കിർസ്റ്റൻ ന്യുഷിഫർ | Photo: Getty Images
കഠിനമായ സമുദ്രപാതയായിരുന്നു, പ്രതിബന്ധങ്ങൾ ഏറെയുണ്ടായിരുന്നിട്ടും 'സമുദ്ര സാഹസികതയുടെ എവറസ്റ്റ്' കീഴടക്കി കിര്‍സ്റ്റന്‍ നോയിഷാഫർ ഒടുവില്‍ തീരം തൊട്ടു. ഗോള്‍ഡന്‍ ഗ്ലോബ് റേസില്‍ ഒന്നാമതെത്തുന്ന ആദ്യവനിതയെന്ന ചരിത്രത്തിലേക്ക് കൂടിയാണ് 39 വയസ്സുകാരിയായ ആ ധീരനാവിക കാലെടുത്തുവെച്ചത്. ഏതൊരു സമുദ്രസഞ്ചാരിയും ഭയപ്പെട്ടുപോകുന്ന അതിദുര്‍ഘട പാത പിന്നിട്ട് ഏപ്രില്‍ 27 വ്യാഴാഴ്ച ഇന്ത്യന്‍ സമയം അര്‍ധരാത്രിയോടെയാണ് കിര്‍സ്റ്റന്റെ മിനിഹാഹ എന്ന പായ്‌വഞ്ചി കരയണഞ്ഞത്.
ഗോള്‍ഡന്‍ ഗ്ലോബ് റേസിനുള്ള 16 അംഗ സംഘത്തിലെ ഏക വനിതയായിരുന്നു കിര്‍സ്റ്റന്‍. ഫ്രാൻസിലെ ലെ-സബ്ലെ ദെലോൻ തുറമുഖത്തുനിന്ന് 2022 സെപ്‌റ്റംബർ നാലിന് ആരംഭിച്ച യാത്ര 235 ദിവസവും അഞ്ച് മണിക്കൂറും 43 മിനുട്ടും 47 സെക്കന്റും കൊണ്ടാണ് കിര്‍സ്റ്റണ്‍ വിജയകരമായി പൂര്‍ത്തിയാക്കിയത്. 30,290 നോട്ടിക്കല്‍ മൈല്‍ ദൂരമാണ് (48000 കിലോ മീറ്റര്‍ ) ഫൈബര്‍ ഗ്ലാസ് ബോട്ടില്‍ ഒറ്റയ്ക്ക് മഹാസമുദ്രങ്ങളിലൂടെ അവര്‍ പിന്നിട്ടത്.
1988-ന് മുന്‍പുള്ള സംവിധാനങ്ങളുള്ള പായ്‌വഞ്ചികളാണ് ഗോള്‍ഡന്‍ ഗ്ലോബ് റേസില്‍ ഉപയോഗിക്കുക. ഓട്ടോപൈലറ്റ് സംവിധാനവും മറ്റ് ഇലക്ട്രേണിക് ഉപകരണങ്ങളടക്കം യാതൊരു ആധുനിക സാങ്കേതികവിദ്യയും ബോട്ടിലുണ്ടായിരിക്കില്ല എന്നതാണ് ഗോള്‍ഡന്‍ ഗ്ലോബ് റേസിന്റെ പ്രത്യേകത. വടക്കുനോക്കിയന്ത്രവും മാപ്പും ഉപയോഗിച്ചാണ് യാത്രികരുടെ സഞ്ചാരം.

