തുല്ല്യതയ്ക്ക് വേണ്ടിയുള്ള മേരി റോയിയുടെ പോരാട്ടം


എം.എസ്. രാഖേഷ് കൃഷ്ണൻ

മേരി റോയ്

ഹിന്ദു കൂട്ടുകുടുംബത്തിലെ സ്വത്തിൽ പെൺമക്കൾക്കും തുല്യ അവകാശമുണ്ടെന്ന സുപ്രീം കോടതി വിധി 2020-ലെ ശ്രദ്ധേയമായ വാർത്തകളിലൊന്നായിരുന്നു. 2005 സെപ്റ്റംബർ ഒമ്പതിന് ഭേദഗതി ചെയ്ത ഹിന്ദു പിന്തുടർച്ചാവകാശ നിയമപ്രകാരം പെൺമക്കൾക്കും അച്ഛന്റെ സ്വത്തിൽ അവകാശമുണ്ടായിരുന്നു. എന്നാൽ ഈ വിധിക്ക് മുൻകാല പ്രാബല്യമുണ്ടെന്നും ഭേദഗതി വരുന്നതിന് മുമ്പ് അച്ഛൻ മരിച്ചതായാലും പെൺമക്കൾക്ക് തുല്യ അവകാശമുണ്ടെന്നായിരുന്നു സുപ്രീം കോടതി വിധിച്ചത്.

എല്ലാ മക്കളും തുല്യരാണെന്നും പെൺമക്കൾ മാറ്റിനിർത്തപ്പെടേണ്ടവരല്ലെന്നുമുള്ള സന്ദേശമാണ് സുപ്രീം കോടതി നൽകിയത്. ഇതിന് സമാനമായ മറ്റൊരു വിധി 1986-ലുമുണ്ടായിരുന്നു. കേരളത്തിലെ സിറിയൻ ക്രിസ്ത്യാനികളുടെ ഇടയിലെ സമാനമായ വിവേചനം ഒഴിവാക്കിക്കൊണ്ടുള്ളതായിരുന്നു അത്. മേരി റോയ് എന്ന മലയാളി സാമൂഹികപ്രവർത്തകയാണ് ഇതിന് കാരണക്കാരിയായത്.

മേരി റോയിയുടെ യുദ്ധം

ഭർത്താവുമായി വേർപിരിഞ്ഞ മേരി റോയ് മറ്റുവഴികളില്ലാതെയാണ് രണ്ടുമക്കളുമൊത്ത് പിതാവിന്റെ പേരിലുള്ള ഊട്ടിയിലെ വീട്ടിൽ താമസമാക്കിയത്. മേരി ഈ വീട് കൈക്കലാക്കുമോയെന്ന് ഭയന്ന സഹോദരൻ ജോർജ് ഗുണ്ടകളുമായെത്തി അവരെ അവിടെ നിന്ന് ബലമായി ഇറക്കിവിട്ടു. അതോടെയാണ് പിതാവിന്റെ സ്വത്തിൽ അവകാശമുന്നയിച്ചുകൊണ്ട് മേരി കേസ് കൊടുക്കുന്നത്.

1916-ലെ തിരുവിതാംകൂർ സിറിയൻ ക്രിസ്ത്യൻ പിന്തുടർച്ചാ നിയമം അനുസരിച്ച് ആ സമുദായത്തിലെ പെൺമക്കൾക്ക് അച്ഛന്റെ സ്വത്തിൽ തുല്യ അവകാശമില്ലായിരുന്നു. ആൺമക്കൾക്ക് അവകാശപ്പെട്ടതിന്റെ നാലിലൊന്ന് ഭാഗമോ 5000 രൂപയോ ഏതാണോ കുറവ് അത് മാത്രമായിരുന്നു പെൺമക്കൾക്ക് ലഭിക്കുക. ഈ നിയമത്തിനെതിരെയായിരുന്നു മേരി റോയിയുടെ പോരാട്ടം. ഇന്ത്യയിലെ മറ്റിടങ്ങളിലെല്ലാം 1925-ലെ ഇന്ത്യൻ പിന്തുടർച്ചാവകാശ നിയമമാണ് സിറിയൻ ക്രിസ്ത്യാനികൾ പിന്തുടർന്നിരുന്നത്.

