ആഗോളതലത്തില്‍ ചൈനീസ് കുത്തക, കടന്നുകയറാന്‍ ഇന്ത്യ; കശ്മീരിലെ ലിഥിയം നിക്ഷേപം തലവര മാറ്റുമോ?


അഖില്‍ ശിവാനന്ദ് | akhilsivanand@mpp.co.inരാജ്യത്ത് ആദ്യമായാണ് വലിയ അളവില്‍ ലിഥിയം നിക്ഷേപം കണ്ടെത്തുന്നത്. അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുന്ന വൈദ്യുത വാഹന വിപണി എന്ന നിലയില്‍ രാജ്യത്തെ ലിഥിയം നിക്ഷേപത്തിന് വലിയ പ്രാധാന്യമാണുള്ളത്.

Premium

കശ്മീരിലെ റിയാസി ജില്ലയിൽ ഒരു ഗ്രാമീണൻ ലിഥിയം കല്ലുകൾ കാണിക്കുന്നു | Photo: PTI

ന്ത്യയില്‍ ആദ്യമായി വലിയ തോതില്‍ ലിഥിയം ശേഖരം കണ്ടെത്തിയെന്ന വാര്‍ത്ത കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ജമ്മു കശ്മീരിലെ റിയാസി ജില്ലയില്‍ 5.9 ദശലക്ഷം ടണ്‍ വരുന്ന ലിഥിയം നിക്ഷേപം കണ്ടെത്തിയതായാണ് ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ പ്രഖ്യാപിച്ചത്. ഇതോടെ ലോകത്തിലെ തന്നെ ഏറ്റവുമധികം ലിഥിയം കരുതല്‍ ശേഖരമുള്ള രാജ്യങ്ങളുടെ പട്ടികയിലേക്ക് എത്തിയിരിക്കുകയാണ് ഇന്ത്യ. 2021-ല്‍ ആഗോളതലത്തില്‍ ആകെ ഉത്പാദിച്ച ലിഥിയത്തിന്റെ 90 ശതമാനവും ചിലി, ഓസ്‌ട്രേലിയ, ചൈന എന്നീ രാജ്യങ്ങളില്‍ നിന്നായിരുന്നു. അസംസ്‌കൃത ലിഥിയം സംസ്‌ക്കരിക്കുന്നതും അത് ലിഥിയം ബാറ്ററിയാക്കി മാറ്റുന്നതുമാകട്ടെ ചൈനയുടെ കുത്തകയും. ഇവരെയെല്ലാം ആശ്രയിച്ചുകൊണ്ടായിരുന്നു ലിഥിയത്തിന്റെ കാര്യത്തില്‍ നമ്മള്‍ ഇതുവരെ മുന്നോട്ട് പോയിരുന്നത്‌. എന്നാല്‍, 2030 ആകുമ്പോഴേക്കും ഇന്ത്യയിലെ മൊത്തം വാഹനങ്ങളില്‍ 30 ശതമാനത്തോളം ഇലക്ട്രിക് ആയിരിക്കണമെന്ന ലക്ഷ്യവുമായി മുന്നോട്ടു പോകുന്ന ഇന്ത്യയ്ക്ക് വലിയ അനുഗ്രഹമാകും ലിഥിയം നിക്ഷേപം.

ജമ്മു കശ്മീരിലെ റിയാസി ജില്ലയിലെ സലാല്‍-ഹൈമാമ മേഖലയിലാണ് നിലവില്‍ ലിഥിയം നിക്ഷേപം കണ്ടെത്തിയിരിക്കുന്നത്. ഉധംപുര്‍, റംബാന്‍, ജമ്മു, രജൗറി, കുല്‍ഗാം എന്നീ ജില്ലകളാല്‍ ചുറ്റപ്പെട്ട മേഖലയാണ് റിയാസി. പ്രമുഖ തീര്‍ഥാടന കേന്ദ്രമായ മാതാ വൈഷ്‌ണോദേവി ക്ഷേത്രം സ്ഥിതി ചെയ്യുന്നതും ഈ ജില്ലയിലാണ്. 5.9 ദശലക്ഷം ടണ്‍ ലിഥിയമാണ് ഇവിടെയുള്ളതെന്നാണ് കണക്കാക്കപ്പെടുന്നത്. ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ ഖനനത്തിലാണ് നിക്ഷേപം കണ്ടെത്തിയത്. ഇതാദ്യമായിട്ടാണ് രാജ്യത്ത് ലിഥിയം ശേഖരം കണ്ടെത്തുന്നതെന്നാണ് ജിയോളജിക്കല്‍ സര്‍വെ ഓഫ് ഇന്ത്യന്‍ മൈന്‍സ് സെക്രട്ടറി വിവേക് ഭരധ്വാജ് പറഞ്ഞത്. റിയാസിയില്‍ ലിഥിയം നിക്ഷേപമുണ്ടെന്ന സൂചനകള്‍ 1999-ല്‍ തന്നെ ഇന്ത്യന്‍ ഭൗമശാസ്ത്രജ്ഞര്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് കാല്‍ നൂറ്റാണ്ടിലേറെയായി അവിടെ കൂടുതല്‍ പര്യവേക്ഷണ പ്രവര്‍ത്തനങ്ങള്‍ നടത്തി വരികയായിരുന്നു. ജിഎസ്‌ഐ ശാസ്ത്രജ്ഞരായ കെ.കെ. ശര്‍മ്മയും എസ്.സി. ഉപ്പലും 1999-ല്‍ തയ്യാറാക്കിയ 67 പേജുള്ള റിപ്പോര്‍ട്ട് റിയാസിയിലെ ലിഥിയം നിക്ഷേപം പ്രതീക്ഷ നല്‍കുന്നതാണെന്ന് പറഞ്ഞിരുന്നു.

