Representative Image| Photo: GettyImages
ആഫ്രിക്കയിലെ ജനസംഖ്യ നിയന്ത്രിക്കുന്നത് ഇന്ത്യയിലെ ഒരു നഗരമാണെന്ന് പറഞ്ഞാല്‍ അതില്‍ അത്ഭുതമുണ്ടോ? ലോകത്തിലെ തന്നെ 36 രാജ്യങ്ങളിലെ ജനസംഖ്യാ നിയന്ത്രണത്തില്‍ ഇന്ത്യയ്ക്ക് പങ്കുണ്ടെന്ന് പറഞ്ഞാലോ? അതിലും അത്ഭുതപ്പെടാന്‍ മാത്രമൊന്നുമില്ല. കാരണം ഈ രാജ്യങ്ങളിലേക്കെല്ലാം ഗര്‍ഭനിരോധന ഉറകള്‍ എത്തുന്നത് ഇന്ത്യയിലെ ഒരു നഗരത്തില്‍നിന്നാണ്. മഹാരാഷ്ട്രയിലെ ഔറംഗാബാദ് ആണ് ആ നഗരം.
ഇന്ത്യയുടെ ഓട്ടോ ഹബ്ബ് എന്ന പേരില്‍ പണ്ടേ പേരെടുത്ത നഗരമാണ് ഔറംഗാബാദ്. ബജാജ്, സ്കോഡ, എന്‍ഡുറന്‍സ് ടെക്നോളജീസ് തുടങ്ങി ഓട്ടോമൊബൈല്‍ രംഗത്തെ ഭീമന്മാര് നിര്‍മാണ വ്യവസായ രംഗത്ത് വാഴുന്നയിടം. ഓട്ടോമൊബൈല്‍ മേഖലയുമായി ബന്ധപ്പെട്ട് മാത്രം ചെറുതും വലുതുമായി നാലായിരത്തോളം ഫാക്ടറി യൂണിറ്റുകളാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്. എന്നാല്‍, ഇന്ന് ഔറംഗാബാദിനെ ആഗോളതലത്തിലെ തന്നെ ശ്രദ്ധാകേന്ദ്രമാക്കി മാറ്റുന്നത് കോണ്ടം അഥവാ ഗര്‍ഭനിരോധന ഉറകളാണ്. കോണ്ടം നിര്‍മാണത്തിലും കയറ്റുമതിയിലും സമാനതകളില്ലാത്ത നേട്ടത്തിലൂടെ ഒരു കോണ്ടം ഹബ്ബായി ഔറംഗാബാദ് വളര്‍ന്നിരിക്കുന്നു.
പ്രതിമാസം 10 കോടി ഉറകള്‍
ഗര്‍ഭനിരോധന ഉറകളുടെ നിര്‍മാണത്തിലും കയറ്റുമതിയിലും മികച്ച നേട്ടമാണ് ഔറംഗാബാദ് കൈവരിച്ചിരിക്കുന്നത്. ഇന്ത്യയിലെ പത്ത് കോണ്ടം നിര്‍മാണ ഫാക്ടറികളില്‍ ആറെണ്ണവും പ്രവര്‍ത്തിക്കുന്നത് ഔറംഗാബാദിലാണ്. കാമസൂത്ര, നൈറ്റ് റൈഡേര്‍സ് തുടങ്ങി ഒട്ടുമിക്ക കോണ്ടം ബ്രാന്‍ഡുകള്‍ക്കും ഔറംഗാബാദില്‍ നിര്‍മാണ ഫാക്ടറികളുണ്ട്.
ഒരു മാസത്തില്‍ പത്ത് കോടി ഗര്‍ഭനിരോധന ഉറകളാണ് ഔറംഗാബാദില്‍നിന്നു മാത്രം വിദേശരാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നത്. ഏഷ്യയിലേയും യൂറോപ്പിലേയും ലാറ്റിന്‍ അമേരിക്കയിലേയും ആഫ്രിക്കയിലേയും 36 രാജ്യങ്ങളിലേക്കാണ് ഇവിടെനിന്ന് കോണ്ടം കയറ്റി അയക്കുന്നത്. ആയിരക്കണക്കിന് തൊഴിലാളികള്‍ ഈ മേഖലയില്‍ ജോലി ചെയ്യുന്നു. കോണ്ടം നിര്‍മാണത്തിലൂടെ മാത്രം പ്രതിവര്‍ഷം 200-300 കോടി രൂപയാണ് ഔറംഗാബാദിലേക്ക് വരുമാനമായി എത്തുന്നത്.
