അപ്പുമാഷ് സ്വര്‍ഗം വിട്ടിറങ്ങി; എങ്ങുമെത്താതെ സ്വയം സന്നദ്ധ പുനരധിവാസം | പരമ്പര 03


കെ.പി നിജീഷ് കുമാര്‍|nijeeshkuttiadi@mpp.co,in



Premium

അപ്പുമാഷ്

കാടിനാല്‍ ചുറ്റപ്പെട്ട ഗ്രാമമാണ് ചെട്ട്യാലത്തൂര്‍. മാനും മയിലും കാട്ടാനയുമെല്ലാം പട്ടാപ്പകല്‍ പോലും വരവേല്‍ക്കാന്‍ നില്‍ക്കുന്നവരെ പോലെ കാണാം. അവരെ മൈന്‍ഡ് ചെയ്യാതെ വേണം ചെട്ട്യാലത്തൂരിലേക്ക് പോവാന്‍. വയനാട് സുല്‍ത്താന്‍ ബത്തേരിയില്‍നിന്നു 20 കിലോ മീറ്റര്‍ അപ്പുറം തമിഴ്‌നാട് അതിര്‍ത്തി കടന്ന് രണ്ട് കിലോ മീറ്ററോളം വനത്തിലൂടെ യാത്ര ചെയ്യണം. നാട്ടുകാര്‍ ആ ഗ്രാമത്തിന് സ്വര്‍ഗമെന്ന് പേരിട്ടു. ചുറ്റും കാടാണ്. വൈദ്യുതിയില്ല, നല്ല റോഡില്ല, മൊബൈല്‍ ടവറില്ല. നഗരത്തിരക്കിനെ അറിയാതെയൊരു നാട്. താമസക്കാരായി വയനാടന്‍ ചെട്ടിസമുദായത്തിലെ അപ്പുമാഷിന്റേതടക്കം ഏഴ് കുടുംബങ്ങളും കുറച്ച് ആദിവാസി വിഭാഗങ്ങളും മാത്രം. അവിടേക്കാണ് യാത്ര - കാടിറങ്ങിയ ക്രൗര്യം നീതി തേടുന്ന നാട് - ഭാഗം 03


നുഷ്യ-വന്യമൃഗ സംഘര്‍ഷം കുറയ്ക്കുക എന്ന ലക്ഷ്യമിട്ട് സര്‍ക്കാര്‍ നടപ്പാക്കിവരുന്ന സ്വയം സന്നദ്ധ പുനരധിവാസ പദ്ധതിയില്‍പെട്ട വയനാട്ടിലെ സ്ഥലങ്ങളിലൊന്നാണ് ചെട്ട്യാലത്തൂര്‍. പദ്ധതി തുടങ്ങി കാലമേറെയായിട്ടും താമസക്കാര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം നല്‍കി മാറ്റിപാര്‍പ്പിക്കുകയെന്ന ലക്ഷ്യം പൂര്‍ത്തിയാക്കാനായിട്ടില്ല. ഇത് വയനാട്ടിലെ മാത്രം കാര്യമല്ല. സര്‍ക്കാരിന്റെ സ്വയം പുനരധിവാസ പദ്ധതിയില്‍ ഉള്‍പ്പെട്ട സംസ്ഥാനത്തെ വിവിധ പ്രദേശങ്ങളുടെ അവസ്ഥ ഇപ്പോഴുമിങ്ങനെയാണ്.

ചെട്ട്യാലത്തൂര്‍

അര്‍ഹമായ നഷ്ടപരിഹാരം നല്‍കണമെന്നും താമസക്കാരെ വെറുംകയ്യോടെ ഇറക്കിവിടരുതെന്നും ആവശ്യപ്പെട്ട് ചെട്ട്യാലത്തൂരിലെ 83 വയസ്സുകാരനായ അപ്പുമാഷ് നടത്തിയ നിയമപോരാട്ടം ശ്രദ്ധനേടിയിരുന്നു. മാസങ്ങള്‍ക്കു മുമ്പ്‌ മാതൃഭൂമി ഡോട്കോം അപ്പുമാഷെ സന്ദര്‍ശിച്ചപ്പോഴും അദ്ദേഹം മുന്നോട്ടുവെച്ചത് ഒറ്റ ആവശ്യമാണ്. കാടിറങ്ങാന്‍ തയ്യാറാണ്, എറിഞ്ഞോടിക്കരുത്.

