ലങ്കയ്ക്ക് പിറകെ ആര്? കഴുത്തറ്റം മുങ്ങി പലരുമുണ്ട് ക്യൂവിൽ


അഖില്‍ ശിവാനന്ദ്ശ്രീലങ്ക ഒരു ഒറ്റപ്പെട്ട ഉദാഹരണമല്ലെന്നാണ് പുറത്തുവരുന്ന സൂചനകള്‍. ലങ്കയ്ക്ക് പുറമേ ഒട്ടനവധി രാജ്യങ്ങളും വലിയ സാമ്പത്തിക പ്രതിസന്ധിയുടെ വക്കിലാണ്.

File Photo: AFP

ടത്തില്‍ മുങ്ങിത്താഴുകയാണ് ശ്രീലങ്ക. 1948-ല്‍ സ്വതന്ത്രമായതിത് ശേഷമുള്ള ഏറ്റവും രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് രാജ്യം കടന്നുപോകുന്നത്. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ തകര്‍ന്നു തരിപ്പണമായെന്ന് പ്രധാനമന്ത്രിയായിരുന്ന റനില്‍ വിക്രമസിംഗെ തന്നെയാണ് പ്രഖ്യാപിച്ചത്. ആഭ്യന്തരയുദ്ധാനന്തരം താരതമ്യേന ശാന്തമായിരുന്ന ശ്രീലങ്കയുടെ ഈ തകര്‍ച്ചയില്‍ അതിശയിക്കാനുണ്ടോ? ഇല്ലെന്നു തന്നെയാണ് ഉത്തരം. പെട്ടന്നൊരു സുപ്രഭാതത്തില്‍ സംഭവിച്ചതല്ല ഈ തകര്‍ച്ച എന്നതാണ് വസ്തുത. ഇച്ഛാശക്തിയില്ലാത്ത രാഷ്ട്രീയ നേതൃത്വങ്ങളുടെ വര്‍ഷങ്ങളായുള്ള കെടുകാര്യസ്ഥതയ്‌ക്കൊപ്പം മറ്റനവധി ബാഹ്യഘടകങ്ങള്‍കൂടിയായതോടെ തകര്‍ച്ച അതിവേഗത്തിലാക്കി. ഒപ്പം സമീപകാലത്തെ രാഷ്ട്രീയ അരക്ഷിതാവസ്ഥ കൂടിയായപ്പോള്‍ ആ രാജ്യത്തിന്റെ പതനം ഏതാണ്ട് പൂര്‍ണമായി.

പണപ്പെരുപ്പം, മൂല്യത്തകര്‍ച്ച, വര്‍ധിച്ചുവരുന്ന പൊതുകടം എന്നിങ്ങനെ സമ്പദ് വ്യവസ്ഥയുടെ തകര്‍ച്ചയ്ക്ക് വഴിവെയ്ക്കുന്നതെല്ലാം ശ്രീലങ്കയില്‍ സംഭവിച്ചു. രാജ്യത്തിന്റെ ഖജനാവില്‍ ആകെയുള്ളത് രണ്ടരക്കോടി ഡോളറിന്റെ (199 കോടി രൂപ) വിദേശനാണ്യം മാത്രമാണ്. ശ്രീലങ്കന്‍ രൂപയുടെ മൂല്യമാകട്ടെ 80 ശതമാനം താഴ്ന്നു. ഒരു ഡോളറിന് 360 ശ്രീലങ്കന്‍ രൂപ നല്‍കണമെന്ന സ്ഥിതിയിലായി കാര്യങ്ങള്‍. ഭക്ഷണത്തിനും വൈദ്യുതിക്കും ഇന്ധനത്തിനുമുള്‍പ്പെടെ കടുത്ത ക്ഷാമം. ഗ്യാസ് സിലണ്ടറിനും പെട്രോളിനും വേണ്ടി മണിക്കൂറുകളാണ് ജനം തെരുവില്‍ നിന്നത്. ഇന്ധനത്തിനും വൈദ്യുതിക്കും കടുത്തക്ഷാമം നേരിട്ടതോടെ സ്‌കൂളുകളടക്കം ആഴ്ചകളോളം അടച്ചിടേണ്ടിവന്നു. ഇതോടെ പൊറുതിമുട്ടിയ ജനം ഭരണകൂടത്തിനെതിരേ തെരുവിലിറങ്ങിയതോടെയാണ് പ്രധാനമന്ത്രിക്ക് സ്ഥാനമൊഴിയേണ്ടിയും പ്രസിഡന്റിന് രാജ്യമുപേക്ഷിച്ചും പോകേണ്ടി വന്നത്.