റബര്‍ എത്തുന്നത് കേരളത്തില്‍നിന്ന്
ഗര്‍ഭനിരോധന ഉറകള്‍ നിര്‍മിക്കുന്നതിനായി ഉപയോഗിക്കുന്ന പ്രധാനപ്പെട്ട അസംസ്കൃത വസ്തു പ്രകൃതിദത്തമായ റബര്‍/ലാറ്റക്സ്, മൃഗങ്ങളുടെ തൊലി, സിന്തറ്റിക് പോളിയൂറിഥേന്‍ എന്നിവയാണ്. ഏകദേശം 40-50 തരം കോണ്ടം ഔറംഗാബാദിലെ ഫാക്ടറികളില്‍ നിര്‍മിക്കുന്നുണ്ട്. റബര്‍ പ്രധാനമായും എത്തിക്കുന്നത് കേരളം, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളില്‍ നിന്നാണ്. റബര്‍ കയറ്റുമതി ചെയ്യുന്നതില്‍ മുന്‍പന്തിയിലെന്ന പോലെ കോണ്ടം ഉപയോഗത്തിലും റെക്കോഡ് കേരളത്തിനാണ്. ഔറംഗാബാദില്‍നിന്ന് കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഏറ്റവും കൂടുതല്‍ കയറ്റുമതി കേരളത്തിലേക്കാണ്.
മാന്‍കൈന്‍ഡ് ഫാര്‍മയുടെ ഉടമസ്ഥതയിലുള്ള മാന്‍ഫോഴ്സ് ആണ് രാജ്യത്തെ ഏറ്റവും വലിയ കോണ്ടം ഉത്പാദകര്‍. ഡല്‍ഹിയിലാണ് ഇവ ഉത്പാദിപ്പിക്കുന്നത്. രാജ്യത്തെ രണ്ടാമത്തെ വലിയ കോണ്ടം നിര്‍മാതാക്കള്‍ കാമസൂത്രയാണ്. റെയ്മണ്ട് ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള കാമസൂത്ര ബ്രാന്‍ഡിലെ ഗര്‍ഭനിരോധന ഉറകളുടെ ഉത്പാദനം നടക്കുന്നത് ഔറംഗാബാദിലാണ്. 1991-ലാണ് കാമസൂത്ര കോണ്ടം നിര്‍മാണം ആരംഭിച്ചത്. പ്രതിവര്‍ഷം 30 കോടി ഗര്‍ഭനിരോധന ഉറകളാണ് കാമസൂത്ര ഉത്പാദിപ്പിക്കുന്നത്. 2022-ല്‍ മാത്രം 32 കോടി ആയിരുന്നു ഇവരുടെ ഉത്പാദനം. ചൈനയിലേക്ക് മാത്രം 36 കോടി ഗര്‍ഭനിരോധന ഉറകളാണ് റെയ്മണ്ട് ഗ്രൂപ്പ് പ്രതിവര്‍ഷം കയറ്റി അയക്കുന്നത്.
.jpg?$p=74dd70a&&q=0.8)
ഗര്‍ഭനിരോധന ഉറകളുടെ പ്രാധാന്യമെന്ത്?
ഗര്‍ഭധാരണം തടയാനും ലൈംഗിക രോഗങ്ങളെ പ്രതിരോധിച്ചുകൊണ്ടുള്ള സുരക്ഷിതമായ ലൈംഗികബന്ധം ഉറപ്പാക്കുന്നതിനും വേണ്ടിയാണ് ഗര്‍ഭനിരോധന ഉറകള്‍ ഉപയോഗിക്കുന്നത്. ലൈംഗിക വിദ്യാഭ്യാസം, ലൈംഗികരോഗങ്ങളെ കുറിച്ചുളള ബോധവത്ക്കരണം എന്നിവയിലൂടെയാണ് ഗര്‍ഭനിരോധന ഉറകളുടെ ഉപയോഗത്തിന്റെ ആവശ്യകതയെ കുറിച്ച് ജനങ്ങള്‍ക്കിടയില്‍ അവബോധമുണ്ടാക്കുന്നത്. ഇവയ്ക്ക് പുറമേ ആകര്‍ഷകമായ ഡിസൈനുകളും നൂതന പരീക്ഷണങ്ങളും മാര്‍ക്കറ്റിങ് തന്ത്രങ്ങളും കോണ്ടം വിപണിയെ ഉത്തേജിപ്പിക്കുന്നു. ഗര്‍ഭനിരോധന ഉറകളുടെ ഉപയോഗം വ്യാപകമാക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ തന്നെ പ്രചരണപരിപാടികള്‍ സജീവമാണ്. അതുകൊണ്ടുതന്നെ ഇക്കാലത്ത് ഗര്‍ഭനിരോധന ഉറകളുടെ സ്വീകാര്യതയും വര്‍ധിച്ചിട്ടുണ്ട്.
