സെർബിയയുടെ ഹൃദയമാണത്...! ജോകോവിച്ചിനെ വേദനിപ്പിച്ച് കൊസോവോയിൽ ചരിത്രം ആവർത്തിക്കുന്നു


അഖില്‍ ശിവാനന്ദ് | akhilsivanand@mpp.co.in

8 min read
Read later
Print
Share

വടക്കൻ കൊസോവോയിൽ പ്രതിഷേധക്കാരും പോലീസും തമ്മിൽ ഏറ്റുമുട്ടിയപ്പോൾ | Photo: AFP

'കൊസോവോ സെര്‍ബിയയുടെ ഹൃദയമാണ്, അക്രമം അവസാനിപ്പിക്കുക.' ഫ്രഞ്ച് ഓപ്പന്റെ ആദ്യറൗണ്ടിലെ വിജയത്തിന് ശേഷം 22 തവണ ഗ്രാന്‍ഡ് സ്ലാം ജേതാവും സെര്‍ബിയന്‍ ടെന്നീസ് താരവുമായ നൊവാക് ജോകോവിച്ച് തന്റെ മാതൃഭാഷയായ സെര്‍ബിയയില്‍ പറഞ്ഞു. വടക്കന്‍ കൊസോവോയില്‍ സുരക്ഷാസേനയും സെര്‍ബിയന്‍ വംശജരും തമ്മില്‍ സംഘര്‍ഷമുണ്ടായതിന് പിന്നാലെയാണ് ജോക്കോവിച്ചിന്റെ അഭ്യർഥന.

'പലരും ഇതിനോട് വിയോജിച്ചേക്കാമെന്ന് എനിക്കറിയാം. പക്ഷേ, ഇതാണ് വാസ്തവം. ഞാന്‍ അതിന് വേണ്ടിയാണ് നിലകൊള്ളുന്നത്', ജോക്കോ മാധ്യമങ്ങള്‍ക്ക് മുന്നില്‍ നിലപാട് വിശദീകരിച്ചു. വടക്കന്‍ കൊസോവോയിലുണ്ടായ സംഘര്‍ഷങ്ങളില്‍ മുപ്പതോളം നാറ്റോ സമാധാന സേനാംഗങ്ങള്‍ക്ക് പരിക്കേറ്റത് കഴിഞ്ഞ ദിവസമാണ്. ഇതിന് പിന്നാലെ കൊസോവോയ്ക്കും സെര്‍ബിയയ്ക്കും ഇടയില്‍ പിരിമുറുക്കം വീണ്ടും വര്‍ധിക്കുകയും മേഖലയില്‍ വീണ്ടും സംഘര്‍ഷം പൊട്ടിപ്പുറപ്പെടുകയും ചെയ്തു. സമീപകാല സംഭവവികാസങ്ങള്‍ക്ക് പിന്നാലെ സെര്‍ബിയന്‍ പ്രസിഡന്റ് അലക്സാണ്ടര്‍ വൂസിച്ച്‌ സൈന്യത്തിന് അതീവ ജാഗ്രത നിര്‍ദേശവും നല്‍കി.

തെക്ക് കിഴക്കന്‍ യൂറോപ്പിലെ ചെറുരാജ്യങ്ങളിലൊന്നാണ് കൊസോവോ. ലോകത്തിലെതന്നെ ഏറ്റവും പുതിയ രാജ്യങ്ങളിലൊന്ന്. എന്നാല്‍, യൂറോപ്പിലെ സമീപകാല സംഘര്‍ഷങ്ങളുടെ കേന്ദ്രം കൂടിയാണ് ഈ രാജ്യം. സെര്‍ബിയയുടെ അടിച്ചമര്‍ത്തല്‍ ഭരണത്തിനെതിരേ ഒരു പതിറ്റാണ്ട് നീണ്ട ഗറില്ലാ പ്രക്ഷോഭത്തിന് ശേഷം 2008-ലാണ് കൊസോവോ ഏകപക്ഷീയമായി സ്വാതന്ത്ര്യം പ്രഖ്യാപിക്കുന്നത്. സെര്‍ബിയ ഇപ്പോഴും കൊസോവോയെ തങ്ങളുടെ രാജ്യത്തിന്റെ ഘടകമായാണ് കണക്കാക്കുന്നത്. 1998-99 കാലഘട്ടത്തിലെ യുദ്ധത്തിന് പിന്നാലെ നാറ്റോ ഇടപെടലിനേത്തുടര്‍ന്ന് പാശ്ചാത്യ രാഷ്ട്രങ്ങളുടെ പിന്തുണയോടെയാണ് അല്‍ബേനിയന്‍ ഭൂരിപക്ഷ രാഷ്ട്രമായ കൊസോവോ സ്വാതന്ത്ര്യം പ്രഖ്യാപിച്ചത്.