ഇലക്ട്രിക് വാഹനങ്ങളുടെ ബാറ്ററി നിര്‍മാണത്തിലെ മുഖ്യഘടകമായ ലിഥിയം നിലവില്‍ ഇന്ത്യ പൂര്‍ണമായും ഇറക്കുമതി ചെയ്യുകയാണ്. 2020-21 വര്‍ഷത്തില്‍ 173 കോടി രൂപയുടെ ലിഥിയവും 8,811 കോടി രൂപയുടെ ലിഥിയം അയോണുകളുമാണ് ഇന്ത്യ ഇറക്കുമതി ചെയ്തത്. അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുന്ന വൈദ്യുത വാഹനവിപണി എന്ന നിലയില്‍ രാജ്യത്തെ ലിഥിയം നിക്ഷേപത്തിന് വലിയ പ്രാധാന്യമാണുള്ളത്. എന്നാല്‍, കശ്മീരില്‍ കണ്ടെത്തിയ ലിഥിയം ഇന്ത്യയ്ക്ക് എത്രത്തോളം ഉപയോഗിക്കാനാകുമെന്നത് ചോദ്യമാണ്. വിശദമായ പഠനത്തിന് ശേഷം വേണം ഖനനത്തിലേയ്ക്ക് എത്താന്‍. ഒപ്പം ശുദ്ധീകണവും സംസ്‌കാരണവും അടക്കമുള്ള മേഖലകളും വികസിപ്പിക്കേണ്ടതുണ്ട്. നിലവില്‍ ചൈന കുത്തകയാക്കി വെച്ചിരിക്കുന്നതാണ് ആഗോള ലിഥിയം വ്യവസായം. ഇവിടേയ്ക്ക് കടന്നുചെല്ലാന്‍ ഇന്ത്യയ്ക്ക് ഊര്‍ജ്ജം പകരുന്നതാണ് പുതിയ കണ്ടുപിടുത്തമെങ്കിലും വെല്ലുവിളികള്‍ ഏറെയാണ്.

വെളുത്ത സ്വര്‍ണം, ലോകമെമ്പാടും ആവശ്യക്കാര്‍

ആഗോളതലത്തില്‍ ഏറ്റവും കൂടുതല്‍ ആവശ്യക്കാരുള്ള ധാതുക്കളില്‍ ഒന്നാണ് ലിഥിയം. 1817-ല്‍ ജോഹാന്‍ ഓഗസ്റ്റ് അർഫ്‌വെഡ്‌സണാണ് ഈ മൂലകം ആദ്യമായി കണ്ടെത്തിയത്. കല്ല് എന്ന് അര്‍ത്ഥമുള്ള ഗ്രീക്ക് വാക്കായ ലിത്തോസില്‍ നിന്നാണ് ലിഥിയം എന്ന വാക്ക് വന്നത്. ഏറ്റവും കുറഞ്ഞ സാന്ദ്രതയുള്ള ലോഹമായ ലിഥിയം ഉയര്‍ന്ന റിയാക്ടിവിറ്റിയുള്ളതും വിഷസ്വഭാവമുള്ളതുമാണ്. ഉയര്‍ന്ന റിയാക്ടിവിറ്റിയുള്ളതിനാല്‍ തന്നെ പ്രകൃതിയില്‍ ലിഥിയം ഒരിക്കലും സ്വതന്ത്രമായി കാണപ്പെടാറില്ല. ലോകമെങ്ങും ഉയര്‍ന്ന ആവശ്യഗതയുള്ളതിനാല്‍ തന്നെ 'വെളുത്ത സ്വര്‍ണ്ണം' എന്നും ലിഥിയം അറിയപ്പെടുന്നു.