പുരുഷന്മാര്ക്കുള്ള ഉറകളാണ് പ്രചാരത്തിലേറെയെങ്കിലും സമീപഭാവിയില്‍ തന്നെ സ്ത്രീകള്ക്കുള്ളവയുടെ വിപണിസാധ്യതകളും വര്‍ധിച്ചേക്കുമെന്നാണ് കണക്കുകൂട്ടല്‍. ഇന്ത്യയില്‍ 'ചെറിയ കുടുംബം സന്തുഷ്ട കുടുംബം' എന്ന പദ്ധതിക്ക് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം രൂപം നല്‍കിയത് 1950-കളിലായിരുന്നു. രാജ്യത്ത് ഗര്‍ഭ നിരോധന ഉറകള്‍ക്ക് പ്രചാരമേറുന്നത് ഇതിന്റെ ഭാഗമായാണ്.
ഉറകളുടെ ചരിത്രം
ഇതുവരെ കണ്ടെത്തിയതില്‍ വെച്ച് ഏറ്റവും പഴക്കമുള്ള ഗര്‍ഭനിരോധന ഉറ കണ്ടെത്തിയത് 1642-ലാണ്. ഇംഗ്ലണ്ടിലെ അതിപുരാതനമായ ഡുഡ്ലെ കൊട്ടാരത്തിലെ മാലിന്യക്കുഴിയില്‍ നിന്നായിരുന്നു ഇത് കണ്ടെത്തിയത്. മൃഗത്തിന്റെ ആന്തരികസ്തരം ഉപയോഗിച്ച് നിര്‍മിച്ചതായിരുന്നു ആ ഉറ. ബി.സി. 11000-കാലത്തേതെന്ന് കരുതപ്പെടുന്ന, ഫ്രാന്‍സിലെ ഒരു ഗുഹയിലെ ചുവരില്‍ ആലേഖനം ചെയ്തിരുന്ന ഒരു മൈഥുന ചിത്രത്തില്‍ ആണിന്റെ ലിംഗത്തില്‍ ഗര്‍ഭനിരോധന ഉപാധി എന്ന പോലെ തോന്നുന്ന ഒരു വസ്തു കണ്ടെത്തിയിരുന്നു. ഗ്രീക്ക് ഐതിഹ്യത്തിലെ മിനോസ് രാജാവ് (ബി.സി. 3000) 'സര്‍പ്പങ്ങളും തേളുകളും ' വമിക്കുന്ന തന്റെ ശുക്ലം മൂലം മരണപ്പെടുന്ന പ്രണയിനികളുടെ ദുരന്തത്തില്‍ മനം മടുത്ത് ആടിന്റെ മൂത്രാശയം കൊണ്ടുണ്ടാക്കിയ ഗര്‍ഭനിരോധന ഉറ ഉപയോഗിച്ചിരുന്നുവെന്നതും മറ്റൊരു ഐതിഹ്യം.
ഇത്തരത്തില്‍ നൂറ്റാണ്ടുകള്‍ക്ക് മുന്‍പുതന്നെ ലോകത്ത് ഗര്‍ഭനിരോധന ഉറകള്‍ പ്രചാരത്തിലുണ്ടായിരുന്നുവെന്നാണ് ചരിത്രം പറയുന്നത്. എന്നാല്‍, അവ ഇന്ന് കാണുന്ന രൂപത്തില്‍നിന്ന് ഏറെ വിഭിന്നമായിരുന്നു. സുരക്ഷിതമായ ലൈംഗികബന്ധം, ഗര്‍ഭനിരോധനം എന്നിവ ലക്ഷ്യമിട്ടാണ് ഗര്‍ഭനിരോധന ഉറകളുടെ ഉപയോഗം ലോകത്ത് വ്യാപകമാവുന്നത്. ഗര്‍ഭധാരണം തടയുന്നതിനൊപ്പം സിഫിലിസ്, ഗൊണോറിയ, എയ്ഡ്സ് തുടങ്ങിയ ലൈംഗിക
രോഗങ്ങളെ ചെറുക്കാനും ഉറകള്‍ ഉപയോഗിക്കുന്നു.
