കാട്ടുപന്നി കുറുകെ ചാടി, ബോധമില്ലാതെ 6 മാസം; ഒടുവില്‍ തിരിച്ചുവരവ്


കെ.പി നിജീഷ് കുമാര്‍|nijeeshkuttiadi@mpp.co,inPremium

സി.കെ സഹദേവൻ

മനുഷ്യ-മൃഗ സംഘര്‍ഷങ്ങള്‍ തുടര്‍ക്കഥയാവുകയാണ് മലയോരങ്ങളില്‍. കൃഷിയും ജീവനും സ്വത്തും നഷ്ടപ്പെട്ടവരുടെ വേദനകളും പരാതികളും അധികാരികള്‍ക്ക് മുന്നില്‍ ദിവസേനയെന്നോണം കുന്നുകൂടുന്നു. കാട്ടുപന്നിയും മാനും മയിലും കുരങ്ങും മുതല്‍ ആനയും കടുവയും കരടിയും വരെ ജനവാസ കേന്ദ്രത്തില്‍ വിഹരിക്കുമ്പോള്‍ എങ്ങനെ പരിഹാരം കാണുമെന്ന് അധികാരികള്‍ക്കും സാധിക്കുന്നില്ല. കാടും-നാടും വേര്‍തിരിക്കണമെന്നും വന്യജീവികളുടെ പെരുകലിന് നിയന്ത്രണമേര്‍പ്പെടുത്തണമെന്നും ഒരു ഭാഗത്ത് വാദിക്കുമ്പോള്‍ നമ്മള്‍ കാട് കയറിയതോ വന്യമൃഗങ്ങള്‍ കാടിറങ്ങിയതാണോ യാഥാര്‍ഥ്യമെന്നതാണ്‌ മറുഭാഗത്ത് നിന്നുള്ള ചോദ്യം. കാട് കയറി അനധികൃത നിര്‍മാണങ്ങളും അധിനിവേശ തോട്ടങ്ങളുമെല്ലാമുണ്ടാക്കിയത് മനുഷ്യരാണ് എന്ന വാദം നില്‍ക്കുമ്പോഴും വന്യമൃഗങ്ങള്‍ നാട്ടിലിറങ്ങി വരുത്തിവെക്കുന്ന കൃഷിനാശത്തേയും ജീവനാശത്തേയും കണ്ടില്ലെന്ന് നടിക്കാനുമാവില്ല. പറഞ്ഞുമടുത്ത് ജീവനം സ്വത്തും വിട്ടെറിഞ്ഞ് മലയോരം വിട്ടൊഴിയുന്ന ആളുകളുടെ എണ്ണം പെരുകുകയാണ് കേരളത്തില്‍. ഇത്തരക്കാരുടെ ജീവതം തേടിയിറങ്ങുകയാണ് മാതൃഭൂമി ഡോട്‌കോം. കാടിറങ്ങിയ ക്രൗര്യം, നീതി തേടുന്ന നാട് പരമ്പര.

  • കാട്ടുപന്നി ആറ് മാസം കോമയിലാക്കിയ സി.കെ സഹദേവന്‍
പതിനൊന്ന് മാസത്തെ ഇടവേള. സി.കെ സഹദേവന്‍ എന്ന സുല്‍ത്താന്‍ബത്തേരിക്കാരുടെ സ്വന്തം സി.കെ നഗരസഭാ ഓഫീസിലെ തന്റെ പേരെഴുതിയ ബോര്‍ഡിന് മുന്നിലെ കസേരയില്‍ വീണ്ടുമിരിക്കുകയാണ്. വിശേഷങ്ങള്‍ ചോദിക്കാനും സുഖവിവരങ്ങള്‍ അറിയാനും അരികിലെത്തുന്നവര്‍ ഒരു നേതാവ് അവര്‍ക്ക് എത്രത്തോളം പ്രിയപ്പെട്ടവനായിരുന്നുവെന്നതിന്റെ തെളിവായിരുന്നു. കഴിഞ്ഞ ദിവസത്തെ ആ കാഴ്ച സ്വന്തം സഹപ്രവര്‍ത്തകരെ മാത്രമല്ല നഗരസഭയിലെത്തിയ ഓരോരുത്തര്‍ക്കുമാണ് നിറഞ്ഞ സന്തോഷം നല്‍കിയത്. കാട്ടുപന്നിയുടെ ആക്രമണത്തില്‍ അതീവഗുരുതരമായി പരിക്കേറ്റ് ആറ് മാസത്തോളമാണ് സി.കെ കോമയില്‍ കിടന്നത്. ട്യൂബുകള്‍ ജീവന്‍ നിലനിര്‍ത്തിയ ദിനങ്ങള്‍, നിരന്തര ചികിത്സ, നിയമ പോരാട്ടം അതിന് ശേഷമുള്ള തിരിച്ചുവരവാണ്. പൂര്‍ണ ആരോഗ്യാവസ്ഥയിലെത്തിയില്ലെങ്കിലും നഗരസഭയേയും തന്നെ തേടിയെത്തുന്ന ആളുകളയും കണ്ടപ്പോള്‍ പഴയ ആവേശവും ചുറുചുറുക്കും തിരിച്ചുകിട്ടിയ പ്രതീതി. ആയുസ്സിന്റെ ബലം കൊണ്ടുമാത്രം ഇന്നും ജീവനോടെയിരിക്കുന്ന സി.കെ തന്റെ അവിസ്മരണീയമായ തിരിച്ചുവരവിന്റെ കഥപറയുകയാണ്.

