'അമേരിക്കന്‍ സ്വര്‍ഗം' വാഗ്ദാനം ചെയ്ത സോവിയറ്റുകാരുടെ ദുരന്ത നായകന്‍, രാജിയില്‍ തീര്‍ന്നത് രാജ്യവും


നിഹാല്‍ മുഹമ്മദ്‌

കമ്മ്യൂണിസെന്ന ഭീകരഭൂതത്തില്‍ നിന്ന് സോവിയറ്റ് യൂണിയനെ വിമോചിപ്പിച്ച് അതിരുകളില്ലാത്ത സ്വാതന്ത്ര്യത്തിലേക്ക് നയിക്കാനെത്തിയ പ്രവാചകനായായിരുന്നു ഗോര്‍ബച്ചേവിന്റെ അവതാരം. ഗ്ലാസ്‌നോസ്ത് എന്ന തുറന്ന സമീപവും പെരിസ്‌ട്രോയിക്ക എന്ന പുനര്‍നിര്‍മ്മാണവും സന്നിവേശിപ്പിച്ച് സോവിയറ്റ് യൂണിയന് പുതുവീര്യം നല്‍കലായിരുന്നു ഗോര്‍ബച്ചേവിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങള്‍.

In-Depth

ഗോർബച്ചേവും ഭാര്യ റെയ്‌സയും | Photo: AP

ലെനിനും സ്റ്റാലിനുമുള്‍പ്പടെയുള്ളവര്‍ സ്വപ്‌നം കണ്ട, ബോള്‍ഷവിക് വിപ്ലവമെന്ന വര്‍ഗസമരത്തിന്റെ മഹാ സന്തതിയായ, ലോക ചരിത്രത്തിലെ ഏറ്റവും ശക്തവും കരുത്തുറ്റതുമായ ഒരു രാഷ്ട്രം- യൂണിയന്‍ ഓഫ് സോവിയറ്റ് സോഷ്യലിസ്റ്റ് റിപ്പബ്ലിക്ക്. ഏഴ് പതിറ്റാണ്ട് കാലം ലോകത്തെ നിര്‍ണായക ശക്തിയായിരുന്ന തൊഴിലാളി വര്‍ഗരാജ്യം തകരുമെന്ന് സ്വപ്‌നം കണ്ടവര്‍ പോലും അക്കാലത്ത് വിരളമായിരുന്നു. പക്ഷെ അതിന് നിയുക്തനാക്കപ്പെട്ട ഒരാളുണ്ടായിരുന്നു. ഗോര്‍ബി എന്ന ഓമനപ്പേരാല്‍ പാശ്ചാത്യലോകം വിളിച്ച മിഖായേല്‍ സെര്‍ജിയേവിച്ച് ഗോര്‍ബച്ചേവ്. സോവിയറ്റ് യൂണിയന്‍ തകര്‍ന്ന് മൂന്ന് ദശാബ്ദങ്ങള്‍ പിന്നിടുമ്പോള്‍ ഗോര്‍ബച്ചേവും വിടപറയുകയാണ്. ലോകത്തിന്റെ നിര്‍ണായക രാഷ്ട്രീയ ഭൂമികയുടെ സര്‍വാധികാരിയായിരുന്ന ഗോര്‍ബച്ചേവായല്ല വിടപറയല്‍. സമാധാനത്തിനുള്ള നോബല്‍ സമ്മാനം പോലും തേടിയെത്തിയെങ്കിലും സ്വന്തം നാട്ടുകാരാല്‍ വെറുക്കപ്പെട്ടവനും നിന്ദിതനുമായാണ് ഗോര്‍ബച്ചേവ് കഥാവശേഷനാകുന്നത്.

