ചത്താലും ചെത്തും കൂത്താളി; മറക്കരുത് ഈ ഫാമിൽ പണ്ടു വിരിഞ്ഞ ചോരപ്പൂക്കൾ


കെ.പി നിജീഷ് കുമാര്‍കൂത്താളി നായര്‍ക്ക് അവകാശികളില്ലെങ്കില്‍ കൂത്താടി വന്ന ബ്രിട്ടീഷുകാര്‍ക്കോ അതോ കൂത്താളി നാടിന്റെ മക്കള്‍ക്കോ അതായിരുന്നു കര്‍ഷകരുടെ ചോദ്യം.

In Depth

പഴയ കൂത്താളി എസ്റ്റേറ്റ്, ഇന്നിത് ജില്ലാ കൃഷിത്തോട്ടത്തിന്റെ ഭാഗമാണ്.

കേരളത്തില്‍ മാറ്റത്തിന്റെ കാഹളം മുഴക്കിയ ഭൂപരിഷ്‌കരണ നിയമം അതിന്റെ അമ്പതാം വാര്‍ഷികം ആഘോഷിക്കുമ്പോള്‍ ഇതിനോടൊപ്പം കൂട്ടിച്ചേര്‍ത്ത് ഓര്‍ക്കേണ്ട ഒരു ഭൂമസരമുണ്ട് കോഴിക്കോട് ജില്ലയില്‍. പേരാമ്പ്രയ്ക്കടത്ത് കൂത്താളി കേന്ദ്രീകരിച്ച് നടന്ന സമരം. ആര്‍ക്കും അത്രയറിയാത്ത അല്ലെങ്കില്‍ മറുന്നുപോയ മലബാറിലെ ഐതിഹാസിക ഭൂസമരമെന്നാണ് കൂത്താളി സമരം അറിയപ്പെടുന്നത്. മലബാറില്‍, പ്രത്യേകിച്ച് വടക്കേ മലബാറില്‍ കമ്മ്യൂണിസ്റ്റ് കര്‍ഷക പ്രസ്ഥാനങ്ങളും സോഷ്യലിസ്റ്റുകളും ഉദിച്ചുയരുന്ന കാലമായിരുന്നു അത്.

1930-40 കാലഘട്ടം. നാടുവാഴി ജന്മിത്തത്തിനും പട്ടിണിക്കും തൊഴിലില്ലായ്മയ്ക്കുമെതിരേ അടിച്ചമര്‍ത്തപ്പെട്ടവരുടെ ശബ്ദം ഉയര്‍ന്ന് കൊണ്ടിരിക്കുന്ന കാലം. ഈ കാലഘത്തിന്റെ തുടക്കത്തിലാണ് കൂത്താളി ഭൂമി നേടിയെടുക്കാനുള്ള കര്‍ഷകരുടെ വീരോചിത പോരാട്ടത്തിന് തുടക്കം കുറിക്കുന്നത്. താലൂക്കിലെ പ്രമുഖ നാടുവാഴിയായിരുന്ന കൂത്താളി മൂപ്പില്‍ നായരുടെ വകയായിരുന്ന പതിനായിരക്കണക്കിന് ഏക്കര്‍ വരുന്ന സ്വത്തായിരുന്നു കൂത്താളി എസ്റ്റേറ്റ്.മാതൃഭൂമിയിൽ വന്ന വാർത്തകൾ

മൂപ്പില്‍ നായരില്‍ നിന്നും ദത്തവകാശ നിയമപ്രകാരം ഭൂമി സര്‍ക്കാര്‍ പിടിച്ചെടുത്തെങ്കിലും കര്‍ഷകര്‍ക്ക് വിതരണം ചെയ്യാന്‍ തയ്യാറായില്ല. സര്‍ക്കാരിന്റെ ഈ നടപടിക്കെതിരേയായിരുന്നു കര്‍ഷകരും കൃഷിക്കാരും ചത്താലും ചെത്തും കൂത്താളിയെന്ന മുദ്രാവാക്യമുയര്‍ത്തി ഭൂസമരത്തിന് തുടക്കം കുറിച്ചത്.''കൂത്താളി നായര്‍ക്ക് അവകാശികളില്ലെങ്കില്‍ കൂത്താടി വന്ന ബ്രിട്ടീഷുകാര്‍ക്കോ അതോ കൂത്താളി നാടിന്റെ മക്കള്‍ക്കോ'' അതായിരുന്നു കര്‍ഷകരുടെ ചോദ്യം.

