മന്നത്ത് പദ്മനാഭൻ

വ്യക്തിത്വത്തിന്റെ സൂര്യതേജസ്സ്
സാമൂഹികപ്രശ്നങ്ങളെ ആഴത്തിൽ വിശകലനംചെയ്ത്, യുക്തിപൂർവം പരിഹാരങ്ങൾ കണ്ടെടുത്ത്, കൃത്യവും വ്യക്തവുമായ പ്രായോഗികമാർഗങ്ങൾ അവലംബിച്ച്, ഉറച്ച ചുവടുകൾവെച്ച് ലക്ഷ്യത്തിലേക്ക് കയറിപ്പോകുന്ന തികഞ്ഞ ആസൂത്രണബുദ്ധിയായിരുന്നു മന്നത്തിന്റേത്. നേതൃശേഷിയിലും സംഘാടനപാടവത്തിലും മന്നത്തിനുതുല്യമായി മന്നംമാത്രം. ആജ്ഞാശക്തിക്കൊപ്പം സമന്വയബുദ്ധിയും സമ്മേളിച്ച മന്നനായിരുന്നു മന്നം.
പതിറ്റാണ്ടുകൾ നിലനിന്ന സാമൂഹികപ്രശ്നങ്ങളെ വിധിയെന്നുപഴിച്ച് പരിതപിച്ചവർക്കും പ്രതിസന്ധിയെന്നെണ്ണി പകച്ചുനിന്നവർക്കും അവരുടെ മനോഭാവമാണ് മാറ്റേണ്ടതെന്ന ബോധ്യം പകർന്നുകൊടുത്തു, മന്നത്ത് പദ്മനാഭൻ. മുമ്പേനടന്ന് അദ്ദേഹം വഴിവെട്ടി. ആ വഴിയേ ധൈര്യമായി നടന്ന് മുന്നേറാൻ ദുർബലരെന്ന് സ്വയം ധരിച്ചവരെ പ്രാപ്തരാക്കി. സാമൂഹികയാഥാർഥ്യങ്ങൾ നീതിക്കും ധർമത്തിനും നിരക്കാത്തതെങ്കിൽ അതിന്റെ മുന്നിൽ പതറാതെ നേരിട്ട് എതിർത്തുതോൽപ്പിക്കേണ്ടതാണെന്ന ഉറച്ച നിലപാടായിരുന്നു മന്നത്തിന്. അരുതായ്മകൾക്കെതിരേ ഗർജിക്കുന്ന സിംഹമായിരുന്നു ഭാരതകേസരി.
അധ്യാപകനായും അഭിഭാഷകനായും പ്രവർത്തിച്ച മന്നത്തിന്റെ വാഗ്വൈഭവം അദ്വിതീയമായിരുന്നു. വാക്കിനെയും പ്രവൃത്തിയെയും ഒരേദിശയിൽ ചലിപ്പിച്ച മന്നം ‘സ്വന്തം സമുദായോന്നതിക്കായി പരിശ്രമിക്കുമ്പോൾ ഇതരസമുദായങ്ങൾക്ക് ക്ഷോഭകരമായതൊന്നും ചെയ്യില്ല’ എന്ന എൻ.എസ്.എസിന്റെ സ്ഥാപനപ്രതിജ്ഞ ജീവിതത്തിലുടനീളം പാലിച്ചു. ഒരു തികഞ്ഞ സോഷ്യലിസ്റ്റ് എന്ന് വിളിക്കാവുന്നവിധം എല്ലാവരുടെയും ഉന്നമനവും ക്ഷേമവും ലക്ഷ്യമാക്കിയുള്ള സാമൂഹിക-രാഷ്ട്രീയ കാഴ്ചപ്പാടായിരുന്നു, മന്നത്തിന്റേത്. ഈ സർവോദയസങ്കല്പവും അയിത്തത്തിനെതിരായ സമരവും മുൻനിർത്തിയാണ് സർദാർ കെ.എം. പണിക്കർ അദ്ദേഹത്തെ ‘കേരളത്തിലെ മദൻമോഹൻ മാളവ്യ’ എന്ന് വിശേഷിപ്പിച്ചത്.
1966-ൽ ‘പദ്മഭൂഷൺ’ നൽകി മന്നത്ത് പദ്മനാഭനെ ആദരിച്ചപ്പോൾ രാഷ്ട്രപതി സർവേപ്പള്ളി രാധാകൃഷ്ണൻ നൽകിയ ബഹുമതിപത്രത്തിൽ പറഞ്ഞത്, വ്യക്തിഗത ഗുണങ്ങളുടെ പേരിൽ പദ്മഭൂഷൺ സമ്മാനിക്കുന്നു എന്നാണ്. സ്വർണത്തിന് സുഗന്ധംകൂടി കൈവന്നെന്നുപറഞ്ഞതുപോലെ വ്യക്തിശുദ്ധിക്കൊപ്പം സാമൂഹികപ്രതിബദ്ധതയും കാത്തുസൂക്ഷിച്ചതിനുള്ള ആദരവായിരുന്നു, പദ്മനാഭന് ചാർത്തപ്പെട്ട ആ പദ്മഭൂഷണം.
