ഇന്ന് ആകാശം തൊട്ടുനില്‍ക്കുന്നത് അയ്യായിരം രൂപയും കൊണ്ട് ജുന്‍ജുന്‍വാല എടുത്ത റിസ്‌ക്കാണ്


മനു കുര്യന്‍എല്ലാവര്‍ക്കും ജുന്‍ജുന്‍വാലയോ ഡോളി ഖന്നയോ ആകാന്‍ കഴിയില്ല. പക്ഷേ ചില പാഠം അവരില്‍ നിന്ന് കിട്ടിയേക്കാം.

.

റിസ്‌ക്കെടുക്കാനുള്ള ചങ്കൂറ്റം. പിന്നെ ഭാഗ്യവും. രണ്ടും ഒപ്പം നിന്നാല്‍ പിന്നെ പിടിച്ചാല്‍ കിട്ടില്ല. വച്ചടി വച്ചടി കയറ്റമായിരിക്കും. അങ്ങനെ കടംവാങ്ങിയ 5000 രൂപയുമായി ഓഹരി കമ്പോളത്തിലിറങ്ങി ഷെയര്‍ മാര്‍ക്കറ്റ് രാജാവായി മാറിയ ഒരാളുണ്ട്. ഇന്ത്യയുടെ വാരന്‍ ബഫറ്റ് എന്ന് അറിയപ്പെടുന്ന രാകേഷ് ജുന്‍ജുന്‍വാല.

1985ല്‍ സഹോദരന്റെ സുഹൃത്ത് കടമായി നല്‍കിയ 5000 രൂപയുമായി ഷെയര്‍ മാര്‍ക്കറ്റിലേക്ക് ഇറങ്ങുമ്പോള്‍ ജുന്‍ജുന്‍വാലയുടെ പ്രായം 25 വയസ്സായിരുന്നു. ഇന്ന് ഫോര്‍ബ്സ് മാസികയുടെ പട്ടിക നോക്കിയാല്‍ ഇന്ത്യയിലെ 48 ാമത്തെ സമ്പന്നനാണ് ജുന്‍ജുന്‍വാല. കൈവശമുള്ള ഓഹരിയുടെ മതിപ്പ് വില ഏകദേശം 25,000 കോടി വരും. ആസ്തി പറഞ്ഞാല്‍ 41,000 കോടിക്ക് മേലെയും. ഗാരേജിലുള്ള കാറുകളുടെ വില തന്നെ 10 കോടി രൂപ വരും.

ജുന്‍ജുന്‍വാല ഷെയര്‍ മാര്‍ക്കറ്റില്‍ കളിക്കാനിറങ്ങുമ്പോള്‍ സെന്‍സെക്സ് കേവലം 150 പോയന്റിലായിരുന്നു. സെന്‍സെക്സിന്റെയും നിഫ്റ്റിയുടേയും കുതിപ്പിനൊപ്പം രാകേഷ് ജുന്‍ജുന്‍വാലയും കുതിച്ചു. ബാങ്കിലിട്ടാല്‍ 10 ശതമാനം പലിശ കിട്ടുന്ന കാലത്ത് 18 ശതമാനം പലിശ വാഗ്ദാനം ചെയ്താണ് 5000 രൂപ കടം വാങ്ങിയത്. ആദ്യം വാങ്ങിയത് ടാറ്റ ടീയുടെ ഓഹരി. 43 രൂപയ്ക്ക് വാങ്ങിയ ഓഹരി മൂന്നു മാസം കൊണ്ട് 143 രൂപയായി. അരങ്ങേറ്റത്തില്‍ തന്നെ മൂന്നിരട്ടി ലാഭം. പറഞ്ഞ വാക്ക് പാലിച്ചു. കടം വാങ്ങിയ പണം പലിശ സഹിതം തിരിച്ചുകൊടുത്തു. പിന്നെയും കടം വാങ്ങി. അഞ്ച് ലക്ഷം. വാങ്ങിയ ഓഹരികള്‍ കുതിച്ചുകയറി. പിന്നെ തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. ജുന്‍ജുന്‍വാല വാങ്ങുന്ന ഓഹരികളേതെന്ന് നോക്കി വാങ്ങാന്‍ പിന്നെ ആളുകള്‍ മത്സരിക്കാന്‍ തുടങ്ങി. ആ വിശ്വാസം പലപ്പോഴും ജുന്‍ജുന്‍വാലയെ ലാഭത്തില്‍ നിന്ന് ലാഭത്തിലേക്ക് നയിച്ചു. നല്ല ഓഹരികള്‍ നോക്കി വാങ്ങുന്ന ജുന്‍ജുന്‍വാല വിജയമന്ത്രം അദ്ദേഹത്തെ കോടീശ്വരനാക്കി. ഇന്ന് 37 ഓഹരികളാണ് ജുന്‍ജുന്‍വാലയുടെ പോര്‍ട്ട്ഫോളിയോയിലുള്ളത്. കക്ഷി ഇപ്പോള്‍ ആകാശ എയര്‍ എന്ന പുതിയ വിമാനകമ്പനിയുമായി വരുകയാണ്. ചെലവുകുറഞ്ഞ വിമാനയാത്രയാണ് അദ്ദേഹം വാഗ്ദാനം ചെയ്യുന്നത്.

