ജയിലില്‍ നിന്നെത്തി ബോല്‍സനാരോയെ അട്ടിമറിച്ച് ലുല; ലാറ്റിനമേരിക്കയില്‍ പടരുന്ന പിങ്ക് തരംഗം


സ്വന്തം ലേഖകന്‍

In-Depth

ലുല

ലോകകപ്പ് ഫുട്‌ബോള്‍ ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ ഒരു ചരിത്രം രചിച്ചിരിക്കുകയാണ് ബ്രസീല്‍. എന്നാല്‍ ഇത്തവണ അത് ഫുട്‌ബോളുമായി ബന്ധപ്പെട്ട് അല്ലെന്ന് മാത്രം. രാജ്യത്തെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷ വര്‍ക്കേഴ്‌സ് പാര്‍ട്ടി നേതാവ് ലുല ഡി സില്‍വയെ അധികാരത്തിലേറ്റിയാണ് ബ്രസീല്‍ ജനത പുതുചരിത്രമെഴുതിയിരിക്കുന്നത്. ബ്രസീലില്‍ 34 വര്‍ഷത്തിന് ശേഷമാണ് അധികാരത്തിലിരിക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ പരാജയപ്പെടുന്നത്. നിലവിലെ പ്രസിഡന്റും തീവ്ര വലതുപക്ഷ നേതാവുമായ ജയിര്‍ ബോല്‍സനാരോയെയാണ് ലുല അട്ടിമറിച്ചിരിക്കുന്നത്. 99.5 ശതമാനം ജനങ്ങള്‍ വോട്ട് രേഖപ്പെടുത്തിയ അത്യപൂര്‍വ തിരഞ്ഞെടുപ്പില്‍ ലുല ഡസില്‍വ 50.83 ശതമാനം വോട്ട് നേടിയപ്പോള്‍ ബോല്‍സനാരോ 49.7 ശതമാനം വോട്ടുകളാണ് നേടിയത്. വിജയമുറപ്പിച്ച 2018ലെ തിരഞ്ഞെടുപ്പ് സമയത്ത് അഴിമതിക്കുറ്റം ചാര്‍ത്തി ജയിലിടക്കപ്പെട്ട ശേഷം തിരിച്ചത്തി ഭരണത്തിലുള്ള പ്രസിഡന്റിനെ അട്ടിമറിച്ച് ലുല എന്ന എഴുപത്തേഴുകാരന്‍ നേടി വിജയം ബ്രസീലീന്റെ ചരിത്രത്തില്‍ സമാനതകളില്ലാത്തതാണ്. ദക്ഷിണ അമേരിക്കന്‍ ഭൂഖണ്ഡത്തിലെ ഏറ്റവും വലിയ രാജ്യമായ ബ്രസീലും ഇടതുപക്ഷ പാതയിലേക്ക് തിരിച്ചെത്തിയതോടെ ലാറ്റിനമേരിക്കയിലെ 'പിങ്ക് റെവല്യൂഷന്‍' കൂടുതല്‍ രാജ്യങ്ങളിലേക്ക് പടരുകയാണ്.

ബ്രസീലിന്റെ ചരിത്രത്തിലെ ഏറ്റവും വിവാദങ്ങള്‍ നിറഞ്ഞ ഭരണത്തിനാണ് ലുല അറുതി വരുത്തിയിരിക്കുന്നത്. കോവിഡിനെ പ്രതിരോധിക്കുന്നതില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് ലക്ഷക്കണക്കിന് ജനങ്ങള്‍ മരണത്തിന്‌ കീഴടങ്ങിയതും രാജ്യം നേരിട്ടുകൊണ്ടിരിക്കുന്ന സാമ്പത്തിക പ്രതിസന്ധികളും വിലക്കയറ്റവും അഴിമതിയും ഉള്‍പ്പടെയുള്ള വിഷയങ്ങള്‍ ഉയത്തിക്കാട്ടിയായിരുന്നു ലുലയുടെ തിരഞ്ഞെടുപ്പ് പ്രചാരണം. ആമസോണ്‍ വനനശീകരണവും ഗോത്രജനതയ്ക്ക് നേരെയുണ്ടായ അതിക്രമങ്ങളുമെല്ലാം തിരഞ്ഞെടുപ്പില്‍ ചര്‍ച്ചയായി. അക്ഷരാര്‍ത്ഥത്തില്‍ ഇടതുപക്ഷവും വലതുപക്ഷവും തമ്മിലുള്ള പോരാട്ടമായിരുന്നു തിരഞ്ഞെടുപ്പ്. പെറുവിലെ സൈനിക സ്വേച്ഛാധിപതിയായിരുന്ന ആല്‍ബെര്‍ട്ടോ ഫുജിമോറിയുടെയും ചിലിയിലെ ഏകാധിപതി അഗസ്റ്റോ പിനോഷെയുടെയും കടുത്ത ആരാധകനനായ ബോല്‍സനാരോ തീവ്രവലതുപക്ഷ ആശയങ്ങള്‍ ശക്തമായ വക്താവായിരുന്നു. കോവിഡ് കാലത്തുള്‍പ്പടെ ബോല്‍സനാരോയുടെ വിചിത്ര നടപടികള്‍ ആഗോളതലത്തില്‍ വലിയ വിമര്‍ശനങ്ങള്‍ക്ക് കാരണമായിരുന്നു.ലുല