1939-വരെ കൂത്താളി മൂപ്പില്‍ നായരുടെ അധീനതയിലുള്ള ഭൂമിയില്‍ പുനം കൃഷിക്ക് അനുമതി നല്‍കിയിരുന്നു. എന്നാല്‍ ഒടുവിലത്തെ മൂപ്പിൽ നായരുടെ മരണത്തോടെ ബ്രീട്ടീഷ് സാമ്രാജ്യത്തിന് കീഴിലുള്ള മദിരാശി സര്‍ക്കാര്‍ ഭൂമി ഏറ്റെടുക്കുകയായിരുന്നു. ഇതോടെ മദിരായി കളക്ടര്‍ പുനംകൃഷി വിലക്കി. ഇത് കൊടിയ പട്ടിണിക്കും ഭക്ഷ്യ ക്ഷാമത്തിനും വഴിയൊരുക്കി. പ്രജാ സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വത്തില്‍ കൂത്താളി എസ്റ്റേറ്റിന് മുന്നില്‍ നടന്ന കുത്തിയിരിപ്പ് സമരത്തോടെയാണ് പ്രക്ഷോഭത്തിന് തുടക്കം കുറിച്ചതെങ്കിലും സമരം കര്‍ഷക സംഘം ഏറ്റെടുത്തതോടെയാണ് ശക്തമായത്. നിരവധി പേര്‍ കൊടിയ മര്‍ദനത്തിന് ഇരയായി, രക്തസാക്ഷിത്വമുണ്ടായി.

ജില്ലാ കൃഷിത്തോട്ടം

സ്ത്രീകളടക്കമുള്ള സംഘം അഞ്ചുപേര്‍ വീതമുള്ള ബാച്ചായിട്ടായിരുന്നു സമരത്തിനിരുന്നത്. മൂന്ന് മണിക്കൂര്‍ കൂടുമ്പോള്‍ മറ്റൊരു ബാച്ച് മാറി വരും. സമരക്കാര്‍ മറ്റ് സ്ത്രീകള്‍ക്കൊപ്പം ഘോഷയാത്രയായി എത്തി എസ്‌റ്റേറ്റില്‍ എത്തുകയും വളണ്ടിയര്‍മാരില്‍ നിന്ന് സ്ഥാനം ഏറ്റുവാങ്ങുകയുമായിരുന്നുവെന്ന് അന്നത്തെ പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. പോലീസുകാരും സമരക്കാരും തമ്മില്‍ വാക്കേറ്റവും സംഘര്‍ഷവും പതിവായതോടെ സമരം കോഴിക്കോട് നഗരത്തിലേക്കും മാറ്റി. എസ്‌റ്റേറ്റിന് മുന്നില്‍ പോലീസ്, ഗുണ്ടാ കാവലുകളും സ്ഥിരം കാഴ്ചയായിരുന്നു. പലപ്പോഴും വരാന്തയില്‍ സമരമിരിക്കുന്ന സമരക്കാരെ ബലപ്രയോഗത്തിലൂടെ കീഴ്‌പ്പെടുത്തി എടുത്തുമാറ്റിത്തന്നെയാണ് എസ്റ്റേറ്റിലെ ജീവനക്കാര്‍ക്ക് പോലും അകത്തേക്ക് പ്രവേശിക്കാന്‍ സാധിച്ചിരുന്നത്.

പെരുവണ്ണാംമൂഴി ഡാം

1943-ല്‍ കൂത്താളി മലവാരത്ത് കാടുചെത്തി കൃഷിയിറക്കാന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള സമരക്കാര്‍ തീരുമാനിച്ചു. പക്ഷേ, അത് പോലീസ് വിലക്കി. 1946-ല്‍ സമരം വീണ്ടും ആരംഭിച്ചു. എ.കെ.ജി, സി.എച്ച് കണാരന്‍, കേരളീയന്‍, എ.വി കുഞ്ഞമ്പു, എം.കെ കേളു, ടി.കെ.കെ അബ്ദുള്ള, കെ.എം കണ്ണന്‍മാസ്റ്റര്‍, ഇ.സി അപ്പു നമ്പ്യാര്‍, ഇ.രാമന്‍ മാസ്റ്റര്‍, ടി.സി ചാത്തു, എം.കേളപ്പന്‍, കെ.ചോയി, കാപ്പുമ്മല്‍ കുഞ്ഞുണ്ണിക്കുറുപ്പ്, വി.വി ദക്ഷിണമൂര്‍ത്തി എന്നിവരെല്ലാം തുടര്‍ന്ന് പല സമയങ്ങളിൽ സമരത്തിന്റെ മുന്‍നിരയിലെത്തി.

