കിമ്മിനെ ചൊടിപ്പിച്ച് ബൈഡനും സുക് യോളും; മുന്നറിയിപ്പുമായി കിമ്മിന്‍റെ സഹോദരി


By അശ്വതി അനില്‍ | aswathyanil@mpp.co.in

6 min read
Read later
Print
Share

ബലപരീക്ഷണത്തിനാണ് ഒരുക്കമെങ്കില്‍ ഒരു കൈ നോക്കാന്‍ ഞങ്ങളുമുണ്ടെന്ന ധ്വനിയിലുള്ള ഉത്തര കൊറിയയുടെ മുന്നറിയിപ്പ് രണ്ട് പക്ഷങ്ങളും തമ്മിലുള്ള ശത്രുത വര്‍ധിപ്പിക്കുന്നുവെന്ന സൂചനയാണ് പുറത്തുവിടുന്നത്. 

ജോ ബൈഡനും യൂൻ സുക് യോളും കൂടിക്കാഴ്ച നടത്തുന്നു, കിം ജോങ് ഉന്നിൻറെ സഹോദരി കിം യോ ജോങ് | Photo: AP/AFP

വാഷിങ്ടണില്‍ നിങ്ങള്‍ ഒപ്പുവെച്ച കരാര്‍ കൂടുതല്‍ അപകടം വിളിച്ചുവരുത്തും, സമാധാനവും സുരക്ഷയും ഉറപ്പാക്കുന്നതിനു പകരം കൂടുതല്‍ പ്രകോപനപരമായ നടപടിയാണ് നിങ്ങള്‍ സ്വീകരിച്ചിരിക്കുന്നത്. ഞങ്ങള്‍ക്ക് ഇത് അംഗീകരിക്കാനാവില്ല.. !

ഉത്തര കൊറിയയെ നേരിടാനായി യു.എസും ദക്ഷിണ കൊറിയയും വാഷിങ്ടണില്‍ കരാറില്‍ ഒപ്പുവെച്ചെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെ ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നിന്റെ സഹോദരി കിം യോ ജോങ് പ്രതികരിച്ചത് ഇങ്ങനെയായിരുന്നു. ആണവായുധ പ്രയോഗം നടത്തിയാല്‍ കിമ്മിന്റെ ഭരണത്തിന് അന്ത്യം കുറിക്കുമെന്ന യു.എസ്സിന്റേയും ദക്ഷിണ കൊറിയയുടേയും പ്രഖ്യാപനമാണ് കിം യോ ജോങ്ങിനെ ചൊടിപ്പിച്ചത്. ബലപരീക്ഷണത്തിനാണ് ഒരുക്കമെങ്കില്‍ ഒരു കൈ നോക്കാന്‍ ഞങ്ങളുമുണ്ടെന്ന ധ്വനിയിലുള്ള ഉത്തര കൊറിയയുടെ മുന്നറിയിപ്പ് രണ്ട് പക്ഷങ്ങളും തമ്മിലുള്ള ശത്രുത വര്‍ധിപ്പിക്കുന്നുവെന്ന സൂചനയാണ് പുറത്തുവിടുന്നത്.

പ്രകോപിപ്പിച്ച് സുക് യോളും ബൈഡനും

അമേരിക്കയും കൊറിയയും ഉള്‍പ്പെടെയുള്ള ലോകരാഷ്ട്രങ്ങള്‍ക്ക് ഭീഷണി ഉയര്‍ത്തി കിം തന്റെ ശക്തിപരീക്ഷണങ്ങള്‍ തുടരുന്നതിനിടെയാണ് ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് യൂന്‍ സുക് യോളും യു.എസ്. പ്രസിഡന്റ് ജോ ബൈഡനും വാഷിങ്ടണില്‍ കൂടിക്കാഴ്ച നടത്തിയത്. ഉച്ചകോടിയില്‍ തീരുമാനിച്ചത് പ്രകാരം ദക്ഷിണ കൊറിയയുടെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ അമേരിക്ക പിന്തുണയ്ക്കും. ഇതിനായി അമേരിക്കയുടെ തന്ത്രപ്രധാന സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തും. കൂടിക്കാഴ്ചയ്ക്ക് ശേഷം ഇരുവരും ചേര്‍ന്ന് നടത്തിയ സംയുക്ത പ്രസ്താവനയില്‍ ഉത്തര കൊറിയയെ പരാമര്‍ശിക്കുന്ന ഭാഗം ഇങ്ങനെയായിരുന്നു:

"മുന്‍പില്ലാത്ത തരത്തില്‍ നിരവധി ഭീഷണികള്‍ ഒന്നിച്ച് നേരിടുകയാണ് ഞങ്ങള്‍. ലോകസമാധാനത്തിനും സമൃദ്ധിക്കും വേണ്ടി സംഭാവന നല്‍കുന്ന നീതിനിഷ്ഠമായ സഖ്യമെന്ന നിലയില്‍ ഉത്തര കൊറിയയില്‍നിന്ന് വരുന്ന ഈ പ്രതിസന്ധിയെയും സഖ്യം സംയുക്തമായി മറികടക്കാനുള്ള ശ്രമത്തിലാണ്. അതിനായി ഇരു രാജ്യങ്ങളും തമ്മില്‍ സൈനിക-പ്രതിരോധ സഹകരണം ശക്തമാക്കും. ഉത്തര കൊറിയയുടെ ആണവ, മിസൈല്‍ ഭീഷണികള്‍ക്കെതിരെ ഇരു രാജ്യങ്ങളും പ്രതിരോധം ശക്തമാക്കും. ഉത്തര കൊറിയയുടെ ഭാഗത്തുനിന്ന് ആണവായുധ പ്രയോഗം ഉണ്ടായാല്‍ കൂട്ടായ പ്രതിരോധം തീര്‍ക്കും. അമേരിക്കയുടെ ആണവായുധങ്ങള്‍ ഉള്‍പ്പെടെയുള്ള സഖ്യത്തിന്റെ മുഴുവന്‍ ശക്തിയും ഉപയോഗിക്കും. ഞങ്ങള്‍ ഞങ്ങളുടെ എല്ലാ ശക്തിയും സംയോജിപ്പിക്കും. ആവശ്യമെങ്കില്‍ യു.എസ്. സേനയെ ദക്ഷിണ കൊറിയയില്‍ വിന്യസിക്കും. ഈ പ്രതിസന്ധിയെ അമേരിക്കയും ദക്ഷിണ കൊറിയയും ഒന്നിച്ച് അതിജീവിക്കാന്‍ ശ്രമിക്കുകയാണ്."

1953-ലെ സംയുക്ത പ്രതിരോധ കരാര്‍ പ്രകാരം സഖ്യകക്ഷിയായ ദക്ഷിണ കൊറിയയെ സഹായിക്കാന്‍ ബാധ്യസ്ഥരാണ് അമേരിക്ക. ദക്ഷിണ കൊറിയയ്‌ക്കെതിരേ നിരന്തരം ഭീഷണി ഉയര്‍ത്തുന്ന ഉത്തര കൊറിയ തലസ്ഥാനമായ പ്യോങ്ങ്യാങ്ങില്‍ എപ്പോള്‍ വേണമെങ്കില്‍ പ്രയോഗിക്കാന്‍ കഴിയുന്ന രീതിയില്‍ ആണവായുധശേഖരം കരുതിയിട്ടുണ്ടെന്നാണു നേരത്തെ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. ഉത്തര കൊറിയ ഉയര്‍ത്തുന്ന ഭീഷണി പ്രതിരോധിക്കാനായാണ് അമേരിക്കയുടെ സഹായം ദക്ഷിണ കൊറിയ തേടിയിരിക്കുന്നത്. ഇതുപ്രകാരം ആണവായുധ ശേഷിയുള്ള അന്തര്‍വാഹിനികളും ആണവായുധം പ്രയോഗിക്കാന്‍ സാധിക്കുന്ന ബോംബറുകളും കൊറിയന്‍ തീരത്ത് അമേരിക്ക വിന്യസിക്കും. അതേസമയം, ദക്ഷിണ കൊറിയ ആണവായുധം നിര്‍മിക്കില്ല.

ജോ ബൈഡനും യൂൻ സുക് യോളും സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ | Photo: AFP

മറുപടിയുമായി ഉത്തര കൊറിയ

ഏറെ നാളായി നടക്കുന്ന ചര്‍ച്ചകളുടെ ഫലമായിരുന്നു വാഷിങ്ടണിൽല്‍വെച്ച് നടന്ന കൂടിക്കാഴ്ചയും കരാറും. ആറ്‌ ആണവപരീക്ഷണങ്ങള്‍ കിം ഇതുവരെ നടത്തിക്കഴിഞ്ഞു. ബലപരീക്ഷണങ്ങള്‍ നിര്‍ബാധം തുടരുന്നതിനിടെ അമേരിക്കയും ദക്ഷിണ കൊറിയെയും ആണവായുധ വിന്യാസവുമായി ബന്ധപ്പെട്ട് കരാറില്‍ ഏര്‍പ്പെട്ടത് ഉത്തര കൊറിയയെ പ്രകോപ്പിച്ചിട്ടുമുണ്ട്.