.jpg?$p=8312ca4&&q=0.8)
1640 മുതല്‍ കോണ്ടം പ്രചാരത്തിലുണ്ട് എന്നതിനും ചരിത്രപരമായ തെളിവുകളുണ്ട്. വേശ്യാലയങ്ങളില്‍ പോകുന്ന തന്റെ സൈനികര്‍ക്ക് ലൈംഗികരോഗമായ സിഫിലിസ് പിടിപ്പെട്ട് മരണപ്പെടുന്ന അവസ്ഥ ഒഴിവാക്കാനായി ചാള്‍സ് ഒന്നാമന് രാജാവ് തന്റെ സൈനികരോട് ഉറകള്‍ ഉപയോഗിക്കാന്‍ നിര്‍ദേശിച്ചു. ചാള്‍സ് രണ്ടാമന് രാജാവും ഉറകളുടെ ഉറകള്‍ ഉപയോഗിച്ചതായി ചരിത്രമുണ്ട്.
ലാറ്റക്സ് അഥവാ റബര്‍ ആണ് ഗര്‍ഭനിരോധന ഉറകള്‍ ഉണ്ടാക്കുന്നതിനുള്ള പ്രധാന അസംസ്കൃത വസ്തു. എന്നാല്‍, റബര്‍ ഉപയോഗിച്ച് കോണ്ടം നിര്‍മിക്കാമെന്ന് കണ്ടുപിടിക്കുന്നതിന് മുന്‍പും ആളുകള്‍ 'ഉറകള്‍' ഉപയോഗിച്ചിരുന്നു. പത്തൊമ്പതാം നൂറ്റാണ്ടിന് മുന്‍പുവരെ ജീവികളുടെ ആന്തരികാവയവങ്ങളുടെ സ്തരങ്ങളോ രാസപ്രക്രിയയ്ക്ക് വിധേയമാക്കിയ ലിനനോ പ്രത്യേകരീതിയില്‍ ഉപയോഗിച്ചുള്ള ഉറകളായിരുന്നു പ്രചാരത്തിലുണ്ടായിരുന്നത്. ഇത്തരം ഉറകളില്‍ എണ്ണ തേച്ച് ഉപയോഗിക്കുന്നതായിരുന്നു പുരാതന ഈജിപ്തുകാരുടെ രീതി. യുദ്ധങ്ങളിലോ ഏറ്റുമുട്ടലുകളിലോ കൊലപ്പെടുത്തുന്ന എതിരാളികളുടെ മസിലുകളോ ചര്‍മമോ പ്രത്യേക രീതിയില്‍ തയ്യാറാക്കിയെടുത്ത് 'വിക്ടറി കോണ്ടം' ആക്കി ഉപയോഗിക്കുന്ന രീതി പുരാതന റോമനുകളും സ്വീകരിച്ചിരുന്നു. ഇവ ഗര്‍ഭധാരണം തടയാന്‍ പ്രാപ്തമായിരുന്നെങ്കിലും ലൈംഗികരോഗങ്ങളെ പ്രതിരോധിക്കാന്‍ ഇവയ്ക്ക് കഴിഞ്ഞിരുന്നില്ലെന്ന് എയ്ന് കോളില്‍ എഴുതിയ 'ദി ഹംബിള്‍ ലിറ്റില്‍ കോണ്ടം; എ ഹിസ്റ്ററി' എന്ന ലേഖനത്തില്‍ പറയുന്നുണ്ട്. പത്തൊമ്പതാം നൂറ്റാണ്ടിന്റെ മധ്യകാലഘട്ടത്തിലാണ് റബര്‍ കൊണ്ട് നിര്‍മിക്കുന്ന ഉറകള്‍ക്ക് പ്രചാരം ലഭിച്ചത്. പിന്നീട് പല പരീക്ഷണങ്ങള്‍ക്കിടെ 1855-ലാണ് റബര്‍ ഉപയോഗിച്ചുള്ള കോണ്ടം വിപണിയിലെത്തിയത്.
.jpg?$p=9c2ba89&&q=0.8)
മൃഗങ്ങളുടെ ചര്‍മം ഉപയോഗിച്ചുള്ള ഗര്‍ഭനിരോധന ഉറകള്‍ക്ക് ഇന്നും പ്രചാരമുണ്ട്. ലാംബ്സ്കിന്‍ കോണ്ടം ഇത്തരത്തിലാണ് നിര്‍മിക്കുന്നത്. ആട്ടിന്കുട്ടികളുടെ ചര്‍മം ഉപയോഗിച്ച് നിര്‍മിക്കുന്ന ഇത്തരം ഉറകളിലൂടെ ഗര്‍ഭനിരോധനം ഫലവത്താണെങ്കിലും ഇവയ്ക്കും ലൈംഗിക രോഗങ്ങളെ ചെറുക്കാന്‍ കഴിയില്ല. ആ മുന്നറിയപ്പോടെയാണ് കോണ്ടം കമ്പനി വിപണിയിലിറക്കുന്നതും. ഇവ താരതമ്യേന പ്രചാരം കുറഞ്ഞതും വില കൂടുതലുള്ളവയുമാണ്.