നാടിനെ ഉണർത്തിയ നായകൻ
ശരിയുടെ വഴിയിൽ സഞ്ചരിച്ച മന്നം ആരെയും ഒരിക്കലും ഭയപ്പെട്ടില്ല. എതിർപ്പുകളെ അവഗണിച്ച് ആത്മവിശ്വാസത്തിന്റെ ബലത്തിൽ മുന്നോട്ടുപോയി. മാതൃഭൂമിയുടെ ആദ്യപത്രാധിപരായിരുന്ന കെ.പി. കേശവമേനോൻ എഴുതി: ‘ഭീഷണിപ്പെടുത്തി അദ്ദേഹത്തെക്കൊണ്ട് എന്തെങ്കിലും ചെയ്യിക്കാമെന്നോ ചെയ്യാൻ തീർച്ചപ്പെടുത്തിയ കാര്യത്തിൽനിന്ന് പിന്തിരിപ്പിക്കാമെന്നോ ആരെങ്കിലും കരുതുന്നുണ്ടെങ്കിൽ അവർക്ക് തെറ്റുപറ്റിപ്പോയെന്ന് അതിവേഗം മനസ്സിലാക്കത്തക്കവിധം മന്നം അവരെ പാഠം പഠിപ്പിക്കും.’ ‘Forceful personality, dedicated, tough and full of fight’ എന്നാണ് ഇന്ദിരാഗാന്ധി മന്നത്തിന്റെ വ്യക്തിത്വത്തെ വിലയിരുത്തിയത്.
ക്ലേശപൂർണമായാലും കർമമാർഗത്തിൽ തളരാതെ മുന്നോട്ടുതന്നെ നടന്ന മന്നം, തനിക്കുപറ്റാത്ത എന്തെങ്കിലും കാര്യമുള്ളതായി കരുതിയില്ല. താൻ ചെയ്യാനുദ്ദേശിക്കാത്തതെന്തെങ്കിലും ചെയ്യാൻ മറ്റാരെയും ഉപദേശിച്ചതുമില്ല. താഴ്ന്നജാതിക്കാരെന്ന് സമൂഹം കല്പിച്ചവരെ സ്വന്തം വീട്ടിൽ കൊണ്ടുവന്ന് ഭക്ഷണം വിളമ്പിക്കൊടുത്തതുപോലെ വിപ്ലവകരവും പേരിലെ ജാതിവാൽ മുറിച്ചതുപോലെ മാതൃകാപരവുമായ പ്രവർത്തനങ്ങൾ അദ്ദേഹത്തിൽനിന്നുണ്ടായി. ഒന്നുമില്ലായ്മയിൽനിന്ന് തുടങ്ങി, ചുരുങ്ങിയ കാലംകൊണ്ട് വിദ്യാഭ്യാസരംഗത്ത് മന്നം പടുത്തുയർത്തിയ വിദ്യാഭ്യാസസ്ഥാപനങ്ങൾ ജാതി-മത ഭേദമില്ലാതെ കേരളീയ സമൂഹത്തിന്റെ വൈജ്ഞാനികപുരോഗതിക്ക് നൽകിയ സംഭാവന വിലമതിക്കാനാവാത്തതാണ്. എൻ.എസ്.എസ്. എന്ന സംഘടനയ്ക്ക് തേജസ്സാർന്ന ദിശാബോധം പകരുന്നതിലും പഴുതില്ലാത്ത നിയമാവലി തയ്യാറാക്കുന്നതിലും അന്തസ്സുയർത്തുംവിധം ഭൗതിക ആസ്തികൾ സൃഷ്ടിക്കുന്നതിലും മന്നം മാന്ത്രികനെപ്പോലെ കൈയടക്കം കാട്ടി ഏവരെയും വിസ്മയംകൊള്ളിച്ചു. പൊതുനന്മയ്ക്കായി യുക്തിപൂർവം പ്രവർത്തിക്കുകയും അതിന് തടസ്സമായ സ്വാർഥതയെയും അധികാരമോഹത്തെയും ദുരാചാരങ്ങളെയും എതിർത്ത് തോൽപ്പിക്കുകയുമാണ് മന്നം നിർവഹിച്ച ദൗത്യം.
