'പല പ്രതിസന്ധികളുണ്ടാവും; അത് നേരിടാനുള്ള കരുത്തില്ലെങ്കില്‍ ഈ പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കാനാകില്ല


സ്വന്തം ലേഖകന്‍

കോടിയേരി ബാലകൃഷ്ണൻ

'പാര്‍ട്ടിയില്‍ ജനങ്ങള്‍ അര്‍പ്പിച്ചിരിക്കുന്ന വിശ്വാസം കാത്ത് സൂക്ഷിക്കും. പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതിനാകും മുന്‍ഗണന. മറ്റൊരു പരിഗണനയും അതില്‍ ഉണ്ടാകില്ല' 2015-ല്‍ ആലപ്പുഴ സമ്മേളനത്തില്‍ സംസ്ഥാന സെക്രട്ടറിയായി കോടിയേരി ബാലകൃഷ്ണന്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് നല്‍കിയ ഉറപ്പാണത്. ഏഴ് വര്‍ഷം പിന്നിട്ടപ്പോള്‍ ആ ഉറപ്പ് പാലിച്ച് പാര്‍ട്ടിക്ക് ഭരണത്തുടര്‍ച്ചയും സംഘടനശക്തിയും നല്‍കിയാണ് കോടിയേരി സ്വയം വിരമിച്ചത്. ആരോഗ്യമുള്ള പാര്‍ട്ടിയെ നയിക്കാനുള്ള ആരോഗ്യം തനിക്കിപ്പോഴില്ലെന്ന് പാര്‍ട്ടിയെ ചിരിച്ചുകൊണ്ട് അറിയിച്ചാണ് അദ്ദേഹം സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്ന് വിടവാങ്ങിയത്.

അപ്രതീക്ഷിതമായി എത്തിയ രോഗംകാരണം അകാലത്തില്‍ ജീവിതത്തില്‍ നിന്നും വിടവാങ്ങുമ്പോള്‍ കോടിയേരി എന്ന നേതാവിന്റെ സ്ഥാനം പാര്‍ട്ടി പ്രവര്‍ത്തകരുടെയും ജനങ്ങളുടെയും ഹൃദയത്തില്‍ തന്നെയാണ്. എതിരാളികള്‍ക്ക് പോലും സ്വീകാര്യമായ നയതന്ത്രങ്ങളും അവ നടപ്പിലാക്കാനുള്ള സംഘടനാകരുത്തുമായിരുന്നു കേരള രാഷ്ട്രീയത്തില്‍ കോടിയേരി ബാലകൃഷ്ണന്‍ എന്ന നേതാവിനെ പ്രസക്തനാക്കിയത്. കാര്‍ക്കശ്യക്കാരായ പാര്‍ട്ടി സെക്രട്ടറിമാരെ കണ്ട് ശീലിച്ച മലയാളിക്ക് കോടിയേരി ഒരു പുത്തന്‍ അനുഭവമായിരുന്നു. ചിരിക്കുകകയും തമാശപറയുകയും സൗമ്യമായി ഇടപെടുകയും ചെയ്ത കോടിയേരി ഏറ്റവും നിര്‍ണായകമായ കാലഘട്ടങ്ങളില്‍ സി.പി.എമ്മിനെ നയിച്ചു. വിഭാഗീയത തുടച്ചുനീക്കിയതും തുടര്‍ഭരണവും ഉള്‍പ്പടെ അസാധാരണമായ നേട്ടങ്ങളിലേക്ക് പാര്‍ട്ടിയെ എത്തിച്ചു. ആദ്യവും അവസാനവും പാര്‍ട്ടിയായിരുന്നു കോടിയേരിക്ക് എല്ലാം. അവസാന കാലംവരെ പാര്‍ട്ടിക്കായി പ്രവര്‍ത്തിച്ച് തന്നെയാണ് അദ്ദേഹം വിടപറയുന്നതുംഎസ്.എഫ്.ഐയിലൂടെ പാര്‍ട്ടിയിലേക്ക്