സമുദ്രസാഹസികതയില്‍ മിനിഹാഹ എന്ന ബോട്ടായിരുന്നു തന്റെ കൂട്ടുകാരി എന്നാണ് മത്സരത്തിന് ശേഷം കിസ്റ്റന്‍ പ്രതികരിച്ചത്. "മിനിഹാഹയായിരുന്ന എന്റെ സര്‍വ്വവും. അവളോട് ഞാന്‍ ഒരുപാട് സംസാരിക്കുമായിരുന്നു. ദേഷ്യപ്പെടുമായിരുന്നു. സങ്കടം പറയുമായിരുന്നു. സ്‌നേഹിക്കുമായിരുന്നു. വേഗതയും ഗാംഭീര്യവമുള്ള ബോട്ടായിരുന്നു അവള്‍. ഞാനും അവളും തമ്മില്‍ പറഞ്ഞറിയിക്കാന്‍ പറ്റാത്ത തരത്തിലുള്ള ഒരു ബന്ധം ഉണ്ടായിരുന്നു. ഏറെവര്‍ഷം ഈ ബോട്ടിന്റെ നിര്‍മാണത്തിനായി ഞാന്‍ ചെലവഴിച്ചിട്ടുണ്ട്. എനിക്ക് താങ്ങാന്‍ കഴിയുന്ന വിലയിലുള്ള ബോട്ട് ആയിരുന്നില്ല, സമുദ്രപാതയിലെ സാഹസികത നേരിടാന്‍ കരുത്തുള്ള ഒന്നായിരുന്നു എന്റെ ലക്ഷ്യം. രജിസ്റ്റര്‍ ചെയ്തപ്പോള്‍ തന്നെ മത്സരം വിജയിക്കണമെന്ന കഠിനമായ ആഗ്രഹം എന്റെ മനസ്സില്‍ മുളപൊട്ടി. അതുകൊണ്ട് എന്റെ എല്ലാ തയ്യാറെടുപ്പുകളും അതിനനുസൃതമായിട്ടായിരുന്നു. കഴിവും പരിശ്രമവും ഭാഗ്യവും ചേര്‍ന്നതാണ് ഈ മത്സരമെന്ന് എനിക്കറിയാം. ആ സാഹസികതയാണ് ഞാന്‍ ഏറെയിഷ്ടപ്പെടുന്നത്. എന്നെ മുന്നോട്ട് നയിക്കുന്നത് പോലും സാഹസികതയോടുള്ള എന്റെ അടങ്ങാത്ത ആഗ്രഹമാണ്. പ്രതിബന്ധങ്ങളെ ഒറ്റയ്ക്ക് നേരിടാനാണ് എനിക്കിഷ്ടം. കാരണം എന്റെ ഉള്ളിലെ ശക്തിയേയും ദൗര്‍ബല്യത്തേയും തിരിച്ചറിയാന്‍ അവ സഹായിക്കും. സാഹസികതയെന്നാല്‍ എന്നിലേക്കുള്ള യാത്രകൂടിയാണ്."- കിര്‍സ്റ്റണ്‍ പറഞ്ഞു.
റേസിലെ ലിംഗപരമായ വിവേചനത്തെ കുറിച്ചും കിസ്റ്റണ്‍ സൂചിപ്പിച്ചു. "എനിക്ക് വിജയിക്കണമായിരുന്നു. പക്ഷെ, അത് സ്ത്രീ എന്ന നിലയിലായിരുന്നില്ല, ശക്തയായ ഒരു മത്സരാര്‍ഥി എന്ന നിലയിലായിരുന്നു. മറ്റൊരു വിഭാഗത്തില്‍ മത്സരിക്കാന്‍ ഞാന്‍ തയ്യാറായിരുന്നില്ല. ആണെന്നെ പെണ്ണെന്നോ ഇല്ലാതെ എല്ലാവര്‍ക്കുമൊപ്പം മത്സരിക്കണമെന്നായിരുന്നു എന്റെ ആഗ്രഹം. അത് നിറവേറിയിരിക്കുന്നു." അവര്‍ കൂട്ടിച്ചേര്‍ത്തു.