സി.കെ സഹദേവന്‍

2022-മാര്‍ച്ച് 14, പതിവ് പാര്‍ട്ടി പരിപാടികളും യോഗവും കഴിഞ്ഞ് സി.പി.എം. നേതാവും സുല്‍ത്താന്‍ ബത്തേരി മുന്‍ നഗരസഭാ ചെയര്‍മാനുമായ സി.കെ.സഹദേവന്‍ ബീനാച്ചിക്കടുത്തുള്ള വീട്ടിലേക്കുള്ള യാത്രയിലായിരുന്നു. വര്‍ധിച്ചുവരുന്ന വന്യമൃഗ ശല്യത്തില്‍ സഹികെട്ട് കൃഷിയും ജീവിതവും നഷ്ടപ്പെട്ട വയനാട്ടിലെ ജനങ്ങള്‍ക്കായി എങ്ങനെ ശാശ്വതമായ പരിഹാരം നിര്‍ദേശിക്കുമെന്ന ചര്‍ച്ച കഴിഞ്ഞായിരുന്നു യാത്ര. പക്ഷെ ആ യാത്ര ഈ ജനകീയ നേതാവിന്റെ ജീവിതം തന്നെ മാറ്റിമറിക്കുകയായിരുന്നു. ദേശീയ പാത 766-ല്‍ സുല്‍ത്താന്‍ ബത്തേരിക്കടുത്ത് ദൊട്ടപ്പന്‍കുളത്ത് ബൈക്കില്‍ സഞ്ചരിക്കവെ കുറുകെ ചാടിയ കാട്ടുപന്നി സഹദേവനെ തട്ടിത്തെറിപ്പിച്ച് കടന്നുകളഞ്ഞു. നിരവധി പേര്‍ നോക്കിനില്‍ക്കെയായിരുന്നു അപകടം. അപകടത്തിന് ദൃക്സാക്ഷിയായവരെ പോലും രക്ഷാപ്രവര്‍ത്തനത്തിനത്തിന് ശ്രമിക്കവെ കാട്ടു പന്നി ഓടിച്ചു. അതീവ ഗുരുതരമായി പരിക്കേറ്റ് വിവിധ ആശുപത്രികളിലായ ഇദ്ദേഹം പിന്നീട് ആറ് മാസത്തോളമാണ് അബോധാവസ്ഥയില്‍ കിടന്നത്. മരണത്തിന്റെ വക്കില്‍ നിന്ന് തിരിച്ചെത്തിയ സഹദേവന് ഓര്‍മകളിപ്പോഴും കൃത്യമായിട്ടില്ല. തലയുടെ ഒരുഭാഗം മുതല്‍ താഴോട്ട് ശരീരം പൂര്‍ണ ആരോഗ്യാവസ്ഥയിലെത്തിയിട്ടില്ല. തലയോട്ടിയുടെ ഒരുഭാഗത്ത് വലിയ കുഴിപോലെ രൂപപ്പെട്ടത് എത്ര ഗുരുതരമായിരുന്നു അവസ്ഥയെന്ന് ബോധ്യപ്പെടുത്തുന്നതുമായിരുന്നു.