വടക്കന്‍ കൊസോവോയിലെ ഏകദേശം 50,000 വരുന്ന സെര്‍ബ് വംശജരാകട്ടെ കൊസോവോ സര്‍ക്കാരിനെ അംഗീകരിക്കുന്നുമില്ല. സെര്‍ബിയയിലെ വലിയ വിഭാഗം സെര്‍ബുകളുടെയും സര്‍ക്കാരിന്റെയും പിന്തുണയും അവര്‍ക്കുണ്ട്. കൊസോവോയിലെ 18 ലക്ഷം ജനങ്ങളില്‍ അഞ്ച് ശതമാനം വരുന്ന ഇവര്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കെതിരായ പ്രതിഷേധങ്ങള്‍ എപ്പോഴും പ്രകടിപ്പിക്കാറുണ്ട്. ഇത് തന്നയാണ് നിലവിലെ സംഘര്‍ഷങ്ങള്‍ക്കു കാരണവും. എന്നാല്‍, എന്താണ് കൊസോവോ -സെര്‍ബിയ പ്രശ്‌നത്തിന്റെ യഥാര്‍ഥ കാരണം? വംശീയവും രാഷ്ട്രീയവുമായ പ്രശ്‌നങ്ങളുമായി കെട്ടുപിണഞ്ഞു കിടക്കുന്നതാണ് അത്. അതിനൊരു പരിഹാരമുണ്ടോ? അതോ നീറിപ്പുകയുന്ന പ്രശ്‌നമായി അത് അവശേഷിക്കുമോ?

സെര്‍ബിയന്‍ ടെന്നീസ് കളിക്കാരനായ നൊവാക് ജോക്കോവിച്ചിന്റെ ചുവര്‍ചിത്രം വികൃതമാക്കിയ നിലയില്‍ | Photo : Armend NIMANI / AFP

സമീപകാല സംഭവങ്ങള്‍

കൊസോവോ- സെബര്‍ബിയ സംഘഷര്‍ഷങ്ങള്‍ക്ക് വലിയ ചരിത്രമുണ്ടെങ്കിലും കഴിഞ്ഞ വര്‍ഷം നവംബര്‍ മാസത്തിലാണ് സമീപകാല സംഭവങ്ങളുടെ തുടക്കം. കൊസോവോയിലെ സെര്‍ബ് വംശജരായ പോലീസ് ഓഫീസര്‍മാര്‍, മേയര്‍മാര്‍, ജഡ്ജിമാര്‍, സെര്‍ബിയന്‍ ന്യൂനപക്ഷ രാഷ്ട്രീയ പാര്‍ട്ടിയായ സെര്‍ബ് ലിസ്റ്റില്‍ നിന്നുള്ള പാര്‍ലമെന്റ് അംഗങ്ങള്‍ എന്നിവര്‍ സ്ഥാനങ്ങള്‍ രാജിവെച്ച് പ്രതിഷേധിച്ചിരുന്നു. മേഖലയില്‍ സെര്‍ബിയ നല്‍കിയ നമ്പര്‍ പ്ലേറ്റുകള്‍ നിരോധിച്ചതില്‍ പ്രതിഷേധിച്ചായിരുന്നു രാജി. പിന്നാലെ ഈ വര്‍ഷം ഏപ്രിലില്‍ തങ്ങള്‍ക്ക് ഭൂരിപക്ഷമുള്ള വടക്കന്‍ കൊസോവോയില്‍ നടന്ന തിരഞ്ഞെടുപ്പ് സെര്‍ബുകള്‍ ബഹിഷ്‌കരിച്ചു. മെയ് 26-ന് കൊസോവോ പോലീസിന്റെ പിന്തുണയോടെ പുതുതായി തിരഞ്ഞെടുക്കപ്പെട്ട അല്‍ബേനിയന്‍ വംശജരായ മേയര്‍മാര്‍ സ്ഥാനമേറ്റെടുത്തു. തുടര്‍ന്ന് സെര്‍ബ് വംശജര്‍ പ്രതിഷേധിക്കുകയും പോലീസുമായും നാറ്റോ സമാധാന സേനയുമായി ഏറ്റുമുട്ടുകയും ചെയ്തു. ഏറ്റുമുട്ടലിനിടയില്‍ മുപ്പതോളം നാറ്റോ സൈനികര്‍ക്ക് പരിക്കേറ്റു. പ്രതിഷേധിച്ചവര്‍ക്ക് നേരെ പോലീസ് കണ്ണീര്‍ വാതകം പ്രയോഗിക്കുകയും 52 പേര്‍ക്ക് പരിക്കേറ്റുവെന്നു സെര്‍ബിയ ആരോപിക്കുകയും ചെയ്തു.