നിക്ഷേപവും ആസ്തിയും അടക്കം ഉള്ളതെല്ലാം വിറ്റ് ഷെയര്‍ മാര്‍ക്കറ്റിലിറങ്ങി കൈപൊള്ളിയ, പാപ്പരായ നിരവധി പേര്‍ക്ക് ജുന്‍ജുന്‍വാല ഒരു പാഠപുസ്തകമാണ്. കാരണം. ജുന്‍ജുന്‍വാല ഈ ഫീല്‍ഡിലിറങ്ങിയത് തന്നെ കൈയില്‍ നിന്ന് കാശെടുത്തല്ല. ഇന്‍കംടാക്സ് ഓഫീസറായ അച്ഛനോട് മകന്‍ തന്റെ ആഗ്രഹം പറഞ്ഞപ്പോള്‍ ആ അച്ഛന്‍ ആദ്യം പറഞ്ഞത് ബിരുദ പഠനവും സിഎ പഠനവും പൂര്‍ത്തിയാക്കാനാണ്. ഓഹരി വിപണി മനസ്സിലാക്കാന്‍ പത്രം വായിക്കാനായിരുന്നു അച്ഛന്റെ അടുത്ത ഉപദേശം. അത് കഴിഞ്ഞും ഓഹരി കമ്പോളത്തില്‍ കൈനോക്കാനുള്ള ആഗ്രഹം അദ്ദേഹം വിട്ടില്ല. അച്ഛന്‍ തടസ്സപ്പെടുത്തിയില്ല. ഒറ്റ ഡിമാന്‍ഡാണ് പറഞ്ഞത്. ഞാനായിട്ട് ഷെയറില്‍ കളിക്കാന്‍ പണം തരില്ല. തന്റെ സുഹൃത്തുക്കളോടും അതിനായി പണം ചോദിക്കരുത്. ഇത് രണ്ടും ആ ചെറുപ്പക്കാരന്‍ അംഗീകരിച്ചു.