അപ്പുമാഷിന്റേയും താമസക്കാരുടേയും ആവശ്യം വനപാലകരോ സര്‍ക്കാരോ കണ്ടെന്ന് നടിച്ചതുപോലുമില്ല. ഒടുവില്‍ കഴിഞ്ഞ ഡിസംബര്‍ രണ്ടാം തീയതി ആ സ്വപ്നം ബാക്കിയാക്കി അപ്പുമാഷ് മരണപ്പെടുകയും ചെയ്തു. എണ്‍പത്തിമൂന്നുകാരനായ അപ്പു മാഷ് മാത്രമായിരുന്നില്ല ഇരുപത്തിമൂന്ന് ആദിവാസി കുടുംബങ്ങളും ഇവിടെ താമസമുണ്ട്. 2019-ല്‍ തുടങ്ങിയ സ്വയം പുനരധിവാസ പദ്ധതിക്കായി കോടിക്കണക്കിന് രൂപയാണ് ബാങ്കിലുള്ളത്. പക്ഷെ, ഗ്രാമവാസികളുടെ ആശങ്കകള്‍ക്ക് മാത്രം പരിഹാരമാവുന്നില്ല. പ്രശ്‌നപരിഹാരത്തിന് ആര് മുന്‍കൈ എടുക്കുമെന്നും വ്യക്തതയുമില്ല.

അപ്പുമാഷിനെ കുറിച്ച് 2021 ഏപ്രിലില്‍ തയ്യാറാക്കിയ വീഡിയോ

കൊല്ലം, ഇടുക്കി, വയനാട്, കാസര്‍കോട് ജില്ലകളിലായി 218.37 ഹെക്ടര്‍ ഭൂമിയില്‍നിന്ന് 683 കുടുംബങ്ങളെ ഒഴിപ്പിച്ചെടുക്കാനാണ് 2019-ല്‍ സംസ്ഥാന സര്‍ക്കാര്‍ 105.91 കോടിയുടെ പദ്ധതി തയാറാക്കിയത്. വനത്തിനുള്ളില്‍ സ്വകാര്യതോട്ടങ്ങള്‍ ഏറ്റെടുക്കല്‍, കണ്ടല്‍ വനവത്കരണം തുടങ്ങിയവ ഉള്‍പ്പെടെ 130 കോടിയുടേതാണ് പദ്ധതി. പദ്ധതി സംബന്ധിച്ച് ഇപ്പോഴും വനം വകുപ്പ് ബോധവല്‍ക്കരണങ്ങളും ക്ലാസും നടത്തിക്കൊണ്ടിരിക്കുകയാണ്.

ചെട്ട്യാലത്തൂര്‍ അഥവാ സ്വര്‍ഗം

എപ്പോഴെത്തിയതെന്നോ എങ്ങനെയെത്തിയതെന്നോ അറിയാത്ത ഒരുപറ്റം മനുഷ്യരാണ് ചെട്ട്യാലത്തൂരിലുള്ളത്. അതിര്‍ത്തിയില്‍നിന്നു രണ്ടു കിലോ മീറ്റര്‍ ബോളര്‍ റോഡ് കടന്നാല്‍ ചെട്ട്യാലത്തൂരിലെത്താം. കാടിനെയറിഞ്ഞ് കാട്ടാനകളേയും മാനിനെയും മയിലിനെയും കണ്ട് മനസ്സുനിറഞ്ഞ യാത്ര കഴിയുമ്പോഴേക്കും മണ്‍റോഡ് തീരുന്നയിടത്ത് പഴയ ഇരുമ്പുഗേറ്റിന് അടുത്തായി സ്വര്‍ഗത്തിന്റെ പേര് കൊത്തിയ ബോര്‍ഡ് കാണാം. ഒറ്റപ്പെട്ട റോഡിലൂടെ ഇടക്കിടയ്ക്കിടെ മാത്രമുള്ള ആള്‍സഞ്ചാരം മാത്രമാണ് മനുഷ്യവാസത്തിന്റെ തെളിവ്. അതിര്‍ത്തിയോട് ചേര്‍ന്ന് ഒരു കുഞ്ഞുബോര്‍ഡുണ്ട്, ചെട്ട്യാലത്തൂര്‍ ഗവ.എല്‍.പി സ്‌കൂളിലേക്കുള്ള വഴികാണിക്കുന്നത്. അത് മാത്രമാണ് ചെട്ട്യാലത്തൂരിനെ തിരിച്ചറിയാനുള്ള മാര്‍ഗം. പിന്നെ കൊടുംകാടിന് നടുവിലൂടെയുള്ള ബോളര്‍ റോഡാണ്.