കൊസോവോ പോലീസ് രാജ്യത്തിന്റെ വടക്കന്‍ മേഖലയില്‍ റെയ്ഡ് നടത്തുകയും മുനിസിപ്പാലിറ്റി കെട്ടിടങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ കൊസോവോ പോലീസും നാറ്റോയുടെ നേതൃത്വത്തിലുള്ള സമാധാന സേനാംഗങ്ങളും ഒരു വശത്തും പ്രാദേശിക സെര്‍ബുകള്‍ മറുവശത്തും തമ്മില്‍ അക്രമാസക്തമായ ഏറ്റുമുട്ടലുകളുണ്ടായി. ഇരുവശത്തും ഒട്ടേറെ പേര്‍ക്ക് പരിക്കേറ്റു. സെര്‍ബിയ അതിര്‍ത്തിക്കടുത്ത് നിലയുറപ്പിച്ച സൈനികരാകട്ടെ ഏതു സമയത്തും അക്രമത്തിന് തയ്യാറായി നില്‍ക്കുകയും ചെയ്തു. കൊസോവോയിലെ സെര്‍ബിയന്‍ വംശജര്‍ വീണ്ടും ആക്രമിക്കപ്പെട്ടാല്‍ നോക്കിനില്‍ക്കില്ലെന്ന മുന്നറിയിപ്പും അവർ നല്‍കി. കൊസോവോയുടെ പ്രധാന സഖ്യകക്ഷിയായ യു.എസ്. സര്‍ക്കാരിന്റെ നടപടികളെ സെര്‍ബിയ അപലപിക്കുകയും സംയുക്ത സൈനികാഭ്യാസത്തില്‍ കൊസോവോയുടെ പങ്കാളിത്തം റദ്ദാക്കുകയും നയതന്ത്ര യോഗങ്ങള്‍ നിര്‍ത്തിവയ്ക്കുകയും ചെയ്തു. പിന്നാലെ നാറ്റോ സൈനികര്‍ക്കെതിരായ സെര്‍ബിയന്‍ ആക്രമണങ്ങളെ യു.എസ്. അപലപിച്ചു. പ്രതിഷേധത്തേയും അതിനെതിരായ ബലപ്രയോഗത്തേയും കൊസോവോയും അപലപിച്ചു. ഒപ്പം തങ്ങളെ അസ്ഥിരപ്പെടുത്തുന്നുവെന്നും കൊസോവോയുടെ പ്രസിഡന്റ് വ്ജോസ ഉസ്മാനി ആരോപിച്ചു.

യുഗോസ്ലാവിയയും കൊസോവോയും

യുഗോസ്ലാവിയ ഫെഡറേഷനായി രൂപീകരിച്ച കാലം മുതല്‍ തുടങ്ങുന്നതാണ് കൊസോവോ-സെര്‍ബിയ സംഘര്‍ഷം. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ബോസ്‌നിയ ആന്‍ഡ് ഹെര്‍സഗോവിന, ക്രൊയേഷ്യ, മാസിഡോണിയ, മോണ്ടിനെഗ്രോ, സെര്‍ബിയ, സ്ലോവേനിയ എന്നീ ആറ് റിപ്പബ്ലിക്കുകളുടെ ഒരു ഫെഡറേഷനായാണ് യുഗോസ്ലാവിയ സ്ഥാപിക്കപ്പെടുന്നത്. ഒപ്പം സെര്‍ബിയയ്ക്കുള്ളില്‍ വോജ്‌വിഡിന, കൊസോവോ എന്നിങ്ങനെ രണ്ട് സ്വയംഭരണ പ്രവിശ്യകളുമുണ്ടായിരുന്നു. ജനസംഖ്യയില്‍ കൂടുതലും ദക്ഷിണ സ്ലാവിക് വംശജരായ ക്രിസ്ത്യാനികളായിരുന്നു. എന്നാല്‍, വലിയൊരു വിഭാഗം മുസ്ലീം ന്യൂനപക്ഷവും രാജ്യത്ത് ഉണ്ടായിരുന്നു. മാർഷൽ ടിറ്റോയുടെ കീഴില്‍ 1980-കള്‍ വരെ യുഗോസ്ലാവിയ ശക്തമായ രാജ്യമായിരുന്നു. അദ്ദേഹത്തിന്റെ മരണശേഷം ഫെഡറല്‍ പ്രസിഡന്‍സിക്കായിരുന്നു അധികാരം. ഇതില്‍ ആറ് റിപ്പബ്ലിക്കുകളുടെയും രണ്ട് സ്വയംഭരണ പ്രവിശ്യകളുടേയും പ്രതിനിധികളാണുണ്ടായിരുന്നത്. എന്നാല്‍, സാമ്പത്തികവും രാഷ്ട്രീയവുമായ വെല്ലുവിളികളെ നേരിടാന്‍ ഫെഡറല്‍ ഗവണ്‍മെന്റിന്റെ ദുര്‍ബലമായ സംവിധാനത്തിന് കഴിയാതെ പോയി. ടിറ്റോയുടെ മരണശേഷം ഫെഡറേഷനിലെ ആറ് റിപ്പബ്ലിക്കുകള്‍ തമ്മിലുള്ള ബന്ധം വഷളായി. സ്ലോവേനിയ, ക്രൊയേഷ്യ, കൊസോവോ എന്നിവര്‍ കൂടുതല്‍ സ്വയംഭരണം ആഗ്രഹിച്ചപ്പോള്‍ ഫെഡറല്‍ സംവിധാനം ശക്തിപ്പെടുത്താനാണ് സെര്‍ബിയ ശ്രമിച്ചത്.