വാഷിങ്ടണില്‍ ഒപ്പുവെച്ച കരാര്‍ അപകടം വിളിച്ചുവരുത്തുന്നതെന്ന് ഏകാധിപതി കിം ജോങ് ഉന്നിന്റെ സഹോദരി കിം യോ ജോങ് പ്രതികരിച്ചു. കൊറിയന്‍ മേഖലയില്‍ സമാധാനവും സുരക്ഷയും ഉറപ്പാക്കുന്നതിനുപകരം കൂടുതല്‍ പ്രകോപനപരമായ നടപടിയാണ് യു.എസും സഖ്യകക്ഷിയും സ്വീകരിച്ചത്. അമേരിക്ക‑ദക്ഷിണ കൊറിയന്‍ കരാര്‍ വടക്കുകിഴക്കന്‍ ഏഷ്യയുടെയും ലോകത്തിന്റെയും സമാധാനവും സുരക്ഷയും കൂടുതല്‍ അപകടത്തിലേക്ക് നയിക്കുകയുള്ളൂവെന്നും ഇത് ഒരിക്കലും സ്വാഗതം ചെയ്യാന്‍ കഴിയാത്ത പ്രവൃത്തിയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ഉത്തര കൊറിയ നടത്തുന്ന ആണവായുധ പരീക്ഷണങ്ങള്‍, പ്രതിരോധം ശക്തിപ്പെടുത്തുക, കൂടുതല്‍ ശേഷിയുള്ള ആയുധങ്ങള്‍ പ്രയോഗിക്കാനുള്ള പരിശീലനം നേടുക എന്നീ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയുള്ളതാണെന്ന് ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുള്ളതാണ്. എന്നാല്‍, കൊറിയന്‍ മേഖലയില്‍ ശത്രുക്കള്‍ എത്രത്തോളം സൈനികാഭ്യാസങ്ങള്‍ സംഘടിപ്പിക്കുന്നുവോ, എത്രത്തോളം ആണവായുധങ്ങള്‍ വിന്യസിക്കുന്നുവോ അതിനെക്കാള്‍ കരുത്തുറ്റ ആണവപരീക്ഷണങ്ങള്‍ ഉത്തരകൊറിയ നടത്തും. അത് സ്വയം പ്രതിരോധത്തിനുള്ള ഞങ്ങളുടെ അവകാശമാണ്.'' - ജോങ് പറഞ്ഞു.

ബെെഡന്റെ പരാമര്‍ശം അദ്ദേഹത്തിന്റെ പ്രായത്തിലുള്ള ഒരു വ്യക്തിയില്‍നിന്നുള്ള തെറ്റായ പരാമര്‍ശം മാത്രമായി തള്ളിക്കളയുന്നില്ലെന്നും കിം യോ ജോങ് പറഞ്ഞു. ശത്രുക്കള്‍ ആണവ യുദ്ധാഭ്യാസങ്ങള്‍ നടത്തുകയും കൊറിയന്‍ ഉപദ്വീപിന്റെ പരിസരത്ത് അവര്‍ കൂടുതല്‍ ആണവ വസ്തുക്കള്‍ വിന്യസിക്കുകയും ചെയ്യുമ്പോള്‍ പ്രതിരോധം ശക്തമാക്കാനുള്ള അവകാശം തങ്ങള്‍ക്കും ഉണ്ടെന്നും കിം യോ ജോങ് വ്യക്തമാക്കി.

