KTU വിസിയോട് സഹകരിക്കാതെ ഇടത് സംഘടനകൾ; ഗവര്‍ണര്‍- സര്‍ക്കാര്‍ പോരില്‍ ബലിയാടുകളായി വിദ്യാർഥികൾ


കെ.പി നിജീഷ് കുമാര്‍

കുട്ടികളുടെ ഭാവി ചൂണ്ടിക്കാട്ടി ഉടന്‍ ഫയലുകള്‍ ലഭ്യമാക്കണമെന്ന് വി.സി ആവശ്യപ്പെട്ടെങ്കിലും ഇത് ജീവനക്കാര്‍ മുഖവിലയ്‌ക്കെടുക്കുന്നുമില്ല

ഡോ.സിസ തോമസ്, ഡോ.രാജശ്രീ എം.എസ്‌

കഷ്ടപ്പെട്ട് പഠിച്ച് ബിരുദം പൂര്‍ത്തിയാക്കി. കോവിഡിന് ശേഷം കമ്പനികള്‍ വീണ്ടുമുണര്‍ന്നപ്പോള്‍ നല്ല ജോലിയും ഭാവിയും സ്വപ്നം കണ്ടു. ചിലര്‍ക്ക് വിദേശ രാജ്യങ്ങളില്‍ ജോലി സാധ്യത തെളി‍ഞ്ഞു. പക്ഷെ തങ്ങളുടേതല്ലാത്ത കാരണത്താല്‍ ആ കുട്ടികളുടെ ജീവിതമിന്ന് ചോദ്യ ചിഹ്നമായിരിക്കുകയാണ്. പഠനം കഴിഞ്ഞപ്പോള്‍ സര്‍ട്ടിഫിക്കറ്റില്ല. എന്ന് കിട്ടുമന്ന് പ്രതീക്ഷയില്ല.ഫലപ്രസീദ്ധീകരണം പോലും പാതിവഴിയിൽ. സര്‍ക്കാര്‍-ഗവര്‍ണര്‍ പോരാട്ടത്തിന്റെ ഇരകളായ കെ.ടി.യു( സാങ്കേതിക സര്‍വകലാശാല)-യിലെ അയ്യായിരത്തോളം വിദ്യാര്‍ഥികളുടെ നിസ്സഹായാവസ്ഥയാണിത്. നാലായിരത്തോളം സാധാരണ ബിരുദ സര്‍ട്ടിഫിക്കറ്റുകള്‍, ഉയര്‍ന്ന പരിഗണന(ഫാസ്റ്റ്ട്രാക്ക്) സംവിധാനത്തിലൂടെ പത്ത് ദിവസത്തിനകം കൊടുക്കേണ്ട 600 സര്‍ട്ടിഫിക്കറ്റുകള്‍, മൂന്ന് ദിവസത്തിനകം കൊടുക്കേണ്ട എക്സ്പ്രസ് സര്‍ട്ടിഫിക്കറ്റുകള്‍ ഇതെല്ലാമാണ് എന്ന് നല്‍കാനാവുമെന്നറിയാതെ പ്രതിസന്ധിയിലായിരിക്കുന്നത്.