1953-ല്‍ കോടിയേരി മൊട്ടമ്മല്‍ കുഞ്ഞുണ്ണിക്കുറുപ്പിന്റെയും നാരായണി അമ്മയുടെയും ഇളയമകനായി ജനനം. ആറാം വയസ്സില്‍ അച്ഛന്റെ മരണം. അമ്മയുടെ തണലില്‍ നാല് സഹോദരിമാര്‍ക്കൊപ്പം ജീവിതം. സമീപത്തെ കോടിയേരി ഓണിയന്‍ സ്‌കൂളില്‍ അന്നത്തെ കേരള സ്റ്റുഡന്റ്സ് ഫെഡറേഷന്റെ നേതാവ്. പിന്നീട് മാഹി മഹാത്മാഗാന്ധി കോളേജില്‍ പിഡിഗ്രി വിദ്യാര്‍ഥിയായിരിക്കെ പ്രഥമ യൂണിയന്‍ ചെയര്‍മാന്‍. അക്കാലത്ത് തന്നെ പാര്‍ട്ടിയുടെ സജീവ പ്രവര്‍ത്തകനുമായും മാറിയിരുന്നു കോടിയേരി. പതിനാറാം വയസ്സില്‍ പാര്‍ട്ടി അംഗത്വം. പതിനെട്ടാം വയസ്സില്‍ ലോക്കല്‍ സെക്രട്ടറി. ഇതിനിടെയില്‍ എസ്.എഫ്.ഐയുടെയും ഡി.വൈ.എഫ്.ഐയുടെയും നേതൃതലങ്ങളിലും പ്രവര്‍ത്തിച്ചു.

അടിയന്തരാവസ്ഥക്കാലത്ത് 16 മാസം കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവുകാരനായും പ്രവര്‍ത്തിച്ചു. അന്ന് സഹതടവുകാരനായിരുന്ന പിണറായി വിജയന്‍ പോലീസ് മര്‍ദനത്തില്‍ അവശനായപ്പോള്‍ സഹായിക്കാന്‍ ചുമതപ്പെടുത്തിയത് കൂട്ടത്തില്‍ ഇളയവനായ കോടിയേരിയെയായിരുന്നു. അന്ന് കണ്ണൂരില്‍ നിന്നുള്ള യുവനേതാക്കളായിരുന്നു ഇരുവരും. സി.പി.എം. കണ്ണൂര്‍ ജില്ല സെക്രട്ടറിയായിരുന്ന പിണറായി സംസ്ഥാന സെക്രട്ടേറിയേറ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ടി. ഗോവിന്ദനായിരുന്നു ആ സ്ഥാനത്തേക്ക് എത്തിയത്. അധികം വൈകാതെ സെക്രട്ടറിയുടെ ചുമതല കോടിയേരിയിലേക്ക് എത്തി.

1982, 1987, 2001, 2006, 2011 തിരഞ്ഞെടുപ്പുകളില്‍ തലശ്ശേരിയെ നിയമസഭയില്‍ പ്രതിനിധാനം ചെയ്തു. 2001-ല്‍ പ്രതിപക്ഷ ഉപനേതാവായി. 2006-ല്‍ വി.എസ്.മന്ത്രിസഭയില്‍ ആഭ്യന്തര, ടൂറിസം വകുപ്പ് മന്ത്രി. 2008-ല്‍ 54-ാം വയസില്‍ പോളിറ്റ്ബ്യൂറോയിലേക്കും 2015-ല്‍ സംസ്ഥാന സെക്രട്ടറി പദത്തിലേക്കും തിരഞ്ഞെടുക്കപ്പെട്ടു. പിണറായി പ്രവര്‍ത്തനം പാര്‍ലമെന്ററി രംഗത്തേക്ക് മാറ്റിയപ്പോള്‍ കോടിയേരി പാര്‍ട്ടിയെ നയിച്ചു. 2018-ല്‍ വീണ്ടും സെക്രട്ടറി പദത്തില്‍. ഈ കാലയളവിലാണ് മക്കളെക്കുറിച്ചുള്ള വിവാദങ്ങളുണ്ടാകുന്നത്. മകന്റെ അറസ്റ്റിലേക്ക് വരെ വിവാദം വളര്‍ന്നു. 2020 നവംബര്‍ 13-ന് സെക്രട്ടറി പദത്തില്‍ നിന്ന് സ്വമേധയ അവധിയെടുത്തു. അപ്പോഴും ഘടകകക്ഷികളുമായുള്ള ചര്‍ച്ചകള്‍ ഉള്‍പ്പടെ നിര്‍ണായകമായ ചുമതലകള്‍ വഹിച്ചിരുന്നു.