2009-ല്‍ ആഭ്യന്തരയുദ്ധം അവസാനിച്ചശേഷം പ്രസിഡന്റായിരുന്ന മഹിന്ദ രാജപക്‌സെ വലിയ തോതിലാണ് കടമെടുത്തുകൂട്ടിയത്. യുദ്ധ ചിലവുകള്‍ കണ്ടെത്താനും ആഭ്യന്തരയുദ്ധാനന്തരം വിദേശ ടൂറിസ്റ്റുകളെ ആകര്‍ഷിക്കുന്ന തരത്തില്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കുമായാണ് രാജപക്‌സെ സര്‍ക്കാര്‍ വിദേശത്തുനിന്ന് കടമെടുത്തത്. ഹംമ്പന്‍തോട്ട തുറമുഖം പോലുള്ള വലിയ പ്രോജക്ടുകള്‍ക്കായി ചൈനയില്‍നിന്നടക്കം വലിയ തോതിലാണ് കടമെടുത്തത്. കരുതല്‍ധനം വര്‍ധിപ്പിച്ചേക്കാവുന്ന സാമ്പത്തിക പരിഷ്‌കരണങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനുപകരം രാഷ്ട്രീയ പിന്തുണ വര്‍ധിപ്പിക്കാന്‍ നികുതി വെട്ടിക്കുറക്കല്‍ ഉള്‍പ്പെടെ തലതിരിഞ്ഞ തീരുമാനങ്ങളുമായാണ് മഹിന്ദ രാജപക്‌സെ മുന്നോട്ട് പോയത്.

2019ലെ ഈസ്റ്റര്‍ദിന ഭീകരാക്രമണമുയര്‍ത്തിയ അരക്ഷിതാവസ്ഥയും പിന്നാലെ വന്ന കോവിഡും സമ്പദ്​വ്യവവസ്ഥയ്ക്ക് ഊര്‍ജമേകിയിരുന്ന വിനോദസഞ്ചാരമേഖലയെ അമ്പേ തകര്‍ത്തു. ഇതോടെ ഇതോടെ വരുമാനം നിലച്ചു, കടംതിരിച്ചടക്കല്‍ മുടങ്ങി. വന്‍ പ്രതിസന്ധിയിലേക്ക് ശ്രീലങ്ക കൂപ്പുകുത്തുകയും ചെയ്തു. ഒപ്പം കൃത്യമായ പഠനമോ കാര്യമായ മുന്നൊരുക്കമോ ഇല്ലാതെ കഴിഞ്ഞവര്‍ഷം രാജപക്‌സെ സര്‍ക്കാര്‍ നടപ്പാക്കിയ രാസവള ഇറക്കുമതി നിരോധനവും രാജ്യത്തെ വലിയ തോതില്‍ പിടിച്ചുലച്ചു. പൂര്‍ണമായും ജൈവകൃഷിയിലേയ്ക്ക് മാറാനുള്ള സര്‍ക്കാര്‍ തീരുമാനം വലിയ തോതില്‍ വിദേശനാണ്യം നേടിക്കൊടുത്തിരുന്ന തേയില കൃഷിയിലടക്കം തിരിച്ചടിയായി. ജൈവകൃഷിയിലേക്ക് മാറിയ ലങ്കയുടെ തീരുമാനം ഭക്ഷ്യക്ഷാമത്തിന്റെ പ്രധാന കാരണങ്ങളിലൊന്നാണ്.