ഡോ.രാജശ്രീ എം.എസ്

മുന്‍ വി.സി ഡോ.രാജശ്രീ എം.എസ്സിന്റെ നിയമനം സുപ്രീംകോടതി റദ്ദാക്കിയത് മുതല്‍ തുടങ്ങിയതാണ് കെ.ടി.യുവിലെ പ്രതിസന്ധി. പുതിയ വി.സിയായി ഡോ.സിസ തോമസിനെ ഗവര്‍ണര്‍ നിയോഗിച്ചെങ്കിലും ഇവരോടുള്ള ജീവനക്കാരുടെ നിസ്സഹകരണമാണ് സര്‍ട്ടിഫിക്കറ്റിനായി കാത്തിരിക്കുന്ന വിദ്യാര്‍ഥികളെ കെണിയിലാക്കിയിരിക്കുന്നത്. ഡോ.സിസ തോമസിന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വി.സിയുടെ അധിക ചുമത നല്‍കി നിയമിച്ചിട്ട് മൂന്നാഴ്ചയോളമായി, പക്ഷെ വിദ്യാര്‍ഥികളുടേയും ജീവനക്കാരുടേയും പ്രതിഷേധം ഇപ്പോഴും തുടരുകയാണ് യൂണിവേഴ്സ്റ്റിയില്‍.എസ്.എഫ്.ഐ വിദ്യാര്‍ഥികള്‍ കരിങ്കൊടി കാട്ടി പ്രതിഷേധിച്ചു. ഇതിനിടെ വി.സി അധികാരമേറ്റെങ്കിലും പിന്നാലെ ജീവനക്കാര്‍ നിസ്സഹകരണം തുടങ്ങുകയായിരുന്നു. 4725 രൂപ വീതമാണ് എക്സ്പ്രസ് സംവിധാനത്തിലൂടെ സര്‍ട്ടിഫിക്കറ്റ് കിട്ടാന്‍ കെ.ടി.യുവിലെ 10 വിദ്യാര്‍ഥികള്‍ സര്‍വകലാശാലയില്‍ ഫീസടച്ചത്. എക്സ്പ്രസ് സംവിധാനത്തിലൂടെയായതിനാല്‍ മൂന്ന് ദിവസത്തിനുള്ളില്‍ കൊടുക്കേണ്ടതായിരുന്നു ഈ സര്‍ട്ടിഫിക്കറ്റുകള്‍. ചിലര്‍ക്ക് ജോലി ആവശ്യാര്‍ഥം മറ്റ് ചിലര്‍ക്ക് ഉന്നത പഠനാവശ്യം. ഫാസ്റ്റ്ട്രാക്ക് കാറ്റഗറിയിലുള്ള പത്ത് ദിവസത്തിനുള്ളില്‍ കൊടുത്തുതീര്‍ക്കേണ്ട 201 സര്‍ട്ടിഫിക്കറ്റുകള്‍ക്കായി വിദ്യാർഥികൾ 1575 രൂപ വീതമാണ് ഫീസടച്ചത്. പക്ഷെ പണമടച്ചതല്ലാതെ സര്‍ട്ടിഫിക്കറ്റുകള്‍ കൊടുത്തുതീര്‍ക്കാന്‍ ജീവനക്കാര്‍ സഹകരിക്കുന്നില്ലെന്ന് കെ.ടി.യു വി.സി ഡോ.സിസ തോമസ് ചൂണ്ടിക്കാട്ടുന്നു. ഡിജിറ്റല്‍ ഒപ്പാണ് വേണ്ടതെങ്കിലും ഇത് വി.സി മാത്രം ശ്രമിച്ചാല്‍ നടക്കുന്നതല്ല.

കുട്ടികളുടെ ഭാവി ചൂണ്ടിക്കാട്ടി ഉടന്‍ ഫയലുകള്‍ ലഭ്യമാക്കണമെന്ന് വി.സി ആവശ്യപ്പെട്ടെങ്കിലും ഇത് ജീവനക്കാര്‍ മുഖവിലയ്‌ക്കെടുക്കുന്നുമില്ല. വി.സിയോട് സഹകരിക്കേണ്ടെന്ന് ജീവനക്കാര്‍ക്ക് സര്‍ക്കാരും ഇടതുസിന്‍ഡിക്കേറ്റും അനൗദ്യോഗികമായി നിര്‍ദേശം നല്‍കിയെന്നാണ് വിദ്യാര്‍ഥികള്‍ ചൂണ്ടിക്കാട്ടുന്നത്. പക്ഷെ സര്‍ക്കാര്‍-ഗവര്‍ണര്‍ പോരില്‍ എന്തിന് കുട്ടികളെ ഇരയാക്കണമെന്ന ചോദ്യമാണ് ഉയര്‍ന്നു വരുന്നത്. രജിസ്ട്രാറടക്കമുള്ള പ്രധാന ഉദ്യോഗസ്ഥര്‍ മാറി നില്‍ക്കുന്നത് മൂലം പല പ്രധാന ഫയലുകളും ഒപ്പിടാന്‍ സാധിക്കുന്നില്ല. സിന്‍ഡിക്കേറ്റും സെനറ്റും ചേര്‍ന്ന് എടുത്ത തീരുമാനങ്ങളും പാതിവഴിയിലാണ്.

