ആറേക്കര്‍ ഭൂമിയുണ്ട്, പക്ഷേ വിളയുന്ന ചക്കപോലും ഭക്ഷിക്കാന്‍ സമ്മതിക്കാതെ കുരങ്ങന്മാര്‍


കെ.പി നിജീഷ് കുമാര്‍|nijeeshkuttiadi@mpp.co,in



Premium

ബിനോയ് പൗലോസ്

പട്ടാപ്പകലും പറമ്പുകള്‍ കീഴടക്കിയ കുരങ്ങന്മാര്‍ ഇന്ന് വയനാട്ടിലെ പതിവുകാഴ്ചയാണ്. ഒരു നിമിഷം മാറുമ്പോഴേക്കും വീട്ടിനുള്ളിലുള്ളതെല്ലാം കൈക്കലാക്കും. അല്ലെങ്കില്‍ നശിപ്പിക്കും. കാട്ടാനയും കടുവയും കാട്ടുപന്നിയുമെല്ലാം ഉണ്ടാക്കിവെക്കുന്ന ദുരിതങ്ങള്‍ക്കൊപ്പമാണ് അടുത്തകാലത്തായി കുരങ്ങുകളും ജനവാസ കേന്ദ്രത്തിലെത്തുന്നതും കാട് വിട്ട് നാട്ടില്‍ സ്ഥിരതാമസമാക്കുന്നതും. വയനാട് വള്ളുവാടിയിലെ പാല്‍പാത്ത് ബിനോയിയുടെ ആറേക്കര്‍ പറമ്പില്‍ കുരങ്ങുകള്‍ സ്ഥിരതമാസമാക്കിയിട്ട് ഏറെയായി. മറ്റ് വന്യമൃഗങ്ങള്‍ കാരണം ഇപ്പോള്‍തന്നെ കൃഷിയും ജീവിതവും ഇല്ലാതായി ജപ്തിഭീഷണി നേരിടുന്ന ബിനോയി മാതൃഭൂമി ഡോട്‌ കോമിനോട് സംസാരിക്കുന്നു. കാടിറങ്ങുന്ന ക്രൗര്യം നീതി തേടുന്ന നാട് പരമ്പര | രണ്ടാം ഭാഗം


10 വര്‍ഷം മുന്‍പ് ഏക്കര്‍ കണക്കിന് കുരുമുളകാണ് വള്ളുവാടിയിലെ പാല്‍പാത്ത് ബിനോയിയുടെ പറമ്പില്‍നിന്നു വിളവെടുത്തിരുന്നത്. സീസണായാല്‍ പറിച്ചെടുക്കുന്ന കുരുമുളുക് സൂക്ഷിക്കാന്‍ വീട്ടില്‍ സ്ഥലമില്ലാതെ ബത്തേരിയിലെ ഗോഡൗണിലേക്കു കൊണ്ടുപോവുന്നത് ഇന്നും ഓര്‍ക്കുന്നുണ്ടിവര്‍. വര്‍ഷത്തില്‍ മിക്കവാറും എല്ലാ ദിവസവും പറമ്പില്‍ പലതരം കൃഷിപ്പണിക്കായി ജോലിക്കാരുണ്ടായിരുന്നു. കുരുമുളകിന് പുറമെ ഇഞ്ചിയും കാപ്പിയും വാഴയുമെല്ലാം വേറേയും. എന്നാല്‍, വയനാട്ടിലെ വന്യമൃഗങ്ങള്‍ക്ക് കാടും നാടും തിരിച്ചറിയാനാവാതെ വന്നതോടെ കൃഷി നശിച്ച് വലിയ കടക്കാരനായി ജപ്തിഭീഷണിയിലാണ് ബിനോയിയും അനുജന്‍ എല്‍ദോയും ഏഴുപത് വയസ്സുകാരി മറിയാമ്മയും അടങ്ങുന്ന കുടുംബം.