ചെട്ട്യാലത്തൂരിലേക്കുള്ള റോഡ്‌

സ്വര്‍ഗം കടന്ന് ചെല്ലുമ്പോള്‍ നാലുപാടും കാടുകള്‍കൊണ്ട് മതില്‍ കെട്ടിയിട്ടതുപോലെ വിശാലമായ പാടം കാണാം. അവിടവിടെ ആദിവാസി ഊരുകളും. അപ്പുമാഷിന്റെയും കുടുംബത്തിന്റെയും വീടുകളും ചെട്ട്യാലത്തൂര്‍ ഗവ.എല്‍.പി സ്‌കൂളുമാണ് സ്വര്‍ഗത്തിനുള്ളില്‍. രാവിലെ ഏഴുമണിക്ക് മുമ്പേ ഗ്രാമത്തിലെത്തിയെങ്കിലും നാട്ടുകാര്‍ തീര്‍ത്ത സോളാര്‍ ചെക്ക് പോസ്റ്റ് തുറക്കുന്നതും നോക്കി ഏറെനേരം കാത്തിരിക്കേണ്ടി വന്നു. വന്യമൃഗങ്ങള്‍ വീട്ടിനടുത്തേക്ക് എത്താതിരിക്കാനാണ് സോളാര്‍വേലി കെട്ടിയത്. ആനയും കാട്ടുപോത്തും മാനുമെല്ലാം ഇവിടത്തെ സ്ഥിരം സന്ദര്‍ശകരാണ്. എന്നും രാവിലെ 7.30-ഓടെ പണിസാധനങ്ങളും പണിക്കാരുമായി ഒരു ജീപ്പ് കടന്നുപോകുന്നത് മാത്രമാണ് ഇവിടെയുള്ള പ്രധാന വാഹന ഗതാഗതം. ഈ ജീപ്പിലുള്ളവരാണ് ചെക്ക് പോസ്റ്റ് തുറക്കുന്നതും ആ ഗ്രാമത്തിന്റെ ഒരു ദിവസം ആരംഭിക്കുന്നതും.

ചെട്ട്യാലത്തൂരിലേക്കുള്ള പോവുന്ന വഴിക്ക് കണ്ട കാട്ടാന

ജനിച്ചയിടം വിട്ടുപോകാനുള്ള മടിയും കാടിനപ്പുറമുള്ള ഒരു ജീവിതവുമില്ലാത്തവരുമായിരുന്നു ഇവിടെയുളളവര്‍. വനത്തിനുള്ളിലെ ഗ്രാമമായതിനാല്‍ ഒരു തരത്തിലുള്ള വികസന പ്രവര്‍ത്തനത്തിനും വനംവകുപ്പ് സമ്മതിക്കില്ല. കല്ലിട്ട റോഡ് അമ്പേ പൊട്ടിപ്പൊളിഞ്ഞിരിക്കുന്നു. വൈദ്യുതിയും മൊബൈല്‍ ടവറുമില്ല. വീട്ടുകാരുടെ പ്രധാന ആശ്രയം ഇന്നും സോളാറും മണ്ണെണ്ണ വിളക്കുകളും മാത്രമാണ്.

സ്വയം ഒഴിഞ്ഞുപോവല്‍ വനം വകുപ്പ് ലക്ഷ്യം

മനുഷ്യ- വന്യമൃഗ സംഘര്‍ഷം രൂക്ഷമായതും മൃഗങ്ങളുടെ എണ്ണം വര്‍ധിക്കുന്നതിന് അനുസരിച്ച് വനവിസ്തൃതിയുണ്ടാവാത്തതുമാണ് സ്വയം പുനരധിവാസ പദ്ധതിക്ക് തുടക്കമിടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. കാട്ടിനുള്ളില്‍ താമസിക്കുന്നവരെ കാടിറക്കി നഷ്ടപരിഹാരം നല്‍കി പുനരധിവസിപ്പിക്കുകയായിരുന്നു ലക്ഷ്യം. 1996-ല്‍ ആണ് സ്വയം പുനരിധിവാസ പദ്ധതിയുടെ പ്രാരംഭ പ്രവര്‍ത്തനം സര്‍ക്കാര്‍ ആരംഭിച്ചത്. പല ചര്‍ച്ചകള്‍ക്ക് ശേഷം പ്രാബല്യത്തില്‍ വന്നത് 2012-ലും. കാട്ടിനുള്ളില്‍നിന്നു മാറിതാമസിക്കാന്‍ തയ്യാറാവുന്ന ഒരു കുടുംബത്തിന് ആദ്യം പത്തു ലക്ഷം രൂപയായിരുന്നു വാഗ്ദാനം. പിന്നീടത് 15 ലക്ഷം രൂപയാക്കി.