ആരിഫ് മുഹമ്മദ് ഖാന്‍,പിണറായി വിജയന്‍

ഒറ്റക്ലിക്ക്, തീര്‍ന്നു പണി

പഴയ വി.സിയുടെ ഡിജിറ്റല്‍ ഒപ്പിന് പകരം പുതിയ വി.സിയുടെ കൈയൊപ്പ് സ്‌കാന്‍ ചെയ്ത് കയറ്റുക മാത്രമാണ് പ്രധാന ജോലി. പിന്നെ ഒറ്റക്ലിക്കില്‍ പണിതീരും. കൈയൊപ്പിന്റെ അലൈന്‍മെന്റ് ക്രമീകരിക്കുക മാത്രമാണ് വി.സിയുടെ പുറത്തുള്ള പണി. പക്ഷെ ഇത് ജീവനക്കാരുടെ നിസ്സഹകരണം മൂലം നടപ്പിലാവുന്നില്ല. ഒറ്റക്ലിക്കില്‍ തീരുന്ന പണിക്കായി വിദ്യാര്‍ഥികള്‍ കാത്തിരിക്കാന്‍ തുടങ്ങിയിട്ട് മാസങ്ങളായി. അവസാന വര്‍ഷ ബിരുദ പരീക്ഷകളുടെ ഫലം വന്നിട്ട് ഏകദേശം മൂന്ന് മാസത്തോളമായി. പലയിടങ്ങളിലും പ്ലേസ്മെന്റുകള്‍ നടക്കുന്ന സമയം. പക്ഷെ സര്‍ട്ടിഫിക്കറ്റ് കിട്ടാത്തത് കൊണ്ടുമാത്രം പലരുടേയും ജോലി തന്നെ നഷ്ടപ്പെടുന്ന അവസ്ഥയാണുള്ളതെന്ന് കെ.ടി.യു ജീവനക്കാരില്‍ ഒരുവിഭാഗം ചൂണ്ടിക്കാട്ടുന്നു. ഇത് സംബന്ധിച്ച് ഇപ്പോഴും ചര്‍ച്ച നടക്കുന്നുണ്ടെങ്കിലും ജീവനക്കാര്‍ പ്രിന്‍സിപ്പൽ ഓഫീസിന് മുന്നില്‍ ബാനര്‍ നിരത്തി പ്രതിഷേധത്തിലാണ്. വി.സി നിയമനം റദ്ദാക്കുകയല്ലാതെ ഒരു തരത്തിലുമുള്ള ഒത്തുതീര്‍പ്പിനും തങ്ങള്‍ തയ്യാറല്ലെന്ന നിലപാടിലാണ് ജീവനക്കാര്‍.

സിസ തോമസ്

കഴിഞ്ഞ ജൂലൈ മാസമാണ് ഡിസൈന്‍ കോഴ്സ് പൂര്‍ത്തിയാക്കി തൃശ്ശൂര്‍ സ്വദേശിയായ ഗോവിന്ദ് വി മേനോന്‍ സര്‍ട്ടിഫിക്കറ്റിനായി അപേക്ഷിച്ചത്. എക്സ്പ്രസ് മോഡിലൂടെ 4725 രൂപ അടച്ചായിരുന്നു അപേക്ഷ സമര്‍പ്പിച്ചത്. കോവിഡിന് ശേഷം വീണ്ടും പ്ലേസ്മെന്റുകള്‍ സജീവമായതോടെ വന്നുചേര്‍ന്ന ജോലിക്കായിരുന്നു സര്‍ട്ടിഫിക്കറ്റ് വേണ്ടിയിരുന്നത്. പക്ഷെ അപേക്ഷ സബ്മിറ്റായി എന്ന മെയില്‍ വന്നതല്ലാതെ പിന്നീടൊന്നും നടന്നില്ലെന്ന് പറയുന്നു ഗോവിന്ദ്. മൂന്ന് ദിവസത്തിനുള്ളില്‍ കൊടുക്കേണ്ട സര്‍ട്ടിഫിക്കറ്റാണ് ഇങ്ങനെ അനിശ്ചിതത്വത്തിലായത്. ഇടതുപക്ഷ അനുകൂല സംഘടനകളാണ് പ്രധാനമായും സമരത്തിനിരിക്കുന്നത്. ഇതോടെ വി.സിക്ക് അറ്റന്‍ഡന്‍സ് രജിസ്റ്ററില്‍ പോലും ഒപ്പിടാന്‍ കഴിയാത്ത സാഹചര്യമാണുള്ളതെന്ന് കെ.ടി.യു വിദ്യാര്‍ഥികളും ചൂണ്ടിക്കാട്ടുന്നു.

ബുധനാഴ്ചയ്ക്കുള്ളില്‍ പരിഹാരമായില്ലെങ്കില്‍ സമരം-കെ.എസ്.യു

വിഷയത്തില്‍ 23 ന് ബുധനാഴ്ച ചര്‍ച്ചയ്ക്ക് വിളിച്ചിട്ടുണ്ടെന്ന് കെ.എസ്.യു തിരുവനന്തപുരം ജില്ലാ സെക്രട്ടറി പീറ്റര്‍ സോളമന്‍ വ്യക്തമാക്കി. ഡിജിറ്റല്‍ ഒപ്പ് അപ്‌ലോഡ് ചെയ്യുന്നതുമായി ബന്ധപ്പെട്ടാണ് ഇപ്പോള്‍ പ്രശ്‌നം നിലനില്‍ക്കുന്നത്. ഇത് വിദ്യാര്‍ഥികള്‍ക്ക് അവരുടെ അവസരങ്ങള്‍ നഷ്ടപ്പെടാന്‍ ഇടയാക്കുന്നുണ്ട്. പലരും ജോലിക്കും മറ്റുമായി അപേക്ഷിക്കുന്ന സമയമാണ്. അതുകൊണ്ട് ഉടന്‍ പരിഹാരം കാണണം. ഇല്ലാത്തപക്ഷം സമരത്തിലേക്ക് തന്നെ പോവാനാണ് തീരുമാനം.

