എം.വി. ഗോവിന്ദൻ
അതതുകാലത്തെ പരിതഃസ്ഥിതിയിലെ പുതിയ ഘടകങ്ങള്‍ ഏതെന്നും അവയെ എങ്ങനെ കൈകാര്യംചെയ്യണമെന്നും കണ്ടുപിടിച്ച് മുന്നോട്ടുപോകാനാണ് ഇ.എം.എസിന്റെ നേതൃത്വത്തിലുള്ള ഒന്നാം ഭരണപരിഷ്‌കാരക്കമ്മിറ്റി നിര്‍ദേശിച്ചത്. ഇത്തരത്തിലുള്ള ചിന്തകളും ഭരണസംവിധാനത്തെ പരിഷ്‌കരിക്കാനുള്ള പരിശ്രമങ്ങളും ഇടതുപക്ഷ ഭരണകാലത്തെല്ലാം ഉയര്‍ന്നുവന്നിട്ടുണ്ട്. രണ്ടാം പിണറായി വിജയന്‍ സര്‍ക്കാര്‍ ഏകീകൃത തദ്ദേശസ്വയംഭരണവകുപ്പ് യാഥാര്‍ഥ്യമാക്കുന്നതും ഭരണപരിഷ്‌കാരത്തിന്റെ ഭാഗമായാണ്. ഇതിലൂടെ ജനങ്ങള്‍ക്ക് കൂടുതല്‍ കാര്യക്ഷമതയോടെയും വേഗത്തിലും അഴിമതിമുക്തമായും സേവനങ്ങള്‍ ലഭ്യമാക്കാനാവും.
അഞ്ചുവകുപ്പുകള്‍ ഒന്നാവുമ്പോള്‍
അധികാരവികേന്ദ്രീകരണ പ്രക്രിയയെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെയും ശക്തിപ്പെടുത്താനുതകുന്ന രീതിയിലാണ് ഏകീകൃത തദ്ദേശസ്വയംഭരണവകുപ്പ് രൂപവത്കരിച്ചിരിക്കുന്നത്. സംസ്ഥാനത്ത് നിലവിലുണ്ടായിരുന്ന പഞ്ചായത്ത്, ഗ്രാമവികസനം, നഗരകാര്യം, തദ്ദേശസ്വയംഭരണ എന്‍ജിനിയറിങ് വിഭാഗം, നഗരാസൂത്രണം എന്നീ വകുപ്പുകളെ ഏകോപിപ്പിക്കുകയാണ്. ഏകീകൃതവകുപ്പില്‍ റൂറല്‍, അര്‍ബന്‍, പ്ലാനിങ്, എന്‍ജിനിയറിങ് എന്നീ നാലുവിഭാഗങ്ങളാണ് ഉണ്ടാവുക.
റൂറല്‍, അര്‍ബന്‍ വിഭാഗങ്ങളുടെ തലപ്പത്ത് ഐ.എ.എസ്. തസ്തികയിലുള്ള ഡയറക്ടര്‍മാരാണ്. പ്ലാനിങ് വിഭാഗത്തിന്റെ തലവന്‍ ചീഫ് ടൗണ്‍ പ്ലാനറും എന്‍ജിനിയറിങ് വിഭാഗത്തിന്റെ തലവന്‍ ചീഫ് എന്‍ജിനിയറുമായിരിക്കും. എന്‍ജിനിയറിങ് വിഭാഗത്തിന്റെ പേരിലും മാറ്റമുണ്ടാകും. ലോക്കല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്മെന്റ് ആന്‍ഡ് എന്‍ജിനിയറിങ് എന്നാണ് ഇനി ആ വിഭാഗം അറിയപ്പെടുക.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ മെച്ചപ്പെട്ട പ്രവര്‍ത്തനത്തിന് സഹായകമായി നിര്‍ദേശിക്കപ്പെട്ടിട്ടുള്ള പബ്ലിക് ഹെല്‍ത്ത് ആന്‍ഡ് എന്‍വയോണ്‍മെന്റ് മാനേജ്മെന്റ്, കമ്യൂണിക്കേഷന്‍, എംപവര്‍മെന്റ്, ഹ്യൂമന്‍ റിസോഴ്സ് ഡെവലപ്മെന്റ് എന്നീ ഉപവിഭാഗങ്ങളും ഉണ്ടാവും. സംസ്ഥാനതലത്തില്‍ പ്രിന്‍സിപ്പല്‍ ഡയറക്ടറേറ്റാണ് ഉണ്ടാവുക. തിരുവനന്തപുരത്തെ സ്വരാജ്ഭവന്‍ ഇതിനായി ഒരുങ്ങിക്കഴിഞ്ഞു. ഏകീകൃതവകുപ്പിന്റെ മേധാവി പ്രിന്‍സിപ്പല്‍ ഡയറക്ടറായിരിക്കും.