അഴിമതിയും സ്വജനപക്ഷപാതവും ഉള്‍പ്പടെയുള്ള ആരോപണങ്ങളും സര്‍ക്കാരിനെതിരെയുണ്ടായിരുന്നു. ഗര്‍ഭഛിദ്രത്തിനെതിരെയും, സ്വവര്‍ഗ വിവാഹത്തിനെതിരെയുമുള്ള നിലപാടുകളും ബോല്‍സനാരോയെ കുപ്രസിദ്ധനാക്കി. തോക്ക് കൈവശം വയ്ക്കാനുള്ള നടപടികള്‍ ഉദാരീകരിച്ചതും പൊതുമേഖലാ സ്ഥാപനങ്ങള്‍ സ്വകാര്യവത്കരിച്ചതും ഉള്‍പ്പടെയുള്ള നടപടികളും ബോല്‍സനാരോ സര്‍ക്കാരിനെതിരായ ജനവികാരം ആളിക്കത്തിച്ചു. ആമസോണ്‍ പ്രദേശങ്ങളില്‍ ഉള്‍പ്പടെ ഖനനത്തിനും മരംമുറിക്കും യഥേഷ്ടം അനുമതി നല്‍കിയതിനെ തുടര്‍ന്ന് രാജ്യത്ത് വനനശീകരണവും ഗോത്രജനതയ്‌ക്കെതിരായ അതിക്രമങ്ങളും രൂക്ഷമായി. ഇത് അന്താരാഷ്ട്ര സമൂഹത്തില്‍ ബ്രസീലിന്റെ പ്രതിച്ഛായ മോശമാക്കുകയും ചെയ്തിരുന്നു. അതേസമയം തീവ്ര കമ്മ്യൂണിസ്റ്റ് വിരുദ്ധതയും മത-യാഥാസ്ഥിതിക ആശയങ്ങളുടെ പ്രചാരണവും ബോല്‍സനാരോയ്ക്ക് ആഗോള തലത്തില്‍ വലത് നേതാക്കളുടെ പിന്തുണ നേടിക്കൊടുക്കുകയും ചെയ്തിരുന്നു. അമേരിക്കന്‍ പ്രസിഡന്റായിരുന്ന ഡൊണാള്‍ഡ് ട്രംപായിരുന്നു അദ്ദേഹത്തിന്റെ ഏറ്റവും പിന്തുണ നല്‍കിയിരുന്നത്. 2020 റിപ്പബ്ലിക്ക്ദിന ചടങ്ങില്‍ ഇന്ത്യയുടെ അതിഥിയായി ബോല്‍സനാരോ പങ്കെടുത്തിരുന്നു. ചൈനയ്‌ക്കെതിരായ പരാമര്‍ശങ്ങളും ആഗോള സമൂഹത്തില്‍ ബോണ്‍സനാരോയെ പ്രസിദ്ധനാക്കി.

2003 മുതല്‍ 2011 വരെ പ്രസിഡന്റായിരുന്ന ലുല ലാറ്റിനമേരിക്കയിലെ ഏറ്റവും ജനകീയനായ നേതാക്കളിലൊരാളാണ്. തൊഴിലാളി വര്‍ഗത്തില്‍നിന്നുള്ള ബ്രസീലിന്റെ ആദ്യത്തെ പ്രസിഡന്റും കൂടിയായിരുന്നു ലുല. പ്രസിഡന്റായിരിക്കെ അദ്ദേഹം നടപ്പിലാക്കിയ നയങ്ങളാണ് രാജ്യത്തെ വലിയ പ്രതിസന്ധിയില്‍ നിന്ന് കരകയറ്റിയതെന്നാണ് അദ്ദേഹത്തിന്റെ അനുയായികളുടെ വാദം. രണ്ട് തവണ പ്രസിഡന്റായ ശേഷം 2010ലാണ് ലുല പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറുന്നത്. 2018ല്‍ വീണ്ടും അധികാരത്തിലെത്തുമെന്ന് പ്രവചിക്കപ്പെട്ട സമയത്ത് അദ്ദേഹത്തെ അഴിമതി ആരോപിച്ച് ജയിലിലടക്കുകയായിരുന്നു. ഇതിനെ തുടര്‍ന്ന് ബോണ്‍സനാരോ അനായാസ വിജയം നേടുകയും ചെയ്തു. കാര്യമായ തെളിവൊന്നുമില്ലാതെ ലുലയെ ജയിലിലടച്ചതിനെതിരേ രാജ്യത്ത് വലിയ രീതിയിലുള്ള ബഹുജന പ്രക്ഷോഭം ഉയന്നു വന്നിരുന്നു. ലുലയ്ക്ക് തടവ് ശിക്ഷ വിധിച്ച ജഡ്ജി പിന്നീട് ബോണ്‍സനാരോ സര്‍ക്കാരിലെ നീതിന്യായ വകുപ്പ് മന്ത്രിയാവുകയും ചെയ്തു. ലുല ജയിലില്‍ കിടന്ന കാലമത്രയും അദ്ദേഹത്തിന്റെ അനുയായികള്‍ ജയിലിന് പരിസരത്ത് സംഘടിച്ച് പ്രതിഷേധപരിപാടികള്‍ സംഘടിപ്പിക്കുകയായിരുന്നു.