ബിനോയ് പൗലോസ്, അനുജന്‍ എല്‍ദോ എന്നിവര്‍ വീടിന് മുന്നില്‍

മുരിക്കുമരത്തില്‍ കുരുമുളക് വള്ളിവെച്ചായിരുന്നു കൃഷി. എന്നാല്‍, രാത്രിയില്‍ പറമ്പിലെത്തുന്ന ആനകള്‍ ഒരോ ദിവസവും മരം ചവിട്ടിയൊടിച്ച് കുരുമുളക് വള്ളികള്‍ മുഴുവന്‍ ചവിട്ടിമെതിച്ച് കളഞ്ഞു. കുരുമുളക് കൃഷി നശിച്ചതോടെ കടമെടുത്ത് വാഴകൃഷി തുടങ്ങിയപ്പോള്‍ ഇതിന്മേലായി ആനയുടെ പരാക്രമം. ബാങ്കില്‍നിന്ന് കടമെടുത്തും മറ്റും വീണ്ടും വാഴകൃഷി പരീക്ഷിച്ചുവെങ്കിലും വിളവെടുക്കുന്നത് ആനകളായതോടെ ഇതും പറ്റാതെയായി. പകരം ഇഞ്ചി കൃഷിയിലേക്കും മരച്ചീനി കൃഷിയിലേക്കും തിരിഞ്ഞെങ്കിലും സമാനമായിരുന്നു അനുഭവം. ആനയ്ക്ക് പുറമെ പന്നികളും എത്തിയതോടെ വിത്തിന് പോലും ഇഞ്ചി കിട്ടാത്തെ അവസ്ഥയായി. മരച്ചീനിയും വിളയുന്നതിന് മുന്നെ അകത്താക്കും.

ബിനോയിയുടെ വീട്

പല തവണ പരിഹാരം കാണണമെന്നാവശ്യപ്പെട്ട് വനപാലകരെ സമീപിച്ചുവെങ്കിലും ഫണ്ടില്ലെന്ന ന്യായങ്ങള്‍ പറഞ്ഞ് പരിഹാരമാര്‍ഗം പോലും ഒരുക്കിത്തരാന്‍ അധികൃതര്‍ തയ്യാറായില്ലെന്ന് പറയുന്നു ബിനോയ്. നഷ്ടപരിഹാരത്തിന് കയറിയിറങ്ങി മടുക്കുകയും ചെയ്യും. ഇത് തുടര്‍ക്കഥയായതോടെ ഇപ്പോള്‍ വനപാലകരും അങ്ങോട്ടേക്കെത്തില്ല. പേരിന് ഫെന്‍സിങ് ചെയ്തെങ്കിലും ഇതൊന്നും ആനയുടേയും മറ്റും വരവ് തടയാന്‍ കഴിയുന്നതായിരുന്നില്ല. ഇഞ്ചികൃഷിയും നിര്‍ത്തി പറമ്പിലെ തെങ്ങില്‍നിന്നും കവുങ്ങില്‍നിന്നുമുള്ള ആദായംവെച്ച് മാത്രം ജീവിതം മുന്നോട്ട് പോവുന്നതിനിടെയാണ് കുരങ്ങുകള്‍ എത്തിത്തുടങ്ങിയത്. ഇതോടെ പറമ്പില്‍ മാത്രമല്ല, വീട്ടിനുള്ളില്‍ പോലും സുരക്ഷിതരല്ലാതായി. ഒപ്പം രാത്രിയെത്തുന്ന ആനകള്‍ കവുങ്ങുകള്‍ ചവിട്ടിയൊടിക്കും, ചെറിയ തെങ്ങിന്‍തൈകള്‍ കുലുക്കി ഉള്ളതൊക്കെ അകത്താക്കും.

ബിനോയ് പൗലോസിന്റെ അമ്മ മറിയാമ്മ

തെങ്ങിലെ ചെറിയ കരിക്കും കവുങ്ങിലെ അടക്കയും മുതല്‍ വീട്ടിനുള്ളില്‍ വാങ്ങിച്ചുവെച്ച തക്കാളിയും അരിയുംവരെ ഇന്ന് കുരങ്ങന്‍മാരാണ് കൈകാര്യം ചെയ്യുന്നത്. കണ്ണൊന്ന് തെറ്റിയാല്‍ ഓടിളക്കി അകത്തുകടക്കുന്ന കുരങ്ങന്‍മാര്‍ കയ്യില്‍ കിട്ടുന്നതൊക്കെ നശിപ്പിക്കും. പറമ്പിലെ പേര, ബട്ടര്‍ഫ്രൂട്ട്, ആത്തച്ചക്ക എന്നിവയെല്ലാം വലുതാവുന്നതിന് മുമ്പേ കൈക്കലാക്കും. ഇതോടെ ജീവിക്കാന്‍ ഒരു വഴിയുമില്ലാതായി. ദിവസം കഴിഞ്ഞുപോവാന്‍ പുറത്തുനിന്നു പച്ചക്കറി മിനിലോറിയിലെത്തിച്ച് വില്‍പ്പന നടത്തുന്ന ജോലിയുണ്ടായിരുന്നു ബിനോയിയുടെ അനുജന്‍ എല്‍ദോയ്ക്ക്. അടുത്തിടെ വീട്ടുമുറ്റത്ത് വണ്ടി നിര്‍ത്തിയിട്ട് അകത്ത് കയറിയിറങ്ങിയ എല്‍ദോ കണ്ടത് വണ്ടിയിലെ പച്ചക്കറികളെല്ലാം കൂട്ടമായെത്തിയ കുരങ്ങിന്‍കൂട്ടങ്ങള്‍ മിനുറ്റുകള്‍ക്കുള്ളില്‍ കൈക്കലാക്കി കടന്നുകളഞ്ഞതാണ്. ബിനോയിയുടെ പറമ്പിലുടനീളം നൂറോളം കുരങ്ങന്‍മാരും അവയുടെ കുഞ്ഞുങ്ങളുമാണ് പകല്‍സമയത്ത് പോലും കാട്ടിലെന്ന പോലെ വിലസുന്നത്. എത്രയെണ്ണത്തിനെ കൂടുവെച്ച് പിടിക്കും? ബിനോയ് ചോദിക്കുന്നു.