ആണവായുധപ്രയോഗം നടത്തിയാല്‍ കിമ്മിന്റെ ഭരണത്തിന് അന്ത്യംകുറിക്കുമെന്ന ഇരുരാജ്യങ്ങളുടെയും പ്രഖ്യാപനമാണ് അവരെ ചൊടിപ്പിച്ചത്. യു.എസ്.-കൊറിയ കൂടിക്കാഴ്ചയ്ക്കും തങ്ങള്‍ക്കെതിരേയുള്ള മുന്നറിയിപ്പിനും ഉത്തര കൊറിയയുടെ ഭാഗത്തുനിന്നുണ്ടാകുന്ന ആദ്യമറുപടിയാണ് കിം യോ ജോങ്ങിന്റെ പ്രതികരണം. രാജ്യത്തെ ഔദ്യോഗിക മാധ്യമം കെ.സി.എന്‍.എ. ആണ് യോ ജോങ്ങിന്റെ പ്രതികരണം റിപ്പോര്‍ട്ട് ചെയ്തത്.

ദക്ഷിണകൊറിയയിലേക്ക് അമേരിക്കന്‍ അന്തര്‍വാഹിനി

സൈനിക പ്രതിരോധ സഹായം നല്‍കുമെന്ന് ബൈഡന്‍ ഉറപ്പറിയിച്ചതിന് പിന്നാലെ ഒരു ദശാബ്ദത്തിനിടെ ആദ്യമായി യു.എസ്. ആണവ അന്തര്‍വാഹിനി ദക്ഷിണ കൊറിയന്‍ തുറമുഖം സന്ദര്‍ശിച്ചു. 1980-കള്‍ക്ക് ശേഷം അദ്യമായാണ് അമേരിക്കന്‍ ആണവ അന്തര്‍വാഹിനി ദക്ഷിണ കൊറിയയിലെത്തുന്നത്. ദക്ഷിണ കൊറിയയ്‌ക്കെതിരേ ആണവായുധം പ്രയോഗിക്കുന്നതിന് മുന്‍പ് ഉത്തര കൊറിയയെ രണ്ടാമതൊന്ന് ചിന്തിപ്പിക്കാന്‍ കൂടിയാണ് കൊറിയയിലേക്ക് യു.എസ്. ആണവായുധങ്ങള്‍ അടങ്ങിയ അന്തര്‍വാഹിനി അയച്ചിരിക്കുന്നത്.

യു.എസ്. നാവികസേനയ്ക്ക് ആണവായുധ സംവിധാനമുള്ള 14 ഒഹിയോ ക്ലാസ് അന്തര്‍വാഹിനികളാണുള്ളത്. ഇതില്‍ എട്ടെണ്ണം വാഷിങ്ടണ്ണിലും ആറെണ്ണം ജോര്‍ജിയയിലുമാണ് വിന്യസിച്ചിരിക്കുന്നത്. 560 അടി വലിപ്പമുള്ള അന്തര്‍വാഹിനികള്‍ 'ബൂമേര്‍സ്' എന്നാണ് അറിയപ്പെടുന്നത്. ആയുധങ്ങളടങ്ങിയ ഒരു അന്തര്‍വാഹിനിക്ക് 18,000 ടണ്‍ വരെ ഭാരമുണ്ടാകും.

ഒഹിയോ ക്ലാസ്സിലുള്‍പ്പെട്ട അന്തര്‍വാഹിനിയെ 77 ദിവസം വരെ തുടര്‍ച്ചയായി കടലില്‍ വിന്യസിക്കാം. അതിനു ശേഷം അറ്റകുറ്റപ്പണികള്‍ക്കായി 35 ദിവസം തുറമുഖത്തേക്ക് മാറ്റും. അന്തര്‍വാഹിനിക്കുള്ളില്‍ രണ്ട് ക്രൂ അംഗങ്ങള്‍ വീതമാണുണ്ടാവുക. ഇവര്‍ ഗോള്‍ഡ് എന്നും ബ്ലൂ എന്നുമാണ് അറിയപ്പെടുന്നത്.

20 ട്രൈഡന്റ് 2 ബാലിസ്റ്റിക് മിസൈലുകളാണ് ഓരോ ഒഹിയോ ക്ലാസ് അന്തര്‍വാഹിനികളിലുണ്ടാവുക.74,000 കിലോ മീറ്ററാണ് മിസൈലുകളുടെ ലക്ഷ്യപരിധി. അതായത് കൊറിയന്‍ തീരത്തുനിന്ന് തൊടുത്തുവിടുന്ന മിസൈലുകള്‍ക്ക് ഉത്തര കൊറിയയിലേക്കും വേണമെങ്കില്‍ പസഫികിലേക്കും ഇന്ത്യന്‍ മഹാസമുദ്രത്തിലേക്കും ആര്‍ക്ടിക് സമുദ്രത്തിലേക്കും സഞ്ചരിക്കാന്‍ സാധിക്കും. ഓരോ ട്രൈഡന്റ് മിസൈലിനും ഒന്നിലധികം വാര്‍ഹെഡ്ഡുകളെ ഒന്നിച്ച് വഹിക്കാനാവും. ഇവയ്ക്ക് ഒരേസമയം വിവിധ ദിശകളിലേക്കും അയക്കാം. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, ഒരു ട്രൈഡന്റ്-സായുധ വിഭാഗത്തിന് ഉത്തര കൊറിയയെ മുഴുവന്‍ നശിപ്പിക്കാന്‍ കഴിയുമെന്ന് അര്‍ഥം.

