ഇംഫാലിൽ പ്രതിഷേധമാർച്ചിനിടെയുണ്ടായ സംഘർഷത്തിൽ വാഹനങ്ങൾ അഗ്നിക്കിരയാക്കിയപ്പോൾ | Photo:ANI
Governor Of Manipur is pleased to authorize all District Magistrates to issue shoot at sight order in extreme cases.... മണിപ്പുരിൽ അക്രമ സാഹചര്യങ്ങളിൽ കണ്ടെത്തുന്നവരെ കൺമുന്നിൽ വെടിവയ്ക്കാൻ ഉത്തരവിട്ടുകൊണ്ട് ഗവർണർ നൽകിയ നിർദേശത്തിലടങ്ങിയ വാക്കുകളാണിവ. സംസ്ഥാനത്ത് സംവരണവിഷയവുമായി ബന്ധപ്പെട്ട് ആരംഭിച്ച സംഘർഷം നിലവിൽ കലാപമായി പരിണമിച്ചിരിക്കുന്നു.
മണിപ്പുരിലേക്കുള്ള എല്ലാ ട്രെയിൻ സർവീസുകളും റദ്ദാക്കിയിരിക്കുകയാണ്. ഒരു ബി.ജെ.പി എം.എൽ.എയെയും ഡ്രൈവറെയും ജനക്കൂട്ടം അക്രമിച്ചു. പലയിടങ്ങളിലും കർഫ്യൂ പ്രഖ്യാപിച്ച സർക്കാർ, സംഘർഷാവസ്ഥ കണക്കിലെടുത്ത് ഇന്റർനെറ്റ് സേവനങ്ങളും നിർത്തി വച്ചിരിക്കുകയാണ്. വംശീയ വിദ്വേഷവും സമുദായ പ്രശ്‌നങ്ങളും ഉയര്‍ത്തിക്കൊണ്ട് മറ്റൊരു കലാപം കൂടെ വടക്കുകിഴക്കിന്റെ മണ്ണില്‍ പൊട്ടിപുറപ്പെടുമ്പോള്‍ അന്നാട്ടിലെ സര്‍ക്കാര്‍ വെറും നോക്കുകുത്തികളായി തുടരുകയാണ്.
.jpg?$p=298ab5c&&q=0.8)
സൈന്യത്തെ വിന്യസിച്ച് കേന്ദ്രസർക്കാർ; രക്ഷിച്ചത് 9000-ത്തിലധികം പേരെ
ഗോത്രമേഖലകളിൽ കലാപം പൊട്ടിപ്പുറപ്പെട്ടതോടെ കാര്യങ്ങൾ സംസ്ഥാന സർക്കാരിന്റെ കൈവിട്ടുപോയ സ്ഥിതിയാണ് മണിപ്പുരിൽ. ഇതോടെ ഏത് വിധേയനേയും അക്രമികളെ കീഴ്‌പ്പെടുത്തുക എന്ന ഒരു ലക്ഷ്യത്തിലേക്ക് സർക്കാർ നീങ്ങിക്കഴിഞ്ഞു. സംസ്ഥാനത്തെ എട്ട് ജില്ലകളിൽ നിലവിൽ കർഫ്യൂ ഏർപ്പെടുത്തിയിട്ടുണ്ട്. ഇതിന് പുറമെ അടുത്ത അഞ്ച് ദിവസത്തേക്ക് മൊബൈൽ ഇന്റർനെറ്റ് സേവനങ്ങളും മരവിപ്പിച്ചിട്ടുണ്ട്.
സംസ്ഥാനത്തെ ക്രമസമാധാനനില സംസ്ഥാന ആഭ്യന്തര വകുപ്പിൽനിന്നു കേന്ദ്ര സർക്കാർ ഏറ്റെടുത്തതോടെയാണ് വിഷയം എത്രത്തോളം ഗുരുതരമാണെന്ന് പുറംലോകം ചർച്ച ചെയ്യുന്നത്. ഇതോടെ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ മേൽനോട്ടത്തിൽ സെൻട്രൽ റിസർവ് പോലീസ് ഫോഴ്‌സിനെയും (സി.ആർ.പി.എഫ്.) റാപ്പിഡ് ആക്ഷൻ ഫോഴ്‌സിനെയും (ആർ.എ.എഫ്.) മണിപ്പുരിലേക്ക് അയച്ചിട്ടുണ്ട്. കലാപസാഹചര്യങ്ങളും ജനക്കൂട്ടത്തെയും നേരിടുന്നതിൽ പ്രത്യകം സജ്ജമാണ് ആർ.എ.എഫ്. സേനാവിഭാഗം. ഗുരുതര സാഹചര്യത്തിൽ അക്രമികളെ കണ്ടാലുടൻ വെടിവയ്ക്കാനുള്ള അനുമതിയാണ് സംസ്ഥാന സർക്കാർ സേനകൾക്ക് നൽകിയിട്ടുള്ളത്.