1980-കളില്‍ തന്നെ കൊസോവോയിലെ അല്‍ബേനിയന്‍ വംശജര്‍ തങ്ങളുടെ സ്വയംഭരണാധികാരമുള്ള പ്രവിശ്യയ്ക്ക് ഒരു റിപ്പബ്ലിക്കിന്റെ പദവി നല്‍കണമെന്ന് ആവശ്യപ്പെട്ടിരുന്നു. പിന്നാലെ അല്‍ബേനിയന്‍ വംശജരും കൊസോവേയിലെ സെര്‍ബുകളും തമ്മിലുള്ള വംശീയ സംഘര്‍ഷങ്ങള്‍ ശക്തിപ്പെട്ടു. ഇത് സ്വയംഭരണ റിപ്പബ്ലിക്ക് എന്ന കൊസോവോയുടെ ആവശ്യത്തിനെതിരായ സെര്‍ബിയയുടെ എതിര്‍പ്പ് വര്‍ധിപ്പിച്ചു. 1987-ല്‍ സ്ലൊബോദൻ മിലോസെവിച്ച് സെര്‍ബിയയില്‍ അധികാരത്തിലെത്തി. പിന്നാലെ കൊസോവോ, വോജ്‌വിഡിന, മോണ്ടിനെഗ്രോ എന്നിവിടങ്ങളില്‍ അദ്ദേഹം നിയന്ത്രണം നേടി. അതോടെ അദ്ദേഹത്തിന്റെ നയങ്ങള്‍ക്ക് സെര്‍ബുകള്‍ക്കിടയില്‍ വലിയ പിന്തുണ ലഭിച്ചു. 1989-ലെ കിഴക്കന്‍ യൂറോപ്പിലെ വിപ്ലവങ്ങള്‍ക്ക് പിന്നാലെ രാജ്യത്തെ കൂടുതല്‍ ജനാധിപത്യവല്‍ക്കരിക്കണമെന്ന് വാദിച്ച സ്ലോവേനിയയിലെയും ക്രൊയേഷ്യയിലെയും നേതാക്കള്‍ മിലോസെവിച്ചിനെ എതിര്‍ത്തിരുന്നു. 1990-ല്‍ നടന്ന ആദ്യ ബഹുകക്ഷി തിരഞ്ഞെടുപ്പില്‍ സോഷ്യലിസ്റ്റുകള്‍ക്ക് (മുന്‍ കമ്മ്യൂണിസ്റ്റുകള്‍) അധികാരം നഷ്ടപ്പെട്ടു. എന്നാല്‍ സെര്‍ബിയയിലും മോണ്ടിനെഗ്രോയിലും മിലോസെവിച്ചും കൂട്ടാളികളും വിജയിച്ചു.

യുഗോസ്ലാവിയുടെ ഭൂപടം | Photo: Screengrab from youtube.com/WonderWhy

യുഗോസ്ലാവിയയുടെ തകര്‍ച്ചയും യുദ്ധവും

തൊണ്ണൂറുകളുടെ തുടക്കത്തില്‍ ശക്തമായ അധികാരകേന്ദ്രം യുഗോസ്ലാവിയയില്‍ ഉണ്ടായിരുന്നില്ല. ഒരു വ്യക്തിക്ക് പകരം ഫെഡറല്‍ പ്രസിഡന്‍സിയായിരുന്നു അധികാരം നിയന്ത്രിച്ചിരുന്നത്. ആറ് റിപ്പബ്ലിക്കുകളുടെയും രണ്ട് പ്രവിശ്യകളുടെയും പ്രതിനിധികളാണ് ഇതില്‍ ഉണ്ടായിരുന്നത്. വോജ്‌വിഡിന, കൊസോവോ, മോണ്ടിനെഗ്രോ എന്നിവയുടെ പ്രതിനിധികളായി സെര്‍ബിയന്‍ പ്രസിഡന്റ് മിലോസെവിച്ച് തന്റെ വിശ്വസ്തരെ നിയമിച്ചു. ഇതോടെ എട്ട് ഫെഡറല്‍ പ്രസിഡന്റ് വോട്ടുകളില്‍ നാലെണ്ണം സെര്‍ബിയയ്ക്ക് അനുകൂലമായി. മറ്റെല്ലാ റിപ്പബ്ലിക്കുകള്‍ക്കും ഒരു വോട്ട് മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇതോടെ ഫെഡറല്‍ തലത്തില്‍ തീരുമാനങ്ങള്‍ എടുക്കുന്നതില്‍ സെര്‍ബിയ വലിയ സ്വാധീനം നേടിയെടുത്തു. സെര്‍ബിയയുടെ താല്‍പര്യത്തിന് വിരുദ്ധമായി പ്രധാന ദേശീയ നയങ്ങള്‍ പാസാകാതെ വന്നു. പിന്നാലെ മറ്റ് റിപ്ലബ്ലിക്കുകളില്‍ ദേശീയതാ വാദങ്ങള്‍ കൂടുതല്‍ ചൂടുപിടിച്ചു. റിപ്പബ്ലിക്കുകളിലെ ഭൂരിപക്ഷം ജനങ്ങള്‍ അംഗീകരിക്കുന്ന പക്ഷം സ്വാതന്ത്ര്യം പ്രഖ്യാപിക്കാന്‍ യുഗോസ്ലാവ് ഭരണഘടന അവര്‍ക്ക് അനുമതി നല്‍കിയിരുന്നു. ഇതോടെ ഹിതപരിശോധനയിലേക്ക് നീങ്ങാന്‍ ക്രൊയേഷ്യയും സ്ലോവേനിയയും സമ്മതിച്ചു.