പ്രതിസന്ധിയില്‍ ഒരു ഡസനോളം രാജ്യങ്ങള്‍

ശ്രീലങ്ക ഒരു ഒറ്റപ്പെട്ട ഉദാഹരണമല്ലെന്നാണ് പുറത്തുവരുന്ന സൂചനകള്‍. ലങ്കയ്ക്ക് പുറമേ ഒട്ടനവധി രാജ്യങ്ങളും വലിയ സാമ്പത്തിക പ്രതിസന്ധിയുടെ വക്കിലാണ്. ലങ്കയ്‌ക്കൊപ്പം ലബനോന്‍, റഷ്യ, സുരിനാം, സാമ്പിയ എന്നീ രാജ്യങ്ങള്‍ കടുത്ത കടത്തിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ബെലാറൂസ് പ്രതിസന്ധിയുടെ വക്കിലും. ഇതിന് പുറമേ കുറഞ്ഞത് ഒരു ഡസനോളം രാജ്യങ്ങളെങ്കിലും അപകടമേഖലയിലാണെന്നാണ് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തത്. കടം വാങ്ങി ദൈനംദിന ചെലവുകള്‍ നടത്തുന്നത് വര്‍ധിക്കുന്നതും പണപ്പെരുപ്പവും ഈ രാജ്യങ്ങളുടെയെല്ലാം സാമ്പത്തിക തകര്‍ച്ചയെക്കുറിച്ചുള്ള ഭയം വര്‍ധിപ്പിക്കുകയാണ്.

പല രാജ്യങ്ങളും അതിഗുരുതരമായ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. ഈ രാജ്യങ്ങള്‍ക്കെല്ലാംകൂടി 400 ബില്യണ്‍ ഡോളര്‍ കടമുണ്ടെന്നാണ് വിദഗ്ദ്ധര്‍ കണക്കുകൂട്ടുന്നത്. പൊതുകടത്തിന്റെ കാര്യത്തില്‍ ലാറ്റിനമേരിക്കന്‍ രാജ്യമായ അര്‍ജന്റീനയാണ് മുന്നില്‍. അര്‍ജന്റീനക്ക് മാത്രം 150 ബില്യണ്‍ ഡോളറിന്റെ കടം വീട്ടിത്തീര്‍ക്കാനുണ്ട്. ഇക്വഡോറും ഈജിപ്തുമാണ് കടത്തിന്റെ കാര്യത്തില്‍ പിന്നിലുള്ളത്. ഇക്വഡോറിന് 40 ബില്യണ്‍ ഡോളറിന്റെയും ഈജിപ്റ്റിന് 45 ബില്യണ്‍ ഡോളറിന്റേയും പൊതുകടമാണുള്ളത്. പന്ത്രണ്ടോളം രാജ്യങ്ങള്‍ ഇപ്പോള്‍ത്തന്നെ വലിയ സാമ്പത്തിക തകര്‍ച്ചയിലാണെന്ന് ലോകബാങ്കിന്റെ കണക്കുകള്‍ പറയുന്നത്.

റഷ്യന്‍ അധിനിവേശത്തില്‍ തകര്‍ന്നടിഞ്ഞ യുക്രൈന്‍, ആഫ്രിക്കന്‍ രാജ്യങ്ങളായ ടുണീഷ്യ, ഘാന, കെനിയ, എത്യോപ്യ, എല്‍ സാല്‍വഡോര്‍, നൈജീരിയ, നമ്മുടെ അയല്‍ക്കാരായ പാകിസ്താന്‍, ബലാറൂസ് എന്നിവരെല്ലാം കടുത്ത പ്രതിസന്ധിയിലാണ്. ഈ രാജ്യങ്ങളിലെല്ലാം ബജറ്റ് കമ്മി അതിവേഗത്തില്‍ ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. ഈജിപ്റ്റ് അടക്കമുള്ള രാജ്യങ്ങളില്‍ ജിഡിപിയുടെ 90 ശതമാനത്തിന് മുകളിലാണ് പൊതു കടം. പല രാജ്യങ്ങളും വരുമാനത്തിന്റെ പകുതിയിലധികം കടമെടുത്തതിന്റെ പലിശ തിരിച്ചടക്കാനാണ് ഉപയോഗിക്കുന്നതെന്ന് പറയുമ്പോഴാണ് പ്രതിസന്ധി എത്ര രൂക്ഷമാണെന്ന് മനസിലാകുന്നത്.