സി.കെ സഹദേവന്‍

പാര്‍ട്ടിപ്രവര്‍ത്തകര്‍ നാട്ടുകാര്‍ മനുഷ്യാവകാശ കമ്മീഷന്‍ എല്ലാവരും ഒരുമിച്ച് നിന്നിട്ടും കാട്ടുപന്നി സഹേദേവനെ ആക്രമിച്ചിട്ടില്ലെന്ന വനം വകുപ്പിന്റെ വിചിത്രമായ കണ്ടെത്തലായിരുന്നു നടന്നത്. ഇതിനെതിരേ നഗരസഭാ കൗണ്‍സിലര്‍മാരടക്കം പാര്‍ട്ടിഭേദമെന്യേ ഒരുമിച്ച് കൂടി വനംവകുപ്പ് ഉദ്യോഗസ്ഥരെ ഉപരോധിക്കുക വരെ ചെയ്തു. തുടര്‍ന്ന് മനുഷ്യാവകാശ കമ്മീഷന്റെ വരെ ഇടപെടലുണ്ടായി. സര്‍ക്കാര്‍ ധനസഹായം നല്‍കാന്‍ ബാധ്യസ്ഥരാണെന്ന് പറഞ്ഞ് മനഷ്യാവകാശ കമ്മീഷന്‍ ഉത്തരവിടുകയും ചെയ്തു. ചീഫ് സെക്രട്ടറിക്കും വനം സെക്രട്ടറിക്കും കത്തെഴുതുകയും ചെയ്തു. തുടര്‍ന്ന് തുടരന്വേഷണം നടത്തുകയും കാട്ടുപന്നി ആക്രമിച്ച് തന്നെയാണ് അപകടമുണ്ടായതെന്ന് കണ്ടെത്തുകയായിരുന്നു. കോഴിക്കോട് മെയ്ത്ര ആശുപത്രിയിലും മെഡിക്കല്‍ കോളേജിലുമുള്ള വിദഗ്ധ ചികിത്സയ്ക്കൊടുവിലാണ് ജീവന്റെ നേരിയ പ്രതീക്ഷ സഹദേവനില്‍ എത്തിയത്. ഒപ്പം വലിയ ചികിത്സാ ചെലവും. അരക്കോടിയിലധികം രൂപയാണ് ഇപ്പോള്‍ തന്നെ ചികിത്സാചിലവായത്. വീട്ടുകാര്‍ വലിയ കടബാധ്യതയിലാകുകയും ചെയ്തു. കോമ സ്റ്റേജില്‍ നിന്നും പതിയെ മോചിതനായെങ്കിലും സാധാരണ ജീവിതത്തിലേക്ക് എത്താന്‍ ഇനിയും സമയമെടുക്കും. ആഴ്ചയില്‍ മൂന്ന് ദിവസം ഡയാലിസിസ് ചെയ്യാനുമുണ്ട്.

സി.കെ. സഹദേവന്റെ വാഹനത്തില്‍ കാട്ടുപന്നി ഇടിച്ചതായി തെളിവില്ലെന്നായിരുന്നു സുല്‍ത്താന്‍ബത്തേരി ഡെപ്യൂട്ടി ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ആദ്യം മനുഷ്യാവകാശ കമ്മിഷന് നല്‍കിയ റിപ്പോര്‍ട്ടില്‍ അറിയിച്ചത്. കാട്ടുപന്നി കുറുകെ ചാടിയാണ് അപകടം സംഭവിച്ചതെന്നും ഇടിച്ചില്ലെന്നും വൈദ്യസഹായത്തിനും തുടര്‍ ചികിത്സയ്ക്കുമായി മോട്ടോര്‍ ആക്സിഡന്റ് ക്ലെയിം ട്രിബ്യൂണലിനെ സമീപിക്കണമെന്നുമാണ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയത്. സുല്‍ത്താന്‍ബത്തേരി അസിസ്റ്റന്റ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഇക്കാര്യം അന്വേഷിച്ചിരുന്നതായും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. വനം വകുപ്പിന്റെ ഈ റിപ്പോര്‍ട്ട് വന്നതിന് പിന്നാലെയാണ് വലിയ പ്രതിഷേധത്തിന് വഴിവെച്ചത്. വസ്തുതാ വിരുദ്ധമായ റിപ്പോര്‍ട്ട് നല്‍കിയ ഉദ്യോഗസ്ഥനെതിരേ വനംമന്ത്രിയടക്കം രംഗത്ത് വരികയും റിപ്പോര്‍ട്ട് തള്ളുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് പുനരന്വേഷണമടക്കമുള്ളതിലേക്ക് വഴി തെളിയിച്ചത്.

