പ്രതീകാത്മക ചിത്രം | Photo: Mathrubhumi & AFP
പാലക്കാട് ചിറ്റൂരിലെ പഴയ ഷുഗര്‍ ഫാക്ടറിയില്‍നിന്ന് ഇനി പുറത്തിറങ്ങുക ബ്രാന്‍ഡി. 2002-ല്‍ അടച്ചപൂട്ടിയ ഷുഗര്‍ മില്‍, 2009-ല്‍ മലബാര്‍ ഡിസ്റ്റലറിയായി മാറിയെങ്കിലും വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇവിടെനിന്ന് മദ്യം ഉത്പാദിപ്പിക്കാനുള്ള തീരുമാനമെടുത്തത്. അടുത്തവര്‍ഷം ഓണത്തിന് മുമ്പായി മലബാര്‍ ഡിസ്റ്റലറിയില്നിന്നുള്ള മദ്യം വിപണിയിലെത്തിക്കാനാണ് കേരള ബിവറേജസ് കോര്‍പ്പറേഷന്റെ തീരുമാനം. ഇതിനായുള്ള പ്രാരംഭ നിര്‍മാണ പ്രവര്‍ത്തനങ്ങളെല്ലാം ഡിസ്റ്റലറിയില്‍ ആരംഭിച്ചുകഴിഞ്ഞു.
ചിറ്റൂരിലെ മലബാര്‍ ഡിസ്റ്റലറിയില്നിന്ന് ഇന്ത്യന്‍ നിര്‍മിത വിദേശമദ്യം ഉത്പാദിപ്പിക്കാനാണ് തീരുമാനം. നിലവില്‍ തിരുവല്ലയിലെ ട്രാവന്‍കൂര്‍ ഷുഗേഴ്സ് ആന്‍ഡ് കെമിക്കല്‍ ലിമിറ്റഡ് ഉത്പാദിപ്പിക്കുന്ന ജവാന് റം മാത്രമാണ് പൊതുമേഖലയില്‍നിന്ന് പുറത്തിറക്കുന്ന ഏക മദ്യം. ഇതേ മാതൃകയില്‍ തന്നെയാകും മലബാര്‍ ഡിസ്റ്റലറിയിലെയും ഉത്പാദനം. മലബാര്‍ ബ്രാണ്ടി എന്ന പേരിലാകും ഇത് പുറത്തിറക്കുകയെന്ന സൂചനകളുണ്ടായിരുന്നെങ്കിലും പേരിന്റെ കാര്യത്തില്‍ അന്തിമ തീരുമാനമെടുത്തിട്ടില്ലെന്നാണ് അധികൃതര്‍ നല്‍കുന്നവിവരം.

കേരള പോലീസ് ഹൗസിങ് കണ്‍സ്ട്രക്ഷന്‍ കോര്പ്പറേഷന് ലിമിറ്റഡിനാണ് മദ്യനിര്‍മാണ ഫാക്ടറിയുടെ നിര്‍മാണ ചുമതല. അഞ്ച് ബോട്ട്ലിങ് ലൈനുകളുള്ള ഫാക്ടറിയുടെ നിര്‍മാണത്തിനും മറ്റുസംവിധാനങ്ങള്ക്കുമായി ഏകദേശം മുപ്പതുകോടിയോളം ചെലവ് വരുമെന്നാണ് വിലയിരുത്തല്‍.
മലബാര്‍ ഡിസ്റ്റലറിയില്നിന്ന് ദിവസവും 12,000 കെയ്സ് മദ്യം ഉത്പാദിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. അടുത്തവര്‍ഷം പകുതിയോടെ ഫാക്ടറിയുടെയും പ്ലാന്റിന്റെയും നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായേക്കും. ഇതിനുപിന്നാലെ തന്നെ ചിറ്റൂരില്‍നിന്നുള്ള പുതിയ ബ്രാന്‍ഡിയും വിപണിയിലെത്തും.