അര്‍ജന്റീന, യുക്രൈന്‍, ടുണീഷ്യ, ഘാന, ഈജിപ്റ്റ്

കാരണങ്ങള്‍ പലതുണ്ടെങ്കിലും പല രാജ്യങ്ങളുടേയും സാമ്പത്തിക പ്രതിസന്ധി രൂക്ഷമാക്കിയത് കോവിഡ് വ്യാപനമാണ്. കോവിഡ് പ്രതിസന്ധിക്ക് പിന്നാലെ റഷ്യ-യുക്രൈന്‍ യുദ്ധംകൂടി വന്നതോടെ പലര്‍ക്കും പിടിച്ചുനില്‍ക്കാന്‍ പറ്റാതെയായി. കോവിഡിനേത്തുടര്‍ന്ന് പ്രതിസന്ധി രൂക്ഷമായ രാജ്യങ്ങളിലൊന്നാണ് അര്‍ജന്റീന. കടുത്ത സാമ്പത്തിക മാന്ദ്യമാണ് രാജ്യം അനുഭവിക്കുന്നത്. അര്‍ജന്റീനിയന്‍ കറന്‍സിയായ പെസോ നിലവില്‍ കരിഞ്ചന്തയില്‍ 50% കിഴിവിലാണ് വ്യാപാരം ചെയ്യുന്നത്. ഒപ്പം രാജ്യത്തിന്റെ കരുതല്‍ വിദേശനാണ്യ ശേഖരമാകട്ടെ അപകടകരമാംവിധം കുറയുകയും ചെയ്തു.

റഷ്യന്‍ അധിനിവേശത്തോടെ വലിയ സാമ്പത്തിക തിരിച്ചടിയാണ് യുക്രൈന്‍ നേരിടുന്നത്. റഷ്യന്‍ ആക്രമണങ്ങള്‍ക്ക് മുന്നില്‍ പിടിച്ചുനില്‍ക്കുന്നതിനൊപ്പം അവര്‍ക്ക് 20 ബില്യണ്‍ ഡോളറിന്റെ കടം പുനഃക്രമീകരിക്കേണ്ടതുണ്ട്. 1.2 ബില്യണ്‍ ഡോളറിന്റെ കടം തിരിച്ചടയ്ക്കാന്‍ സമയമുണ്ടെങ്കിലും സര്‍ക്കാര്‍ കടം മരവിപ്പിക്കല്‍ പ്രഖ്യാപിച്ചേക്കുമെന്ന് നിക്ഷേപകര്‍ ആശങ്കാകുലരാണ്.ഇതിനിടെ രാജ്യത്തെ പൊതുമേഖലാ എണ്ണക്കമ്പനിയായ നാഫ്ടോഗാസ് രണ്ട് വര്‍ഷത്തെ കടം മരവിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.

ആഫ്രിക്കന്‍ വന്‍കരയില്‍ അന്താരാഷ്ട്ര നാണയനിധിയുടെ സഹയം കാക്കുന്ന രാജ്യങ്ങള്‍ നിരവധിയുണ്ടെങ്കിലും പ്രതിസന്ധി രൂക്ഷമായവയില്‍ ടുണീഷ്യയാണ് ഒന്നാമത്. സമാനമായി ഘാനയും വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. അവരുടെ കടവും ജിഡിപിയും തമ്മിലുള്ള അനുപാതം 85 ശതമാനമാണ്. കറന്‍സിസായ സെഡിക്ക് ഈ വര്‍ഷം മാത്രം നാലിലൊന്ന് മൂല്യമാണ് നഷ്ടപ്പെട്ടത്. പണപ്പെരുപ്പമാകട്ടെ 30 ശതമാനത്തിനടുത്തും. ജിഡിപിയുടെ 95 ശതമാനമാണ് ഈജിപ്റ്റിന്റെ പൊതുകടം.