ഹിതപരിശോധന വിജയിച്ചതിനേത്തുടര്‍ന്ന് 1991-ല്‍ ക്രൊയേഷ്യയും സ്ലോവേനിയയും സ്വാതന്ത്ര്യം പ്രഖ്യാപിച്ചു. സ്വാതന്ത്ര്യ പ്രഖ്യാപനങ്ങള്‍ക്ക് ശേഷം യുഗോസ്ലാവിയന്‍ ഫെഡറല്‍ ഗവണ്‍മെന്റ് രാജ്യത്തിന്റെ ആസന്നമായ തകര്‍ച്ചയെ ബലപ്രയോഗത്തിലൂടെ തടയാന്‍ ശ്രമിച്ചു. യുഗോസ്ലാവ് പ്രധാനമന്ത്രി ആന്ദ്രെ മാര്‍ക്കോവിച്ച് സ്ലൊവേനിയയുടെയും ക്രൊയേഷ്യയുടെയും വിഭജനം നിയമവിരുദ്ധവും യുഗോസ്ലാവ് ഭരണഘടനയ്ക്ക് വിരുദ്ധവുമാണെന്ന് പ്രഖ്യാപിച്ചു. പിന്നാലെ യുഗോസ്ലാവിയ ക്രൊയേഷ്യയെ ആക്രമിച്ചതോടെ യുഗോസ്ലാവ് യുദ്ധം ആരംഭിച്ചു. എന്നാല്‍, സ്ലൊവീനിയയ്ക്ക് എതിരായ ആക്രമണം യൂറോപ്യന്‍ കമ്മ്യൂണിറ്റി ഇടപെട്ട് പത്ത് ദിവസത്തിന് ശേഷം അവസാനിപ്പിച്ചു. ആ വര്‍ഷം സെപ്റ്റംബര്‍ എട്ടിന് മാസിഡോണിയ ഹിതപരിശോധന നടത്തുകയും രണ്ടാഴ്ചയ്ക്ക് ശേഷം സ്വാതന്ത്ര്യം പ്രഖ്യാപിക്കുകയും ചെയ്തു. മാസിഡോണിയയുടെ സ്വാതന്ത്ര്യ പ്രഖ്യാപനം പൊതുവേ സമാധാനപരമായിരുന്നു. അതിനാല്‍ തന്നെ യുഗോസ്ലാവ് യുദ്ധത്തില്‍ അവര്‍ പങ്കാളികളായില്ല. പിന്നാലെ 1992 മാര്‍ച്ചില്‍ ബോസ്‌നിയ ആന്‍ഡ് ഹെര്‍സഗൊവിന സ്വാതന്ത്ര്യം പ്രഖ്യാപിച്ചു.

ബോസ്‌നിയ ആന്‍ഡ് ഹെര്‍സഗൊവിന മേഖലയില്‍ വലിയ തോതില്‍ സെര്‍ബ് ജനസംഖ്യയുണ്ടായിരുന്നു. അതിനാല്‍ തന്നെ യുഗോസ്ലാവിയന്‍ സേന അവിടെയും അധിനിവേശം നടത്തി. എന്നാല്‍, ക്രൊയേഷ്യന്‍ സേന സഹായിക്കാനെത്തി. പിന്നാലെ സെര്‍ബിയയും മോണ്ടിനെഗ്രോയും വോജ്‌വിഡിന, കൊസോവോ എന്നീ സ്വയംഭരണ പ്രവിശ്യകളും ഫെഡറല്‍ ആയി തുടര്‍ന്നു. എന്നാല്‍, സോഷ്യലിസ്റ്റ് എന്ന പേര് ഒഴിവാക്കി ഫെഡറല്‍ റിപ്പബ്ലിക് ഓഫ് യുഗോസ്ലാവിയ എന്ന് ഔദ്യോഗിക പേര് സ്വീകരിച്ചു. 1992 മുതല്‍ 95 വരെ ബോസ്‌നിയ ആന്‍ഡ് ഹെര്‍സഗൊവിനയും ക്രൊയേഷ്യയും യുദ്ധഭൂമിയായി തുടര്‍ന്നു. ഒന്നര ലക്ഷത്തോളം ആളുകളാണ് യുദ്ധത്തില്‍ കൊല്ലപ്പെട്ടത്. 40 ലക്ഷത്തോളം ആളുകള്‍ അഭയാര്‍ഥികളായി. ഈ ഘട്ടത്തില്‍ യൂറോപ്യന്‍ കമ്മ്യൂണിറ്റി ഇടപെടുകയും സമാധാന ചര്‍ച്ചകള്‍ ആരംഭിക്കുകയും ചെയ്തു. 1993ല്‍ നാറ്റോ പ്രശ്‌നത്തില്‍ ഇടപെട്ടു. 1995 ഡിസംബറില്‍ യുദ്ധം അവസാനിപ്പിച്ചു. 2006-ല്‍ മോണ്ടിനെഗ്രോ റഫറണ്ടം പാസാക്കുകയും സെര്‍ബിയയും മോണ്ടിനെഗ്രോയും സ്വതന്ത്ര രാജ്യങ്ങളാകുകയും ചെയ്തു.