ഞങ്ങള്‍ ചത്താലും ചെത്തും കൂത്താളി എന്ന ദൃഢ പ്രതിജ്ഞയോടെ 1946 ലാണ് കൂത്താളി സമരത്തിന്റെ പ്രത്യക്ഷ സമരപരിപാടികള്‍ ആരംഭിക്കുന്നത്. ഇന്നത്തെ പെരുവണ്ണാമൂഴി അണക്കെട്ടിന്റെ പരിസരപ്രദേശങ്ങളിലായി വ്യാപിച്ചു കിടന്ന കാടുപിടിച്ച ഈ ഭൂമിയില്‍ അക്കാലം വരെ പ്രവേശിച്ചിരുന്നത് ആദിവാസികള്‍ മാത്രമായിരുന്നു. അവര്‍, കാട്ടുചെടികളും ഈറ്റയുമൊക്കെ രഹസ്യമായി ശേഖരിച്ചു. വിത്തിട്ടാല്‍ നാനൂറ് മേനി വിളയുന്ന ഈ ഭൂമി അന്യാധീനപ്പെട്ടുകിടക്കുമ്പോള്‍ പരിസരപ്രദേശങ്ങളില്‍ ബ്രിട്ടീഷ് പോലീസിന്റെ കിരാത മര്‍ദനം സഹിച്ച് ജന്മി നാടുവാഴികളുടെ അടിമകളായി പട്ടിണികിടക്കുന്ന വലിയൊരു വിഭാഗമുണ്ടായിരുന്നു.

മൂപ്പില്‍നായരുടെ അനുവാദത്തോടെ തന്നെ ഭൂമി ലഭിച്ച കുടിയാന്മാര്‍ അന്നുണ്ടായിരുന്നെങ്കിലും ഇവരെയും കൃഷി ചെയ്യാന്‍ മദിരാശി സര്‍ക്കാര്‍ അനുവദിച്ചിരുന്നില്ല. കുടിയാന്മാരെ ഭരിക്കാന്‍ ഡെപ്യൂട്ടി തഹസില്‍ദാരുടെ നേതൃത്വത്തില്‍ പേരാമ്പ്രയില്‍ ഓഫീസും പ്രവര്‍ത്തിച്ചിരുന്നു. അതേസമയം, നാട്ടിലെ പ്രമാണിമാര്‍ക്ക് ഭൂമി കയ്യേറാനും കാട്ടുമരങ്ങള്‍ കൊള്ളയടിക്കാനും ഈ ഉദ്യോഗസ്ഥ വൃന്ദം സഹായവും ചെയ്തിരുന്നു. ഇതൊക്കെയാണ് സമരഭടന്മാരെ പ്രത്യക്ഷ സമരപരിപാടികളിലേക്ക് നയിക്കാന്‍ പ്രേരിപ്പിച്ചത്.

പഴയ കൂത്താളി എസ്റ്റേറ്റിന്റെ ഭാഗം

1947 ഫെബ്രുവരി 21 ന് പാതിരാത്രിയില്‍ പേരാമ്പ്രക്കടുത്ത മുയിപ്പോത്ത് നിന്നും പുറപ്പെട്ട സമരക്കാര്‍ കൂത്താളി എസ്റ്റേറ്റിലെത്തി അഞ്ചേക്കര്‍ വരുന്ന കാടുചെത്തി കൊടി നാട്ടി. കമ്യൂണിസ്റ്റ്പാര്‍ട്ടി നിയമവിരുദ്ധമായി പ്രഖ്യാപിച്ച കാലമായിരുന്നു അത്. കൂത്താളി എസ്റ്റേറ്റ് രണ്ടുഘട്ടങ്ങളിലായി പിടിച്ചെടുക്കാനായിരുന്നു തീരുമാനം. പാര്‍ട്ടിയുടെ നീക്കം മണത്തറിഞ്ഞ രഹസ്യ പോലീസുകാര്‍ എസ്റ്റേറ്റിലും പരിസരപ്രദേശങ്ങളിലും ഗുണ്ടകളുടെ സഹായങ്ങളോടെ താവളങ്ങള്‍ തീര്‍ത്തു. ഹസ്സന്‍കുട്ടി എന്ന തോണിക്കാരന്‍ നയിച്ച കടത്തുവഞ്ചിയില്‍ ചാനിയം കടവ് പുഴയോരത്തുനിന്നും സംഘം എസ്റ്റേറ്റിലേക്ക് യാത്രയായി. പിറ്റേന്ന് പുലര്‍ച്ചെ നാലരമണിക്ക് കൂവപ്പൊഴി കടത്തിലെത്തിയ സമരക്കാര്‍ ആറുമണിക്ക് മുമ്പുതന്നെ അതിസാഹസികമായി അഞ്ചേക്കറോളം എസ്റ്റേറ്റ് ചെത്തി നിരപ്പാക്കി. ദൗത്യം പൂര്‍ത്തിയാക്കിയതിന്റെ അടയാളമായി വമ്പന്‍ തേക്കുമരത്തിന്റെ ഉച്ചിയില്‍ ചെങ്കൊടി നാട്ടി. പിറ്റേന്ന്, മരത്തില്‍ കയറാനാവാതെ വെറിപിടിച്ചുനിന്ന പോലീസുകാര്‍ വെടിയുണ്ടകള്‍ പൊഴിച്ച് ചീളുകളാക്കിയാണ് ഈ ചെങ്കൊടി നശിപ്പിച്ചതെന്നാണ് പറയപ്പെടുന്നത്.