അപകടമേഖലയില്‍ അയല്‍ക്കാരും

ശ്രീലങ്കയുടെ തകര്‍ച്ച തീര്‍ച്ചയായും അയല്‍രാജ്യങ്ങളായ പാകിസ്താനേയും നേപ്പാളിനേയും അസ്വസ്ഥപ്പെടുത്തുന്നുണ്ടാകും. കടക്കെണി രൂക്ഷമായ പാകിസ്താന്‍ മറ്റൊരു ശ്രീലങ്കയാകാനുള്ള എല്ലാ സാധ്യകളുമുണ്ട്. നേപ്പാളാകട്ടെ ആ വഴിയിലും. കയറ്റുമതിയെ അപേക്ഷിച്ച് ഇറക്കുമതി കുത്തനേ കൂടിയതോടെ പാകിസ്താന്റെ വിദേശനാണ്യത്തില്‍ വലിയ കുറവ് സംഭവിച്ചു. ഇറക്കുമതി നിയന്ത്രിക്കാനായില്ലെങ്കില്‍ വിദേശനാണ്യശേഖരം വീണ്ടും കുറഞ്ഞേക്കാം. സഹായിക്കാന്‍ തന്ത്രപ്രധാന പങ്കാളിയായ ചൈനയുണ്ടെങ്കിലും കാര്യങ്ങള്‍ എപ്പോള്‍ വേണമെങ്കിലും കൈവിട്ടുപോകാവുന്ന അവസ്ഥയാണ്. കടം ദിനംപ്രതി പെരുകുകയാണ്. ഇതോടെ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതി വരെ വാടകയ്ക്ക് കൊടുക്കേണ്ടുവന്നു അവര്‍ക്ക്. കടം നല്‍കി വരിഞ്ഞുമുറുക്കുന്ന ചൈനീസ് നയത്തിന്റെ ഇരതന്നെയാണ് പാകിസ്താനും.

കടുത്ത പ്രതിന്ധി അനുഭവിക്കുകയാണ് നേപ്പാളും. രാജ്യത്തിന്റെ വിദേശനാണ്യ കരുതല്‍ശേഖരം ഏഴുമാസംകൊണ്ട് 16 ശതമാനം കുറഞ്ഞു. ഇന്ധനമുള്‍പ്പെടെ ഏതാണ്ടെല്ലാ അവശ്യവസ്തുക്കളും ഇന്ത്യയില്‍നിന്ന് ഇറക്കുമതിചെയ്യുന്ന നേപ്പാളിന് കുറഞ്ഞ മാസത്തേക്കുള്ള ചെലവിനുള്ള വിദേശനാണ്യ കരുതല്‍ശേഖരം മാത്രമാണ് ഇപ്പോഴുള്ളത്. രാജ്യത്തിന്റെ കടമാകട്ടെ മൊത്തവരുമാനത്തിന്റെ 43 ശതമാനത്തിലേറെയായി. അവശ്യവസ്തുക്കളുടെ വില കുതിച്ചുകയറി. ഭക്ഷ്യവസ്തുക്കള്‍ക്ക് 20 ശതമാനത്തിലേറെ വില കൂടി. വിനോദസഞ്ചാരവും പ്രവാസികള്‍ അയക്കുന്ന പണവുമാണ് നേപ്പാളിന്റെ പ്രധാന വരുമാനമാര്‍ഗങ്ങള്‍. എന്നാല്‍, കോവിഡ് ഇവ രണ്ടിനെയും ബാധിച്ചു. വരുമാനം കുറഞ്ഞതോടെ കൈയിലുള്ള വിദേശനാണ്യം ഇറക്കുമതിക്കായി ചെലവാക്കേണ്ട സ്ഥിതിയായി. ഒപ്പം യുക്രൈന്‍ യുദ്ധം കൂടുയായപ്പോള്‍ പ്രതിസന്ധി ഇരട്ടിച്ചു.

