരുന്നതാണ്. അതില്‍നിന്ന് സര്‍ക്കാര്‍ പുറകോട്ട് പോവുകയാണിവിടെ. ഈ പദ്ധതിയില്‍ സര്‍ക്കാരിന്റെ ഒരു വിഹിതം പോലുമില്ല. 500 രൂപവെച്ച് 12 മാസം പിരിച്ചെടുക്കുന്ന 6000 രൂപയില്‍ 4800 രൂപയാണ് ഇന്‍ഷുറന്‍സ് കമ്പനിക്ക് കൊടുക്കുന്നത്. 864 രൂപ ജി.എസ്.ടിയാണ്. സര്‍ക്കാര്‍ ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞ് പോയി ജീവനക്കാരില്‍ നിന്ന് പണം പിരിച്ച് ഇന്‍ഷുറന്‍സ് കമ്പനിക്ക് കൊടുക്കുകയും ഒരു വിഹിതം പറ്റുകയുമാണ് ചെയ്യുന്നത്. ബാക്കി 336 രൂപ മാരക രോഗങ്ങള്‍ക്കും അവയവമാറ്റം പോലുള്ള ആവശ്യത്തിനുമുള്ള കോര്‍പ്പസ് ഫണ്ടായി വെച്ചിരിക്കയാണെന്നാണ് സര്‍ക്കാര്‍ പറയുന്നത്. ഇത്രയൊക്കെ പണം പിരിച്ചിട്ടും മതിയായ ആശുപത്രികളെ പോലും കൊണ്ടുവരാന്‍ സര്‍ക്കാര്‍ തയ്യാറാവുന്നില്ല. കാര്‍ഡുമായി വരുന്ന ജീവനക്കാരെ തിരിച്ച് വിടുകയാണ്. 30 ലക്ഷം ആശുപത്രികള്‍ക്ക് എംപാനല്‍ ചെയ്ത ആശുപത്രികളുടെ എണ്ണം പര്യാപ്തമല്ല. കാര്യമായ ചര്‍ച്ച നടത്താതെ രഹസ്യ സ്വഭാവത്തോടെയാണ് പദ്ധതി നടപ്പിലാക്കിയത്. ഇന്‍ഷൂറന്‍സ് കമ്പനികള്‍ക്ക് വലിയലാഭമാണ് പദ്ധതിയിലൂടെ ഉണ്ടാകുന്നത്.

സമഗ്രമായ പദ്ധതി; പരാതി പരിഹാരം കാര്യക്ഷമമാക്കണം

അജിത്ത് കുമാര്‍ എം.എ
എന്‍.ജി.ഒ യൂണിയന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി

പദ്ധതി നടപ്പിലാക്കി രണ്ടരമാസം പിന്നിടുകയാണ്. ഈ രണ്ടരമാസത്തിനുള്ളില്‍ പരിരക്ഷ ലഭിച്ച ഗുണഭോക്താക്കളുടെ എണ്ണവും ലഭിച്ച തുകയും പരിശോധിച്ചാല്‍ നിലവിലുണ്ടായിരുന്ന സംവിധാനങ്ങളെക്കാളെല്ലാം മെച്ചപ്പെട്ടതാണ് ഇതെന്ന് മനസ്സിലാകും. മെഡിക്കല്‍ റീഇംപേഴ്‌സ്‌മെന്റിന്റെ നടപടിക്രമങ്ങളുടെ സങ്കീര്‍ണതകൊണ്ട് തന്നെ ഇത് ലഭിക്കുന്ന ആളുകളുടെ എണ്ണം വളരെ കുറവായിരുന്നു. നിരന്തരമായ ചര്‍ച്ചകള്‍ നടത്തി ജീവനക്കാരുടെ ആശങ്കകള്‍ കേട്ട് മിക്കവാറും കാര്യങ്ങള്‍ക്കെല്ലാം പരിഹാരമുണ്ടാക്കിയാണ് പദ്ധതി നടപ്പിലാക്കിയത്‌. മെഡിസെപ്പ് ഒരു കാഷ്‌ലെസ്സ് പദ്ധതിയാണെന്നത് കൂടിയാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. മെഡിക്കല്‍ ചെക്കപ്പ് ഇല്ലാതെയാണ് ജീവനക്കാരെയും ആശ്രിതരെയും പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നത്. സ്വകാര്യ ഇന്‍ഷുറന്‍സ് പാക്കേജുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ചുരുങ്ങിയ തുക മാത്രമാണ് ഈടാക്കുന്നത്. റീഇംപേഴ്‌സ്‌മെന്റ് ആനുകൂല്യം പോലും ഇല്ലാതിരുന്ന പാര്‍ട്ടൈം ജീവനക്കാരും പദ്ധതിയുടെ ഭാഗമാണ് . എല്ലാ വിഭാഗം ജീവനക്കാരെയും പെന്‍ഷന്‍കാരെയും പരിഗണിക്കുന്ന ഒരു സമഗ്രമായ ഇന്‍ഷുറന്‍സ് പദ്ധതി തന്നെയാണ് മെഡിസെപ്പ്. കൂടുതല്‍ ആശുപത്രികളെ പദ്ധതിയുടെ ഭാഗമാക്കേണ്ടതുണ്ട്. പരാതികള്‍ പരിഹരിക്കാനുള്ള സംവിധാനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കേണ്ടതുണ്ട്. ഒ.പി ചികിത്സയ്ക്ക് മെഡിക്കല്‍ റീഇംപേഴ്‌സ്‌മെന്റ് തുടരും എന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. അതിനാല്‍ അതൊരു പോരായ്മയായി പറയാനാകില്ല. ജീവനക്കാരുടെ ഒരു അവകാശവും ഇല്ലാതായിട്ടില്ല. ഈ പദ്ധതിയുടെ നടത്തിപ്പുകാര്‍ സര്‍ക്കാര്‍ തന്നെയാണ്. സേവനങ്ങള്‍ക്ക് ജി.എസ്.ടി ഏര്‍പ്പെടുത്തിയത് കേന്ദ്ര സര്‍ക്കാരാണ്.

Content Highlights: Medisep insurance scheme Kerala government premium


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

11:48

ബ്രിട്ടന്‍, യു.കെ, ഇംഗ്ലണ്ട്... ഇതൊക്കെ രാജ്യങ്ങളാണോ? കണ്‍ഫ്യൂഷന്‍ തീര്‍ക്കാം | Inside Out

Sep 27, 2022


06:09

'വെട്ട് കിട്ടിയ ശേഷവും ചാടിക്കടിച്ചു'; പുലിയുടെ ആക്രമണ കഥ വിവരിച്ച് മാങ്കുളം ഗോപാലൻ 

Sep 27, 2022


rahul Gandhi

3 min

നടന്നു പോകുന്ന മനുഷ്യാ... നിങ്ങൾക്കൊപ്പമെത്താൻ ഇന്ത്യയ്ക്കാവുമെന്നു തോന്നുന്നില്ല

Sep 26, 2022

Most Commented