.
എനിക്ക് അഭിമാനത്തിന് ക്ഷതമേറ്റത് യഥാര്‍ഥത്തില്‍ കോടതിയില്‍ നിന്നാണെന്ന് ഒരു അതിജീവിത എന്നോട് പറഞ്ഞിട്ടുണ്ട്. വക്കീലന്മാരുടെ നോട്ടവും ചോദ്യവും തകര്‍ത്തുകളഞ്ഞു, അനാവശ്യമായ ചോദ്യവും ഇടപെടലും ഒഴിവാക്കിയിരുന്നെങ്കില്‍ എന്നുതോന്നിയിട്ടുണ്ട്. പക്ഷേ കോടതിയില്‍ നിന്നുപോലും അവകാശപ്പെട്ട മാനസംരക്ഷണം ലഭിച്ചില്ലെന്നും അവര്‍ പറഞ്ഞിട്ടുണ്ട്.
എന്റെ അഭിപ്രായത്തില്‍ മൂന്നിടങ്ങളാണ് ഇവര്‍ക്കൊപ്പം നില്‍ക്കേണ്ടത്. ഒന്ന് പോലീസ് സ്റ്റേഷന്, രണ്ട് വൈദ്യ പരിശോധന നടത്തുന്ന ആശുപത്രികള്‍, മൂന്ന് വിചാരണ ചെയ്യപ്പെടുന്ന കോടതികള്‍. അവിടെയെല്ലാം അതിജീവിതയുടെ ആത്മാഭിമാനത്തിന് വിലകൊടുക്കുകയാണെങ്കില് അവര്‍ക്ക് പിടിച്ച് നില്ക്കാന് സാധിക്കും. ഞങ്ങള്‍ കൂടെയുണ്ട് എന്ന ചിന്തയാണ് അവര്‍ക്ക് വേണ്ടത്. ആ ഉറപ്പ് പലപ്പോഴും അവര്‍ക്ക് ലഭിക്കുന്നില്ല അപ്പോഴാണ് അവര്‍ തളര്‍ന്നുപോകുന്നത്. വീട്ടുകാരും ബന്ധുക്കളും അയല്‍ക്കാരും സുഹൃത്തുക്കളും അവര്‍ക്കൊപ്പം നില്‍ക്കണം.
ശരീരത്തില്‍ മാത്രമല്ല മനസ്സിലും മുറിവേറ്റവരാണ് അതിജീവിതര്‍. അവര്‍ക്ക് വേണ്ടത് സഹതാപമല്ല, മനുഷ്യാവകാശങ്ങളുടെ സംരക്ഷണമാണ്. കുറച്ച് അതിജീവിതരെ ജീവിതത്തില്‍ പിടിച്ചുനിര്‍ത്താന്‍ എനിക്ക് സാധിച്ചിട്ടുണ്ടെന്ന് അഭിമാനത്തോടെ പറയാന്‍ കഴിയും. എന്റെ ജീവിതം തകര്‍ന്നു ഞാന്‍ ഇനി എന്തിന് ജീവിച്ചിരിക്കണം എന്ന് പലരും എന്നോട് ചോദിച്ചിട്ടുണ്ട്.
നിങ്ങളുടേതല്ലാത്ത കുറ്റത്തിന് നിങ്ങള്‍ ഇരയാക്കപ്പെട്ടു എന്നുണ്ടെങ്കില്‍ അതോടുകൂടി നിങ്ങളുടെ ജീവിതം തകര്‍ന്നു എന്നുകരുതരുത് എന്നാണ് അവരോട് ഞാന്‍ പറഞ്ഞത്. മലയാളത്തില്‍ മാനഭംഗം, ബലാത്സംഗം എന്നീ വാക്കുകളുണ്ട്. ബലാത്സംഗം ചെയ്യപ്പെട്ടതോടെ നിങ്ങളുടെ മാനം പോയി എന്ന് കരുതുന്നതാണ് തെറ്റ്. വ്യക്തിത്വത്തിന്റെ അന്തസ്സ് സൂക്ഷിക്കേണ്ടത് മനസ്സിലാണ്. ശരീരത്തിനേറ്റ മുറിവ് ഒരിക്കലും നിങ്ങളുടെ മാനം നഷ്ടപ്പെടുത്തുന്നില്ല.
നിങ്ങള്‍ ഈ ലോകത്ത് ജീവിച്ച് വിജയിച്ച് കാണിച്ചുകൊടുക്കണം. സമൂഹത്തിന് മാതൃക കാണിച്ചുകൊടുക്കേണ്ടത് നിങ്ങളാണ്. നിങ്ങള്‍ പിടിവിട്ടാല്‍ അത് അനീതിയുടെ വിജയമായിരിക്കും. സത്യവും നീതിയും വിജയിക്കാന്‍ വേണ്ടി നിങ്ങള്‍ പിടിച്ചുനില്‍ക്കണം. അനീതിക്കെതിരേ പടവെട്ടിക്കൊണ്ട് അനേകരെ പിടിച്ചുനിര്‍ത്താന്‍ വേണ്ടി ജീവിക്കണം. നിങ്ങളുടെ ജീവിതം വിജയിക്കും അനേകരുടെ ജീവിതത്തെ സ്വാധീനിക്കാനും കഴിയും.
മാറ്റത്തിന്റെ ചിന്തകള്‍ ന്യായാധിപരുടെ ഭാഗത്ത് നിന്ന് മാത്രമാകരുത്. പോലീസ്, പ്രോസിക്യൂട്ടര്‍, അതിജീവിതരുടെ പ്രതിനിധികള്‍, ആരോഗ്യമേഖലയിലെ പ്രതിനിധികള്‍, എന്‍ജിഒകള്‍, മാധ്യമപ്രവര്‍ത്തകര്‍ ഇവരെല്ലാം കൂടിയുളള കൂട്ടായ ചര്‍ച്ചകളിലൂടെ മാത്രമേ യഥാര്‍ഥ പരിഹാരം ഉരുത്തിരിയുകയുളളൂ. ഇതാണ് ലീഡല്‍ സര്‍വീസ് സൊസൈറ്റികള്‍ യഥാര്‍ഥത്തില്‍ ചെയ്യേണ്ടത്. നിയമ'സേവനം' തന്നെയാകണം അത്.
പത്രത്തില്‍ പ്രസിദ്ധീകരിച്ച പ്രതികരണത്തിന്റെ പൂര്‍ണരൂപം
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..