'സാറ് സാറിന്റെ പണി നോക്കിയാ മതി, പരീക്ഷ എങ്ങനെയെഴുതണമെന്നൊക്കെ എനിക്കറിയാം'


ആര്‍.ജയപ്രസാദ്‌

കോപ്പിയില്‍ കുരുങ്ങുന്ന ജീവിതങ്ങള്‍ രണ്ടാം ഭാഗം

Photo: Mathrubhumi Archives

ചോദ്യക്കടലാസ് കിട്ടിയ ഉടന്‍ പോക്കറ്റില്‍നിന്ന് തുണ്ട് കടലാസെടുത്ത് മുന്നില്‍ നിവര്‍ത്തിവെച്ച് അവന്‍ ഉത്തരമെഴുതിത്തുടങ്ങി. ബിരുദപരീക്ഷയ്ക്ക് ഇന്‍വിജിലേറ്ററായെത്തിയ അധ്യാപകന്‍ ആദ്യം അന്ധാളിച്ചു. പുതുതായി കോളേജിലെത്തിയ അധ്യാപകനാണ്. വിദ്യാര്‍ഥിയെ കോളേജില്‍ കണ്ടിട്ടുണ്ടെന്നല്ലാതെ ഒരു പരിചയവുമില്ല.

കോപ്പിയടിക്കാനാകില്ലെന്ന് പറഞ്ഞപ്പോള്‍ വിദ്യാര്‍ഥി അധ്യാപകനെ കുറെനേരം തുറിച്ചുനോക്കി. പിന്നെ കൈചൂണ്ടി ഉച്ചത്തില്‍ ക്ലാസ് മുഴുവന്‍ കേള്‍ക്കെ വിളിച്ചുപറഞ്ഞു, ''സാറ് സാറിന്റെ പണി നോക്കിയാ മതി, പരീക്ഷ എങ്ങനെയെഴുതണമെന്നൊക്കെ എനിക്കറിയാം''.

ധാര്‍ഷ്ട്യം നിറഞ്ഞ ആക്രോശത്തിനുമുന്നില്‍ അധ്യാപകന്‍ ഒരുനിമിഷം പതറി. പിന്നെ സര്‍വശക്തിയുമെടുത്ത് ആ തുണ്ട് കടലാസുകള്‍ വലിച്ചുപറിച്ചെടുത്തു. ഉത്തരക്കടലാസും ചോദ്യക്കടലാസും അധ്യാപകനുമുന്നില്‍ വലിച്ചെറിഞ്ഞ്, മുഴുത്ത ചീത്ത പറഞ്ഞ്, വിദ്യാര്‍ഥി ഇറങ്ങിപ്പോയി.

ചീഫ് എക്‌സാമിനേഷന്‍ സൂപ്രണ്ടായ പ്രിന്‍സിപ്പലിനെ രേഖാമൂലംതന്നെ അധ്യാപകന്‍ സംഭവം അറിയിച്ചു. അന്നുവൈകീട്ട് വീട്ടില്‍ പോകാന്‍ അധ്യാപകന് ടാക്‌സി കാര്‍ പിടിക്കേണ്ടി വന്നു. കോളേജിന്റെ പാര്‍ക്കിങ് സ്ഥലത്ത് അധ്യാപകന്‍ നിര്‍ത്തിയ ബൈക്കിന്റെ സീറ്റും ടയറുകളും കുത്തിക്കീറിയിരുന്നു. ദിവസങ്ങള്‍ കഴിയുംമുമ്പുതന്നെ അധ്യാപകന് സ്ഥലംമാറ്റത്തിന് അപേക്ഷ കൊടുക്കേണ്ട സ്ഥിതിയുമുണ്ടായി.

കോപ്പിയടി ചെറുത്തതിനാല്‍ പരീക്ഷാഹാളില്‍ നിന്നിറങ്ങിപ്പോയ വിദ്യാര്‍ഥി പിറ്റേന്ന് നെടുനീളന്‍ പരാതിയുമായാണ് പ്രിന്‍സിപ്പലിന്റെ മുറിയിലെത്തിയത്. തലേന്ന് പരീക്ഷയെഴുതാന്‍ സമ്മതിക്കാതെ അധ്യാപകന്‍ ജാതിപ്പേര് വിളിച്ച് അപമാനിച്ചെന്നാണ് പരാതി. അധ്യാപകന്‍ റിപ്പോര്‍ട്ടുചെയ്ത കോപ്പിയടി സംഭവം കോളേജില്‍തന്നെ അവസാനിച്ചു. ജാതിപ്പേര് വിളിച്ചെന്ന വിദ്യാര്‍ഥിയുടെ പരാതിയും കേസും ഇപ്പോഴും തുടരുന്നു. ഇതും തലസ്ഥാനനഗരത്തിലെ കോളേജില്‍ നടന്നതാണ്.

ക്വാറന്റീന്‍ കോപ്പിയടി

ഇപ്പോഴിവിടെ 'ക്വാറന്റീന്‍ കോപ്പിയടി' നടക്കുന്നെന്നാണ് അധ്യാപകരില്‍ ഒരുവിഭാഗം പറയുന്നത്. കോപ്പിയടിക്കാനുള്ളവരെല്ലാം 'ഹോട്‌സ്‌പോട്ടി'ല്‍ താമസിക്കുന്നവരാണെന്ന് അവകാശപ്പെടും.