അതിസാഹസികമായിരുന്നു എട്ട് മാസത്തോളം നീണ്ട കിര്‍സ്റ്റന്റെ യാത്ര. അനുകൂലമായ കാറ്റ് പോലുമില്ലാതെ സമുദ്രത്തില്‍ നിലയുറപ്പിച്ച അവസ്ഥ പല തവണ അവര്‍ക്ക് നേരിടേണ്ടി വന്നു. പലപ്പോഴും ശക്തമായ കാറ്റും മഴയും വില്ലനായെത്തി. വലിയ തിരകള്‍ സഞ്ചാരത്തെ തടസ്സപ്പെടുത്താന്‍ ശ്രമിച്ചു. യാത്രയില്‍ അതിദുര്‍ഘടമായ അഞ്ചോളം മുനമ്പുകള്‍ കടക്കേണ്ടതുണ്ടായിരുന്നു. ആരോഗ്യം പലപ്പോഴും ക്ഷീണിച്ചെങ്കിലും മനസ്സ് ഒരിക്കലും തളര്‍ന്നിരുന്നില്ല. വിജയം കീഴടക്കാന്‍ മുന്നോട്ട് സഞ്ചരിച്ചു. മഴവെള്ളം ശേഖരിച്ച് ദാഹവും വിശപ്പുമടക്കി. എന്നോ മനസ്സിലെത്തിയ സ്വപ്‌നത്തിന് വേണ്ടി അവര്‍ അഹോരാത്രം പ്രയത്‌നിച്ചു. ഒടുവില്‍ കിര്‍സ്റ്റന്റെ പ്രയത്‌നമെല്ലാം സഫലമായി, തീരം തൊട്ടു.

കിർസ്റ്റന്റെ നേട്ടത്തെ അഭിനന്ദിക്കാനായി ഫിനിഷിങ് പോയിന്റിലെത്തിയലെ ലെ സാബ്ലെ ഡൊലോൺ മേയര്‍ യാനിക് മോറ്യൂ പറഞ്ഞത് ഇങ്ങനെയായിരുന്നു: ''ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ, സാഹസികതയേറിയ കായിക ഇനത്തില്‍ ഒരു വനിത ഒന്നാമതെത്തിയിരിക്കുന്നു. അവളുടെ ധൈര്യം, മനക്കരുത്ത്, ഹീറോയിസം ലോകത്തിന് മുന്നില്‍ ഒരു മാതൃക തീര്‍ത്തിരിക്കുകയാണ്. ലെ സാബ്ലെസില്‍ ഒരു ഇതിഹാസം പിറന്നതില്‍ ഞങ്ങള്‍ അഭിമാനിക്കുന്നു.
സമുദ്രത്തിലൂടെ വിജയദൂരം താണ്ടുക മാത്രമല്ല കിർസ്റ്റണ്‍ ചെയ്തത്. റേസിനിടെ അപകടത്തില്‍പ്പെട്ട സഹയാത്രികനായ ഫിന്നിഷ് നാവികന്‍ താപിയോ ലെഹ്റ്റിനനെ സഹായിക്കാനും കിർസ്റ്റണ്‍ സമയം ചെലവിട്ടിരുന്നു. ലെഹ്റ്റിന്റെ ബോട്ട് തെക്കേ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ മുങ്ങുകയായിരുന്നു. തുടര്‍ന്ന് 24 മണിക്കൂറിലധികം അദ്ദേഹത്തിന് സമുദ്രത്തില്‍ കഴിയേണ്ടിവന്നു. ലെഹ്റ്റിന് പിന്നാലെയെത്തിയ കിർസ്റ്റണാണ് അദ്ദേഹത്തെ രക്ഷപ്പെടുത്തിയത്. എന്നാല്‍, തന്റെ സഹമത്സരാര്‍ഥി കൂടിയായ ലെഹ്റ്റിനെ രക്ഷപ്പെടുത്തിയതിനെ പ്രശംസിക്കേണ്ട കാര്യമില്ലെന്നും തന്റെ സ്ഥാനത്ത് മറ്റേത് മത്സരാര്‍ഥി ആണെങ്കിലും ഇതു തന്നെയായിരിക്കും ചെയ്യുകയെന്നും കിർസ്റ്റണ്‍ പറഞ്ഞു.