ഇവി ബാറ്ററികളില്‍ മാത്രമല്ല, സ്മാര്‍ട്ട്ഫോണുകള്‍, ലാപ്ടോപ്പുകള്‍ എന്നിവയുള്‍പ്പെടെ വിവിധ ഇലക്ട്രോണിക് ഉപകരണങ്ങളിൽ റീചാര്‍ജ് ചെയ്തുപയോഗിക്കാവുന്ന ബാറ്ററികള്‍ നിര്‍മിക്കുന്നതില്‍ ലിഥിയം നിര്‍ണായക ഘടകമാണ്. ആഗോളതലത്തില്‍ ഉത്പാദിപ്പിക്കപ്പെടുന്ന ലിഥിയത്തിന്റെ 74% ഉപയോഗിക്കുന്നത് ബാറ്ററികള്‍ക്ക് വേണ്ടിയാണ്. ഭാരക്കുറവും ഉയര്‍ന്ന ഊര്‍ജ്ജസാന്ദ്രതയും കുറഞ്ഞ സെല്‍ഫ് ഡിസ്ചാര്‍ജ് നിരക്കുമാണ് മറ്റ് ബാറ്ററികളേക്കാള്‍ ലിഥിയം-അയണ്‍ ബാറ്ററികളെ വേറിട്ടതാക്കുന്നത്. ലിഥിയത്തിന്റെ മറ്റൊരു പ്രധാന ഉപയോഗം ഗ്ലാസ് വ്യവസായത്തിലാണ്. ആകെ ഉത്പാദിപ്പിക്കപ്പെടുന്നതിന്റെ ഏതാണ്ട് 14% ലിഥിയമാണ് ഗ്ലാസ് വ്യവസായത്തിനായി ഉപയോഗിക്കുന്നത്. സെറാമിക്‌സ് വ്യവസായങ്ങളിലും എയ്റോസ്പേസ്, മിലിട്ടറി വ്യവസായങ്ങളിലും മരുന്നുകളുടെ നിര്‍മാണത്തിലും ലിഥിയം വ്യാപകമായി ഉപയോഗിക്കുന്നുണ്ട്.

പെട്രോള്‍, ഡീസല്‍ തുടങ്ങിയ പരമ്പരാഗത ഇന്ധനങ്ങള്‍ ഉപയോഗിക്കുന്ന വാഹനങ്ങളില്‍നിന്ന് വൈദ്യുതോര്‍ജം ഉപയോഗിക്കുന്ന വാഹനങ്ങളിലേക്കുള്ള യാത്രയിലാണ് ലോകം. ഇന്ത്യയും ഈ മാറ്റത്തിന്റെ പാതയിലാണ്. വൈദ്യുത വാഹനങ്ങളുടെ ഉപയോഗത്തില്‍ വലിയ വര്‍ദ്ധനവാണ് ചുരുങ്ങിയ കാലം കൊണ്ട് ലോകത്താകമാനം വന്നത്. ഇത് ഏറ്റവുമധികം പ്രതിഫലിച്ച മേഖലകളിലൊന്നാണ് ലിഥിയം ഖനനം. വൈദ്യുതി വാഹനങ്ങളുടെ ആവശ്യം വര്‍ധിച്ചതോടെ, ലിഥിയത്തിന്റെ ആഗോള കരുതല്‍ ശേഖരത്തെക്കുറിച്ചുള്ള ചര്‍ച്ചകളും കൂടി. നിലവിലെ സാഹചര്യത്തില്‍ കാര്‍ബണ്‍ ബഹിര്‍ഗമനം കുറയ്ക്കാന്‍ ലോകമെമ്പാടുമായി കുറഞ്ഞത് 200 കോടിയോളം വൈദ്യുത വാഹനങ്ങള്‍ വേണ്ടിവരുമെന്നാണ് കണക്കാക്കുന്നത്. ഈ സാഹചര്യത്തില്‍ 2025-ഓടെ ലോകം ലിഥിയം ക്ഷാമം നേരിടേണ്ടി വരുമെന്നാണാണ് ഇന്റര്‍നാഷണല്‍ എനര്‍ജി ഏജന്‍സിയുടെ റിപ്പോര്‍ട്ട്.

ലിഥിയത്തിന്റെ അയിരിന്റെ സാമ്പിള്‍ | Photo: Petr David Josek/ AP Photo

ഉത്പാദനത്തില്‍ മുന്നില്‍ ഓസ്‌ട്രേലിയ

ആഗോളതലത്തില്‍ കണ്ടെത്തിയ ലിഥിയം നിക്ഷേപത്തിന്റെ ഭൂരിഭാഗവും ചിലി, അര്‍ജന്റീന, ബൊളീവിയ, ഓസ്ട്രേലിയ, ചൈന എന്നീ രാജ്യങ്ങളിലാണ്. ഇതില്‍ തന്നെ ലോകത്തിലെ ലിഥിയം ശേഖരത്തിന്റെ 54% ബൊളീവിയ, ചിലി, അര്‍ജന്റീന എന്നീ തെക്കേ അമേരിക്കന്‍ രാജ്യങ്ങളിലാണ്. ഈ പ്രദേശം 'ലിഥിയം ട്രയാംഗിള്‍' എന്നാണ് അറിയപ്പെടുന്നത് തന്നെ. അറ്റകാമ മരുഭൂമിയിലും അതിന് സമീമുള്ള വരണ്ട പ്രദേശങ്ങളിലേയും ഉപ്പുനിലങ്ങളിലാണ് ഈ നിക്ഷേപങ്ങളിലധികവും കേന്ദ്രീകരിച്ചിരിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ ലിഥിയം കരുതല്‍ ശേഖരമുള്ളത് ബൊളീവിയയിലാണ്. എന്നാല്‍, ഖനനം ചെയ്യാനുള്ള അടിസ്ഥാന സൗകര്യങ്ങള്‍ രാജ്യത്തില്ലാത്തതിനാല്‍ ഭൂരിഭാഗവും ഇപ്പോഴും ഉപയോഗിക്കാനാകുന്നില്ല. അതിനാല്‍ തന്നെ ലിഥിയം ഉത്പാദനത്തില്‍ ബൊളീവിയയ്ക്ക് മുന്‍പന്തിയിലൊന്നും സ്ഥാനമില്ല. ഓസ്ട്രേലിയയിലും വലിയ തോതില്‍ ലിഥിയം നിക്ഷേപമുണ്ട്. യു.എസ്.എ., മെക്‌സികോ, കാനഡ, സിംബാബ്‌വെ, മാലി, ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് കോംഗോ തുടങ്ങിയ രാജ്യങ്ങളിലും ചെറിയ തോതില്‍ ലിഥിയം നിക്ഷേപം കണ്ടെത്തിയിട്ടുണ്ട്.