സുപ്രീം കോടതിയുടെ ഇടപെടലിനെ തുടര്‍ന്നാണ് ഒന്നരവര്‍ഷത്തിലേറെക്കാലം ജയില്‍വാസമനുഭവിച്ച ലുല ജയില്‍മോചിതനായത്. ജനസാഗരമായിരുന്ന ജയില്‍ പരിസരത്ത് ലുലയെ സ്വീകരിക്കാനെത്തിയത്. ജയിലിന് മുന്നില്‍ തന്റെ അനുയായികളെ അഭിസംബോധന ചെയ്ത് നടത്തിയ പ്രസംഗത്തില്‍ ബ്രസീലിനെ ദുരിതത്തില്‍ നിന്ന് മോചിപ്പിക്കാന്‍ സമയമായെന്ന് ലുല ആഹ്വാനം ചെയ്തു. ലുലയെ അന്യായമായി ജയിലിലടച്ച വിഷയം തന്നൊയിരുന്നു തിരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ചയായതും. ഡോളറിന്റെ ആശ്രിതത്വം കുറയ്ക്കാന്‍ അന്താരാഷ്ട്ര വ്യാപാരത്തിനുള്ള പുതിയ കറന്‍സി അവതരിപ്പിക്കുമെന്നാണ് അന്താരാഷ്ട്ര വിഷയത്തില്‍ ലുലയുടെ പ്രധാന വാഗ്ദാനങ്ങളിലൊന്ന്. ഇന്ത്യയുള്‍പ്പടെയുള്ള രാജ്യങ്ങളില്‍ നിന്ന് ഇടതുപക്ഷ പ്രവര്‍ത്തകര്‍ ലുലയ്ക്കായി പ്രചാരണത്തിനെത്തിയിരുന്നു. ബോണ്‍സനാരോ ക്യാമ്പും ശക്തമായ പ്രചാരണപ്രവര്‍ത്തനങ്ങളുമായി രംഗത്തുണ്ടായിരുന്നു. ആകെ വോട്ടര്‍മാരില്‍ 99.5 ശതനാനം വോട്ടര്‍മാരും വോട്ട് രേഖപ്പെടുത്തി. വാശിയേറിയ പ്രചാരണങ്ങള്‍ക്കിടയില്‍ ഇഞ്ചോടിഞ്ചെന്ന നിലയില്‍ ഫലങ്ങള്‍ മാറി മറിഞ്ഞു. അവസാനം കേവലഭൂരിപക്ഷമായ 50 ശതമാനം വോട്ട് നേടി ലുല അധികാരത്തില്‍ തിരിച്ചെത്തുകയായിരുന്നു. ബ്രസീലിലെ തെരുവുകളില്‍ ഫുട്‌ബോള്‍ ആവേശത്തിന് താല്‍ക്കാലിക അവധി നല്‍കി ലുലയുടെ വിജയം ആഘോഷമാക്കുകയാണ് പ്രവര്‍ത്തകര്‍. ചിലി, കൊളംബിയ, അര്‍ജന്റീന, പെറു, നിക്കരാഗ്വേ ഹോണ്ടുറാസ് എന്നീ രാജ്യങ്ങള്‍ക്ക് പിന്നാലെ എന്നീ രാജ്യങ്ങള്‍ക്ക് പിന്നാലെ ലുലയിലൂടെ ബ്രസീലിലും ഇടതുപക്ഷം അധികാരത്തിലെത്തിയിരിക്കുകയാണ്. ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ മധ്യ ഇടതുപക്ഷ നിലപാടുകളുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ അധികാരം പിടിക്കുന്നതിനെ 'പിങ്ക് തരംഗം' എന്നാണ് മാധ്യങ്ങള്‍ വിശേഷിപ്പിക്കുന്നത്.

Content Highlights: Lula defeats Bolsonaro to again become Brazil's president


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


praveena poothotta law college ksu

1 min

കോളേജ് യൂണിയന്‍ പിടിക്കാന്‍ കൈവിട്ട കളി? KSU പ്രവര്‍ത്തകയെ SFI-ക്കാര്‍ തട്ടിക്കൊണ്ടുപോയെന്ന് പരാതി

Nov 30, 2022

Most Commented