1999-ലെ നാറ്റോ ബോംബാക്രമണത്തില്‍ തകര്‍ന്ന കൊസോവോയിലെ ക്ലീനയില്‍ അല്‍ബേനിയന്‍ വംശജരായ കുട്ടികള്‍ | Photo: Newsmakers/ Darko Bandic

കൊസോവന്‍ സംഘര്‍ഷത്തിന്റെ ചരിത്രം

യുഗോസ്ലാവിയ കാലം മുതലുള്ളതാണ് കൊസോവോ-സെര്‍ബിയ സംഘര്‍ഷം. അല്‍ബേനിയന്‍ വംശജരായ മുസ്ലീങ്ങളാണ് കൊസോവോയില്‍ ഭൂരിപക്ഷം. ജനസംഖ്യയില്‍ 95 ശതമാനവും അവരാണ്. തങ്ങള്‍ക്കൊരു സ്വതന്ത്രരാഷ്ട്രം വേണമെന്ന് അവര്‍ ആഗ്രഹിച്ചു. സെര്‍ബിയ ഇത് അംഗീകരിച്ചില്ല. സെര്‍ബിയന്‍ ഓര്‍ത്തഡോക്‌സ് സഭയുടെ ആസ്ഥാനം കൊസോവോയിലായിരുന്നു. കൊസോവോയെ സെര്‍ബിയ തങ്ങളുടെ ചരിത്രത്തിന്റെയും സംസ്‌കാരത്തിന്റെയും പ്രധാന ഭാഗമായി കണക്കാക്കുകയും വിട്ടുപോകലിനെ എതിര്‍ക്കുകയും ചെയ്തു. താമസിയാതെ സമാധാനപരമായ പ്രതിഷേധങ്ങള്‍ സായുധ സംഘര്‍ഷമായി വളര്‍ന്നു. പ്രത്യേകിച്ച് 1993-ല്‍ കൊസോവോ ലിബറേഷന്‍ ആര്‍മി (കെ.എല്‍.എ) യുടെ രൂപീകരണത്തോടെ ഇത് രൂക്ഷമായി. അവര്‍ സെര്‍ബിയന്‍ പൗരന്മാര്‍ക്ക് നേരെ ആക്രമണം ആരംഭിച്ചു. 1996-ഓടെ കൊസോവോ ലിബറേഷന്‍ ആര്‍മി യുഗോസ്ലാവ് സൈന്യത്തിനെതിരേ ആക്രമണം ശക്തമാക്കി. സൈന്യത്തിനും സെര്‍ബിയന്‍ പോലീസിനും ജനങ്ങള്‍ക്കും എതിരായ ആക്രമണങ്ങള്‍ കൊസോവോ യുദ്ധത്തില്‍ കലാശിച്ചു.

യുഗോസ്ലാവ്, സെര്‍ബിയന്‍ സൈന്യങ്ങള്‍ കൊസോവോയിലെ അല്‍ബേനിയന്‍ വംശജരെ കൂട്ടക്കൊല ചെയ്തതോടെ സ്ഥിതി കൂടുതല്‍ വഷളായി. ഈ കൂട്ടക്കൊലയില്‍ 18 സ്ത്രീകളും 10 കുട്ടികളും ഉള്‍പ്പെടെ 58 അല്‍ബേനിയന്‍ വംശജരാണ് കൊല്ലപ്പെട്ടത്. ഇത് കൂടുതല്‍ അല്‍ബേനിയന്‍ വംശജരെ കെ.എല്‍.എയില്‍ ചേരാന്‍ പ്രേരിപ്പിച്ചു. 1998 ആയപ്പോഴേക്കും സെര്‍ബിയന്‍ പോലീസും യുഗോസ്ലാവ് സായുധസേനയും കെ.എല്‍.എയുമായി ഏറ്റുമുട്ടി. വംശീയ ഉന്മൂലനം ഉള്‍പ്പെടെയുള്ള അതിക്രമങ്ങള്‍ അരങ്ങേറി. പിന്നാലെ അന്താരാഷ്ട്ര സമ്മര്‍ദ്ദത്തേത്തുടര്‍ന്ന് യുഗോസ്ലാവിയയെ വെടിനിര്‍ത്തല്‍ കരാറില്‍ ഒപ്പുവെയ്ക്കാനും സേനയെ ഭാഗികമായി പിന്‍വലിക്കാനും നിര്‍ബന്ധിതരാക്കി.

