മലബാറിന്റെ വെള്ളവും വെളിച്ചവും; കുറ്റ്യാടി പദ്ധതിക്ക് 50 വയസ്


രാജി പുതുക്കുടി

In-Depth

കുറ്റ്യാടി ജലവൈദ്യുതി പദ്ധതി

ഉത്തര കേരളത്തിലെ ഏറ്റവും വലിയ ജലവൈദ്യുതി പദ്ധതിയായ കുറ്റ്യാടി പദ്ധതി വൈദ്യുത ഉത്പാദനം ലക്ഷ്യമിട്ടും മലബാർ മേഖലയിലെ ജലസേചനം മെച്ചപ്പെടുത്തുന്നതിനുമാണ് നടപ്പാക്കിയത്. ഇത് മലബാർ മേഖലയുടെ വൈദ്യുത ആവശ്യങ്ങളെ മാത്രമല്ല കാർഷി വ്യാവസായിക പുരോഗതിയേയും കാര്യമായി സ്വാധീനിക്കുന്നുണ്ട്. കോഴിക്കോട് ജില്ലയിലെ കക്കയം എന്ന മലമ്പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഈ ജലവൈദ്യുത നിലയത്തിന് വൈദ്യുത നിലയങ്ങളുടെ വലിപ്പത്തിന്റെ കാര്യത്തില്‍ പ്രത്യേക സ്ഥാനമുണ്ട്. 136.4824 ഹെക്ടറില്‍ സ്ഥിതി ചെയ്യുന്ന കുറ്റ്യാടി ജലവൈദ്യുത നിലയവും 283.65 ഏക്കര്‍ ഡാം സൈറ്റും ഉള്‍പ്പടെ 420.1389 ഹെക്ടറിലാണ് പദ്ധതി. കേരളത്തിലെ മൂന്നാമത്തെ വലിയ ജലവൈദ്യുത നിലയമാണ് കുറ്റ്യാടി ജലവൈദ്യുത പദ്ധതി. ഇലക്ട്രിസിറ്റി ബോര്‍ഡിഡിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന മലബാറിലെ ഏറ്റവും ശേഷി കൂടിയ ജലവൈദ്യുത നിലയവും കുറ്റ്യാടിയാണ്. 225 മെഗാവാട്ടാണ് ഈ നിലയത്തിന്റെ സ്ഥാപിത ശേഷിയെങ്കിലും 231.75 മെഗാ വാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള ശേഷി ഇപ്പോള്‍ ഈ നിലയത്തിനുണ്ട്. ഇവിടെ നിന്ന് പ്രതിദിനം 50 ലക്ഷം യൂണിറ്റ് വൈദ്യുതിയാണ് നിലവില്‍ ഉത്പാദിപ്പിക്കപ്പെടുന്നത്.

വടക്കന്‍ മലബാറിനേയും, പ്രത്യേകിച്ച് തൃശ്ശൂരിന് വടക്കോട്ടുള്ള എല്ലാ പ്രദേശങ്ങളുമായും ബന്ധപ്പെട്ട് കിടക്കുന്ന ഒരു പ്രധാനപ്പെട്ട വൈദ്യുത ഉത്പാദന കേന്ദ്രം കൂടിയാണ് കുറ്റ്യാടി. വടക്കന്‍ കേരളത്തില്‍ കുറ്റ്യാടി കൂടാതെ നല്ലളത്ത് സ്ഥിതി ചെയ്യുന്ന ഡീസല്‍ താപ വൈദ്യുതനിലയമാണ് വൈദ്യുതി ഉത്പാദനത്തിലെ പ്രധാന ഘടകം. പക്ഷെ ഡീസല്‍ പവര്‍ പ്ലാന്റിന്റെ ഉത്പാദന ചെലവ് വളരെ കൂടുതലായതിനാല്‍ വൈദ്യുത ബോര്‍ഡ് പ്രധാനമായും ആശ്രയിക്കുന്നത് കുറ്റ്യാടി പ്ലാന്റിന്റില്‍നിന്നും ഉത്പാദിപ്പിക്കുന്ന വൈദ്യുതിയെയാണ്. അണക്കെട്ടില്‍ കെട്ടി നിര്‍ത്തിയിരിക്കുന്ന വെള്ളത്തിന്റെ സ്ഥാനികോര്‍ജം അഥവാ പൊട്ടന്‍ഷ്യല്‍ എനര്‍ജി താഴേക്ക് വരുമ്പോള്‍ ഗതികോര്‍ജം അഥവാ കൈനറ്റിക് എനര്‍ജിയായി മാറുന്നു, ഈ ഗതികോര്‍ജ്ജം ഉപയോഗിച്ച് ഒരു ജലചക്രം അഥവാ ടര്‍ബൈന്‍ കറക്കുകയും തുടര്‍ന്ന് അതിനോട് ബന്ധിപ്പിച്ചിരിക്കുന്ന ജനറേറ്റര്‍ തിരിക്കുകയും അതുവഴി വൈദ്യുതി ഉത്പാദിപ്പിക്കുകയും ചെയ്യുകയാണ് ജലവൈദ്യുത നിലയങ്ങളുടെ പ്രവര്‍ത്തനശാസ്ത്രം. കുറ്റ്യാടി പദ്ധതിയിലും ഇതേ തത്വം വഴി തന്നെയാണ് വൈദ്യുതി ഉത്പാദനം നടക്കുന്നത്, നമുക്ക് ഏറ്റവും കുറഞ്ഞ നിരക്കില്‍ ഗുണമേന്മയുള്ള വൈദ്യുതി ഉത്പാദിപ്പിച്ച് വിതരണം ചെയ്യാന്‍ കഴിയുന്നു എന്നതാണ് ഇത്തരം ജലവൈദ്യുത പദ്ധതികളുടെ പ്രാധാന്യം.