ഫിനിഷിങ് പോയിന്റില്‍ തനിക്ക് കിട്ടിയ സ്വീകരണത്തെ അവിസ്മരണീയമെന്നാണ് കിര്‍സ്റ്റണ്‍ വിശേഷിപ്പിച്ചത്. ഈ ജനക്കൂട്ടവും ഹൃദ്യമായ സ്വീകരണവും തന്നെ സന്തോഷിപ്പിക്കുകയാണ്. ഇത് തന്റെ ആഗ്രഹമായിരുന്നു, അത് നിറവേറ്റിയെന്നും അവര്‍ പറഞ്ഞു. അടുത്ത പ്ലാന്‍ എന്താണെന്ന ചോദ്യത്തിന് വിദൂരമായ ഭാവിക്ക് വേണ്ടി താന്‍ ഒന്നും പ്ലാന്‍ ചെയ്യുന്നില്ല, ഏറ്റവും അടുത്ത്, ഉടന്‍ എനിക്ക് എന്തുചെയ്യാനാവുമെന്നാണ് ഞാന്‍ ആലോചിക്കുന്നത്. വളര്‍ത്തുപട്ടിക്കൊപ്പം കാടും മലയും കയറണം. കുറേ യാത്രകള്‍ നടത്തണം എന്നായിരുന്നു അവരുടെ മറുപടി.

കിര്‍സ്റ്റന്റെ ആദ്യത്തെ സാഹസിക യാത്രയല്ല ഗോള്‍ഡന്‍ ഗ്ലോബ്. ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് 2005-ല്‍ യൂറോപ്പില്‍നിന്ന് ദക്ഷിണാഫ്രിക്കയിലേക്ക് സൈക്കിളില്‍ ഒറ്റയ്ക്ക് സാഹസികയാത്ര നടത്തിയ ചരിത്രവും കിര്‍സ്റ്റണുണ്ട്. അന്ന് 12 ആഫ്രിക്കന്‍ രാജ്യങ്ങളിലൂടെയാണ് കിര്‍സ്റ്റണ്‍ സഞ്ചരിച്ചത്. 22 വയസ്സു മാത്രമായിരുന്നു അന്ന്. അതിനുശേഷമാണ് താനേറെ ഇഷ്ടപ്പെടുന്ന സമുദ്രസാഹസികതയിലേക്ക് കിര്‍സ്റ്റന്‍ എത്തിച്ചേര്‍ന്നത്. ഗോള്‍ഡന്‍ ഗ്ലോബ് റേസിന് മുന്‍പ് കിര്‍സ്റ്റന്‍ നടത്തിയ ഏറ്റവും ദൈര്‍ഘ്യമേറിയ സമുദ്രയാത്ര 2006-ലായിരുന്നു. പോര്‍ച്ചുഗലില്‍നിന്ന് ദക്ഷിണാഫ്രിക്കയിലേക്കാണ് അന്ന് അവര്‍ സഞ്ചരിച്ചത്. ഗോള്‍ഡന്‍ ഗ്ലോബിന് സമാനമായി ആധുനിക സൗകര്യങ്ങള്‍ അധികം ഉപയോഗിക്കാതെയായിരുന്നു ആ യാത്രയും.
