കുങ്കികൾ ആന പിടിത്തത്തിനിടെ.ഫോട്ടോ:പി.ജയേഷ്|മാതൃഭൂമി
കാടിന്റെ വന്യത ആവോളം ആസ്വദിച്ച്, നാട്ടുകാരെ തനിക്കാവുന്നപോലെയെല്ലാം ഉപദ്രവിച്ച് കൊലായാളിയെന്ന പേരില്‍ കുപ്രസിദ്ധ ക്രിമിനലായ തന്റെ പഴയ കാലം മറന്ന് മുത്തങ്ങയിലിന്ന് ഏറെ മര്യാദക്കാരനാണ് വടക്കനാട് കൊമ്പനെന്ന വിക്രം. ഒരാനയ്‌ക്കെതിരേ നാട്ടുകാര്‍ നിരാഹാര സമരം വരെ നടത്തിയത് തന്റെ പേരിലായിരുന്നുവെന്നു കൊമ്പനറിയില്ലല്ലോ. വനം വകുപ്പിന്റെ പ്രിയപ്പെട്ട സേവകനായി. പിടിച്ചുകെട്ടി കൂട്ടിലടച്ച് രണ്ട് വര്‍ഷത്തിന് ശേഷം പുറത്ത് വിട്ടപ്പോഴും കലിയടങ്ങാതെ വനം വകുപ്പുകാരെ കണ്ടം വഴിയോടിച്ച കല്ലൂര്‍ കൊമ്പനും ഇന്നിവിടെ മഹാസാധുവാണ്. ഒപ്പം ബഡി സെറ്റപ്പില്‍ മറ്റ് ചില സുഹൃത്തുക്കളുമുണ്ട്. സീനിയര്‍ കുങ്കി പ്രമുഖ, കോന്നി സുരേന്ദ്രന്‍, ചന്ദ്രനാഥ്, സൂര്യന്‍ പിന്നെ പുതുമുഖങ്ങളായ ചന്തു, സുന്ദരി, അമ്മു. കേരളത്തിലെ ഏക കുങ്കി ക്യാമ്പായ മുത്തങ്ങയില്‍ ഇവരെല്ലാമിന്ന് ആനപിടിത്തത്തിന്റെ സജീവ ക്ലാസിലാണ്.
ആനപിടിത്തം സജീവമായിരുന്ന കാലത്ത് കാട്ടാനകളെ മെരുക്കുന്ന ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും വലിയ ആനപ്പന്തിയായിരുന്നു മുത്തങ്ങയിലെ ആനപ്പന്തി. പരിശീലനം നേടിയ ആനകള്‍ വയനാട് വന്യജീവി സങ്കേതത്തിലെത്തുന്നവരുടെ മനംമയക്കിയിരുന്നു. മുത്തങ്ങയിലെ ആനപ്പന്തി ആനകളെ കൊണ്ട് നിറഞ്ഞൊരു കാലവുമുണ്ടായിരുന്നു. പന്തിയില്‍ പെറ്റു പെരുകിയ ആനകളുടെ എണ്ണം ദക്ഷിണേന്ത്യയിലെ തന്നെ സര്‍വകാല റെക്കോഡുമായി. സഞ്ചാരികള്‍ക്കായി ആനസവാരി വരെ ഒരുക്കിയിരുന്നു. പക്ഷെ, ആനപിടുത്തം നിരോധിച്ചതോടെ മുത്തങ്ങ കുങ്കി ക്യാമ്പായി മാറി.
കാട്ടാനകള്‍ നാട്ടിലിറങ്ങുന്നത് പതിവായതോടെയാണ് കുങ്കി ക്യാമ്പ് സജീവമായത്. ഇവിടെനിന്നു പരിശീലനം നല്‍കുന്ന ആനകളെയാണ് കേരളത്തിലെ കാട്ടാന ദൗത്യങ്ങള്‍ക്കും ഉപയോഗിക്കുന്നത്. ഇതിന് മുമ്പ് തമിഴ്‌നാടിനേയും കര്‍ണാടകയേയുമാണ് ആശ്രയിച്ചിരുന്നതെങ്കില്‍ മുത്തങ്ങയില്‍ കുങ്കി ക്യാമ്പ് സജ്ജമായതോടെ സ്വന്തം ആനകളെ തന്നെ ഉപയോഗിക്കാനുമായി. 2019-ഏപ്രില്‍ 19-ന് മൂന്നുപേരുള്ള ബാച്ചുമായി തുടങ്ങിയ ക്യാമ്പില്‍ ഈ അടുത്തിടെ പിടിച്ച പി.എം.ടു മുതല്‍ ചെറുതും വലുതുമായ പന്ത്രണ്ട് കാട്ടാനാകളുണ്ട്. രാവിലെ ആറ് മണി മുതല്‍ പ്രത്യേക പാപ്പാന്‍മാരുടെ മേല്‍നോട്ടത്തില്‍ തുടങ്ങുന്ന പരിശീലനവും മറ്റും വൈകുന്നേരം വരെ തുടരും. ആനകളുടെ ഭാരവും പ്രായവും കണക്കാക്കിയുള്ള ഭക്ഷണം, ഒറ്റച്ചങ്ങല മാത്രമിട്ടുള്ള ബന്ധനം, റിക്രിയേഷന്‍ സംവിധാനങ്ങള്‍ എന്നിവയെല്ലാമുള്‍പ്പെടുത്തി അര്‍ധവന്യാവസ്ഥയിലുള്ള പരിശീലനം കൊണ്ട് ഏറെ പ്രശസ്തവുമാണ് മുത്തങ്ങയിലെ കുങ്കി കേന്ദ്രം.