1990-കളില്‍ അമേരിക്കയായിരുന്നു ലോകത്തിലെ ഏറ്റവും വലിയ ലിഥിയം ഉത്പാദകര്‍. 1995 വരെ ലോകത്തിലെ ലിഥിയം ഉത്പാദനത്തിന്റെ മൂന്നിലൊന്നും അമേരിക്കയുടെ സംഭാവനയായിരുന്നു. അതിനുശേഷം 2010 വരെ, ചിലി ഏറ്റവും വലിയ ഉത്പാദകരായി മാറി. നിലവില്‍ ഓസ്ട്രേലിയ, ചിലി, ചൈന എന്നിവരാണ് ലോകത്തിലെ ഏറ്റവും വലിയ ലിഥിയം ഉത്പാദകര്‍. ലോകത്ത് ആകെ ഉത്പാദിപ്പിക്കുന്ന ലിഥിയത്തിന്റെ 90% ഈ മൂന്ന് രാജ്യങ്ങള്‍ ചേര്‍ന്നാണ് ഉത്പാദിപ്പിക്കുന്നത്. ഇതില്‍ പകുതിയിലധികവും ഓസ്ട്രേലിയയില്‍നിന്നാണ് എത്തുന്നത്. ചിലിയില്‍ ഉപ്പുനിലങ്ങളിലാണ് ലിഥിയം നിക്ഷേപമെങ്കില്‍ ഓസ്‌ട്രേലിയയില്‍ ധാതുശിലയായാണ് നിക്ഷേപം കാണപ്പെടുന്നത്. 2021-ല്‍ ആഗോള ലിഥിയം ഉത്പാദനം ആദ്യമായി 100,000 ടണ്‍ കവിഞ്ഞു. 2010-നോട് താരതമ്യം ചെയ്യുമ്പോള്‍ നാലിരട്ടി വര്‍ധനവാണ് ഇക്കാര്യത്തിലുണ്ടായത്.

ലോക സാമ്പത്തിക ഫോറത്തിന്റെ കണക്കുകള്‍ പ്രകാരം 2021-ല്‍ 55,416 ടണ്‍ ലിഥിയമാണ് ഓസ്‌ട്രേലിയ ഉത്പാദിപ്പിച്ചത്. ചിലി 26,000 ടണ്‍ ലിഥിയം ഉത്പാദിപ്പിച്ചപ്പോള്‍ 14,000 ടണ്ണാണ് ചൈനയുടെ ഉത്പാദനം. 5,967 ടണ്‍ (6%) ആണ് അര്‍ജന്റീനയുടെ സംഭാവന. ബ്രസീല്‍, സിംബാബ്‌വെ, പോര്‍ച്ചുഗല്‍, യുഎസ്.എ. എന്നിവരുടെ ഉത്പാദനം ഏതാണ്ട് ഓരോ ശതമാനം വീതമാണ്. ബാക്കിയുള്ള എല്ലാ രാജ്യങ്ങളും ചേര്‍ന്ന് ഉത്പാദിപ്പിക്കുന്നതാകട്ടെ 0.1% മാത്രവും. ലോകത്തിലെ ഏറ്റവും വലിയ നാല് ഖനന സ്ഥാപനങ്ങളായ ആല്‍ബെമാര്‍ലെ, എസ്.ക്യു.എം., ടിയാന്‍കി, എഫ്.എം.സി. എന്നിവയാണ് നിലവില്‍ ആഗോള ലിഥിയം വിപണിയുടെ മൂന്നിലൊന്ന് നിയന്ത്രിക്കുന്നതെന്നാണ് മറ്റൊരു വിരോധാഭാസം.