കൃഷിക്കായി ലോണെടുത്തത് തിരിച്ചടക്കാനുമായില്ല. ആനയെത്താത്ത ഭാഗത്ത് ബാക്കിയുളള ഇഞ്ചിയുടേയും മഞ്ഞളിന്റേയും കൂമ്പ് തിന്നാനായി വൈകുന്നേരം മാനുകളുമെത്തും. ആനയെത്തുന്നത് ഭയന്ന് ചക്കയുണ്ടായി മൂക്കുന്നതിന് മുന്നെ വെട്ടി നശിപ്പിക്കുകയാണ് ചെയ്യുന്നതെന്നും ബിനോയ് ചൂണ്ടിക്കാട്ടുന്നു. ചുരുക്കത്തില്‍ ആറേക്കര്‍ സ്ഥലമുണ്ടായിട്ടും സ്വന്തം പ്ലാവില്‍നിന്ന് ചക്കപോലും പറിച്ചെടുത്ത് തിന്നാനാവുന്നില്ല ഈ കുടംബത്തിന്. ആരെങ്കിലും സീസണ്‍ സമയത്ത് ചക്ക തന്ന് അതെടുത്ത് വീട്ടിനകത്ത് വെച്ചാലും കണ്ണ് തെറ്റിയാല്‍ അകത്ത് കയറുന്ന കുരങ്ങന്‍മാര്‍ അതും തട്ടിപ്പറിച്ചെടുത്ത് തിന്നുന്ന അവസ്ഥയാണുള്ളത്.

ബിനോയിയുടെ പറമ്പില്‍ തമ്പടിച്ചിരിക്കുന്ന കുരങ്ങന്‍മാര്‍

വര്‍ഷങ്ങള്‍ക്ക് മുമ്പ് ബിനോയിയും അനുജന്‍ എല്‍ദോയും ജനിച്ചുവീണ മണ്‍കട്ടകള്‍ കൊണ്ടുള്ള വീട്ടില്‍ തന്നെയാണ് ആനപ്പേടിയിലും ഇപ്പോഴും ഇവരുടെ താമസം. സ്ഥലം വിറ്റ് ഇവരുടെ തന്നെ റോഡിനടുത്തേക്കുള്ള പറമ്പിലേക്ക് മാറ്റി മറ്റൊരു വീട് പണിയണമെന്ന് ആഗ്രഹിച്ച് തറക്കല്ലിനായുള്ള കല്ലിറക്കി വെച്ചിട്ട് ഏറെയായെങ്കിലും മൃഗശല്യം പറഞ്ഞ് ആരും സ്ഥലമെടുക്കാനെത്തുന്നില്ല. ബഫര്‍സോണിന്റെ പേര് പറഞ്ഞ് റിസോര്‍ട്ടുകാര്‍ക്ക് പോലും വേണ്ടാത്ത അവസ്ഥയിലുമാണ്. ഇതോടെ എന്തുചെയ്യണമെന്ന് അറിയാതെയിരിക്കുകയാണ് ബിനോയിയും സഹോദരനും 70 വയസ്സ് കഴിഞ്ഞ അമ്മ മറിയാമ്മയും.