ചടയന്‍ ഗോവിന്ദന്‍ പാര്‍ട്ടി സെക്രട്ടറിയായിരിക്കുമ്പോഴാണ് അസുഖ ബാധിതനാവുന്നത്. ആശുപത്രിയിലായിട്ടും അദ്ദേഹത്തെ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റിയിട്ടുണ്ടായിരുന്നില്ല. കോടിയേരിയുടെ കാര്യത്തിലും അതേനിലപാടായിരുന്നു പാര്‍ട്ടി നേതൃത്വത്തിന്. ആരോഗ്യം വീണ്ടെടുക്കുംവരെ വിശ്രമം അനുവദിക്കാമെന്നായിരുന്നു പാര്‍ട്ടി കോടിയേരിയോട് പറഞ്ഞത്. എം.വി.ഗോവിന്ദനെ സെക്രട്ടറിയാക്കാനുള്ള തീരുമാനത്തിന് തൊട്ടുമുന്‍പും ഇക്കാര്യം പിണറായി കോടിയേരിയോട് പറഞ്ഞിരുന്നു. എന്നാല്‍ അത് വേണ്ടെന്ന ശക്തമായ നിലപാട് കോടിയേരി സ്വീകരിച്ചതോടെയാണ് പാര്‍ട്ടി സെക്രട്ടറിയായി എം.വി ഗോവിന്ദനെ തിരഞ്ഞെടുത്തത്.

കോടിയേരി എന്ന മധ്യസ്ഥന്‍

2006-ല്‍ വി.എസ്. അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായപ്പോള്‍ പിണറായി പാര്‍ട്ടി സെക്രട്ടറി. വിഭാഗീയത കാരണം സര്‍ക്കാര്‍ ഒരു വഴിക്കും പാര്‍ട്ടി മറ്റൊരു വഴിക്കും പോയ നാളുകളില്‍ മധ്യസ്ഥന്റെ റോളിലായിരുന്നു ആഭ്യന്തരമന്ത്രിയായിരുന്ന കോടിയേരി. വിഭാഗീയതയുടെ തീയണക്കാനുള്ള ശ്രമങ്ങളിലായിരുന്നു പിണറായി. പലപ്പോഴും പിളര്‍പ്പിന്റെ വക്കിലെത്തിയ പിണറായി-വി.എസ്. വന്‍മരങ്ങള്‍ക്കിടയില്‍ കോടിയേരിയുടെ മധ്യസ്ഥതയുടെ വെള്ളക്കൊടി വീശി. 2016-ല്‍ പിണറായി മുഖ്യമന്ത്രിയായപ്പോള്‍ പാര്‍ലമെന്ററി പ്രവര്‍ത്തനത്തിനോട് വിടപറഞ്ഞ് കോടിയേരി പാര്‍ട്ടിയുടെ അമരക്കാരനായി. 16 വര്‍ഷത്തിലേറെക്കാലം പാര്‍ട്ടിയെ നയിച്ച പിണറായിക്ക് മുന്നില്‍ തന്റെ പിന്തുടര്‍ച്ചക്കാരനായി കോടിയേരിയല്ലാതെ മറ്റൊരു പേരുണ്ടായിരുന്നില്ല. ഭിന്നതകള്‍ മറന്ന് പാര്‍ട്ടി ആ നിര്‍ദേശത്തിനൊപ്പം നിന്നു.