.jpg?$p=bf3991a&&q=0.8)
- ബ്രിട്ടീഷ് കാലത്ത് തുടക്കം
കോട്ടൂര്‍ കാപ്പുകാട് ആന പുനരധിവാസ കേന്ദ്രത്തിലെ അഗസ്ത്യന്‍, ഉണ്ണികൃഷ്ണന്‍ എന്നീ കൊമ്പന്‍മാരും സുന്ദരി എന്ന പിടിയാനയുമാണ് മുത്തങ്ങയിലെ കുങ്കി പരിശീലന കേന്ദ്രത്തിലെ ആദ്യ ബാച്ച് വിദ്യാര്‍ഥികള്‍. ആറ് മാസമായിരുന്നു പരിശീലനം. കുഞ്ചു, പ്രമുഖ, സൂര്യ, കോന്നി സുരേന്ദ്രന്‍, കോടനാട് നീലകണ്ഠന്‍ എന്നിവരായിരുന്നു ക്യാമ്പ് തുടങ്ങുന്നതിന് മുമ്പ് മുതുമലയില്‍നിന്ന് പിശീലനം കഴിഞ്ഞെത്തിയ കുങ്കിയാനകള്‍. ഇവരുടെ സഹായവും പരിശീലനത്തിനുണ്ടായിരുന്നു. ഇന്ന് ഇവരടക്കം 12 പേരാണ് മുത്തങ്ങ ക്യാമ്പിലുള്ളത്. വയനാട് വന്യജീവി സങ്കേതത്തിലെ വടക്കനാട് നിന്ന് പിടികൂടിയ വടക്കനാട് കൊമ്പന്‍, മുത്തങ്ങ കല്ലൂര്‍ കൊമ്പന്‍, ആറളം വന്യജീവി സങ്കേതത്തില്‍ നിന്ന് പിടികൂടിയ ശിവ എന്നിവരായിരുന്നു ക്യാമ്പിന്റെ തുടക്കത്തില്‍ കൂട്ടിലുണ്ടായിരുന്നതെങ്കില്‍ വടക്കനാട് കൊമ്പനും കല്ലൂര്‍ കൊമ്പനും ഇന്ന് എന്തിനും പോരുന്ന സാമൂഹ്യ സേവകരാണ്. വനം വകുപ്പിന്റെ പ്രിയപ്പെട്ട കുങ്കിയാനകള്‍.

- ആനയ്‌ക്കെതിരേ സമരം ചെയ്ത വടക്കനാട്ടുകാര്‍
പ്രദേശത്തെ സ്ഥിരം ശല്യക്കാരനായ വടക്കനാട് കൊമ്പന്റെ ആക്രമണത്തില്‍ മഹേഷ് എന്ന സ്‌കൂള്‍ വിദ്യാര്‍ഥിയടക്കം കൊല്ലപ്പെട്ടു. ഇതോടെ നാട്ടുകാർ അനിശ്ചിതകാല നിരാഹാരമിരുന്നു. അങ്ങനെ 2019 മാര്‍ച്ചില്‍ കൊമ്പനെ പിടികൂടുകയും ചെയ്തു. ഇതോടെ മേയ് 31-ന് സമരം അവസാനിപ്പിച്ചു. സമാന സ്വഭാവക്കാരനായിരുന്നു ഭരതന്‍ എസ്.ഐ. എന്ന വിളിപ്പേരുള്ള കല്ലൂര്‍ കൊമ്പന്‍. വടക്കനാട് കൊമ്പനേയും കല്ലൂര്‍ കൊമ്പനേയും അന്ന് പിടികൂടാന്‍ മുന്നിലുണ്ടായിരുന്ന പ്രമുഖയാണ് ക്യാമ്പിലെ സീനിയര്‍ കുങ്കി. വന്യമൃഗശല്യം രൂക്ഷമാവുകയും മറ്റു സംസ്ഥാനങ്ങളിൽനിന്നു കുങ്കിയാനകളെ കിട്ടാതാവുകയും ചെയ്തതോടെ സ്വന്തം കുങ്കികളെ ഇറക്കാനുള്ള പദ്ധതിക്ക് തുടക്കമിടുകയായിരുന്നു.