85 ല്‍ ഓഹരി വിപണിയില്‍ ഇറങ്ങി രണ്ട് വര്‍ഷം കൊണ്ട് തന്നെ കാശുകാരനായി. 87 ല്‍ അദ്ദേഹം രേഖയെ വിവാഹം കഴിച്ചു. പിന്നീട് തന്റെയും ഭാര്യയുടേയും പേരിന്റെ ആദ്യ രണ്ട് അക്ഷരങ്ങള്‍ ചേര്‍ത്ത് rare enterprises തുടങ്ങി. മികച്ച ഷെയര്‍ ട്രേഡിങ് കമ്പനിയായി അത് വളര്‍ന്നു. ജുന്‍ജുന്‍വാലയെ കോടീശ്വരനാക്കിയ ട്രേഡിങ് ട്രിക്സ് നോക്കാം. ഓഹരികള്‍ പലതും വാങ്ങി. ഇടക്കാലത്ത് ചിലത് കൈയൊഴിഞ്ഞു. ചിലത് ഇപ്പോഴും കൈവശമുണ്ട്. പക്ഷേ ജുന്‍ജുന്‍വാലയ്ക്ക് ലോട്ടറിയായത് ടൈറ്റന്‍ കമ്പനിയാണ്. 20 വര്‍ഷം മുമ്പ് മൂന്നു രൂപ മുതല്‍ അഞ്ച് രൂപവരെ വിലയുണ്ടായിരുന്നപ്പോള്‍ വാങ്ങിത്തുടങ്ങി. ഇടക്കാലത്ത് 80 രൂപയിലെത്തി 30 ലേക്ക് വീണു. ഒന്നും കൊടുത്തില്ല. ഇന്നിപ്പോ അദ്ദേഹത്തിനും ഭാര്യയ്ക്കുമായി ഉള്ളത് 4,48,50,970 ടൈറ്റന്‍ ഓഹരികളാണ്. അതായത് അവരുടെ കമ്പനിയിലെ ഓഹരി പങ്കാളിത്തം 3.98 ശതമാനമാണ്. കമ്പനിയുടെ ഒരു ഓഹരിയുടെ ഇപ്പോഴത്തെ വില 2000 ത്തിന് മുകളിലാണ്. മാര്‍ച്ച് മാസത്തില്‍ 2700 വരെ പോയ ശേഷം താഴേക്കിറങ്ങി. അതായത് 20 വര്‍ഷം മുമ്പ് ഒരു ലക്ഷം രൂപയുടെ ടൈറ്റന്‍ ഓഹരികള്‍ വാങ്ങിയിരുന്നെങ്കില്‍ ഇന്ന് അതിന്റെ മൂല്യം 5.50 കോടിക്ക് മേലെയാണെന്ന് സാരം. അങ്ങനെയെങ്കില്‍ ജുന്‍ജുന്‍വാല ഈ ഒറ്റ ഓഹരിയില്‍ നിന്നുണ്ടാക്കിയ ലാഭം ആലോചിച്ച് നോക്കുക. അതുപോലെ അപ്പോളോ ഹോസ്പിറ്റല്‍സ് 100 ഇരട്ടി ലാഭം നല്‍കി. ബാറ്റയില്‍ നിന്നും ഭാരത് ഇലക്ട്രിക്കല്‍സില്‍ നിന്നും സമാന നേട്ടം കിട്ടി. ഏറ്റവും കൊയ്തത് പ്രാജ് ഇന്‍ഡസ്ട്രീസില്‍ നിന്നാണ് 2004-20 കാലത്ത് 700 ഇരട്ടി.

ഇനി ജുന്‍ജുന്‍വാലയ്ക്ക് കണക്കുകൂട്ടല്‍ പിഴച്ച കഥയുമുണ്ട്. 2005 ല്‍ കൈവശമുണ്ടായിരുന്ന ക്രിസിലിന്റെ ഓഹരികള്‍ വിറ്റ് കിട്ടിയ 27 കോടി കൊണ്ട് മുംബൈയില്‍ ഫ്ളാറ്റ് വാങ്ങി. അതിന്റെ മതിപ്പ് വില ഇന്ന് ഏകദേശം 80 കോടിക്ക് അടുത്താണ്. എന്നാല്‍ ക്രിസിലിന്റെ വില കുത്തനെ കയറി. ആ 27 കോടിയുടെ ക്രിസില്‍ ഓഹരികളുടെ ഇന്നത്തെ മൂല്യം 800 കോടിയോളമാണ്. അത് തെറ്റായ തീരുമാനമായിപ്പോയി പക്ഷേ അതിനെ പഴിച്ചിട്ട് കാര്യമില്ല പിഴവിനെ പിഴവായി അംഗീകരിക്കുക. അത് അംഗീകരിച്ചാല്‍ മാത്രമേ ആ തെറ്റ് ആവര്‍ത്തിക്കാതിരിക്കൂ എന്നാണ് അദ്ദേഹം അതിനെക്കുറിച്ച് പറഞ്ഞത്.