1860-ല്‍ അമേരിക്കക്കാരനായ ചാള്‍സ് ഗുഡ്ഇയര്‍ ആണ് റബര്‍ ഉപയോഗിച്ചുള്ള കോണ്ടം ആദ്യമായി ഉണ്ടാക്കി പരീക്ഷിച്ചത്. ആദ്യഘട്ടത്തിലെ ഉത്പാദനം പരീക്ഷണാടിസ്ഥാനത്തിൽ ആയിരുന്നെങ്കിലും പതിയെ വന്‍തോതില്‍ കോണ്ടം ഉത്പാദിപ്പിച്ച് വിപണിയിലെത്തിച്ചു. 1920-കളിലാണ് ലാറ്റക്സ് നേരിട്ട് ഗര്‍ഭനിരോധന ഉറകളാക്കി മാറ്റാമെന്നുള്ള വിദ്യ കണ്ടുപിടിച്ചത്. ഇന്ന് കാണുന്ന തരത്തിലുള്ള കോണ്ടത്തിലേക്കുള്ള പരിണാമം ലാറ്റക്സില്‍ നിന്നുള്ള ഉറകളോടെയാണ് ആരംഭിക്കുന്നത്.
1916-ലാണ് യങ്സ് റബര്‍ കോര്പ്പറേഷന് കമ്പനി പുറത്തിറക്കിയ, ലാറ്റക്സ് ഉപയോഗിച്ച് തയ്യാറാക്കി കോണ്ടത്തിന് വാണിജ്യാടിസ്ഥാനത്തില്‍ ട്രേഡ് മാര്‍ക്ക് അംഗീകാരം ലഭിച്ചത്. ട്രോജന്‍ കോണ്ടംസ് എന്നായിരുന്നു ബ്രാന്‍ഡിന്റെ പേര്. 1937-ല്‍ യു.എസ്. ഫുഡ് ആന്റ് അഡ്മിനിസ്ട്രേഷന് ഗര്‍ഭനിരോധന ഉറകള്‍ 'ഡ്രഗ്സ്' വിഭാഗത്തില്‍ ഉള്‍പ്പെടുന്നതായി പ്രഖ്യാപിച്ചു. വിപണിയിലിറക്കുന്നതിന് മുന്‍പ് ഇവ ഗുണമേന്മാപരിശോധനയ്ക്ക് വിധേയമാക്കാനും എഫ്.ഡി.എ. നിഷ്കര്‍ഷിക്കാന്‍ തുടങ്ങി. ഇന്ന് ലോകാരോഗ്യ സംഘടനയുടെ ഏറ്റവും ഫലപ്രദവും ആവശ്യം ഉള്ളതുമായ മരുന്നുകളുടെ ലിസ്റ്റ് ആയ Essential Medicine പട്ടികയില്‍ കോണ്ടം ഉള്‍പ്പെടുത്തിയിട്ടുണ്ട്. 1980-കളില്‍ ലോകത്ത് ലൈംഗികരോഗമായ എയ്ഡ്സ് വ്യാപകമായി പടരാന്‍ ആരംഭിച്ചതോടെ ഉറകളുടെ പ്രചാരവും വര്‍ധിച്ചു. മനുഷ്യന്റെ ജീവിതത്തില്‍ കോണ്ടം അങ്ങനെ ഒഴിച്ചുകൂടാന്‍ പറ്റാത്ത വസ്തുവായി മാറി.