ലിഥിയം നിക്ഷേപമുള്ള ബൊളീവിയയിലെ യുയുനി ഉപ്പ് മരുഭൂമി | Photo: Dado Galdieri/ AP

ബാറ്ററി വ്യവസായത്തില്‍ ചൈനീസ് ആധിപത്യം

ആഗോളതലത്തില്‍ ലിഥിയത്തിന്റെ ഉത്പാദനത്തിലും ലിഥിയം-അയണ്‍ ബാറ്ററികളുടെ വിപണിയിലും ചൈനയുടെ ആധിപത്യമാണ്. ലോകത്തിലെ ലിഥിയം കരുതല്‍ ശേഖരത്തിന്റെ 7.9% മാത്രമാണ് ചൈന കൈവശം വച്ചിരിക്കുന്നത്. എന്നാല്‍, അവര്‍ തിളങ്ങുന്നത് ലോഹത്തിന്റെ ശുദ്ധീകരണത്തിലും സംസ്‌കരണത്തിലുമാണ്. ആഗോളതലത്തില്‍ ലിഥിയം ഉത്പാദനത്തില്‍ മൂന്നാം സ്ഥാനത്തുള്ള ചൈനയ്ക്ക് അതിന്റെ തുടര്‍ന്നുള്ള വിതരണ ശൃംഖലയില്‍ ശക്തമായ അടിത്തറയുണ്ട്. ആഭ്യന്തരഖനികള്‍ വികസിപ്പിക്കുന്നതിനൊപ്പം ചിലി, ബൊളീവിയ, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളില്‍ ചൈനീസ് കമ്പനികള്‍ വലിയ തോതില്‍ നിക്ഷേപം നടത്തിയിട്ടുണ്ട്. ഓസ്‌ട്രേലിയയിലും ദക്ഷിണ അമേരിക്കന്‍ രാജ്യങ്ങളിലും ഉത്പാദിപ്പിക്കപ്പെടുന്ന ലിഥിയത്തിന്റെ വലിയ ആവശ്യക്കാരും ചൈനയാണ്. അടുത്തിടെ ലിഥിയം ഖനത്തില്‍ ബൊളീവിയയുമായും ചൈന കരാറിലെത്തിയിരുന്നു.

ഉത്പാദിപ്പിക്കപ്പെടുന്ന ലിഥിയം ബാറ്ററിയാക്കുന്ന സാങ്കേതികവിദ്യയിലും ചൈന തന്നെയാണ് മുന്നില്‍. ഇക്കാര്യത്തില്‍ അവര്‍ക്ക് എതിരാളികളില്ലെന്ന് തന്നെ പറയാം. അസംസ്‌കൃത ലിഥിയം സംസ്‌കരിക്കുന്നതിനും ശുദ്ധീകരിക്കുന്നതിനുമുള്ള ലോകത്തിന്റെ ആകെ ശേഷിയുടെ 60% ചൈനയ്ക്കാണെന്നാണ് കണക്കാക്കപ്പെടുന്നത്. ലിഥിയം ബാറ്ററികളാക്കി മറ്റുന്ന ശേഷിയുടെ സിംഹഭാഗവും ചൈനയുടെ നിയന്ത്രണത്തിലാണ്. ലിഥിയം-അയണ്‍ ബാറ്ററികളുടെ വിപണിയില്‍ ചൈനയുടെ ആധിപത്യം 75% വരെയാണെന്നാണ് കണക്കുകള്‍ പറയുന്നത്. അമേരിക്ക, ഹംഗറി എന്നിവരാണ് രണ്ടും മൂന്നും സ്ഥാനത്തെങ്കിലും ഇവരുടെ സംഭവന വളരെ ചെറുത് മാത്രമാണ്. ഈ മേഖലയില്‍ വലിയ അധീശത്വമാണ് ചൈന പുലര്‍ത്തുന്നത്. ആഭ്യന്തര ഖനികള്‍ക്ക് പുറമെ, ലിഥിയത്തിന്റെ സ്ഥിരമായ വിതരണം ഉറപ്പാക്കാന്‍ ചൈന മറ്റ് രാജ്യങ്ങളിലും ഖനികള്‍ സ്ഥാപിച്ചിട്ടുണ്ട്.

പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി

ചൈനയോട് ഏറ്റുമുട്ടാന്‍ ഇന്ത്യയും

2030-ഓടെ രാജ്യത്തെ 30% വാഹനങ്ങള്‍ ഇലക്ട്രിക്കാക്കി മാറ്റാനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. അതിനായി ഈ ദശാബ്ദത്തിന്റെ അവസാനത്തോടെ പൊതുഗതാഗത സംവിധാനം നൂറു ശതമാനവും ഇലക്ട്രിക് വാഹനത്തിലേക്ക് മാറുക എന്ന ലക്ഷ്യം നേടാനുള്ള ശ്രമത്തിലാണ് ഇന്ത്യ. നിലവില്‍ 12 ലക്ഷം ഇലക്ട്രിക് വാഹനങ്ങളാണ് രാജ്യത്തുള്ളതെങ്കില്‍ ഈ വര്‍ഷം അവസാനത്തോടെ അത് 40 ലക്ഷമാകുമെന്നാണ് കണക്കുകൂട്ടുന്നത്. അടുത്ത രണ്ടു വര്‍ഷത്തിനുള്ളില്‍ അത് മൂന്ന് കോടി കടക്കുമെന്ന പ്രതീക്ഷയിലാണ് സര്‍ക്കാര്‍. എന്നാല്‍, ഇറക്കുമതിയെ മാത്രം ആശ്രിച്ച് ഇത് ലക്ഷ്യമിടുന്ന വേഗത്തില്‍ മുന്നോട്ട് പോകാനാകില്ലെന്ന് സര്‍ക്കാരിനുമറിയാം. ലിഥിയത്തിന്റെ ശുദ്ധീകരണവും സംസ്‌കരണവും ബാറ്ററി നിര്‍മാണവും ചൈന കൈയടക്കിവെച്ചിരിക്കുന്നതിനാല്‍ തന്നെ ഈ മേഖലയില്‍ ഇന്ത്യയുടെ സ്വാശ്രയത്വത്തിനായുള്ള ശ്രമങ്ങള്‍ വലിയ വെല്ലുവിളിയായേക്കും. ഇക്കാര്യത്തില്‍ ശക്തമായ മത്സരം കാഴ്ച വയ്ക്കാന്‍ ഇന്ത്യ ശ്രമിക്കുന്നുണ്ടെങ്കിലും ലിഥിയത്തിന്റെയും മറ്റ് അപൂര്‍വ ലോഹങ്ങളുടേയും അഭാവം ഒരു പോരായ്മയായിരുന്നു. ഈ പ്രശ്‌നം കുറയ്ക്കാന്‍ റിയാസിയില്‍ കണ്ടെത്തിയ ലിഥിയം നിക്ഷേപം വഴിയൊരുക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ഇന്ത്യയുടെ ലിഥിയം ആവശ്യങ്ങള്‍ ഇതുവരെ നിര്‍വഹിക്കപ്പെട്ടിരുന്നത് ഇറക്കുമതി വഴിയാണ്. രാജ്യത്തെ ആവശ്യങ്ങള്‍ക്കായി ലിഥിയം, നിക്കല്‍, കോബാള്‍ട്ട് തുടങ്ങിയവ ഇറക്കുമതി ചെയ്യുകയാണ് പതിവ്. ഓസ്‌ട്രേലിയയും ചൈനയും അര്‍ജന്റീനയുമാണ് ഇങ്ങോട്ടേക്കു ലിഥിയം പ്രധാനമായും കയറ്റുമതി ചെയ്യുന്നത്. 2020-21-ല്‍ രാജ്യം 173 കോടി രൂപയുടെ ലിഥിയവും 8,811 കോടി രൂപയുടെ ലിഥിയം അയോണുകളുമാണ് ഇറക്കുമതി ചെയ്തത്. ലിഥിയം അയോണുകളില്‍ 95 ശതമാനവും ഹോങ്കോങ്ങില്‍നിന്നും ചൈനയില്‍നിന്നുമാണ് ഇന്ത്യ ഇറക്കുമതി ചെയ്തത്. ഇലക്ട്രിക് വാഹനങ്ങളുടെ മുന്നേറ്റം കണക്കിലെടുത്ത് ഇന്ത്യയുടെ ലിഥിയം ആവശ്യങ്ങള്‍ ഇനിയും ഉയരാനാണ് സാധ്യത. നിലവില്‍ ലിഥിയം അയണ്‍ ബാറ്ററികളുടെ ആഭ്യന്തര ആവശ്യത്തിന് ആവശ്യമായ ഒരു ഭാഗം മാത്രമേ ഇന്ത്യയുടെ പക്കലുള്ളൂവെന്നാണ് സൂചന. അതിനാല്‍തന്നെ രാജ്യത്ത് ലിഥിയം ഉത്പാദനം ആരംഭിച്ചാല്‍ അത് മേഖലയില്‍ വലിയ മത്സരത്തിന് വഴിവെച്ചേക്കും.

ലിഥിയം കല്ലുകള്‍ | Photo: PTI

ലിഥിയം ശുദ്ധീകരണം സങ്കീര്‍ണ്ണം

ലിഥിയത്തിന്റെ ഖനനവും ശുദ്ധീകരണവും സങ്കീര്‍ണ്ണവും വെല്ലുവിളി നിറഞ്ഞതുമായ പ്രക്രിയയാണ്. ഖനനം ചെയ്‌തെടുക്കുന്ന അയിരിനേയും അതില്‍നിന്ന് ലിഥിയം വേര്‍തിരിച്ചെടുക്കാന്‍ ഉപയോഗിക്കുന്ന രീതിയെയും ആശ്രയിച്ചാണ് സങ്കീര്‍ണത വ്യത്യാസപ്പെട്ടിരിക്കുന്നത്. ആഗോളതലത്തില്‍ ലിഥിയം വലിയ തോതില്‍ വേര്‍തിരിച്ചെടുക്കാന്‍ രണ്ട് രീതികളാണ് പ്രധാനമായും അവലംബിക്കുന്നത്. സ്‌പോഡുമീന്‍, പെറ്റലൈറ്റ്, ലെപിഡോലൈറ്റ് തുടങ്ങിയ ധാതുനിക്ഷേപങ്ങളാണ് ലിഥിയത്തിന്റെ ഒരു ഉറവിടം. ഇതില്‍നിന്ന് ലിഥിയം വേര്‍തിരിച്ചെടുക്കാന്‍ ധാതുസംസ്‌കരണം ആവശ്യമാണ്. ഫോര്‍ത്ത് ഫ്‌ളോട്ടേഷന്‍, മാഗ്നറ്റിക് സപ്പറേഷന്‍, ഗ്രാവിറ്റി സപ്പറേഷന്‍ തുടങ്ങിയ മാര്‍ഗങ്ങളിലൂടെയാണ് അയിരുകളില്‍നിന്ന് ലിഥിയം വേര്‍തിരിക്കുന്നത്.