2008 ല്‍ ആഗോളമാന്ദ്യത്തെ തുടര്‍ന്ന് ഓഹരി വിപണികള്‍ കൂപ്പുകുത്തി. ജുന്‍ജുന്‍വാലയുടെ ഓഹരി 30 ശതമാനം ഇടിഞ്ഞു. 2012 ഓടെ തിരിച്ചുകയറി. ഓഹരിയില്‍ നിന്ന് പണമുണ്ടാക്കാന്‍ രണ്ട് രീതിയുണ്ടെന്നാണ് അദ്ദേഹം പറയാറ്. ഒന്ന് ദീര്‍ഘകാല നിക്ഷേപമായി കാണുക. മറ്റൊന്ന് ട്രേഡിങ്ങായും. ഇന്ത്യന്‍ ഓഹരി വിപണിയെ പിടിച്ചുകുലുക്കിയ ഹര്‍ഷദ് മേത്ത കുംഭകോണ കാലത്താണ് ജുന്‍ജുന്‍വാല സമര്‍ഥമായി കാശുണ്ടാക്കിയത്. കാളകളും കരടികളും പയറ്റുന്ന വിപണിയില്‍ അദ്ദേഹം ബെയര്‍ കാര്‍ട്ടലിന്റെ ഭാഗമായി ഷോര്‍ട്ട് സെല്ലിങ്ങിലേക്ക് തിരിഞ്ഞു. വിറ്റ് തുടര്‍ച്ചയായി ലാഭമെടുത്തു. വിലയിടിഞ്ഞപ്പോള്‍ വാങ്ങിക്കൂട്ടി. തകരുന്ന വിപണിയില്‍ നിന്ന് വലിയ റിസ്‌കെടുത്താണ് പണമുണ്ടാക്കിയത്. ഹര്‍ഷദ് മേത്ത കുംഭകോണത്തെ തുടര്‍ന്നുള്ള അന്നത്തെ തകര്‍ച്ച ഒരു മാസം കൂടി തുടര്‍ന്നിരുന്നെങ്കില്‍ പാപ്പരായേനെ എന്നും അദ്ദേഹം ഒരിക്കല്‍ വെളിപ്പെടുത്തുകയുണ്ടായി. കൈവശം ഓഹരി കൂടുതലുള്ള പല കമ്പനികളിലും അദ്ദേഹം ഡയറക്ടര്‍ ബോര്‍ഡ് അംഗമാണ്. സിനിമാ മേഖലയില്‍ ഇറങ്ങി മൂന്നു സിനിമകള്‍ നിര്‍മിച്ചു. അതില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടത് നിര്‍മ്മാണ പങ്കാളിയായ ഇംഗ്ലീഷ് വിംഗ്ലീഷായിരുന്നു. ഹംഗാമ ഡിജിറ്റല്‍ മീഡിയയുടെ ചെയര്‍മാനാണ്.

രാജസ്ഥാനിലെ ജുന്‍ജുനു സ്വദേശിയായതിനാലാണ് പേരിനൊപ്പം അദ്ദേഹം സ്ഥലനാമവും ഒപ്പം കൂട്ടിയത്. റിയല്‍ എസ്റ്റേറ്റില്‍ അടക്കം നിക്ഷേപങ്ങളുണ്ട് ഈ 62 കാരന്. വിമാനകമ്പനികള്‍ പലതും നഷ്ടത്തില്‍ നഷ്ടത്തിലേക്ക് കൂപ്പുകുത്തി. ജെറ്റ് എയര്‍ നിലച്ചിട്ട് മാസങ്ങളായി. സ്പൈസ് ജെറ്റ് ഇടക്കാലത്ത് വാങ്ങിയ മാരന്റെ സണ്‍ഗ്രൂപ്പ് അത് തിരിച്ചുകൊടുത്ത് കൈയൊഴിഞ്ഞു. ലോകവ്യാപകമായി പല കമ്പനികളും പറക്കല്‍ നിര്‍ത്തി. ടാറ്റയില്‍ നിന്ന് ഏറ്റെടുത്ത എയര്‍ ഇന്ത്യയെ സര്‍ക്കാര്‍ തന്നെ കടംപെരുകിയതോടെ അവര്‍ക്ക് തന്നെ തിരിച്ചുകൊടുത്തു. അങ്ങനെയിരിക്കുമ്പോഴാണ് സ്വന്തം വിമാനകമ്പനിയുമായുള്ള വരവ്. ആകാശ എയര്‍ പറന്നു തുടങ്ങുകയാണ്. പറക്കലിനുള്ള എല്ലാ അനുമതിയും ലഭിച്ചുകഴിഞ്ഞു. 40 ശതമാനം ഓഹരി പങ്കാളിത്തമാണ് ഈ വിമാനകമ്പനിയില്‍ ജുന്‍ജുന്‍വാലയ്ക്ക് ഇതിലുള്ളത്. ഒപ്പം കൂട്ടിയിരിക്കുന്നത് ഇന്‍ഡിഗോയുടെ മുന്‍ പ്രസിഡന്റ് ആദിത്യ ഘോഷിനേയും (10 ശതമാനം) ജെറ്റിന്റെ പഴയ സി.ഇ.ഒ വിജയ് ദുബെയും അവരാണ് കാര്യങ്ങള്‍ നിയന്ത്രിക്കുന്നത്.