കഥ ഇതുവരെ
സാങ്കേതിക സര്‍വകലാശാലയുടെ വൈസ് ചാന്‍സിലാറായിരുന്ന ഡോ.രാജശ്രീ എം.എസിനെ നിയമിച്ചത് യുജിസി ചട്ടപ്രകാരമല്ലെന്ന് നിരീക്ഷിച്ച് സുപ്രീംകോടതി നിയമനം റാദ്ദാക്കിയിരുന്നു. ജസ്റ്റിസ് എം.ആര്‍.ഷാ അധ്യക്ഷനായ ബെഞ്ചിന്റേതായിരുന്നു വിധി. 2015-ലെ എ.പി.ജെ അബ്ദുല്‍കലാം സര്‍വകലാശാല നിയമം അനുസരിച്ചും യുജി.സി ചട്ടമനുസരിച്ചും വി.സി നിയമനത്തിനായി മൂന്നില്‍ കുറയാതെ പേരുകളുള്ള പാനലാണ് സെര്‍ച്ച് കമ്മിറ്റി ചാന്‍സിലര്‍ക്ക് നല്‍കേണ്ടത്. പക്ഷെ ഇവിടെ ഒരു പേരുമാത്രമാണ് നല്‍കിയതെന്ന് കോടതി കണ്ടെത്തി.

സംസ്ഥാന നിയമവും കേന്ദ്രനിയമവും തമ്മില്‍ പൊരുത്തക്കേടുണ്ടെങ്കില്‍ കേന്ദ്രനിയമമാകും ബാധകമെന്ന് ഭരണഘടന വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ട് യു.ജി.സി ചട്ടമാണ് ബാധകമെന്ന് കോടതി വ്യക്തമാക്കിയിരുന്നു. സുപ്രീംകോടതി വിധിക്ക് ശേഷം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിലെ സീനിയര്‍ ജോയിന്റ് ഡയറക്ടര്‍ ഡോ.സിസ തോമസിന് വൈസ് ചാന്‍സിലറിന്റെ അധിക ചുമതല നല്‍കി ഉത്തരവിറക്കിയിരുന്നു. പക്ഷെ അധികാരമേറ്റെങ്കിലും വി.സിയെ അംഗീകരിക്കില്ലെന്ന് പറഞ്ഞ് ഇടത് അനുകൂല വിദ്യാര്‍ഥി, ജീവനക്കാരുടെ സംഘടനകള്‍ സമരം ആരംഭിക്കുകയായിരുന്നു. ഇതോടെയാണ് സര്‍ട്ടിഫിക്കറ്റ് വിതരണമടക്കം പ്രതിസന്ധിയിലായത്. സ്ഥാനമൊഴിഞ്ഞ വി.സി ഒപ്പുവെച്ച അഞ്ഞൂറോളം ബിരുദ സര്‍ട്ടിഫിക്കറ്റുകള്‍ റദ്ദാക്കേണ്ടതുണ്ടെന്ന കാരണം കാട്ടിയാണ് പുതിയ സര്‍ട്ടിഫിക്കറ്റുകള്‍ ഒപ്പുവെക്കാനുള്ള സംവിധാനം നീട്ടിക്കൊണ്ടുപോവുന്നതെന്നാണ് പറയപ്പെടുന്നത്. ചില പരീക്ഷാ ഫലങ്ങളും പ്രസിദ്ധീകരിക്കാനുണ്ട്.പുതിയ വി.സിയായി സിസ തോമസിനെ നിയമിച്ചത് ചോദ്യം ചെയ്ത് സര്‍ക്കാര്‍ ഫയല്‍ചെയ്ത ഹര്‍ജി ബുധനാഴ്ച പരിഗണിക്കുന്നുണ്ട്. ഇതിന് ശേഷമാവട്ടെ തീരുമാനമെന്നാണ് ഇപ്പോള്‍ ജീവനക്കാര്‍ അറിയിച്ചിരിക്കുന്നത്.


Content Highlights: Kerala Technical University Arif Muhammed Khan vice chancellor


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


vizhinjam

2 min

പോലീസുകാരെ സ്‌റ്റേഷനിലിട്ട് കത്തിക്കുമെന്ന് ഭീഷണിമുഴക്കി; 85 ലക്ഷം രൂപയുടെ നാശനഷ്ടമെന്ന് FIR

Nov 28, 2022


vizhinjam port

2 min

അദാനിക്ക് നഷ്ടം 200 കോടി; സമരക്കാര്‍ നല്‍കണം, സര്‍ക്കാര്‍ തീരുമാനം ഹൈക്കോടതിയെ അറിയിക്കും

Nov 28, 2022

Most Commented