കുറ്റ്യാടി ജലവൈദ്യുത പദ്ധതി അല്‍പ്പം ചരിത്രം

കക്കയത്തിന് അടുത്ത് സ്ഥിതി ചെയ്യുന്ന ഉരക്കുഴി ജലപാതം 1950-ല്‍ തന്നെ മദിരാശി ഗവണ്‍മെന്റിന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നെങ്കിലും അത് പ്രയോജനപ്പെടുത്താന്‍ വേണ്ട പദ്ധതികളൊന്നും സര്‍ക്കാരിന്റെ ഭാഗത്തുനിന്ന്‌ ഉണ്ടായില്ല എന്നതാണ് ചരിത്രം. പിന്നീട് 1957-ല്‍ കേരളത്തിലെ ആദ്യ മന്ത്രിസഭയാണ് കുറ്റ്യാടി ജല വൈദ്യുത പദ്ധതി എന്ന ആശയം പൊടിതട്ടിയെടുത്തത്. അന്നത്തെ മന്ത്രിയായിരുന്ന വി.ആര്‍. കൃഷ്ണയ്യരാണ് ഇതിന് വേണ്ട പരിശ്രമങ്ങള്‍ തുടങ്ങിയെങ്കിലും മന്ത്രിസഭ പിരിച്ചുവിട്ടതിനെ തുടര്‍ന്ന് പദ്ധതിയും നിലച്ചു. പിന്നീട് 1961-ല്‍ ഐക്യകക്ഷി മന്ത്രിസഭയുടെ കാലത്താണ് പദ്ധതിയുടെ നടപടിക്രമങ്ങള്‍ വീണ്ടും തുടങ്ങുന്നത്. 1963-ല്‍ പ്ലാനിങ് കമ്മീഷന്റെ അനുമതിയും ലഭിച്ചു. 1964-ല്‍ പദ്ധതിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി. പക്ഷെ കരാറുകാരനുമുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ദീര്‍ഘകാലം പ്രവര്‍ത്തി നിര്‍ത്തിവെച്ചു.

പിന്നീട് 1970-ലാണ് നിര്‍മാണ പ്രവര്‍ത്തി വീണ്ടും തുടങ്ങിയത്. ഏകദേശം 97 കോടി രൂപ ചെലവിട്ടാണ് പദ്ധതിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായത്. പ്രതിവര്‍ഷം 247 മില്യണ്‍ യൂണിറ്റ് വൈദ്യുതി കേരളാ ഗ്രിഡിലേക്ക് എത്തിക്കുകയും വൈദ്യുതി ഉത്പാദിപ്പിച്ച ശേഷം വെള്ളം കൊയിലാണ്ടി, വടകര താലൂക്കുകളിലേക്ക് ജലസേചനത്തിനായി എത്തിക്കുകയുമായിരുന്നു പദ്ധതിയുടെ ലക്ഷ്യം. 1972 ആഗസ്ത് 15 മുതല്‍ പദ്ധതി പരീക്ഷണാടിസ്ഥാനത്തില്‍ പ്രവര്‍ത്തിപ്പിച്ചു. ഒരു മാസത്തിന് ശേഷം സെപ്തംബര്‍ 30-ന് പദ്ധതിയ്ക്ക് തുടക്കമിട്ട വി.ആര്‍. കൃഷ്ണയ്യര്‍ തന്നെ പദ്ധതി ഉദ്ഘാടനം ചെയ്തു. 25 മെഗാവാട്ടിന്റെ ഒരു ജനറേറ്ററാണ് തുടക്കത്തില്‍ പ്രവര്‍ത്തിപ്പിച്ചത്.