ബോയിങ്ങ് 737 മാക്സ് ഫ്ളൈറ്റിന്റെ 72 വിമാനങ്ങള്‍ക്കാണ് കമ്പനി ഓര്‍ഡര്‍ കൊടുത്തിരിക്കുന്നത്. 375 കോടിയാണ് ഇതിനായി വേണ്ടിവരിക. ഇതില്‍ ആദ്യ വിമാനം ഇതിനകം ഇന്ത്യയില്‍ എത്തിക്കഴിഞ്ഞു. ഒരു വര്‍ഷത്തിനുള്ളില്‍ 12 എണ്ണം കൂടി എത്തും. കാബിന്‍ ക്രൂവിന്റെ പരിസ്ഥിതി സൗഹൃദ വേഷം ഇതിനകം ചര്‍ച്ചചെയ്യപ്പെട്ടു. പ്ലാസ്റ്റിക് ഒഴിവാക്കി റീസൈക്കിള്‍ ചെയ്ത റബര്‍ ഉപയോഗിച്ചാണ് ഷൂവിന്റെ സോള്‍ നിര്‍മിച്ചിരിക്കുന്നത്. റീസൈക്കിള്‍ ചെയ്ത പോളിസ്റ്റര്‍ തുണിയാണ് യൂണിഫോമിനായി ഉപയോഗപ്പെടുത്തിയിരിക്കുന്നത്. സമുദ്രജല മലിനീകരണനിര്‍മാര്‍ജനത്തിന്റെ ഭാഗമായി ശേഖരിച്ച പ്ലാസ്റ്റിക് കുപ്പികളില്‍ നിന്നാണ് നിര്‍മിച്ചിരിക്കുന്നതെന്ന് അകാസ എയര്‍ പറയുന്നു...

ടു ടയര്‍ ത്രീ ടയര്‍ നഗരങ്ങളെ ബന്ധിപ്പിച്ച് ചെലവുകുറഞ്ഞ വിമാന യാത്രയാണ് അദ്ദേഹം വാഗ്ദാനം ചെയ്യുന്നത്. പലര്‍ക്കും കൈപൊള്ളിയ വിമാന മേഖലയില്‍ ജുന്‍ജുന്‍വാലയുടെ റിസ്‌ക് സാധാരണക്കാരെ ലക്ഷ്യം വച്ചാണ്. പറന്ന് തുടങ്ങിയ ആദ്യ ദിവസം മുതല്‍ ലാഭത്തിലായ റയാന്‍ എയറിന്റെ വിജയചരിത്രമാണ് അദ്ദേഹം മാതൃകയായി പറയുന്നത്. യൂറോപ്പില്‍ 10 വിമാനകമ്പനികള്‍ പ്രവര്‍ത്തനം നിര്‍ത്തിയ ഘട്ടത്തിലായിരുന്നു റയാന്‍ എയറിന്റെ വരവ്, റിസ്‌കെടുത്ത് ശീലമാക്കിയ ജുന്‍ജുന്‍വാലയ്ക്ക് ആകാശ എയര്‍ എന്താണ് സമ്മാനിക്കുക എന്നത് കാത്തിരിന്നു തന്നെ കാണണം. നിങ്ങളുടെ ആകാശം. its your sky എന്നാണ് അദ്ദേഹത്തിന്റെ ഉറപ്പ്

60 വയസ്സ് തികഞ്ഞ ഘട്ടത്തില്‍ അദ്ദേഹം ഒരു പ്രഖ്യാപനം നടത്തി. തന്റെ സ്വത്തിന്റെ 25 ശതമാനം ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കായി നീക്കിവെക്കാന്‍ തീരുമാനിച്ചു. അതില്‍ ഏറ്റവും പ്രധാനം നവി മുംബൈയില്‍ കണ്ണാശുപത്രി സ്ഥാപിക്കുകയും 15,000 പേര്‍ക്ക് നേത്രശസ്ത്രക്രിയ സൗജന്യമായി നടത്തുകയും ചെയ്തു. അതോടൊപ്പം പല ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നു. ട്രേഡിങ് ശീലമായിപോയി നിര്‍ത്താന്‍ പറ്റുന്നില്ല എന്ന് ഒരിക്കല്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞു. he once famously said-markets are like women-always commanding, mysterious, unpredictable and volatile. trading and investing are like having a wife and a mistress. you cant manage both well. os keep them apart. one should not know anything about the other.