ലെനിനും സ്റ്റാലിനും ശേഷം സോവിയറ്റ് യൂണിയന്‍ കണ്ട സമര്‍ഥനായ നേതാക്കളിലൊരാളായിരുന്നു മിഖായേല്‍ സെര്‍ജിയേവിച്ച് ഗോര്‍ബച്ചേവ്. വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി അംഗമായ ഗോര്‍ബച്ചേവ് പടിപടിയായി ഉയര്‍ന്ന് സോവിയറ്റ് യൂണിയന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി സെക്രട്ടറിയും രാജ്യത്തിന്റെ പ്രസിഡന്റുമായി. രാജ്യത്ത് ഒട്ടേറെ മാറ്റങ്ങള്‍ക്ക് നേതൃത്വം നല്‍കിയ അദ്ദേഹത്തെ പക്ഷേ കാലവും ചരിത്രവും പുറന്തള്ളി. ഫലത്തില്‍ ലോകമേല്‍ക്കോയ്മയുടെ അധികാരദണ്ഡുകള്‍ ഗോര്‍ബച്ചേവ് അമേരിക്കയ്ക്ക് ഏകപക്ഷീയമായി തളികയില്‍ വെച്ചുകൊടുക്കുകയായിരുന്നു. അധികാരവടംവലിയുടെ ശീതയുദ്ധത്തിന് അമേരിക്ക ഉപയോഗിച്ച പൂര്‍ണവിരാമചിഹ്നമായിരുന്നു ഗോര്‍ബച്ചേവ്. അതിന് ശേഷം ലോകക്രമത്തിന്റെ സര്‍വാധിപത്യ സിംഹാസനം അവരൊറ്റക്ക് കൈക്കലാക്കി. കമ്മ്യൂണിണിസമെന്ന
ഭീകരഭൂതത്തില്‍ നിന്ന് സോവിയറ്റ് യൂണിയനെ വിമോചിപ്പിച്ച് അതിരുകളില്ലാത്ത സ്വാതന്ത്ര്യത്തിലേക്ക് നയിക്കാനെത്തിയ പ്രവാചകനായായിരുന്നു ഗോര്‍ബച്ചേവ്‌. ഗ്ലാസ്‌നോസ്ത് എന്ന തുറന്ന സമീപനവും
പെരിസ്‌ട്രോയിക്ക എന്ന പുനര്‍നിര്‍മ്മാണവും സന്നിവേശിപ്പിച്ച് സോവിയറ്റ് യൂണിയന് പുതുവീര്യം നല്‍കലായിരുന്നു ഗോര്‍ബച്ചേവിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങള്‍. എന്നാല്‍ ലക്ഷ്യങ്ങളെല്ലാം ലക്ഷ്യങ്ങളായി തന്നെ അവശേഷിച്ചു.

1931 മാര്‍ച്ച് രണ്ടിന് റഷ്യന്‍ യുക്രൈന്‍ ദമ്പതികളുടെ മകനായി സ്റ്റാവ്‌റോപോളിലാണ് ഗോര്‍ബച്ചേവിന്റെ ജനനം. 1965ല്‍ മോസ്‌കോ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് നിയമത്തില്‍ ബിരുദം. പഠനത്തിനിടെ തന്നെ കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് സോവിയറ്റ് യൂണിയന്‍ അംഗമായി. 1970ല്‍ സ്റ്റാവ്‌റോപോള്‍ പ്രവിശ്യയുടെ ആദ്യ പാര്‍ട്ടി സെക്രട്ടറി. കൃഷിയെ പ്രോത്സാഹിപ്പിക്കുകയും കര്‍ഷകരുടെ ജീവിത നിലവാരം ഉയര്‍ത്തുന്ന പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുകയും ചെയ്തു. 1971ല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി കേന്ദ്രകമ്മിറ്റിയില്‍, 1979ല്‍ പോളിറ്റ് ബ്യൂറോ അംഗം. പോളിറ്റ്ബ്യൂറോയിലെ പ്രായം കുറഞ്ഞ അംഗം. 1985ല്‍, 54ാം വയസ്സില്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി. 1990 മാര്‍ച്ചില്‍ സോവിയറ്റ് യൂണിയന്റെ പ്രസിഡന്റായി.