ഇവരെ പ്രത്യേകം ഹാളില്‍ പരീക്ഷയെഴുതിക്കണമെന്നാണ് സര്‍വകലാശാലയുടെ നിര്‍ദേശം. അവിടെയാകട്ടെ കോവിഡ് പേടിച്ച് കാര്യമായ ഇന്‍വിജിലേഷനുമില്ല.

പുസ്തകം തുറന്നുവെച്ചുപോലും ഈ ഹാളില്‍ പരീക്ഷയെഴുതാം. ഇപ്പോള്‍ നടക്കുന്ന സര്‍വകലാശാല പരീക്ഷകളില്‍ ശരാശരി 20-30 കുട്ടികളാണ് ഒരു കോളേജിലെ 'ഹോട്‌സ്‌പോട്ട് ഹാളി'ല്‍ പരീക്ഷയെഴുതുന്നത്.

പരാക്രമം പാരലലുകാരോടോ?

റഗുലര്‍ വിദ്യാര്‍ഥികളുടെ കോപ്പിയടി തടയാന്‍ ധൈര്യപ്പെടാത്ത അധ്യാപകര്‍ സമാന്തര സംവിധാനത്തിലൂടെ രജിസ്റ്റര്‍ചെയ്ത് പരീക്ഷയെഴുതുന്നവരോടാണ് പരാക്രമം കാട്ടുന്നത്.

പ്രൈവറ്റായി രജിസ്റ്റര്‍ ചെയ്യുന്നവര്‍ പഠനത്തില്‍ പിന്നാക്കമാണെന്ന മുന്‍ധാരണയാണ് പ്രധാന പ്രേരണ. മീനച്ചിലാറ്റില്‍ ജീവന്‍ വെടിഞ്ഞ അഞ്ജു പി. ഷാജിയും പാരലല്‍ കോളേജില്‍ പഠിച്ചാണ് ഹോളിക്രോസ് കോളേജില്‍ പരീക്ഷയെഴുതാനെത്തിയത്.

സംശയത്തിന്റെ പേരില്‍പോലും പാരലല്‍ വിദ്യാര്‍ഥികളെ പീഡിപ്പിക്കുന്നത് പതിവാണെന്ന് കുട്ടികള്‍ പറയുന്നു.

കോപ്പിയടി പരാതികള്‍ ശരാശരി 1000

കോപ്പിയടി തടയാനുള്ള സര്‍വകലാശാലകളുടെ കര്‍ശനവ്യവസ്ഥകള്‍ സംസ്ഥാനത്ത് ഏതാണ്ട് പൊതുസ്വഭാവത്തിലുള്ളതാണ്. കേരള സര്‍വകലാശാലയില്‍ വര്‍ഷം 750 മുതല്‍ 1000 കേസുകളാണ് സിന്‍ഡിക്കേറ്റ് ഉപസമിതി പരിശോധിക്കാറുള്ളതെന്ന് മുന്‍ അംഗം ആര്‍.എസ്. ശശികുമാര്‍ പറഞ്ഞു. വിദ്യാര്‍ഥിയുടെ വാദം നേരില്‍ കേള്‍ക്കുന്നതാണ് പരിശോധനയില്‍ പ്രധാനം.

ഏതാണ്ട് രണ്ടുലക്ഷത്തിലേറെപ്പേര്‍ വര്‍ഷം കേരള സര്‍വകലാശാലയില്‍ പരീക്ഷയെഴുതുന്നുണ്ട്. അരശതമാനമാണ് റിപ്പോര്‍ട്ട് ചെയ്യുന്ന കോപ്പിയടികള്‍. അത്രതന്നെ കോപ്പിയടികള്‍ തടയാനാകാത്തതിനാല്‍ അറിയപ്പെടാതെ പോകുന്നുണ്ട്. സംഘടനാശക്തി പ്രബലമായ കലാലയങ്ങളിലാണ് ഇതിലേറെയും.

രാഷ്ട്രീയസമ്മര്‍ദങ്ങളാല്‍ അധ്യാപക സംഘടകള്‍ക്കും കാര്യമായ ചെറുത്തുനില്‍പ്പിന് കഴിയുന്നില്ല. കോളേജ്തലത്തില്‍ ഒതുക്കിത്തീര്‍ക്കുന്ന കോപ്പിയടി കേസുകളുമുണ്ട്. കേവലം ശാസനയില്‍മാത്രം അവസാനിക്കുന്ന ഇവ വളരെ ചെറിയ ശതമാനമാണ്.

(തുടരും)

Content Highlights: Mathrubhumi Special Series based on Kottayam Student's death

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
dellhi

1 min

പകരം വീട്ടി ഇന്ത്യ; ഡല്‍ഹിയിലെ യു.കെ. ഹൈക്കമ്മീഷനുള്ള സുരക്ഷ വെട്ടിക്കുറച്ചു

Mar 22, 2023


19:23

വളരെ മോശമായാണ് ആ സിനിമയിൽ അഭിനയിച്ചതെന്ന് എനിക്കറിയാം | Aishwarya Lekshmi | Yours Truly

Oct 26, 2022


thalassery bishop-jalee

1 min

ബിജെപി നല്‍കുന്ന റബ്ബറിന്റെ വില വാങ്ങാന്‍ ഉടലില്‍ തലയുണ്ടായിട്ട് വേണ്ടേയെന്ന് കെ.ടി.ജലീല്‍

Mar 22, 2023

Most Commented