പണമുണ്ടാക്കിയ ക്രെഡിറ്റ് പറയുമ്പോഴും ഇന്‍സൈഡര്‍ ട്രേഡിങ് നടത്തിയതിന് സെബി 2020 ല്‍ ജുന്‍ജുന്‍വാല കമ്പനിക്ക് 35 കോടി പിഴയിടുകയുണ്ടായി. അത് ഒരു ബ്ലാക് മാര്‍ക്കായി നില്‍ക്കുന്നു. ഷെയര്‍ ട്രേഡിങ്ങിലേക്ക് കടക്കുന്ന ആളുകള്‍ ഇന്ന് കൂടുകയാണ്. വലിയ ആവേശം പകരുന്ന ചൂതാട്ടമാണ്. പക്ഷേ അതിലിറങ്ങി കളിച്ച 99 ശതമാനം പേര്‍ക്കും കാശ് പോയി എന്ന സത്യം ഓര്‍ക്കണമെന്നാണ് അദ്ദേഹം എല്ലാവര്‍ക്കുമായി നല്‍കുന്ന ഗുണപാഠം. ഷെയര്‍ മാര്‍ക്കറ്റില്‍ നിന്ന് മാത്രം തന്റെ സമ്പാദ്യത്തിന്റെ 98 ശതമാനവും ഉണ്ടാക്കിയ ഒരാളാണ് ഈ പറയുന്നതെന്നും ഓര്‍ക്കുക. കാരണം ഇന്ന് 1000 രൂപ ലാഭം കിട്ടിയാല്‍ അടുത്ത ദിവസം അത് 2000 ആകും എന്ന പ്രതീക്ഷ. പക്ഷേ ചിലപ്പോ കിട്ടിയ 1000 വും പോയി 500 രൂപ നഷ്ടത്തിലേക്ക് അടുത്ത ദിവസം വീഴാം. അത് കാണുമ്പോ അടുത്ത ദിവസം അത് തിരിച്ചുകയറും എന്ന് പ്രതീക്ഷിക്കും. ചിലപ്പോള്‍ അത് പിന്നെയും പിന്നെയും താഴേക്ക് പോകാം. കയറ്റവും ഇറക്കവും അനുനിമിഷം നടക്കുന്ന മേഖലയില്‍ കയറുമ്പോ ഇറങ്ങാനും ടൈമിങ് പിഴക്കാതെ ഇറങ്ങുമ്പോള്‍ വീണ്ടും കയറാനും ഉള്ളവരേ ഇതില്‍ രക്ഷപെട്ട ചരിത്രമുള്ളൂ. റിസ്‌ക് & ലക്ക് അതാണ് ഷെയര്‍മാര്‍ക്കറ്റിലെ കളികളെ നയിക്കുന്നത്. എല്ലാവര്‍ക്കും ജുന്‍ജുന്‍വാലയോ ഡോളി ഖന്നയോ ആകാന്‍ കഴിയില്ല. പക്ഷേ ചില പാഠം അവരില്‍ നിന്ന് കിട്ടിയേക്കാം.


റിസ്‌ക്ക് എടുക്കാതെ ആരും ഒന്നുമായിട്ടില്ല. ചിലര്‍ മുന്നേറി ചിലര്‍ വീണുപോയി. ചിലപ്പോഴൊക്കെ റിസ്‌കിന് ജീവന്റെ വിലകൂടിയുണ്ട്. അതും മറക്കണ്ട.

Content Highlights: jhunjhunwala, akasa air, stock market, share market

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
amazon

2 min

4799 രൂപയുടെ ഹാന്‍ഡ്ബാഗ് 1047 രൂപയ്ക്ക് വാങ്ങാം; ഹാന്‍ഡ്ബാഗുകള്‍ക്ക് ഗംഭീര ഓഫറുകള്‍

Aug 9, 2022


manoram

3 min

ഭാര്യയുടെ മൃതദേഹം ചുടുകട്ടകെട്ടി കിണറ്റില്‍; ഹൃദയംപൊട്ടി ദിനരാജ്, അന്യസംസ്ഥാന തൊഴിലാളിയെ കാണാനില്ല

Aug 8, 2022


swapna suresh

2 min

നിരോധിത സാറ്റലൈറ്റ് ഫോണുമായി കേരളത്തിലെത്തിയ യുഎഇ പൗരനെ രക്ഷിക്കാന്‍ മുഖ്യമന്ത്രി ഇടപെട്ടു- സ്വപ്‌ന 

Aug 8, 2022

Most Commented