മൂന്ന് ഘട്ടങ്ങളിലായി പൂര്‍ത്തിയാക്കിയ നിര്‍മാണം

കെ.എച്ച്.ഇ.പി അഥവാ കുറ്റ്യാടി ഹൈഡ്രോ ഇലക്ട്രിക് പ്രോജക്ട് എന്ന ആദ്യ ഘട്ട പദ്ധതി 1972-ലാണ് പൂര്‍ത്തിയായത്. സ്ഥാപിത ശേഷി 75 മെഗാവാട്ട് ആയിരുന്നു. 25 മെഗാവാട്ടിന്റെ മൂന്ന് ജനറേറ്ററുകളാണ് കെ.എച്ച്.ഇ.പിയില്‍ ഉള്ളത്. ജപ്പാനിലെ ഫ്യൂജി ഇലക്ട്രിക്കല്‍ കമ്പനിയാണ് 25 മെഗാവാട്ടിന്റെ മൂന്ന് ജനറേറ്ററുകളും നിര്‍മ്മിച്ചത്. 11കെ വിയിലായിരുന്നു വൈദ്യുതി ഉത്പാദനം. കുറ്റ്യാടി എക്സ്റ്റന്‍ഷന്‍സ് സ്‌കീം അഥവാ കെ.ഇ.എസ് ആയിരുന്നു രണ്ടാം ഘട്ടം. 2001ലാണ് യാഥാര്‍ത്യമായത്. 50 മെഗാവാട്ട് വൈദ്യുതിയാണ് കെ.ഇ.എസിന്റെ ഉത്പാദന ശേഷി. ജി.ഇ കാനഡയാണ് 50 മെഗാവാട്ടിന്റെ ജനറേറ്റര്‍ നിര്‍മ്മിച്ചത്. കുറ്റ്യാടി അഡീഷന്‍ എക്സ്റ്റന്‍ഷ് പദ്ധതിയാണ് മൂന്നാം ഘട്ടത്തില്‍ പൂര്‍ത്തിക്കായിക്കിയത്. 100 മെഗാവാട്ട് ആണ് ഇതിന്റെ സ്ഥാപിത ശേഷി.

2010-ലാണ് കുറ്റ്യാടി അഡീഷന്‍ എക്സ്റ്റന്‍ഷന്‍ പദ്ധതിയില്‍ നിന്ന് വൈദ്യുതി ഉത്പാദനം ആരംഭിച്ചത്. 100 മെഗാവാട്ട് ആണ് കെ.ഇ.എസ്. വഴി കേരളത്തിന് ലഭിക്കുന്നത്. 50 മെഗാവാട്ടിന്റെ 2 ജനറേറ്ററുകളാണ് വൈദ്യുതി ഉത്പാദനത്തിനായി സ്ഥാപിച്ചിട്ടുള്ളത്. ഭാരത് ഹെവി ഇലക്ട്രിക്കല്‍ ലിമിറ്റഡ് അഥവാ ബി.എച്ച്.ഇ.എല്‍ നിര്‍മിച്ച ജനറേറ്ററുകളാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്. ഇതുകൂടാതെ കെ.എസ്.എച്ച്.ഇ.പി കുറ്റ്യാടി സ്‌മോള്‍ ഹൈഡ്രോ ഇലക്ട്രിക് പ്രൊജക്ട്‌ന്റെ ഭാഗമായി 3 മെഗാവാട്ട് വൈദ്യതിയും കെ.ടി.ആര്‍ (കുറ്റ്യാടി ടെയില്‍ റെയിസ് സ്‌കീം)മില്‍ നിന്ന് 1.25 മെഗാവാട്ട് വൈദ്യുതിയും ഉത്പാദിപ്പിക്കുന്നുണ്ട്. ആകെ 231.75 മെഗാവാട്ടാണ് ഇപ്പോള്‍ നിലയത്തിന്റെ ശേഷി. കുറ്റ്യാടി ജലവൈദ്യുത പദ്ധതിയില്‍ നിന്ന് ഉത്പാദിപ്പിക്കുന്ന വൈദ്യുതിയുടെ പ്രസരണത്തിനായി വിപുലമായ സംവിധാനം ആണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. പദ്ധതിയുടെ വിപുലീകരണത്തിന് അനുസരിച്ച് ഇവിടെ നിന്നുള്ള വൈദ്യത പ്രസരണ ശേഷിയും കൂട്ടിയിട്ടുണ്ട്.