മലബാര്‍ ഡിസ്റ്റലറിയില്‍ മദ്യം ഉത്പാദനം ആരംഭിക്കുന്നതോടെ തൊഴിലവസരവും സൃഷ്ടിക്കും. നേരത്തെ ഷുഗര്‍ ഫാക്ടറിയില്‍ ജോലിചെയ്തിരുന്ന 30 തൊഴിലാളികള്‍ നിലവില്‍ മലബാര്‍ ഡിസ്റ്റലറിയിലുണ്ട്.
പഴങ്ങളില്‍നിന്ന് വീര്യം കുറഞ്ഞ മദ്യം, വരുന്നു കണ്ണൂരില്‍നിന്ന് ഫെനിയും...
പഴങ്ങളില്‍ നിന്നും ധാന്യങ്ങള്‍ ഒഴികെയുള്ള കാര്‍ഷികോത്പ്പന്നങ്ങളില്‍ നിന്നും വീര്യം കുറഞ്ഞ മദ്യം ഉത്പാദിപ്പിക്കുന്ന യൂണിറ്റുകള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കാനുള്ള ചട്ടം അടുത്തിടെയാണ് സംസ്ഥാനത്ത് നിലവില്‍വന്നത്. ഇതോടെ ചക്ക, കശുമാങ്ങ, മാങ്ങ, വാഴപ്പഴം ഉള്‍പ്പെടെയുള്ള പഴവര്‍ഗങ്ങളില്‍നിന്നും മരച്ചീനി,തക്കാളി, മത്തങ്ങ തുടങ്ങിയ കാര്ഷികോത്പ്പനങ്ങളില്നിന്നും മദ്യം ഉത്പാദിപ്പിക്കുന്ന യൂണിറ്റുകള്‍ക്ക് അനുമതി നല്‍കാനുള്ള സാഹചര്യമൊരുങ്ങി. പ്രാദേശികമായി ലഭിക്കുന്ന കാര്‍ഷികോത്പന്നങ്ങളില്‍ നിന്ന് മദ്യം നിര്‍മ്മിക്കുന്നതിലൂടെ കര്‍ഷകര്‍ക്ക് ഉയര്‍ന്ന വരുമാനം ലഭിക്കുമെന്നാണ് പുതിയ ചട്ടം നിലവില്‍വന്നതിന് പിന്നാലെ എക്സൈസ് മന്ത്രി എം.ബി. രാജേഷ് പ്രതികരിച്ചത്.
കണ്ണൂരിലെ ഫെനി...
കണ്ണൂരിലെ പയ്യാവൂര്‍ സര്‍വീസ് സഹകരണ ബാങ്കാണ് പഴങ്ങളില്‍നിന്ന് വീര്യം കുറഞ്ഞ മദ്യം ഉത്പാദിപ്പിക്കാനുള്ള പദ്ധതിയുമായി ആദ്യം മുന്നോട്ടുവന്നത്. കശുമാങ്ങ നീര് വാറ്റി ഗോവന്‍ മാതൃകയില്‍ 'ഫെനി' ഉത്പാദിപ്പിക്കാനാണ് പയ്യാവൂര്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ പദ്ധതി. 2016-ല്‍ ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ചിരുന്നെങ്കിലും വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പദ്ധതി പ്രാവര്‍ത്തികമാക്കാനുള്ള നീക്കങ്ങളുണ്ടായത്.
നേരത്തെ ഫെനി ഉത്പാദനത്തിനായി പയ്യാവൂര്‍ ബാങ്കിന് അനുമതി ലഭിച്ചിരുന്നെങ്കിലും ഇതുസംബന്ധിച്ച ചട്ടങ്ങള്‍ രൂപവത്കരിക്കാത്തതിനാല്‍ ഉത്പാദനം തുടങ്ങാനായിരുന്നില്ല. എന്നാല്‍ ഉത്പാദനം ആരംഭിക്കാന്‍ ഇനി കാര്യമായ തടസങ്ങളൊന്നും ഇല്ലെന്നായിരുന്നു പയ്യാവൂര്‍ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ടി.എം. ജോഷിയുടെ പ്രതികരണം.