അറ്റ്‌ലാന്റിക് സമുദ്രത്തിന്റെ സൗന്ദര്യം ക്യാമറയില്‍ പകര്‍ത്താനുള്ള സിനിമാസംഘങ്ങള്‍ക്കൊപ്പവും കിര്‍സ്റ്റന്‍ സ്ഥിരം സാന്നിധ്യമാവാറുണ്ട്. നാഷണല്‍ ജ്യോഗ്രഫിക് സംപ്രേഷണം ചെയ്ത വൈല്‍ഡ് ലൈഫ് റിസറക്ഷന്‍ അയര്‍ലന്റ് വിത് ബെര്‍ട്ടി ഗ്രിഗറി എന്ന സീരിസിലും കിര്‍സ്റ്റന്‍ മുഴുനീള സാന്നിധ്യമാണ്. സൗത്ത് ജോര്‍ജിയന്‍ സമുദ്രത്തിലൂടെയായിരുന്നു സീരിസിന് വേണ്ടി കിര്‍സ്റ്റന്റെ യാത്ര. ബി.ബി.സിയുടെ സെവന്‍ വേള്‍ഡ്‌സ് വണ്‍ പ്ലാനറ്റ് എന്ന സീരീസിനും കിര്‍സ്റ്റന്‍ സംഭാവന നല്‍കിയിട്ടുണ്ട്.

എന്താണ് ഗോള്‍ഡന്‍ ഗ്ലോബ് മത്സരം?
സമുദ്രസാഹസികതയുടെ ഉന്നതിയിലുള്ള പേരുകളിലൊന്നാണ് ഗോള്‍ഡന്‍ ഗ്ലോബ് റേസ്. സാഹസികരുടെ സ്വപ്‌നയാത്രയില്‍ പങ്കെടുക്കുന്നവര്‍ പായ്‌വഞ്ചിയിലാണ് സഞ്ചരിക്കേണ്ടത്. 1968-ലാണ് ആദ്യമായി റേസ് സംഘടിപ്പിച്ചത്. പായ്‌വഞ്ചിയില്‍ ഒറ്റയ്ക്ക് എവിടേയും നിര്‍ത്താതെ കടലിലൂടെ ലോകം ചുറ്റിവരുന്നതാണ് മത്സരം. ഇതിന്റെ ഓര്‍മയ്ക്കായി 2018-ലാണ് ഗോള്‍ഡന്‍ ഗ്ലോബ് മത്സരം പുനഃരാരംഭിച്ചത്. മത്സരത്തിന്റെ രണ്ടാം എഡിഷന്‍ 2022 സെപ്തംബര്‍ നാലിന് ഫ്രാന്‍സിലെ ലെ സാബ്‌ലെ ദെലോനില്‍നിന്നും ആരംഭിച്ചു. സമുദ്രദൂരങ്ങള്‍ താണ്ടി തുടങ്ങിയടത്തേക്ക് തിരിച്ചെത്തണം. 1968-ലെ മത്സരത്തില്‍ നാവികര്‍ ഉപയോഗിച്ച അതേ സാങ്കേതികവിദ്യയും സൗകര്യവും മാത്രമാണ് മത്സരാര്‍ഥികള്‍ക്ക് ഉപയോഗിക്കാനാവുക. 16 പേരാണ് ഇക്കുറി മത്സരത്തില്‍ പങ്കെടുത്തത്. അവസാനഘട്ടത്തില്‍ മലയാളിയായ അഭിലാഷ് ടോമിയുള്‍പ്പെടെ മൂന്ന് പേര്‍ മാത്രമാണ് ശേഷിച്ചത്. അഭിലാഷ് ടോമി രണ്ടാമതായും ഫിനിഷ് ചെയ്തു. ഓസ്ട്രിയന്‍ നാവികന്‍ മൈക്കല്‍ ഗുഗന്‍ബര്‍ഗര്‍ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ മൂന്നാമതായി ഫിനിഷ് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.