വിഭാഗീയത മുതല്‍ തലമുറക്കൈമാറ്റം വരെ

വി.എസിന്റെ ഇറങ്ങിപ്പോക്കിലൂടെ പാര്‍ട്ടിയില്‍ ഒരു പൊട്ടിത്തെറിയുണ്ടാകുമെന്ന് തോന്നലുണ്ടാക്കിയ സംഘര്‍ഷഭരിതമായ ആലപ്പുഴ സമ്മേളനത്തിലാണ് കോടിയേരി സി.പി.എം. സംസ്ഥാന സെക്രട്ടറിയാകുന്നത്. പാര്‍ട്ടിയുടെ എല്ലാ മേഖലകളിലുമുണ്ടായിരുന്ന വിഭാഗീയത ഇല്ലാതാക്കുക എന്ന ഒരിക്കലും നടക്കില്ലെന്ന് കരുതപ്പെട്ട ഒരു ലക്ഷ്യമായിരുന്നു കോടിയേരിക്ക് മുന്നിലുണ്ടായിരുന്നത്. പിണറായിയും കോടിയേരിയും ചേര്‍ന്ന് ഘട്ടംഘട്ടമായി വിഭാഗീയത ഇല്ലാതാക്കുന്നത് കേരളം കണ്ടു. ഇന്ന് സി.പി.എം നേരിടുന്ന വെല്ലുവിളികളുടെ പട്ടികയില്‍ വിഭാഗീയത എന്നൊന്നില്ല. തലമുറക്കൈമാറ്റം എന്ന സി.പി.എം ചരിത്രത്തിലെ ഏറ്റവും നിര്‍ണായകമായ സംഘടനാപരിഷ്‌കാരവും അതിമനോഹരമായി നടപ്പിലാക്കിയാണ് അദ്ദേഹം പാര്‍ട്ടി ഭാരവാഹിത്വം കൈമാറിയത്.

ബ്രാഞ്ച് കമ്മറ്റി മുതല്‍ പാര്‍ട്ടിയുടെ കേരളത്തിലെ ഉന്നതഘടകമായ സംസ്ഥാന സെക്രട്ടേറിയേറ്റിലേക്ക് വരെ പുതുനിരയെ കൊണ്ടുവന്ന് ചരിത്രം സൃഷ്ടിച്ചു. നിയമസഭതിരഞ്ഞെടുപ്പില്‍ രണ്ട് ടേം കഴിഞ്ഞവരെ മാറ്റി നിര്‍ത്താമെന്ന തീരുമാനം പാര്‍ലമെന്ററി രംഗത്തും വലിയ പരിവര്‍ത്തനങ്ങള്‍ക്ക് കാരണമായി. ഭരണത്തുടര്‍ച്ചയെന്ന അപൂര്‍വനേട്ടം പാര്‍ട്ടി സ്വന്തമാക്കിയപ്പോള്‍ ഭരണരംഗത്തും പാര്‍ട്ടി വന്‍ മാറ്റങ്ങള്‍ കൊണ്ടുവന്നു. അങ്ങനെയാണ് മുഖ്യമന്ത്രിയൊഴികെ മുഴുവന്‍ മന്ത്രിമാരും പുതുമുഖങ്ങളെന്ന തീരുമാനത്തിലെത്തിയത്.

നവകേരളത്തിനായുള്ള നയരേഖ

2021-ലെ എറണാകുളം സംസ്ഥാന സമ്മേളത്തിലെ ഏറ്റവും പ്രധാനപ്പെട്ട അജണ്ട നവകേരളത്തിനുള്ള നയരേഖയായിരുന്നു. പ്രത്യേശാസ്ത്ര കടുംപിടുത്തങ്ങള്‍ക്കപ്പുറം കൂടുതല്‍ പ്രായോഗികവും ജനോപകാരപ്രവുമായ നയങ്ങളിലേക്കുള്ള മാറ്റം കൂടിയായിരുന്നു നവകേരളത്തിനായുള്ള നയരേഖ. തുടര്‍ഭരണം ലഭിച്ച പശ്ചാത്തലത്തിലായിരുന്നു പാര്‍ട്ടി ഇത്തരമൊരു നയരേഖ തയ്യാറാക്കിയത്. അടുത്ത 25 വര്‍ഷം കൊണ്ട് ജനങ്ങളുടെ ജീവിതനിലവാരം ഉയര്‍ത്തലാണ് നയരേഖയുടെ ലക്ഷ്യം. വിദ്യാഭ്യാസരംഗത്ത് സ്വകാര്യമൂലധനം ഉള്‍പ്പടെയുള്ള തീരുമാനങ്ങള്‍ നയരേഖയുടെ ഭാഗമായിരുന്നു. കോടിയേരി ബാലകൃഷ്ണന്‍ അവസാനമായി നേതൃത്വം നല്‍കിയ പാര്‍ട്ടി പരിവര്‍ത്തനങ്ങളിലൊന്നായിരുന്നു ഈ നയരേഖ.