ഉപ്പുതടാകങ്ങളാണ് ലിഥിയത്തിന്റെ മറ്റൊരു പ്രധാന ഉറവിടം. ദക്ഷിണ അമേരിക്കന്‍ രാജ്യങ്ങളില്‍ ലിഥിയത്തിന്റെ പ്രധാന ഉറവിടം ഇത്തരം തടാകങ്ങളാണ്. ഉപ്പുനിലങ്ങളിലെ വെള്ളം ബാഷ്പീകരിച്ചാണ് അവിടെ ലിഥിയം വേര്‍തിരിക്കുന്നത്. ഈരീതി സാധാരണയായി ധാതു സംസ്‌കരണത്തേക്കാള്‍ സങ്കീര്‍ണത കുറഞ്ഞതാണ്. പക്ഷേ, അന്തിമ ഉത്പന്നം നിര്‍മിക്കാന്‍ കൂടുതല്‍ സമയമെടുക്കും. ചിലി, അര്‍ജന്റീന, ബോളീവിയ അടക്കമുള്ള രാജ്യങ്ങളില്‍ ഈ രീതിയിലാണ് ലിഥിയം വേര്‍തിരിച്ചെടുക്കുന്നത്. ഇതിനോട് താരതമ്യം ചെയ്യുമ്പോള്‍ അയിരില്‍നിന്ന് ലോഹം വേര്‍തിരിച്ചെടുക്കല്‍ കൂടുതല്‍ സങ്കീര്‍ണ്ണമായ ഒരു പ്രക്രിയയാണ്.

ജമ്മു കശ്മീരിലെ അയിരുകളില്‍ വലിയ തോതില്‍ ലിഥിയമുണ്ടെന്നാണ് അനുമാനിക്കപ്പെടുന്നത്. എന്നാല്‍, ഇത് വേര്‍ തിരിച്ചെടുക്കല്‍ സങ്കീര്‍ണമാകും. 1,000 ഡിഗ്രി സെല്‍ഷ്യസിനു മുകളിലുള്ള താപനിലയില്‍ അയിര് ക്രഷ് ചെയ്യുകയും റോസ്റ്റ് ചെയ്യുകയും ചെയ്യണം. പിന്നീട് തണുപ്പിച്ച ശേഷം സള്‍ഫ്യൂരിക്ക് ആസിഡ് ഉപയോഗിച്ച് വീണ്ടും റോസ്റ്റ് ചെയ്യും. അവസാനം മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിനും ലിഥിയം കാര്‍ബണേറ്റ് വേര്‍തിരിച്ചെടുക്കുന്നതിനുമായി ഇതില്‍ കുമ്മായം ചേര്‍ക്കും. പിന്നീട് ഇത് ബാറ്ററികളില്‍ ഉപയോഗിക്കുന്നതിനുള്ള മറ്റ് ലിഥിയം സംയുക്തങ്ങളായി മാറ്റും.

രാജ്യത്തെ കാത്തിരിക്കുന്ന വെല്ലുവിളികള്‍

ലിഥിയത്തിനായി മറ്റ് രാജ്യങ്ങങ്ങളെ ആശ്രയിക്കുന്ന ഇന്ത്യയ്ക്ക് വലിയ പ്രതീക്ഷ നല്‍കുന്നതാണ് കശ്മീരിലെ നിക്ഷേപത്തേക്കുറിച്ചുള്ള വാര്‍ത്ത. ആഭ്യന്തര ആവശ്യങ്ങള്‍ നിറവേറ്റുന്നതിനൊപ്പം ലോഹത്തിന്റെ അന്താരാഷ്ട്ര വിപണിയില്‍ ഇന്ത്യയ്ക്ക് വലിയ മേല്‍ക്കോയ്മ നല്‍കുന്നതാണ് നിലവിലെ കണ്ടെത്തല്‍. ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ ഈ നിക്ഷേപത്തെ പ്രാഥമിക പര്യവേഷണഘട്ട (ജി 3)ത്തിലണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. യുണൈറ്റഡ് നേഷന്‍സ് ഫ്രെയിം വര്‍ക്ക് ക്ലാസിഫിക്കേഷന്‍ ഫോര്‍ റിസോഴ്സ് അനുസരിച്ച്, ഏത് ധാതു നിക്ഷേപത്തിനും പര്യവേക്ഷണത്തിന് നാല് ഘട്ടങ്ങളുണ്ട്. നിരീക്ഷണം (ജി4), പ്രാഥമിക പര്യവേക്ഷണം (ജി 3), പൊതുപര്യവേക്ഷണം (ജി 2), വിശദമായ പര്യവേക്ഷണം (ജി 1). ധാതുക്കള്‍ വേര്‍തിരിച്ചെടുക്കുന്ന പ്രക്രിയ സാധാരണയായി ജി 4 ഘട്ടത്തിലാണ് ആരംഭിക്കുന്നത്. തുടര്‍ന്ന് വലുപ്പം, ആകൃതി, ഘടന, ഗ്രേഡ്, മറ്റ് സവിശേഷതകള്‍ എന്നിവ കണക്കാക്കി വിശദമായ പര്യവേക്ഷണത്തിലേയ്ക്ക് കടക്കും.