Photo: AP

8 ലക്ഷം പേര്‍ സൈനിക സേവനത്തിന്; ശക്തി കൂട്ടി ഉത്തരകൊറിയ

അമേരിക്കയടക്കമുള്ള ശത്രുക്കള്‍ക്കെതിരെ പോരാടാന്‍ രാജ്യത്തെ യുവാക്കള്‍ തയ്യാറാണെന്ന് അടുത്തിടെയാണ് കിം പ്രഖ്യാപിച്ചത്. എട്ട് ലക്ഷം പേര്‍ സൈനിക സേവനത്തിന് സന്നദ്ധരായി എത്തിയിട്ടുണ്ടെന്നായിരുന്നു കിമ്മിനെ ഉദ്ധരിച്ച് ഉത്തര കൊറിയയിലെ ഔദ്യോഗിക പത്രമായ റോഡോങ് സിന്‍മം റിപ്പോര്‍ട്ട് ചെയ്തത്. ഉത്തര കൊറിയയുടെ ശത്രുക്കളെ പൂര്‍ണമായി തുടച്ചുനീക്കുമെന്നും ഇരു കൊറിയകളെയും ഏകീകരിക്കുമെന്നും സന്നദ്ധ പ്രവര്‍ത്തകര്‍ പ്രതിജ്ഞ ശത്രുരാജ്യങ്ങള്‍ക്കെതിരായ നീക്കങ്ങള്‍ക്ക് ഈ യുവാക്കള്‍ ശക്തി പകരുമെന്നും റോഡോങ് സിന്‍മ റിപ്പോര്‍ട്ട് ചെയ്തു.

ഉത്തര കൊറിയയുടെ സ്വാതന്ത്ര്യവും ജീവിക്കാനുള്ള അവകാശവും നശിപ്പിക്കാനുള്ള അമേരിക്കയടക്കമുള്ള രാജ്യങ്ങളുടെ നീക്കത്തിനെതിരെയാണ് യുവാക്കള്‍ രംഗത്തിറങ്ങിയത് എന്നായിരുന്നു ഉത്തര കൊറിയയുടെ അവകാശവാദം. അമേരിക്കയും ദക്ഷിണ കൊറിയയും ചേര്‍ന്ന് സംയുക്ത സെനിക അഭ്യാസങ്ങള്‍ നടത്തുന്നതിനിടെയായിരുന്നു പ്രതികരണമെന്നോണം റോഡോങ് സിന്‍മ ഈ റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ഉത്തര കൊറിയയില്‍ നിര്‍ബന്ധിത സൈനിക സേവന വ്യവസ്ഥയുണ്ട്. രാജ്യത്തെ എല്ലാ പുരുഷന്മാരും കുറഞ്ഞത് 10 വര്‍ഷവും സ്ത്രീകള്‍ കുറഞ്ഞത് മൂന്ന് വര്‍ഷവും സൈന്യത്തില്‍ സേവനമനുഷ്ഠിക്കണം.

കിം ജോങ് ഉന്‍ | Photo: AP

ചെറുതും വലുതുമായി ഇരുപതിലധികം മിസൈല്‍ പരീക്ഷണങ്ങള്‍ ഈ വര്‍ഷം മാത്രം ഉത്തര കൊറിയ നടത്തിയിട്ടുണ്ട്. ജനുവരി മുതല്‍ മാര്‍ച്ച് വരെ മൂന്ന് മാസത്തില്‍ 11 പരീക്ഷണങ്ങളാണ് നടത്തിയത്. ഭൂഖണ്ഡാന്തര മിസൈലുകളും ഇവയില്‍ ഉള്‍പ്പെടുന്നുണ്ട്. രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോഴും മിസൈല്‍ പരീക്ഷണത്തിലൂടെയുള്ള ഉത്തര കൊറിയയുടെ ശക്തിപ്രകടനത്തിനെതിരേയും വിമര്‍ശനങ്ങളുയര്‍ന്നിരുന്നു.