.jpg?$p=8384990&&q=0.8)
ഗര്‍ഭ നിരോധന ഉറകള്‍ അംഗീകരിക്കപ്പെട്ടുകഴിഞ്ഞു. ഉറകളുടെ ഉപയോഗം ഇനിയും വര്‍ധിക്കുമെന്നുതന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്. 2025-ല്‍ മാത്രം ലോകത്ത് 18 ബില്യണ്‍ കോണ്ടം ഉപയോഗിക്കുമെന്നാണ് മാര്‍ക്കറ്റ് അനലിസ്റ്റുകള്‍ പ്രവചിച്ചിരിക്കുന്നത്. |
ലോകത്ത് ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ. ജനസംഖ്യാനിയന്ത്രണം ലക്ഷ്യമിട്ട് കുടുംബാസൂത്രണ പദ്ധതി നടപ്പാക്കിയ ആദ്യ രാജ്യവും ഇന്ത്യ തന്നെ. എങ്കിലും ജനസംഖ്യയുടെ കാര്യത്തില്‍ ഇന്ത്യ ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ ചൈനയെ പിന്നിലാക്കിയേക്കുമെന്നാണ് കണക്കുകൂട്ടല്‍. ഉയരുന്ന ജനസംഖ്യ രാജ്യത്തിന് താങ്ങാന്‍ പറ്റാതായ പശ്ചാത്തലത്തിലാണ് കുടുംബാസൂത്രണ പദ്ധതി ഇന്ത്യയില്‍ നടപ്പിലാക്കുന്നത്. 1952-ലാണ് ഇന്ത്യയില്‍ കുടുംബാസൂത്രണ പദ്ധതി നടപ്പാക്കിയത്. ജനനനിരക്ക് നിയന്ത്രിക്കുകയെന്ന ലക്ഷ്യത്തോടെ ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ സര്‍ക്കാര്‍ മേല്‍നോട്ടത്തില്‍ പ്രചരിപ്പിക്കാന്‍ ആരംഭിച്ചു. ആദ്യഘട്ടത്തില്‍ യു.എസ്സില്‍നിന്നും ജപ്പാനില്‍നിന്നും കൊറിയയില്‍ നിന്നുമെല്ലാം ഇറക്കുമതി ചെയ്ത ഗര്‍ഭനിരോധന ഉറകള്‍ 'നിരോധ്' എന്ന പേരില്‍ വിതരണം ചെയ്യുകയായിരുന്നു. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കോണ്ടം ബ്രാന്‍ഡിന് ആദ്യം കാമ്രാജ് എന്ന പേര് നല്‍കാനായിരുന്നു ആദ്യ തീരുമാനം. എന്നാല്‍ അക്കാലത്തെ കോണ്‍ഗ്രസിന്റെ ദേശീയ അധ്യക്ഷന്റെ പേര് കാമരാജ് എന്നായിരുന്നതിനാല്‍ ആ നിര്‍ദേശം മാറ്റി. തടയല്‍ എന്ന് അര്‍ത്ഥം വരുന്ന നിരോധ് അങ്ങനെ പേരായി തിരഞ്ഞെടുക്കപ്പെട്ടു.
1940-കളില്‍ ഗര്‍ഭനിരോധന ഉറകള്‍ ഇന്ത്യന്‍ വിപണിയില്‍ സാന്നിധ്യം ഉറപ്പിച്ചിരുന്നെങ്കിലും വില്പന നന്നേ കുറവായിരുന്നു. ഇംഗ്ലണ്ടില്‍നിന്ന് ഇറക്കുമതി ചെയ്ത എസ്.എസ്.എല്‍. ഗ്രൂപ്പിന്റെ ഉത്പന്നങ്ങളായിരുന്നു ഇന്ത്യയിലെത്തിയിരുന്നത്. എന്നാല്‍, അവയ്ക്ക് പ്രചാരം കുറവായിരുന്നു. 1973-കളില്‍ നടത്തിയ ഒരു സര്‍വേയില്‍ രാജ്യത്തെ ആകെ ദമ്പതിമാരില്‍ നാല് ശതമാനം പേര് മാത്രമാണ് കോണ്ടം ഉപയോഗിച്ചിരുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.
