ഖാർഗേയ്ക്ക് മുന്നിലെ ബാലികേറാ മലയും കേരളത്തിലെ ബർത്ത് മോഹികളും


രാജേഷ് കോയിക്കല്‍

മല്ലികാർജ്ജുന ഖാർഗെ, രാഹുൽ ഗാന്ധി

ണ്‍പതിന്റെ ചെറുപ്പവുമായി മല്ലികാര്‍ജ്ജുന ഖാര്‍ഗെ കോണ്‍ഗ്രസിന്റെ സാരഥ്യം ഏറ്റെടുത്തുകഴിഞ്ഞു. എ.ഐ.സി.സി ആസ്ഥാനത്ത് ലളിതമായ ചടങ്ങിലായിരുന്നു സ്ഥാനാരോഹണം. 2017ല്‍ രാഹുല്‍ ഗാന്ധി അധ്യക്ഷനാകുമ്പോള്‍ കണ്ട ആവേശമൊന്നും അക്ബര്‍ റോഡിലോ എ.ഐ.സി.സി ആസ്ഥാനത്തോ പ്രകടമായില്ല. ഖാര്‍ഗെയുടെ പക്വതയും കാര്‍ക്കശ്യവും പാര്‍ട്ടി പ്രവര്‍ത്തകരിലും നേതാക്കളിലും പ്രതിഫലിച്ചുവെന്നു സാരം. സാധാരണ പാര്‍ട്ടി പ്രവര്‍ത്തകനായി തുടങ്ങിയ രാഷ്ട്രീയ ജീവിതം ഖാര്‍ഗെയെ എത്തിച്ചത് രാജ്യത്തെ ഏറ്റവും പഴക്കം ചെന്ന പാര്‍ട്ടിയുടെ അധ്യക്ഷ പദവിയിലാണ്. അതും മുന്‍ നിശ്ചയച്ചയാള്‍ മുഖ്യമന്ത്രിയാണ് വലുതെന്ന് വിചാരിച്ചതു കൊണ്ടുമാത്രം. 24 വര്‍ഷത്തിനിപ്പുറം ഗാന്ധി കുടുംബത്തിന് പുറത്തുളളയാള്‍ അധ്യക്ഷപദം കയ്യാളുമ്പോള്‍ വെല്ലുവിളികളും പ്രതീക്ഷകളും നിരവധിയാണ്. ചിന്തന്‍ ശിബിരത്തിലെ പ്രഖ്യാപനങ്ങള്‍ പൂര്‍ണമായും നടപ്പാക്കുന്നതും തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസിനെ അജയ്യരാക്കുന്നതും ഖാര്‍ഗെയ്ക്ക് വെല്ലുവിളിയാകും.