പ്രതിസന്ധിയില്‍ സാധാരണക്കാര്‍

ഇന്ധനത്തിനും ഭക്ഷ്യവസ്തുക്കള്‍ക്കും വില കുതിച്ചുകയറുന്നതോടെ പ്രതിസന്ധിയിലാകുന്നത് സാധാരണ ജനങ്ങളാണ്. തൊഴിലവസരങ്ങളും വരുമാനവും വലിയ തോതിലാണ് കുറയുന്നത്. കോവിഡ് വലിയ പ്രതിസന്ധിയാണ് പല രാജ്യങ്ങള്‍ക്കുമേല്‍പ്പിച്ചത്. കോവിഡനന്തര സാമ്പത്തിക പ്രതിസന്ധികളില്‍നിന്ന് കരകയറാനുള്ള ലോകരാജ്യങ്ങളുടെ ശ്രമങ്ങള്‍ക്ക് യുക്രൈനിലെ റഷ്യന്‍ അധിനിവേശം കനത്ത തിരിച്ചടിയായി. ലോകത്താകമാനം ദാരിദ്ര്യവും അസമത്വവും പെരുകുകയാണെന്നാണ് കണക്കുകള്‍.

ധാന്യങ്ങള്‍ക്ക് ക്ഷാമം നേരിട്ടതോടെ ഇന്ത്യ അടക്കം പല രാജ്യങ്ങളും കയറ്റുമതി നിരോധിച്ചു. ഇതോടെ ഗോതമ്പും ഭക്ഷ്യ എണ്ണയും അടക്കമുള്ളവയ്ക്ക് പല രാജ്യങ്ങളിലും വില കുതിച്ചുയര്‍ന്നു. ജീവിതച്ചെലവ് കുതിച്ചുയര്‍ന്നു. ആഗോള പ്രതിസന്ധികള്‍ക്കൊപ്പം സര്‍ക്കാരുകളുടെ കെടുകാര്യസ്ഥതകൂടിയായപ്പോള്‍ പല രാജ്യങ്ങളിലും സ്ഥിതി വഴളായി. മാന്ദ്യം ഒഴിവാക്കുന്നതിന് സാധാരണക്കാര്‍ക്ക് സഹായ പദ്ധതികള്‍ ഒരുക്കാനാണ് സര്‍ക്കാരുകള്‍ ശ്രദ്ധിക്കേണ്ടതെന്ന് അന്താരാഷ്ട്ര നാണയനിധിക്ക് മുന്നറിപ്പ് നല്‍കേണ്ടിവന്നു.

Content Highlights: Like Sri Lanka, these countries too facing economic setback

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
SALMAN

1 min

സല്‍മാന്‍ റുഷ്ദിക്ക് നേരേ ന്യൂയോര്‍ക്കില്‍ ആക്രമണം; കുത്തേറ്റു, അക്രമി പിടിയില്‍

Aug 12, 2022


kt jaleel

1 min

പാക് അധീന കശ്മീരിനെ ആസാദ് കശ്മീർ എന്നു വിശേഷിപ്പിച്ച് ജലീൽ; പരാമർശം വൻവിവാദം

Aug 12, 2022


rape survivor vijay babu

1 min

9-ാം ക്ലാസുകാരനെതിരായ പീഡനക്കേസില്‍ ട്വിസ്റ്റ്; പെണ്‍കുട്ടിയുടെ പിതാവ് മകളെ പീഡിപ്പിച്ചകേസില്‍ പ്രതി

Aug 12, 2022

Most Commented