സൈനികമായി സോവിയറ്റ് യൂണിയനെ പരാജയപ്പെടുത്തല്‍ അസാധ്യമാണെന്ന തിരിച്ചറിവ് അക്കാലമാവുമ്പോഴേക്കും അമേരിക്കയ്ക്ക് വന്നിരുന്നു. മാര്‍ക്‌സിസം-ലെനിനിസത്തിന്റെ വികൃതമായ ചില പ്രയോഗങ്ങളും ലോകയുദ്ധങ്ങളേല്‍പ്പിച്ച പരിക്കുകളും സ്വാതന്ത്ര്യത്തിനായുള്ള മുറവിളികളും സോവിയറ്റ് പ്രസ്ഥാനത്തിന്റെ വന്മതിലുകളില്‍ വിള്ളലുകള്‍ വീഴ്ത്തി തുടങ്ങിയിരുന്നു. മാര്‍ക്‌സിസം ലെനിനിസത്തെ അതിന്റെ വിശുദ്ധിയില്‍ വീണ്ടെടുക്കാനാണ് ഗ്ലാസ്‌നോസ്തും പെരിസ്‌ട്രോയിക്കയുമെന്നാണ് 1985ല്‍ അധികാരമേറ്റെടുക്കുമ്പോള്‍ ഗോര്‍ബച്ചേവ് പറഞ്ഞിരുന്നത്. മാറ്റങ്ങളെല്ലാം വിപരീത ഫലങ്ങളാണുണ്ടാക്കിയത്. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ 27ാം പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ പെരിസ്‌ട്രോയിക്ക, ഗ്ലാസ്‌നോസ്ത് എന്നീ നയങ്ങള്‍ ഗോര്‍ബച്ചേവ് അവതരിപ്പിച്ചു. പാര്‍ട്ടിസംവിധാനത്തെയും സമ്പദ് വ്യവസ്ഥയെയും ഉദാരീകരിച്ച് സാമ്പത്തികവളര്‍ച്ച ഉറപ്പാക്കലായിരുന്നു പെരിസ്‌ട്രോയിക്കയുടെ ലക്ഷ്യം. ഗ്ലാസ്‌നോസ്തിലൂടെ അഭിപ്രായ സ്വാതന്ത്ര്യം കൊണ്ടുവരുകയും രാഷ്ട്രീയത്തടവുകാരെ വിട്ടയക്കുകയും ചെയ്തു.

അമേരിക്കന്‍ പ്രസിഡന്റ് ജോര്‍ജ് ബുഷും ഗോര്‍ബച്ചേവും

സേവന, ഉത്പാദന, വിദേശവ്യാപാരമേഖലകളില്‍ സ്വകാര്യഉടമസ്ഥാവകാശം അംഗീകരിക്കുന്ന പുതിയ സാമ്പത്തിക നയം നിയമമായി (ലോ ഓണ്‍ കോഓപ്പറേറ്റീവ്‌സ്). ഭരണകൂടത്തെയും പാര്‍ട്ടിയെയും വെവ്വേറെയാക്കി. അധികാരം പാര്‍ട്ടി ജനറല്‍സെക്രട്ടറിയില്‍ നിന്ന് പ്രസിഡന്റിലേക്ക് വന്നു (ഇത് രണ്ടും ഗോര്‍ബച്ചേവ് തന്നെയായിരുന്നു). ശീതയുദ്ധത്തിന് അവസാനമായി. ഭക്ഷ്യഅവശ്യവസ്തുക്കളുടെ ക്ഷാമം വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും സോവിയറ്റ് ജനജീവിതത്തെ ബാധിച്ചു. ഒന്‍പത് വര്‍ഷത്തിന് ശേഷം അഫ്ഗാനിസ്താനില്‍നിന്ന് സൈന്യത്തെ പിന്‍വലിച്ചു. വാഴ്‌സാ ഉടമ്പടി പ്രകാരം കിഴക്കന്‍ യൂറോപ്പിലെ രാജ്യങ്ങളില്‍ നിലനിര്‍ത്തിയിരുന്ന സോവിയറ്റ് സൈന്യത്തെ പിന്‍വലിച്ചതോടെ റുമാനിയയും ചെക്കോസ്ലോവാക്യയും അടക്കമുള്ള രാജ്യങ്ങളില്‍ കമ്യൂണിസ്റ്റ് ഭരണകൂടം തകര്‍ന്നു. ജര്‍മനിയെ പകുത്ത ബര്‍ലിന്‍ മതില്‍ നിലംപതിച്ചു. അംഗറിപ്പബ്ലിക്കുകളിലും സ്വാതന്ത്ര്യപ്രസ്ഥാനങ്ങള്‍ വേരുപിടിച്ചു. ജനങ്ങള്‍ തെരുവിലിറങ്ങി. കാര്യങ്ങള്‍ കൈവിട്ടു തുടങ്ങി. ഗോര്‍ബച്ചേവ് വീട്ടിതടങ്കലിലായി. 1991ആഗസ്റ്റില്‍ സോവിയറ്റ് യൂണിയനെ രക്ഷിക്കാനുള്ള തീവ്രകമ്മ്യൂണിസ്റ്റുകളുടെ അട്ടിമറി ശ്രമം പരാജയപ്പെട്ടു. പക്ഷേ, അധികാരം കേന്ദ്രീകരിക്കാനോ രാഷ്ട്രം വിഘടിക്കുന്നതിന് തടയിടാനോ അദ്ദേഹത്തിന് കഴിഞ്ഞില്ല. ഭൂപടത്തിന്റെ അതിരുകള്‍ മാറിമറിഞ്ഞു. അംഗ റിപ്പബ്ലിക്കുകള്‍ ഒന്നൊന്നായി സ്വാതന്ത്ര്യം പ്രഖ്യാപിച്ചു. ഡിസംബറില്‍ സ്വതന്ത്ര റഷ്യയുടെ പ്രസിഡന്റ് ബോറിസ് യെത്‌സിനായി അദ്ദേഹം വഴിമാറി. അങ്ങനെ ചരിത്രത്തിലെ ദുരന്തകഥാപാത്രങ്ങളിലൊന്നായി ഗോര്‍ബച്ചേവ്. 1991 ഡിസംബര്‍ 25 ന് ഗോര്‍ബച്ചേവ് പ്രസിഡന്റ് സ്ഥാനം രാജി വെച്ചതിന്റെ പിറ്റേന്ന് സോവിയറ്റ് യൂണിയന്‍ ഓര്‍മ്മയായി.