നിലവിൽ ഒൻപതിനായിരത്തിലേറെപ്പേരെ സൈന്യം സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മണിപ്പുർ മുഖ്യമന്ത്രി ബിരേൻ സിങിനെ വിളിച്ച് സ്ഥിതിഗതികൾ വിലയിരുത്തിയതായും റിപ്പോർട്ടുകളുണ്ട്.
.jpg?$p=aa62323&&q=0.8)
ആരാണ് മെയ്ത്തികൾ? മണിപ്പുരിലെ സമുദായ സമവാക്യങ്ങൾ
ചുരാചന്ദ്പുർ ജില്ലയിലെ ടോർബംഗ് മേഖലയിൽ ഓൾ ട്രൈബൽ സ്റ്റുഡന്റ് യൂണിയൻ മണിപ്പുർ (എ.ടി.എസ്.യു.എം.) ബുധനാഴ്ച നടത്തിയ ഐക്യദാർഢ്യ മാർച്ചിനിടെ സംഘർഷമുണ്ടാകുന്നതോടെയാണ് വിഷയം രൂക്ഷമാകുന്നത്. ഗോത്രയിതര വിഭാഗമായ മെയ്ത്തി വിഭാഗക്കാർ പട്ടികവർഗപദവി ആവശ്യപ്പെടുന്നതിൽ പ്രതിഷേധിച്ച് നാഗാ, കുകി ഗോത്രവർഗക്കാർ നടത്തിയ പ്രതിഷേധമാണ് വലിയ സംഘർഷത്തിൽ കലാശിച്ചത്.
34 അംഗീകൃത ഗോത്രങ്ങളുണ്ട് വടക്കുകിഴക്കൻ സംസ്ഥാനമായ മണിപ്പുരിൽ. ഇവയെ യഥാക്രമം കുകി, നാഗാ എന്നിങ്ങനെ തരംതിരിച്ചിരിക്കുന്നു. സംസ്ഥാനത്തെ ഏറ്റവും പ്രബലവും ഗോത്രയിതരവുമായ വിഭാഗമാണ് മെയ്ത്തി. സംസ്ഥാനത്തെ മൊത്തം ജനസംഖ്യയുടെ 64 ശതമാനത്തിലധികവും ഇതേ വിഭാഗക്കാരാണ്. അറുപതംഗ സംസ്ഥാന നിയമസഭയിലെ 40 എം.എൽ.എമാരെ തീരുമാനിക്കുന്നതിൽ കൃത്യമായ ആധിപത്യവും ഈ വിഭാഗം വച്ചു പുലർത്തുന്നുണ്ട്.
മണിപ്പുരിന്റെ അധികാര രാഷ്ട്രീയവും ജനസംഖ്യാ വിതരണവും തിരിച്ചറിയണമെങ്കിൽ സംസ്ഥാനത്തിന്റെ ഭൂപ്രകൃതി അറിയണമെന്നത് അനിവാര്യമാണ്. 90 ശതമാനത്തോളം കുന്നുകളും പത്ത് ശതമാനം താഴ്വരയിലുമായാണ് സംസ്ഥാനം നിലകൊള്ളുന്നത്. ഇതിൽ താഴ്വരയിൽ താമസിക്കുന്നവരാണ് മെയ്ത്തി വിഭാഗക്കാർ. ശേഷം വരുന്ന കുന്നുകളിലാണ് സംസ്ഥാനത്തിലെ മറ്റ് 35 ശതമാനത്തോളം വരുന്ന വിഭാഗക്കാർ നിലകൊള്ളുന്നത്. ഭൂരിഭാഗം ഹിന്ദുക്കളും ശേഷം മുസ്ലീം മതവിഭാഗവും അടങ്ങുന്നതാണ് ശക്തരായ മെയ്ത്തികൾ. അതേസമയം, ക്രിസ്ത്യൻ വംശജരാണ് കുകി, നാഗാ എന്നീ ആദിവാസി വിഭാഗങ്ങളിൽ ഭൂരിഭാഗവും.
2012-ൽ ആരംഭിച്ച നീക്കം; സ്വത്വം നഷ്ടപ്പെട്ടുവെന്ന് വാദം
2012-ന്റെ ആരംഭത്തിൽ തന്നെ മെയ്ത്തി വിഭാഗത്തിന് പട്ടികവർഗപദവി നൽകണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള സംഘടിത നീക്കങ്ങൾ സംസ്ഥാനത്ത് സജീവമായിരുന്നു. വിഭാഗത്തെ പട്ടികവർഗമായി കണക്കാക്കണമെന്ന് സംസ്ഥാന സർക്കാർ ബന്ധപ്പെട്ട കേന്ദ്ര വകുപ്പുകളോട് ശുപാർശ ചെയ്യണമെന്നതാണ് ഇത്തരം സംഘങ്ങളുടെ പ്രധാന ആവശ്യം. വിഷയം ചൂണ്ടിക്കാട്ടി മണിപ്പുർ ഹൈക്കോടതിയി മുമ്പാകെ മെയ്ത്തി ട്രൈബ്‌സ് യൂണിയൻ അടുത്തിടെ ഒരു ഹർജിയും സമർപ്പിച്ചിരുന്നു.