സുല്‍ത്താന്‍ ബത്തേരി

  • ക്ലീന്‍സിറ്റിയുടെ സി.കെ
നഗരസഭയാവുന്നതിന് മുന്‍പേ പഞ്ചായത്തായിരുന്ന സുല്‍ത്താന്‍ബത്തേരിക്ക് ഇന്നുകാണുന്ന മുഖമായിരുന്നില്ല ഉണ്ടായിരുന്നത്. എങ്ങും മാലിന്യ കൂമ്പാരം, ദുര്‍ഗന്ധം. 2015-ല്‍ നഗരസഭയായ ശേഷം നടന്ന ആദ്യ തിരഞ്ഞെടുപ്പിനൊടുവില്‍ സി.കെ സഹദേവന്‍ ചെയര്‍മാന്‍ സ്ഥാനം ഏറ്റെടുത്ത ആദ്യ യോഗ തീരുമാനം നഗരത്തെ മാലിന്യ മുക്തമാക്കുകയായിരുന്നു. പ്രഖ്യാപനങ്ങളിലൊതുങ്ങാതെ തീരുമാനത്തില്‍ നഗരസഭയും ജനങ്ങളും സഹകരിച്ചതോടെ ശുചിത്വത്തിന്റെ കാര്യത്തില്‍ ബത്തേരി മാതൃക തന്നെയാണ് രൂപപ്പെട്ടത്. അതിന് ചുക്കാന്‍ പിടിച്ചത് സി.കെ സഹദേവനായിരുന്നു. നഗരയിടങ്ങളിലെ പൊതു സ്ഥലത്ത് തുപ്പുന്നതിന് പോലും നിരോധനം ഏര്‍പ്പെടുത്തിയ ഏക നഗരസഭയെന്ന പെരുമയാണ് ബത്തേരിക്ക് ലഭിച്ചത്. അലക്ഷ്യമായിട്ട് ഒരു കടലാസ് കഷണം പോലും കാണുക വിരളമായിരിക്കും. വ്യാപാരികളെല്ലാം ആദ്യ ഘട്ടത്തില്‍ തന്നെ സഹകരിക്കാമെന്ന് ഉറപ്പു നല്‍കി. അതായിരുന്നു പടി പടിയായുള്ള മുന്നേറ്റത്തിന്റെ തുടക്കം.

വയനാട്ടിലെ വലിയ നഗരത്തിലെ നൂറുകണക്കിന് വ്യാപാര സ്ഥാപനങ്ങള്‍ ഈ മുന്നേറ്റത്തിന്റെ ഭാഗമായി. കടകളില്‍ നിന്നുള്ള ഒരു തുണ്ട് കടലാസ് മാലിന്യം പോലും റോഡിലേക്കോ ഫുട്പാത്തിലേക്കോ വീഴില്ലെന്ന് ഇവര്‍ നഗരസഭയ്ക്ക് ഉറപ്പുനല്‍കി. ഓരോ കടകളുടെ മുന്നിലും മനോഹരമായ പൂച്ചെട്ടികളും ഇവര്‍ തന്നെ സ്ഥാപിച്ചു. ദിവസവും വെള്ളമൊഴിച്ച് ഇവയെ സംരക്ഷിക്കുന്ന കാര്യത്തിലും കടകള്‍ തമ്മില്‍ മത്സരമായി. നഗരം വൃത്തിയുടെ മോടിയണിഞ്ഞ് തുടങ്ങിയപ്പോള്‍ പൊതുജനങ്ങള്‍ക്കും അതൊരു കൗതുകമായി. നഗര തിരക്കുകളില്‍ വന്നെത്തുന്നവരും തീരുമാനിച്ചു. ഇനിയിവിടെ മാലിന്യം വേണ്ട. ഒരു മിഠായി കടലാസു പോലും വലിച്ചെറിയാതെ കുട്ടികളടക്കം മുതിര്‍ന്നവര്‍ വരെയും വൃത്തിയുള്ള ഒരു സംസ്‌കാരം ഇവിടെ നിന്നും പഠിച്ചു.