1960-കളിലാരംഭിച്ച നിയമപ്പോരാട്ടം 1984-ലാണ് സുപ്രീം കോടതിയുടെ മുൻപിലെത്തുന്നത്. ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 14 ഉറപ്പുനൽകുന്ന തുല്യതയ്ക്കുള്ള അവകാശം തിരുവിതാംകൂർ സിറിയൻ ക്രിസ്ത്യൻ പിന്തുടർച്ചാ നിയമം നിഷേധിക്കുന്നതായി സുപ്രീം കോടതി കണ്ടെത്തി. തുടർന്ന് കോടതി ഈ നിയമം റദ്ദുചെയ്തു. സ്വത്തുവിഭജനത്തിൽ മക്കൾ തമ്മിൽ വിവേചനം പാടില്ലെന്നും കോടതി നിരീക്ഷിച്ചു. 1925-ലെ ഇന്ത്യൻ പിന്തുടർച്ചാവകാശ നിയമം മാത്രമാണ് എല്ലാവർക്കും ബാധകമെന്നും കോടതി പറഞ്ഞു. മേരി റോയിക്കും സഹോദരനും മാതാവിനും തുല്യഭാഗങ്ങളായി വിഭജിക്കാനായിരുന്നു കോടതി വിധിച്ചത്. കുട്ടികളോ ഭാര്യയോ ഇല്ലാത്തയാൾ മരിച്ചാൽ അയാളുടെ സ്വത്ത് പിതാവിനും പിതാവില്ലെങ്കിൽ മാതാവിനും സഹോദരങ്ങൾക്കും തുല്യമായും നൽകണമെന്നും കോടതി വിധിച്ചു. വിൽപത്രമെഴുതാതെ മരിക്കുന്ന പിതാവിന്റെ സ്വത്തിലായിരുന്നു സുപ്രീം കോടതി വിധി ബാധകം.

1986-ൽ പഴയ നിയമം റദ്ദാക്കിക്കൊണ്ട് സുപ്രീം കോടതി ഉത്തരവിട്ടെങ്കിലും തനിക്കവകാശപ്പെട്ട സ്വത്ത് കൈയിൽ കിട്ടാൻ മേരി റോയി കോടതികളിൽ പിന്നെയും കയറിയിറങ്ങേണ്ടി വന്നു. ഏകദേശം 15 വർഷങ്ങളോളം കഴിഞ്ഞാണ് മേരി റോയിക്ക് പിതാവിന്റെ സ്വത്തിലെ അവകാശം ലഭിക്കുന്നത്.

കോടതിയിലെ പോരാട്ടത്തിന്റെ കഥ അതോടെ കഴിഞ്ഞെങ്കിലും കഥയുടെ ക്ലൈമാക്‌സ് അതായിരുന്നില്ല. വർഷങ്ങൾക്കുശേഷം പിതാവിന്റെ സ്വത്ത് തനിക്കും മക്കൾക്കും ആവശ്യമില്ലെന്ന് വന്നപ്പോൾ മേരി റോയി അത് തന്റെ സഹോദരന് തന്നെ നൽകി!

കേരളത്തിലെ സിറിയൻ ക്രിസ്ത്യാനി സമുദായത്തിൽ പെൺകുട്ടികളോടുണ്ടായിരുന്ന വിവേചനം ഒരുപരിധി വരെ അവസാനിപ്പിച്ചത് മേരി റോയിയുടെ നിയമപോരാട്ടമായിരുന്നു. കോട്ടയത്തെ പള്ളിക്കൂടം എന്ന സ്‌കൂളിലൂടെ വിദ്യാഭ്യാസമേഖലയിലും അവർ പ്രശസ്തയായി. പക്ഷെ മേരി റോയി ഇന്ന് അറിയപ്പെടുന്നത് ഇതൊന്നുമായിട്ടല്ല. പകരം എഴുത്തുകാരിയും ബുക്കർ സമ്മാന ജേതാവുമായ അരുന്ധതി റോയിയുടെ അമ്മ എന്ന മേൽവിലാസത്തിലാണ്.

(മാതൃഭൂമി ജി.കെ. ആൻഡ് കറന്റ് അഫയേഴ്‌സിൽ പ്രസിദ്ധീകരിച്ചത്)

Content Highlights: Mary Roy, activist, educationalist


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 28, 2022


05:23

രാജകുടുംബത്തിന്റെ ഉറക്കം കെടുത്തുന്ന ടെലിവിഷന്‍ സിനിമ; അറം പറ്റുമോ 'King Charles III'

Sep 29, 2022


drug

1 min

തണ്ണിമത്തനില്‍ ഒളിപ്പിച്ച് മയക്കുമരുന്ന് കടത്താൻ ശ്രമം; അഞ്ചംഗ സംഘം സൗദിയിൽ അറസ്റ്റിൽ

Sep 29, 2022

Most Commented