സാഹസിക യാത്രയുടെ നിബന്ധനകള്‍ ഇങ്ങനെ
അറ്റകുറ്റപ്പണികള്‍ക്കോ സഹായത്തിനോ മറ്റുള്ളവരെ വിളിച്ചാല്‍ മത്സരത്തില്‍നിന്ന് പുറത്താവും. നാവികര്‍ ചുരുങ്ങിയത് 21,600 നോട്ടിക്കല്‍ മൈല്‍ ദൂരം (ഏകദേശം 40,000 കിലോ മീറ്റര്‍) സഞ്ചരിക്കണം. എല്ലാ ധ്രുവരേഖകളും പിന്നിടുകയും ഭൂമധ്യരേഖ രണ്ടു തവണ കടക്കുകയും വേണം. ആരംഭിച്ച അതേ തുറമുഖത്താണ് മത്സരം അവസാനിപ്പിക്കേണ്ടത്. കേപ്പ് ഓഫ് ഗുഡ് ഹോപ്, കേപ് ഹോണ്‍, കേസ് ലീവിന്‍ എന്നീ മുനമ്പുകള്‍ പിന്നിടണം. ജി.പിഎസ്., ഇലക്ട്രോണിക് വിന്‍ഡ് ഇന്‍സ്ട്രമെന്റ്‌സ്, ഓട്ടോപൈലറ്റ് സംവിധാനം, ഇലക്ട്രോണിക് ലോഗ്, സാറ്റലൈറ്റ് ഫോണ്‍, ഡിജിറ്റല്‍ ക്യാമറ, കമ്പ്യൂട്ടര്‍, സിഡി പ്ലെയര്‍, പോക്കറ്റ് കാല്‍ക്കുലേറ്റര്‍, ഇലക്ട്രിക് ക്ലോക്ക്, ഇലക്ട്രിക് വാച്ച് തുടങ്ങി 1968-ല്‍ ഉപയോഗത്തില്‍ ഇല്ലാത്ത ഒന്നും മത്സരത്തില്‍ ഉപയോഗിക്കരുത്.
അപ്‌ഡേറ്റുകള്‍ക്കായി സാറ്റലൈറ്റ് ട്രാക്കിങ് സിസ്റ്റം, റേസ് നടത്തുന്ന ഹെഡ് ക്വാര്‍ട്ടേഴ്‌സിലേക്ക് മാത്രം ആശയവിനിമയം നടത്താന്‍ പറ്റുന്ന ടു വേ സാറ്റലൈറ്റ് ടെക്‌സ്റ്റ് പേജ് യൂണിറ്റ്, ഒരു ദിവസം നാല് ഷോര്‍ട്ട് മെസേജുകള്‍ അയക്കാന്‍ സാധിക്കുന്ന ചെറിയ സാറ്റലൈറ്റ് ഫോണ്‍, അടിയന്തരാവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ കഴിയുന്ന രണ്ട് ജി.പി.എസ്. ചാര്‍ട്ട് സൂക്ഷിച്ച ബോക്‌സ്, ഫിലിം ക്യാമറ, കാസറ്റ് ടേപ്പ്, നാവിഗേഷന്‍ ഉപകരണമായ സെക്സ്റ്റന്റ്, വിന്‍ഡ് അപ് ക്ലോക്ക്, ലോഗ്, വിന്‍ഡ് വെയിന്‍, ടൈപ്പ് റൈറ്റര്‍ എന്നിവയാണ് അനുവദനീയമായത്.