'നിയമസഭ സബ്ജക്ട് കമ്മിറ്റിയുടെ അംഗീകാരം മാത്രമേ ഇനി കിട്ടാനുള്ളൂ. യുദ്ധകാലാടിസ്ഥാനത്തില്‍ അതിന്റെ നടപടിക്രമങ്ങളെല്ലാം പൂര്‍ത്തീകരിക്കാമെന്ന് പറഞ്ഞിട്ടുണ്ട്. ഇക്കാര്യങ്ങളെല്ലാം മന്ത്രി കെ.എന്‍.ബാലഗോപാലിനെ നേരിട്ടുകണ്ട് സംസാരിച്ചു. അടുത്ത ഫെബ്രുവരിയോടെ ഫെനിയുടെ ഉത്പാദനം തുടങ്ങാനാകുമെന്നാണ് പ്രതീക്ഷ'- അദ്ദേഹം പറഞ്ഞു.
.jpg?$p=5d94ba6&&q=0.8)
'കഴിഞ്ഞവര്‍ഷം തന്നെ ഫെനി ഉത്പാദിപ്പിക്കാനുള്ള എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയിരുന്നു. ഈവര്‍ഷം ഉത്പാദനം ആരംഭിക്കാമെന്നായിരുന്നു കരുതിയത്. എന്നാല്‍ അതിന് കഴിഞ്ഞില്ല. അടുത്ത ഫെബ്രുവരി അവസാനത്തോടെ ഉത്പാദനം തുടങ്ങാനാകുമെന്നാണ് നിലവിലെ പ്രതീക്ഷ. അതിനായുള്ള എല്ലാ തയ്യാറെടുപ്പുകളും പൂര്‍ത്തിയാക്കിയിട്ടുണ്ട്. സബ്ജക്ട് കമ്മിറ്റിയുടെ അംഗീകാരം കൂടി ലഭിച്ചാല്‍ അതെല്ലാം ഇവിടെ സജ്ജമാക്കേണ്ട താമസമേയുള്ളൂ. സ്വന്തം ചെലവില്‍ ഞാനും സെക്രട്ടറിയും അടക്കമുള്ളവര്‍ ഗോവയില്‍ പോയി ഫെനിയുടെ ഉത്പാദനരീതികളെല്ലാം നേരിട്ടുകണ്ട് മനസിലാക്കിയിരുന്നു. ഗോവയില്‍ തോട്ടമുള്ളവര്‍ക്ക് 500 രൂപ നല്കിയാല് ഫെനി ഉത്പാദിപ്പിക്കാനുള്ള ലൈസന്‍സ് ലഭിക്കും. അവിടെ അത്രയും സിമ്പിളാണ് കാര്യങ്ങള്‍'- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഫെനി ഉത്പാദനം ആരംഭിക്കുന്നത് കശുവണ്ടിയോടൊപ്പം കശുമാങ്ങയ്ക്കും വില കിട്ടുന്നത് കര്‍ഷകര്‍ക്ക് വലിയ നേട്ടമാകുമെന്നാണ് വിലയിരുത്തല്‍. സുന്ദരമായൊരു ബ്രാന്‍ഡ് നെയിമോടെയാകും കണ്ണൂരില്‍നിന്നുള്ള ഫെനിയും വിപണിയിലെത്തുക. പയ്യാവൂരില്നിന്നുള്ള ഫെനിക്ക് പേരെല്ലാം കണ്ടുവെച്ചിട്ടുണ്ടെങ്കിലും ഉത്പാദനം ആരംഭിക്കുന്നത് വരെ ഈ പേര് സസ്പെന്‍സായി തുടരുമെന്നായിരുന്നു ബന്ധപ്പെട്ടവരുടെ പ്രതികരണം.