.jpg?$p=8a6554b&&q=0.8)
ഗര്ഭനിരോധനത്തിനൊപ്പം ലൈംഗികരോഗമായ എയ്ഡ്സ് തടയുകയെന്ന ലക്ഷ്യത്തോടെ 2017-ല്‍ നിരോധ് സൗജന്യമായി വിതരണം ചെയ്യുന്നതിനുള്ള കേന്ദ്രങ്ങളും കേന്ദ്രസര്‍ക്കാരിന്റെ മേല്‍നോട്ടത്തില്‍ ആരംഭിച്ചു. ഇന്ത്യയിലെ കുടുംബാസൂത്രണ പദ്ധതിക്ക് നേതൃത്വം നല്കിയ, ഏറ്റവും കുറഞ്ഞ നിരക്കില്‍ ലഭിക്കുന്ന ഗര്‍ഭനിരോധന മാര്‍ഗമായിരുന്നു നിരോധ്. രാജ്യത്ത് നിരോധ് സൃഷ്ടിച്ചത് സമാനതകളില്ലാത്ത വിപ്ലവമായിരുന്നു. അറിവിന്റേയും ആകാംക്ഷയുടെയും പുറത്ത് ആളുകള്‍ നിരോധ് വാങ്ങി ഉപയോഗിക്കാന്‍ ആരംഭിച്ചു. രാജ്യത്തെ ജനസംഖ്യ വിസ്ഫോടനത്തിലേക്ക് നീങ്ങുന്നതില്‍നിന്ന് തടയാന്‍ നിരോധിന് കഴിഞ്ഞുവെന്നത് യാഥാര്‍ഥ്യമായി. ഇതില്‍ സര്‍ക്കാരിനൊപ്പം അന്താരാഷ്ട്ര ഏജന്‍സികള്‍ക്കും വന്‍കിട കമ്പനികള്‍ക്കും പരസ്യങ്ങള്‍ക്കുമെല്ലാം നിര്‍ണായകമായ പങ്കുണ്ട്.
എച്ച്.എല്‍.എല്‍.
1969-ലാണ് എച്ച്.എല്‍.എല്‍. (ഹിന്ദുസ്ഥാന്‍ ലാറ്റക്സ് ലിമിറ്റഡ് ഇന്നത്തെ എച്ച്.എല്‍.എല്‍. ലൈഫ് കെയര്‍ ലിമിറ്റഡ്)-മായി സഹകരിച്ച് കേന്ദ്ര സര്‍ക്കാര്‍ നിരോധ് എന്ന ബ്രാന്‍ഡ് പേരില്‍ കോണ്ടം നിര്‍മാണവും വിതരണവും ആരംഭിച്ചത്. ആരോഗ്യ മന്ത്രാലയത്തിനു കീഴിലുള്ള മിനി രത്ന പൊതുമേഖലാ സ്ഥാപനമാണ് എച്ച്.എൽ.എൽ. കോണ്ടം നിര്‍മിക്കാനാവശ്യമായ റബര്‍ സുലഭമായി ലഭിക്കുന്നതുകൊണ്ടുതന്നെ കേരളത്തില്‍ തിരുവനന്തപുരത്തായിരുന്നു നിരോധിന്റെ ആദ്യ ഫാക്ടറി. 14 കോടി നിരോധ് ഉറകളാണ് കമ്പനി പ്രതിവര്‍ഷം ഉത്പാദിപ്പിച്ചിരുന്നത്. നിര്‍മാണവും വില്പനയും പ്രചാരവും ഏറിയതോടെ ഗര്‍ഭനിരോധനത്തിനായി കോണ്ടം ഉപയോഗിക്കുന്നവരുടെ എണ്ണവും വര്‍ധിച്ചു. പിന്നാലെ കര്‍ണാടകയിലെ ബെല്‍ഗാമിലും എച്ച്.എല്‍.എല്‍. ഫാക്ടറി തുടങ്ങി. ഏഴ് വര്‍ഷം കൊണ്ട് ഉത്പാദനം ഇരട്ടിയായാണ് കമ്പനി വര്‍ധിപ്പിച്ചത്. ഇന്ന് ഏഴ് സംസ്ഥാനങ്ങളിലായി എച്ച്.എല്‍.എല്ലിന് ഫാക്ടറികളും 22 ഓഫീസുകളുമുണ്ട്. കോണ്ടം നിര്‍മാതാക്കള്‍ എന്നതിനേക്കാള്‍ ആരോഗ്യസംരക്ഷണ ഉത്പന്നങ്ങളുടെ നിര്‍മാതാക്കള്‍ എന്ന പേരാണ് എച്ച്.എല്‍.എല്ലിന് ഏറെ അനുയോജ്യം. 115 രാജ്യങ്ങളിലേക്ക് അവര്‍ തങ്ങളുടെ വിവിധങ്ങളായ ഉത്പന്നങ്ങള്‍ കയറ്റി അയക്കുകയും ചെയ്യുന്നു. 2015-ലെ കണക്കനുസരിച്ച് 8500 കോടിയാണ് ആ വര്‍ഷം എച്ച്.എല്‍.എല്‍ തങ്ങളുടെ ഉത്പന്നങ്ങള്‍ വിപണിയിലെത്തിച്ചതുവഴി സ്വന്തമാക്കിയത്. എച്ച്.എല്‍.എല്ലിന്റെ തിരുവനന്തപുരം പേരൂര്‍ക്കടയിലെ യൂണിറ്റ് ലോകത്തിലെ തന്നെ ഏറ്റവും വലിയ മെയില്‍ കോണ്ടം നിര്‍മാണ യൂണിറ്റാണ്. ഒരു ദിവസം മാത്രം 40 ലക്ഷം കോണ്ടം ആണ് ഇവിടെ നിര്‍മിക്കുന്നത്. 2000 തൊഴിലാളികള്‍ ഈ യൂണിറ്റില്‍ മാത്രം ജോലി ചെയ്യുന്നു.