എന്തുകൊണ്ട് ശത്രുത?

1950 മുതല്‍ ഉത്തര കൊറിയയും ദക്ഷിണ കൊറിയയും തമ്മില്‍ സംഘര്‍ഷം നിലനില്‍ക്കുന്നുണ്ട്. വിഭജനവും അനുബന്ധ പ്രശ്‌നങ്ങളുമായിരുന്നു പ്രധാന കാരണം. രണ്ടാം ലോകമഹായുദ്ധത്തിന്റെ അവസാനകാലത്താണ് അമേരിക്കയും സോവിയറ്റ് യൂണിയനും ചേര്‍ന്ന് കൊറിയയെ തെക്കും വടക്കുമാക്കി വിഭജിച്ചത്. ദക്ഷിണ കൊറിയ റിപ്പബ്ലിക് ഓഫ് കൊറിയ എന്നും ഉത്തര കൊറിയ ഡെമോക്രാറ്റിക് പീപ്പിള്‍സ് റിപ്പബ്ലിക് ഓഫ് കൊറിയ എന്നും അറിയപ്പെട്ടു. വിഭജിക്കപ്പെട്ടപ്പോള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാവ് കിം ഇല്‍ സുങ് ഉത്തര കൊറിയയുടെ രാഷ്ട്രത്തലവനായി. എന്നാല്‍, രാഷ്ട്രത്തെ വിഭജിച്ചത് ഉത്തര കൊറിയ ഒരിക്കലും അംഗീകരിച്ചിരുന്നില്ല. അതിനാല്‍ രണ്ട് രാജ്യങ്ങളെയും ഒന്നാക്കാന്‍ കിം ഇല്‍ സുങ് സോവിയറ്റ് യൂണിയനെയും ചൈനയെയും സമീപിച്ചു. 1950 ജൂണ്‍ 25 ന് ഉത്തര കൊറിയന്‍ സൈന്യം ദക്ഷിണ കൊറിയയെ ആക്രമിച്ചു. മൂന്ന് വര്‍ഷം നീണ്ടുനിന്ന ആ യുദ്ധത്തിനൊടുവില്‍ ഉത്തര കൊറിയ സോള്‍ പിടിച്ചെടുത്തു.

അന്ന് സോവിയറ്റ് യൂണിയനും ചൈനയുമാണ് ഉത്തര കൊറിയക്ക് പിന്തുണ നല്‍കിയിരുന്നത്. എതിര്‍വശത്ത് ദക്ഷിണ കൊറിയക്കൊപ്പം അമേരിക്കന്‍ നേതൃത്വത്തിലുള്ള യു.എന്‍. സഖ്യസേനയും നിരന്നു. യു.എന്‍. സഖ്യസേനയില്‍ 16 രാജ്യങ്ങളില്‍ നിന്നുള്ള ഒന്നരലക്ഷത്തോളം സെനികരാണ് ഉണ്ടായിരുന്നത്. അന്നത്തെ യുദ്ധത്തില്‍ ഇരുപക്ഷത്തുമായി ലക്ഷക്കണക്കിന് സൈനികരാണ് കൊല്ലപ്പെട്ടത്. നഗരങ്ങളും ഗ്രാമങ്ങളും തകര്‍ക്കപ്പെട്ടു. 1950 ജൂണ്‍ 25-ന് ആരംഭിച്ച യുദ്ധം 1953 ജൂലൈ 27-ന് സമാധാന ഉടമ്പടി ഒപ്പുവെച്ചതോടെയാണ് അവസാനിച്ചത്. യുദ്ധം അവസാനിപ്പിക്കാനുള്ള ഉടമ്പടിയിലെത്തിയെങ്കിലും ഇതുവരെ സമാധാന കരാറിലെത്താന്‍ രണ്ട് കൊറിയകളുടെയും നേതൃത്വത്തിനായിട്ടില്ല. തങ്ങളാണ് യഥാര്‍ഥ കൊറിയയെന്നും യഥാര്‍ഥ സര്‍ക്കാരെന്നും ഇരുകൂട്ടരും വാദിക്കുന്നു. വര്‍ഷം കഴിയുന്തോറും തര്‍ക്കങ്ങള്‍ പരസ്യമായി. ഉത്തര കൊറിയ പ്രകോപനങ്ങള്‍ തുടര്‍ന്നു. ശത്രുത രൂക്ഷമായി.