ഒരു വീട്ടില്‍ ഭാര്യയും ഭര്‍ത്താവും പ്രായപൂര്‍ത്തിയായ രണ്ട് മക്കളുമുണ്ടെങ്കില്‍ അവരെ മൂന്നു കുടുംബങ്ങളായി കണക്കാക്കും. പ്രായപൂര്‍ത്തിയായ രണ്ട് മക്കളെ വ്യത്യസ്ത കുടുംബങ്ങളായി പരിഗണിക്കും. അവര്‍ക്ക് എല്ലാംകൂടി 45 ലക്ഷം രൂപ ലഭിക്കും. എന്നാല്‍, ഈ മാനദണ്ഡം ശരിയെല്ലെന്ന വാദവും ഉയര്‍ന്നു വരുന്നുണ്ട്. നിലവില്‍ പത്തു സെന്റ് സ്ഥലമുള്ള ഒരു വീട്ടില്‍ ചിലപ്പോള്‍ മൂന്നോ നാലോ യോഗ്യതാ കുടുംബങ്ങളുണ്ടാവും. അവര്‍ക്ക് കണക്ക് പ്രകാരം 60 ലക്ഷം രൂപ ലഭിക്കും. അതേസ്ഥാനത്ത് പത്തേക്കര്‍ ഭൂസ്വത്തുണ്ടായിട്ടും ആ കുടുംബത്തില്‍ പ്രായപൂര്‍ത്തിയാവാത്ത രണ്ട് മക്കളും അച്ഛനും അമ്മയുമാണുള്ളതെങ്കില്‍ അവരെ ഒറ്റകുടുംബമായി കണക്കാക്കി 15 ലക്ഷം രൂപയേ നല്‍കുകയുള്ളൂ. ഗ്രാമത്തിന് പുറത്തുപോയി ഇവര്‍ക്ക് ഭൂമി വാങ്ങാനോ ജീവിക്കാനോ സാധിക്കുകയുമില്ല. വന്യമൃഗശല്യം രൂക്ഷമായി ജീവനുതന്നെ ഭീഷണിയായതോടെ ഭൂമിയും കിടപ്പാടവും ഉപേക്ഷിച്ച് രക്ഷയില്ലാതെ പോയവരാണ് പലരും.

ചെട്ട്യാലത്തൂരിലേക്ക് പോവുന്ന വഴിക്ക് കണ്ട മാന്‍കൂട്ടങ്ങള്‍

സ്വയം ഒഴിഞ്ഞുപോവട്ടെയെന്ന നിലപാടാണ് ചെട്ട്യാലത്തുകാരോട് വനംവകുപ്പ് കൈക്കൊള്ളുന്നത്. അതുകൊണ്ടുതന്നെ വികസന പ്രവര്‍ത്തനങ്ങള്‍ പല പല നൂലാമാലകള്‍ പറഞ്ഞ് വിലക്കുകയാണ്. മനുഷ്യ-മൃഗ സംഘര്‍ഷം രൂക്ഷമാവുന്നതിന് പ്രധാനകാരണമായി ചൂണ്ടിക്കാട്ടിക്കപ്പെടുന്നത് മൃഗങ്ങളുടെ എണ്ണം വര്‍ധിക്കുന്നതിന് അനുസരിച്ച് വനവിസ്തൃതിയില്ല എന്നതാണ്. വിശാലമായ പാടശേഖരവും തോടും കാടുമെല്ലാമുള്ള ചെട്ട്യാലത്തൂര്‍ വനം വകുപ്പിന് വിട്ടുകൊടുത്താല്‍ ഇത് വനത്തിന്റെ ഭാഗമായി മാറും. മൃഗങ്ങള്‍ക്കിവിടെ സൈ്വര്യമായി വിഹരിക്കാം. പക്ഷെ, തുച്ഛമായ നഷ്ടപരിഹാരം നല്‍കി ഒഴിവാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന വാദമാണ് ചിലര്‍ ഉയര്‍ത്തുന്നത്. ഒപ്പം ജനിച്ച മണ്ണ് വിട്ടുപോവാന്‍ മടികാണിക്കുന്ന ആദിവാസി വിഭാഗങ്ങളുമുണ്ട്. ജനിച്ച മണ്ണ് വിട്ടുപോയാല്‍ ദൈവങ്ങള്‍ തങ്ങളെ കൈവിടുമെന്ന് പറയുന്നു താമസക്കാര്‍.

