'കോപ്പി'യില്‍ കുരുങ്ങുന്ന ജീവിതങ്ങള്‍


ആര്‍. ജയപ്രസാദ്

-

കാഞ്ഞിരപ്പള്ളി സ്വദേശിനിയായ അഞ്ജു പി. ഷാജി എന്ന ബിരുദ വിദ്യാര്‍ഥിനിയുടെ മരണം, നമ്മുടെ യുവജനങ്ങളുടെ മാനസികാവസ്ഥയുടെ പ്രതിഫലനമാണ്. സര്‍വകലാശാലാ പരീക്ഷകളില്‍ വിജയിച്ചും പരാജയപ്പെട്ടും ജീവിതത്തിന്റെ അതികഠിനമായ മറ്റുപരീക്ഷകളെ ധൈര്യപൂര്‍വം നേരിടേണ്ട യൗവനമാണ് നമുക്കുവേണ്ടത്. അതിന് യോജിച്ചതാണോ സര്‍വകലാശാലകളിലെയും നമ്മുടെ കലാലയങ്ങളിലെയും ഇപ്പോഴത്തെ സ്ഥിതി? മാതൃഭൂമി അന്വേഷണം.

കുറ്റക്കാര്‍ അധ്യാപകരോ ശിഷ്യരോ

വര്‍ഷങ്ങള്‍ക്കുമുമ്പാണ്. കോട്ടയം ഉഴവൂര്‍ സെയ്ന്റ് സ്റ്റീഫന്‍സ് കോളേജില്‍ ബിരുദ പരീക്ഷ നടക്കുന്നു. പരീക്ഷയ്ക്കിടെ ഒരു പെണ്‍കുട്ടിയുടെ പക്കല്‍നിന്ന് തുണ്ടുകടലാസുകള്‍ ഇന്‍വിജിലേറ്റര്‍ കണ്ടെത്തി. പിടിച്ചെടുക്കാന്‍ ശ്രമിച്ചപ്പോള്‍ അവള്‍ അവ വായ്ക്കകത്തിട്ട് ചവച്ചിറക്കി. തുടര്‍ന്ന് മൂന്നാംനിലയിലെ മുറിയില്‍ നിന്നിറങ്ങിയോടി. സണ്‍ഷേഡിലേക്ക് ചാടിയിറങ്ങി, ആത്മഹത്യയ്‌ക്കൊരുങ്ങിനിന്നു.

പ്രിന്‍സിപ്പലായിരുന്ന പ്രൊഫ. വി.പി. തോമസ്‌കുട്ടി, ബഹളംകേട്ട് ഓടിയെത്തി. അദ്ദേഹം വികാരഭരിതനായി ''മകളേ''യെന്ന് വിളിച്ച് ആ കുട്ടിയെ ആവുംവിധത്തിലെല്ലാം ആശ്വസിപ്പിക്കാന്‍ ശ്രമിച്ചു. ഈ സമയം ഒരു പ്യൂണ്‍ മറ്റൊരു ഭാഗത്തൂടെ സണ്‍ഷേഡിലേക്ക് ഇറങ്ങി കുട്ടിയെ പിടികൂടി വരാന്തയിലേക്കെടുത്തിട്ടു.

തുടര്‍ന്ന് പ്രിന്‍സിപ്പലിന്റെ മുറിയിലേക്കുകൊണ്ടുപോയി. അന്നത്തെ വിമന്‍സ് സെല്ലിന്റെ അധ്യക്ഷയായ അധ്യാപികയെ വിളിപ്പിച്ചു. അവരെത്തി പെണ്‍കുട്ടിയെ കെട്ടിപ്പിടിച്ച് ആശ്വസിപ്പിച്ചു.