ടൗണില്‍ അരിസാധനങ്ങള്‍ വാങ്ങിക്കാന്‍ പോകണമെങ്കില്‍ പോലും വീട്ടില്‍ ആളില്ലാതെ പോകാന്‍ കഴിയാത്ത അവസ്ഥയിലാണെന്ന് പറയുന്നു മറിയാമ്മ. പകല്‍സമയത്ത് പോലും കുരങ്ങുകളെ പേടിച്ച് വാതിലടച്ചിരിക്കണം. ഉച്ചയ്ക്കോ മറ്റോ കണ്ണടച്ചുപോയാല്‍ നിമിഷങ്ങള്‍ക്കുള്ളിലാണ് ഓട് മാറ്റി കുരങ്ങന്‍മാര്‍ അകത്തെത്തുക. വാങ്ങിവെച്ച അരിയും പയറുമെല്ലാം നിലത്ത് വിതറി നശിപ്പിക്കും. പച്ചക്കറിയും മരച്ചീനിയുമെല്ലാം എടുത്തോടും. ഒച്ചയിട്ടാല്‍ പോലും പേടിയില്ലെന്ന് പറയുന്നു മറിയാമ്മ. അല്‍പ്പം മാറിയിരുന്ന് നമ്മുടെ മുന്നില്‍ വെച്ചുതന്നെ തിന്നും. വനപാലകരെ പേടിച്ച് കല്ലെടുത്ത് എറിയാന്‍ പോലും പേടിയാണെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.

ബിനോയിയുടെ വീട്‌

കൃഷിയൊന്നും ചെയ്യാനാവാതെ വരുമാനം നിലച്ചതോടെ പറമ്പില്‍ പണിയെടുപ്പിക്കാനും ഇവര്‍ക്ക് കഴിയുന്നില്ല. ഇതോടെ കാടിന് സമാനമായ രൂപത്തിലേക്ക് ഇവരുടെ ആറേക്കര്‍ പറമ്പും മാറിക്കൊണ്ടിരിക്കുകയാണ്. ഇതോടെ മൃഗശല്യം ഓരോ ദിവസം വര്‍ധിക്കുകയും ചെയ്തു. കുറച്ചപ്പുറം കാടാണെങ്കിലും മുന്‍പൊന്നും വന്യമൃഗങ്ങള്‍ പറമ്പിലേക്ക് ഇറങ്ങാറുണ്ടായിരുന്നില്ലെന്ന് പറയുന്നു ബിനോയ്. എന്നാല്‍, കഴിഞ്ഞ കുറച്ചായി ഇതല്ല അവസ്ഥ. പറമ്പും ജീവിക്കാനുള്ള സാഹചര്യവുമുണ്ടായിട്ടും കടക്കെണിയിലേക്കാണ് വന്യമൃഗശല്യം ഇവരെ തള്ളിയിട്ടിരിക്കുകയുമാണ്.

  • എങ്ങനെ ഭക്ഷണമുറപ്പിക്കും?
വന്യമൃഗങ്ങളുടെ ആവാസവ്യവസ്ഥയില്‍ മനുഷ്യന്റെ ഇടപെടല്‍ കൊണ്ട് കഴിഞ്ഞ കുറേകാലമായി വലിയ മാറ്റങ്ങളുണ്ടായിട്ടുണ്ട്. കാട്ടിനുള്ളിലെ നിര്‍മാണ പ്രവൃത്തിയും ക്വാറികളുടെ പ്രവര്‍ത്തനവും മരംമുറിയുമെല്ലാം ഉദാഹരണം മാത്രം. വയനാടന്‍ കാടുകളുടെ പകുതിയോളമിന്ന് അധിനിവേശ തോട്ടങ്ങളാണ്. മൊത്തം റിസര്‍വ് വനത്തിന്റെ 25% ഇത്തരം തോട്ടങ്ങളാണെന്നാണ് കണക്കാക്കപ്പെടുന്നത്. തേക്ക്, അക്ക്വേഷ്യ, യൂക്കാലി, കാപ്പി, എന്നിവയെല്ലാം കാട് നിറഞ്ഞതോടെ കാട്ടിനുള്ളില്‍ തീറ്റയില്ലാതായി, വെള്ളമില്ലാതായി. അതേസമയം, കാടിന് ഉള്‍ക്കൊള്ളാവുന്നതിനപ്പുറത്തേക്ക് വന്യമൃഗങ്ങളുടെ എണ്ണം പെരുകുകയും ചെയ്തു.