എളുപ്പമല്ലാ വഴി

132 വര്‍ഷത്തെ പഴക്കമുണ്ട് കോണ്‍ഗ്രസിന്. സ്വതന്ത്ര്യ ഇന്ത്യയെ അരനൂറ്റാണ്ടോളം ഭരിച്ച പാരമ്പര്യവും. എന്നാല്‍ പ്രതാപകാലത്തിന്റെ ഏഴയലത്തൊന്നും ഇപ്പോള്‍ പാര്‍ട്ടിയില്ല. ലോക്‌സഭയിലെ അംഗബലം അമ്പത്തിരണ്ടും രാജ്യസഭയില്‍ മുപ്പത്തി ഒന്നുമാണ്. ഒറ്റയ്ക്ക് അധികാരമുളളത് രണ്ടിടത്ത് മാത്രം. ഭരണമില്ലെങ്കിലും സംസ്ഥാന ഘടകങ്ങളില്‍ തമ്മിലടിയ്ക്ക് യാതൊരു കുറവുമില്ല. പാര്‍ട്ടി വേദികളില്‍ ഇന്നു കാണുന്നവര്‍ നാളെ ബി.ജെ.പി പാളയത്തില്‍. പൊതുവില്‍ ദുര്‍ബലമായ സംഘടനയുടെ അമരക്കാരനായാണ് മല്ലികാര്‍ജ്ജുന ഖാര്‍ഗെ എത്തുന്നത്. പാര്‍ട്ടിയെ ശക്തിപ്പെടുത്താനുളള മാന്ത്രികവടിയൊന്നും ഖാര്‍ഗെയുടെ കയ്യിലില്ല. പലതവണ മോഹിച്ച കര്‍ണാടക മുഖ്യമന്ത്രി പദം ജാതി സമവാക്യങ്ങളില്‍ തട്ടി നഷ്ടപ്പെട്ടതിന്റെ നിരാശയിലായിരുന്നു ഖാര്‍ഗെ ഡല്‍ഹിയില്‍ ചുവടുറപ്പിച്ചത്. എന്നും ഗാന്ധി കുടുംബ വിശ്വസ്തന്‍. ഗാന്ധി കുടുംബത്തിന്റെ പാവയെന്ന ദുഷ്‌പേരില്‍ നിന്നും പുറത്തു കടക്കുന്നതായിരിക്കും ഖാര്‍ഗെയുടെ മുന്നിലെ പ്രധാന വെല്ലുവിളി. തീരുമാനങ്ങളില്‍ പാര്‍ലമെന്ററി പാര്‍ട്ടി ലീഡറായ സോണിയ ഗാന്ധിയേയും മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയേയും വിശ്വാസത്തിലെടുക്കാതെ അദ്ദേഹത്തിന് മുന്നോട്ടു പോകാനാകില്ല. പരോക്ഷമായെങ്കിലും ജന്‍പഥിലേയും തുഗ്ലക് ലെയിനിലേയും വസതികള്‍ അദൃശ്യ അധികാര കേന്ദ്രങ്ങളായി തുടരും. അധ്യക്ഷപദം ഒഴിഞ്ഞ് കേവലം പ്രവര്‍ത്തകസമിതി അംഗമായി തുടര്‍ന്ന ഘട്ടത്തില്‍ പോലും രാഹുല്‍ ഗാന്ധിയെ കേന്ദ്രീകരിച്ചായിരുന്നു പാര്‍ട്ടി തീരുമാനങ്ങള്‍. ഭാരവാഹികള്‍, സ്ഥാനാര്‍ഥികള്‍ തുടങ്ങിയ സുപ്രധാന തീരുമാനങ്ങളെല്ലാം രാഹുലിനെ കേന്ദ്രീകരിച്ചായിരുന്നു. ഇത്തരം കീഴ്‌വഴക്കങ്ങൾ മറികടക്കുക ഖാര്‍ഗെയ്ക്ക് അത്ര എളുപ്പമാകില്ല.

ആദ്യം ഹിമാചല്‍, പിന്നെ ഗുജറാത്ത്

തിരഞ്ഞെടുപ്പ് ജയിക്കാന്‍ പാര്‍ട്ടിയെ പാകപ്പെടുത്താന്‍ ഖാര്‍ഗെയ്ക്ക് നിലവിലെ തന്ത്രങ്ങള്‍ പോരാതെ വരും. അധ്യക്ഷന്റെ ആദ്യ പരീക്ഷണശാല നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്ന ഹിമാചല്‍പ്രദേശാണ്. അഞ്ച്‌വര്‍ഷം കൂടുമ്പോള്‍ ഭരണമാറ്റം പ്രതീക്ഷിക്കുന്ന സംസ്ഥാനത്ത് മികച്ച നേതൃത്വത്തിന്റെ അഭാവമാണ് പാര്‍ട്ടി നേരിടുന്ന പ്രധാന പ്രതിസന്ധി. മുഖ്യപ്രതിപക്ഷമായ ഗുജറാത്തില്‍ ഭരണത്തില്‍ തിരിച്ചെത്താന്‍ കഴിയുമെന്ന ആത്മവിശ്വാസമൊന്നും കോണ്‍ഗ്രസിനില്ല. ആംആദ്മി പാര്‍ട്ടിക്ക് പിന്നിലായി മുന്നാംസ്ഥാനത്തേക്ക് പിന്തളളപ്പെടാന്‍ പാര്‍ട്ടി ആഗ്രഹിക്കുന്നില്ല. പാര്‍ട്ടിയെ നയിക്കാന്‍ ഖാര്‍ഗെയും പ്രചാരണ മുഖമായി രാഹുലുമെന്ന നിലയിലേക്ക് കോണ്‍ഗ്രസ് മാറുകയാണ്. ഇതാകട്ടെ പദവിയില്‍ ഒന്നാമനും പാര്‍ട്ടിയില്‍ രണ്ടാമനുമായി മല്ലികാര്‍ജ്ജുന ഖാര്‍ഗെ സ്വയം പ്രതിഷ്ഠിക്കപ്പെടും.