കുട്ടിയെ സുരക്ഷിതയായി വീട്ടിലെത്തിക്കാമെന്ന് പ്രിന്‍സിപ്പലിന് ഉറപ്പുനല്‍കി. മറ്റൊരു കോളേജിലെ അധ്യാപകന്‍കൂടിയായ ഭര്‍ത്താവിനെ അധ്യക്ഷ വിളിച്ചുവരുത്തി. കാര്യം ധരിപ്പിച്ച് പെണ്‍കുട്ടിയുമായി മൂവരും കാറില്‍ അവളുടെ വീട്ടിലേക്ക് തിരിച്ചു.

ഏറെദൂരം ചുറ്റിക്കറക്കി വൈകിയാണ് പെണ്‍കുട്ടിയെ വീട്ടിലെത്തിച്ചത്. വഴിയിലുടനീളം ഓരോന്ന് പറഞ്ഞ് ആശ്വസിപ്പിച്ചു. അവള്‍ കരയുക മാത്രമാണ് ചെയ്തത്. വഴിയോരത്തെ ചായക്കടയ്ക്കുമുന്നില്‍ കാര്‍ നിര്‍ത്തി ഭക്ഷണം വാങ്ങിക്കൊടുത്തു. അവള്‍ സാവകാശം ശാന്തഭാവത്തിലേക്കെത്തി. വീട്ടിലെത്തിയശേഷം കുട്ടിയുടെ അമ്മയോട് ആദ്യം കാര്യം വിശദീകരിച്ചു. ഒരുകാരണവശാലും വഴക്കുപറയരുതെന്ന് അവരെ ശട്ടംകെട്ടിയാണ് അധ്യാപകര്‍ തിരികെപോന്നത്.

അതേ അധ്യാപികതന്നെയായിരുന്നു കോപ്പിയടി സംഭവത്തിന്റെ അന്വേഷണക്കമ്മിഷനും. അവരുടെ ഇടപെടലില്‍ പെണ്‍കുട്ടിക്ക് ശിക്ഷ കുറച്ചുകൊടുത്തു. അവരുടെ ഭര്‍ത്താവും കുറവിലങ്ങാട് ദേവമാതാ കോളേജില്‍നിന്ന് വിരമിച്ച അധ്യാപകനുമായ പ്രസാദ് പോളാണ് കഴിഞ്ഞദിവസം ഈ സംഭവം സാമൂഹികമാധ്യമത്തില്‍ പങ്കുവെച്ചത്. കോപ്പിയടിച്ചിട്ടും ആ പെണ്‍കുട്ടിയുടെ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞതിന്റെ സംതൃപ്തിയിലാണ് അദ്ദേഹം ഈ സംഭവം ഓര്‍ത്തെടുത്തത്.

അപമാനിക്കുന്നതെന്തിന്?

സര്‍വകലാശാലയുടെ അവസാനവര്‍ഷ പരീക്ഷ മത്സരിച്ചെഴുതുന്ന കുട്ടികള്‍ക്കിടയില്‍ അപമാനത്താല്‍ മുറിവേറ്റ് മുക്കാല്‍ മണിക്കൂറോളം വെറുതേയിരിക്കേണ്ടി വന്ന കാഞ്ഞിരപ്പള്ളിയിലെ അഞ്ജുവിന്റെ മനസ്സിലുണ്ടായ വികാരമെന്താകാം? അത് മനസ്സിലാക്കാന്‍ വലിയ മനഃശാസ്ത്രജ്ഞനൊന്നുമാകേണ്ട. പത്തു കുട്ടികളെ പഠിപ്പിക്കാന്‍ കഴിയുന്ന അധ്യാപകനായാല്‍ മതി.