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ആവശ്യമായ ഭരണപരമായ സഹായം എത്തിച്ചുകൊടുക്കുക എന്നതാണ് ഏകീകൃത തദ്ദേശ സ്വയംഭരണവകുപ്പിന്റെ പ്രധാന ലക്ഷ്യം. മുപ്പത്തൊന്നായിരത്തിലധികം സ്ഥിരം ജീവനക്കാരും ഏഴായിരത്തോളം വരുന്ന കണ്ടിന്‍ജന്റ് ജീവനക്കാരും ചേരുന്ന ഒരു പൊതുസര്‍വീസാണ് സംസ്ഥാനത്തും ജില്ലയിലും ഏകീകൃതകാര്യാലയങ്ങള്‍ സഹിതം നിലവില്‍വരുന്നത്. ഇവരെയെല്ലാം മേല്‍പ്പറഞ്ഞ ലക്ഷ്യം നേടുന്നതിനായി ജൈവികമായി ബന്ധിപ്പിക്കുകയും സാങ്കേതികസഹായത്തോടെ ഏകോപിത പിന്തുണാസംവിധാനമായി മാറുകയും ചെയ്യും. താഴേത്തലംമുതല്‍ സെക്രട്ടേറിയറ്റുവരെ ശക്തമായൊരു പിന്തുണാസംവിധാനം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ആവശ്യമാണ്. വകുപ്പുകളുടെ ഏകോപനത്തിലൂടെ ഇത് ശക്തിപ്പെടുത്താനാവും.
സ്ഥാനക്കയറ്റവും സ്ഥലംമാറ്റവുമൊക്കെ സംബന്ധിച്ച് ജീവനക്കാര്‍ക്കുള്ള എല്ലാ ആശങ്കകളും പരിഹരിച്ചാണ് സര്‍ക്കാര്‍ മുന്നോട്ടുപോവുന്നത്. വിശേഷാല്‍ ചട്ടങ്ങള്‍ പുറത്തിറക്കുന്ന തീയതിക്കുമുമ്പ് സര്‍വീസില്‍ പ്രവേശിച്ച ഓരോ ജീവനക്കാരനും സര്‍വീസില്‍നിന്ന് പിരിയുന്നതുവരെ പഴയ വകുപ്പുകളിലുള്ള സീനിയോറിറ്റിയും പരിഗണനയും നിലനിര്‍ത്തും. പഴയ വകുപ്പില്‍ അര്‍ഹതപ്പെട്ട എല്ലാ പ്രൊമോഷനും ലഭിക്കുകയും ചെയ്യും. ഏതെങ്കിലും തരത്തില്‍ വ്യക്തിപരമായ പ്രശ്‌നങ്ങള്‍ ഉണ്ടാവുകയാണെങ്കില്‍ അത് പരിഹരിക്കുന്നതിന് സമയബന്ധിതമായ ഒരു പരാതിപരിഹാര സംവിധാനവും ചട്ടങ്ങളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ചുവപ്പുനാടകള്‍ ഉണ്ടാവില്ല
ജനങ്ങളുമായി ഏറ്റവും അടുത്തുനില്‍ക്കുന്ന പ്രാദേശിക സര്‍ക്കാരുകള്‍ക്കുമുന്നില്‍ സേവനങ്ങള്‍ക്കുവേണ്ടി സമീപിക്കുമ്പോള്‍ ചുവപ്പുനാടകളും ബ്യൂറോക്രാറ്റിക് തട്ടുകളും ഒരിക്കലും തടസ്സമാവരുത്. കാത്തിരിക്കാതെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്ന സംവിധാനമാണ് ആവശ്യം. ഏകീകൃതവകുപ്പില്‍ ഫയലുകളില്‍ തീരുമാനം കൈക്കൊള്ളുന്നതിന് ഉദ്യോഗസ്ഥതലത്തിലുള്ള തട്ടുകളുടെ എണ്ണം പരമാവധി കുറച്ചിട്ടുണ്ട്. അതിനാല്‍ വേഗത്തില്‍ തീരുമാനങ്ങളുണ്ടാവും. സര്‍ക്കാരിന്റെ നയപരമായ തീരുമാനമോ സ്പഷ്ടീകരണമോ പ്രത്യേക സാങ്കേതികാനുമതിയോ ആവശ്യമുള്ള ഫയലുകള്‍ ഒഴികെ ബാക്കിയെല്ലാറ്റിലും തീരുമാനമെടുക്കുന്നതിന് മൂന്നുതട്ടിലുള്ള ഉദ്യോഗസ്ഥസംവിധാനംമാത്രമേ ഇനിയുണ്ടാവൂ. ഇത് ഫയല്‍ തീര്‍പ്പാക്കുന്നതില്‍ വലിയ രീതിയിലുള്ള മാറ്റമുണ്ടാക്കും. ജനങ്ങളുടെ കാത്തിരിപ്പിന് വിരാമമാവും.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമവും ഫലപ്രദവുമാക്കുന്നതിന് ജില്ലാ-ബ്ലോക്ക്-ഗ്രാമ പഞ്ചായത്തുകള്‍ക്കിടയിലും മുനിസിപ്പാലിറ്റികളും പഞ്ചായത്തുകളും തമ്മിലും യോജിച്ചുകൊണ്ടുള്ള പ്രവര്‍ത്തനം ആവശ്യമാണ്. ഏകീകൃതവകുപ്പ് നിലവില്‍വരുന്നതോടെ ഇത് നടപ്പാവും. വിവിധ തട്ടുകളില്‍ നടക്കുന്ന പ്രാദേശിക ആസൂത്രണ പ്രവര്‍ത്തനങ്ങളുടെ ഏകോപനവുമുണ്ടാവും.
ഏകീകൃതവകുപ്പിന്റെ ഭാഗമായി സംസ്ഥാനതലത്തില്‍ പൊതുവായ ഒരു വകുപ്പ് അധ്യക്ഷനും ജില്ലാതലത്തില്‍ ഒരു മേധാവിയും നിലവില്‍ വരുന്നതോടെ ജില്ലാ ആസൂത്രണസമിതിയുടെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാകുമെന്നതില്‍ സംശയമില്ല. ജില്ലാപദ്ധതിയും സംസ്ഥാനപദ്ധതിയും തമ്മിലുള്ള പരസ്പരപൂരകത്വം ഉറപ്പാക്കാനുമാവും. വകുപ്പിന്റെ ഭാഗമായ സാങ്കേതികവിഭാഗം ജീവനക്കാരായ എന്‍ജിനിയറിങ്, നഗരഗ്രാമാസൂത്രണം, പൊതുജനാരോഗ്യം എന്നീ മേഖലകളിലെ ഉദ്യോഗസ്ഥരുടെ സേവനം വിവിധ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കും ജില്ലാ ആസൂത്രണസമിതികള്‍ക്കും മെച്ചപ്പെട്ടനിലയില്‍ ലഭ്യമാവുന്ന നിലയുമുണ്ടാവും.
കേരളത്തിന്റെ സമഗ്രമായ വികസനക്കുതിപ്പിന് കരുത്തേകുന്ന ജനകീയവും സേവനപ്രദാനവുമായ സര്‍വീസ് ഉറപ്പുവരുത്തുന്നതുമായ ചരിത്രപരമായ കാല്‍വെപ്പാണ് ഏകീകൃത തദ്ദേശസ്വയംഭരണ വകുപ്പിന്റെ രൂപവത്കരണം.
തദ്ദേശസ്വയംഭരണ, എക്‌സൈസ് വകുപ്പുമന്ത്രിയാണ് ലേഖകന്‍
Content Highlights: M V Govindan writes
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..