പിറ്റേദിവസം സമരഭടന്മാര്‍ ബ്രിട്ടീഷ് പോലീസിന്റെ നിരോധനാജ്ഞ ലംഘിച്ച് പേരാമ്പ്ര ടൗണില്‍ പ്രകടനം നടത്തുകയും ചെയ്തു. ഈ പ്രക്ഷോഭത്തെ ചൊല്ലിയുണ്ടായ ഭരണകൂടത്തിന്റെ മര്‍ദനമുറകള്‍ 1950 വരെ നീണ്ടുനിന്നു. ബ്രിട്ടീഷ് പോലീസും നാടുവാഴികളുടെ ഗുണ്ടകളും രാപ്പകല്‍ വ്യത്യാസമില്ലാതെ വീടുകള്‍തോറും കയറിയിറങ്ങി. പിഞ്ചുകുഞ്ഞുങ്ങള്‍ മുതല്‍ വന്ദ്യവയോധികര്‍ വരെ ഇവരുടെ സംഹാരതാണ്ഡവത്തിനിരയായി. സ്ത്രീകളുടെ ഉടുപുടവകള്‍ വരെ പിച്ചിചീന്തി. നൂറില്‍പരം സമരക്കാരെ ഇക്കാലത്ത് കോടതികയറ്റി. കണ്ണൂരിലേയും കോഴിക്കോട്ടേയും ജയിലുകളില്‍ പലരും കടുത്ത ശിക്ഷകളേറ്റു വാങ്ങി.

ജാനകിക്കാട്

സ്വതന്ത്ര്യം ലഭിച്ച ശേഷമാണ് സമരത്തിന്റെ ഭാഗമായി ജയിലിലുള്ളവര്‍ മോചിതരായത്. തുടര്‍ന്ന് 1550 ഏക്കര്‍ പുനം കൃഷിക്കായി അനുവദിച്ചെങ്കിലും ഭൂമി പതിച്ചുനല്‍കാന്‍ മദിരാശി സര്‍ക്കാര്‍ തയ്യാറായില്ല. 1954ല്‍ കൂത്താളി സമരം പുനരാരംഭിച്ചു. കലക്ടറേറ്റിന് മുമ്പില്‍ എം കെ കേളുവിന്റെ നേതൃത്വത്തില്‍ 66 ദിവസം സത്യഗ്രഹം നടത്തി. സമരത്തിന്റെ ഭാഗമായി 1200 ഏക്കര്‍ കര്‍ഷകര്‍ക്ക് ചാര്‍ത്തിക്കൊടുക്കുമെന്ന ഉറപ്പ് ലഭിച്ചു. 1957-ല്‍ ഇ എം എസ് സര്‍ക്കാരാണ് തീരുമാനമെടുത്തത്. നടപടിക്കിടെ സര്‍ക്കാരിനെ കേന്ദ്രം പിരിച്ചുവിട്ടു. 1962ല്‍ നാലാംഘട്ട സമരവും നടന്നു. കെ.കേളുവിന്റെ നേതൃത്വത്തിലായിരുന്നു. 1967ല്‍ രണ്ടാം ഇ എംഎസ് സര്‍ക്കാര്‍ കൈവശകര്‍ഷകര്‍ക്ക് പട്ടയം നല്‍കി. കൂത്താളി സമരം സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച് 1976-ല്‍ സമരക്കാര്‍ക്ക് പെന്‍ഷന്‍ അനുവദിച്ചു. 1947 ഫെബ്രുവരി 22ന് കാട് തെളിച്ച് സമരഭടന്‍മാര്‍ കൊടിനാട്ടിയ സ്ഥലം ഇന്ന് കൂത്താളി ജില്ലാ ഫാമിന്റെ ഭാഗമാണ്.