അമേരിക്കയും ജപ്പാനുമടക്കമുള്ള രാഷ്ട്രങ്ങള്‍ സൈനികസഹായമുള്‍പ്പെടെ നല്‍കി ദക്ഷിണ കൊറിയയെ പിന്തുണയ്ക്കുമ്പോള്‍ ചൈനയാണ് ഉത്തര കൊറിയയുടെ പ്രധാന മിത്രം. ഏറ്റവുമടുത്ത് യു.എസ്.- ദക്ഷിണ കൊറിയ ഉച്ചകോടിക്ക് ശേഷം ചൈന നല്‍കിയ മുന്നറിയിപ്പ് ' ഉത്തര കൊറിയയെ പ്രകോപിപ്പിക്കരുത്' എന്നായിരുന്നു. എല്ലാവരും കൊറിയ നേരിടുന്ന പ്രശ്‌നത്തെ തിരിച്ചറിയുകയും ഒത്തുതീര്‍പ്പില്‍ പങ്കുചേരുകയും വേണം. ബോധപൂര്‍വം സംഘര്‍ഷം ഇളക്കി വിടുകയോ പ്രകോപനമുണ്ടാക്കുകയോ ചെയ്യരുത് എന്ന് ചൈനയുടെ വിദേശകാര്യമന്ത്രാലയം വക്താവ് മാവോ നിംഗ് പറഞ്ഞു.

ജപ്പാനും ഉത്തര കൊറിയ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ദക്ഷിണ കൊറിയയും അമേരിക്കയും ചേര്‍ന്ന പ്രഖ്യാപിച്ച ന്യൂക്ലിയന്‍ കണ്‍സള്‍ട്ടീവ് ഗ്രൂപ്പില്‍ ചേരരുത് എന്നാണ് ജപ്പാന് ഉത്തര കൊറിയയുടെ വിദേശകാര്യമന്ത്രാലയം നല്‍കിയ മുന്നറിയിപ്പ്. 'അമേരിക്കയുടെ നേതൃത്വത്തിലുള്ള സൈനിക സഖ്യത്തിലേക്ക് ചേരാന്‍ ജപ്പാന്‍ ശ്രമിക്കുകയാണെങ്കില്‍ അത് വടക്കുകിഴക്കന്‍ ഏഷ്യയെ അസ്ഥിരതയിലേക്ക് തള്ളിവിടുകയും ഒടുവില്‍ ഒരിക്കലും അവസാനിക്കാത്ത യുദ്ധത്തിലേക്ക് എത്തിച്ചേരുകയും ചെയ്യും എന്നാണ് ഉത്തര കൊറിയന്‍ വിദേശകാര്യമന്ത്രാലയം പ്രതിനിധി കിം സോള്‍ ഹ്വ പ്രതികരിച്ചത്. അടുത്തിടെ 12 വര്‍ഷത്തെ ശീതയുദ്ധം അവസാനിപ്പിച്ച് ദക്ഷിണ കൊറിയയിലെത്തിയ ജപ്പാന്‍ പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദയെ സൂചിപ്പിച്ചായിരുന്നു കിമ്മിന്റെ അഭിപ്രായം.

Content Highlights: Kim Jong Un’s sister warns US-S Korea pact risks ‘serious danger’

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Brijbhushan
Premium

7 min

ബ്രിജ്ഭൂഷണ് മുന്നില്‍ എല്ലാം വഴി മാറും, ഇനി സന്യാസിമാരുടെ മാർച്ച്; മാറ്റുമോ കേന്ദ്രം പോക്‌സോ നിയമം?

Jun 1, 2023


cial
Premium

7 min

മണ്ടന്‍ ആശയമല്ല, പിച്ച തെണ്ടി ഉണ്ടാക്കിയതല്ല; ലോകത്തിന് മുന്നില്‍ തലയുയര്‍ത്തി സിയാല്‍ മോഡല്‍

May 30, 2023


Kakkukali

3 min

വിവാദത്തില്‍ മുങ്ങി കക്കുകളി; നാടകം നിര്‍ത്തിവെച്ച്  പുന്നപ്രയിലെ പറവൂര്‍ പബ്ലിക് ലൈബ്രറി

May 9, 2023

Most Commented