റേസിനിടെ ഇയാന്‍റെ ബോട്ട് കടലില്‍ മുങ്ങിപ്പോയിരുന്നു
| Photo: Getty Images
മൂന്ന് എഡിഷന്‍ മത്സരങ്ങള്‍ പൂര്‍ത്തിയാവുകയാണ്. ഇതുവരെ 43 പേര്‍ മാത്രമാണ് ഗോള്‍ഡന്‍ ഗ്ലോബ് റേസില്‍ പങ്കെടുത്തിരിക്കുന്നത്. ഇവരില്‍ മത്സരം പൂര്‍ത്തിയാക്കിയതാവട്ടെ എട്ടു പേർ. സഞ്ചാരത്തിന്റെ ആദ്യ എഡിഷനില്‍ ഒന്‍പതു പേരാണ് പങ്കെടുത്തത്. റോബിന്‍ വില്ല്യംസ് നോക്സ് മാത്രമാണ് (312 ദിവസമെടുത്ത്) യാത്ര പൂര്‍ത്തിയാക്കിയത്. ഇന്ത്യയിലെ ബോംബെയില്‍ നിര്‍മിച്ച സുഹൈലി എന്ന ബോട്ടിലാണ് റോബിന്‍ വില്ല്യംസ് യാത്ര പൂര്‍ത്തിയാക്കിയത്. മത്സരത്തില്‍ വിജയിച്ചതോടെ സമുദ്രത്തിലൂടെ ലോകസഞ്ചാരം നടത്തിയ ആദ്യത്തെയാളായി അദ്ദേഹം മാറി. അന്നത്തെ മത്സരത്തില്‍ ഒരു ബോട്ട് മുങ്ങിപ്പോകുകയും ഡൊണാള്‍ഡ് ക്രോഹസ്റ്റ് എന്ന നാവികന്‍ വിഷാദത്തിനടിപ്പെട്ട് ആത്മഹത്യ ചെയ്യുകയുമുണ്ടായി. 2018-ല്‍ 18 പേര്‍ പങ്കെടുത്തപ്പോള്‍ അഞ്ചു പേര്‍ക്കാണ് പൂര്‍ത്തിയാക്കാനായത്. കൊടുങ്കാറ്റ് അമ്മാനമാടുമ്പോള്‍ പായ്മരം ഒടിഞ്ഞ് പരിക്കേറ്റ മലയാളിയായ നാവികന്‍ അഭിലാഷ് ടോമിയെ ഫ്രഞ്ച് മീന്‍പിടിത്ത ബോട്ട് രക്ഷിക്കുകയായിരുന്നു.

ഗോള്‍ഡന്‍ ഗ്ലോബിന്റെ 54-ാം വാര്‍ഷികത്തില്‍ 2022-ലാണ് 16 മത്സരാര്‍ഥികളുമായി മൂന്നാം എഡിഷന്‍ റേസ് നടന്നത്. കേപ്ഹോണ്‍ മുനമ്പ് എന്ന സമുദ്രത്തിലെ എവറസ്റ്റ് എന്നറിയപ്പെടുന്ന കേപ് ഹോണ്‍ റേസിലെ വലിയ കടമ്പയാണ്. കാറ്റിനോടും കോളിനോടും മല്ലിട്ടുകൊണ്ടും അനുകൂലമായ കാറ്റിന്റെ ഗതിക്കുവേണ്ടി കാത്തിരുന്നുമെല്ലാമാണ് മത്സരം. ബോട്ടുകള്‍ക്ക് സംഭവിക്കാവുന്ന കേടുപാടുകള്‍ മത്സരത്തെ ബാധിക്കാം. 2022 എഡിഷനില്‍ സൈമണ്‍ കര്‍വന്‍ എന്ന നാവികന് സംഭവിച്ചതും അതുതന്നെയായിരുന്നു. നല്ല വേഗതയില്‍ സഞ്ചരിച്ചിരുന്ന കര്‍വന് പായ്മരം ഒടിഞ്ഞതിനെത്തുടര്‍ന്ന് ചിലിയില്‍ ബോട്ട് അടുപ്പിക്കേണ്ടിവന്നു. തുടര്‍ന്ന് അദ്ദേഹം മത്സരത്തില്‍നിന്ന് പുറത്തായി.