കെ.ചോയി

കെ.ചോയിയെന്ന രക്തസാക്ഷി

കൂത്താളി സമരത്തിന്റെ മുന്നണിപ്പോരാളികളിലൊരാളായിരുന്ന കെ ചോയി എന്ന കമ്യൂണിസ്റ്റ് നേതാവാണ് സമരത്തിന്റെ രക്തസാക്ഷി. കൂത്താളി എസ്റ്റേറ്റില്‍ കൊടിനാട്ടിയ ശേഷം പിന്നീട് കമ്യൂണിസ്റ്റുകാരെ തിരഞ്ഞ് പിടിച്ച് വേട്ടയാടുന്ന നടപടിയായിരുന്നു പോലീസുകാരില്‍ നിന്നുമുണ്ടായത്. 1948-ല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി നിരോധിച്ചു. പാര്‍ട്ടി പ്രവര്‍ത്തനം അസാധ്യമായതോടെ ചോയി ഉള്‍പ്പെടെയുള്ളവര്‍ ഒളിവില്‍ പോയി.

നിരോധനത്തെ തുടര്‍ന്ന് മന്ദീഭവിച്ച പാര്‍ട്ടി പ്രവര്‍ത്തനം ഒളിവിലിരുന്നുകൊണ്ട് പുനരുജ്ജീവിപ്പിക്കുന്നതിനിടെയാണ് കെ.ചോയി പിടിയിലാവുന്നത്. വിശപ്പ് സഹിച്ചായിരുന്നു പാര്‍ട്ടി പ്രവര്‍ത്തനം കൂടെയുള്ള പാർട്ടി നേതാവ് കെ.കണ്ണന്‍മാസ്റ്ററുടെ സഹോദരിയുടെ വീട്ടില്‍ ഭക്ഷണം കഴിക്കാന്‍ പോവുന്നതിനിടെ അന്നത്തെ ഹോംഗര്‍ഡുകളുടെ കണ്ണില്‍ പെടുകയായിരുന്നു.1950 മെയ് 19 ന് അര്‍ധരാത്രി.

ജില്ലാ കൃഷിത്തോട്ടം, പഴയ എസ്റ്റേറ്റ് ഭാഗം

മേപ്പയ്യൂരിനടുത്ത ചങ്ങരംവെള്ളി സ്‌കൂളിനടുത്ത് വെച്ചായിരുന്നു ഇവര്‍ പോലീസുകാരുടെയും ഹോംഗാര്‍ഡിന്റേയും പിടിയിലാവുന്നത്. കെ.കണ്ണന്‍മാസ്റ്റര്‍ കുതറിയോടി രക്ഷപ്പെട്ടെങ്കിലും ചോയി പിടിയിലാവുകയായിരുന്നു. ചോയിയെ അടിച്ചുവീഴ്ത്തി തല്ലിക്കൊന്നതിനുശേഷം അദ്ദേഹത്തിന്റെ ജഡത്തില്‍ പോലീസ് വെടിവെക്കുകയായിരുന്നു എന്ന് പഴയ ആളുകള്‍ ഓര്‍ക്കുന്നു. മൃതദേഹം നീക്കുന്നതിനിടെ നിലത്ത് തറച്ചുകിടന്ന മൂന്നു വെടിയുണ്ടകളും പോലീസ് കുഴിച്ചെടുത്ത് കൊണ്ടുപോയെന്നാണ് പറയുന്നത്.

ഏറ്റുമുട്ടലിലാണ് ചോയി മരിച്ചതെന്ന് വ്യാജരേഖയുണ്ടാക്കിയ പോലീസ് പോസ്റ്റ്മോര്‍ട്ടംപോലും നടത്താതെ മൃതദേഹം വടകര പുറങ്കരയില്‍ കുഴിച്ചുമൂടുകയും ചെയ്തു. കൂത്താളി ഭൂമി ചെത്തിയതിന് ശേഷം വിറളിപിടിച്ച ഭരണകൂടത്തിന്റെ കിരാതമര്‍ദന മുറകളുടെ രക്തസാക്ഷിയായിരുന്നു കെ ചോയി.

Content Highlights: koothali land strike kerala land reforms act


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022

Most Commented