എന്നാല്‍ വെടിനിര്‍ത്തല്‍ കരാര്‍ അവര്‍ പാലിച്ചില്ല. 1998 ഡിസംബറില്‍ യുദ്ധം പുനഃരാരംഭിച്ചു. ഇത് റാകാക്ക് കൂട്ടക്കൊലയില്‍ കലാശിച്ചു. ആഴ്ചകള്‍ക്കുള്ളില്‍ കൊസോവോയുടെ സ്വയംഭരണാവകാശം പുനഃസ്ഥാപിക്കുന്നതിനും നാറ്റോ സമാധാന സേനയെ വിന്യസിക്കുന്നതിനും ആഹ്വാനം ചെയ്തുകൊണ്ട് റാംബൗലറ്റ് ഉടമ്പടി എന്നറിയപ്പെടുന്ന കരട് കരാര്‍ തയ്യാറാക്കി. യുഗോസ്ലാവ് പ്രതിനിധികള്‍ നിബന്ധനകള്‍ അസ്വീകാര്യമാണെന്ന് ചൂണ്ടിക്കാട്ടി ഒപ്പിടാന്‍ വിസമ്മതിച്ചു. 1999 മാര്‍ച്ച് 24-നും ജൂണ്‍ 10-നും ഇടയില്‍ നാറ്റോ യുഗോസ്ലാവിയയില്‍ ബോംബാക്രമണം നടത്തി. അല്‍ബേനിയന്‍ ഗറില്ലകളും യുഗോസ്ലാവ് സേനയും തമ്മിലുള്ള തുടര്‍ച്ചയായ ഏറ്റുമുട്ടലുകളുടെ കൊസോവോയിലെ ജനങ്ങള്‍ വലിയ തോതിലാണ് പലായനം ചെയ്തത്. ഏകദേശം പത്ത് ലക്ഷത്തോളം അല്‍ബേനിയക്കാര്‍ കൊസോവോയില്‍നിന്ന് പലായനം ചെയ്യുകയോ ബലമായി കുടിയൊഴിപ്പിക്കപ്പെടുകയോ ചെയ്തുവെന്നണ് കണക്കുകള്‍.

ഒടുവില്‍ ഐക്യരാഷ്ട്രസഭ സുരക്ഷാ കൗണ്‍സില്‍ പ്രശ്‌നത്തില്‍ ഇടപെട്ടു. 1999 ജൂണ്‍ 10-ന് യുഎന്‍ സുരക്ഷാ കൗണ്‍സില്‍ പ്രമേയം പാസാക്കി കൊസോവോയെ താല്ക്കാലികമായി യു.എന്‍. ഭരണത്തിന് കീഴിലാക്കി. യു.എന്‍. സമാധാന സേനയെ വിന്യസിച്ചു. ഫെഡറല്‍ റിപ്പബ്ലിക് ഓഫ് യുഗോസ്ലാവിയയ്ക്കുള്ളില്‍ കൊസോവോയ്ക്ക് സ്വയംഭരണാവകാശം നല്‍കുകയും യുഗോസ്ലാവിയയുടെ അവകാശവാദം അംഗീകരിക്കുകയും ചെയ്തു. പക്ഷേ, അക്രമങ്ങള്‍ തുടര്‍ന്നു. 2004-ലെ സെര്‍ബ് വിരുദ്ധ കലാപത്തില്‍ 30 പേര്‍ കൊല്ലപ്പെട്ടു. സമാധാന സേനാംഗങ്ങള്‍ ഉള്‍പ്പെടെ 900 പേര്‍ക്ക് പരിക്കേല്‍ക്കുകയും നിരവധി വീടുകളും പൊതു കെട്ടിടങ്ങളും പള്ളികളും നശിപ്പിക്കപ്പെടുകയും ചെയ്തു. യു.എന്‍. വിഭാവനം ചെയ്ത കൊസോവോയുടെ അന്തിമപദവി നിര്‍ണയിക്കുന്നതിനുള്ള അന്താരാഷ്ട്ര ചര്‍ച്ചകള്‍ 2006-ല്‍ ആരംഭിച്ചു. 2007-ല്‍ യുഎന്നിന്റെ പ്രത്യേക പ്രതിനിധി ചര്‍ച്ചകള്‍ നടത്തുകയും ചില നിര്‍ദേശങ്ങള്‍ മുന്നോട്ട് വെയ്ക്കുകയും ചെയ്തു. കൊസോവോ സ്വതന്ത്ര്യമായാല്‍ അല്‍ബേനിയയുമായി കൂടിച്ചേരില്ല എന്നതായിരുന്നു പ്രധാന നിര്‍ദേശം. അവര്‍ അത് അംഗീകരിക്കുകയും 2008 ഫെബ്രുവരി 17-ന് ഏകപക്ഷീയമായി സ്വാതന്ത്ര്യം പ്രഖ്യാപിക്കുകയും ചെയ്തു.

കൊസോവോ | Photo: Screengrab from youtube.com/WonderWhy

എന്താണ് നിലവിലെ സാഹചര്യം?