20-കാരിയായ അഞ്ജുവിനോട് കോപ്പിയടിച്ചതിന്റെ തുടര്‍നടപടിക്കായി പ്രിന്‍സിപ്പലിനു മുമ്പാകെ ഹാജരാകണമെന്നാണ് അധ്യാപകന്‍ ഉത്തരവിട്ടത്. പരീക്ഷാഹാളില്‍നിന്ന് നിറഞ്ഞ കണ്ണുകളോടെ, കലങ്ങിയ മനസ്സോടെ ഒറ്റയ്ക്ക് പുറത്തേക്കിറങ്ങിപ്പോയ പെണ്‍കുട്ടിയെ പിന്തുടരാനോ ആശ്വസിപ്പിക്കാനോ ആരുമുണ്ടായില്ല. അവള്‍ പ്രിന്‍സിപ്പലിന്റെ മുറിയിലെത്തിയില്ല, അച്ഛനും അമ്മയും കാത്തിരിക്കുന്ന സ്വന്തം വീട്ടിലുമെത്തിയില്ല. മൂന്നാംനാള്‍ മീനച്ചിലാറ്റില്‍ വള്ളിപ്പടര്‍പ്പുകളില്‍ പൊന്തി, ജീവനില്ലാതെ.

ശിക്ഷ സ്വയംഹത്യ

മൊബൈല്‍ ഫോണ്‍ കിട്ടാത്തതിനുപോലും കുട്ടികള്‍ ജീവനൊടുക്കുന്ന കാലം. പ്രേമം നിരസിക്കുമ്പോള്‍ മണ്ണെണ്ണയും തീപ്പെട്ടിയുമെടുക്കുന്ന യുവമനസ്സ്. ഈ യാഥാര്‍ഥ്യം വേഗത്തില്‍ തിരിച്ചറിയേണ്ടത് അധ്യാപകരാണ്. വിദ്യാര്‍ഥികളുടെ മാനസികനിലയറിയാന്‍ അവര്‍ക്കേ കഴിയൂ. 20-കാരിയുടെ ആത്മാഭിമാനത്തെ മുറിവേല്‍പ്പിച്ചശേഷം ഒറ്റയ്ക്ക് വീട്ടിലേക്ക് പറഞ്ഞയച്ചതാണ് കാഞ്ഞിരപ്പള്ളിയിലെ ദുരന്തത്തിന് കാരണമായത്. കോപ്പിയടിച്ചതിന്റെ പേരില്‍ മരണശിക്ഷ ആ പെണ്‍കുട്ടി സ്വയം ഏറ്റുവാങ്ങുകയായിരുന്നുവെന്ന് പറയേണ്ടിവരും.

ഇങ്ങനെയുള്ള സ്വയംഹത്യകളാണോ കോപ്പിയടിയുടെ ശിക്ഷയാകേണ്ടത്? കുറ്റവാളികളെ കണ്ടെത്തി നിയമത്തിന് മുന്നിലെത്തിക്കുകയാണ് ജനാധിപത്യത്തില്‍ പോലീസിന്റെ ജോലി.

എന്നാല്‍, കുറ്റക്കാരെ കണ്ടെത്തുന്നവര്‍തന്നെ ശിക്ഷ നടപ്പാക്കിയാല്‍ എന്താകും സ്ഥിതി? അതാണ് അഞ്ജുവിന്റെ കാര്യത്തിലും സംഭവിച്ചതെന്ന് വിദ്യാഭ്യാസ വിദഗ്ധര്‍ നിരീക്ഷിക്കുന്നു.

(തുടരും)

Content Highlights: Mathrubhumi Special series based on Kottayam student's death

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
mohanlal, innocent

1 min

പ്രിയപ്പെട്ട ഇന്നസെന്റിനെ ഒരുനോക്ക് കാണാന്‍ മോഹന്‍ലാല്‍ എത്തി | VIDEO

Mar 27, 2023


ഗാനമേളയുടെ ചിത്രീകരണ വേളയില്‍

2 min

എട്ടില്‍ തോറ്റതുകൊണ്ട് കോളേജില്‍ എത്താന്‍ വൈകി; ഇന്നച്ചന്‍ പറഞ്ഞതുകേട്ട് എല്ലാവരും ചിരിച്ചു- അമ്പിളി

Mar 27, 2023


accident

1 min

അമിതവേഗതയിലെത്തിയ കാർ ബൈക്ക് യാത്രികനെ ഇടിച്ചുതെറിപ്പിച്ചു; കോട്ടയത്ത് യുവാവിന് ദാരുണാന്ത്യം | Video

Mar 27, 2023

Most Commented