തങ്ങള്‍ക്കാവശ്യമായ കാട്ടുവിഭവങ്ങളടക്കം എല്ലാമിവിടെ സുലഭമായി കിട്ടും. പിന്നെയെന്തിന് ഇവിടെനിന്ന് പോകണമെന്നാണ് ആദിവാസികള്‍ ചോദിക്കുന്നത്. റോഡ് നന്നാക്കാത്തതും വന്യമൃഗശല്യവും മൂലം ഗ്രാമത്തില്‍നിന്ന് പുറത്തിറങ്ങുന്നത് ദുഷ്‌കരമായ കാര്യമാണ്. വഴിയില്‍ എപ്പോഴും വന്യമൃഗങ്ങളെ കാണാം. രാത്രിയില്‍ പുറത്തിറങ്ങുന്നതേ ചിന്തിക്കാന്‍ പറ്റില്ല.

ചെട്ട്യാലത്തൂരിലെ ജനങ്ങള്‍

സ്വയം സന്നദ്ധ പുനരധിവാസ പദ്ധതിയില്‍ പണം ജോയിന്റ് അക്കൗണ്ടിലെത്തി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ചെട്ട്യാലത്തൂരിലെ പണിയ, കാട്ടുനായ്ക്ക വിഭാഗങ്ങളിലെ മിക്ക ആദിവാസി കുടുംബങ്ങള്‍ക്കും വനത്തിന് പുറത്തേക്ക് താമസം മാറ്റാനായിട്ടില്ല. ചെട്ട്യാലത്തൂരില്‍ 41 പണിയ, കാട്ടുനായ്ക്ക കുടുംബങ്ങളാണുണ്ടായിരുന്നത്. ഇതില്‍ 23 കുടുംബങ്ങളുടെ പുനരധിവാസത്തിനുള്ള ഫണ്ട് 2019 ജനുവരിയില്‍ ലഭ്യമായതാണ്. ആകെ 140 യോഗ്യതാകുടുംബങ്ങളാണ് ചെട്ട്യാലത്തൂരില്‍ ഉണ്ടായിരുന്നത്. ഇതില്‍ മുഴുവന്‍ തുകയും ലഭിച്ച പട്ടികവര്‍ഗത്തിലെ മുള്ളുക്കുറുമ വിഭാഗത്തില്‍പ്പെട്ട കുടുംബങ്ങള്‍ വനത്തിനു പുറത്തേക്ക് താമസം മാറ്റിയിട്ടുണ്ട്. മുള്ളുക്കുറുമ കുടുംബങ്ങള്‍ക്ക് സ്വന്തം അക്കൗണ്ടിലാണ് പണം ലഭ്യമാക്കിയത്. ധനം യഥാവിധം വിനിയോഗിക്കാന്‍ ശേഷിയില്ലാത്തവരെന്ന അധികാരികളുടെ അനുമാനത്തിന്റെ അടിസ്ഥാനത്തിലാണ് പണിയ, കാട്ടുനായ്ക്ക കുടുംബങ്ങള്‍ക്കുള്ള ഫണ്ട് ജോയിന്റ് അക്കൗണ്ടുകളില്‍ നിക്ഷേപിച്ചത്.

പരമ്പര 1-കാട്ടുപന്നി കുറുകെ ചാടി, ബോധമില്ലാതെ 6 മാസം; ഒടുവില്‍ തിരിച്ചുവരവ്
പരമ്പര 2- ആറേക്കര്‍ ഭൂമിയുണ്ട്, പക്ഷേ വിളയുന്ന ചക്കപോലും ഭക്ഷിക്കാന്‍ സമ്മതിക്കാതെ കുരങ്ങന്മാര്‍

Content Highlights: man and wild life conflict wayanad

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
ജോസഫ് പാംപ്ലാനി

2 min

'റബ്ബറിന്റെ വില എം.വി ഗോവിന്ദനു നിസാരമായിരിക്കും,BJP കര്‍ഷകരെ സഹായിച്ചാല്‍ അവര്‍ക്കൊപ്പം നില്‍ക്കും'

Mar 19, 2023


M B Rajesh

1 min

കുറുക്കന് കോഴിയെസംരക്ഷിച്ച ചരിത്രമില്ല; തലശ്ശേരി ആര്‍ച്ച് ബിഷപ്പിന്റെ പരാമര്‍ശത്തില്‍ മന്ത്രി രാജേഷ്

Mar 19, 2023


kn balagopal

1 min

കേന്ദ്രം അനുമതി നല്‍കി; തുര്‍ക്കിക്ക് കേരളത്തിന്റെ സഹായമായ 10 കോടി രൂപ അനുവദിച്ചു

Mar 18, 2023

Most Commented