വൈദ്യുതി ഉത്പാദനത്തിനുള്ള വെള്ളം വിവിധ ഡാമുകളില്‍ നിന്ന്

കക്കയം ജലസംഭരണിയില്‍ നിന്നുളള വെള്ളമാണ് കുറ്റ്യാടി ജലവൈദ്യുത പദ്ധതിയ്ക്കായി പ്രധാനമായും ഉപയോഗിക്കുന്നത്. 34 എംസിഎം (മില്യണ്‍ ക്യൂബിക് മീറ്റര്‍) ആണ് ഈ ഡാമിന്റെ സംഭരണ ശേഷി. കക്കയം ജലസംഭരണിയുടെ 14 കിലോമീറ്റര്‍ താഴെയായാണ് കുറ്റ്യാടി ജലവൈദ്യുത നിലയത്തിന്റെ വൈദ്യുത ഉത്പാദന കേന്ദ്രം സ്ഥിതി ചെയ്യുന്നത്. ഡാമില്‍ നിന്ന് ടണല്‍ വഴി വെള്ളം പെന്‍സ്റ്റോക്കിലൂടെ പവര്‍ഹൗസില്‍ എത്തിച്ച് വൈദ്യുതി ഉത്പാദിപ്പിച്ച് വെള്ളം പെരുവണ്ണാമുഴി റിസര്‍വോയറിനകത്തേക്ക് വിടുകയാണ് ചെയ്യുന്നത്. പിന്നീട് ജലവൈദ്യുത പദ്ധതിയുടെ മൂന്നാംഘട്ടത്തിന് വേണ്ടി പടിഞ്ഞാറത്തറയില്‍ ബാണാസുരസാഗര്‍ ഡാം കൂടി നിര്‍മിച്ചു. 210 എംസിഎം ആണ് ഈ ഡാമിന്റെ സംഭരണ ശേഷി. രണ്ടര കിലോമീറ്റര്‍ ദൂരം ടണല്‍ വഴിയാണ് ഇത് ബന്ധിപ്പിച്ചിരിക്കുന്നത്. ഉത്പാദനം കഴിഞ്ഞ ശേഷം വെള്ളം ജലസേചന പദ്ധതികള്‍ക്കായി പെരുവണ്ണാമുഴിയിലേക്ക് എത്തിക്കും. ഏകദേശം 36000 ഹെക്ടര്‍ പ്രദേശത്ത് ജലസേചനത്തിനായി ഉപയോഗിക്കുന്നത് ഈ വെള്ളമാണ്.

ഡാം ടൂറിസം

കെഎസ്ഇബിയുടെ ഡാമുകള്‍ക്ക് ചുറ്റും ഉള്ളപോലെ തന്നെ നിബിഡ വനങ്ങളാണ് കുറ്റ്യാടി പദ്ധതിയുടെ കക്കയം ഡാമിന് ചുറ്റും ഉള്ളത്. ഇത് അങ്ങനെ തന്നെ കാത്തുസൂക്ഷിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളും വൈദ്യുത ബോര്‍ഡ് ചെയ്യുന്നുണ്ട്. ഒപ്പം ഡാം ടൂറിസവും, നിരവധി ആളുകളാണ് ഡാം കാണാനും പ്രകൃതി ഭംഗി ആസ്വദിക്കാനും ഇവിടേക്ക് എത്തുന്നത്.