കൊസോവോ സര്‍ക്കാരും രാജ്യത്തിന്റെ വടക്കുഭാഗത്ത് താമസിക്കുന്നവരും സെര്‍ബ് വംശജരും തമ്മില്‍ നിരന്തരമായ പിരിമുറുക്കങ്ങളുണ്ട്. സെര്‍ബ് ആധിപത്യമുള്ള വടക്കന്‍ മേഖലയില്‍ കൂടുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള കൊസോവോ സര്‍ക്കാരിന്റെ ശ്രമങ്ങള്‍ക്കെതിരേ സെര്‍ബുകളില്‍നിന്ന് വ്യാപകമായ ചെറുത്തുനില്‍പ്പും ഉണ്ടാകാറുണ്ട്. യുദ്ധം ശത്രുത പടര്‍ത്തിയ ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ സമാധാനം പുനഃസ്ഥാപിക്കുന്നതിന് നിരന്തരമായ അന്താരാഷ്ട്ര ശ്രമങ്ങള്‍ നടന്നിട്ടുണ്ടെങ്കിലും അതൊന്നും ഇതുവരേയും ഫലപ്രാപ്തിയിലെത്തിയിട്ടില്ല. സെര്‍ബിയയും കൊസോവോയും തമ്മിലുള്ള ബന്ധം സാധാരണ നിലയിലാക്കാനുള്ള ചര്‍ച്ചകള്‍ക്ക് യൂറോപ്യന്‍ യൂണിയന്‍ പലവട്ടം മധ്യസ്ഥത വഹിച്ചിരുന്നു. ചര്‍ച്ചകള്‍ക്ക് പിന്നാലെ നിരവധി കരാറുകളിലേക്ക് ഇരുരാജ്യങ്ങളും എത്തിയിരുന്നുവെങ്കിലും പലതും നടപ്പായില്ല. ചര്‍ച്ചകള്‍ വേഗത്തിലാക്കാനും സമീപഭാവിയില്‍ തന്നെ പരിഹാരം കാണാനാകുമെന്നും പ്രതീക്ഷിക്കുനവരുമുണ്ട്. അന്താരാഷ്ട്ര തലത്തില്‍ ഇതിനുള്ള നീക്കങ്ങളാണ് നടക്കുന്നതും.

നിലവിലെ സംഘര്‍ഷങ്ങള്‍ ഒരു യുദ്ധമായി മാറാനുള്ള സാധ്യത തള്ളിക്കളയാനാകില്ല. ഇരുരാജ്യങ്ങളും അതാഗ്രഹിക്കുന്നില്ലെങ്കിലും. യൂറോപ്യന്‍ യൂണിയന്‍ അംഗത്വം ലഭിക്കണമെങ്കില്‍ ഇരുരാജ്യങ്ങളും ബന്ധം സാധാരണ നിലയിലാക്കണം. ഏതെങ്കിലും തര്‍ത്തിലുള്ള സംഘര്‍ഷങ്ങള്‍ തുടരുന്ന പക്ഷം ഇരുരാജ്യങ്ങളുടേയും യൂറോപ്യന്‍ യൂണിയന്‍ അംഗത്വം എന്ന സ്വപ്‌നം നടക്കാതെ പോകും. കൊസോവോയിലെ സെര്‍ബിയന്‍ സൈനിക ഇടപെടല്‍ ആത്യന്തികമായി അവിടെ നിലയുറപ്പിച്ചിരിക്കുന്ന നാറ്റോ സമാധാന സേനയുമായുള്ള ഏറ്റുമുട്ടലിലാണ് കലാശിക്കുക. സെര്‍ബിയ കൊസോവോയിലെ സെര്‍ബുകളെ നിയന്ത്രിക്കുമ്പോഴും ഒരു അക്രമണത്തിലേക്ക് എടുത്തുചാടിയേക്കില്ല. സെര്‍ബിയയുമായുള്ള തര്‍ക്കം പരിഹരിക്കാതെ കൊസോവോയ്ക്കും യു.എന്‍. അംഗമാകാനും പൂര്‍ണതോതില്‍ അംഗീകരിക്കപ്പെട്ട രാജ്യമായി മാറാനും കഴിയില്ല. ഈ സാഹചര്യത്തില്‍, നീറിപ്പുകയുന്ന പ്രശ്‌നം ഊതിക്കത്തിക്കാന്‍ കൊസോവോ നേതൃത്വത്തിനും താല്പര്യമുണ്ടാകില്ല.

Content Highlights: Kosovo-Serbia tension: History, latest flare-up and what’s next?


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
k rail

6 min

ആയിരങ്ങളുടെ നെഞ്ചില്‍ തറച്ച മഞ്ഞക്കുറ്റി: പരിഹാരമില്ല, ഇവര്‍ക്ക് നഷ്ടം മാത്രം ഉറപ്പാക്കി സര്‍ക്കാര്‍

Dec 7, 2022


mustard
In-Depth

7 min

പുതിയ വിത്തുകൾ മാറ്റിമറിക്കുന്നത് ആരുടെ ജനിതകം?

Nov 5, 2022


Couple

4 min

ആർത്തവകാലത്തെ ലൈംഗികബന്ധം നിഷിദ്ധമോ? എന്താണ് മെനോഫീലിയ?

Oct 6, 2022


Most Commented