1949-ൽ മണിപ്പുരിനെ ഇന്ത്യൻ യൂണിയനിൽ ലയിപ്പിക്കുന്നതിന് മുൻപ് മെയ്ത്തി വിഭാഗത്തെ ഒരു ഗോത്രമായി അംഗീകരിച്ചിരുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി. എന്നാൽ ലയനത്തിന് ശേഷം അവരുടെ ഗോത്ര സ്വത്വം നഷ്ടപ്പെട്ടുവെന്നും ഇവരെ സംരക്ഷിക്കണമെന്നും ഹർജിക്കാർ വാദിക്കുന്നു. മെയ്ത്തികളുടെ പൂർവിക ഭൂമി, പാരമ്പര്യം, സംസ്‌കാരം, ഭാഷ എന്നിവ സംരക്ഷിക്കപ്പെടണം. തുടർന്ന് തങ്ങൾക്ക് നഷ്ടപ്പെട്ട ഗോത്രപദവി തിരികെ നൽകണമെന്നും ഹർജിക്കാർ വ്യക്തമാക്കുന്നു.
.jpg?$p=246738b&&q=0.8)
മണിപ്പുരിലെ പട്ടികവർഗ ഡിമാൻഡ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ഹർജി സമർപ്പിച്ചിരിക്കുന്നത്. പട്ടികവർഗ വിഭാഗത്തിൽനിന്നു പുറത്തായതോടെ വിഭാഗം പാർശ്വവൽക്കരിക്കപ്പെട്ടു. 1957-ൽ സംസ്ഥാന ജനസംഖ്യയുടെ 59 ശതമാനമായിരുന്ന വിഭാഗം 2011-ൽ 44 ആയി കുറഞ്ഞുവെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.
വിഷയം പരിശോധിച്ച ഹൈക്കോടതി നാല് ആഴ്ചയ്ക്കകം വിഷയത്തിൽ ശുപാർശ സമർപ്പിക്കാൻ സർക്കാരിനോട് നിർദേശിച്ചു. സംസ്ഥാനത്തെ ഗോത്രപട്ടികയിൽ മെയ്ത്തി സമുദായത്തെ ഉൾപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട വിഷയത്തിൽ ഹർജിക്കാരും മറ്റു സംഘടനകളും വർഷങ്ങളായുള്ള തങ്ങളുടെ പോരാട്ടം തുടരുകയാണെന്നും കോടതി നിരീക്ഷിച്ചു.
വ്യക്തമായ അധികാരം; ലക്ഷ്യം ന്യൂനപക്ഷങ്ങളുടെ മേലുള്ള കടന്നുകയറ്റമോ?
വിദ്യാഭ്യാസപരമായും രാഷ്ട്രീയമായും തങ്ങളേക്കാൾ പ്രബലരാണ് മെയ്ത്തി വിഭാഗക്കാർ എന്ന് ചൂണ്ടിക്കാട്ടിയാണ് കുകി, നാഗാ എന്നീ വിഭാഗങ്ങൾ ഇവരുടെ ആവശ്യത്തിനെതിരെ രംഗത്ത് വരുന്നത്. സംസ്ഥാനത്തെ 60 നിയമസഭാ മണ്ഡലങ്ങളിൽ 40 എണ്ണവും താഴ്‌വരയിൽ നിന്നുമാണ്. ജനസംഖ്യയിലും അധികാര പ്രാതിനിധ്യത്തിലും മെയ്ത്തി വിഭാഗക്കാരുടെ ആധിപത്യമാണ് മറ്റ് വിഭാഗക്കാരെ ചൊടിപ്പിക്കുന്ന പ്രധാനപ്പെട്ട വസ്തുത.