കണ്ടെത്തിയ നിക്ഷേപത്തില്‍നിന്ന് ഖനനം നടത്തി ലോഹം വേര്‍തിരിച്ചെടുക്കുന്നത് വലിയ വെല്ലുവിളിയാണ്. ഭൂമിയില്‍നിന്ന് ലിഥിയം വേര്‍തിരിച്ചെടുക്കുന്ന പ്രക്രിയ സങ്കീര്‍ണ്ണമാണ് എന്നത് തന്നെ കാരണം. സാങ്കേതികവിദ്യയിലും അടിസ്ഥാന സൗകര്യങ്ങളിലും കാര്യമായ നിക്ഷേപം ഇക്കാര്യത്തില്‍ ആവശ്യമാണ്. ഖനനത്തിനെതിരേ ഉയര്‍ന്നേക്കാവുന്ന പ്രാദേശിക എതിര്‍പ്പുകളും വെല്ലുവിളികളും മറ്റൊരു പ്രശ്‌നമാണ്. ഒപ്പം ലിഥിയം ഖനനത്തിന്റെ പാരിസ്ഥിതിക ആഘാതവും ഒരു പ്രധാന ആശങ്കയാണ്. ഖനനം പരിസ്ഥിതിക്കും ആവാസവ്യവസ്ഥയ്ക്കും ഉണ്ടാക്കുന്ന ആഘാതങ്ങള്‍ നിരവധിയാണ്. ജലവും മണ്ണും വായുവും മലിനമാക്കപ്പെടാം. അയിരില്‍നിന്ന് ലിഥിയം വേര്‍തിരിച്ചെടുക്കുന്ന പ്രക്രിയ വലിയ തോതില്‍ വെള്ളം ആവശ്യമുള്ളതാണ്. ഒരു ടണ്‍ ലിഥിയം ഉത്പാദിപ്പിക്കാന്‍ ഏകദേശം 2.2 ദശലക്ഷം ലിറ്റര്‍ വെള്ളം വേണ്ടിവരുമെന്നാണ് കണക്കാക്കുന്നത്. ഇതെല്ലാം വലിയ തോതില്‍ പ്രാദേശിക എതിര്‍പ്പ് ഉണ്ടാക്കിയേക്കാം.

അടിസ്ഥാന വികസന പദ്ധതികള്‍ക്ക് എതിരായി ഉയരുന്നതിലധികം എതിര്‍പ്പുകള്‍ പരിസ്ഥിതിവാദികളില്‍നിന്ന് ഖനനത്തിനെതിരേ ഉയരാന്‍ സാധ്യതയുണ്ട്. കശ്മീരിലെ സാഹചര്യത്തില്‍, മറ്റ് പ്രശ്‌നങ്ങള്‍ക്കും സാധ്യത നിലനില്‍ക്കുകയാണ്. ലോബികള്‍ ഉടന്‍ തന്നെ പ്രവര്‍ത്തനത്തിലേക്ക് നീങ്ങുന്നതിനാല്‍ ഇവയുടെ പ്രവര്‍ത്തനങ്ങള്‍ മുളയിലെ തടയിട്ടാല്‍ മാത്രമേ ഇന്ത്യയുടെ ലിഥിയം ഖനന താല്‍പ്പര്യങ്ങള്‍ മുന്നോട്ട് നീങ്ങുകയുള്ളൂ. പരിസ്ഥിതിവാദികളെ ഗൗരവമായി എടുക്കുമ്പോള്‍ തന്നെ അവര്‍ ഉയര്‍ത്തുന്ന ആശങ്കകള്‍ പരിഗണിച്ചുകൊണ്ട് സര്‍ക്കാരിന് മെച്ചപ്പെട്ട തീരുമാനത്തിലേയ്ക്ക് എത്തേണ്ടിവരും. ഒപ്പം ഖനനത്തിലും ശുദ്ധീകരണ പ്രക്രിയയിലും താല്‍പ്പര്യമുള്ള ആഭ്യന്തര കമ്പനികളെ പ്രോത്സാഹിപ്പിക്കാനും സര്‍ക്കാരിന് സാധിക്കേണ്ടതുണ്ട്. ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഖനനത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നതും തിരിച്ചടിയാകും. ശുദ്ധീകരണത്തിനും മുൻതൂക്കം കൊടുത്താൽ മാത്രമേ ഈ രംഗത്ത് മുന്നേറ്റം സാധ്യമാകുകയുള്ളൂ. രാജ്യത്ത് ലിഥിയം ഖനനം ചെയ്ത ശേഷം മറ്റെവിടെയെങ്കിലും ശുദ്ധീകരിക്കുക എന്നത് ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഇന്ത്യയുടെ താല്‍പ്പര്യങ്ങള്‍ക്ക് അനുയോജ്യമായിരിക്കില്ല.

Content Highlights: Lithium reserves found in Jammu and Kashmir, Why is lithium so important?

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
tapsee pannu

1 min

തപ്‌സി ഡയറ്റിനായി ഒരു മാസം ചിലവഴിയ്ക്കുന്നത് ഒരു ലക്ഷം രൂപ

Mar 18, 2023


kn balagopal

1 min

കേന്ദ്രം അനുമതി നല്‍കി; തുര്‍ക്കിക്ക് കേരളത്തിന്റെ സഹായമായ 10 കോടി രൂപ അനുവദിച്ചു

Mar 18, 2023


ജോസഫ് പാംപ്ലാനി

2 min

'റബ്ബറിന്റെ വില എം.വി ഗോവിന്ദനു നിസാരമായിരിക്കും,BJP കര്‍ഷകരെ സഹായിച്ചാല്‍ അവര്‍ക്കൊപ്പം നില്‍ക്കും'

Mar 19, 2023

Most Commented