kuttiadi hydro electric project generator

റെക്കോര്‍ഡുകളിട്ട ജല വൈദ്യുത പദ്ധതി

ഉത്തര കേരളത്തിലെ പീക്ക് അവറിലെ വൈദ്യുതി ആവശ്യത്തിന് ഏറെ സഹായിക്കുന്ന വൈദ്യുത ഉത്പാദന കേന്ദ്രമാണ് കുറ്റ്യാടി ജലവൈദ്യുതി നിലയം. കഴിഞ്ഞ വര്‍ഷം 17 തവണ വൈദ്യുതി ഉത്പാദനത്തില്‍ റെക്കോര്‍ഡ് നേട്ടവും ഉണ്ടായി. 5 മില്യണ്‍ യൂണിറ്റാണ് പ്രതിദിന ഉത്പാദനം ലക്ഷ്യമിടുന്നതെങ്കിലും 17 തവണ ഇതില്‍ കൂടുതല്‍ വൈദ്യുതി ഉത്പാദിപ്പിക്കാന്‍ കഴിഞ്ഞെന്ന് കുറ്റ്യാടി ജലവൈദ്യുത നിലയത്തിലെ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ഇ.മുഹമ്മദ് അലി പറയുന്നു. 777 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് കഴിഞ്ഞ വര്‍ഷം ഉത്പാദിപ്പിച്ചത്. ഇത്തവണ ഓഗസ്റ്റിലെ കണക്കുപ്രകാരം 669 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിച്ചുകഴിഞ്ഞു. ഇനിയുള്ള മാസങ്ങളിലെ വൈദ്യുതി ഉത്പാദനം കൂടി വരുമ്പോള്‍ വാര്‍ഷിക ഉത്പാദനം കഴിഞ്ഞ വര്‍ഷത്തെ മറികടക്കുമെന്നും ഇത് പുതിയ റെക്കോര്‍ഡ് ആവുമെന്നും ആണ് പ്രതീക്ഷ

ജലവൈദ്യുത പദ്ധതിയുടെ പുനരുദ്ധാരണം

പദ്ധതി 50 വര്‍ഷം പൂര്‍ത്തിയാക്കുന്ന വേളയില്‍ ആദ്യം കമ്മീഷന്‍ ചെയ്ത പദ്ധതി നവീകരിച്ച് വീണ്ടും വൈദ്യുത ഉത്പാദനം കൂട്ടുകയാണ് ലക്ഷ്യം. അന്ന് സ്ഥാപിച്ച 25 മെഗാവാട്ടിന്റെ മൂന്ന് മെഷീനുകളും 27.5 ആക്കി വര്‍ദ്ധിപ്പിക്കുകയാണ് ലക്ഷ്യം. മൂന്ന് ഘട്ടങ്ങളായാണ് പുനരുദ്ധാരണവും നടപ്പാക്കുക. നവീകരണം, ആധുനികവത്കരണം, ശേഷി വര്‍ദ്ധിപ്പിക്കല്‍ എന്നിവയാണ് മൂന്ന് ഘട്ടങ്ങള്‍. അതോടെ 7.5 മെഗാവാട്ട് കൂടി വൈദ്യുതി ഉത്പാദിപ്പിക്കാന്‍ കഴിയും എന്നാണ് പ്രതീക്ഷ. അതോടെ മൊത്തം വൈദ്യുതി ഉത്പാദനം 231.75 ല്‍ ഏകദേശം 240 മെഗാവാട്ടിലേക്ക് എത്തും. രണ്ട് വര്‍ഷം കൊണ്ട് ഇത് പൂര്‍ത്തിയാക്കാന്‍ കഴിയും. നവംബറിലാണ് ഒന്നാം ഘട്ടത്തിന്റെ പ്രവര്‍ത്തനങ്ങള്‍ തുടങ്ങുക.

Content Highlights: Kuttiyadi hydroelectric power project golden jubilee


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
photo: Getty Images

1 min

തകര്‍പ്പന്‍ ജയത്തിന് പിന്നാലെ കാനഡയുടെ പരിശീലകന് 'നന്ദി' പറഞ്ഞ് ക്രൊയേഷ്യന്‍ താരം

Nov 28, 2022


03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


'ഷിയും കമ്മ്യൂണിസ്റ്റുപാര്‍ട്ടിയും തുലയട്ടെ'; കോവിഡ് നിയന്ത്രണങ്ങള്‍ക്കെതിരെ ചൈനയില്‍ വന്‍ പ്രതിഷേധം

Nov 27, 2022

Most Commented