പദവികള്‍ തിരഞ്ഞെടുപ്പിലൂടെ...

പാര്‍ട്ടിപദവികളില്‍ യുവാക്കള്‍ക്ക് 50ശതമാനം സംവരണമെന്ന ചിന്തന്‍ ശിബിര പ്രഖ്യാപനം നടപ്പാക്കുമെന്ന ഉറപ്പുപാലിക്കുകയാണ് ഖാര്‍ഗെയുടെ പ്രധാന അജണ്ട. അധ്യക്ഷനായിരുന്ന രാഹുലിന് പോലും കഴിയാത്ത കാര്യം. മൂപ്പിളമ തര്‍ക്കം ബാലികേറാമലയായ കോണ്‍ഗ്രസില്‍ ഇതത്ര എളുപ്പമാകില്ല. ആരെ തളളും ആരെ കൊളളും. പ്രത്യേകിച്ച് അതൃപ്തര്‍ക്കായി ബിജെപി വലവിരിച്ച് നില്‍ക്കുമ്പോള്‍. പ്രവര്‍ത്തകസമിതി അംഗങ്ങളെ തിരഞ്ഞെടുപ്പിലൂടെ നിശ്ചയിക്കുന്നതും വെല്ലുവിളിയാകും. പുതിയ അധ്യക്ഷന്‍ ചുമതലയേറ്റ് മൂന്ന് മാസത്തിനുളളില്‍ എ.ഐ.സി.സി പ്ലീനറി സമ്മേളനം ചേര്‍ന്ന് പ്രവര്‍ത്തകസമിതിയെ തിരഞ്ഞെടുക്കണമെന്നാണ് കോണ്‍ഗ്രസ് ചട്ടം. 1997ലാണ് പ്രവര്‍ത്തക സമിതിയിലേക്ക് അവസാനമായി തിരഞ്ഞെടുപ്പ് നടന്നത്. ഇതിനുശേഷം നാമനിര്‍ദേശ രീതിയാണ് ഉണ്ടായിരുന്നത്. അധ്യക്ഷന്‍ ഇഷ്ടക്കാരെ തിരുകി കയറ്റുന്ന രീതി. 25 അംഗ പ്രവര്‍ത്തക സമിതിയില്‍ അധ്യക്ഷനേയും പാര്‍ലമെന്ററി പാര്‍ട്ടി ലീഡറേയും കൂടാതെ 23 പേരെയാണ് നിശ്ചയിക്കേണ്ടത്. ഇതില്‍ 12പേരെ തിരഞ്ഞെടുക്കണം. 11പേരെ അധ്യക്ഷന് നാമനിര്‍ദേശം ചെയ്യാം. പാര്‍ട്ടിയുടെ നയപരമായ കാര്യങ്ങളില്‍ തീരുമാനം എടുക്കുന്ന ഉന്നത സമിതിയിലേക്ക് എത്തുക എന്നത് ഏതൊരു നേതാവിന്റേയും സ്വപ്നമാണ്.