എന്തായി നീര? ലക്ഷങ്ങളുടെ ബാധ്യത, വന്‍നഷ്ടം...
ഏറെ പ്രതീക്ഷകളോടെയാണ് 2015-ല്‍ കേരളത്തില്‍ നീര പാനീയം കുപ്പിയിലാക്കി വിപണിയിലെത്തിക്കുന്ന പദ്ധതി ആംരഭിച്ചത്. മദ്യം അല്ലെങ്കിലും വിപണി കീഴടക്കാമെന്നായിരുന്നു കണക്കുക്കൂട്ടല്‍. 29 കമ്പനികള്‍ നീര ഉത്പാദനവും ആരംഭിച്ചു. എന്നാല്‍ ഇന്ന് സംസ്ഥാനത്തെ മിക്ക നീര കമ്പനികളും അടച്ചുപൂട്ടിയ സ്ഥിതിയാണ്. നീരയ്ക്ക് വിപണി കണ്ടെത്താന്‍ കഴിയാതിരുന്നതും സാമ്പത്തിക ബാധ്യത വര്‍ധിച്ചതുമാണ് മിക്ക കമ്പനികളുടെയും പ്രവര്‍ത്തനം നിലയ്ക്കാന്‍ കാരണം.

വന്‍ സാമ്പത്തിക ബാധ്യതയുണ്ടാക്കിയെങ്കിലും നീരയില്‍ ഇനിയും കര്‍ഷകര്‍ക്ക് പ്രതീക്ഷയുണ്ട്. എന്നാല്‍ ഇതേക്കുറിച്ച് സര്‍ക്കാര്‍ വിശദമായ പഠനം നടത്തണമെന്നാണ് കര്‍ഷകരുടെ ആവശ്യം. എന്തൊക്കെയാണ് പ്രശ്നങ്ങള്‍, എങ്ങനെയാണ് വിപണി, എന്തെല്ലാമാണ് പരിഹാരമാര്‍ഗങ്ങള്‍ എന്നെല്ലാം പഠിക്കാന്‍ ഒരു സമിതിയെ സര്‍ക്കാര്‍ നിയോഗിക്കണമെന്നാണ് കര്‍ഷകര്‍ പറയുന്നത്. മാത്രമല്ല, നീരയുണ്ടാക്കിയ സാമ്പത്തിക ബാധ്യതയില്‍നിന്ന് കരകറയാന് വീര്യം കുറഞ്ഞ മധുരക്കള്ള് വിപണിയിലെത്തിക്കുന്നതിന് അനുമതി നല്‍കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.
കുഴിച്ചുമൂടിയ നീര കുപ്പികള്‍, ലക്ഷങ്ങളുടെ ബാധ്യത...
കുറ്റ്യാടി കോക്കനട്ട് ഫാര്‍മേഴ്സ് പ്രൊഡ്യൂസര്‍ കമ്പനിയുടെ നേതൃത്വത്തില്‍ 2015-ലാണ് കുറ്റ്യാടിയില്‍ നീര പ്ലാന്റ് ആരംഭിക്കുന്നത്. 350 നീര ടെക്നീഷ്യന്മാര്ക്ക് 45 ദിവസത്തെ പരിശീലനം നല്കി കര്‍ഷകരില്‍നിന്ന് ഓഹരികള്‍ സമാഹരിച്ചായിരുന്നു നീര കമ്പനിയുടെ തുടക്കം. പ്രതിദിനം രണ്ടായിരം ലിറ്ററായിരുന്നു ഉത്പാദനം. എന്നാല്‍ ഉത്പാദനം തുടങ്ങി മാസങ്ങള്‍ക്കുള്ളില്‍ വന്‍ നഷ്ടത്തിലേക്ക് കൂപ്പുകുത്തുകയായിരുന്നു.