ഇന്ന് ഇന്ത്യയിലും ലോകത്തുമായി കോണ്ടം നിര്‍മാണത്തില്‍ ഇഞ്ചോടിഞ്ച് മത്സരമാണ് നടക്കുന്നതെങ്കിലും ലോകത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ വ്യത്യസ്ത തരം ഉറകള്‍ നിര്‍മിക്കുന്ന കമ്പനിയായി എച്ച്.എല്‍.എല്‍. മാറിയിരിക്കുന്നുവെന്നതില് തര്‍ക്കമില്ല.മൂഡ്സ് കോണ്ടം ഉള്‍പ്പെടെയുള്ള ബ്രാന്‍ഡുകള്‍ എച്ച്.എല്‍.എല്ലിന്റേതാണ്. ഇന്ന് രാജ്യത്തെ ആരോഗ്യപരിപാലന മേഖലയിലെ പ്രധാന പൊതുമേഖലാ സ്ഥാപനമായി എച്ച്.എൽ.എൽ. ലൈഫ് കെയർ ലിമിറ്റഡ് മാറി. എച്ച്.എൽ.എലിന്റെ ബ്രാൻഡുകൾക്ക് രാജ്യത്തും വിദേശത്തും വലിയ വിപണിയാണുള്ളത്.
കോണ്ടം എന്നാല്‍ നിരോധ് എന്ന അര്‍ഥം മാത്രമുള്ള ഒരു കാലമുണ്ടായിരുന്നു ഇന്ത്യയ്ക്ക്. പക്ഷേ, അധികൃതരുടെ കെടുകാര്യസ്ഥത മൂലം സര്‍ക്കാര്‍ ഉടമസ്ഥതയിലുളള ബ്രാന്‍ഡിന് ആ പ്രതാപം തുടരാനായില്ല. താമസിയാതെ മറ്റു ബ്രാന്‍ഡുകളും ഇന്ത്യന്‍ വിപണിയില്‍ ചുവടുറപ്പിച്ചതോടെ മത്സരത്തില്‍ നിരോധിന് അടിപതറുക തന്നെ ചെയ്തു. ഏറ്റവും കുറഞ്ഞ നിരക്കില്‍ ലഭ്യമായിരുന്നിട്ടും നിരോധ് പിന്നോട്ട് തള്ളപ്പെട്ടു. മാറുന്ന കാലത്തിനൊപ്പം മാറാത്ത പരസ്യ പ്രചാരണങ്ങളാണ് നിരോധിനെ അടിതെറ്റിച്ചതെന്ന് പറയപ്പെടുന്നു. നിരോധ് എന്ന് പേര് പോലും ബ്രാന്‍ഡിനെ പിന്നോട്ടെത്തിക്കുന്നതില് പങ്കുവഹിച്ചുവെന്നാണ് അനലിസ്റ്റുകളുടെ വാദം. എങ്കിലും ഇന്ത്യയില്‍ നിശ്ശബ്ദവും എന്നാല്‍ ഫലപ്രദവുമായ വിപ്ലവം ഉണ്ടാക്കിയതിന്റെ ഖ്യാതി നിരോധിനാണെന്ന് പറയാതെ വയ്യ.
2020-ലെ കോണ്ടമോളജി റിപ്പോര്‍ട്ട് പ്രകാരം 226 കോടിയാണ് ഇന്ത്യയിലെ ആകെ കോണ്ടം വില്പന. 1521 കോടി രൂപയാണ് പ്രതിവര്‍ഷം വരുമാനം. 2014 മുതല്‍ കോണ്ടം വില്പനയില് വലിയ വര്‍ധനവാണ് രാജ്യത്തുണ്ടായിരിക്കുന്നത്. ഇന്ന് ഇന്ത്യയിലെ ഏറ്റവും മികച്ച രണ്ടാമത്തെ ഗര്‍ഭനിരോധന മാര്‍ഗമാണ് കോണ്ടം. |
Content Highlights: Maharashtra's Aurangabad becoming 'condom hub
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..