ബെര്‍ത്ത് സ്വപ്നം കണ്ട് കേരള നേതാക്കള്‍

കെ.സി. വേണുഗോപാല്‍, എ.കെ ആന്റണി, ഉമ്മന്‍ചാണ്ടി എന്നിവരാണ് അവസാന പ്രവര്‍ത്തക സമിതിയിലുണ്ടായിരുന്ന കേരളാ നേതാക്കള്‍. ഇതില്‍ കെ സി വേണുഗോപാല്‍ തുടരാനാണ്് സാധ്യത. എ.കെ ആന്റണിയും ഉമ്മന്‍ചാണ്ടിയും അനാരോഗ്യം മൂലം മാറി നിന്നാല്‍ മറ്റൊരു നേതാവിന് കൂടി സമിതിയില്‍ എത്താം. തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് ഇനിയില്ലെന്ന് പ്രഖ്യാപിച്ച ആന്റണി ഇപ്പോള്‍ തീരുവനന്തപുരത്ത് ആണ് താമസം. ആന്ധ്രയുടെ ചുമതലയുളള ഉമ്മന്‍ചാണ്ടി ഇപ്പോഴും പാര്‍ട്ടി പരിപാടികളില്‍ സജീവമാണ്. ഒഴിയാന്‍ തയ്യാറായാല്‍ ഇരുവരേയും സ്ഥിരം ക്ഷണിതാക്കളാക്കും. അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ച ശശി തരൂര്‍ പ്രവര്‍ത്തക സമിതിയിലേക്കും തിരഞ്ഞെടുപ്പ് എന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ്. എന്നാല്‍ മത്സരത്തിനില്ലെന്ന് അദ്ദേഹം വ്യക്തമാക്കുകയും ചെയ്തു. നാമനിര്‍ദേശത്തിലൂടെ പ്രവര്‍ത്തക സമിതി അംഗത്വമാണ് തരൂര്‍ ആഗ്രഹിക്കുന്നത്. പുനസംഘടനയില്‍ കെ സി വേണുഗോപാലിന് സംഘടനാകാര്യ ജനറല്‍ സെക്രട്ടറി പദം നഷ്ടമാകും. അധ്യക്ഷനും സംഘടനാകാര്യ ജനറല്‍ സെക്രട്ടറിയും ദക്ഷിണേന്ത്യക്കാരാകുന്നത് തെറ്റായ സന്ദേശം നല്‍കുമെന്നാണ് വിലയിരുത്തല്‍. ഹിന്ദി മേഖലയില്‍ നിന്നുളളയാള്‍ കെസിക്ക് പകരം എത്തുമെന്ന് ഉറപ്പാണ്. ദേശീയ നേതൃത്വത്തിലെ പ്രവര്‍ത്തനപാരമ്പര്യം കെസിക്ക് പ്രവര്‍ത്തക സമിതിയില്‍ ബെര്‍ത്ത് ഉറപ്പിക്കാന്‍ വഴിവെക്കും. രമേശ് ചെന്നിത്തല, കൊടിക്കുന്നില്‍ സുരേഷ്, കെ മുരളീധരന്‍ എന്നിവരും ഉന്നത പദവിയ്ക്കായി രംഗത്തുണ്ട്. അറുപത്തിയാറുകാരനായ രമേശ് ചെന്നിത്തല നിലവില്‍ ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിന്റെ ചുമതല വഹിക്കുന്നുണ്ട്. ഗാന്ധി കുടുംബവുമായി മികച്ച ബന്ധം പുലര്‍ത്തുന്ന അദ്ദേഹം ഖാര്‍ഗയ്ക്കായി പ്രചാരണം നടത്തിയിരുന്നു. 2004ല്‍ പ്രത്യേക ക്ഷണിതാവ് എന്ന നിലയില്‍ ചെന്നിത്തല പ്രവര്‍ത്തക സമിതിയുടെ ഭാഗമായിരുന്നു. രമേശിന് നറുക്കു വീണാല്‍ കെ മുരളീധരന്റെ സാധ്യത അടയും. ദളിത് പ്രാതിനിധ്യം എന്ന നിലയിലാണ് കൊടിക്കുന്നില്‍ സുരേഷ് പ്രവര്‍ത്തക സമിതിയിലേക്ക് കണ്ണെറിയുന്നത്. ദീര്‍ഘകാലം പാര്‍ട്ടിയിലും പാര്‍ലമെന്ററി രംഗത്തും പ്രവര്‍ത്തിച്ചുളള പാരമ്പര്യം ഗുണം ചെയ്യുമെന്നും അദ്ദേഹം കണക്കു കൂട്ടുന്നു.

Content Highlights: mallikarjun kharge congress president rahul gandhi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

10:51

പട്ടാളമില്ലെങ്കിലും സേഫായ രാജ്യം, ഉയര്‍ന്ന ശമ്പളം, വിശേഷദിനം ഓഗസ്റ്റ് 15 | Liechtenstein

Jul 25, 2022


Bala Against unnimukundan, shefeekkinte santhosham controversy

1 min

ഉണ്ണിമുകുന്ദന്‍ പ്രതിഫലം നല്‍കാതെ പറ്റിച്ചു; ആരോപണവുമായി ബാല

Dec 8, 2022


image

2 min

ആ കനല്‍ത്തരി അണഞ്ഞു; ഹിമാചലില്‍ സിറ്റിങ് സീറ്റില്‍ സിപിഎം നാലാമത്‌

Dec 8, 2022

Most Commented