സുല്‍ത്താന്‍ ബത്തേരി

ഏറ്റവുമൊടുവില്‍ നഗരത്തില്‍ തുപ്പിയാല്‍ പിഴ ചുമുത്തുന്ന തീരുമാനവും ഇവര്‍ കൈക്കൊണ്ടു. നഗരത്തിന് കാവലാണ് ഇന്ന് ഈ ജനപ്രതിനിധികളും വ്യാപാരികളുമെല്ലാം. സമ്പൂര്‍ണ ശുചിത്വ നഗരമെന്ന യാത്രയില്‍ എല്ലാവരും ഒരുമയോടെ പ്രവര്‍ത്തിക്കുന്നു. സുല്‍ത്താന്‍ ബത്തേരിയില്‍ മുറുക്കാന്‍ കടകള്‍ പോലും നിയമാവലി അനുസരിച്ച് മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. മുറുക്കാന്‍ പാഴ്‌സലായി മാത്രമാണ് വില്‍ക്കാന്‍ കഴിയുക. കടയുടെ 50 മീറ്റര്‍ ചുറ്റളവില്‍ മുറുക്കി തുപ്പിയത് ശ്രദ്ധയില്‍പ്പെട്ടാല്‍ കടയുടമ പിഴ അടക്കേണ്ടി വരും. ശക്തമായ ബോധവത്കരണവും നഗരസഭ വ്യാപിപ്പിക്കുന്നുണ്ട്. പോലീസ്, പൊതുജനം, ഡ്രൈവര്‍മാര്‍, വ്യാപാരികള്‍ എന്നിവരുടെയെല്ലാം സഹകരണം നിയമം നടപ്പാക്കാന്‍ അധികൃതര്‍ തേടിയിട്ടുണ്ട്. വീട്ടില്‍ നിന്നുള്ള മാലിന്യം അലക്ഷ്യമായി വലിച്ചെറിഞ്ഞാല്‍ 25000 രൂപ വരെയാണ് പിഴയീടാക്കുന്നത്. സംസ്ഥാന മുന്‍സിപ്പല്‍ ആക്ട് 341 പ്രകാരമാണ് ഈ നിയമം നടപ്പാക്കുന്നത്. 11 -മാസത്തിനിപ്പുറം സി.കെ സഹദേവന്‍ കര്‍മ മണ്ഡലത്തിലേക്ക് തിരിച്ചെത്തുമ്പോഴും ആദ്യം ചോദിച്ചത് ക്ലീന്‍സിറ്റിയുടെ പുരോഗതിയെ കുറിച്ചാണ്. പലയിടങ്ങളിലും സഹപ്രവര്‍ത്തകരുടെ സഹായത്തോടെ നേരിട്ട് പോയി പരിശോധിക്കുകയും ചെയ്തു. സ്വന്തമായി ആറ് ഏക്കറും പുരിയിടവും; പക്ഷെ ചക്കപോലും തിന്നാന്‍ കിട്ടില്ല ഒപ്പം ജപ്തിഭീഷണിയും-ഇതേ കുറിച്ച് നാളെ

വാര്‍ത്തകള്‍ക്കപ്പുറം അറിയാം വായിക്കാം വാട്‌സാപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ
https://mbi.page.link/mbplus

Content Highlights: man and wild life attack in kerala ck sahadevan sulthan batheri

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
tapsee pannu

1 min

തപ്‌സി ഡയറ്റിനായി ഒരു മാസം ചിലവഴിയ്ക്കുന്നത് ഒരു ലക്ഷം രൂപ

Mar 18, 2023


kn balagopal

1 min

കേന്ദ്രം അനുമതി നല്‍കി; തുര്‍ക്കിക്ക് കേരളത്തിന്റെ സഹായമായ 10 കോടി രൂപ അനുവദിച്ചു

Mar 18, 2023


rahul gandhi

1 min

രാഹുലിനെ പാര്‍ലമെന്റില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യിക്കാന്‍ ബിജെപി നീക്കം; പുറത്താക്കാന്‍ കത്തു നല്‍കി

Mar 17, 2023

Most Commented