മെയ്ത്തികൾക്ക് എസ്.ടി. പദവി നൽകുന്നതോടെ തങ്ങളുടെ തൊഴിലവസരങ്ങൾ നഷ്ടപ്പെടുമെന്നും ഇവർക്ക് ഭയമുണ്ട്. മെയ്ത്തി ജനത ഉപയോഗിക്കുന്ന ഭാഷ ഭരണഘടനയുടെ എട്ടാം ഷെഡ്യൂളിൽ ഉൾപ്പെടുത്തിയതാണ്. ആതിനാൽ അവരിൽ പലർക്കും എസ്.സി., ഒ.ബി.സി., ഇ.ഡബ്ല്യൂ.എസ്. പദിവികളുടെ ആനുകൂല്യങ്ങൾ ലഭിക്കുന്നുണ്ട്. ഇത്രയും ആനുകൂല്യങ്ങൾ ലഭിക്കുന്നതിനിടയിലാണ് മറ്റ് ആവശ്യങ്ങളുമായി വിഭാഗം വീണ്ടും സംസ്ഥാനത്ത് അരക്ഷിതാവസ്ഥ സൃഷ്ടിക്കുന്നത്.
കുകി, നാഗാ എന്നീ വിഭാഗങ്ങളുടെ അവകാശങ്ങളുടെ മേലുള്ള കടന്നുകയറ്റത്തിനുള്ള ശ്രമമാണ് മെയ്ത്തി വിഭാഗം നടത്തുന്നതെന്ന് വിലയിരുത്തൽ വ്യാപകമാണ്. താഴ്‌വരയിലെ പ്രബലരായ മെയ്ത്തികൾക്ക് മലയോര മേഖലകൾ കൂടെ പിടിച്ചടക്കാനുള്ള അവസരം തേടുന്നതിനുള്ള തന്ത്രമാണ് ഇക്കൂട്ടർ മെനയുന്നതെന്ന് ആക്ഷേപവും വിധഗ്ദർ ഉന്നയിക്കുന്നുണ്ട്.
.jpg?$p=3ca10ba&&q=0.8)
വംശീയതയുടെ പേരിലുള്ള പോര്; സംസ്ഥാനത്ത് മുൻപും സംഘർഷം
ആദ്യമായല്ല സംസ്ഥാനം ഇത്തരമൊരു പ്രതിഷേധത്തിന് സാക്ഷിയാകുന്നത്. ഇക്കഴിഞ്ഞ മാർച്ച് ആദ്യ ദിവസങ്ങളിലാണ് കുകി വംശജരുടെ ഗ്രാമം കുടിയൊഴിപ്പിക്കാനുള്ള സർക്കാർ ശ്രമത്തിനെതിരെ വലിയ പ്രക്ഷോഭമുണ്ടാകുന്നത്. മ്യാൻമാറിൽനിന്നു ചില വ്യക്തികൾ അനധികൃതമായി സംസ്ഥാനത്ത് കഞ്ചാവും കറുപ്പും വളർത്തുന്നുണ്ടെന്ന പ്രചരണം മുമ്പേ നിലനിൽക്കുന്നതാണ്. ഇവരിൽ പലർക്കും കുകി, സോമി വിഭാഗങ്ങളുമായി ബന്ധമുണ്ടെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു അധികൃതരുടെ നടപടി. എന്നാൽ, വലിയ പ്രതിഷേധങ്ങൾക്കായിരുന്നു അന്നത്തെ നീക്കം വഴിവച്ചത്.
വിഷയം ഗൗരവമുള്ളതാണെന്നും മുഖ്യമന്ത്രി ബിരേൻ സിങിനെതിരേ നിക്ഷിപ്ത താത്പര്യങ്ങളുള്ള ചില ഗോത്ര വിഭാഗങ്ങൾ നടത്തുന്ന ഗൂഢാലോചനയുടെ ഭാഗമാണ് സംഘർഷമെന്നും വാദിക്കുന്ന ചില സർക്കാർ അനുകൂല ഗ്രൂപ്പുകളും സജീവമാണ്. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ സംസ്ഥാനത്ത് നടക്കുന്ന മയക്കുമരുന്നുവിരുദ്ധ പോരാട്ടങ്ങളെ അട്ടിമറിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന വാദവും ഇക്കൂട്ടർ ഉന്നയിക്കുന്നുണ്ട്.
നാട് കത്തുന്നുവെന്ന് മേരി കോം, നടപടി ആവശ്യപ്പെട്ട് കോൺഗ്രസ്
തന്റെ നാട് കാത്തുന്നുവെന്നായിരുന്നു സംസ്ഥാനത്തെ സംഘർഷാവസ്ഥയിൽ ബോക്‌സിങ് താരം മേരി കോമിന്റെ പ്രതികരണം. വിഷയത്തിൽ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും ഇടപെടണമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു അവരുടെ ട്വീറ്റ്. അതേസമയം, സമുദായങ്ങൾക്കിടയിൽ ബി.ജെ.പി. രാഷ്ട്രീയവിദ്വേഷം പടർത്തുയാണെന്ന് കോൺഗ്രസ് ആരോപിച്ചു. സംസ്ഥാനത്ത് സമാധാനം പുനഃസ്ഥാപിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.
Content Highlights: manipur violence explained
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..