ദിവസം 250 ബോട്ടില്‍ പോലും ചെലവായില്ല. ഫാര്‍മേഴ്സ് പ്രൊഡ്യൂസര്‍ കമ്പനി നേരിട്ടും ഒരു ഏജന്‍സി മുഖേനയും മാര്‍ക്കറ്റിങ് പ്രവര്‍ത്തനങ്ങളില്‍ ഇടപെട്ടെങ്കിലും വിപണി കണ്ടെത്താനായതുമില്ല. ഇതോടെ ലക്ഷക്കണക്കിന് നീര കുപ്പികള്‍ കുഴിച്ചുമൂടേണ്ടിവന്നു. അഞ്ചുമാസത്തിന് ശേഷം കമ്പനിയില്‍നിന്നുള്ള ഉത്പാദനം കുറച്ചു. ഒടുവില്‍ ബാധ്യതകള്‍ കുമിഞ്ഞ് കൂടിയതോടെ ഒരുരക്ഷയുമില്ലാതെ പ്ലാന്റ് അടച്ചുപൂട്ടുകയായിരുന്നു. പകരം വെളിച്ചെണ്ണ പ്ലാന്റും ചകിരി പ്ലാന്റും കമ്പനി ആരംഭിച്ചെങ്കിലും നീരയുടെ പേരിലെടുത്ത വായ്പകള്‍ കാരണം ഇതിന് സാമ്പത്തിക സഹായം ലഭ്യമായതുമില്ല.

വലിയ പ്രതീക്ഷകളോടെയാണ് നീര ഉത്പാദനം ആരംഭിച്ചതെങ്കിലും പിന്നീട് ഭീകരമായ അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ പോയതെന്നായിരുന്നു കുറ്റ്യാടി കോക്കനട്ട് ഫാര്‍മേഴ്സ് പ്രൊഡ്യൂസര്‍ കമ്പനി ചെയര്മാന് ബാബു മക്കത്തിന്റെ പ്രതികരണം.
'നീര കമ്പനികള്‍ക്ക് വേണ്ടി സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഒരു ഇടപെടലും ഉണ്ടായില്ല. നീരയിലൂടെ കേരളം രക്ഷപ്പെടുമെന്നും കര്‍ഷകര്‍ക്ക് വലിയ വരുമാനം ലഭിക്കുമെന്നായിരുന്നു അന്ന് പറഞ്ഞിരുന്നത്. തേങ്ങ കൊണ്ട് മാത്രം പിടിച്ചുനില്ക്കാന് കഴിയാതിരുന്ന നാളികേര കര്‍ഷകര്‍ നീരയിലൂടെ രക്ഷപ്പെടുമെന്നാണ് കരുതിയത്. ആ പ്രതീക്ഷയോടെയാണ് അവര്‍ നീര കമ്പനിയുടെ ഓഹരികള്‍ വാങ്ങിയത്. എന്നാല്‍ ഇതിനായി ഓഹരി സമാഹരിച്ച ഞങ്ങള്‍ക്കിപ്പോള്‍ നാട്ടിലിറങ്ങി നടക്കാന്‍ പറ്റാത്ത സ്ഥിതിയാണ്. അവരെല്ലാം ഞങ്ങളെ കാണുമ്പോള്‍ അറപ്പോടും വെറുപ്പോടുമാണ് നോക്കുന്നത്. നീരയ്ക്ക് നല്ലൊരു ടെക്നോളജി ഇല്ല. കേടുകൂടാതെ സൂക്ഷിക്കാന്‍ ഒരു സംവിധാനവും ഒരുക്കിനല്കിയില്ല. അങ്ങനെ ഏറെ പ്രശ്നങ്ങളുണ്ട്. ഏറെ സാധ്യതകളുള്ള ഹെല്‍ത്തി ഡ്രിങ്കാണ് നീര. സര്‍ക്കാര്‍ സഹായം കിട്ടുകയാണെങ്കില്‍ നീരയ്ക്ക് സാധ്യതകളുണ്ട്. പക്ഷേ, സര്‍ക്കാര്‍ സഹായിക്കണം'- അദ്ദേഹം പറഞ്ഞു. ഏകദേശം ഒമ്പതിനായിരം കര്‍ഷകരാണ് കുറ്റ്യാടിയിലെ നീര കമ്പനിയുടെ ഓഹരികള്‍ വാങ്ങിയിട്ടുള്ളതെന്നും ബാബു മക്കത്ത് കൂട്ടിച്ചേര്‍ത്തു.