അഭിമാനം അഭിലാഷ് ടോമി
റേസില്‍ രണ്ടാമതായാണ് മലയാളി നാവികന്‍ അഭിലാഷ് ടോമി ഫിനിഷ് ചെയ്തത്. റേസ് പൂര്‍ത്തിയാക്കുന്ന ആദ്യ ഏഷ്യക്കാരന്‍ കൂടിയാണ് ഇദ്ദേഹം. അഭിലാഷിന്റെ ബോട്ടായ ബയാനത്തിനും ഇത്തവണ കേടുപാട് പറ്റിയിരുന്നു. കാറ്റിന്റെ സഞ്ചാരദിശ കണ്ടുപിടിക്കാന്‍ ഉപയോഗിക്കുന്ന വിന്‍ഡ് വെയ്ന്‍ തകരാറിലായി. പകരം ഉപയോഗിക്കാന്‍ കൈയിലുണ്ടായിരുന്നവ തീര്‍ന്നു. ഒടുവില്‍ വഞ്ചിയിലെ ടോയ്‌ലെറ്റിന്റെ വാതില്‍ അറുത്തെടുത്ത് വിന്‍ഡ് വെയ്ന്‍ ഉണ്ടാക്കി. അഭിലാഷ് മോഡല്‍ എന്നാണ് ഇതിനെ വിശേഷിപ്പിച്ചത്. ശ്രദ്ധയോടെയും കരുതലോടെയും സഞ്ചരിച്ച അഭിലാഷ് 236 ദിവസവും 14 മണിക്കൂറും 46 മിനിറ്റും കൊണ്ടാണ് തീരമണഞ്ഞത്. കോട്ടയം ചങ്ങനാശ്ശേരി സ്വദേശിയാണ് അഭിലാഷ് ടോമി. റിട്ട. ലഫ്റ്റനന്റ് കമാൻഡർ വി.സി.ടോമി. അമ്മ വൽസമ്മ ടോമി എന്നിവരാണ് അഭിലാഷിന്‍റെ മാതാപിതാക്കള്‍. ഭാര്യ: ഉർമിമാല. മക്കൾ: വേദാന്ത്, അഭ്രനീൽ. അബുദാബിയിലെ ബയാനത്ത് ഗ്രൂപ്പാണ് അഭിലാഷിന്റെ മുഖ്യ പ്രായോജകർ. കോഴിക്കോട്ടെ ജെല്ലിഫിഷ് വാട്ടർ സ്പോർട്‌സ് ആണ് ഇന്ത്യയിൽനിന്നുള്ള ഏക സഹപ്രായോജകർ.
കൊച്ചി ഉൾപ്പെടെ രാജ്യത്തെ ആറു കേന്ദ്രീയവിദ്യാലയങ്ങളിലായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കയതിന് ശേഷം ഗോവ നാവിക അക്കാദമിയില്‍ ചേര്‍ന്നു. 2000 ജൂലായിൽ നാവികസേനയിൽ ഓഫീസറായി നിയമനം ലഭിച്ചു. നേവൽ ഏവിയേഷൻ വിഭാഗത്തിൽ പൈലറ്റായി. 1300 മണിക്കൂർ പറക്കൽ പരിചയമാണ് അഭിലാഷിനുള്ളത്. നാവികസേനയുടെ കീഴിൽ സെയ്‌ലിങ് പരിശീലനം നേടി വിവിധ പായ്‌വഞ്ചി യാത്രകളിൽ പങ്കാളിയായി. ലോകം ചുറ്റിവരികയെന്ന ദൗത്യത്തിന് നാവികസേനയാണ് അഭിലാഷിനെ നിയോഗിച്ചത്. 151 ദിവസംകൊണ്ട് പൂർത്തിയാക്കി ഒരിടത്തും നിർത്താതെ ഒറ്റയ്ക്ക് പായ്‌ക്കപ്പലിൽ ലോകം ചുറ്റിയ ആദ്യ ഇന്ത്യക്കാരനായി. ‘കടൽ ഒറ്റയ്ക്കു ക്ഷണിച്ചപ്പോൾ’ എന്ന പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്. അഭിലാഷിന്‍റെ ധീരതയ്ക്ക് കീർത്തിചക്ര നൽകി രാജ്യം ആദരിച്ചിട്ടുണ്ട്.
Content Highlights: Kirsten Neuschäfer becomes first woman to win historic Golden Globe Race
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..