നായർ സർവീസ് സൊസൈറ്റി വൈക്കത്ത് സ്ഥാപിച്ച മന്നത്തിന്റെ പൂർണകായപ്രതിമ, പെരുന്നയിൽ അതിമനോഹരമായി സംവിധാനംചെയ്ത് ക്ഷേത്രതുല്യം പവിത്രതയോടെ സംരക്ഷിച്ചുവരുന്ന മന്നം സമാധിമണ്ഡപം, പുതുതായി പണിതീർത്ത അതിവിശാലമായ കൺവെൻഷൻ സെന്ററും അതിഥിമന്ദിരവും എന്നിവയൊക്കെ മന്നത്തിന്റെ സ്മാരകങ്ങളാകുന്നത് കേവലം പേരുകൊണ്ടല്ല. നാടിന്റെ സാമൂഹികനവോത്ഥാനത്തിനും മനുഷ്യന്റെ ആത്മീയ-ഭൗതിക ഉന്നമനത്തിനും മന്നം ആശയംകൊണ്ടും പ്രവൃത്തികൊണ്ടും പകർന്ന ഊർജം നായർ സർവീസ് സൊസൈറ്റിയുടെ പിൻകാലനേതൃത്വത്തെ ആഴത്തിൽ സ്പർശിച്ചതിന്റെ തെളിവുകളാണവ.
മന്നവും മാതൃഭൂമിയും
കേരള നവോത്ഥാനചരിത്രത്തിലെ തിളങ്ങുന്ന ഒരധ്യായമാണ് മാതൃഭൂമിയും മന്നവും ഒരുമിച്ചുപ്രവർത്തിച്ച വൈക്കം സത്യാഗ്രഹം. മറ്റുസത്യാഗ്രഹികളോടൊപ്പം മാതൃഭൂമി പത്രാധിപർ കെ.പി. കേശവമേനോനും മാനേജർ കെ. കേളപ്പനും തുടക്കത്തിലേ അറസ്റ്റിലായി. ‘സവർണജാഥ’ നയിച്ച് മന്നം വൈക്കം സത്യാഗ്രഹത്തിന് പകർന്ന ഊർജവും ദിശാബോധവും അവിസ്മരണീയമാണ്. മന്നത്തിനും കെ.പി. കേശവമേനോനും രാഷ്ട്രം പദ്മഭൂഷൺ നൽകി ആദരിച്ചതും ഒരേ നാളിലാണെന്നതും എടുത്തുപറയേണ്ടതാണ്.
നായർ ഭൃത്യജനസംഘത്തിന് മന്നത്തോടൊപ്പം തുടക്കമിട്ട 14 പേരിലുൾപ്പെട്ട കെ. കേളപ്പൻ പിന്നാലെ മാതൃഭൂമിയുടെ നേതൃത്വത്തിലുമെത്തി. എൻ.എസ്.എസിന്റെ ആദ്യപ്രസിഡന്റായ അദ്ദേഹം കറുകച്ചാലിൽ സംഘടന ആദ്യം സ്ഥാപിച്ച വിദ്യാലയത്തിലെ ഹെഡ്മാസ്റ്ററായും പ്രവർത്തിച്ചു. കേളപ്പജിയും മന്നവും കെ.പി.കേശവമേനോനും എ.കെ.ജി.യുമൊക്കെ ഒരുമിച്ച് പ്രവർത്തിക്കുകയും നേതൃപരമായ പങ്കുവഹിക്കുകയുംചെയ്ത ഗുരുവായൂർ സത്യാഗ്രഹവും കേരളചരിത്രത്തിലെ പ്രധാന സംഭവമാണ്.
മാതൃഭൂമിയുടെ നവതിവേളയിൽ ആശംസനേർന്നുകൊണ്ട് എൻ.എസ്.എസ്. ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ മാതൃഭൂമിയെ വിശേഷിപ്പിച്ചത് ‘സഹോദര പ്രസ്ഥാന’മെന്നാണ്. ശതാബ്ദി ആഘോഷത്തിന്റെ ആരംഭത്തിലും അദ്ദേഹം മാതൃഭൂമിയുടെ ചരിത്രപരമായ സ്ഥാനത്തെ പ്രകീർത്തിക്കുകയുണ്ടായി. നാടിന്റെ നന്മയ്ക്കായി തുടർന്നും അക്ഷീണം പ്രവർത്തിക്കാൻ നൂറ്റാണ്ടിന്റെ ചരിത്രമുള്ള രണ്ട് പ്രസ്ഥാനങ്ങൾക്കും കഴിയുമെന്നാണ് ഈ മന്നം ജയന്തി ആഘോഷവേളയിൽ എന്റെ പ്രതീക്ഷയും പ്രാർഥനയും. മന്നത്ത് പദ്മനാഭന്റെ 146-ാമത് ജയന്തിയിൽ അദ്ദേഹത്തിന്റെ പ്രവർത്തനപാത പിന്തുടരുന്ന നായർ സർവീസ് സൊസൈറ്റിക്കും സമുദായ പ്രവർത്തകർക്കും സ്നേഹാദരപൂർവം ആശംസകൾ നേരുന്നു.
Content Highlights: Mannam Jayanthi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..