കേരള ഫിന്യാന്‍ഷ്യല്‍ കോര്‍പ്പറേഷനില്‍നിന്ന് രണ്ട് കോടിയോളം രൂപ വായ്പെടുത്താണ് കുറ്റ്യാടിയില്‍ നീര പ്ലാന്റ് സ്ഥാപിച്ചത്. എന്നാല്‍ തിരിച്ചടി നേരിട്ടതോടെ ഈ വായ്പയുടെ പലിശയും വന്‍ ബാധ്യതയായി മാറി. പലതവണയും ഭാരവാഹികള്‍ സ്വന്തം കൈയില്‍നിന്ന് പണമെടുത്താണ് വായ്പ തിരിച്ചടവ് മുടക്കിയത്. ബാധ്യത കുറയ്ക്കാനായി ഈ വായ്പയുടെ പലിശ ഒഴിവാക്കി നല്‍കണമെന്നാണ് കമ്പനിയുടെ ആവശ്യം. ഇതിനായി മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയിട്ടുണ്ട്. നീര കമ്പനിയുടെ പ്രവര്‍ത്തനം പഠിച്ചിട്ട് സര്‍ക്കാര്‍ സഹായം നല്കി രക്ഷപ്പെടുത്തണം. അല്ലെങ്കില്‍ നീര കമ്പനികള്‍ക്ക് വീര്യം കുറഞ്ഞ 'മധുരക്കള്ള്' ഉത്പാദിപ്പിക്കാനുള്ള അനുമതി നല്‍കണമെന്നും കമ്പനി ചെയര്മാന് പറഞ്ഞു.
മധുരക്കള്ളില്‍ രക്ഷപ്പെടാം....
നീരയ്ക്ക് പകരം ചെറിയരീതിയില്‍ ആല്‍ക്കഹോള്‍ അടങ്ങിയ മധുരക്കള്ള് വിപണിയിലിറക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നാണ് കുറ്റ്യാടി കോക്കനട്ട് ഫാര്‍മേഴ്സ് പ്രൊഡ്യൂസര്‍ കമ്പനി ചെയര്മാന് ബാബു മക്കത്ത് പറയുന്നത്. കേരളത്തിലെ നാളികേര കര്‍ഷകര്‍ക്ക് ഏറെ ഉപകാരപ്പെടുന്ന പദ്ധതിയാകും ഇത്. വീര്യം കുറഞ്ഞ കള്ള് ചെറിയ കുപ്പികളിലാക്കി വിപണിയിലെത്തണം. ടൂറിസം രംഗത്ത് ഉള്‍പ്പെടെ ഇതിന്റെ മെച്ചമുണ്ടാകും. കോടിക്കണക്കിന് രൂപയുടെ ബാധ്യതയുള്ള നീര കമ്പനികള്‍ക്ക് മധുരക്കള്ള് വിപണിയിലെത്തിക്കാനുള്ള ലൈസന്‍സ് കൂടി നല്കിയാല് ഉപകാരമാകുമെന്നും അദ്ദേഹം പറഞ്ഞു.
Content Highlights: malabar brandy from malabar distilleries kannur feni and suggestion to overcome neera crisis
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..