വികസനത്തിനുവേണ്ടി നാം നടപ്പാക്കിയ പല പ്രവര്‍ത്തനങ്ങളും വന്യമൃഗങ്ങളുടെ വാസസ്ഥലങ്ങളെ കീറിമുറിക്കും പോലെയായിരുന്നു. ഇത് നഷ്ടപ്പെടുത്തിയത് അവരുടെ സ്വാഭാവിക ആവാസവ്യവസ്ഥയാണ്. കാലാവസ്ഥാ വ്യതിയാനം കാട്ടിനുള്ളില്‍ കുടിവെള്ളവും ഭക്ഷണവുമില്ലാതാക്കി. അങ്ങനെ അവര്‍ ഭക്ഷണം തേടിയിറങ്ങുന്നത് ജനവാസ മേഖലകളിലായി.

ബിനോയിയുടെ വീട്

കാടിറങ്ങിവരുന്ന മൃഗങ്ങള്‍ക്ക് കാടിനെ അപേക്ഷിച്ച് നാട്ടില്‍ ഇരതേടാന്‍ എളുപ്പമാണ്. ഒരു കൃഷിസ്ഥലത്താണ് ഇറങ്ങുന്നതെങ്കില്‍ ഒരു കൂട്ടത്തിന് വയറുനിറയ്ക്കാനുള്ളത് ഒരിടത്തു നിന്നുതന്നെ കിട്ടുന്നു. മാംസാഹാരികളാണെങ്കിലോ ഉപജീവനത്തിനായി വളര്‍ത്തുമൃഗങ്ങളെ ആശ്രയിക്കുന്ന മനുഷ്യയിടങ്ങളില്‍നിന്ന് അതും എളുപ്പമാക്കുന്നു. കടുവകളുടെ കാര്യം പറയുമ്പോള്‍ കാട്ടിലെ കൂട്ടത്തില്‍നിന്നും എന്തെങ്കിലും കാരണത്താല്‍ പുറത്താക്കപ്പെട്ടവരും മറ്റ് മൃഗങ്ങളുടെ ആക്രമണത്തില്‍ പരിക്കേറ്റവയുമാണ് പ്രധാനമായും ജനവാസ മേഖലയിലേക്ക് ഭക്ഷണം തേടിയിറങ്ങുന്നതെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.

വന്യമൃഗങ്ങള്‍ക്കെതിരേയുള്ള പ്രതിരോധ സംവിധാനങ്ങള്‍ കുറവായതിനാല്‍ അത് എളുപ്പവുമാണ്. കാട്ടിനകത്താണെങ്കില്‍ വിശപ്പടക്കാന്‍ ഒരുപാട് കഷ്ടപ്പെടേണ്ടിവരും. എളുപ്പത്തില്‍ വയറു നിറയ്ക്കാന്‍ ഒരവസരം കിട്ടുമ്പോള്‍ അവര്‍ അത് വിനിയോഗിക്കുന്നു. ഇത്തരം സന്ദര്‍ഭങ്ങളിലാണ് മനുഷ്യനും വന്യമൃഗങ്ങളും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ ഉണ്ടാകുന്നത്.

കാട്ടിനുള്ളില്‍ മൃഗങ്ങള്‍ക്ക് ആവശ്യത്തിനുള്ള ഭക്ഷണവും വെള്ളവുമുറപ്പിക്കുകയെന്നതാണ് പ്രാഥമികമായി ചെയ്യേണ്ട കാര്യം. ഫെന്‍സിങ് പോലുള്ളവ കൂടുതല്‍ ആധുനിക രീതിയില്‍ നടപ്പിലാക്കി ഫലപ്രദമാക്കുകയും വേണം. ഇതിനായി ശാസ്ത്രീയമായി പഠനം നടത്തണം.

പരമ്പര-1 കാട്ടുപന്നി കുറുകെ ചാടി, സഹദേവന്‍ ബോധമില്ലാതെ കിടന്നത് 6 മാസം; ഒടുവില്‍ തിരിച്ചുവരവ്

Content Highlights: man and wild life attack in kerala

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
tapsee pannu

1 min

തപ്‌സി ഡയറ്റിനായി ഒരു മാസം ചിലവഴിയ്ക്കുന്നത് ഒരു ലക്ഷം രൂപ

Mar 18, 2023


kn balagopal

1 min

കേന്ദ്രം അനുമതി നല്‍കി; തുര്‍ക്കിക്ക് കേരളത്തിന്റെ സഹായമായ 10 കോടി രൂപ അനുവദിച്ചു

Mar 18, 2023


ജോസഫ് പാംപ്ലാനി

2 min

'റബ്ബറിന്റെ വില എം.വി ഗോവിന്ദനു നിസാരമായിരിക്കും,BJP കര്‍ഷകരെ സഹായിച്ചാല്‍ അവര്‍ക്കൊപ്പം നില്‍ക്കും'

Mar 19, 2023

Most Commented