ഒരു പക്ഷെ, വയനാട് അനുഭവിച്ച ഏറ്റവും രൂക്ഷമായ കാട്ടാനശല്യം കല്ലൂര്‍ കൊമ്പനും വടക്കനാട് കൊമ്പനും മൂലമാണ്. എന്നാല്‍, ഇതേ രണ്ടുപേരും ഇന്ന് വയനാട്ടിൽ മാത്രമല്ല കേരളത്തിലുടനീളമുള്ള പ്രധാന ആനപിടത്തത്തിലെല്ലാം മുഖ്യപങ്കാളികളാണ്. ഇതിന് പുറമെ കടുവയെ തുരത്തുന്നതിനും പിടികൂടുന്നതിനുമെല്ലാം മുന്നില്‍ നില്‍ക്കുന്നതും ഇവര്‍ രണ്ടും പേരും തന്നെയാണ്.

- തോട്ടിവേണ്ട പിന്നെ പ്രത്യേക റേഷന്‍
സഹായം എന്നര്‍ഥമുള്ള കുമാക് എന്ന പേര്‍ഷ്യന്‍ വാക്കില്‍നിന്നാണ് കുങ്കിയുടെ വരവ്. കാട്ടില്‍നിന്ന് പിടികൂടി തടവിലിട്ട് പരിശീലിപ്പിച്ച ഏഷ്യന്‍ ആനകളെ ഇന്ത്യയില്‍ വിളിക്കുന്ന പേരായി പിന്നീട്. കന്നഡയില്‍ കോംകി എന്നും തമിഴ്‌നാട്ടിലും കേരളത്തിലും കുങ്കി എന്നുമാണ് വിളിക്കുന്നത്. ബംഗാള്‍ മുതല്‍ തമിഴ്‌നാട് വരെ താപ്പാനകളായി കുങ്കിയാനകളെ ഉപയോഗിക്കുന്നുണ്ട്. സംഗതി ഇങ്ങനയൊക്കെയാണെങ്കിലും ഇവരെ തീറ്റിപ്പോറ്റുക ചില്ലറ കാര്യമല്ലെന്ന് പറയുന്നു പരിശീലകര്‍. മുതിര്‍ന്ന ആനയ്ക്ക് തീറ്റയ്ക്കു മാത്രം ഒരുദിവസം 3,500-4000 രൂപ വരും. വെറ്ററിനറി ഓഫീസര്‍മാര്‍ ഓരോ ആനയ്ക്കും നിശ്ചയിക്കുന്ന തീറ്റയ്ക്കനുസരിച്ച് ഇതില്‍ വ്യത്യാസം വരും. മരുന്നുകള്‍ക്ക് അധികമായി ചെലവു വേറെയും. പിന്നെ പാപ്പാന്മാരുടെ ശമ്പളവും. ഓരോ ആനയ്ക്കും രണ്ടു വീതം പാപ്പന്മാരുണ്ടാകും. 200 കിലോ തീറ്റപ്പുല്ലാണ് ഇവയുടെ ഭക്ഷണം. പിന്നെ നാല് കിലോ അരി, മൂന്ന് കിലോ ഗോതമ്പ്, രണ്ടു കിലോ റാഗി, ഒരു കിലോ മുതിരപ്പൊടി, അരക്കിലോ ചെറുപയര്‍പൊടി. ഉപ്പും മഞ്ഞള്‍പൊടിയും ചേര്‍ത്ത പ്രത്യേക ഭക്ഷണമാണ് ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം ഒരു ദിവസം കുങ്കിയാനകള്‍ക്ക് നല്‍കുന്നത്.

- കൂടൊരുക്കവും മെരുക്കവും
ഇതിനിടെ പാപ്പാന്മാര്‍ അനുസരണ പഠിപ്പിച്ചു തുടങ്ങും. നിര്‍ദേശമനുസരിക്കാന്‍ ആന എന്ന് തുടങ്ങുന്നോ അന്നു മുതലാണ് മെരുക്കം തുടങ്ങുന്നത്. തുമ്പിക്കൈ ഉയര്‍ത്താനും ഇടത്തേക്കും വലത്തേക്കുമെല്ലാം മാറാനും പഠിപ്പിക്കും. ആന പൂര്‍ണമായും അനുസരിച്ച് തുടങ്ങിയെന്ന് മനസ്സിലായാല്‍, ശക്തമായ ബന്ധനത്തോടെ പുറത്തിറക്കും. പിന്നെ പുറംപരിശീലനങ്ങള്‍ തുടങ്ങും. പ്രായം കൂടുംതോറും അനുസരണ വരാന്‍ സമയം കൂടുതലെടുക്കും.
- നിരോധനം പക്ഷെ വനപാലകര്‍ക്ക് തീരുമാനിക്കാം
Content Highlights: Kumki elephant camp muthanga vadakkanad komban kalloor komban and others
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..