പ്രസിഡന്റ് സ്ഥാനത്തുനിന്നു പുറത്തു വന്ന ശേഷവും ഗോര്‍ബച്ചേവ് സജീവ രാഷ്ട്രീയത്തില്‍ തുടര്‍ന്നു. 1996ല്‍ പ്രസിഡന്റ് സ്ഥാനത്തേക്കു നടന്ന തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട ശേഷം സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് റഷ്യ രൂപവത്കരിച്ചു. ഈ പാര്‍ട്ടി നിരോധിക്കപ്പെട്ട ശേഷം യുണിയന്‍ ഓഫ് സോഷ്യല്‍ ഡെമോക്രാറ്റ്‌സ് എന്ന പാര്‍ട്ടിക്കു രൂപം നല്‍കി. 2008ല്‍ റഷ്യന്‍ രാഷ്ട്രീയത്തിലേക്ക് തിരിച്ചെത്തുകയാണെന്നു പ്രഖ്യാപിച്ച ഗോര്‍ബച്ചേവ് ഇന്‍ഡിപ്പെന്‍ഡഡ് ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് റഷ്യയ്ക്കു ജന്മം നല്‍കി. പടിഞ്ഞാറന്‍ മാധ്യമങ്ങള്‍ ആഘോഷിച്ച ആ മനുഷ്യന് സ്വന്തം നാട്ടില്‍ ഒരു വിലയുമില്ലാതാകുന്ന കാഴ്ചയായിരുന്നു പിന്നീട്. സര്‍വാധിപതിയായി റഷ്യ വാഴുന്ന പുതിനെ മുനയില്ലാതെ വിമര്‍ശിക്കുകയും പഴയ കറ തുടയ്ക്കാനെന്നവണ്ണം അമേരിക്കയെ കുറ്റം പറയുകയുമായിരുന്നു അവസാന കാലത്ത് ഗോര്‍ബച്ചേവ്. ഭാര്യ റെയ്‌സ 1999ല്‍ അന്തരിച്ചു. മകള്‍ ഇറിന.

Content Highlights: last soviet leader mikhail gorbachev life story ussr soviet union


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

22:40

പരാജയങ്ങളെ വിജയങ്ങളാക്കി പോരാടിയെത്തിയത് സിവിൽ സർവ്വീസിൽ | കളക്ടർ കൃഷ്ണ തേജ സംസാരിക്കുന്നു

Sep 28, 2022


11:48

ബ്രിട്ടന്‍, യു.കെ, ഇംഗ്ലണ്ട്... ഇതൊക്കെ രാജ്യങ്ങളാണോ? കണ്‍ഫ്യൂഷന്‍ തീര്‍ക്കാം | Inside Out

Sep 27, 2022


pfi

1 min

തീരുമാനം അംഗീകരിക്കുന്നു: പോപ്പുലര്‍ ഫ്രണ്ട് പിരിച്ചുവിട്ടതായി സംസ്ഥാന സെക്രട്ടറി

Sep 28, 2022

Most Commented