പാര്‍ട്ടി പ്രവര്‍ത്തകര്‍ പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് രംഗത്തേക്ക്

ദൈനംദിന രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ക്ക് പുറമെ പാര്‍ട്ടി പ്രവര്‍ത്തകര്‍ പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് രംഗത്തേക്ക് കൂടെ ഇടപെടാനുള്ള തീരുമാനവും കോടിയേരിയുടെ നേതൃത്വത്തിലാണ് ഉണ്ടായത്. കേരളത്തിലുടനീളം ഈ തീരുമാനം കര്‍ശനമാക്കി നടപ്പിലാക്കാനും അത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് തുടര്‍ച്ചയുണ്ടെന്ന് ഉറപ്പാക്കാനും കോടിയേരി ശ്രദ്ധിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളേജിനടുത്തുള്ള ഇ.കെ. നായനാര്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ പുതിയ മന്ദിരം ഉദ്ഘാടന ചടങ്ങായിരുന്നു കോടിയേരി പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയെന്ന നിലയില്‍ പങ്കെടുത്ത അവസാനത്തെ പരിപാടി. അതില്‍ അദ്ദേഹം പറഞ്ഞ വാക്കുകള്‍ ഇങ്ങനെയായിരുന്നു. 'വിശക്കുന്നവന് ഭക്ഷണവും രോഗികള്‍ക്ക് ചികിത്സയും ഉറപ്പുവരുത്താനുള്ള പ്രവര്‍ത്തനവും രാഷ്ട്രീയപ്രവര്‍ത്തനം തന്നെയാണ്. സഹായിക്കാനാളുണ്ടെന്നും കൂടെ നമ്മളുണ്ടെന്നും ജനങ്ങള്‍ക്ക് തോന്നുമ്പോഴാണ് പാര്‍ട്ടി ശക്തമാവുക'.

അപ്രതീക്ഷിതമായി എത്തിയ രോഗം

അപ്രതീക്ഷിതമായി എത്തിയ രോഗത്തിന് മുന്നില്‍ കീഴടങ്ങാന്‍ തയ്യാറല്ലായിരുന്നു കോടിയേരി. രോഗം ശരീരത്തെ തളര്‍ത്തിയ സമയം വരെ അദ്ദേഹം പാര്‍ട്ടിക്കായി മുഴുവന്‍ സമയം പ്രവര്‍ത്തിച്ചു. പലപ്പോഴും പാര്‍ട്ടി അദ്ദേഹത്തോട് വിശ്രമിക്കാന്‍ പറയേണ്ടി വന്നു. ജനങ്ങള്‍ക്കും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കുമിടയില്‍ കൂടുതല്‍ സജീവമാവുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ശൈലി. അവസാന സമയത്ത് അദ്ദേഹം തന്നെ ആവശ്യപ്പെട്ട് സെക്രട്ടറി സ്ഥാനത്ത് നിന്ന് വിടവാങ്ങി. 'ജീവിതത്തിനിടയില്‍ പലതരത്തിലുള്ള പ്രശ്നങ്ങളുണ്ടാവും. അതൊന്നും നേരിടാനുള്ള കരുത്തില്ലെങ്കില്‍ ഈ പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കാന്‍ കഴിയില്ല. പ്രശ്നങ്ങളുണ്ടാവുമ്പോള്‍ അത് കൈകാര്യം ചെയ്യുക. വിചാരണ ചെയ്യുന്നവര്‍ക്ക് മുന്‍പില്‍ പതറിപ്പോവാന്‍ പാടില്ല. നമുക്കൊരു ലക്ഷ്യബധമുണ്ട്. ആ ലക്ഷ്യബോധത്തെ മുന്‍നിര്‍ത്തി പ്രവര്‍ത്തിച്ചാല്‍ ഇതിനെയൊക്കെ അതിജീവിക്കാനാകും'- രോഗത്തോട് പൊരുതുന്ന കാലത്ത് കോടിയേരി പറഞ്ഞ ഈ വാക്കുകളായിരുന്നു അത്.

Content Highlights: Kodiyeri Balakrishnan, A outstanding comrade who exuded pragmatism


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


11:06

ആഫ്രിക്കക്കാര്‍ക്ക് ഫുട്‌ബോള്‍ ജീവിതം മാത്രമല്ല, അടിമക്കച്ചവടം കൂടിയാണ് | Second Half - 7

Dec 1, 2022

Most Commented